കേരളം രാഷ്‌ട്രീയ പരീക്ഷണശാലയാണെന്ന് പറയാറുണ്ട്. അതുപണ്ട്. ഇപ്പോള്‍ രാഷ്‌ട്രീയലാബില്‍ പൊട്ടിയ ടെസ്റ്റ് ട്യൂബ് പോലുമില്ല. അത്തരം പരീക്ഷണം നടത്താനൊക്കെ ഇക്കാലത്ത് ആര്‍ക്കുണ്ട് നേരം ? അഞ്ചുകൊല്ലം പ്രതിപക്ഷത്തിരുന്ന് എല്ലാറ്റിനെയും എതിര്‍ക്കണം, അടുത്ത അഞ്ചുവര്‍ഷം ഭരണത്തിലിരുന്ന് ഏതാണ്ട് അതൊക്കെത്തന്നെ ചെയ്യണം. അഞ്ചുവര്‍ഷം പ്രതിപക്ഷത്തിരുന്ന് ആഴ്‌ചതോറും ഹര്‍ത്താല്‍ നടത്താനും കാറില്‍ പറക്കാനുള്ള വക അതിനിടയില്‍ ഉണ്ടാക്കുകയും വേണം. ഇതൊക്കെത്തന്നെ പരീക്ഷണം. കക്ഷികള്‍ തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാന്‍ തക്ക ശേഷിയുള്ള ഭൂതക്കണ്ണാടി ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.
ഏതാനും ആഴ്‌ചകളായി കേരളത്തില്‍ രാഷ്‌ട്രീയപ്രക്ഷോഭത്തിന്റെ സ്റ്റൈലാകെ മാറിയിരിക്കുന്നു. പുതിയൊരു പരീക്ഷണമാണെണ് തോന്നുന്നു. വിജയിച്ചാല്‍ ദേശീയതലത്തില്‍ നടപ്പാക്കുമായിരിക്കും. മാന്യന്മാര്‍ക്കും പങ്കാളികളാകാവുന്ന ഏര്‍പ്പാടായിരുന്നു പ്രകടനം, മാര്‍ച്ച് തുടങ്ങിയവ ഇക്കാലം വരെ. അതുമാറിയിരിക്കുന്നു. പാര്‍ട്ടികള്‍ പൊതുവെ വിദ്യാര്‍ഥി, യുവജന, വനിതാ,തൊഴിലാളി വിഭാഗങ്ങളെയാണ് സമരം നടത്താനൊക്കെ ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ പാര്‍ട്ടി അടിത്തറ വിപുലപ്പെടുത്തിവരികയാണ്. മാന്യന്മാര്‍ മാറിനില്‍ക്കട്ടെ. പ്രകടനം, മാര്‍ച്ച് എന്നിത്യാദികള്‍ ദിനചര്യയുടെ ഭാഗമായിരിക്കെ മാന്യന്മാരെ ആശ്രയിച്ചിട്ട് കാര്യമില്ല. ചില പഴഞ്ചന്മാര്‍ ഇവരെ സാമൂഹ്യവിരുദ്ധരെന്നും പുതിയ ഇനം കൊട്ടേഷന്‍ സംഘമെന്നുമൊക്കെ വിളിച്ചേക്കും. കാര്യമാക്കേണ്ട.
.
പാര്‍ട്ടിക്ക് കാക്കത്തൊള്ളായിരം ബഹുജനസംഘടനയൊക്ക ഉണ്ട്‌്. പ്രക്ഷോഭകാലത്ത് അവരെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്നേ. സംസ്ഥാനസമ്മേളനത്തിന് ജാഥയ്‌ക്ക് കൊണ്ടുപോകാം, അത്രയേ ഉള്ളു. പണ്ടൊക്കെ വിദ്യാര്‍ഥി സംഘടനയുണ്ടായാല്‍ത്തന്നെ ഒരുവിധം പണിയൊക്കെ ചെയ്യിക്കാമായിരുന്നു. ഇക്കാലത്ത് ബസ്സിന് കല്ലെറിയാനും പോലീസിന്റെ തൊപ്പിയെടുത്ത് പായാനും ആരെക്കിട്ടാനാണ് ? സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കുട്ടികളെ കിട്ടുന്നില്ല. നമ്മളൊക്കെ വിദ്യാര്‍ഥി നേതാവായി ബസ്സിന് കല്ലെറിഞ്ഞ കാലത്തെപ്പോലെ തോന്നുമ്പോള്‍ ഇറങ്ങി ജാഥയില്‍ കൂടാനൊന്നും ഇന്നവര്‍ക്ക് പറ്റില്ല. എടുത്താല്‍ പൊങ്ങാത്തത്ര പഠിക്കാനുണ്ട്. പോജക്‌റ്റും ചെയ്യണം, എന്‍ട്രന്‍സ് ട്യൂഷനും പോകണം. സ്‌കൂള്‍ അധ്യാപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്വകാര്യവ്യവസായത്തിലെ തൊഴിലാളികള്‍,കൃഷിപ്പണിക്കാര്‍ തുടങ്ങി പത്തുരൂപയ്‌ക്ക് വകയുള്ളവര്‍ക്കൊന്നും എല്ലാ ദിവസവും ജാഥയില്‍പോയി തല്ലുവാങ്ങാന്‍ പറ്റില്ല. ആസ്‌പത്രിയില്‍ കിടന്നാല്‍ കുടുംബം പട്ടിണിയാകും.
