പോക്കുവരവുകള്‍

ഇന്ദ്രൻ

മന്ത്രിസഭകളുടെ നാലാം വര്‍ഷം നിര്‍ണായക കാലമാണ്. ഭരണത്തിന്റെ ചക്കരക്കുടത്തില്‍ കൈയിട്ട് വിരല്‍ നക്കിക്കൊണ്ടിരുന്നവര്‍ക്ക് ലഹരി അതിന്റെ മൂര്‍ധന്യത്തിലെത്തും. പടച്ചതമ്പുരാനേ ഇനി ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ വിരല്‍ വെറുതെയിടണമല്ലോ എന്ന വേദന കാല്‍വിരലറ്റത്തുനിന്ന് മേലോട്ട് കേറിത്തുടങ്ങുന്ന സമയമാണത്. മുന്നണികള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപാര്‍ട്ടികള്‍ ഈ കാലം ചെലവഴിക്കുക അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള ഇര ശേഖരിക്കാനാണ്. തണുപ്പുകാലം മുഴുവന്‍ പൊത്തുകളില്‍ കഴിഞ്ഞുകൂടേണ്ടിവരുന്ന ജീവികള്‍ അത്രയും കാലത്തേക്കുള്ള തീറ്റ മുന്‍കൂട്ടി ശേഖരിക്കുന്നതുപോലെ ചിലര്‍ ഗള്‍ഫില്‍ പോയും മറ്റും ഇര തേടും. ചിലര്‍ കൈയില്‍കിട്ടുന്നവരെ ശരിക്കു പിഴിയും. ചില ജീവികള്‍ വയറുനിറയെ തിന്നിട്ട് ചത്തതുപോലെ കിടക്കും. അടുത്ത തിരഞ്ഞെടുപ്പിന്റെ ചൂട് കിട്ടിത്തുടങ്ങുമ്പോഴേ കൈയും കാലും അനക്കിത്തുടങ്ങൂ.

മുഖ്യപാര്‍ട്ടികള്‍ക്കില്ലാത്ത വലിയൊരു സൗകര്യം ചെറിയ പാര്‍ട്ടികള്‍ക്കുണ്ട്. കൊടിയ ശൈത്യകാലത്ത് ദേശാടനപ്പക്ഷികള്‍ തണുപ്പ് കുറഞ്ഞ നാടുകളിലേക്ക് പറക്കുന്നതുപോലെ ചെറിയ പാര്‍ട്ടികള്‍ക്ക് ഭരണമുള്ള മുന്നണികളിലേക്ക് പറക്കാം. സീസണുകള്‍ മാറിമാറിവരും എന്നറിയാന്‍ വലിയ തത്ത്വജ്ഞാനമൊന്നും വേണ്ട, ജന്മവാസന മതി. അത്തരത്തിലൊരു ദേശാടനമാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. അങ്ങനെ ഇടതുമുന്നണി വിട്ട് മറ്റേതിലേക്ക് പറന്ന ഒരു ദേശാടനപ്പക്ഷിയാണ് പി.ജെ.ജോസഫ്. വിലാസം കേരള കോണ്‍ഗ്രസ്.

ഭരണത്തിന്റെ നാലാം വാര്‍ഷികാഘോഷത്തിന് കുരുത്തോല തൂക്കാന്‍ തുടങ്ങുമ്പോഴാണ് മൂപ്പര് പിണങ്ങിപ്പിരിയുന്നതായി അഭിനയിച്ചത്. കുറച്ച് കരച്ചിലും പിഴിച്ചിലും ഉണ്ടായിരുന്നു. എന്നാല്‍ എന്താണ് പ്രശ്‌നം എന്നാര്‍ക്കും മനസ്സിലായില്ല. പറയത്തക്ക കാരണമൊന്നും അങ്ങേര് പറയുന്നുപോലുമില്ല. കാര്‍ഷികപ്രശ്‌നം, വിദ്യാഭ്യാസം, ന്യൂനപക്ഷ വിദ്യാലയപ്രശ്‌നം തുടങ്ങിയ അതിഭീമന്‍ പ്രശ്‌നങ്ങളില്‍ ഇടതുമുന്നണിയുമായി ഭിന്നതയുണ്ടെന്നാണ് ഔസേപ്പച്ചന്‍ ആകെ പറഞ്ഞ ഒരു ന്യായം. ഈ മൂന്ന് പ്രശ്‌നങ്ങളില്‍ ഏതു കാലത്താണ് ഇടതുമുന്നണിയോട് യോജിപ്പുണ്ടായിരുന്നത്? വിമാനയാത്രയിലെ വിക്രസ് കേസില്‍നിന്ന് തലയൂരി വീണ്ടും മന്ത്രിയാകുമ്പോഴേ ഉള്ള കാര്യങ്ങളെച്ചൊല്ലിയാണ് പിന്നെയും കാലം കുറേകഴിഞ്ഞ് മുന്നണി വിട്ടത്. മൂന്നുകൊല്ലം മുമ്പ് തന്ന ചായയില്‍ മധുരമുണ്ടായിരുന്നില്ലെന്ന് പറഞ്ഞ് പിണങ്ങിപ്പോകുന്ന കെട്ടിയോനെപ്പോലെയാണ് ജോസഫ് മുന്നണിവിട്ടത്.

