സ്വത്വം എന്തൊരു സത്വം

ഇന്ദ്രൻ

സാധാരണക്കാര്‍ക്ക് അത്ര പിടിപാടൊന്നുമില്ലാത്തതാണ് ഈ സ്വത്വം എന്ന സാധനം. കേള്‍ക്കാന്‍ സുഖമില്ലാത്ത ഈ രണ്ടക്ഷരം ബുദ്ധിജീവിനാവുകള്‍ക്കേ വഴങ്ങൂ. സ്വത്ത് എന്നും മറ്റുമേ നമുക്ക് കേട്ടുശീലമുള്ളൂ. സ്വത്വം ഇതാ പത്രപ്പേജുകളിലും എത്തിയിരിക്കുന്നു. സ്വത്വത്തിന്റെ താത്ത്വികപ്രശ്‌നങ്ങള്‍ എടുത്തുവീശിയിരിക്കുന്നത് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്‍ മാസ്റ്ററാണ്. പെട്ടെന്നുള്ള പ്രകോപനമെന്തെന്നു വ്യക്തമല്ല. യൂറോപ്പിനെ ഭൂതം പിടികൂടിയിരിക്കുന്നു എന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിന്റെ ആദ്യവാക്യത്തില്‍ പറഞ്ഞതുപോലെയാണ് പാര്‍ട്ടിപ്പത്രത്തിലെ ലേഖനപരമ്പരയില്‍ നമ്മെ ഭയപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയത്തെ ഇതാ സ്വത്വം എന്നൊരു ഭൂതം പിടികൂടിയിരിക്കുന്നു. ജീവനില്‍ കൊതിയുള്ളവര്‍ വല്ല കുണ്ടിലോ കുഴിയിലോ ഒളിച്ചുകൊള്ളുക.

മുമ്പാണെങ്കില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നിലവാരത്തില്‍ ആരെങ്കിലും കൈകാര്യം ചെയ്യുമായിരുന്ന കടുകട്ടി വിഷയമാണ് ഇത്. ഇ.എം.എസ്സിനുതന്നെയും പ്രയാസമായേനെ. കാരണം മാര്‍ക്‌സ്-ഏംഗല്‍സ്-ലെനിന്‍ തുടങ്ങിയവരുടെ ഗ്രന്ഥങ്ങളില്‍ പൊടിയിട്ട് നോക്കിയാലും സ്വത്വം എന്നൊരു വാക്ക് കാണില്ല. അതിലില്ലാത്ത സംഗതികളെക്കുറിച്ച് എഴുതുക ആചാര്യനും പ്രയാസമാണ്. എങ്കിലും ഒരുകൈ നോക്കും. ഇ.എം.എസ്സിനുശേഷം താത്ത്വികാചാര്യന്മാര്‍ക്ക് കടുത്ത ക്ഷാമമാണ്. നല്ല മുദ്രാവാക്യം എഴുതാന്‍ പറ്റിയ കവികള്‍പോലും ഇല്ലാതായിട്ടുണ്ട്. പുസ്തകം വായിക്കുന്നവരെയെല്ലാം തിരഞ്ഞുപിടിച്ച് മൂലയിലാക്കിയല്ലോ. പിന്നെയുള്ളത് കെ.ഇ.എന്‍. കുഞ്ഞമ്മദ്, പി.കെ. പോക്കര്‍ തുടങ്ങിയ താത്ത്വികഭീകരന്മാരാണ്. സ്വത്വത്തെ കൈകാര്യം ചെയ്യാന്‍ അവരെയും ഏല്പിച്ചുകൂടാ. കാരണം അവര്‍ സ്വത്വത്തിന്റെ ദേഹണ്ഡപ്പുരയിലെ ഇലമുറി കാര്യസ്ഥന്മാരാണ്. പറ്റിയ ആരെയും കിട്ടാത്തതുകൊണ്ടാണ് പാവപ്പെട്ട എം.വി. ഗോവിന്ദനെ നിയോഗിച്ചത്. സ്‌കൂളില്‍ ഡ്രില്ലും പാര്‍ട്ടിക്ലാസ്സുകളില്‍ ചില്ലറ പ്രത്യയശാസ്ത്രവും പഠിപ്പിക്കാറുണ്ടെന്നല്ലാതെ താത്ത്വികാചാര്യന്റെ ജുബ്ബയൊന്നും അദ്ദേഹം എടുത്തണിയാറില്ല. ചാവേറാകാന്‍ പാര്‍ട്ടി പറഞ്ഞാല്‍ ആയല്ലേ പറ്റൂ.

