തമിഴ്‌ പുലികളി

ഇന്ദ്രൻ

നമുക്ക്‌ നമ്മുടെ നാട്ടിലെ പ്രശ്‌നത്തില്‍ ഇടപെട്ട്‌ അതുഗുരുതരമാക്കാനേ സ്വാതന്ത്ര്യമുള്ളൂ. മറ്റൊരു രാജ്യത്തിന്റെ കാര്യത്തില്‍ തലയിടാന്‍ പറ്റില്ല. അതൊരു അന്താരാഷ്ട്ര കീഴ്‌വഴക്കമാണ്‌. പക്ഷേ തമിഴ്‌നാടിന്‌ ഈ വ്യവസ്ഥ ബാധകമല്ല. മറ്റാര്‍ക്കുമില്ലാത്ത ഒരധികാരം അവര്‍ക്കുണ്ട്‌. ശ്രീലങ്കയിലെ ആഭ്യന്തരപ്രശ്‌നത്തില്‍ തലയിടാം, കൈയുമിടാം. ജമ്മു കാശ്‌മീരിനെക്കുറിച്ചോ അവിടത്തെ പ്രശ്‌നത്തെക്കുറിച്ചോ ആരെങ്കിലും വല്ലതും പറഞ്ഞാല്‍ നമ്മള്‍ വാളെടുക്കും. ശ്രീലങ്കയിലെ ആഭ്യന്തരപ്രശ്‌നത്തില്‍ ഇന്ത്യാഗവണ്മെന്റ്‌ ഇടപെട്ടില്ലെങ്കിലാണ്‌ തമിഴ്‌മക്കള്‍ വാളെടുക്കുക.

വാളെടുത്തുള്ള പുലികളി വീണ്ടും തുടങ്ങിട്ടുണ്ട്‌. മുത്തുവേല്‍ കരുണനാണ്‌ ആദ്യം വാളെടുത്തത്‌. ആദ്യം ആരിറങ്ങുന്നു എന്നത്‌ ഈ കളിയില്‍ നിര്‍ണായകമാണ്‌‌. പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ വരാന്‍പോകുന്നു. തമിഴ്‌നാട്ടിലും കേന്ദ്രത്തിലും പാര്‍ട്ടി അധികാരത്തിലിരിക്കുന്നതിന്റെ സൗകര്യങ്ങള്‍ ധാരാളമുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ വോട്ട്‌ കിട്ടാന്‍ ഇതത്ര പ്രയോജനപ്പെടില്ല. വിലക്കയറ്റവും പവര്‍ക്കട്ടും കാരണം റോഡിലിറങ്ങാന്‍ പ്രയാസമുണ്ട്‌. ഭരിക്കുന്നവര്‍ക്കെതിരെ ജനത്തിന്‌ വികാരമിളകുന്നതുകൊണ്ടുമാത്രമാണല്ലോ പ്രതിപക്ഷത്തിരിക്കുന്നവര്‍ പിന്നീട്‌ ഭരണത്തിലേറുന്നത്‌. കരുണനും അങ്ങനെയേറിയതാണ്‌‌. ഇത്തവണ വികാരം കരുണനെതിരെ തിരിയാനാണ്‌ സാധ്യത. കരുണന്റെ കൈയില്‍ പേശുംപടത്തിന്റെ തിരക്കഥയേ ഉള്ളൂ. കഥയ്‌ക്ക്‌ വലിയ ഡിമാന്‍ഡില്ല. തീപ്പൊരി പ്രസംഗമേയുള്ളൂ, സ്റ്റണ്ട്‌ വശമില്ല. ലോക്‌സഭയില്‍ തി.മു.ക സീറ്റ്‌ അടുത്ത തിരഞ്ഞെടുപ്പോടെ നാലിലൊന്നായേക്കും. പുരച്ചിതലൈവി തക്കം നോക്കിനില്‍ക്കുന്നു. പാര്‍ലമെന്റില്‍ സീറ്റ്‌ കുറഞ്ഞാല്‍ ബാലു വേലു ശിങ്കിടികളെ കേന്ദ്രമന്ത്രിമാരാക്കാന്‍ പറ്റില്ല, കേന്ദ്രപദ്ധതികള്‍ കൊണ്ടുവന്നിറക്കാനും പറ്റില്ല. അതുകൊണ്ട്‌, പുലിയാണെങ്കില്‍ പുലി, കളിക്കാതെ രക്ഷയില്ല.

