രാഷ്ട്രീയക്കാര്‍ക്ക് പ്രായോഗികബുദ്ധി കൂടുമെന്നാണ് കേട്ടിട്ടുള്ളത്. ബേബി സഖാവിന്റെ കാര്യത്തിലും അത് ശരിയാണെന്ന് നാട്ടുകാര്‍ക്ക് ഇപ്പോഴാണ് മനസ്സിലായത്. നടക്കുന്ന കാര്യമേ ഭരണത്തിലിരിക്കുമ്പോള്‍ പറയാന്‍ പാടുള്ളൂ. പ്രതിപക്ഷത്തിരിക്കുമ്പോഴാകട്ടെ നേരെ തിരിച്ചും; നടക്കാത്ത കാര്യമേ പറയാവൂ. സ്വാശ്രയകോളേജ് പ്രശ്‌നത്തില്‍ ചെറിയൊരു അബദ്ധം പറ്റിയെന്ന് സമ്മതിച്ചുകൊള്ളട്ടെ. പ്രതിപക്ഷത്തിരുന്നപ്പോള്‍ കൃത്യമായി നടക്കാത്ത കാര്യം തന്നെയാണ് പറഞ്ഞത്. പക്ഷേ, ഭരണത്തില്‍ വന്നപ്പോഴും പ്ലേറ്റ് മാറ്റിയില്ല. (പ്ലേറ്റ് മാറ്റുക എന്നതൊരു പഴയ പ്രയോഗമാണ്. ഇപ്പോഴത് കാസറ്റ് മാറ്റിയില്ല എന്നാക്കാം).
അച്ചന്മാരെ പാഠം പഠിപ്പിക്കും, സഭകളെ മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിക്കും, വിദ്യാഭ്യാസം ജനകീയമാക്കും, സാമൂഹികനീതി വീടുവീടാന്തരം വിതരണം ചെയ്യും എന്നു തുടങ്ങിയ കുറെ ബഡായികള്‍ വിദ്യാഭ്യാസമന്ത്രിയായ ശേഷവും ബേബി നിര്‍ത്താതെ സംപ്രേഷണം ചെയ്‌തുകൊണ്ടിരുന്നു. കണക്കുകൂട്ടലൊക്കെ ശരിയായിരുന്നു. സകല അച്ഛനമ്മമാരും മക്കള്‍ എന്‍ജിനീയറോ ഡോക്ടറോ ആകണമെന്ന് ആഗ്രഹിക്കുന്ന ലോകത്തിലെ ഏക ഭൂപ്രദേശമാണല്ലോ കേരളം. എല്ലാവര്‍ക്കും കുറഞ്ഞ നിരക്കില്‍ പ്രൊഫഷനല്‍ കോളജില്‍ പഠിക്കാന്‍ കഴിയണം. മാര്‍ക്കൊന്നും അത്ര കാര്യമാക്കേണ്ടതില്ല. എല്ലാവര്‍ക്കും സംവരണവും ഉണ്ടായാല്‍ നന്ന്. പറ്റുമെങ്കില്‍ മാസം പത്ത് ലക്ഷം രൂപ വരുമാനമുള്ളവരെയും ബി.പി.എല്‍. പട്ടികയില്‍ പെടുത്തി സൗജന്യറേഷനും മക്കള്‍ക്ക് സൗജന്യ മെഡിക്കല്‍ കോളേജ് പ്രവേശനവും പഠനവും ഏര്‍പ്പാട് ചെയ്യാന്‍ കഴിഞ്ഞാല്‍ ബഹുസന്തോഷമാകും. ഇതിനാണ് സാമൂഹികനീതി എന്നു പറയുന്നത്.