സ്വത്വമെന്ന് കേട്ട് പേടിക്കുകയൊന്നും വേണ്ട. സംഗതി വളരെ ലളിതമാണ്. വര്‍ഗത്തെക്കുറിച്ചാണ് കമ്യൂണിസം പറയുന്നത്. ചൂഷകരും ചൂഷിതരുമായി ലോകം രണ്ടായി പിരിഞ്ഞുനില്പാണ്. വര്‍ഗമല്ല മതം, ലിംഗം, രാജ്യം, വര്‍ണം തുടങ്ങിയ സ്വത്വങ്ങളാണ് പ്രധാനമെന്ന് സ്വത്വവാദികള്‍ പറയും. മാര്‍ക്‌സ്, ലെനിന്‍ ആചാര്യന്മാര്‍ക്ക് ഇക്കാര്യത്തില്‍ സംശയമൊന്നുമുണ്ടായിട്ടില്ല. വര്‍ഗം മാത്രമാണ് പ്രശ്‌നം. ഇന്ത്യയില്‍ വന്നപ്പോള്‍ ചില്ലറ ആശയക്കുഴപ്പം ഉണ്ടായി എന്നുവേണമെങ്കില്‍ സമ്മതിക്കാം. ഇവിടെ ജാതി എന്നൊരു പണ്ടാരം ഉണ്ടല്ലോ. മാര്‍ക്‌സിസത്തിന്റെ സിദ്ധാന്തക്കിത്താബുകളിലൊന്നും ജാതിയെക്കുറിച്ച് മിണ്ടാട്ടമില്ല. മാര്‍ക്‌സ് ജാതിയെക്കുറിച്ചൊന്നും പഠിച്ചില്ലെന്നും മറ്റും പറഞ്ഞ് പലരും ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചുപോന്നിട്ടുണ്ട്. ജാതിയെന്നത് വര്‍ഗത്തിന്റെ വകഭേദം മാത്രമാണെന്നും മറ്റുമുള്ള തക്കിടതരികിടകള്‍ പറഞ്ഞ് വിമര്‍ശകരുടെ വായടപ്പിക്കുകയാണ് പതിവ്.

ആദ്യകാലത്ത് കമ്യൂണിസ്റ്റ് വിരുദ്ധരാണ് സ്വത്വത്തെ എടുത്ത് പ്രയോഗിച്ചിരുന്നത്. ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ പല വകഭേദങ്ങളില്‍ ഒന്ന് എന്നേ അന്നൊക്കെ ഇതിനെ കണക്കാക്കിയിരുന്നുള്ളൂ. കുറച്ചുകാലം മുമ്പ് ഈ വൈറസ് പാര്‍ട്ടിക്കുള്ളിലും എത്തി. സോവിയറ്റ്-കിഴക്കന്‍ യൂറോപ് സോഷ്യലിസ്റ്റ് സ്വര്‍ഗങ്ങള്‍ നിലംപതിക്കും വരെ ഇത്തരം രോഗാണുക്കള്‍ ഇങ്ങോട്ട് കടക്കാറുണ്ടായിരുന്നില്ല. ഇപ്പോള്‍ കമ്യൂണിസംതന്നെ കാലഹരണപ്പെട്ടെന്ന് ദുഷ്ടന്മാര്‍ ലോകമാകെ പ്രചരിപ്പിക്കുന്ന കാലത്ത് സ്വത്വത്തിന്റെ ഉപദ്രവം കൂടിക്കൂടി വരികയാണ്. ബാബറി മസ്ജിദും ഗുജറാത്തുമെല്ലാം ന്യൂനപക്ഷങ്ങളെ കൊടുംഭീതിയിലാഴ്ത്തിയതോടെ മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്വത്വവാദികള്‍ക്കു നല്ല കൊയ്ത്താണ്.

