സ്‌പീക്കര്‍ക്കും വാക്കൗട്ട് നടത്താമെന്ന് സോമനാഥ് ചാറ്റര്‍ജി കഴിഞ്ഞ ദിവസം കാട്ടിക്കൊടുത്തപ്പോള്‍ ലോക്‌സഭ അമ്പരന്നുകാണും. സ്‌പീക്കറുടെ വാക്കൗട്ടില്‍ പ്രതിഷേധിച്ച് വാക്കൗട്ട് നടത്താന്‍ എന്തുകൊണ്ടോ ഇടതുപക്ഷാംഗങ്ങള്‍ക്ക് തോന്നിയില്ല. അംഗങ്ങളുടെ വാക്കൗട്ട് പോലെയല്ല സ്‌പീക്കറുടേത്. അംഗങ്ങള്‍ തെക്കേ വാതിലിലൂടെ ഇറങ്ങി കാന്റീനില്‍ പോയി ചായകുടിച്ച് വടക്കേ വാതിലിലൂടെ തിരിച്ചുവരും. സ്‌പീക്കര്‍ക്ക് അതുപറ്റില്ല. പോയാല്‍ പോയതുതന്നെയാണ്. സോമനാഥ് ചാറ്റര്‍ജിയുടെ പാര്‍ലമെന്ററി ജീവിതം ഇതോടെ തിരിച്ചുവരാത്ത വാക്കൗട്ട് ആകാനാണ് സാധ്യത.
അവസാനത്തെ അഞ്ചാറു ദിവസം സഭയിലെ ഇടതുപക്ഷാംഗങ്ങള്‍, ഏറ്റവും ഉയരമുള്ള ബൂര്‍ഷ്വാ പദവിയില്‍ കയറിയിരുന്ന സഖാവിനെ വേണ്ടവിധം ആദരിക്കുകയുണ്ടായി. അലര്‍ച്ചയും ബഹളവുമൊന്നും ഏശാഞ്ഞപ്പോള്‍ നിലവിളി, നെഞ്ചിലിടി തുടങ്ങിയവയും പ്രയോഗിച്ചുനോക്കിയിരുന്നു. ഇടതുപക്ഷാംഗങ്ങള്‍ പലവട്ടം വാക്കൗട്ട് നടത്തി ചായകുടിക്കുകയുണ്ടായി, ചായ മടുത്ത് ഒടുവില്‍ സോഡയാണ് കഴിച്ചത്. കുത്തുവാക്ക്, ഡസ്‌കിലിടി, സിന്ദാബാദ് വിളി തുടങ്ങിയയ്‌ക്ക് ശേഷമായിരുന്നു വാക്കൗട്ടുകളെല്ലാം. പാര്‍ലമെന്ററി പ്രവര്‍ത്തനം എന്നാല്‍ വാക്കൗട്ടാണ് എന്നത് മറ്റൊരു പുതിയ വ്യാമോഹമാണ്. ഇതും സോമനാഥിനെ കുറച്ചൊന്നുമല്ല രോഷംകൊള്ളിച്ചത്.