പുലികളെ പിന്താങ്ങിയെന്നുപറഞ്ഞ്‌ ജയലളിത ജയിലിലിട്ട വൈക്കോവിനെ ഭയപ്പെടണം. പാട്ടാളിമക്കള്‍ വേറെയുണ്ട്‌. തമിഴ്‌ പുലികളുമായി കൂടുതലടുപ്പം അവര്‍ക്കാണ്‌. ആരാണ്‌ ജനത്തെ കൈയിലെടുക്കുകയെന്നുപറഞ്ഞുകൂടാ. മുമ്പ്‌ ഒപ്പം നിന്നിരുന്ന ഇടതുപക്ഷക്കാര്‍പ്പോലും കൂടെയില്ല. പിണങ്ങിപ്പോയ അവരും തലൈവിക്കൊപ്പം പോകാന്‍ വഴിനോക്കുകയാണ്‌. ആകപ്പാടെ ഏകാന്തതയാണ്‌. മകനെയും മകളെയും രാഷ്‌ട്രീയത്തിലിറക്കിയതിന്റെ പേരില്‍ വഴിയാധാരമായിപ്പോയ അയല്‍സംസ്ഥാനത്തെ കരുണനേക്കാള്‍ സ്ഥിതി ഭേദമാണെന്നേ ഉള്ളു. സ്റ്റാലിനും കനിമൊഴിയും അരികെത്തന്നെ തുണയായുണ്ട്‌. രാജിക്കത്തെഴുതിത്തരാന്‍പറഞ്ഞാല്‍ ഉടനെ എഴുതിത്തരും. പക്ഷേ, അതുകൊണ്ടൊന്നും വോട്ടുകിട്ടണമെന്നില്ല. അതിന്‌ പണി വേറെ നോക്കണം.

ലങ്കാപ്പരിപ്പ്‌ പണ്ടത്തെപ്പോലെ വേവുന്നില്ലെന്ന പ്രശ്‌നവുമുണ്ട്‌. മുമ്പെല്ലാം ജാഫ്‌ന ഇളകിയപ്പോള്‍ തമിഴ്‌നാടും ഇളകിയിട്ടുണ്ട്‌. സ്വയമിളകിയില്ലെങ്കില്‍ കുത്തിയിളക്കാന്‍ ഇവിടെ സംവിധാനമുണ്ടായിരുന്നു. ശ്രീലങ്കയിലേക്ക്‌ പോകാന്‍ ജാഥയായി കടലില്‍ ചാടിയ പാര്‍ട്ടിക്കാരുമുണ്ടല്ലോ അവിടെ. ഇത്തവണ ഏറെ ശ്രമിച്ചിട്ടും സംഗതി നടക്കുന്നില്ല. തമിഴര്‍ക്ക്‌ പ്രഭാകരന്റെ കളിയും മനസ്സിലാകുന്നുണ്ട്‌, കരുണന്റെ കളിയും മനസ്സിലാകുന്നുണ്ട്‌. ശ്രീലങ്കയിലെ തമിഴനെ രക്ഷിക്കാന്‍ ഇറങ്ങിയ പ്രഭാകരനാണ്‌ ഏറ്റവും അധികം തമിഴരെ കൊന്നതെന്ന്‌ ഇപ്പോഴവര്‍ക്കറിയാം. കരുണന്‌ പ്രതിഷേധമുണ്ടെങ്കില്‍ മോളുടെ രാജി വാങ്ങിപോക്കറ്റിലിടുകയല്ല സ്‌പീക്കര്‍ക്കയക്കുകയല്ലേ വേണ്ടതെന്ന്‌ അവര്‍ ചോദിക്കുന്നുണ്ട്‌. എം.പി.മാരെ ഇറക്കുംമുമ്പ്‌ എന്തേ ബാലു വേലുമാരെ രാജിവെപ്പിക്കാത്തതെന്നും അവര്‍ ചോദിക്കുന്നുണ്ട്‌.