കോണ്‍ഗ്രസ്സിന്റെ കാര്യം പറയാനുമില്ല. തല്ല് കിട്ടില്ലെന്ന് ഉറപ്പുള്ള ജാഥയ്‌ക്ക് ആളെക്കിട്ടാന്‍ത്തന്നെ വിഷമമായിരുന്നു. വരുന്നവരേറെയും ഖദര്‍ഷര്‍ട്ടിന്റെ ഇസ്‌തിരി ചുളിയുന്നുണ്ടോ എന്നുനോക്കുന്ന സിംപ്‌ളന്മാരാണ്. തല്ല് എന്നുകേട്ടാല്‍ ഓടും. ആ നില പുത്തന്‍ കാഡര്‍ നയത്തോടെ പാടെ മാറിയിയിരിക്കുന്നു. ജാഥയ്‌ക്ക് ആളെക്കിട്ടുന്നു. സാധാരണ ആളെയല്ല. പൊലീസില്‍നിന്ന് തല്ല് ഇരന്നുവാങ്ങുന്നവരെത്തന്നെ കിട്ടുന്നു. തല്ലില്ലെന്ന് വ്രതമെടുത്തുവരുന്ന പോലീസുകാരെക്കൊണ്ടും തല്ലിച്ചേ മടങ്ങൂ അവര്‍. അത്ര അസ്സല്‍ കാഡര്‍. ജീവിതത്തില്‍ കണ്ടിട്ട് പോലുമില്ലാത്ത പാഠപുസ്‌തകം മാറ്റിക്കാനാണ് അവര്‍ ക്യൂ നിന്ന് തല്ല് വാങ്ങുന്നത്.
നാട്ടില്‍ വേറെപ്രശ്‌നങ്ങളൊന്നുമില്ലാഞ്ഞിട്ടല്ല. രണ്ടുപതിറ്റാണ്ട് കാലത്തെ ഏറ്റവും വലിയ വിലക്കയറ്റം ജനത്തിന്റെ ചോരയൂറ്റുന്നു. അതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസിന് കല്ലെറിയാന്‍ പറ്റില്ല, കേന്ദ്രം ഭരിക്കുന്ന നമ്മളല്ലേ പ്രതിക്കൂട്ടിലാകുക ? പാഠപുസ്‌തകപ്രക്ഷോഭം തന്നെ ഉചിതം. മൂന്നുമതങ്ങളുടെ വോട്ട് ബാങ്ക് മാനേജര്‍മാരും കാഷ്യര്‍മാരും കൂടെയുണ്ടെന്നതാണ് വലിയ ധൈര്യം.
നിശ്ചിത സംഖ്യ കൊടുത്താല്‍ ആളുടെ കൈവെട്ടാനും കാലുവെട്ടാനും കൊല്ലാന്‍ പോലും ആളെക്കിട്ടുന്ന നാട്ടില്‍ പോലീസിനെ കല്ലെറിയാനും അടിവാങ്ങാനും ആളെക്കിട്ടാന്‍ വലിയ പ്രയാസം കാണില്ല. ആയിരം പേരുള്ള ജാഥയില്‍ ലാത്തിച്ചാര്‍ജോ വെടിവെപ്പ് തന്നെയോ ഉണ്ടാക്കാന്‍ അഞ്ചുപേര്‍ മതിയാകും. എതിര്‍കക്ഷിയുടെ സത്യാഗ്രഹപന്തല്‍ ആക്രമിക്കാം. മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ചുതല്ലാം. കുട്ടികള്‍ക്ക് പഠിക്കാന്‍ കൊണ്ടുവരുന്ന പാഠപുസ്‌തകം ലോറിയില്‍ നിന്നിറക്കി കത്തിക്കുകയും ചവിട്ടിയരക്കുകയും ചെയ്യാം. ക്ലസ്റ്റര്‍ മീറ്റിങ്ങിനെത്തിയ അധ്യാപികമാരെ തല്ലിയോടിക്കാം. അക്രമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രകടനം അക്രമാസക്തമാക്കാം. എന്താണ് വേണ്ടതെന്ന് വെച്ചാല്‍ ജാഥ തുടങ്ങുംമുമ്പ് പറഞ്ഞാല്‍ സംഗതി റെഡി. പോലീസ് അടിച്ചാല്‍ മാത്രമല്ല, അടിക്കാഞ്ഞാലും പ്രകോപിതരാകാം.
