സെക്രട്ടേറിയറ്റില്‍ എത്ര സെക്രട്ടറിമാരുണ്ട് എന്ന ചോദ്യം കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്ന ജോണ്‍ ഏബ്രഹാമിന്റെ ചോദ്യത്തോട് കിടപിടിക്കുന്നതാണ്. അസംഖ്യം എന്നുത്തരം പറഞ്ഞ് തല്‌ക്കാലം തടിയൂരാം.
മത്തായിമാരെപ്പോലെയല്ല സെക്രട്ടറിമാര്‍. സെക്രട്ടേറിയറ്റിന്റെ സകലമാനമുറികളിലും പല തട്ടുകളിലായി അവരങ്ങനെ സദാ തൂങ്ങിക്കിടക്കും. അണ്ടര്‍ സെക്രട്ടറി തുടങ്ങിയ ചേരകള്‍ മുതല്‍ ചീഫ് സെക്രട്ടറിയെപ്പോലുള്ള രാജവെമ്പാല വരെയുണ്ട് ഈ സ്‌പെഷീസില്‍. ചേരകള്‍ എന്നുപറഞ്ഞത് താരതമ്യമായി മാത്രമാണ്. ഏതിനാണ് എപ്പോഴാണ് വിഷംവെക്കുക എന്നൊന്നും പറയാന്‍ പറ്റില്ല.
ഈ കൂട്ടത്തിലൊന്നും പെടാത്തതും അപൂര്‍വമായി മാത്രമേ കാണപ്പെടൂന്നതും എന്നാല്‍ അത്യുഗ്രനുമായ ഒരിനം സെക്രട്ടറിയുണ്ട്. ശമ്പളക്കമ്മീഷന്റെ പരിധിയിലോ അണ്ടറില്‍ കിടക്കുന്നവരുടെ സ്ഥാനക്കയറ്റസ്വപ്‌നത്തിലോ ഒന്നും വരില്ല ഈ തസ്‌തിക. കൂടിയ ഇനമാണ്. പാത്തും പതുങ്ങിയുമങ്ങനെ നില്‍ക്കും. രാജവെമ്പാല പോലും നിവൃത്തിയുള്ളേടത്തോളം ഇതിന്റെ കണ്‍വട്ടത്തില്‍നിന്നൊഴിഞ്ഞുപോകുകയേ ഉള്ളൂ. പൊളിറ്റിക്കല്‍ സെക്രട്ടറി എന്നാണ് ഈ അപൂര്‍വജീവിയുടെ പേര്. മുഖ്യമന്ത്രിയുടെ ഓഫീസാണ് വിഹാരരംഗം.
ഇതിന്റെ ഉത്ഭവം സംബന്ധിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണുള്ളത്. എല്ലാ മുഖ്യമന്ത്രിമാരും ഈയിനം അപൂര്‍വജീനിയസ്സുകളുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടില്ല. എന്താണ് ഈ സെക്രട്ടറിയുടെ ജോലി എന്ന് ചോദിക്കാനാരും ഇതുവരെ ധൈര്യപ്പെട്ടിട്ടില്ല. ഈ.എം.എസ്സിനും അച്യുതമേനോനുംകെ.കരുണാകരനും എ.കെ.ആന്റണിക്കും പൊളിറ്റിക്കല്‍ സെക്രട്ടറിമാരുണ്ടായിട്ടില്ലത്രെ. (ഇനിയങ്ങോട്ട് അക്ഷരം ചുരക്കാന്‍ വേണ്ടി പൊളി സെക്രട്ടറി എന്നേ എഴുതൂ. ആരും തെറ്റിദ്ധരിക്കരുത്) ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ ഇ.കെ.നായനാരുടെ വഴിക്കാണ് സഞ്ചരിച്ചിരുന്നത്. നായനാരുടെ മൂന്നുവട്ടമായുള്ള ഭരണകാലമായിരുന്നു പൊളി സെക്രട്ടറിമാരുടെ സുവര്‍ണകാലം. പൊളി സെക്രട്ടറി ഇല്ലാതെ നായനാര്‍ക്ക് ഭരണം അസാധ്യമായിരുന്നു.
