ദ്രവ്യന്മാരും ദിവ്യന്മാരും

ഇന്ദ്രൻ

ആദര്‍ശാത്മകമായി ഗാന്ധിയന്‍രീതിയില്‍ കള്ളുകച്ചവടം നടത്തിപ്പോന്ന ഒരു കോണ്‍ഗ്രസ്‌നേതാവ് ആ പണി അവസാനിപ്പിച്ചതായി പ്രസ്താവിച്ചതുകണ്ടു. അതു നമുക്ക് മനസ്സിലാക്കാനാവും. മുപ്പത്തഞ്ചുകൊല്ലം നാട്ടുകാരെ കുടിപ്പിച്ച് എമ്പാടും കാശുണ്ടാക്കിയാല്‍, ഇനിയിതുമതിയാക്കാം എന്നു തോന്നാം. ശിഷ്ടകാലം മക്കളോ മരുമക്കളോ നടത്തിക്കൊള്ളുമല്ലോ കച്ചോടം. അതല്ല, കേന്ദ്രമന്ത്രി വയലാര്‍ രവി ഉപദേശിച്ചതുകൊണ്ടാണ് താന്‍ ഈ ഏര്‍പ്പാട് നിര്‍ത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞതിന്റെ അര്‍ഥമാണ് മനസ്സിലാകാത്തത്. ശുദ്ധ കള്ള് വെള്ളംപോലും ചേര്‍ക്കാതെ 35 വര്‍ഷം വിറ്റ് ജനങ്ങളെ സുഖിപ്പിക്കുകയായിരുന്നു ഈ ഗാന്ധി അനുയായി. അത്തരം ഒരു പൊതുപ്രവര്‍ത്തകനെ എന്തിനാണ് കേന്ദ്രമന്ത്രി പിന്തിരിപ്പിക്കുന്നത്?
മന്ത്രിജിക്ക് എന്തേ ഇപ്പോഴിങ്ങനെ തോന്നാന്‍? മദ്യദുരന്തമുണ്ടായതുകൊണ്ടാണ് വെളിപാട് എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ഇതിലും വലിയ മദ്യദുരന്തങ്ങള്‍ എത്രയുണ്ടായിരിക്കുന്നു. സാക്ഷാല്‍ മഹാത്മാഗാന്ധി പറഞ്ഞിട്ടും കള്ളുകച്ചവടം മോശമാണെന്ന് തോന്നാത്ത കോണ്‍ഗ്രസ്സുകാരന് മഹാത്മാ വയലാര്‍ജി പറഞ്ഞപ്പോള്‍ അങ്ങനെ തോന്നിയത് വലിയ കാര്യംതന്നെയാണ്. മേല്‍പ്പറഞ്ഞ കോണ്‍ഗ്രസ്സുകാരന്‍ ബൂത്ത് പ്രസിഡന്റോ വാര്‍ഡ് പ്രസിഡന്റോ ഒന്നുമല്ല, നിയമസഭാംഗം തന്നെയാണ്. ജാതകദോഷംകൊണ്ട് മാത്രമാവും കഴിഞ്ഞ നിയമസഭയില്‍ അംഗമാകാനും അതുവഴി മന്ത്രിയാകാനും കഴിയാതെപോയത്. എകൈ്‌സസ് മന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യനായിരുന്നു. അദ്ദേഹം എകൈ്‌സസ് മന്ത്രിയായാലും വക്കം പുരുഷോത്തമന്‍ എകൈ്‌സസ് മന്ത്രിയായപ്പോള്‍ ഉണ്ടായതിലേറെ ഉപദ്രവം കേരളീയര്‍ക്കുണ്ടാവുമായിരുന്നു എന്നു പറയാനാവില്ല.

