ഏഴാം തരത്തിലെ കമ്യുണിസം

ഇന്ദ്രൻ

കമ്യൂണിസം ഏത്‌ വഴിക്ക്‌ വന്നാണ്‌ നമ്മുടെ കഞ്ഞികുടി മുട്ടിക്കുകയയെന്ന്‌ ഭയന്നിരിക്കുന്നവര്‍ ഇക്കാലത്തുമുണ്ട്‌. മരിച്ചുപോയവരുടെ പ്രേതങ്ങള്‍ വന്ന്‌ കഴുത്തിന്‌ പിടിക്കുമോ എന്ന്‌ ഭയന്ന്‌ ഉറക്കം വരാത്തവര്‍ ഉള്ളതുപോലെ. കമ്യൂണിസം തോക്കിന്‍കുഴലിലൂടെ വരും, ബാലറ്റ്‌ പെട്ടിയിലൂടെ വരും എന്നെല്ലാമാണ്‌ ഇക്കാലമത്രയും പേടിപ്പിച്ചിരുന്നത്‌. ഇപ്പോഴിതാ പുതിയൊരു വഴിക്ക്‌ വരുമെന്ന്‌ ഹിന്ദു-കൃസ്‌ത്യന്‍-മുസ്ലിം സംഘടനകള്‍ കൂട്ടായി രംഗത്ത്‌ വന്ന്‌ മനുഷ്യനെ ഭീഷണിപ്പെടുത്തുന്നു. പുതിയ വഴി കേട്ടപ്പോഴാണ്‌ മൂക്കത്ത്‌ വിരല്‍ വെച്ചുപോയത്‌. കമ്യൂണിസം പാഠപുസ്‌തകം വഴി വരാനാണത്രെ ടിക്കറ്റെടുത്തിരിക്കുന്നത്‌.

രണ്ടാം മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായത്‌ മുതല്‍ കേരളത്തിലെ മതസംഘടനക്കാരും യൂത്ത്‌ കോണ്‍ഗ്രസ്‌-യൂത്ത്‌ ലീഗ്‌- യുവമോര്‍ച്ചാദി അകാലവാര്‍ദ്ധക്യം പ്രാപിച്ചവരും സ്‌കൂള്‍ പാഠപുസ്‌തകം താഴെവെച്ചിട്ടില്ല. അവ ഒന്നൊന്നായി വായിച്ചുതള്ളുകയായിരുന്നു അവര്‍. വെറുതെയങ്ങ്‌ വായിച്ചാലും പോര. വരികളും വായിക്കണം വരികള്‍ക്കിടയിലും വായിക്കണം. എവിടെയാണ്‌ കമ്യൂണിസത്തിന്റെ വിഷബീജങ്ങള്‍ ഒളിച്ചുവെച്ചിരിക്കുന്നതെന്ന്‌ അറിയാന്‍ പാടില്ലല്ലോ. പള്ളിക്കൂടത്തില്‍ പഠിക്കുന്ന കാലത്ത്‌ ഇതിന്റെ പാതിയെങ്കിലും വായിച്ചിരുന്നെങ്കില്‍ എല്‍.ഡി.ക്ലര്‍ക്കെങ്കിലും ആയി രക്ഷപ്പെട്ടുപോകുമായിരുന്നു. ഇനി പറഞ്ഞിട്ട്‌ കാര്യമില്ല.