അന്നത്തെ പൊളി സെക്രട്ടറി ഏതാണ്ട് ഒരു അസിസ്‌റ്റന്റ് മുഖ്യമന്ത്രിയും ഭരണഘടനാതീത ആഭ്യന്തരമന്ത്രിയുമായിരുന്നു. പോലീസ് വകുപ്പില്‍ കൈയിട്ട് നാനാവിധമാക്കുന്ന ചുമതല പൊളി സെക്രട്ടറിക്കായിരുന്നു. ലോക്കല്‍ സെക്രട്ടറിമാര്‍ വിളിച്ചുപറയുന്നതിനനുസരിച്ച് ദിവസേന എത്ര എസ്.ഐ.മാരെ സ്ഥലംമാറ്റണം. മുഖ്യമന്ത്രിക്കെവിടെ ഇതിനൊക്കെ നേരം. വി.എസ്.അച്യുതാനന്ദന്റെ കൈയില്‍ ആഭ്യന്തരവകുപ്പില്ല, പക്ഷേ, പൊളി സെക്രട്ടറിയുണ്ട്. പൊളി സെക്രട്ടറി പോലീസ് വകുപ്പിലേ കൈയിടാവൂ എന്നില്ല, ഏതിലും കൈയിടാം. കൈ പൊള്ളാതെ നോക്കണമെന്നുമാത്രം.
മുഖ്യമന്ത്രി വി.എസ്സിന്റെ ഏറ്റവും ലേറ്റസ്റ്റ് വേവലാതിയുടെ കാരണവും പൊളി സെക്രട്ടറിയാണത്രെ. രണ്ടാഴ്‌ചയായി മുഖ്യമന്ത്രിക്ക് പൊളി സെക്രട്ടറിയില്ല. ബാലഗോപാലനെ രാജ്യസഭാംഗമാക്കിയ ശേഷം നിര്‍ദ്ദേശിച്ച ആളെ മുഖ്യമന്ത്രി തന്നെ തുരത്തിവിട്ടതാണ്. ഇനി അതിനേക്കാള്‍ വിഷമുള്ള ഇനത്തെ കൊണ്ടുവന്നേക്കുമോ എന്നറിയില്ലല്ലോ. ഏപ്രില്‍ തീരുംവരെ പൊളി സെക്രട്ടറികാര്യത്തില്‍ തീരുമാനമുണ്ടാകാന്‍ സാധ്യതയില്ലത്രെ. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഷെയ്‌ഖുമാര്‍ക്കിടയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്ന തിരക്കിലായതുകൊണ്ട് പൊളി സെക്രട്ടറിയുടെ കാര്യമൊന്നും ആലോചിക്കാന്‍ സമയം കിട്ടുകയില്ല.
വിഷപ്പാമ്പുകള്‍ക്കിടയില്‍ നൂറുദിവസം കിടന്ന് അവസാനം വിഷമേറ്റുമരിച്ച കോഴിക്കോട്ടെ വേലായുധന് പോലും സഹതാപം തോന്നുന്ന നിലയിലാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള വ്യത്യസ്‌തയിനം സെക്രട്ടറിമാരില്‍ ഏതാണ്ടെല്ലാം പാര്‍ട്ടി സെക്രട്ടറിയുടെ നോമിനികളാണ്. പൊളി സെക്രട്ടറി ബാലഗോപാലനെ സഹിക്കാമായിരുന്നു. പ്രസ് സെക്രട്ടറി ബാലകൃഷ്‌ണനെയും സഹിക്കാം. രണ്ടും ബാലന്മാരാണല്ലോ. ബാക്കി സകലതും മൂത്ത ഇനങ്ങളാണ്. എപ്പോഴാണ് തിരിഞ്ഞുകൊത്തുകയെന്നറിയില്ല. ഇനി ആ ടൈപ്പ് ഒരു പൊളി സെക്രട്ടറിയാണ് വരുന്നതെങ്കില്‍ ശേഷിക്കുന്ന ഒരുകൊല്ലം മുഖ്യമന്ത്രിപ്പണി ദുഷ്‌കരമാകുമെന്നുറപ്പ്.
