അമേരിക്കയെ കടിച്ചുകീറുന്ന ധനകാര്യസുനാമി ഇന്ത്യാതീരത്തെത്തുകയില്ല എന്ന് ധനമന്ത്രി ചിദംബരം ആവര്‍ത്തിച്ചുപറഞ്ഞപ്പോഴാണ് ആളുകള്‍ക്ക് ഉണ്ടായിരുന്ന ധൈര്യവും ഇല്ലാതായത്. ചിദംബരം ആളുകളെ അഡ്വാന്‍സായി ആശ്വസിപ്പിക്കുന്നത് പിന്നീട് അതിന് അവസരം കിട്ടിയില്ലെങ്കിലോ എന്നോര്‍ത്താവണം. അല്ലെങ്കിലും വിവരമുള്ളവര്‍ പണ്ടേ പറഞ്ഞ കാര്യമുണ്ട്-അധികൃതര്‍ ശക്തിയായി നിഷേധിക്കുന്നതുവരെ നാം ഒരു കാര്യം വിശ്വസിക്കാന്‍ പാടില്ല.
ചിദംബരം സാമ്പത്തികശാസ്‌ത്രജ്ഞനൊന്നുമല്ല. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അതാണുതാനും. രണ്ടുപേര്‍ക്കും പൊതുവായുള്ള ഒരു ഗുണം അവനവന് അറിവുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയേ ഇല്ല എന്നതാണ്. ചിദംബരം സാമ്പത്തികശാസ്‌ത്രവും മന്‍മോഹന്‍സിങ് ആണവശാസ്‌ത്രവുമാണ് സദാ പറഞ്ഞുകൊണ്ടിരിക്കുന്നത്. ആണവംപോലെയല്ല സാമ്പത്തികം. ഇത്തിരിയെല്ലാവര്‍ക്കും അറിയും. പക്ഷേ, മുഴുവന്‍ അറിയുന്നവര്‍ ആരുമില്ല. നടക്കാന്‍ പോകുന്ന സംഗതിയെന്ത് എന്നതിനെക്കുറിച്ചുള്ള സാമ്പത്തികശാസ്‌ത്രജ്ഞന്റെ ധാരണ നാട്ടിലെ ജ്യോത്സ്യന്റെ ധാരണയേക്കാള്‍ വളരെയൊന്നും മുന്തിയതല്ല.
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ കുത്തുപാളയെടുക്കാന്‍ പോവുകയാണെന്ന് ലോകത്തിലെ ഒരു സാമ്പത്തികശാസ്‌ത്രജ്ഞനും മുന്നറിയിപ്പുനല്‌കുകയുണ്ടായില്ല. പാപ്പരായ യു.എസ് . ബാങ്കിങ് ഭീമന്റെ റേറ്റിങ്, കാലിടറി വീഴുംവരെ എ ഗ്രേഡില്‍തന്നെയായിരുന്നു. ആരും അതിന്റെ ഓഹരി വിറ്റഴിക്കല്‍വില്‌പനയ്‌ക്ക് വെച്ചിരുന്നുമില്ല. സോവിയറ്റ് യൂണിയനിലെ സാമ്പത്തികക്രമവും ഭരണക്രമവും തകര്‍ന്നടിയാന്‍ പോവുകയാണെന്ന് അതുസംഭവിക്കും വരെ ആരും മുന്നറിയിപ്പ് നല്‌കിയതേയില്ല. സാമ്പത്തികവിദഗ്‌ധരും രാഷ്ട്രീയ വിദഗ്‌ധരും ഒരു കാര്യ
ത്തില്‍ അഗ്രഗണ്യരാണ്. സംഭവിച്ചുകഴിഞ്ഞാല്‍പ്പിന്നെ അതിനെക്കുറിച്ച് അവര്‍ക്കറിയാത്ത ഒരു വിവരവുമുണ്ടാകില്ല. എന്തുകൊണ്ട് സംഭവിച്ചു എന്നവര്‍ കൃത്യം കൃത്യമായി പറഞ്ഞുതരും.