സെക്‌റ്റേറിയനിസം, പാര്‍ലമെന്ററി വ്യാമോഹം, ഇടതുപക്ഷവ്യതിയാനം, റിവിഷനിസം, നാലാംലോകം, അധിനിവേശപ്രതിരോധം തുടങ്ങിയ കാക്കത്തൊള്ളായിരം വിഷയങ്ങളെടുത്തുപിടിച്ച് ആശയസമരവും ആഭ്യന്തരയുദ്ധവും നടത്താറുള്ള പാര്‍ട്ടിക്ക് കുറച്ചുകാലമായി നല്ല വിഷയങ്ങളൊന്നും കിട്ടാത്തതുകൊണ്ടാണ് സ്വത്വവുമായി ഇറങ്ങിത്തിരിച്ചതെന്ന് കരുതുന്നവര്‍കാണും. കാര്യമതല്ല. നിരന്തരം ഉപയോഗിച്ചു തേഞ്ഞ ബ്ലേഡല്ലേ എന്നുവിചാരിച്ച് അവഗണിച്ചിരുന്ന സാധനത്തിന് ഇപ്പോള്‍ മൂര്‍ച്ച കൂടി വരികയാണ്. പലേടത്തും മുറിവുണ്ടാക്കുന്നു, ചിലേടത്ത് അത് സെപ്റ്റിക്കാവുന്നു. അതുകൊണ്ട് സംഗതിയില്‍ ഒരു ബോധവത്കരണം അനിവാര്യമായിരിക്കുന്നു.
കൂട്ടത്തില്‍ ഒരു സ്വകാര്യം പറയട്ടെ. പാര്‍ട്ടിയുടെ ചില സാംസ്‌കാരിക നേതാക്കളും താടിയുള്ള ബു.ജി.കളും സ്വത്വം ലൈനിലേക്ക് നീങ്ങുന്നുണ്ടെന്ന് പാര്‍ട്ടി കുറച്ചുമുമ്പെത്തന്നെ നോട്ട് ചെയ്തതാണ്. അവരുടെ പോക്ക് അത്ര ശരിയല്ല എന്ന് പലരും മുന്നറിയിപ്പു നല്‍കിയതുമാണ്. പക്ഷേ, അവരെ തിയറിയില്‍ തോല്പിക്കുക അത്ര എളുപ്പമല്ലെന്നതുകൊണ്ട് കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയാണ് ആദ്യം ചെയ്തത്. അവറ്റകള്‍ തലേന്ന് വായിച്ച പുസ്തകത്തിലെ എടുത്താല്‍പൊങ്ങാത്ത വാചകങ്ങളൊക്കെയെടുത്ത് വീശും. നമുക്കാണെങ്കില്‍ സംഗതി അത്ര പിടിയുമില്ല. പിന്നെ വേറൊരു പ്രയോജനമുണ്ട്. പാര്‍ട്ടിയാകുമ്പോള്‍ അടവും തന്ത്രവുമൊക്കെ വേണമല്ലോ. ന്യൂനപക്ഷവിഭാഗങ്ങളിലെ യുവാക്കള്‍ സ്വത്വത്തില്‍ മയങ്ങി എന്‍.ഡി.എഫ്-പോപ്പുലര്‍ ഫ്രണ്ട്-സോളിഡാരിറ്റി പക്ഷങ്ങളിലേക്ക് ചാടുന്നുണ്ടെന്ന റിപ്പോര്‍ട്ട്കിട്ടിയിരുന്നു. മലപ്പുറത്തല്ല, പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിലാണ് കൂടുതല്‍ സ്വത്വബാധയെന്ന് മനസ്സിലാകുകയും ചെയ്തു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് നമുക്ക് സ്വത്വം ബ്രാന്‍ഡിന്റെ റീട്ടെയില്‍ വില്പന ഏറ്റെടുത്തുകൂടാ? അതു നല്ല ഐഡിയ. പാര്‍ട്ടി ചെങ്കൊടി താഴ്ത്തി പച്ചക്കൊടി കാട്ടിയതിനെത്തുടര്‍ന്നാണ് കെ.ഇ.എന്‍-പി.കെ. പോക്കര്‍ ദ്വന്ദ്വം പുതിയ സിദ്ധാന്തങ്ങളിറക്കിയത്. ഇര സിദ്ധാന്തമാണ് അതിലൊന്ന്-മുസ്‌ലിങ്ങള്‍ ഇരകളാണ്. അപ്പോള്‍ ഇര പിടിത്തക്കാര്‍ ആരെന്ന് പറയേണ്ടല്ലോ. സ്വത്വം തിയറി കമ്യൂണിസ്റ്റ് വിരുദ്ധമല്ല, ഇ.എം.എസ്സിന്റെ അംഗീകാരമുണ്ടതിന് എന്നത് രണ്ടാമത്തെ കണ്ടെത്തല്‍. ഇതൊന്നും പക്ഷേ, അച്യുതാനന്ദനെപ്പോലുള്ള പഴഞ്ചന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് മനസ്സിലായില്ല. അതുകൊണ്ടാണ് കെ.ഇ.എന്‍ കുഞ്ഞമ്മദ് എന്ന പാവം സ്വത്വവാദിയെ കേറി അങ്ങേര് വര്‍ഗീയവാദിയെന്ന് വിളിച്ചുകളഞ്ഞത്.