എന്നാലും സത്യമുള്ളവനാ ജോസഫച്ചായന്‍. അറിയാതെയാണെങ്കിലും സത്യം പറഞ്ഞുപോകും. കേരളത്തിലും കേന്ദ്രത്തിലും പ്രാതിനിധ്യമുള്ള മുന്നണിയില്‍ നില്‍ക്കുന്നതാണ് അഭികാമ്യം എന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞതായി അദ്ദേഹമൊരു പ്രസംഗത്തില്‍ പറയുകയുണ്ടായി. കടുത്ത വാക്കുകളുടെ അര്‍ഥം മനസ്സിലാകാത്തവര്‍ക്കുവേണ്ടി അതിന്റെ തര്‍ജമ പറയാം. ഇനി അഞ്ചുകൊല്ലം കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സാണ് ഭരിക്കുക, ഒരു കൊല്ലം കഴിഞ്ഞാല്‍ കേരളത്തിലും അതുതന്നെ സ്ഥിതി. അതുകൊണ്ട് ഞങ്ങള്‍ യു.ഡി.എഫിലേക്ക് പോവുകയാണ്. വേറെ സിദ്ധാന്തവും തത്ത്വവുമൊന്നുമില്ല. അടുത്ത തിരഞ്ഞെടുപ്പിനെക്കുറിച്ചല്ലാതെ അടുത്ത തലമുറയെക്കുറിച്ച് ചിന്തിക്കുന്നവരെ മുന്‍കാലത്ത് രാഷ്ട്രതന്ത്രജ്ഞര്‍ എന്നൊക്കെ വിളിക്കാറുണ്ട്. ഇക്കാലത്ത് അവരെ വട്ടന്മാര്‍ എന്നാണ് വിളിക്കുക. ജോസഫിനെ അക്കൂട്ടത്തില്‍ പെടുത്തിക്കൂടാ…

അതെ, സത്യമുള്ളവനാണ് എന്നൊരു ചീത്തപ്പേര് ജോസഫിന് മുമ്പുണ്ടായിരുന്നു. കേരളാ കോണ്‍ഗ്രസ്സില്‍ അത് എളുപ്പം കിട്ടുന്ന സര്‍ട്ടിഫിക്കറ്റല്ല. തിരഞ്ഞെടുപ്പ്‌കേസ് തോറ്റ മാണിസ്സാര്‍ രാജിവെച്ചപ്പോള്‍ മന്ത്രിയായ ജോസഫ്, മാണിസ്സാര്‍ കേസ് ജയിച്ചുവന്നപ്പോള്‍ സ്ഥാനം ഒഴിഞ്ഞുകൊടുത്തത് ഒരു ചരിത്രസംഭവമായിരുന്നല്ലോ. കേരളാകോണ്‍ഗ്രസ്സുകളില്‍ അത്തരം വിവരക്കേടുകള്‍ പതിവില്ലാത്തതാണ്. താന്‍ രാജിവെക്കുന്ന പ്രശ്‌നമേ ഇല്ല എന്ന് ജോസഫ് ഉറപ്പിച്ച് പറഞ്ഞിരുന്നെങ്കില്‍ പാര്‍ട്ടി രണ്ടായി പിളര്‍ത്തി രണ്ടാള്‍ക്കും മന്ത്രിമാരാകാമായിരുന്നു. അതൊക്കെ പത്തുമുപ്പത്തഞ്ച് കൊല്ലം മുമ്പ് നടന്ന സംഭവമാണ്. പില്‍ക്കാലത്ത് അദ്ദേഹം അത്തരം വിവരക്കേടുകളില്‍നിന്ന് മോചിതനായിരുന്നു. വിമാനവേലത്തരം കൊണ്ട് രാജിവെക്കേണ്ടിവന്ന ജോസഫ് അന്ന് പറഞ്ഞത്, ഇനി കേസ് ജയിച്ചാലും വീണ്ടും മന്ത്രിയാകാന്‍ താന്‍ വരില്ല എന്നായിരുന്നു. ഒരുവിധം കേസ് ജയിച്ചപ്പോള്‍ ആദ്യം ചെയ്തത് സത്യപ്രതിജ്ഞയ്ക്കു പറ്റിയ ദിവസം നോക്കുകയായിരുന്നു.