പ്രതികാരചിന്ത കാരണമാണ് സോമനാഥ് അബ്ദുള്ളക്കുട്ടിയെ സസ്‌പെന്റാക്കിയത് എന്ന് സഖാക്കള്‍ തെറ്റിദ്ധരിച്ചതായി തോന്നുന്നുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന്റെ ദേഷ്യം തീര്‍ക്കാന്‍ ഒരു പാര്‍ട്ടിക്കാരനെ തിരഞ്ഞുപിടിച്ച് പാര്‍ലമെന്റില്‍നിന്ന് പുറത്താക്കാന്‍ മാത്രം ചീപ്പല്ല സോമനാഥ് എന്ന് സോമനാഥിനെങ്കിലും ബോധ്യമുണ്ട്. പാര്‍ലമെന്റിന്റെ മഹത്വത്തെ അംഗീകരിക്കാതെ ബഹളം വെക്കുന്ന ഒരു ഇടതുപക്ഷാംഗത്തെയെങ്കിലും സസ്‌പെന്റ് ചെയ്യണമെന്നത് അദ്ദേഹത്തിന്റെ ജീവിതാഭിലാഷമായിരിക്കാം. പാര്‍ലമെന്ററി ജീവിതം അവസാനിപ്പിക്കുന്ന മൂഹൂര്‍ത്തത്തിലല്ലാതെ പിന്നീട് അവസരം കിട്ടില്ല. ബഹളം കൂട്ടുന്ന അംഗങ്ങളെ പേരെടുത്തുവിളിച്ചുവേണമല്ലോ സസ്‌പെന്റ് ചെയ്യാന്‍. കൃത്യമായി പേരറിയുന്നത് കേരളത്തിലെയും പ.ബംഗാളിലെയും പാര്‍ട്ടിക്കാരായ അംഗങ്ങളെയാണ്. ബംഗാളികളെ സസ്‌പെന്റ് ചെയ്യുന്നത് ബുദ്ധിയല്ല. കാരണം, ആറുമാസം കഴിഞ്ഞാല്‍ പോയി താമസിക്കേണ്ടത് പ.ബംഗാളിലാണ്. പിന്നെ പേരുവിളിക്കാനും സസ്‌പെന്റാക്കാനും എളുപ്പമുള്ളത് കേരളക്കാരെത്തന്നെ. അത് ചെയ്‌തെന്നേ ഉള്ളൂ. അബ്ദുള്ളക്കുട്ടിയെ അല്ലാതെ വര്‍ക്കല രാധാകൃഷ്‌ണനെ പുറത്താക്കുന്നതെങ്ങനെ ?
കഴിഞ്ഞ ഓണക്കാലത്ത് അരി കിട്ടാഞ്ഞതിന്റെ രോഷം കേരളത്തിലെ ഇടതു മെമ്പര്‍മാര്‍ക്ക് ഇപ്പോഴും തീര്‍ന്നിട്ടില്ല. അതുകൊണ്ടാണ് നാലര വര്‍ഷക്കാലത്തെ കേന്ദ്ര അവഗണനയുടെ ലിസ്‌റ്റ് മുഴുവന്‍ പുറത്തെടുത്ത് വാക്കൗട്ട് നടത്തിയത്. ഇറങ്ങിപ്പോകുന്ന കേരള ഇടതുപക്ഷക്കാരെ നോക്കി സ്‌പീക്കര്‍ അത്യന്തം അണ്‍പാര്‍ലമെന്ററിയായ ഒരു അധിക്ഷേപം നടത്തുകയുണ്ടായി. അത് കേട്ട് സഭ ഞെട്ടിയിരിക്കണം. പക്ഷേ, കേരളമാധ്യമങ്ങള്‍ ആ ചരിത്രസംഭവം വേണ്ടത്ര പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായില്ല. ഇത് കേരളനിയമസഭയല്ല, ഇതുകേരളനിയമസഭയല്ല എന്നാണ് സ്‌പീക്കര്‍ സോമനാഥ് രണ്ടുവട്ടം വിളിച്ചുപറഞ്ഞത്. പാര്‍ലമെന്റിനേക്കാള്‍ മോശമാണ് കേരളനിയമസഭയെന്നല്ലേ അതിനര്‍ഥം ? വാക്കൗട്ട് റദ്ദാക്കി തിരിച്ചുവന്ന് രണ്ടുമുട്ടന്‍ അണ്‍പാര്‍ലമെന്ററി സദ്‌വാക്കുകള്‍ സോമനാഥിനെ നോക്കി വിളിച്ചുപറയേണ്ടതായിരുന്നു. വാക്കൗട്ടിനിടയില്‍ തിരിച്ചുവരരുത് എന്നോ മറ്റോ ശാക്തര്‍ ആന്റ് കൗള്‍ കിത്താബില്‍ പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. പിന്നീട് സഭയില്‍ തിരിച്ചുവന്ന ശേഷവും ആര്‍ക്കും ഒന്നും മിണ്ടാനായില്ല, ഞെട്ടലിന്റെ ആഘാതം കാരണമാകും. കേരളനിയമസഭയേയും കേരളത്തിലെ ജനങ്ങളെയും ജനപ്രതിനിധികളെയും എല്ലാം അധിക്ഷേപിക്കുകയായിരുന്നു സോമനാഥ്. പിറ്റേന്ന് ഒരു കേരളബന്ത് തന്നെ പ്രതീക്ഷിച്ചതാണ്. സംസ്ഥാനനിയമസഭയെ അവഹേളിച്ച ലോക്‌സഭാധ്യക്ഷനെ നിയമസഭാ അലക്ഷ്യത്തിന് വിചാരണ ചെയ്യാന്‍ വകുപ്പുണ്ടോ എന്ന് പണ്ഡിതര്‍ ഗ്രന്ഥം നോക്കി കണ്ടുപിടിക്കേണ്ടതുണ്ട്.