എല്‍.കെ.ജി മുതല്‍ ബി.എ. വരെ ക്ലാസ്സുകള്‍ ഒന്നര ഡസനുണ്ട്‌. ഓരോന്നിലും ചുമട്ടുതൊഴിലാളിയെ സഹായത്തിന്‌ വിളിക്കാന്‍ പോന്നത്ര എണ്ണത്തിലും വലുപ്പത്തിലും പുസ്‌തകങ്ങളുമുണ്ട്‌. ഓരോ പുസ്‌തകത്തിലുമുണ്ട്‌ എണ്ണിയാല്‍ തീരാത്തത്ര പാഠങ്ങള്‍. ഏഴാംതരത്തില്‍ തന്നെ പാഠങ്ങളെത്രയുണ്ടെന്നാണ്‌ വിചാരം ? ഒരൊറ്റ പാഠമാണ്‌ കേരളത്തെയാകമാനം തകിടം മറിക്കാന്‍ പോകുന്നത്‌. എല്‍.കെ.ജി മുതല്‍ സര്‍വപാഠങ്ങളും പഠിച്ച്‌ ദൈവഭക്തനും മതവിശ്വാസിയും സാത്വികനും സര്‍വോപരി ജനാധിപത്യവാദിയുമായി വളര്‍ന്നുവന്ന പയ്യനും പയ്യത്തിയും ഏഴാംക്ലാസ്സിലെ സാമൂഹ്യശാസ്‌ത്രത്തിലെ ഒരു പാഠം പഠിച്ചുകഴിയുമ്പോഴേക്ക്‌ മതവിരുദ്ധനും യുക്തിവാദിയും ഭൗതികവാദിയും നിരീശ്വരനും സര്‍വോപരി കമ്യൂണിസ്റ്റുകാരനുമാകും എന്നതാണ്‌ പ്രശ്‌നം. ഇങ്ങനെ ഇടതുമുന്നണി ഭരിക്കുന്ന അഞ്ചുകൊല്ലംകൊണ്ട്‌ കേരളം നിറയെ മതവിരുദ്ധകമ്യൂണിസ്റ്റുകള്‍ നിറഞ്ഞുകവിയം. പിന്നെ കമ്യൂണിസം വരാന്‍ തോക്കിന്‍കുഴലൊന്നും വേണ്ടി വരില്ല, ബാലറ്റ്‌ പെട്ടിതന്നെ മതിയാകും. പേടിക്കേണ്ട സംഗതിതന്നെ.

ഇടതുമുന്നണിയെ അധികാരത്തിലേറ്റാന്‍ പാടുപെട്ട ആധ്യാത്മികാചാര്യന്മാര്‍ തന്നെ പരിഭ്രമിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും നിയമസഭാതിരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണിത്തീരുംമുമ്പ്‌ ടി.കെ.ഹംസ മുതല്‍ പിണറായി വിജയന്‍ വരെയുള്ളവര്‍ പാഞ്ഞുചെന്ന്‌ നന്ദി പറഞ്ഞ ഒരു മതാചാര്യന്‍ വടക്കന്‍ കേരളത്തിലുണ്ട്‌. സുന്നി വിശ്വാസികളില്‍ ഒരു വിഭാഗത്തിന്റെ നേതാവാണ്‌ അദ്ദേഹം. നാട്ടുകാര്‍ ഇദ്ദേഹത്തിന്റെ വിഭാഗത്തെ സ്‌നേഹപൂര്‍വം അരിവാള്‍സുന്നി എന്നാണ്‌ വിളിക്കാറുള്ളത്‌. കഠിന മതവിശ്വാസിയും അതിലേറെ കഠിന മതേതരവിശ്വാസിയുമാണ്‌ അദ്ദേഹം. മതവിശ്വാസത്തിന്റെ പച്ചക്കൊടിയും മതേതരവിശ്വാസത്തിന്റെ പച്ചച്ചെങ്കൊടിയും ഒരേസമയം രണ്ടുകൈകളിലുമേന്തുന്നവര്‍ ഈ ഭൂലോകത്ത്‌ കേരളത്തിലേ ഉള്ളൂ എന്നാണ്‌ പറയപ്പെടുന്നത്‌. കേരളം അങ്ങനെ പലതരം വിചിത്രജീവജാലങ്ങളുള്ള പ്രത്യേകപരിസ്ഥിതി ആവാസവ്യവസ്ഥയാണല്ലോ.

