താത്വികാചാര്യന്‍ സഖാവ് നമ്പൂതിരിപ്പാട് ഭാര്യയുമൊത്ത് പഴനിയിലെയോ മധുരയിലെയോ ക്ഷേത്രത്തില്‍ പോയെന്ന വാര്‍ത്തയെപ്പിടിച്ച് വലിയ വിവാദമുണ്ടാക്കാന്‍ അറുപതുകളില്‍ മാര്‍ക്‌സിസ്റ്റ് വിരുദ്ധന്മാര്‍ ശ്രമിക്കുകയുണ്ടായി. ദമ്പതിമാര്‍ ക്ഷേത്രത്തിന് മുന്നിലെ കസേരയിലിരിക്കുന്ന (കസേരയിലിരുന്നു എന്നത് ശരി, ക്ഷേത്രത്തിനുമുന്നിലാണോ എന്നുറപ്പില്ല) ഫോട്ടോയും അന്നത്തെ മാധ്യമസിന്‍ഡിക്കേറ്റുകാര്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ആചാര്യന്‍ അതുനിഷേധിക്കാനോ വിശദീകരിക്കാനോ പോയില്ല. അമ്പലത്തില്‍ പോയത് ഭാര്യക്കുവേണ്ടിയാവണം, അല്ലാതെ ഇ.എം.എസ്.ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചുവെന്നാരും ആരോപിച്ചിട്ടില്ല. ഭാര്യയെ ഭൗതികവാദിയാക്കാന്‍ കഴിയാത്ത ആള്‍ക്കെങ്ങനെ ജനങ്ങളെ വൈരുധ്യാധിഷ്‌ഠിത ഭൗതികവാദികളാക്കാന്‍ കഴിയും എന്നായിരുന്നു ദുഷ്‌ടവിമര്‍ശകരുടെ ചോദ്യം.
അമ്പലക്കമ്മിറ്റിയും പള്ളിക്കമ്മിറ്റിയും പിടിച്ചെടുക്കുന്നതെങ്ങനെ എന്ന് പാര്‍ട്ടി കമ്മിറ്റികള്‍ ആലോചിക്കുന്ന കാലമാണിത്. അതുകൊണ്ട്, പാര്‍ട്ടിമേമ്പര്‍മാരെല്ലാം ഭാര്യയുമൊത്ത് ദിവസവും രാവിലെ അമ്പലത്തില്‍ പോയിതൊഴുതുകൊള്ളണം എന്ന് പാര്‍ട്ടി ഇണ്ടാസ് ഇറക്കിക്കൂടായ്‌കയുമില്ല. കഷ്‌ടം, വിമര്‍ശകന്മാര്‍ ഇപ്പോഴും കാള്‍മാര്‍ക്‌സിന്റെ കാലത്തുതന്നെ ബ്ലോക്കായി നില്‍ക്കുകയാണ്. അതുകൊണ്ടാണ് അവര്‍ക്ക്, കണ്ണൂരിലെ യുവവിപ്ലവതാരം ഈദ്‌ഗാഹില്‍ കുടുംബസമേതമെത്തി നമസ്‌കരിച്ചത് ഞെട്ടിക്കുന്ന വാര്‍ത്തയാണെന്ന തോന്നലുണ്ടായത്. അപ്പോള്‍ കേള്‍ക്കുന്നു അബ്ദുല്ലക്കുട്ടിയേക്കാള്‍ കുട്ടിയായ മറ്റൊരു വിപ്ലവതാരം പുത്രനെ സ്‌കൂളില്‍ച്ചേര്‍ക്കാന്‍ മാമോദീസ മുക്കിച്ചെന്ന്‌്. അതും വിവാദമാക്കാന്‍ നോക്കുകയാണ് ചില കൂലംകുത്തികള്‍. ഇന്നത്തെ എം.പി. നമസ്‌കരിക്കുമ്പോള്‍ നാളത്തെ എം.പി. മാമോദീസ മുക്കുകയെങ്കിലും ചെയ്യണമല്ലോ.