വെളുക്കാന്‍ തേച്ച് പാണ്ടായതിന്റെ ആയിരം അനുഭവങ്ങള്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് ഉണ്ടാകാറുണ്ടെങ്കിലും സഖാവ് സോമനാഥിനെ സ്‌പീക്കറാക്കിയതുപോലുള്ള ഒരനുഭവം പാര്‍ലമെന്ററി ചരിത്രത്തിലുമില്ല, കമ്യൂണിസ്റ്റ് ചരിത്രത്തിലുമില്ല. ബൂര്‍ഷ്വാപാര്‍ലമെന്റിലൂടെ തൊഴിലാളിവര്‍ഗത്തെ മോചിപ്പിച്ചുകളയാമെന്നത് പാര്‍ലമെന്ററി വ്യാമോഹമാണെന്ന് കരുതിയിരുന്ന കാലത്തും കമ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്റിലേക്ക് പോകാറുണ്ടായിരുന്നു. പാര്‍ലമെന്റിന്റെ വ്യര്‍ഥത തുറന്നുകാട്ടാനും ബൂര്‍ഷ്വാപാര്‍ലമെന്റിനെ അതിനകത്ത് കയറി തകര്‍ക്കാനുമെല്ലാം പോയവരുണ്ട്. പ്രധാനമന്ത്രിയാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ വേണ്ട എന്ന് പറഞ്ഞ പാര്‍ട്ടിയാണ് സ്‌പീക്കറാകാന്‍ പറഞ്ഞപ്പോള്‍ ചാടിക്കയറി അതേറ്റത്. പാര്‍ലമെന്റിനെ നന്നാക്കിക്കളയാമെന്നത് പുതിയ ഒരിനം വ്യാമോഹമാകാം. ആ വ്യാമോഹത്തില്‍ നിന്നുള്ള വാക്കൗട്ടായിരുന്നു നമ്മള്‍ ഒടുവില്‍ കണ്ട രംഗം.
ജി.വി.മാവ്‌ലങ്കറും എം.എ.അയ്യങ്കാറും ഹുക്കും സിങ്ങും സഞ്‌ജീവ റെഡ്ഡിയും ധില്ലനും ഹെഗ്‌ഡെയും മുതല്‍ സംഗ്‌മയും മനോഹര്‍ ജോഷിയും വരെ ആരെല്ലാം ശ്രമിച്ചതാണ് ലോക്‌സഭയെ നന്നാക്കിയെടുക്കാന്‍. നടന്നിട്ടില്ല. രാജ്യസഭയുടെ കാര്യം പറയാനുമില്ല. സര്‍വേപ്പള്ളി രാധാകൃഷ്‌ണന്‍മുതല്‍ സാക്കീര്‍ ഹുസൈനും ഗിരിയും പാഠക്കും ഹിദായത്തുള്ളയും ശങ്കര്‍ദയാല്‍ശര്‍മയുമടങ്ങുന്ന മഹാന്മാര്‍ ആ സ്ഥാപനം നന്നാക്കാന്‍ തൊണ്ട പൊട്ടിച്ചിട്ടുണ്ട്. . നന്നാക്കാന്‍ ചെലവാക്കുന്ന ഊര്‍ജത്തിന്റെ ഇരട്ടി ഊര്‍ജമുപയോഗിച്ച് ചീത്തയാകുന്ന ഒരുസ്ഥാപനം പാര്‍ലമെന്റാണ്. ഓഹരി വിലയുടെ തകര്‍ച്ച റെക്കോഡ് ആണെന്ന് പറയുന്നതുപോലെയാണ് ഇതും. ഇനിയും താഴെ എത്രയോ റെക്കോഡുകള്‍ കിടയ്‌ക്കുന്നു.