ജോസഫച്ചായന്‍ അഴിമതിക്കാരനുമാണ് എന്നാണ് ഇപ്പോള്‍ ഇടതുമുന്നണി പറയുന്നത്. ഇടതുമുന്നണി ശരിയല്ല എന്ന് ജോസഫിന് ബോധോദയമുണ്ടായ സമയത്തുതന്നെ യാണ് ജോസഫ് ശരിയല്ല എന്ന് ഇടതുമുന്നണിക്കും ബോധോദയമുണ്ടായത്. ടെന്‍ഡര്‍ വിളിക്കാതെ റോഡ് പണിക്ക് കരാര്‍ കൊടുത്തുവത്രെ. ഹോ എന്തൊരഴിമതി. തത്കാലം ഒരു വിജിലന്‍സ് അന്വേഷണമോ മറ്റോ നടത്തി സംഗതി പേടിപ്പിച്ച് നിര്‍ത്തിയാല്‍ മതിയാകും. പിരിവുതരാത്ത ഏതെങ്കിലുമൊരു എന്‍ജിനീയറെ കണ്ടെത്തി തലയെടുത്താലും മതി. നായനാര്‍ മന്ത്രിസഭയുടെ നാലാം വര്‍ഷത്തിലെ പ്ലസ് ടു കച്ചവടം അന്വേഷിക്കണമെന്നൊന്നും തോന്നാതിരിക്കട്ടെ.
വല്ലാതെയങ്ങ് ചീത്തയാക്കേണ്ട. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്ക് തിരിച്ച് ഇടതുമുന്നണിയില്‍ വരേണ്ട ആളാണ്. ജീവിച്ചുപോട്ടെ.

****
യു.ഡി.എഫിനെ ജയിപ്പിക്കാന്‍ വരുന്നവരുടെ തിക്കിലും തിരക്കിലും പെട്ട് യു.ഡി.എഫിന്റെ കഥ കഴിയുമോ എന്ന ഭയമാണ് കോണ്‍ഗ്രസ്സുകാരെ പിടികൂടിയിരിക്കുന്നത്. സഹായികളുടെ എണ്ണം കൂടിയാല്‍ മുന്നണി ശ്വാസംമുട്ടി ചത്തുപൊയ്ക്കൂടായ്കയില്ല. തോല്‍ക്കാനും ജയിക്കാനുമെല്ലാമായി ഉള്ളത് ആകെ 140 സീറ്റാണ്. കോണ്‍ഗ്രസ്സിന് കഴിഞ്ഞ തവണ മത്സരിക്കാന്‍ കിട്ടിയത് 62 സീറ്റാണ്. അതാണ് കുറയുന്നത്. ഓരോ കക്ഷി വരുമ്പോഴും കുറയുക കോണ്‍ഗ്രസ്സിന്റെ പാത്രത്തിലെ വറ്റുകളാണ്. ഇപ്പോള്‍തന്നെ സീറ്റൊന്നിന്ശരാശരി അരഡസന്‍ സ്ഥാന ആര്‍ത്തികള്‍ പാര്‍ട്ടിയില്‍ ക്യൂ നില്‍ക്കുന്നുണ്ട്. ജനതാദളുകാര്‍ വന്നപ്പോള്‍തന്നെ കുറെ ആര്‍ത്തികളുടെ ശീട്ട് കീറിക്കഴിഞ്ഞു. അതുകൊണ്ട് തീര്‍ന്നുവെന്ന് ആശ്വസിക്കുമ്പോഴതാ വരുന്നു പുതിയ അഭയാര്‍ഥികള്‍.