പണ്ടാണെങ്കില്‍ മെഡിക്കല്‍ കോളേജ് പുതുതായി സ്ഥാപിക്കുന്നു എന്നുകേട്ടാല്‍ നിലവിലുള്ള മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ അതുതടയാന്‍ അടിയും വെടിയുംവരെ നേരിടുമായിരുന്നു. അധികമാളുകള്‍ തങ്ങളുടെ തൊഴില്‍മേഖലയില്‍ വന്നാല്‍ എങ്ങനെ ജോലികിട്ടും എന്നായിരുന്നു അവരുടെ ഭയം. ഇന്ന് ആര്‍ക്കും ആ ഭയമില്ല. പനി മാത്രം മതി കുറേ കാലത്തേക്ക് ഭേദപ്പെട്ട നിലയില്‍ ജീവിച്ചുപോകാന്‍. അത് ചികിത്സിക്കാന്‍ മെഡിക്കല്‍ ബിരുദംതന്നെ വേണമെന്നുമില്ല. ഈ നിലയ്‌ക്ക് പോയാല്‍ വൈകാതെ ജനസംഖ്യയില്‍ മുക്കാല്‍പങ്ക് ആളുകള്‍ക്ക് എല്ലാ സമയത്തും പനിയുണ്ടാകും. റേഷന്‍ഷോപ്പ്, മുറുക്കാന്‍ കട എന്നിവ വഴിയും പാരസെറ്റമോള്‍ ഗുളിക വിതരണം ചെയ്യാന്‍ സംവിധാനമുണ്ടാക്കും.
പ്രായോഗിക രാഷ്ട്രീയത്തിന്റെ കാര്യമാണല്ലോ പറഞ്ഞുവന്നത്. പള്ളിയെയും പട്ടക്കാരെയും പട്ടംപോലെ പറപ്പിച്ചാല്‍ ജനം കൂടെ നില്‍ക്കുമെന്നാണ് പാര്‍ട്ടി കരുതിയിരുന്നത്. വിദ്യാര്‍ഥിവര്‍ഗത്തിന്റെയും രക്ഷിതാക്കളുടെയും ചോരയൂറ്റിക്കുടിക്കുന്ന സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കെതിരെ കുറെ ആഞ്ഞടിച്ചുനോക്കി. ഒരു ഇഫക്ടിനുവേണ്ടി നികൃഷ്‌ടജീവി, രൂപ…താ… മെത്രാന്മാര്‍, വിദ്യാഭ്യാസവേതാളങ്ങള്‍ തുടങ്ങിയ പ്രയോഗങ്ങളും നടത്തി. എന്തോ കുഴപ്പം എവിടെയോ ഉണ്ട്. ജനം എന്നിട്ടും വോട്ടുകുത്തുന്നത് മറ്റേ കള്ളിയില്‍ തന്നെ. പള്ളിയുടെ വോട്ടുമില്ല, രക്ഷിതാക്കളുടെ വോട്ടുമില്ല. ഇത്രയുമായാലെങ്കിലും നല്ല ബുദ്ധിയുദിക്കുന്ന ആളെയാണ് പ്രായോഗിക ബുദ്ധി എന്ന് പറയുക. അല്ലാത്തവന്മാരെ ബുദ്ധിജീവി എന്നുവിളിക്കും.
രണ്ടുതരം ഫീസ് കൊടുക്കുന്ന രണ്ടുവര്‍ഗങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉണ്ടാകുന്നത് കൊടിയ വിപത്താണെന്ന നിലപാടാണ് പാര്‍ട്ടിക്കുണ്ടായിരുന്നത്. അതില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ നമ്മള്‍ പ്രായോഗികത ഇല്ലാത്തവരാണെന്നാരും പറയരുതല്ലോ. അതുകൊണ്ടാണ് മൂന്നുതരം ഫീസ് ഏര്‍പ്പെടുത്തിയത്. മൂന്നുതരം വിദ്യാര്‍ഥികളാകാം, രണ്ടുതരമാകുന്നതാണ് പ്രശ്‌നം. ഫീസിന്റെ കാര്യവും അങ്ങനെതന്നെ. സര്‍ക്കാര്‍, സഹകരണ, സ്വാശ്രയ കോളേജുകളില്‍ കുറഞ്ഞ ഫീ നിരക്കും സ്വകാര്യ സ്വാശ്രയത്തില്‍ ഉയര്‍ന്ന നിരക്കും ഉണ്ടാകുന്നത് വിദ്യാര്‍ഥികളില്‍ അസംതൃപ്‌തി ഉണ്ടാക്കും. അതിന് ഒരു പ്രായോഗിക പരിഹാരമേ ഉള്ളൂ. സ്വകാര്യത്തിലെ ഫീസ് എന്തായാലും കുറയ്‌ക്കാന്‍ കഴിയില്ലെന്ന് മൂന്നുകൊല്ലംകൊണ്ട് ബോധ്യമായി. സര്‍ക്കാറിലെ ഫീസും ഉയര്‍ത്തുന്നതോടെ ആ പ്രശ്‌നം തീരും. ഇപ്പോഴത് ഏതാണ്ട് പകുതി തീര്‍ന്നിരിക്കുന്നു. സര്‍ക്കാര്‍ നിരക്കും സ്വകാര്യ നിരക്കും തുല്യമാക്കുകയാണ് പ്രശ്‌നത്തിന്റെ ശരിയായ പരിഹാരം. അത് ക്രമേണ ചെയ്യാം. പിന്നെ കെ.എസ്.ആര്‍.ടി.സി.യുടെ ചാര്‍ജ് കൂട്ടുമ്പോള്‍ സ്വകാര്യബസ് നിരക്കും കൂട്ടുന്ന രീതി ഇവിടെയും ഏര്‍പ്പെടുത്താനാവും.