ശ്രീലങ്കന്‍ തമിഴരെ രക്ഷിക്കാന്‍ സൈന്യത്തെ അയയ്‌ക്കണമെന്ന്‌ പറയാനും മടിക്കുന്നില്ല കരുണനും കൂട്ടാളികളും. പണ്ടുചിലര്‍ ഇങ്ങനെ മുറവിളി കൂട്ടിയാണ്‌ രാജീവ്‌ ഗാന്ധി അങ്ങോട്ട്‌ പട്ടാളത്തെ അയച്ചത്‌. അതിന്റെ ഗുണം കരുണനും ദൂരന്തം രാഷ്‌ട്രത്തിനുമാണ്‌ കിട്ടിയത്‌. രാജീവിനെക്കൊന്ന പുലിപ്രഭാകരന്‌ പിന്തുണയുമായി ഇറങ്ങിയിരിക്കുകയാണ്‌ കരുണന്‍. സോണിയയ്‌ക്ക്‌ പക്ഷേ കരുണനെ വെടിയാന്‍ പറ്റില്ല, കരുണന്‌ സോണിയയെയും. ഡല്‍ഹിയില്‍ സോണിയയുടെ പാര്‍ട്ടി ഭരിക്കുന്നത്‌ കരുണന്റെ ബലത്തില്‍, ചെന്നൈയില്‍ കരുണന്റെ പാര്‍ട്ടി ഭരിക്കുന്നത്‌ സോണിയയുടെ ബലത്തിലും. സോണിയ എന്തുചെയ്യാനാണ്‌, അധികാരത്തിന്‌ രക്തത്തേക്കാള്‍ കട്ടിയില്ലേ !

യു.പി.എ സര്‍ക്കാറിന്റെ ഭീകരവിരുദ്ധ അജന്‍ഡ ആഗോളഭീകരത മൈനസ്‌ തമിഴ്‌ ഭീകരതയാണ്‌. തമിഴ്‌നാട്ടിലെ മറ്റു ദേശീയകക്ഷികള്‍ക്കും പുലികളെപ്പറ്റി ഒന്നും പറയാനില്ല. മുമ്പ്‌‌ വലിയ പുലി വിരുദ്ധയായിരുന്ന തലൈവിക്കുപോലും ഇപ്പോള്‍ മിണ്ടാട്ടമില്ല. അധികാരത്തിലായിരുന്നെങ്കില്‍ എതിരാളികളെ പോട്ടയില്‍ പിടിക്കാനെങ്കിലും പുലിവിരോധം പറയാമായിരുന്നു. ഇപ്പോഴെന്തുകാര്യം !
****
എത്രകാലം ആരൊക്കെ ഭരിച്ചിരിക്കുന്നു. മുപ്പതുകൊല്ലത്തോളം ഭരിച്ചില്ലേ പ.ബംഗാളില്‍ ലോകൈക വിപ്‌ളവകാരി ജ്യോതിബസു ? ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ കമ്യുണിസ്റ്റ്‌ എന്നോ മറ്റോ അദ്ദേഹത്തിന്റെ പേര്‌ ഗിന്നസ്‌ ബുക്കില്‍ രേഖപ്പെടുത്തുമായിരിക്കും. കാര്യമില്ല. സഖാവ്‌ വി.എസ്സിന്റെ പേരില്‍ രേഖപ്പെടുത്താന്‍ പോകുന്ന റെക്കോഡ്‌ ആര്‍ക്കും ഭേദിക്കാനാവില്ല. കേന്ദ്രസര്‍ക്കാറിനെതിരെ ഡല്‍ഹിയില്‍പോയി സത്യാഗ്രഹമിരുന്ന ആദ്യത്തെ മുഖ്യമന്ത്രിയെന്ന ഖ്യാതി, തിരഞ്ഞെടുപ്പിലൂടെ ആദ്യം അധികാരത്തില്‍ വന്ന കമ്യുണിസ്റ്റ്‌ മുഖ്യമന്ത്രിയെന്ന ഇ.എം.എസ്സിന്റെ ഖ്യാതിയെ വെല്ലുന്നതുതന്നെ.