പ്രതിഫലം പിന്നീട് കേഷ് ആയോ ദ്രവ്യമായോ സ്ഥാനമാനമായോ നല്‍കിയാല്‍മതി.. അപ്പോള്‍ ഞഞ്ഞാമിഞ്ഞാ പറയരുത്. പറഞ്ഞാല്‍, ഇവരുടെ കൈയിലിരിക്കുന്നതിന്റെ ചൂട് ഇവരെ പോറ്റിയ നേതാക്കള്‍ അനുഭവിക്കേണ്ടിവരും.
******
അറുപത്തേഴിലെ സപ്‌തമുന്നണി ഭരണകാലത്തെ പ്രക്ഷോഭങ്ങളാണ് കെ.എസ്.യു വിനെ വളര്‍ത്തിയത്. അത് നോക്കിനില്‍ക്കാനേ അന്നത്തെ സി.പി.എം വിദ്യാര്‍ഥി സംഘടനയായ കെ.എസ്.എഫിന് കഴിഞ്ഞുള്ളൂ. ഭരണകക്ഷിയുടെ വിദ്യാര്‍ഥിസംഘടന സര്‍ക്കാര്‍ അനുകൂല പ്രസ്‌താവനകള്‍ ഇറക്കി മിണ്ടാതിരിക്കാനേ പാടുള്ളൂ എന്നായിരുന്നു അന്നത്തെ വിശ്വാസം. ആ ക്ഷീണം തീര്‍ക്കാന്‍ കാല്‍നൂറ്റാണ്ട് വേണ്ടിവന്നു.
അന്നത്തെ ലാഭം ആവര്‍ത്തിക്കാന്‍ കെ.എസ്.യു.വും നഷ്ടം ആവര്‍ത്തിക്കാതിരിക്കാന്‍ എസ്.എഫ്.ഐ.യും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. കെ.എസ്.യു.ക്കാര്‍ക്ക് പാഠപുസ്‌തകമോ സ്വാശ്രയമോ ഫീസ് വര്‍ധനയോ ബസ് ചെളിതെറുപ്പിച്ചതോ എന്തെങ്കിലും കിട്ടിയാല്‍ മതി സമരം ചെയ്യാം. സഖാക്കള്‍ക്ക് അതുപറ്റില്ല. ബേബി സഖാവിന്റെ നേതൃത്വത്തില്‍ ഒരു പഴുതും നല്‍കാത്ത വിദ്യാഭ്യാസവിപ്ലവം സംസ്ഥാനത്ത് നടക്കുമ്പോള്‍ എന്തുപറഞ്ഞാണ് സമരം ചെയ്യുക ? ഭാഗ്യത്തിന് കെ.എസ്.യു.ക്കാര്‍ നാട് മുഴുവന്‍ അക്രമസമരം നടത്തി. അതുകൊണ്ട് അതിനെതിരെ പ്രകടനം നടത്താന്‍ ഗാന്ധിയന്‍ അഹിംസാവാദിസംഘടനയായ എസ്.എഫ്. ഐ.ക്ക് അവസരം കിട്ടി. മുദ്രാവാക്യം വിളിച്ചുതുടങ്ങിയപ്പോള്‍ തനിസ്വഭാവം പുറത്തുവന്നതുകൊണ്ടാണ് മാധ്യമസ്ഥാപനം ആക്രമിച്ചതെന്നും മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചതെന്നും ധരിക്കേണ്ട. വീര്യമുള്ള സംഘടന നമ്മുടേതാണെന്ന് ബോധ്യപ്പെടുത്താന്‍ അതേ വഴിയുണ്ടായിരുന്നുള്ളൂ.