എസ്.എഫ്.ഐ. കുട്ടികള്‍ക്കിടയില്‍ ചില തെറ്റിദ്ധാരണകളും സംശയങ്ങളും നിലനില്‍ക്കുന്നതായി തോന്നുന്നു. യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയ തെറ്റായ എല്ലാ നയങ്ങളും നിയമങ്ങളും തിരുത്തലാണ് നമ്മുടെ ചുമതലയെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്കുതെറ്റി. അങ്ങനെയൊരു ചുമതലയും നമുക്കില്ല. ആന്റണിയുടെ തെറ്റുതിരുത്തലാണോ നമ്മുടെ പണി? ആ സമയം കൊണ്ട് നമുക്ക് സ്വന്തമായി നാലുതെറ്റു ചെയ്‌തുകൂടേ? യു.ഡി.എഫുകാരുടെ തെറ്റ് അവരെക്കൊണ്ടുതന്നെ നമ്മള്‍ തിരുത്തിക്കണം. ഇനിയും വരുമല്ലോ അവര്‍ ഭരിക്കാന്‍; കാണിച്ചുകൊടുക്കാം. എത്ര കൂത്തുപറമ്പുകളും ചോരപ്പുഴകളും ഇനിയും കാണാനിരിക്കുന്നു. ലാവലിന്‍ കരാറാകട്ടെ, സ്വാശ്രയ നയമാകട്ടെ അവരുടെ തെറ്റ് നമ്മള്‍ തിരുത്തില്ല. തിരുത്തല്‍വാദം തുലയട്ടെ.
എസ്.എഫ്.ഐ. കുട്ടികളുടേത് പ്രായത്തിന്റെ പ്രശ്‌നമാണ്. ഇവരുടെ പ്രായത്തില്‍ എം.എ. ബേബിയും പിണറായിയും കോടിയേരിയും തോമസ് ഐസക്കും എ.കെ. ബാലനുമൊക്കെ തീ തുപ്പുന്ന ശിങ്കങ്ങളായിരുന്നു. നമ്മുടെ കുട്ടികള്‍ വിപ്ലവവീര്യത്തില്‍ ഒട്ടും പിറകിലായിക്കൂടാ. ഷംസീറും കൂട്ടുകാരും തീ തുപ്പട്ടെ. ഇല്ലെങ്കിലാണ് പ്രശ്‌നം. എ.ഐ.എസ്.എഫ്. പോലുള്ള സാധനങ്ങള്‍ എണ്ണത്തില്‍ കുറവാണെണത് ശരി. നഞ്ച് നാനാഴി വേണ്ടല്ലോ. എവിടെ ഇടപെട്ടാലാണ് മുതലെടുപ്പ് നടത്താനാവുക എന്ന് നോക്കിയാണ് സദാ നടക്കുന്നത്. സൂക്ഷിക്കണം. ഇഞ്ചിന് വിടരുത്. ടെലിവിഷന്‍ ചര്‍ച്ച, പത്രപ്രസ്‌താവന തുടങ്ങിയ സംഗതികളിലൊന്നും വീറുകുറയേ്‌ക്കണ്ട. വെടിവെപ്പ്, ഗ്രനേഡ് പ്രയോഗം തുടങ്ങിയ വലിയ ക്രമസമാധാന പ്രശ്‌നമൊന്നുമുണ്ടാകാതെ നോക്കണമെന്നുമാത്രം. മുമ്പ് സ്വാശ്രയ നിയമം ശരിവെക്കാന്‍ കൂട്ടാക്കാതിരുന്ന ജസ്റ്റിസ് ബാലിയെ ചെയ്‌തതുപോലെ എസ്.എഫ്.ഐ.ക്കാര്‍ക്ക് വേണമെങ്കില്‍ എം.എ. ബേബിയെയും സംസ്ഥാനവ്യാപകമായി പ്രതീകാത്മകമായി നാടുകടത്താവുന്നതാണ്. ബേബിക്ക് അതുകൊണ്ട് രു ദോഷവും വരില്ല. സ്വാശ്രയത്തിന്റെ പിറകെ നടന്ന്, ഗവര്‍ണര്‍ക്കെതിരായ സമരം, ലാവലിന്‍ കുടുംബയോഗം, ലഘുലേഖ വിതരണം തുടങ്ങിയ ജീവല്‍പ്രധാന ചുമതലകള്‍ കുട്ടികള്‍ മറന്നുപോകരുതെന്നുമാത്രം.