കേന്ദ്ര അവഗണനയ്‌ക്കെതിരെ ആരെല്ലാം ഇവിടെ സമരം ചെയ്‌തിരിക്കുന്നു എന്ന്‌ ഓര്‍ത്തുപറയാന്‍ തന്നെ പ്രയാസം. അറുപതുകളില്‍ അരി തരു തൂണി തരൂ പണി തരൂ എന്നെല്ലാം മുദ്രാവാക്യമുയര്‍ത്തി കേന്ദ്രവിരുദ്ധസമരം നടത്തിയിട്ടുണ്ട്‌ കേരളത്തിലെ പാര്‍ട്ടികള്‍. ചില സമരങ്ങളില്‍ കേന്ദ്രഭരണകക്ഷിയായ കോണ്‍ഗ്രസ്സിന്റെ കേരളഘടകവും പങ്കാളിയായിട്ടുണ്ട്‌. ഉഗ്രന്‍കമ്യൂണിസ്റ്റുകാരായ ഇ.എം.എസ്സില്‍ തുടങ്ങി അച്യുതമേനോനും പി.കെ.വാസുദേവന്‍നായരും ഇ.കെ.നായനാരും ഒന്നും ഇത്രയും ബുദ്ധിപൂര്‍വമായ ഒരു സമരം നടത്തിയിട്ടില്ല. അറുപതുകൊല്ലത്തിനിടയില്‍ അതാദ്യമായി ചെയ്യാന്‍ അച്യുതാനന്ദന്‍ തന്നെ വേണ്ടിവന്നു. അങ്ങനെ നോക്കുമ്പോള്‍ ആണവക്കരാര്‍ കൊണ്ട്‌ ഒരു പ്രയോജനവും ഉണ്ടായില്ലെന്ന്‌ പറഞ്ഞുകൂടാ. അതുണ്ടാവുകയും ഇടതുപക്ഷം യു.പി.എ പിന്തുണസംഘത്തില്‍നിന്നൊഴിയുകയും ചെയ്‌തതുകൊണ്ടല്ലേ അച്യുതാനന്ദനും സഹമന്ത്രിമാര്‍ക്കും ഇങ്ങനെയൊരു ചരിത്രസംഭവത്തില്‍ പങ്കാളികളാകാന്‍ കഴിഞ്ഞത്‌ ?

ഭരണവും സമരവും ഒന്നിച്ചുനടത്താമെന്നുപറഞ്ഞിരുന്നുവെങ്കിലും ഈ വിപ്‌ളവം ഇ.എം. എസ്സിന്റെയും മനസ്സില്‍വന്നില്ല. സര്‍ക്കാറും ജനങ്ങളും ചേര്‍ന്ന്‌ കേന്ദ്രത്തിനെതിരെ സമരം നടത്തുമെന്നുമദ്ദേഹം പറഞ്ഞിട്ടുണ്ട്‌. സമരം നടത്താന്‍ വേണ്ടി ഭരണം വിടില്ല, ഭരണംനടത്താന്‍ വേണ്ടി സമരവും വിടില്ല എന്നുപറഞ്ഞപ്പോഴും പാര്‍ലമെന്റിന്‌ മുന്നില്‍ സമരം ഉദ്‌ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയായി സ്റ്റേറ്റ്‌കാറില്‍ അദ്ദേഹം പോയില്ല. വിപ്‌ളവബോധം വേണ്ടത്ര ഇല്ലാത്തതുകൊണ്ടാകാനേ വഴിയുള്ളൂ. അല്ലാതെ ബൂര്‍ഷ്വാപാര്‍ലമെന്ററിസത്തിന്റെ ദുഷിച്ച മാന്യതകളിലും മര്യാദകളിലും ഭ്രമിച്ചുപോയതുകൊണ്ടാവാന്‍ ഒരു സാധ്യതയുമില്ല.

67ലെ സപ്‌തകക്ഷി മന്ത്രിസഭയുടെ കാലത്ത്‌ കേരളത്തില്‍നിന്നുള്ള എം.പി.മാര്‍ പ്രധാനമന്ത്രിയുടെ വസതി പിക്കറ്റ്‌ ചെയ്‌തിരുന്നു. സംസ്ഥാനാടിസ്ഥാനത്തില്‍ പ്രതിഷേധദിനം ആചരിച്ചിട്ടും ബന്ദ്‌ നടത്തിയിട്ടുമൊന്നും ഫലം കണ്ടില്ലെങ്കിലും പാര്‍ലമെന്റിന്‌ മുന്നില്‍പോയിരിക്കാന്‍ മുഖ്യമന്ത്രി നമ്പൂതിരിപ്പാട്‌ തുനിഞ്ഞില്ല. കൊലകൊമ്പന്മാരായ എത്രയെത്ര പ്രതിപക്ഷനേതാക്കള്‍ ഓരോരോ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരായി. ഔചിത്യബോധത്തിന്റെയോ സാമാന്യബുദ്ധിയുടെയോ കുറവുകൊണ്ടാകാം അവരാരും ഇങ്ങനെയൊന്നിന്‌ മുതിര്‍ന്നില്ല.