****
സോമനാഥ് ചാറ്റര്‍ജിയുടെ അവസാന റൂളിങ് ഭരണാധികാരികളുടെ മനംകുളിര്‍പ്പിക്കുന്നതാണ്. മന്ത്രിമാര്‍ പാര്‍ലമെന്റില്‍ നല്‌കുന്ന വാഗ്‌ദാനങ്ങള്‍ ലംഘിക്കുന്നത് സഭയുടെ അവകാശലംഘനമോ സഭാഅലക്ഷ്യമോ അല്ല എന്ന വിധി പ്രതിപക്ഷത്തെ – പ്രത്യേകിച്ച് ഇടതുപക്ഷത്തെ- ചൊടിപ്പിച്ചിരിക്കാം എന്നാല്‍ സംഗതി ജനാധിപത്യത്തെ ചെറുതായൊന്നുമല്ല പരിപോഷിപ്പിക്കുക.
വാഗ്‌ദാനങ്ങളുടെ പുറത്താണ് ജനാധിപത്യം നിലനില്‌ക്കുന്നത്. വോട്ടില്ലെങ്കില്‍ ജനാധിപത്യമില്ല, വാഗ്‌ദാനമില്ലെങ്കില്‍ വോട്ടുമില്ല. വാഗ്‌ദാനം പാലിച്ചിട്ടുണ്ടോ എന്ന് നോക്കിയാണ് അടുത്ത തിരഞ്ഞെടുപ്പില്‍ ജനം വോട്ട് ചെയ്യുന്നതെങ്കില്‍ വോട്ട് ചെയ്യുകയെന്ന ദുശ്ശീലംതന്നെ ജനം എന്നോ ഉപേക്ഷിക്കുമായിരുന്നു. ലോക്‌സഭയിലെ വിശ്വാസവോട്ട് ചര്‍ച്ചക്കിടയിലാണ്, ആണവക്കരാര്‍ ഒപ്പുവെക്കുംമുമ്പ് സഭയില്‍ ചര്‍ച്ച നടത്തുമെന്ന വാഗ്‌ദാനമുണ്ടായത്. വോട്ടെടുപ്പ് ജയിച്ചശേഷവും അതോര്‍ത്ത് സമ്മേളനം നടത്തുന്നത് ശുദ്ധമണ്ടത്തമല്ലേ ? ആണെങ്കിലും അല്ലെങ്കിലും അതിന്റെ പേരില്‍ അവകാശലംഘനപ്രമേയമൊന്നും അനുവദിക്കില്ലെന്നാണ് സ്‌പീക്കര്‍ സോമനാഥിന്റെ വിധി.
സാധാരണ ഇത്തരം കാര്യങ്ങളുടെ നിയമവും വകുപ്പുമൊന്നും സാധാരണ വോട്ടര്‍മാര്‍ക്ക് മനസ്സിലാകാറില്ല. പക്ഷേ ഇത്തവണത്തെ വിധി പച്ചവെള്ളം പോലെ മനസ്സിലായി. രാജ്യസഭാംഗമാണ് പ്രധാനമന്ത്രി. രാജ്യസഭാംഗത്തിനെതിരെ ലോക്‌സഭയില്‍ അവകാശലംഘനം അനുവദിക്കാന്‍ പാടില്ലെന്ന് ശാക്തറും കൗളും പ്രമാണഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. അതാണ് പ്രമേയം തള്ളാനുള്ള കാരണം. ആര്‍ക്കെങ്കിലും ഇതില്‍ തെറ്റുകാണാന്‍ പറ്റുമോ ? ഇല്ല.