പിന്‍വാതില്‍ പൊളിച്ചാണ് ഓരോരുത്തര്‍ കേറി വരുന്നത്. കെ.എം.മാണിയാണ് പിന്‍വാതില്‍പ്രവേശക്കാരുടെ മുഖ്യസഹായി. കേരളാകോണ്‍ഗ്രസ്സിന്റെ പരമ്പരാഗതരീതിയാണത്. പി.സി. തോമസിനെപ്പോലൊരു സംഘപരിവാര്‍ സഹയാത്രികന്‍ ജോസഫ് ഗ്രൂപ്പ് വഴി എല്‍.ഡി.എഫില്‍ കയറിപ്പറ്റിയതങ്ങനെയാണ്. അവിടെയാണെങ്കില്‍ കനത്ത സെക്യൂരിറ്റിയാണ്. എന്നിട്ടും കയറി. കോണ്‍ഗ്രസ്സിലും യു.ഡി.എഫിലും ആര്‍ക്കും കയറാം, സെക്യൂരിറ്റിയെന്നല്ല ഗേറ്റ് തന്നെയില്ല.

ഈ ഒഴിച്ചുപോക്കുകള്‍ എല്‍.ഡി.എഫിനെ ബേജാറാക്കുന്നുണ്ട് എന്നാവും പുറത്തുള്ളവരുടെ ധാരണ. ഇല്ല. ഇവരുണ്ടായാലും തിരഞ്ഞെടുപ്പ് ജയിക്കില്ല. ഇവര്‍ പോയി യു.ഡി.എഫില്‍ പ്രശ്‌നമുണ്ടാക്കുന്നെങ്കില്‍ അത്രയും നല്ലത്. വേറൊരു സാധ്യതയുണ്ട്. നമ്മുടേത് അസ്സല്‍ മതേതരമുന്നണിയാണെന്ന യു.എസ്.പി. ഇറക്കി എല്‍.ഡി.എഫിനെ മാര്‍ക്കറ്റ് ചെയ്യാമല്ലോ. മുമ്പൊരിക്കല്‍ ലീഗും കേരളാ കോണ്‍ഗ്രസ്സും ഇല്ലാതെ എല്‍.ഡി.എഫ്. ഭൂരിപക്ഷം നേടിയത് ഈ വിദ്യ പ്രയോഗിച്ചായിരുന്നു. ഏതു ചക്ക വീണാലും മുയല്‍ ചാകുമോ എന്നറിയില്ല, എങ്കിലും ചക്കയിട്ട് നോക്കാം. കേരളാ കോണ്‍ഗ്രസ്സിന്റെ ഒരു ചെറുകഷ്ണം എല്‍.ഡി.എഫില്‍ ബാക്കിയുണ്ടാകുന്നതും നല്ലതാണ്. അതിലുള്ള ഒരു നല്ല പിള്ളയെ മന്ത്രിയാക്കിയാല്‍ എന്‍.എസ്.എസ്സിന് മനംമാറ്റമുണ്ടാകുമെങ്കില്‍ അതും നല്ലത്. നഷ്ടപ്പെടാനൊന്നുമില്ല, കിട്ടാനുള്ളത് അഞ്ചുവര്‍ഷത്തെ ഭരണംകൂടി. സഖാക്കളേ മുന്നോട്ട്…

****

എല്‍.ഡി.എഫിന്റെ വിഴുപ്പ് ചുമക്കല്‍ യു.ഡി.എഫിന്റെ പണിയല്ലെന്ന് കെ.പി.സി.സി. സെക്രട്ടറി എം.എം. ഹസ്സന്‍.
തീര്‍ച്ചയായും അത് ബുദ്ധിമുട്ടാണ്. യു.ഡി.എഫിന് സ്വന്തം വിഴുപ്പ് ചുമക്കാന്‍തന്നെ കഴിയുന്നില്ല. അയ്യോ പാവം.

Leave a Reply

Your email address will not be published. Required fields are marked *

Go Top