മാര്‍ക്‌സിസത്തിലേക്ക് മാമോദീസ മുക്കിക്കഴിഞ്ഞവര്‍ മതവിശ്വാസം എങ്ങനെ കൊണ്ടുനടക്കണം എന്ന കാര്യത്തില്‍ പെരുമാറ്റച്ചട്ടം ഉണ്ടാകാത്തതാണ് പ്രശ്‌നം. അമ്പലത്തില്‍ തൊഴാന്‍ പോകാമോ, ഭാര്യയോടൊപ്പം അമ്പലത്തില്‍ പോകേണ്ടിവന്നാല്‍ പുറത്തുനില്‍ക്കണമോ, സ്വയം പോകാതെ ഭാര്യയുടെ പേരില്‍ പൂമൂടല്‍ നടത്താമോ, വാസ്‌തുവിദഗ്‌ധന്‍ പറഞ്ഞതുകേട്ട് മന്ത്രിമന്ദിരത്തിന്റെ ഗേറ്റ് പൊളിക്കാമോ, നേതാവിന്റെ ചരമക്രിയയ്‌ക്ക് ബലിയിടാമോ, മക്കളെ മാമോദീസ മുക്കാന്‍ പാടുണ്ടോ, പാര്‍ട്ടിപത്രത്തിന് ഇഫ്‌താര്‍ വിരുന്നുനടത്താമെങ്കില്‍ പാര്‍ട്ടി എം.പി.ക്ക് പെരുന്നാള്‍നമസ്‌കാരം നടത്താന്‍ പാടില്ലേ, ആള്‍ദൈവങ്ങള്‍ക്കെതിരെ പാര്‍ട്ടി ബുദ്ധിജീവികള്‍ ലേഖനമെഴുതുമ്പോള്‍ പാര്‍ട്ടിയുടെ മന്ത്രിയെ ആള്‍ദൈവത്തിന്റെ പ്രാര്‍ഥനാസമ്മേളനത്തില്‍ പ്രസംഗിക്കാനയയ്‌ക്കാമോ, ശബരിമലയില്‍ പാര്‍ട്ടിസെല്‍ തുടങ്ങാമോ, ജന്മദിനമറിയാന്‍ നാഡീജ്യോത്സ്യനോ അതോ കണ്ണൂര്‍ ബസ് സ്‌റ്റാന്‍ഡ് കോലായയിലെ തത്തജ്യോത്സ്യനോ നല്ലത് തുടങ്ങിയ ചോദ്യങ്ങള്‍ രാവും പകലും ചോദിക്കാന്‍ മാത്രമുണ്ട്.
കാള്‍മാര്‍ക്‌സ് പറഞ്ഞതും കേട്ടുനടന്നാല്‍, മുമ്പ് വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണഗുരുവിന്റെ കാര്യത്തില്‍ പറഞ്ഞതുപോലെ, മാര്‍ക്‌സിസ്റ്റുകാര്‍ തെണ്ടിപ്പോവുകയേ ഉള്ളൂ. മാര്‍ക്‌സിന് തിയറി പോലെ പ്രാക്‌റ്റീസും ചെയ്യാമായിരുന്നു. കാരണം അങ്ങേര്‍ക്ക് ആരുടെയും വോട്ട് വേണ്ടായിരുന്നു. നമ്മുടെ സ്ഥിതിയതല്ല.
പ്രശ്‌നം മുഴുവനുമുണ്ടാക്കിയത് നടേ പറഞ്ഞ നമ്മുടെ സ്വന്തം നാടന്‍ ആചാര്യന്‍ തന്നെയാണ്. വോട്ടിനുവേണ്ടി ഏതറ്റംവരെ പോകാമെന്നതുസംബന്ധിച്ച് ചില സ്‌കെച്ചും പ്ലാനുമൊക്കെ അദ്ദേഹം ഉണ്ടാക്കേണ്ടതായിരുന്നു. വിപ്ലവം വെടിഞ്ഞ് വോട്ടിന് നടന്നുതുടങ്ങിയപ്പോള്‍ അതിന്റെ തിയറിയും പ്രാക്‌റ്റീസും അദ്ദേഹമായിരുന്നല്ലോ നിശ്ചയിച്ചിരുന്നത്. വിപ്ലവം വരുന്നതുവരെ മതത്തോടും വിശ്വാസത്തോടും ചെറിയ വിട്ടുവീഴ്‌ചകള്‍ ത’ാലം ചെയ്യാമെന്നായിരുന്നു അന്നത്തെ തിയറി. വിപ്ലവം ഏതായാലും നമ്മുടെ ജീവിതകാലത്തൊന്നും വരില്ല വോട്ടേ നോക്കേണ്ടൂ എന്നായപ്പോഴാണ് കുഞ്ഞാടുകള്‍ കൂട്ടത്തോടെ കയറുപൊട്ടിച്ചത്.
