ബലാല്‍ ഐക്യം

ഇന്ദ്രൻ

ഉഭയസമ്മതപ്രകാരം നിര്‍വഹിക്കേണ്ട ചില സംഗതികള്‍ അങ്ങനെ നടക്കുന്നില്ലെങ്കില്‍ ബലാല്‍തന്നെ ചെയ്യുന്നവരുണ്ട്. ഏത് എങ്ങനെ എന്നൊന്നും ചോദിക്കരുത്. കോണ്‍ഗ്രസ്സല്ല സി.പി.എം. ഐക്യം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജീവവായുവാണ്. ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് ബാലറ്റ്‌പേപ്പറില്‍ വോട്ട് കുത്തുന്നതില്‍ മതി ഐക്യം. വിപ്ലവത്തിന്റെ സൈനികരാണ് കമ്യൂണിസ്റ്റുകാര്‍. ഒരുവന്‍ തെക്കോട്ടും വേറെ ഒരുവന്‍ വടക്കോട്ടും നടന്നാല്‍ വിപ്ലവം കുളമാകുകയേ ഉള്ളൂ. അങ്ങനെയൊരു പാര്‍ട്ടിയില്‍ സ്വമേധയാ ഐക്യമുണ്ടാകുന്നില്ലെങ്കില്‍ ചില്ലറ കൈക്രിയ വേണ്ടിവരും. ഈ കൈക്രിയയുടെ പരമാവധിയാണ് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ്. ചില്ലറ ഇംഗ്ലീഷ് അറിയുന്നവര്‍ അങ്ങനെയൊക്കെ പറയുമെന്നേ ഉള്ളൂ. പാര്‍ട്ടി വ്യവഹാരത്തിലെ പച്ചമലയാളത്തില്‍ അതിന് ഒരു അര്‍ഥമേ ഉള്ളൂ- പിടിച്ച് പുറത്താക്കണം.

കോടതി വ്യവഹാരത്തില്‍ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് വധശിക്ഷയാണ്. പഴയ സോവിയറ്റ് യൂണിയനിലും ചൈനയിലുമെല്ലാം അതുതന്നെയായിരുന്നു അര്‍ഥം. സ്റ്റാലിന്റെ കാലത്ത് സോവിയറ്റ് യൂണിയനില്‍ പി.ബി. അംഗങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കി പിരിഞ്ഞുപോകുന്നത് അപൂര്‍വ സംഭവമായിരുന്നുവെന്ന് ചരിത്രം പറയുന്നു. ക്യാപ്പിറ്റല്‍ പണിഷ്‌മെന്റിന് ശേഷം ചെങ്കൊടി പുതപ്പിച്ച് ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നുവത്രെ കീഴ്‌വഴക്കം. പലര്‍ക്കും സൈബീരിയ എന്ന സുഖവാസകേന്ദ്രത്തില്‍ തണുത്തുവിറങ്ങലിച്ച് ചാവാനുള്ള ഓപ്ഷനും കൊടുക്കാറുണ്ടായിരുന്നു. ഒക്ടോബര്‍ വിപ്ലവകാലത്തും ലെനിന്‍ കാലത്തും പി.ബി. അംഗങ്ങളായിരുന്നവരില്‍ രണ്ടുപേരൊഴികെ എല്ലാവരും സ്റ്റാലിന്‍ ഭരണകാലത്ത് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റിന് വിധേയരായിരുന്നു.
ഈ പഴങ്കഥയെല്ലാം ഓര്‍മിക്കാന്‍ പറ്റിയ സമയമാണിത്. സി.പി.എമ്മിന്റെ ഇരുപതാം കോണ്‍ഗ്രസ്സാണ് വരുന്നത്. ഇരുപതാം കോണ്‍ഗ്രസ് എന്നുകേള്‍ക്കുമ്പോള്‍ത്തന്നെ കമ്യൂണിസ്റ്റുകാര്‍ ഞെട്ടും. സോവിയറ്റ് പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസ്സിലാണ് മഹാനായ സ്റ്റാലിനെ തള്ളിപ്പറഞ്ഞുകൊണ്ട് ക്രൂഷ്‌ചേവ് ചരിത്രപ്രസംഗം നടത്തിയത്. വേണ്ട, പോകട്ടെ. എന്തിന് വെറുതെ ഓരോ അപ്രിയസംഗതികള്‍ ഓര്‍മിപ്പിച്ച് മനസ്സ് വിഷമിപ്പിക്കണം.