ആരും തകര്‍ച്ച പ്രവചിച്ചിരുന്നില്ല എന്നുപറയാനാവില്ല. മാര്‍ക്‌സ് ഒന്നര നൂറ്റാണ്ടുമുമ്പ് മുതലാളിത്തത്തിന്റെ അനിവാര്യമായ തകര്‍ച്ചയെക്കുറിച്ച് പ്രവചിച്ചതാണ്. സ്വന്തം ജീവിതകാലത്ത് അതുകാണാനുള്ള യോഗമദ്ദേഹത്തിനുണ്ടായില്ല എന്നേയുള്ളൂ. ഒന്നേ പിഴച്ചുള്ളൂ. അനുയായികള്‍ മുതലാളിത്തത്തിന് ബദലായി സൃഷ്‌ടിച്ച ഭരണകൂടങ്ങളും വ്യവസ്ഥകളും മുതലാളിത്തം തകരും മുമ്പുതന്നെ തകര്‍ന്നുപോയെന്നുമാത്രം.
കണക്കപ്പിള്ളയുടെ വീട്ടില്‍ കരിക്കലും പൊരിക്കലും കണക്കുനോക്കിയപ്പോള്‍ കരച്ചിലും പിഴിച്ചിലും എന്നുപറഞ്ഞതുപോലെയായി സൂപ്പര്‍പവറിന്റെ നില. ലോകത്തിലേറ്റവും കൂടുതല്‍ വ്യാപാരക്കമ്മിയുള്ള രാജ്യം അമേരിക്കയായിരുന്നുവെന്നത് ലോകബാങ്ക് കണക്കപ്പിള്ളമാര്‍ക്കൊന്നും പ്രശ്‌നമായി തോന്നിയില്ല. വരവിന്റെ പല മടങ്ങ് ചെലവാക്കുകയായിരുന്നു. എവിടെ നിന്നും എന്തും എത്രയും വാങ്ങാം. ഡോളര്‍ അച്ചടിക്കുന്ന പ്രസ്സ് അമേരിക്കന്‍ സര്‍ക്കാറിന്റെ കൈവശമുള്ള കാലത്തോളം ഒന്നും പേടിക്കാനില്ലായിരുന്നു. ഓവര്‍ടൈം കൊടുത്ത് നോട്ടടിപ്പിക്കാം. അമേരിക്കന്‍ സര്‍ക്കാറിന്റെ പ്രസ്സില്‍ രൂപ അച്ചടിച്ച് ഇന്ത്യയില്‍ കൊണ്ടുവന്നാല്‍ കള്ളനോട്ടാണ് എന്നുപറയും, കേസ്സാകും. എന്തിന് വെറുതെ വയ്യാവേലി, അമേരിക്കന്‍ പ്രസ്സില്‍ ഡോളറടിച്ച് കൊണ്ടുവന്നാല്‍ ആര്‍ക്കുമില്ല പരാതി. ഇന്ത്യയിലെന്നല്ല ഏതുരാജ്യത്തിലെ സാധനംവാങ്ങാനും ഡോളര്‍ മതി. വേറൊരു രാജ്യത്തിനുമില്ല ഈ സൗകര്യം.
ഇതൊന്നും പോരാഞ്ഞിട്ടാണ് രാവും പകലും കടംവാങ്ങുന്നത്. ശരാശരി ദിവസവും വാങ്ങും ഏതാണ്ട് മുന്നൂറുകോടിയിലേറെ ഡോളറിന്റെ കടം. കടത്തിന്റെ കാര്യത്തിലും ഫസ്റ്റ്‌റാങ്ക് അമേരിക്കയ്‌ക്ക് തന്നെ. സൂപ്പര്‍പവറിന്റെ നാട്ടില്‍ പന്ത്രണ്ടുശതമാനമാളുകള്‍ ദാരിദ്ര്യരേഖയ്‌ക്ക് ചുവട്ടിലാണ്, നമ്മുടെ രേഖയേക്കാള്‍ കുറച്ച് മേലെയായിരിക്കും സായ്‌പ്പിന്റെ രേഖയെന്നത് ശരിയാണെങ്കിലും വികസിത രാജ്യക്കാര്‍ക്കിടയില്‍ ദാരിദ്ര്യത്തിലും ഫസ്റ്റ് റാങ്ക് മൂപ്പര്‍ക്കുതന്നെ. ജനസംഖ്യയില്‍ ഏറ്റവും കൂടിയ ശതമാനം ജയിലില്‍ക്കിടക്കുന്നതും അമേരിക്കയിലാണെന്നത് വെറുമൊരു പൊങ്ങച്ചമല്ല. ജനങ്ങളെ മുഴുവന്‍ ജയിലിലിടേണ്ടിവരുമോ എന്ന പേടിയിലാണ് അവരിപ്പോള്‍. അത്യാര്‍ത്തി കൊണ്ട് സംഭവിച്ചതാണെല്ലാം. നിത്യാഭ്യാസി മാത്രമല്ല അത്യാഗ്രഹിയും ആനയെ എടുക്കും. അതു മനസ്സിലാകാത്ത ഒരു കൂട്ടര്‍ സാമ്പത്തികശാസ്‌ത്രജ്ഞര്‍ മാത്രമാണ്.