താന്‍ മാര്‍ക്‌സിസത്തിലേക്ക് മാമോദീസ മുക്കപ്പെട്ട കാലത്തെ കാര്യം ആചാര്യന്‍ വിവരിച്ചിട്ടുണ്ട്. ആദ്യം മതമേ വേണ്ട എന്നു പറഞ്ഞ് യുക്തിവാദിയായി നടന്നു. യുക്തിവാദം പ്രചരിപ്പിച്ച് മതമില്ലാതാക്കാം എന്നായിരുന്നു ധാരണ. പിന്നീടാണ് വൈരുധ്യാത്മക ഭൗതികവാദിയായത്. അതില്‍ ആദ്യം പഠിച്ച പാഠം സമൂഹത്തിന് താ’ാലികാശ്വാസം നല്‌കുന്ന സാധനമാണ് മതം എന്നായിരുന്നു. മുതലാളിത്ത ചൂഷണത്തിന്റെ വേദന കൊണ്ടു പുളയുന്ന മനുഷ്യന് ആശ്വാസം നല്‌കുന്ന കറുപ്പാണ് മതം. മുതലാളിത്ത ചൂഷണം അവസാനിപ്പിച്ച് കമ്യൂണിസ്റ്റ് ചൂഷണം നടപ്പാകുമ്പോള്‍…ക്ഷമിക്കണം അങ്ങനെയല്ല, മുതലാളിത്ത ചൂഷണം അവസാനിപ്പിച്ച് വര്‍ഗരഹിത സമൂഹം നടപ്പാകുന്നതോടെ ജനം പറയും ‘സഖാക്കളേ ഞങ്ങള്‍ക്കിനി കറുപ്പ് വേണ്ട, കാരണം ഞങ്ങള്‍ക്കിപ്പോള്‍ വേദനയില്ല’. ആ നില സംജാതമാകുന്നതോടെ കറുപ്പ് ഇറക്കുമതി നിറുത്തും. പിന്നെ കമ്യൂണിസമെന്ന കറുപ്പുമതിയാകും. എന്തെങ്കിലും ഒന്നില്ലാതെ മനുഷ്യന് ഉറക്കം വരുന്നതെങ്ങനെ?
മതത്തെ കമ്യൂണിസം വരുന്നതുവരെ സഹിച്ചാല്‍ മതി, എന്ന് സഖാക്കളെ ആശ്വസിപ്പിച്ചിരുന്ന ആചാര്യന്‍ ഒടുവില്‍ പറഞ്ഞത് കമ്യൂണിസം അടുത്തകാലത്തൊന്നും വരുന്ന ലക്ഷണം കാണുന്നില്ല എന്നായിരുന്നു. തീര്‍ച്ചയായും അപ്പോള്‍ നമ്മുടെ തന്ത്രങ്ങളും മാറ്റണമല്ലോ. മഴ പെയ്യുമെന്ന് തോന്നിയാലല്ലേ കുട തുറക്കേണ്ടൂ. മതവുമില്ല കമ്യൂണിസ്റ്റുമതവുമില്ല എന്നത് ഒട്ടും ആശാസ്യമായ അവസ്ഥയല്ല. അതുകൊണ്ട് സഖാക്കള്‍ ചില പുനര്‍വിചിന്തനമൊക്കെ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പാര്‍ട്ടിദൈവത്തിലും മാര്‍ക്‌സിസ്റ്റ് മതത്തിലുമുള്ള വിശ്വാസം കുറയുന്നതിന്റെ അനുപാതത്തിലാണ് ചിലര്‍ക്കെല്ലാം സ്വന്തം മതത്തിലും അസ്സല്‍ദൈവത്തിലുമുള്ള വിശ്വാസം വര്‍ധിച്ചുവരാറുള്ളത്. കെ.ആര്‍.ഗൗരിയമ്മയുടെ ജീവിതം അതിന് ഉദാഹരണമാണ്. പാര്‍ട്ടിസ്ഥാനാര്‍ഥിയായി ജയിച്ചപ്പോഴൊരിക്കലും ദൈവത്തിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്‌തിട്ടില്ലാത്ത അവര്‍ പാര്‍ട്ടി വിട്ട ശേഷം തൊഴലും തുലാഭാരംതൂക്കലും മറച്ചുവെക്കുകയുണ്ടായില്ല.
ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന പാര്‍ട്ടിയംഗത്വമുള്ള ജനപ്രതിനിധികളുടെ എണ്ണം കൂടിക്കൂടി വരുന്നതിന് ആരെ കുറ്റം പറഞ്ഞിട്ടെന്തുകാര്യം. പള്ളിപ്പെരുന്നാളിനും മാരാമണ്‍ കണ്‍വെന്‍ഷനും ശബരിമല തീര്‍ഥാടനത്തിനും പാര്‍ട്ടിപത്രം സപ്ലിമെന്റിറക്കുന്നത് വെറും മാര്‍ക്കറ്റിങ് കാര്യമാണെന്ന് മനസ്സിലാക്കാന്‍ അണികള്‍ വളരുന്നില്ല. സുവിശേഷ പ്രാസംഗികരും പുരോഹിതരുമൊക്കെ പാര്‍ട്ടി സ്ഥാനാര്‍ഥികളായി പാര്‍ലമെന്റില്‍പോകുന്ന കാലത്ത് പാവപ്പെട്ട പാര്‍ട്ടിയംഗങ്ങളില്‍നിന്ന് ഒരു പരിധിക്കപ്പുറം ഭൗതികവാദമൊന്നുമാരും പ്രതീക്ഷിച്ചേക്കരുതേ…
മതഗ്രന്ഥത്തില്‍ പറഞ്ഞത് അണുകിട മാറ്റാന്‍ സമ്മതിക്കാതെ കൊണ്ടുനടക്കുന്നതിനെയാണല്ലോ മതമൗലികവാദമെന്നു കുറ്റപ്പെടുത്തുന്നത്. എങ്കില്‍ ആ കുറ്റം മാര്‍ക്‌സിസ്റ്റ്‌മതത്തിലും പാടില്ല. അമ്പലത്തില്‍പോകുന്നവന്‍ അങ്ങോട്ടും പള്ളിയില്‍ പോകുന്നവന്‍ അങ്ങോട്ടും പോട്ടെന്ന് വെക്കണം. പൂച്ചയേതായാലും എലിയെപിടിക്കണം എന്നുപറഞ്ഞതുപോലെ, മതമേതായാലും വോട്ട് കിട്ടിയാല്‍ മതി എന്നൊരു മുദ്രാവാക്യം നല്ല ചുമര് നോക്കി എഴുതണം. ആവശ്യമില്ലാത്ത ചട്ടങ്ങളും വ്യവസ്ഥകളും മാറ്റാന്‍ കേരള ലോ കമ്മീഷന്റെ മാതൃകയില്‍ ഒരു പാര്‍ട്ടികമ്മീഷന്‍ രൂപവത്‌കരിച്ച് കമ്യൂണിസ്റ്റ് നിയമാവലി പുനഃപരിശോധനയ്‌ക്ക് വിധേയമാക്കണം. അതോടെ പ്രശ്‌നമെല്ലാം തീരും, വിവാദങ്ങളും.
എന്താണ് ഈ നാട്ടില്‍ സംഭവിക്കുന്നതെന്ന് പടച്ചതമ്പുരാനുപോലും വിശദീകരിക്കാനാവുകയില്ല. ടാറ്റ എന്നുപേരുള്ള കുത്തകക്കമ്പനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കുട്ടിക്കാലം മുതല്‍ത്തന്നെ നമ്മുടെ പാര്‍ട്ടിപത്രത്തില്‍ വായിച്ചുപോന്നിട്ടുണ്ട്. ടാറ്റ എന്നുതനിച്ചുകാണാറില്ല. ടാറ്റ-ബിര്‍ല കുത്തകകള്‍ എന്നേ കാണാറുള്ളൂ. ആറാറുമാസം കൂടുമ്പോള്‍ സഖാവ് എ.കെ.ജി.യോ പി’ാലത്ത് ജ്യോതിര്‍മോയി ബസുവോ ലോക്‌സഭയില്‍ ഒരു ചോദ്യം ചോദിക്കും-കുത്തകക്കമ്പനികളുടെ ആസ്‌തി ഇപ്പോഴെത്രയാണ് ? മറുപടി പിറ്റേന്ന് തൊഴിലാളിവര്‍ഗപത്രങ്ങളില്‍ വെണ്ടക്കയിലും ബൂര്‍ഷ്വാമുതലാളിത്ത പത്രങ്ങളില്‍ കടുകുമണി വലുപ്പത്തിലും വരും. കുത്തകകളുടെ ആസ്‌തി മാസംതോറും വര്‍ധിക്കുന്നു. കോണ്‍ഗ്രസ്സിന്റെ മുതലാളിത്തകാലുനക്കല്‍തന്നെ കാരണം.