ഐക്യം എന്നാല്‍ പാര്‍ട്ടിയില്‍ ഒരൊറ്റ ശബ്ദം എന്നാണ് പലരും കല്പിക്കുന്ന അര്‍ഥം. ചില ശബ്ദങ്ങളെ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് പോലുള്ള കടുംകൈകള്‍ കൊണ്ടേ ഒഴിവാക്കാനാവൂ. പിണറായി സെക്രട്ടറിയായശേഷം നാല് സംസ്ഥാനസമ്മേളനങ്ങള്‍ ആഘോഷമായി കടന്നുപോയി. സംസ്ഥാനസമ്മേളനങ്ങളില്‍ ഓരോന്നിലും വിഭാഗീയതയുടെ ചരമപ്രസംഗം സെക്രട്ടറി വക ഉണ്ടാകാറുമുണ്ട്. മാര്‍ച്ചും ജാഥയും കഴിഞ്ഞ്, എല്ലാം ശാന്തം സുന്ദരം എന്നുറപ്പിച്ച് പൂരപ്പറമ്പില്‍ പിറ്റേന്ന് ഉച്ചവരെ കിടന്നുറങ്ങി എഴുനേല്‍ക്കുമ്പോഴായിരിക്കും വിഭാഗീയതയുടെ പടക്കം അവിടെയുമിവിടെയും പൊട്ടുന്നത് കേള്‍ക്കുക. ഇക്കുറി അത്രപോലും വൈകേണ്ടിവന്നില്ല. സമാപനപൊതുയോഗം തുടങ്ങുന്നതിന് മുമ്പുണ്ടായി സംസ്ഥാനസമിതിയില്‍ നിന്ന് പുറന്തള്ളപ്പെട്ട വനിതാനേതാവിന്റെ അപസ്വരം, കണ്ണീര്‍, പരിഭവം, അമര്‍ഷം. സമാപന പൊതുയോഗത്തില്‍ പ്രതിപക്ഷനേതാവ് വക വെടിക്കെട്ട് വേറെ. എത്ര ശ്രമിച്ചിട്ടെന്ത് പ്രയോജനം? നന്നാവുന്ന ലക്ഷണമില്ല.

ഈ ബൂര്‍ഷ്വാ ജനാധിപത്യത്തില്‍ സംഗതികള്‍ അത്ര എളുപ്പമല്ല. പഴയ കാലത്തെപ്പോലെ ഹിംസാത്മക ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കാന്‍ ബുദ്ധിമുട്ടുണ്ട്. ഹിംസാത്മകം കൊണ്ടുപോലും പ്രയോജനമുണ്ടായിട്ടില്ല. ആര്‍ക്കെല്ലാം പാര്‍ട്ടി കൊടുത്തിരിക്കുന്നു ഭരണഘടനാപരമായ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ്. എം.വി. രാഘവനും ഗൗരിയമ്മയും ഉള്‍പ്പെടെ എത്രയെത്ര നേതാക്കള്‍. രാഘവന് ശാരീരിക ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് തന്നെ കൊടുക്കാന്‍ ഉത്തരവായതായിരുന്നു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടുപോന്നത്. എന്നിട്ടും വരുന്നില്ല ഐക്യം.