മന്ത്രിമാരുടെ സത്യാഗ്രഹത്തെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ള സി.പി.ഐ മന്ത്രി ദിവാകരന്റെ പ്രസംഗം കേട്ട്‌ സി.പി.ഐ പ്രവര്‍ത്തകരെങ്കിലും രോമാഞ്ചം കൊണ്ടിരിക്കണം. പാര്‍ട്ടി കാലത്തിനൊത്തു വളര്‍ന്നല്ലോ. അറുപത്തേഴില്‍ സപ്‌തകക്ഷി മുന്നണിയുടെ ഭാഗമായിരുന്നിട്ടുകൂടി കേന്ദ്രവിരുദ്ധസമരം ഒരു പരിധിവിടാന്‍ സി.പി.ഐ സമ്മതിക്കാറില്ലായിരുന്നു.സംസ്ഥാനക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള കക്ഷി കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ മുന്നില്‍ സമരം ചെയ്യുന്നത്‌ കേന്ദ്രവുമായി ഏറ്റുമുട്ടുന്നതിന്‌ തുല്യമാണെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും സി.പി.ഐ മുഖപത്രം അക്കാലത്ത്‌ മുന്നറിയിപ്പ്‌ നല്‌കിയതാണ്‌. അതെല്ലാം അന്തകാലം. ഇപ്പോള്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിനല്ല യുദ്ധത്തിന്‌ തന്നെ പാര്‍ട്ടിതയ്യാര്‍.

ഈ പുതിയ അധ്യായം ആദ്യത്തെ വാചകം കൊണ്ട്‌ അവസാനിപ്പിച്ചുകൂടാ. രണ്ടുകാര്യങ്ങള്‍ ഇതിന്റെ സ്വാഭാവിക വികാസമായി മുന്നോട്ടുകൊണ്ടുപോകാവുന്നതാണ്‌. കേരളത്തിന്റെ മാതൃകയില്‍ മറ്റുമുഖ്യമന്ത്രിമാര്‍ക്ക്‌ ഇതേ സമരമുറ സ്വീകരിക്കാം. മുഖ്യമന്ത്രിമാര്‍ക്ക്‌ ആരോഗ്യനില അനുവദിക്കുമെങ്കില്‍ അനിശ്ചിതകാലസത്യാഗ്രഹം അനിശ്ചിതകാലഉപവാസം തുടങ്ങിയ സമരമാര്‍ഗങ്ങള്‍ അവലംബിക്കാം. സംസ്ഥാനങ്ങള്‍ക്കുള്ളില്‍ ജില്ലയുടെ ആവശ്യം അനുവദിച്ചുകിട്ടാന്‍ ജില്ലാപഞ്ചായത്ത്‌ ചെയര്‍മാന്‍, നഗരാവശ്യങ്ങള്‍ നേടാന്‍ മേയര്‍ തുടങ്ങിയവര്‍ക്ക്‌ സംസ്ഥാനനിയമസഭകള്‍ക്കുമുന്നിലും സമരം നടത്താം. രണ്ടാമത്‌, സര്‍ക്കാര്‍ ചെലവിലാണ്‌ മുഖ്യമന്ത്രിയും മന്ത്രിമാരും സമരത്തിന്‌ പോയത്‌. ജനങ്ങളുടെ ആവശ്യങ്ങള്‍ നേടാന്‍ ജനങ്ങളുടെ നികുതിപ്പണമല്ലാതെ മറ്റെന്താണ്‌ ഉപയോഗിക്കേണ്ടത്‌ ? ഇത്‌ ഒരു പടി കൂടി മുന്നോട്ട്‌ കൊണ്ടുപോകണം. രാഷ്‌ട്രീയപ്രവര്‍ത്തനം ആകമാനം ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്‌. അതിന്റെ ചെലവുവഹിക്കേണ്ടത്‌ ജനങ്ങള്‍ തന്നെയാണ്‌. മുഖ്യമന്ത്രി മുതല്‍ ബൂത്ത്‌ കമ്മിറ്റി/ ലോക്കല്‍-ഏറിയ കമ്മിറ്റികളുടെ നടത്തിപ്പുചെലവും ഭാരവാഹികളുടെ ജീവിത-പ്രവര്‍ത്തനച്ചെലവ്‌, പ്രകടന,സത്യാഗ്രഹ, ചുമരെഴുത്തുചെലവുകള്‍ ഇവയെല്ലാം സര്‍ക്കാര്‍ വഹിക്കേണ്ടതാണ്‌. ഭരണകക്ഷി മന്ത്രിമാര്‍ ടി.എ വാങ്ങി സമരം ചെയ്യുന്നതിലേ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടിക്കും വിരോധമുണ്ടാകാന്‍ വഴിയുള്ളു. ഈ ക്രിയാത്മകനിര്‍ദ്ദേശത്തെ പ്രതിപക്ഷവും അനുകൂലിക്കാനാണ്‌ സാധ്യത.
****

Leave a Reply

Go Top