ജനങ്ങളെ പോക്കറ്റടിച്ച് വീര്‍ത്ത ബാങ്കുകള്‍ തകര്‍ന്നപ്പോള്‍ അവയെ രക്ഷിക്കാനും ജനങ്ങളുടെ പോക്കറ്റടിക്കാനാണ് തീരുമാനം. ആളുകള്‍ക്ക് വലിയ ഈര്‍ഷ്യ തോന്നാതിരിക്കാന്‍ വേണ്ടി, സഹായധനം ഓഹരിയാക്കാന്‍ ആലോചിക്കുന്നുണ്ട്. പൊളിയുന്ന ബാങ്കിന്റെ കാലശേഷമുള്ള ചെക്ക് കൊടുക്കുന്നതിനേക്കാള്‍ വലിയ ചതി ഇല്ല എന്ന് ആംഗലത്തില്‍ ചൊല്ലുണ്ട്. ആ ചെക്കാണിപ്പോള്‍ അമേരിക്കന്‍ നികുതിദായകര്‍ക്ക് സര്‍ക്കാര്‍ കൊടുത്തുകൊണ്ടിരിക്കുന്നത്. മുതലാളിത്തത്തെ രക്ഷിക്കാന്‍ വേണ്ടിയിപ്പോള്‍ മുതലാളിത്തവാദികള്‍ സോഷ്യലിസം പറയാനും തുടങ്ങിയിട്ടുണ്ടത്രെ. കഴിഞ്ഞുകൂടിപ്പോകാന്‍ മനുഷ്യര്‍ ഇന്നതേ ചെയ്യൂ എന്നില്ല. ചെകുത്താന്‍ വേദമോതും. അതുകേട്ട് അമേരിക്കയില്‍ സോഷ്യലിസം വരാന്‍ പോകുകയാണെന്ന് ചില ശുദ്ധമനസ്‌കര്‍ വിശ്വസിച്ച മട്ടുണ്ട്. ബാങ്കുകള്‍ക്ക് സോഷ്യലിസം ജനത്തിന് മുതലാളിത്തം എന്നതാണ് തത്‌കാലത്തെ അവസ്ഥ. തലപൊക്കാനുള്ള ജീവന്‍കിട്ടിയാല്‍ പഴയപടിയുള്ള ഏര്‍പ്പാട് പുനരാരംഭിക്കുന്നതായിരിക്കും.
അമേരിക്കയ്‌ക്ക് സോഷ്യലിസം പറയാന്‍ പറ്റുമെങ്കില്‍ നമുക്കാണോ അതിന് പ്രയാസം. ചിദംബരത്തിന് ഇന്നതേ പറയാവൂ എന്നില്ല. സോഷ്യലിസമാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ആവഡിയില്‍ പ്രഖ്യാപിക്കുന്നത് പത്താംവയസ്സില്‍ കേട്ട് ഞെട്ടി തല്‍ക്ഷണം കോണ്‍ഗ്രസ്സും സോഷ്യലിസ്റ്റുമായതാണ് അദ്ദേഹം. തൊണ്ണൂറിന് ശേഷം അമേരിക്ക ആനയെ എടുക്കുന്നത് കണ്ട് നമ്മളും അതിന് ശ്രമിക്കാതിരുന്നില്ല. അത്യാഗ്രഹം ഇല്ലാഞ്ഞിട്ടല്ല, നടുനിവര്‍ക്കാന്‍ ശേഷിയില്ലാഞ്ഞതുകൊണ്ടാണ് അതുസാധിക്കാതെ പോയത്. ഇപ്പോള്‍ പെട്ടെന്ന് ഇന്ദിരാഗാന്ധിയേയും ബാങ്ക് ദേശസാല്‍ക്കരണത്തെയുമൊക്കെ ഓര്‍മ വരുന്നു. ആവഡി സോഷ്യലിസവും ഓര്‍മ വരുന്നു. തീര്‍ച്ചയായും ഞങ്ങളും സോഷ്യലിസ്‌റ്റുകളാണ്. ഈ പ്രതിസന്ധിയുടെ പാലം കടക്കുവോളം നാരായണാ തന്നെയാവട്ടെ വിളി. പിന്നത്തെകാര്യം പിന്നെയല്ലേ, അപ്പോള്‍ നോക്കാം.