കേരളത്തിന് പുറത്ത് അപൂര്‍വമായി മാത്രം കാണുന്ന ഒരിനമാണ് ഇതെന്നും പറഞ്ഞുകൊള്ളട്ടെ. തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയില്‍ യദ്ദിയൂരപ്പക്ക് മന്ത്രിയുടെ റാങ്കുള്ള പൊളി സെക്രട്ടറിയുണ്ട്. വേറെ നാടുകളിലൊന്നും ഉള്ളതായി റിപ്പോര്‍ട്ടില്ല. പ്രധാനമന്ത്രിമാര്‍ക്കൊന്നും അതിനുള്ള യോഗമില്ല. ജ്യോതിബസുവിനും ഉണ്ടായിരുന്നതായി കേട്ടിട്ടില്ല. ലെനിനോ സ്റ്റാലിനോ ഗോര്‍ബച്ചേവിനോ മാവോവിനോ ഉണ്ടായിരുന്നതായി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് തക്ക പ്രതിഫലം നല്‍കുന്നതായിരിക്കും.
****
ഗവര്‍ണര്‍ നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപനം മന്ത്രിസഭ അംഗീകരിച്ചതല്ലായിരുന്നുവത്രെ. ശിവ ശിവ….ഇതില്‍പരമൊരു അപകടം സംഭവിക്കാനില്ല. സംഗതി വായിക്കുകയും ചെയ്‌തു, സഭ പാസ്സാക്കുകയും ചെയ്‌തു. ഇനി രക്ഷയില്ല. ഒരു സമാധാനമേ ഉള്ളു-ഭരണത്തിന് ഒരു കുഴപ്പവും സംഭവിക്കില്ല. മന്ത്രിസഭ പാസ്സാക്കാത്ത പ്രസംഗം പ്രസംഗിച്ച ഗവര്‍ണറുടെ പണി പോവില്ല. പാസ്സാക്കാത്ത പ്രസംഗം അംഗീകരിച്ച കുറ്റത്തിന് നിയമസഭ പിരിച്ചുവിടാനൊന്നും ഭരണഘടനയില്‍ വകുപ്പില്ല.
ഗവര്‍ണര്‍ നിയമസഭയില്‍ വായിക്കുന്ന പ്രസംഗം മാറിപ്പോകരുതെന്നത് മാത്രമാണ് നിര്‍ബന്ധമായ സംഗതി. സാഹിത്യഅക്കാദമിയില്‍പോയിട്ട് മൃഗസംരക്ഷണത്തെകുറിച്ചുള്ള പ്രസംഗം വായിച്ച മുഖ്യമന്ത്രിയുണ്ടായിരുന്നു കേരളത്തില്‍. ജുബ്ബയുടെ ഇടത്തെ പോക്കറ്റില്‍ കയ്യിടുന്നതിനുപകരം വലത്തെ പോക്കറ്റില്‍ കയ്യിട്ടുപോയതാണ്. മനുഷ്യസഹജം- അതിലേറെ വാര്‍ദ്ധക്യസഹജം. ഗവര്‍ണര്‍ക്ക് അങ്ങനെ സംഭവിക്കില്ല. ആ സീസണില്‍ വേറെ പ്രസംഗമുണ്ടായിരുന്നില്ല, ആരോഗ്യപരമായ കാരണങ്ങളാല്‍. ചീഫ് സെക്രട്ടറി കൊടുത്തയച്ച പ്രസംഗം തന്നെയാണ് വായിച്ചത്.