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ വ്യാജക്കള്ളിന്റെ കേരള തലസ്ഥാനമായി അറിയപ്പെടുന്നത് ജനപ്രതിനിധിയുടെ കൂടി ശ്രമഫലമാവാം. ചെത്തുന്നതിന്റെ പലയിരട്ടി കള്ള് അവിടെനിന്ന് കേരളത്തിലെങ്ങും ഒഴുകുന്നതായാണ് കേട്ടുകേള്‍വി. ജനപ്രതിനിധി പക്ഷേ, അതൊന്നും അറിഞ്ഞിട്ടേയില്ല. അദ്ദേഹത്തിന് മാനഹാനിയുണ്ടാക്കാന്‍ ശത്രുക്കള്‍ ചെയ്യുന്നതാണത്രെ ഇത്. അത് സാരമില്ല. പക്ഷേ, ഗാന്ധിയന്‍പാര്‍ട്ടിക്കും മാനഹാനിയുണ്ടാകുന്നു. അതെങ്ങനെ സഹിക്കും. കള്ളുകച്ചവടം നിര്‍ത്തിയില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് തരില്ലെന്ന് പറഞ്ഞാല്‍ പൊല്ലാപ്പാവില്ലേ? എകൈ്‌സസ് മന്ത്രിയാകാന്‍ സാധിക്കാതെ പോയാലോ…..
എകൈ്‌സസ് വകുപ്പിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത്-മഹാത്മജിയുടെ പാര്‍ട്ടിക്ക് കള്ളുവകുപ്പിനോട് ബഹുതാത്പര്യമായിരുന്നു എന്നും. കേരളത്തിലെ രണ്ടു മുഖ്യപാര്‍ട്ടികള്‍ക്കും പോലീസ് വകുപ്പ് കഴിഞ്ഞാല്‍ കള്ളുവകുപ്പിനോടാണ് പ്രിയം. പാര്‍ട്ടിയിലംഗമാകുമ്പോള്‍ മദ്യപിക്കില്ലെന്ന് എഴുതി ഒപ്പുവെച്ചുകൊടുക്കേണ്ടതുണ്ട്, കോണ്‍ഗ്രസ്സിലും സി.പി.എമ്മിലും. അതാവും അവര്‍ക്ക് കള്ളുവകുപ്പിനോട് ഇത്ര പ്രിയമുണ്ടാകാന്‍ കാരണം. നാല് പതിറ്റാണ്ടിലേറെ അവര്‍ കള്ളുവകുപ്പ് നന്നാക്കിയതിന്റെ ഫലം കാണാനുണ്ട്. കേരളത്തെ ഏറ്റവുമധികം ആളോഹരി വരുമാനമുള്ള സംസ്ഥാനമാക്കാനൊന്നും കഴിഞ്ഞില്ലെങ്കിലും ശരി, കൂടിയ ആളോഹരി മദ്യപാനമുള്ള സംസ്ഥാനമാക്കാന്‍ കഴിഞ്ഞു. അംഗങ്ങള്‍ മദ്യപിക്കരുതെന്നേ പാര്‍ട്ടി ഭരണഘടനകളില്‍ പറയുന്നുള്ളൂ. ജനത്തെ കുടിപ്പിക്കരുതെന്ന് പറയുന്നില്ല. അതുകൊണ്ട് മദ്യം വില്‍ക്കുന്നതൊന്നും പാര്‍ട്ടിവിരുദ്ധമല്ല വയലാര്‍ജീ.