*****
സര്‍വീസിലിരിക്കുമ്പോള്‍ നിഷ്‌ഠൂരനായിരുന്ന പോലീസുകാരന്‍ റിട്ടയറായി നാട്ടില്‍ നടന്നാലത്തെ അവസ്ഥയിലാണ്, ആരോഗ്യപരമായ കാരണങ്ങളാല്‍ വളണ്ടറി റിട്ടയര്‍മെന്റ് വാങ്ങിയ ലോകപോലീസുകാരന്‍ എത്താന്‍ പോകുന്നത്. റോഡില്‍കണ്ടാല്‍ ആളുകള്‍ തലയ്‌ക്ക് മേടാനുള്ള എല്ലാ സാധ്യതയുമുണ്ടത്രെ. അഫ്‌ഗാനിസ്‌താനിലും ഇറാഖിലും താന്‍കുഴിച്ച കുഴിയില്‍ വീണ് കൈയും കാലുമിട്ടടിക്കുമ്പോഴാണ് അതിലും വലിയ കുഴി സ്വന്തം രാജ്യത്തുണ്ടായത്. ഈ നിലയ്‌ക്ക് പോയാല്‍ അമേരിക്കയെ രക്ഷിക്കാന്‍ ഏഷ്യാ ആഫ്രിക്ക ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ പത്തോ നൂറോ ദരിദ്രരാജ്യങ്ങള്‍ച്ചേര്‍ന്ന് ജി 7ന്റെ മാതൃകയില്‍ ഒരു ജി നൂറോ നൂറ്റിപ്പത്തോ ഉണ്ടാക്കേണ്ടിവരുമെന്നുപോലും പറയുന്നവരുണ്ട്.
അതല്ല പ്രശ്‌നം. ആണവക്കരാറില്‍ ഒപ്പുവെച്ചതോടെ ഇന്ത്യ അമേരിക്കയുടെ അടിമരാജ്യമായിമാറി എന്ന് പറയുന്നതിന്റെ ഇക്കണോമിക്‌സാണ് പിടികിട്ടാത്തത്. തോക്ക് കാട്ടി പേടിപ്പിച്ചാലോ അല്ലെങ്കില്‍ പണം തന്ന് പ്രീണിപ്പിച്ചാലോ അല്ലാതെ ആരുടെയും അടിമയാകാന്‍ നമ്മള്‍പോലും സമ്മതിക്കില്ല. എല്ലാവര്‍ക്കുമുണ്ടല്ലോ കുറേശ്ശെ ആത്മാഭിമാനം. തോക്കുമില്ല, കാശുമില്ലാതെ അലയുന്ന അമേരിക്ക എങ്ങനെയാണ് ഇന്ത്യയെ അടിമയാക്കാന്‍ പോകുന്നത് എന്നാരും വിശദീകരിച്ചുകണ്ടില്ല. ഇന്ത്യാമഹാരാജ്യത്തിന് അമേരിക്കന്‍ പിച്ചരാജ്യത്തിന്റെ അടിമയാകണമെന്ന് മോഹമുണ്ടായാല്‍പോലും അമേരിക്ക അതുസമ്മതിക്കാതിരിക്കാനാണ് സാധ്യത. അവനവനുതന്നെ ജീവിക്കാന്‍ വയ്യാത്തപ്പോളാണ് ഓരോരുത്തന്‍ അടിമയാകാന്‍ വരുന്നത് എന്നാക്ഷേപിച്ച് തല്ലിയോടിക്കാനും സാധ്യതയുണ്ട്.
മറ്റാരും രക്ഷപ്പെട്ടില്ലെങ്കിലും ശരി അമേരിക്കയിലെ ആണവആക്രിക്കച്ചവടക്കാര്‍ രക്ഷപ്പെടാന്‍ നല്ല സാധ്യത കാണുന്നുണ്ട്. ലോകത്താര്‍ക്കും വേണ്ടാത്ത ആ സാധനം മുഴുവന്‍ ഇന്ത്യയിലെത്തുമെന്നുറപ്പ്. അതില്‍നിന്ന് വൈദ്യുതിയുണ്ടാക്കിയാലും ഇല്ലെങ്കിലും ഇവിടത്തെ കുറെ രാഷ്ട്രീയക്കച്ചവടക്കാരും രക്ഷപ്പെടുമെന്നുറപ്പ്.