ആ ടാറ്റ തന്നെയാണോ ഇപ്പോള്‍ പ.ബംഗാളിലെ സിംഗൂരില്‍ നിന്ന് ടാറ്റാപറഞ്ഞ് പോകുന്നത് എന്നറിയില്ല. കാരണം ടാറ്റക്കമ്പനിയെ അവിടെ നിന്നോടിക്കുന്നത് മുതലാളിത്ത ദാസിയായ മമതയാണ്, ഹൃ ടാറ്റേ നീ പോകരുതിപ്പോള്‍….’ എന്നും മറ്റും പാടി കരഞ്ഞുവിളിക്കുന്നത് മുതലാളിത്തഘാതകരായ നമ്മുടെ പാര്‍ട്ടിയുമാണ്. കേരളത്തില്‍ ഭൂമി കൈയടക്കിയതിന് വി.എസ്. സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതും ഈ ടാറ്റക്കെതിരെ തന്നെയോ ? കലികാലത്തു സംഭവിക്കാനിടയുള്ള കാര്യങ്ങളുടെ ലിസ്റ്റിലൊന്നും ഇങ്ങനെയൊന്നു കാണാനില്ല.
തൊഴിലാളിവര്‍ഗത്തിന് സഞ്ചരിക്കാനുള്ള നാനോകാര്‍ തൊഴിലാളിവര്‍ഗപാര്‍ട്ടി നൂറ്റാണ്ടുകാലം ഭരിക്കാന്‍ നിയോഗിക്കപ്പെട്ട പ.ബംഗാളില്‍ നിന്നുതന്നെയായിരുന്നു ഉത്‌പാദിപ്പിക്കേണ്ടിയിരുന്നത്. അതുപേക്ഷിച്ച് ഗുജറാത്ത് – കര്‍ണാടക പോലുള്ള വര്‍ഗീയ ഫാസിസ്റ്റ് സംസ്ഥാനങ്ങളിലേക്ക് പോകാനുള്ള നീക്കത്തെ എന്തുവില കൊടുത്തും ചെറുക്കേണ്ടതുതന്നെയാണ്.
മമതയും മറ്റേ കോണ്‍ഗ്രസ്സും സ്വീകരിച്ചിരിക്കുന്ന മൂലധന നിക്ഷേപ വിരുദ്ധ നിലപാട് ടാറ്റയെ മാത്രമല്ല ലോകത്തെമ്പാടുമുള്ള വ്യവസായികളെ ഞെട്ടിച്ചതായി പാര്‍ട്ടിപത്രത്തില്‍ വാര്‍ത്തയുണ്ട്. മുതലാളിപ്പത്രങ്ങളിലൊന്നും കണ്ടില്ല. ഞെട്ടിയത് മര്‍ഡോക്കിനെപ്പോലുള്ള ആഗോളക്കുത്തകകളൊന്നുമാകാന്‍ ഇടയില്ലെന്നുവേണം ധരിക്കാന്‍. പുരോഗമന മൂലധന ശക്തികളാകണം. നാല്‌പതിനായിരം കോടി രൂപയുടെ സ്റ്റീല്‍മില്ലുകള്‍മാത്രം പ്രാരംഭഘട്ടത്തിലുള്ള സംസ്ഥാനമാണ് ബംഗാളെന്നും മുഖപത്രത്തിലുണ്ട്. എന്തായാലും ഒന്നുതെളിഞ്ഞു, നേരാംവണ്ണമൊരു മുതലാളിത്തം കൊണ്ടുവരാന്‍പോലും ഈ മുതലാളിത്ത പാര്‍ട്ടികള്‍ സമ്മതിക്കില്ല. അതിനും വേണം നമ്മുടെ തൊഴിലാളിവര്‍ഗപാര്‍ട്ടി. എന്തൊരു കാലം.