രാജ്യസഭാംഗങ്ങള്‍ പ്രധാനമന്ത്രിയാകരുതെന്നോ പ്രധാനമന്ത്രി താനംഗമല്ലാത്ത ലോക്‌സഭയില്‍ വാഗ്‌ദാനമൊന്നും നല്‌കിക്കൂടെന്നോ ഗ്രന്ഥത്തിലില്ല. ര്രപധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യരക്ഷാമന്ത്രിയുമൊന്നും ലോക്‌സഭാംഗമല്ലാത്ത അവസ്ഥ മുന്‍കൂട്ടിക്കാണാനുള്ള ദീര്‍ഘവീക്ഷണം ഭരണഘടനയുണ്ടാക്കിയവര്‍ക്ക് ഉണ്ടായുമില്ല. ഇത് പുതിയ പല സാധ്യതകള്‍ക്കും വഴി തുറക്കുന്നത് നേതൃത്വങ്ങള്‍ ശ്രദ്ധിച്ചിരിക്കാനിടയുണ്ട്. എല്ലാ കാബിനറ്റ് മന്ത്രിമാരും രാജ്യസഭയില്‍ നിന്നായാല്‍ പ്രതിപക്ഷത്തിന്റെ ഒരു വിദ്യയും നടക്കില്ല. മന്ത്രിമാര്‍ക്ക് ലോക്‌സഭയില്‍ എന്തുവാഗ്‌ദാനവും നല്‌കാം, ലംഘിക്കുകയും ചെയ്യാം. ആരും അതിന്റെ പേരില്‍ സര്‍ക്കാറിനെ ക്രൂശിക്കാന്‍ വരില്ല.
പാര്‍ലമെന്റംഗങ്ങള്‍ വോട്ടര്‍മാര്‍ക്ക് നല്‌കിയ വാഗ്‌ദാനം ലംഘിച്ചാല്‍ ഒരു ശിക്ഷയുമില്ല. പാര്‍ലമെന്റംഗത്തിന് മന്ത്രിമാര്‍ നല്‌കിയ വാഗ്‌ദാനം ലംഘിച്ചാല്‍ ശിക്ഷിക്കപ്പെടും എന്നുവരുന്നത് ന്യായമാണോ സുഹൃത്തേ ? വോട്ടറും എം.പി.യും തമ്മില്‍ പക്ഷഭേദം പാടില്ല. ജനത്തിന് നല്‌കിയ എത്രയെത്ര വാഗ്‌ദാനങ്ങള്‍ ലംഘിച്ചാണ് ഓരോരുത്തര്‍ അഞ്ചുകൊല്ലത്തെ ഭരണം പൂര്‍ത്തിയാക്കുന്നത്. അവര്‍ക്കൊന്നും ഒരു ശിക്ഷയുമില്ല. എന്തൊരനീതി.
****
ബജ്‌റംഗ് ദളിനെയും എന്‍.ഡി.എഫിനെയും നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ബജ്‌റംഗ് ദളിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന പലര്‍ക്കും എന്‍.ഡി.എഫിനെ നിരോധിക്കണമെന്ന അഭിപ്രായമില്ല. എന്‍.ഡി.എഫിനെ നിരോധിക്കണമെന്ന് അതിശക്തിയായി വാദിക്കുന്ന പലരും ബജ്‌റംഗ് ദളിനെക്കുറിച്ച് കേട്ടതായിപ്പോലും നടിക്കുകയില്ല. മതേതരവാദികള്‍ രണ്ടുകൂട്ടരെയും നിരോധിക്കണമെന്ന് ആവശ്യപ്പെടും. എന്നുമാത്രമല്ല, രണ്ടുകൂട്ടരെയും ഒന്നിച്ചേ അവര്‍ നിരോധിക്കൂ. അതവരുടെ ഒരു ദൗര്‍ബല്യമാണ്. രണ്ടുപക്ഷത്തെയും ബാലന്‍സ് ചെയ്യണം. ഒരു ഹിന്ദു തീവ്രവാദി സംഘടനയെ നിരോധിക്കുമ്പോള്‍ ഒരു മുസ്ലിംസംഘടനയെക്കൂടി നിരോധിക്കണം. ആ സംഘടന തീവ്രവാദിസംഘടനയാണോ എന്ന് പിന്നീട് നോക്കാനേ പറ്റൂ. അടിയന്തരാവസ്ഥയില്‍പ്പോലും ഈ തത്ത്വം വിട്ടുകളഞ്ഞില്ല. ബാബ്‌റി മസ്‌ജിദ് തകര്‍ത്ത ഘട്ടത്തില്‍ പീഡിത പക്ഷത്തായിരുന്നു മുസ്ലിംസംഘടനകള്‍. പക്ഷേ ബാലന്‍സ് തെറ്റാതിരിക്കാന്‍ അക്കൂട്ടത്തിലെ ഒന്നിനെയും നിരോധിച്ചു. ബാലന്‍സ് തെറ്റിയാല്‍ മതേതരത്വത്തിന്റെയും ബാലന്‍സ് തെറ്റും.