*****
യൂത്ത് കോണ്‍ഗ്രസ്സില്‍ ഭാരവാഹിയാകാന്‍ പണംവാങ്ങുന്നതായി, യൂത്ത് സംസ്ഥാന ജനറല്‍സെക്രട്ടറിയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. വിശ്വസിക്കാതിരിക്കാന്‍ പറ്റില്ല. ഭാരം വഹിക്കാന്‍ വേണ്ടി കാശ് അങ്ങോട്ടുകൊടുക്കുന്ന സമ്പ്രദായം ലോകത്ത് മറ്റെങ്ങുമില്ലെന്നാണറിവ്. ത്യാഗശീലത്തില്‍ യൂത്തുകോണ്‍ഗ്രസ്സുകാരെ വെല്ലാനാരുമില്ലല്ലോ. ഏറ്റുന്ന ഭാരത്തിന്റെ അനുപാതത്തിലായിരിക്കണം ഭാരവാഹിത്വത്തിന് പണമടയേ്‌ക്കണ്ടത് എന്നുതോന്നുന്നു. റേറ്റ് സംബന്ധിച്ച വിശദാശംങ്ങളൊന്നും പത്രവാര്‍ത്തകളില്‍ കാണുന്നില്ല.
നവലിബറല്‍ വ്യവസ്ഥയില്‍ രാഷ്ട്രീയപ്രവര്‍ത്തനവും തൊഴിലായി അംഗീകരിച്ചിട്ടുണ്ടാവാം. ഡോക്ടറാകാനുള്ള യോഗ്യത പണമാണെന്ന് സമ്മതിച്ചുകൊടുക്കുകയും അതിന്റെ വ്യവസ്ഥകള്‍ നിയമനിര്‍മാണസഭ ചര്‍ച്ച ചെയ്‌തംഗീകരിക്കുകയും ചെയ്യുന്ന കാലത്ത് ഇതിലൊന്നും നാണക്കേട് തോന്നേണ്ട കാര്യമില്ലതന്നെ. കഴിഞ്ഞ ലോക് സഭാ-നിയമസഭാതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സില്‍ പേമെന്റ് സീറ്റ് സമ്പ്രദായം നിലവില്‍വന്നതായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകളില്‍ മെറിറ്റ്-പേമെന്റ് സീറ്റുകളുടെ എണ്ണം മുന്‍കൂട്ടി നിശ്ചയിക്കുന്നതുകൊണ്ട് ആശയക്കുഴപ്പം ഉണ്ടാകാറില്ല.പാര്‍ട്ടിയിലതല്ല സ്ഥിതി. സ്വന്തമായി ഭരണഘടനയുള്ള സംഘടനകള്‍ക്ക് ഇതൊരു വ്യവസ്ഥയായി എഴുതിച്ചേര്‍ക്കാവുന്നതാണ്. യൂത്ത് കോണ്‍ഗ്രസ്സില്‍ എന്താണ് ചെയ്യുക എന്നറിയില്ല. സംഘടനയ്‌ക്ക് ഭരണഘടനയുള്ളതായി കേട്ടുകേള്‍വിയല്ലാതെ ആരും കണ്ടിരിക്കാനിടയില്ല.
ജനറല്‍സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങളില്‍, പണത്തിന്റെ കാര്യത്തിലൊഴികെ മറ്റൊന്നിലും പുതുമയുമില്ല, ഗൗരവവുമില്ല. സാമ്പത്തികശക്തികള്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്‌തു, ഇഷ്‌ടമില്ലാത്തവര്‍ക്ക് സ്ഥാനം നിഷേധിക്കുന്നു, ഇഷ്‌ടക്കാരെ കുത്തിനിറയ്‌ക്കുന്നു, പ്രായപരിധിയോ പ്രവര്‍ത്തനപരിചയമോ നോക്കുന്നില്ല, മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല തുടങ്ങിയവയാണ് ആരോപണങ്ങള്‍. കേട്ടാല്‍തോന്നുക ഇതെല്ലാം പെട്ടെന്നുതുടങ്ങിയതാണ് എന്നാണ്. എന്നാണ് ഇതൊന്നുമില്ലാതിരുന്നത് ?