പണ്ടും ഇങ്ങനെ ചില വിഭ്രമങ്ങളില്‍ പാര്‍ട്ടി ചെന്നുപെട്ടിട്ടുള്ളതുകൊണ്ട് പരിഭ്രമിക്കാനൊന്നുമില്ല. ദേശീയതകളുടെ സ്വയം നിര്‍ണയാവകാശം എന്ന് ലെനിന്‍ പറഞ്ഞതുകേട്ട് അതാണ് പാകിസ്താന്‍ വാദമെന്ന് വിചാരിച്ച് അതിനെക്കേറി പിന്താങ്ങിയതായി പഴയ സഖാക്കള്‍തന്നെ എഴുതിയിട്ടുണ്ട്. വിഭജനം വന്നപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. തങ്ങളതിനെ പിന്താങ്ങിയിട്ടേ ഇല്ലെന്ന് പിന്നീട് തിരുത്തിയെഴുതുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും പുത്തരിയല്ലെന്നു സാരം.

ഇരവാദം പറ്റെ മാര്‍ക്‌സിസ്റ്റ് വിരുദ്ധമാണെന്ന് ഹമീദ് ചേന്ദമംഗലൂരിനെപ്പോലുള്ള പാര്‍ട്ടി സഹയാത്രികര്‍ അഞ്ചുകൊല്ലം മുമ്പ് പറഞ്ഞപ്പോഴൊന്നും പാര്‍ട്ടി കേട്ട ഭാവം നടിച്ചിട്ടില്ല. സംസ്ഥാന നേതാക്കളാരും കമ എന്നുമിണ്ടിയില്ല. ഇര സ്വത്വവാദികള്‍ക്ക് പാര്‍ട്ടിയില്‍ വെച്ചടി കേറ്റമായിരുന്നു. ഇപ്പോഴിതാ കണ്ണൂരിലും മറ്റും സംഗതി വഷളാവുകയാണത്രെ. സ്വത്വവാദികളെ പിടിച്ചുകെട്ടിയില്ലെങ്കില്‍ കൂടുതല്‍ വഷളാകും. ഹിന്ദു വര്‍ഗീയ ചെകുത്താന്‍ ഒരു വശത്ത്, സ്വത്വവാദി മുസ്‌ലിം വര്‍ഗീയക്കടല്‍ മറുവശത്ത്. ഇനിയെങ്കിലും രണ്ടിനെയും തള്ളിപ്പറഞ്ഞില്ലെങ്കില്‍ അവിടെയുള്ള പാര്‍ട്ടിസഖാക്കള്‍ക്കും വര്‍ഗീയവൈറസ് ബാധയുണ്ടാകും. ബെറ്റര്‍ ലെയ്റ്റ് ദാന്‍ നെവര്‍ എന്നാണല്ലോ വചനം.

സ്വത്വവാദികള്‍ക്കു പിന്നില്‍ സാമ്രാജ്യത്വമാണെന്ന കണ്ടെത്തലും പാര്‍ട്ടിപ്പത്രത്തിലെ ലേഖനപരമ്പരയിലൂടെ നേതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. മാരീചന്റെ പൊന്‍മാനിനെപ്പോലെ അതു ജനങ്ങളെ ആകര്‍ഷിച്ച് വര്‍ഗപരമായ കാഴ്ചപ്പാടില്‍നിന്ന് അകറ്റിക്കൊണ്ടുപോകുകയാണത്രെ. ജനത്തിന്റെ കാര്യം അവിടെ നില്ക്കട്ടെ. പാര്‍ട്ടിയിലെ എത്രപേരെ പൊന്‍മാന്‍ പിടികൂടിയിട്ടുണ്ടെന്ന് നോക്കിയാട്ടെ ആദ്യം.

Leave a Reply

Your email address will not be published. Required fields are marked *

Go Top