പരമ്പരാഗതമായ അര്‍ഥത്തിലുള്ള ക്യാപ്പിറ്റല്‍ പണിഷ്‌മെന്റിനെ കുറിച്ചാണ് പറയുന്നതുകേട്ടോ. വാക്കുകള്‍ക്ക് ഇംഗ്ലണ്ടിലെ അര്‍ഥമല്ല ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലുണ്ടാവുക. ഇവിടെ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് എന്നാല്‍ ഭൂമിദാനത്തിനുള്ള പോലീസ് കേസ് എന്നാണ് അര്‍ഥമെന്ന് ഇംഗ്ലീഷ് ഭാഷാപണ്ഡിതന്‍ കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. പോലീസ് എന്നതിന്റെ സ്‌പെല്ലിങ് തന്നെ മാറ്റിയിരുന്നു അദ്ദേഹം പോലീസ് മന്ത്രിയായിരുന്ന കാലത്ത്. ക്യാപ്പിറ്റല്‍ എന്നതിന് മൂലധനം എന്ന അര്‍ഥം മാത്രമേ സാധാരണക്കാര്‍ക്ക് അറിയൂ. എം. സ്വരാജ് പാര്‍ട്ടി സമ്മേളനത്തില്‍ പറഞ്ഞപ്പോഴാണ് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റിന് വധശിക്ഷ എന്ന അര്‍ഥമുണ്ടെന്ന് മനസ്സിലായത്. വി.എസ്. പറഞ്ഞ ഇംഗ്ലീഷ് വാക്കിനുള്ള കോടിയേരിയുടെ പരിഭാഷ കേട്ടപ്പോള്‍ പുതിയ അര്‍ഥവും പിടികിട്ടി. പ്രകാശ് കാരാട്ടിന്റെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്താന്‍ ബേബിയെ അല്ല കോടിയേരിയെ ആയിരുന്നു ഏല്പിക്കേണ്ടിയിരുന്നത്. സമ്മേളനം കൊണ്ട് പാര്‍ട്ടിയില്‍ ഐക്യമുണ്ടായാലും ഇല്ലെങ്കിലും ഇംഗ്ലീഷെങ്കിലും മെച്ചപ്പെടുന്നല്ലോ, അത്രയും നന്ന്.

** **

കുറച്ചുകാലമായി ചത്തുകിടക്കുകയായിരുന്ന മാധ്യമ സിന്‍ഡിക്കേറ്റ് സി.പി.എം. സംസ്ഥാനസമ്മേളനത്തിന്റെ സമാപനത്തലേന്ന് പുനര്‍ജനിച്ചു. മാധ്യമ സിന്‍ഡിക്കേറ്റ് മുമ്പ് അരൂപിയായിരുന്നു. പെട്ടെന്നതിന് സംഘടനാരൂപമുണ്ടായിരിക്കുന്നു. പുതുതായി മെമ്പര്‍ഷിപ്പ് എടുത്ത പത്രം ഏത് എന്നും സിന്‍ഡിക്കേറ്റിന്റെ തലവന്‍ ആര് എന്നുമൊക്കെ പിണറായി വെളിപ്പെടുത്തിയിരിക്കുന്നു.
സി.പി.എമ്മിനെ കുറിച്ച് പത്രക്കാര്‍ക്ക് അറിയാത്ത ചുക്കാണോ അതല്ല പത്രക്കാരെ കുറിച്ച് സി.പി.എം. നേതാക്കള്‍ക്ക് അറിയാത്ത ചുണ്ണാമ്പാണോ വലുത് എന്നതിനെ കുറിച്ച് തര്‍ക്കമുണ്ടാകാം. രണ്ടും തുല്യ വലിപ്പമുള്ള അജ്ഞതയാവാം. സി.പി.എമ്മിനെ ഇല്ലാതാക്കാന്‍ വേണ്ടി സിന്‍ഡിക്കേറ്റുകാര്‍ രാത്രി തട്ടിന്‍പുറത്ത് രഹസ്യയോഗം ചേര്‍ന്ന് ഓരോന്ന് പടച്ചുണ്ടാക്കുകയാണെന്നത് സി.പി.എം. സെക്രട്ടറിയെ പിടികൂടിയ വിട്ടുമാറാത്ത തലവേദനയാണ്. ശത്രുക്കളുടെ കാര്യത്തില്‍ പാര്‍ട്ടി ദാരിദ്ര്യം അനുഭവിക്കുന്നതിന്റെ സൂചനയുണ്ട് ഇതില്‍. അമേരിക്കന്‍ സാമ്രാജ്യത്വം, ആഗോള മുതലാളിത്തം, ദേശീയ-വിദേശ കുത്തകകള്‍, ജന്മി ഭൂപ്രഭുവര്‍ഗം, സി.ഐ.എ. തുടങ്ങിയ ശത്രുക്കളൊന്നും ഇപ്പോള്‍ സി.പി.എമ്മിനെ ലക്ഷ്യമിടുന്നുണ്ടാവില്ല. പ്രയോജനമുള്ള വേറെപണി പലതും അവര്‍ക്ക് കിട്ടിക്കാണും. സി.പി.എമ്മിനാണെങ്കില്‍ ഇത്തരം ശത്രു ഒന്നെങ്കിലും ഇല്ലാതെ ഉറക്കം വരികയുമില്ല. അങ്ങനെയാവും മാധ്യമ സിന്‍ഡിക്കേറ്റെന്ന ബലൂണ്‍കോലത്തെ ഊതിവീര്‍പ്പിച്ചത്.

സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലെ വി.എസ്. വിരുദ്ധ പ്രചാരണ സാഹിത്യം കേന്ദ്രക്കമ്മിറ്റിയിടപെട്ട് മരവിപ്പിച്ചു എന്ന വാര്‍ത്തയാണ് മീഡിയ സിന്‍ഡിക്കേറ്റിന്റെ പ്രേതം ഉണര്‍ന്നെഴുന്നേറ്റതിന്റെ തെളിവായി പിണറായി വിജയന്‍ കാണുന്നത്. സംഘടനറിപ്പോര്‍ട്ടിലെ തനിക്കെതിരായ പരാമര്‍ശങ്ങളെ കുറിച്ച് പി.ബി.ക്ക് അച്യുതാനന്ദന്‍ പരാതി നല്‍കിയെന്ന വാര്‍ത്ത അച്യുതാനന്ദന്‍ നിഷേധിച്ചിട്ടില്ല. പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി അത് സ്ഥിരീകരിക്കുകയും ചെയ്തു. പി.ബി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു. പിന്നെയെവിടെയാണ് സിന്‍ഡിക്കേറ്റ് ഇടപെടല്‍ ഉണ്ടായത്? ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കട്ടെ എന്ന ബൈബിള്‍ തത്ത്വം പരിപാലിച്ച് ചിലപ്പോള്‍ ചില വാര്‍ത്തകള്‍ കൈവശമുള്ള ലേഖകന്മാര്‍ ഇല്ലാത്ത ലേഖകന്മാര്‍ക്ക് കൊടുത്തെന്നിരിക്കും. അത് സി.പി.എമ്മിന്റെ കാര്യത്തിലിപ്പോള്‍ ആവശ്യമായി വരാറുമില്ല. പാര്‍ട്ടിയിലെ ചോര്‍ത്തലുകാര്‍തന്നെ അതുനിര്‍വഹിക്കാറുണ്ട്.

മുല്ലപ്പെരിയാര്‍ അണ പൊട്ടിയാലെന്ന പോലെ വി.എസ്. അച്യുതാനന്ദനെതിരെ റിപ്പോര്‍ട്ടുകള്‍ കുത്തിയൊഴുകിയ സമ്മേളനമാണിത്. സംഘടനാറിപ്പോര്‍ട്ടില്‍ അച്യുതാനന്ദനെതിരെ പറഞ്ഞതെല്ലാം വള്ളിപുള്ളി വിടാതെ എല്ലാ പത്രങ്ങളിലും ഒരുപോലെ വന്നു. വി.എസ്സിനെ തെരുവില്‍ വിചാരണ ചെയ്യുന്ന അവസ്ഥയുണ്ടാക്കി. അതില്‍ മാധ്യമ സിന്‍ഡിക്കേറ്റ് ഒന്നുമില്ല കേട്ടോ. അച്യുതാനന്ദന് അനുകൂലമായ ഒരുവാര്‍ത്ത മാധ്യമ സിന്‍ഡിക്കേറ്റ് പടച്ചുവിട്ടുകളഞ്ഞു. അതില്‍ മാത്രമാണ് സിന്‍ഡിക്കേറ്റ് ഉള്ളത്. വര്‍ഷങ്ങളായി പാര്‍ട്ടി സാമ്പാറിലെ വേവാത്ത കഷ്ണമായ വി.എസ്സിനെ പ്രവര്‍ത്തനറിപ്പോര്‍ട്ടിലെങ്കിലും ഒന്ന് കുത്തി പരുവപ്പെടുത്തിയെടുക്കാനും പി.ബി. സമ്മതിക്കാത്തത് മഹാകഷ്ടം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Go Top