നടേപറഞ്ഞ പുരോഗമന മതേതര മതനേതാവ്‌ ഉന്നയിച്ചത്‌ അതിഗൗരവമായ ഒരു പ്രശ്‌നമാണ്‌. ഏഴാംതരം സാമൂഹ്യശാസ്‌ത്രത്തില്‍ ഒരു കൊടിയ മതവിരുദ്ധ ആശയമുണ്ട്‌. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നതാണ്‌ ആ ആശയം. എന്തൊരു അബദ്ധം ആശയം. ശ്രീനാരായണഗുരു ഇങ്ങനെ പറഞ്ഞില്ലേ എന്നുചോദിച്ച്‌ ഇതിനെ ന്യായീകരിക്കാന്‍ നോക്കരുത്‌. ശ്രീനാരായണഗുരു ഒരു ജാതി ഒരു മതം ഒരു മനുഷ്യന്‌ എന്ന്‌ പറഞ്ഞില്ലേ ? ഇതംഗീകരിക്കാന്‍ പറ്റുമോ ? പറ്റും- മനുഷ്യര്‍ മുഴുവന്‍ നമ്മുടെ മതത്തില്‍ച്ചേരുകയാണെങ്കില്‍ മാത്രം. എന്നോ മണ്‍മറഞ്ഞ ഗുരു പറഞ്ഞതാണെന്നതുകൊണ്ടും കുറച്ച്‌ ഈഴവര്‍ മാത്രമേ കേള്‍ക്കുകയുള്ളൂ എന്നതു കൊണ്ടും മിണ്ടാതിരുന്നെന്നേ ഉള്ളൂ. പാഠപുസ്‌തകത്തിലാക്കുമ്പോള്‍ കളി മാറും. ശ്രീനാരായണഗുരു പറഞ്ഞത്‌ കേട്ടുകൊണ്ടിരുന്നാല്‍ ഈഴവര്‍ തെണ്ടിപ്പോവുകയേ ഉള്ളൂ എന്ന്‌ ശ്രീനടേശഗുരു തിരുത്തിയിട്ടുമുണ്ട്‌. അത്‌ വിട്‌. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന്‌ പഠിപ്പിക്കാനേ പാടില്ല. മനുഷ്യന്‍ നന്നായില്ലെങ്കിലും വേണ്ടില്ല മതം ഡേഷ്‌ തന്നെയാവണം എന്നാണ്‌ യഥാര്‍ഥത്തില്‍ പഠിപ്പിക്കേണ്ടത്‌. അല്ലെങ്കില്‍, നന്നാവണമെങ്കില്‍ മനുഷ്യന്‍ ഡേഷ്‌ മതക്കാരന്‍ തന്നെയാവണം എന്നുപഠിപ്പിക്കണം. ശരി ഇവിടെ ഹലാക്കിന്റെ മതേതരത്വമായതുകൊണ്ട്‌ അങ്ങിനെ വേണ്ട എന്ന്‌ സമ്മതിക്കാം. എന്തായാലും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന്‌ പഠിപ്പിക്കാന്‍ പാടില്ല. അതുമതവിരുദ്ധമാണ്‌, കമ്യൂണിസമാണ്‌.