എക്കാലവും സമ്പൂര്‍ണ മദ്യനിരോധനത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയിട്ടുണ്ട് കോണ്‍ഗ്രസ്. അതിന് പ്രത്യേകിച്ച് ചെലവൊന്നുമില്ല. നഖശിഖാന്തം ഗാന്ധിയനായ എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ 2001-ല്‍ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോഴത്തെ വാഗ്ദാനംതന്നെ നല്ല സാമ്പിള്‍-‘സമ്പൂര്‍ണ മദ്യനിരോധനമാണ് യു.ഡി.എഫിന്റെ ആത്യന്തിക ലക്ഷ്യം… അതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് മദ്യനിരോധം ഘട്ടംഘട്ടമായി നടപ്പാക്കും’-ഇതായിരുന്നു വാഗ്ദാനം. അതു നടപ്പാക്കുന്നതിന്റെ ഭാഗമായാവണം മദ്യമാഫിയയുടെ ‘ആജന്മശത്രു’ വക്കം പുരുഷോത്തമനെ എകൈ്‌സസ് മന്ത്രിയാക്കിയത്. അതോടെ മദ്യശാലകളുടെ എണ്ണം ഘട്ടംഘട്ടമായി വര്‍ധിച്ചു. മദ്യവിരുദ്ധന്മാര്‍ പതിവുപോലെ കുറെ ഒച്ചയും ബഹളവുമുണ്ടാക്കി. കേരളത്തെയിതാ മദ്യത്തില്‍ മുക്കിക്കൊല്ലുന്നുവെന്ന് വി.എം. സുധീരനുപോലും വിളിച്ചുപറയേണ്ടിവന്നു. യാതൊന്നും സംഭവിച്ചില്ല. പ്രകടനപത്രികയെഴുതുമ്പോഴേ കോണ്‍ഗ്രസ്സുകാര്‍ മദ്യവിരോധം പുറത്തെടുക്കാറുള്ളൂ. ഇടതുപക്ഷക്കാര്‍ക്ക് അങ്ങനെയൊരു ദുഃസ്വഭാവമില്ല. മദ്യനിരോധനത്തിന് പ്രായോഗികബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞ് മദ്യനിരോധനം പിന്‍വലിച്ചത് അവരാണല്ലോ. അവരെന്തായാലും മദ്യനിരോധനമെന്നൊരു വാക്ക് ഈ ജന്മത്ത് ഉച്ചരിക്കില്ല.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് 1996-ല്‍ മുഖ്യമന്ത്രി ആന്റണിയുടെ മാസ്റ്റര്‍പീസ് മദ്യവിരുദ്ധ നടപടി ഉണ്ടായത്- ചാരായനിരോധനം. വില ഇരട്ടിയാകുന്ന വിധത്തില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ നികുതിയും വര്‍ധിപ്പിച്ചു. ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുന്നതിന്റെ ആദ്യഘട്ടമാണിതെന്ന് ആന്റണി ആത്മാര്‍ഥമായി വിശ്വസിച്ചതായി തോന്നുന്നു. ചാരായം കിട്ടിയില്ലെങ്കില്‍ ആളുകള്‍ കുടിനിര്‍ത്തി പച്ചവെള്ളം കടിച്ചിറക്കും, നിറമുള്ള ചാരായത്തിന്റെ വില കൂട്ടിയാല്‍ പൊതുവെ അഞ്ചു പെഗ് കഴിക്കുന്നവന്‍ രണ്ടില്‍ നിറുത്തും എന്നൊക്കെ ആന്റണിയെപ്പോലെ ജീവിതത്തില്‍ ഈ ദ്രാവകം നേരിട്ട് കണ്ടിട്ടില്ലാത്തവരേ വിശ്വസിക്കൂ. ചാരായം കുടിച്ചിരുന്നവര്‍ കള്ളിലേക്കും ഇന്ത്യന്‍വംശജ വിദേശിയിലേക്കും കടന്നു. അതോടെ രണ്ടും ചാരായതുല്യമായി മാറി. കള്ളില്‍ വെള്ളം ചേര്‍ക്കുക എന്ന അപരിഷ്‌കൃത മായംചേര്‍ക്കല്‍ സമ്പ്രദായം അവസാനിച്ച് അത്യാധുനിക കെമിസ്ട്രി ജ്ഞാനം ഉപയോഗിച്ചാണ് ജനത്തെ വഴിയരികില്‍ മയക്കിക്കിടത്തിയത്.