എല്ലാം ആചാരത്തിന്റെ മാത്രം പ്രശ്‌നമാണ്. നയം പ്രസംഗിച്ച ഗവര്‍ണറോട് നന്ദി പറയുന്ന പ്രമേയം പാസ്സാക്കിയേ തീരൂ. നയം പ്രസംഗിച്ചതിന് ഗവര്‍ണറോട് എന്തിന് ജനപ്രതിനിധികള്‍ നന്ദിപറയണം ? അതും ഒരു ആചാരം. മന്ത്രിസഭയുടെ നയം ഗവര്‍ണര്‍ പ്രഖ്യാപിക്കുന്നതുപോലെ, ഗവര്‍ണറുടെ പ്രസംഗം മന്ത്രിസഭ അംഗീകരിക്കുന്നതുപോലെ. ജനാധിപത്യത്തിന്റെ സത്തയും അര്‍ഥവും പ്രശ്‌നമല്ല. ആചാരങ്ങളാണ് പ്രധാനം. സര്‍വകാലാശാലയിലെ ബിരുദദാനച്ചടങ്ങിന് ചെന്ന കേന്ദ്രവിദ്യാഭ്യാസമന്ത്രി ജയറാം രമേശ് ആചാരപരമായ കോട്ടും തൊപ്പിയും ധരിക്കുന്നത് പ്രാകൃതമാണെന്ന് പറഞ്ഞ് വലിച്ചെറിഞ്ഞു. പത്രങ്ങള്‍ക്ക് നല്ല വാര്‍ത്തയായി. പാര്‍ലമെന്റിലുണ്ട് പതിന്മടങ്ങ് പ്രാകൃത ആചാരങ്ങള്‍. അവയൊന്നും വലിച്ചെറിയാന്‍ ജയറാം രമേശിനെകിട്ടില്ല. വിവരമറിയും. പോട്ടെ മോനെ ജയറാം രമേശാ….
****
സിനിമാ വ്യവസായത്തെ രക്ഷിക്കാന്‍ പുതിയ ഒറ്റമൂലി കണ്ടെത്തിയിരിക്കുന്നു. ചലചിത്രതാരങ്ങളാരും ചാനലില്‍ പോകരുത്. പരിസരത്ത് കണ്ടാല്‍ ഉടനടി ഹദ്ദടിയും ഊരുവിലക്കും ഉണ്ടാകും. നടീനടന്മാരുടെ മനോഹരമോന്ത കാണുന്നതിനാണ് ജനം തിയ്യേറ്ററില്‍ പോയിരുന്നത്. അത് ടെലിവിഷനില്‍ കാണിച്ചാല്‍ ജനം അങ്ങോട്ടുപോകും. അവിടെ കാണിക്കുന്നത് തടഞ്ഞാല്‍ ജനം വേറെ ഗതിയില്ലാതെ തിയ്യേറ്ററുകളിലേക്ക് മടങ്ങും. എത്ര സിമ്പിള്‍ ലോജിക്. സിനിമ രക്ഷപ്പെടാതിരിക്കാന്‍ നിവൃത്തിയില്ല.
ഇതുകൊണ്ടൊന്നും രക്ഷപ്പെടുന്നില്ലെങ്കില്‍ ചില അറ്റകൈ പ്രയോഗങ്ങളുണ്ട്. തിയ്യേറ്ററിലെ ഷോ ടൈമില്‍ ആളുകള്‍ ചാനല്‍ കാണുന്നതാണ് പ്രധാന വെല്ലുവിളി. ടെലിവിഷന്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടാല്‍ ജനം കൈവെച്ചേക്കും. അത്ര വേണ്ട. പവര്‍കട്ട് പോലെ വൈകുന്നേരം ആറുമണിക്കൂര്‍ ചാനല്‍ ബ്ലേക്കൗട്ട് ആലോചിക്കാം. സിനിമ കാണാത്തവരുടെ മേല്‍ ടാക്‌സ് ചുമത്തുന്നത് നല്ലൊരു ഐഡിയ ആവുമോ എന്തോ…. പരീക്ഷിച്ചുനോക്കാവുന്നതാണ്.