ഇടതുഭരണത്തിനെതിരായ പോരാട്ടം അപ്പടി യു.ഡി.എഫ് ഏറ്റെടുത്താല്‍ പിന്നെ ആര്‍ഷഭാരതപാര്‍ട്ടിക്കെന്ത് സ്ഥാനം ? പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരുന്നുമുണ്ട്. ബി.ജെ.ബി.-യുവമോര്‍ച്ച സംഘത്തിന്റെ വീര്യം അതിന്റെ പ്രത്യാഘാതമാണ്. വിദ്യാഭ്യാസരംഗം മൊത്തം അലമ്പാക്കുന്നതിന്റെ ക്രഡിറ്റ് കെ.എസ്.യു വിന് പോകാതെ നോക്കാനുള്ള ബാധ്യത മലപ്പുറത്തെങ്കിലും മുസ്ലിം ലീഗ് ചുണക്കുട്ടികള്‍ക്കുണ്ടല്ലോ. നൂറുദിവസം സമരം ചെയ്‌താല്‍ കിട്ടുന്നതിലും വലിയ ദുഷ്‌പേര് ഒറ്റദിവസം കൊണ്ട് ഉണ്ടാക്കിയെടുക്കാന്‍ എം.എസ്.എഫ് മിടുക്കന്മാര്‍ക്ക് കഴിഞ്ഞു. ആകപ്പാടെ പ്രതീക്ഷാനിര്‍ഭരമാണ് ദിവസങ്ങള്‍. ഏഴാം തരം പാഠപുസ്‌തകമല്ല, ഒരു പാഠപുസ്‌തകവും നാട്ടില്‍ ആവശ്യമില്ലെന്ന അവസ്ഥ വൈകാതെ ഉണ്ടാക്കാനാവും- ഇതേ നിലയില്‍ മുന്നോട്ട് പോകണമെന്നുമാത്രം.
******
സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍തന്നെ പഠിപ്പിക്കണമെന്ന് ആഹ്വാനം ചെയ്‌ത ക്രാന്തദര്‍ശിയായ വിദ്യാഭ്യാസമന്ത്രിയാണ് എം.എ.ബേബി. സര്‍ക്കാര്‍ സ്‌കൂളിന്റെ അവസ്ഥയെക്കുറിച്ച് എം.എ.ബേബിക്ക് അറിയുന്നതിനേക്കാള്‍ നന്നായി അധ്യാപകര്‍ക്ക് അറിയുന്നതുകൊണ്ട് സംഗതി നടന്നില്ല.
ഭാവിയില്‍ കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയാകും എന്നൊരു ആള്‍ദൈവും പ്രവചിക്കാതിരുന്നതുകൊണ്ട് ബേബിസഖാവ് മക്കളെ ഡല്‍ഹിയില്‍ കേന്ദ്രീയ വിദ്യാലയത്തിലാണ് പഠിപ്പിച്ചിത്. പാര്‍ട്ടിയുടെ നയത്തില്‍ ലവലേശം വെള്ളം ചേര്‍ക്കാതെ സമ്പൂര്‍ണ പൊതുമേഖലാസ്‌കൂളില്‍ ചേര്‍ത്തത് ചെറിയ ത്യാഗമൊന്നുമായിരുന്നില്ല. രാജ്യസഭാംഗം കേരളത്തില്‍ മക്കളെ പഠിപ്പിക്കുന്നത് ശരിയുമല്ലല്ലോ. കേന്ദ്രീയ വിദ്യാലയത്തിലാവുമ്പോള്‍ പല സൗകര്യങ്ങളുണ്ട്. കേരളത്തിലായാലും ഡല്‍ഹിയിലായാലും കുട്ടികള്‍ വെറുതെ എസ്. എഫ്.ഐ-കെ.എസ്.യു കളിച്ച് വഷളാവുകയില്ല. സമരം എന്ന് ഉച്ചരിക്കാന്‍തന്നെ പാടില്ല അവിടത്തെ സ്‌കൂളില്‍. ഒരക്ഷരം മലയാളം പഠിക്കേണ്ടതില്ല എന്നതാണ് അതിലും വലിയ സൗകര്യം. നാട്ടില്‍വന്നാല്‍ ബസ്സിന്റെ ബോര്‍ഡ് വായിക്കാന്‍ സ്റ്റോപ്പില്‍ നില്‍ക്കുന്ന നവസാക്ഷരന്റെ സഹായം തേടേണ്ടി വരും. ആകപ്പാടെ മനോഹരം, പുരോഗമനപരം.
കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്കും ഇത്രയും വിട്ടുവീഴ്‌ച അനുവദിക്കാനിടയുണ്ട്. മക്കളെ കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ത്തന്നെ ചേര്‍ക്കണമെന്നില്ല. കേന്ദ്രംവക കേന്ദ്രീയത്തിലും ചേര്‍ക്കാം.