കുട്ടികളേ മനസ്സിലായല്ലോ?
*****
അംഗങ്ങള്‍ ഭാരവാഹികളെ കണ്ടെത്തുന്ന രീതിയാണ് മിക്ക യാഥാസ്ഥിതിക സംഘടനകളിലുമുള്ളത്. പ്രതിഭാശാലികളെ കണ്ടെത്തുന്നതിന് പുത്തന്‍രീതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. ടാലന്റ് ഹണ്ട് എന്ന് പറയും. വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പ്രയോഗിക്കാറുള്ള വിദ്യയാണ്. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. തുടങ്ങിയ വലിയ കോര്‍പ്പറേറ്റ് സമാന സംഘടനകളിലും സംഗതി പരീക്ഷിച്ചുനോക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ്സില്‍ വിജയകരമായി പരീക്ഷിച്ച ശേഷമാണ് വിദ്യ കെ.എസ്.യു.വിലേക്ക് വ്യാപിപ്പിച്ചത്. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രതിഭാവേട്ട തിരുവനന്തപുരത്ത് നടക്കും. എ.ഐ.സി.സി.യിലെ അറിയപ്പെടുന്ന പ്രതിഭയായ ജയന്തി നടരാജനായിരിക്കുമത്രേ മുഖ്യവേട്ടക്കാരി. ഇരുപത്തേഴില്‍ താഴെ പ്രായമുള്ള ആര്‍ക്കും പങ്കെടുക്കാം. വിദ്യാര്‍ഥിയാവണമെന്നില്ല എന്നര്‍ഥം. കെ.എസ്.യു.ക്കാരനാവണം എന്നു നിര്‍ബന്ധമുണ്ടോ എന്നറിയില്ല.
ഭരിക്കപ്പെടേണ്ടവര്‍ ഭരിക്കേണ്ടവരെ തിരഞ്ഞെടുക്കുന്നത് കാലഹരണപ്പെട്ട സമ്പ്രദായമാണ്. നേരെ മറിച്ചാണ് വേണ്ടത്. മേലെയുള്ളവരാണ് താഴെ തങ്ങളുടെ താളത്തിന് നിന്നു സേവിക്കേണ്ടവരെ തിരഞ്ഞെടുക്കേണ്ടത്. സേവപിടിത്തത്തിലുള്ള ടാലന്റാണ് ഏറ്റവും പ്രധാനമെന്ന് അംഗീകരിച്ചുകഴിഞ്ഞാല്‍ വേറെ പ്രശ്‌നമൊന്നുമില്ല. സംസ്ഥാന പ്രസിഡന്റിനെയും അഖിലേന്ത്യാ പ്രസിഡന്റിനെയും വേട്ട നടത്തി കണ്ടെത്തിയ യൂത്ത് കോണ്‍ഗ്രസ്സില്‍ ബാക്കി തുക്കടാ സ്ഥാനങ്ങളിലേക്ക് വോട്ടെടുപ്പ് നടത്തുമെന്ന വാര്‍ത്ത പരക്കെ ആശങ്ക പരത്തിയിട്ടുണ്ട്. ഒന്നുകില്‍ ടാലന്റ് ഹണ്ട്, അല്ലെങ്കില്‍ വോട്ട് ഹണ്ട്, രണ്ടും ഒരേ സമയംചെയ്യാന്‍ പറയരുത്. എല്ലാം പ്രതിഭാ വേട്ടയിലൂടെയാകട്ടെ. ചില സംസ്ഥാനങ്ങളില്‍ ചെയ്‌തതുപോലെ വേട്ട പുറത്താര്‍ക്കെങ്കിലും ഢട്ട്‌സോഴ്‌സ് ചെയ്യാം. അല്ലെങ്കില്‍ സംഘടനയ്‌ക്കു തന്നെസര്‍വീസ് കമ്മീഷന്‍ ഉണ്ടാക്കാം. എന്തെല്ലാം വഴികളുണ്ട്.
എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ, കൂട്ടയോട്ടം എന്നിവയും മൈതാനപ്രസംഗം, പിരിവ്, മുഖസ്‌തുതിപറയല്‍, ബസ്സിന് കല്ലെറിയല്‍, പോലീസിന്റെ തല്ല് ഇരന്നുവാങ്ങല്‍, പത്ര-ചാനല്‍ ക്യാമറയ്‌ക്ക് മുമ്പില്‍ ചാടിവീഴല്‍, ഖദര്‍ഷര്‍ട്ട് ഇസ്‌തിരിയിട്ട് ചുളിയാതെ നിര്‍ത്തല്‍ തുടങ്ങിയവയിലുള്ള മത്സരങ്ങളുമാണ് ടാലന്റ് ഹണ്ടിന്റെ സിലബസ്സിലുണ്ടാവുക എന്നുകരുതുന്നു. സംഭവത്തിന്റെ ലൈവ് ടെലികാസ്റ്റും ഉണ്ടാകുമായിരിക്കും.
******
കെ. മുരളീധരന്‍ കോണ്‍ഗ്രസ്സിലെത്തുന്നതുവരെ നിരവധി പേര്‍ അസംതൃപ്‌തരായി തുടരും. മുരളീധരനും കെ. കരുണാകരനും മാത്രമല്ല, മാധ്യമപ്രവര്‍ത്തകര്‍, എന്‍.സി.പി.ക്കാര്‍, കോണ്‍ഗ്രസ്സുകാര്‍ തുടങ്ങിയവര്‍ക്കൊന്നും മുരളി കോണ്‍ഗ്രസ്സില്‍ എത്തുംവരെ സമാധാനമുണ്ടാകില്ല. ഢരോരുത്തര്‍ക്കും ഢരോന്നാവും കാരണമെന്നുമാത്രം.
സി.പി.എം. വിഭാഗീയത മാത്രം റിപ്പോര്‍ട്ട് ചെയ്‌ത് മടുത്തിരിക്കുകയാണ് മാധ്യമങ്ങള്‍. മുരളി കൂടിയുണ്ടെങ്കിലേ കോണ്‍ഗ്രസ്സില്‍ കുറച്ചെന്തെങ്കിലും എരിവും പുളിയുമൊക്കെ ഉണ്ടാകൂ. അത് മാധ്യമക്കാരുടെയും സി.പി.എമ്മുകാരുടെയും മാത്രമല്ല കോണ്‍ഗ്രസ്സുകാരുടെയും താത്‌പര്യമാണ്. അവര്‍ക്കും വേണ്ടേ ഒരു രസം. മുരളി പോയിട്ടുവേണം എന്‍.സി.പി.ക്ക് ഇടതുമുന്നണിയില്‍ കേറിപ്പറ്റാന്‍ കഴിയുമോ എന്നുനോക്കാന്‍. മുരളി കോണ്‍ഗ്രസ്സില്‍ എത്തുകയെന്നത് ജനത്തിന്റെ മൊത്തം ആവശ്യമാണെന്ന് ചുരുക്കം.
മുരളിയെ തടയാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം നടക്കുമെന്ന് തോന്നുന്നില്ല. കരുണാമയിയാണ് സോണിയാഗാന്ധിജി. ചെന്ന് കാല്‍ക്കല്‍വീണാല്‍ വെടിയില്ല. രാജീവ് ഗാന്ധിയുടെ ജീവിതം നാശകോശമാക്കിയ ഒരേ ഒരാള്‍ വി.പി. സിങ്ങാണ്. ആ വി.പി.സിങ്ങിന്റെ പുത്രനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായിരുന്ന ജനമോര്‍ച്ചയെയും സോണിയാഗാന്ധി കോണ്‍ഗ്രസ്സില്‍ പ്രവേശിപ്പിച്ചുകഴിഞ്ഞു. പിന്നെയാണ് കെ. കരുണാകരന്റെ മകന്‍ മുരളിയെ തടയുന്നത് !