കേരളത്തിലെത്ര കള്ളുഷാപ്പ് ഉണ്ട് എന്നു ചോദിച്ചാല്‍ കൃത്യമായ ഉത്തരം കിട്ടും-5350. പക്ഷേ, എത്ര തെങ്ങ് ചെത്തുന്നുണ്ട് എന്നറിയില്ല. നാട്ടില്‍ ഷാപ്പേ കാണാനുള്ളൂ, ചെത്തുന്ന തെങ്ങ് കാണാനില്ല. ഉള്ള തെങ്ങ് മുഴുവന്‍ ചെത്തിയാല്‍പ്പോര, കവുങ്ങും മാവും ചെത്തിയാലും കേരളത്തിലിപ്പോള്‍ വില്‍ക്കുന്ന അത്ര കള്ള് ഉത്പാദിപ്പിക്കാന്‍ കഴിയില്ലെന്നും വ്യാജക്കള്ളാണ് ഷാപ്പുകളില്‍ വില്‍ക്കുന്നതെന്നും അറിയാത്ത ഒരു കൊഞ്ഞാണനും കേരളത്തിലില്ല. ഒരു ലിറ്റര്‍ കള്ളിനെ നൂറു ലിറ്ററാക്കി മാറ്റുന്നത് നാല് ദ്രവ്യം പോക്കറ്റില്‍ തടയാനാണ്. ആളുകള്‍ കള്ളുകുടിച്ച് മരിച്ചാല്‍ അറസ്റ്റിലാവുന്നത് ഈ ദ്രവ്യന്മാര്‍ മാത്രമാണ്. അറിഞ്ഞുകൊണ്ട് ഇത്രയുംകാലം ഇതനുവദിച്ച ദിവ്യന്മാര്‍ കൊട്ടാരങ്ങളില്‍ത്തന്നെയാണ് ഇപ്പോഴും വാസം. ചാരായനിരോധനത്തിന് മുമ്പ് കിസ്ത് വകയില്‍ സര്‍ക്കാറിന് കിട്ടിയിരുന്നത് ഒരു കോടിയെങ്കില്‍ ഇപ്പോള്‍കിട്ടുന്നത് ഇരുപത്തഞ്ച് കോടിയത്രെ. കള്ളുഷാപ്പിന്റെ എണ്ണം 25 ഇരട്ടിയായി വര്‍ധിക്കാതെ കിസ്ത് മാത്രം അത്രയും വര്‍ധിക്കുന്നതിന്റെ രഹസ്യം കണ്ടെത്താന്‍ റിട്ടയേഡ് ജഡ്ജിയൊന്നും വേണ്ടല്ലോ.

ഇല്ല, യാതൊന്നും സംഭവിക്കുകയില്ല. നേതാക്കന്മാര്‍ പ്രസ്താവനകളിറക്കും, ലേഖകന്മാര്‍ പരമ്പരകളെഴുതും, അന്വേഷണക്കമ്മീഷന്‍ വൈകാതെ പണിതുടങ്ങും. ഇതെത്രാമത്തെ കമ്മീഷനാണ്? ഒരു സംഘടനയുണ്ടാക്കാന്‍ മാത്രം ആളുകള്‍ ഇക്കാലത്തിനിടയില്‍ മദ്യപ്രശ്‌നം അന്വേഷിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകളൊന്നും മന്ത്രിമാര്‍ വായിച്ചുനോക്കേണ്ട കാര്യമില്ല. ഏതു കമ്മീഷന് അറിയുന്നതിനേക്കാള്‍ മനോഹരമായി ഇക്കാര്യങ്ങള്‍ മന്ത്രിമാര്‍ക്ക് അറിയാം. അടുത്ത കമ്മീഷന്‍ റിപ്പോര്‍ട്ടും സെക്രട്ടേറിയറ്റ് അലമാരയില്‍ വിശ്രമിക്കും. അടുത്ത കൂട്ടമരണംവരെ നമുക്കും വിശ്രമിക്കാം.