എല്‍.ടി.ടി.ഇ.യെയും മാവോയിസ്റ്റുകളെയും പോലെ, ആഗോള ടെററിസ്റ്റ് സര്‍ട്ടിഫിക്കറ്റ് നേടിയ ചില സംഘടനകളുടെ നിരോധനത്തെ മാത്രമേ കോടതികള്‍ ഇതുവരെ അംഗീകരിച്ചിട്ടുള്ളു. സിമിയുടെ കാര്യത്തില്‍പ്പോലും പുലിവാല് പിടിച്ചതുപോലെയാണ് സര്‍ക്കാറിന്റെ നില്‌പ്പ്. നാട്ടില്‍ നടക്കുന്ന സകല വിധ്വംസകപ്രവര്‍ത്തനവും ആ സംഘടനയുടെ പേരില്‍ കെട്ടിവെച്ചിട്ടും നിരോധനം കോടതി റദ്ദാക്കുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. സിമിയുടെ അനുഭവം വെച്ചാണെങ്കില്‍ ഭീകരപ്രവര്‍ത്തനത്തെ എതിര്‍ക്കുന്നവര്‍ ആവശ്യപ്പെടേണ്ടത് ഒരു സംഘടനയെയും നിരോധിക്കരുതേ എന്നാണ്. കാരണം നിരോധിച്ച ശേഷമാണ് സിമി സിമിയായത്. നിരോധനത്തിന് മുമ്പ് എത്ര കേസ്സുകള്‍, ശേഷം എത്ര കേസ്സുകള്‍ എന്നുനോക്കിയാലറിയാം നിരോധനം കൊണ്ടുള്ള ഫലം. നിരോധനംകൊണ്ട് ശല്യം കൂടിയെന്ന് പറഞ്ഞാവും കോടതി ചിലപ്പോള്‍ നിരോധനം പിന്‍വലിക്കുന്നത്. റോഡിലിറങ്ങിയാല്‍ ജയിലിലാകുന്നവര്‍ നടത്തുന്ന സംഘടനകളാണ് കാശ്‌മീരിലും മറ്റും വിഘടനവാദി ആക്രമണങ്ങളും സ്‌ഫോടനങ്ങളും ധാരാളം നടത്തുന്നത്. സംഘടന നിരോധിച്ചെന്ന് വെച്ച് അതിന്റെ പ്രവര്‍ത്തകരെല്ലാം പോയി തൂങ്ങിച്ചാകുകയൊന്നുമില്ല. നിരോധിച്ച സംഘടന വേഷം മാറി വരരുതെന്ന് നിരോധന ഉത്തരവില്‍ പറയാറില്ല. നിരോധിച്ച ഐ.എസ്.എസ് ആണ് പി.ഡി.പിയായി വന്നതെന്ന കാര്യം ആളുകള്‍ മറന്ന മട്ടുണ്ട്. നിരോധിക്കപ്പെട്ട മാവോയിസ്റ്റ്‌പാര്‍ട്ടിയാണിപ്പോള്‍ നേപ്പാള്‍ ഭരിക്കുന്നത്, നിരോധിച്ച രാജാവ് വഴിയോരത്ത് കിടക്കുന്നുമുണ്ട്. വെറുതെ നിരോധനം എന്തിന് ?