****

കേരളത്തിന്റെ സാംസ്‌കാരികത്തനിമയുള്ള അപൂര്‍വമായൊരു സ്ഥാപനത്തെയാണ് ദ്രവ്യന്മാരും ദിവ്യന്മാരും ചേര്‍ന്ന് നശിപ്പിച്ചതെന്ന് പറയാതെ വയ്യ. കള്ളുഷാപ്പുകള്‍ (ഷാപ്പ് തന്നെ, ഷോപ്പ് അല്ല) കള്ളുകുടിക്കാന്‍ വേണ്ടി മാത്രമുള്ള സ്ഥാപനമായിരുന്നില്ല. കേരളത്തിന്റെ മികച്ച പല ഭക്ഷ്യവിഭവങ്ങളും കിട്ടിയിരുന്ന സ്ഥലമായിരുന്നു കള്ളുഷാപ്പുകള്‍. കപ്പയുടെയും മീനിന്റെയും മറ്റനവധി വിഭവങ്ങളുടെയും പേരിലാണ് പല ഷാപ്പുകളും അറിയപ്പെട്ടിരുന്നത്. കള്ളില്‍ വെള്ളം ചേര്‍ത്താല്‍പ്പോലും തിരിച്ചറിയാന്‍ കഴിവുള്ളവരായിരുന്നു അക്കാലത്തെ സീനിയര്‍ കുടിയന്മാര്‍. അതുകൊണ്ട്‌വ്യാജന്റെ പ്രശ്‌നം ഉദിച്ചിരുന്നേയില്ല.
പ്രകൃതിദത്ത വിശിഷ്ടപാനീയമായ കള്ളുകുടിച്ചാരും റോഡിലോ വീട്ടിലോ ക്രമസമാധാനപ്രശ്‌നമുണ്ടാക്കിയിരുന്നില്ല. ഏറിയാല്‍ വീട്ടിലേക്കുള്ള യാത്ര സംഗീതസാന്ദ്രമാക്കുമെന്നുമാത്രം. അത് കുമാരന്‍, അത് കുഞ്ഞിരാമന്‍, അത് കണാരന്‍ എന്ന് വഴിയിലെ വീട്ടിലുള്ളവര്‍ക്കും ആ പാട്ട് കേട്ട് തിരിച്ചറിയാന്‍ പറ്റുമായിരുന്നു. കള്ളുഷാപ്പുകളെ അതിന്റെ പരമ്പരാഗത രൂപത്തില്‍ തിരിച്ചെടുക്കാന്‍ ഇനി കഴിയില്ലെന്നത് ശരിയായിരിക്കാം. പക്ഷേ, കള്ളിനെ സംരക്ഷിക്കാനാവും. നന്നായി സംസ്‌കരിച്ചെടുത്താല്‍ സായ്പ്പിന്റെ സ്‌കോച്ചുപോലും തോറ്റുപോകും.

****

പുസ്തകമെഴുത്തും സംവാദവും ആണ് ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ഇപ്പോഴത്ത വിനോദങ്ങള്‍. ജില്ലതോറുമാണ് സംവാദം, ചാനലുകളിലേതുവേറെ. പഴയ ഗുസ്തിക്കാരെപ്പോലെ തുടയിലടിച്ച് വെല്ലുവിളിച്ചാണ് പോക്ക്. കണ്ട അലവലാതികളുമായി നാക്കടിച്ചുനോക്കാനൊന്നും അങ്ങേരെ കിട്ടില്ല. ചുരുങ്ങിയത് പ്രതിപക്ഷനേതാവെങ്കിലും വന്നാലേ ഒരു കൈനോക്കൂ.
ലോട്ടറിക്ക് ലേശം ന്യൂസ്‌വാല്യൂ കുറഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് മദ്യമായാലോ അടുത്ത വിഷയം? ധനവകുപ്പിന് ലോട്ടറിയേക്കാള്‍ പ്രധാനം മദ്യമല്ലേ ? ഒരു പുസ്തകവും എഴുതാം, നാല് സംവാദവും ആകാം. ഒരേസമയം ലോട്ടറിയും മദ്യവും, ഉമ്മന്‍ചാണ്ടി നിന്നു വിറയ്ക്കട്ടെ!

Leave a Reply

Your email address will not be published. Required fields are marked *

Go Top