കേരളത്തിലെ മറ്റു പാഠപുസ്‌തകങ്ങള്‍ മതാചാര്യന്മാര്‍ വായിച്ചിട്ടില്ലാത്തതു ഭാഗ്യംഎന്നുകരുതിയാല്‍മതി. സാമൂഹ്യശാസ്‌ത്രം മാത്രമല്ല അസല്‍ ശാസ്‌ത്രം തന്നെ ഇവിടെ പഠിപ്പിക്കുന്നു. അതിലൊരിടത്തുപോലും ദൈവമാണ്‌ ഭൂമിയേയും കോടാനുകോടി നക്ഷത്രങ്ങളെയും ഇക്കണ്ട ജീവജാലങ്ങളെല്ലാറ്റിനേയും സൃഷ്ടിച്ചതെന്ന്‌ പഠിപ്പിക്കുന്നേയില്ല. ഈരേഴുപതിവാലുലോകമുണ്ടെന്ന്‌ പഠിപ്പിക്കുന്നില്ല. ആണിന്റെ വാരിയെല്ലെടുത്താണ്‌ പെണ്ണിനെ സൃഷ്ടിച്ചതെന്ന്‌ പഠിപ്പിക്കുന്നില്ല. പെണ്ണിന്റെ തലച്ചോറിന്‌ ആണിന്റെ തലച്ചോറിനേക്കാള്‍ വലുപ്പം കുറവാണെന്നും തത്‌ഫലമായി പെണ്ണിന്‌ ആണിനേക്കാള്‍ ബുദ്ധി കുറവാണെന്നും പഠിപ്പിക്കുന്നില്ല. ഇതെല്ലാം സഹിക്കാം. മനുഷ്യന്‍ മൃഗങ്ങളില്‍ നിന്ന്‌ പരിണമിച്ചാണ്‌ ഉണ്ടായതെന്നും കുരങ്ങന്‍ മനുഷ്യന്റെ മുത്തച്ഛനാണ്‌ എന്നുമുള്ള ഡാര്‍വിന്‍ സിദ്ധാന്തം പഠിപ്പിക്കുകയും ചെയ്യുന്നു. ഇതെങ്ങനെ സഹിക്കും ? സത്യവിശ്വാസികളായ ടി.എം.ജേക്കബും പി.ജെ.ജോസഫും ഇ.ടി.മുഹമ്മദ്‌ ബഷീറും മന്ത്രിയായിരിക്കുമ്പോഴും പഠിപ്പിക്കുന്നുണ്ടായിരുന്നു ഈ സര്‍വാബദ്ധങ്ങളെല്ലാം എന്നോര്‍ക്കുമ്പോഴാണ്‌ നാസ്‌തികരുടെ സ്വാധീനം എന്തുമാത്രമുണ്ടെന്ന്‌ അറിയുക.

കേരളത്തില്‍ കമ്യൂണിസ്റ്റുകാരുടെ സി.ഐ.എ പേടിയോട്‌ കിടപിടിക്കാന്‍ കഴിയുന്ന മറ്റൊരു പേടിയേ ഉള്ളൂ. അത്‌ കമ്യൂ വിരുദ്ധരുടെ കമ്യൂണിസ്റ്റ്‌ പേടിയാണ്‌. രണ്ടുകൂട്ടര്‍ക്കും ഉറക്കമില്ല. സ്‌കൂളില്‍ കമ്യൂണിസം പഠിപ്പിക്കണം എന്ന്‌ കമ്യൂണിസ്റ്റുകാര്‍ക്ക്‌ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പഠിപ്പിച്ചതുകൊണ്ട്‌ ഒരു പ്രയോജനവും ഇല്ലെന്ന്‌ ബോധ്യമുള്ളതുകൊണ്ടാണ്‌. മുക്കാല്‍നൂറ്റാണ്ടുകാലം കമ്യൂണിസം മാത്രം പഠിപ്പിച്ചതിന്റെ ഫലമായാണ്‌ സോവിയറ്റ്‌ യൂണിയനില്‍ അത്‌ ഉപ്പുവെച്ച കലം പോലെയായത്‌. പിന്നെയല്ലേ ഇവിടെ ഏഴാം ക്ലാസ്സില്‍ പഠിപ്പിച്ചിട്ട്‌ അത്‌ രക്ഷപ്പെടാന്‍ പോകുന്നത്‌. പാഠപുസ്‌തകം വായിച്ചാണ്‌ കുട്ടികള്‍ പഠിക്കുന്നത്‌ എന്നതാണ്‌ വലിയ തെറ്റിദ്ധാരണ. എന്നാണാവോ അതുമാറുക!
***********

അനാവശ്യഹര്‍ത്താലുകളും ബന്ദുകളും നാടിന്‌ ദ്രോഹമാണെന്ന്‌ പറഞ്ഞതിന്‌ പാര്‍ലമെന്റംഗമായ അബ്ദുല്ലക്കുട്ടിയെ പാര്‍ട്ടി പരസ്യമായി ശാസിച്ചിരിക്കുന്നു. നാലുമാസക്കാലം തലങ്ങും വിലങ്ങും ആലോചന നടത്തിയാണ്‌ പാര്‍ട്ടി ഇക്കാര്യത്തില്‍ നിലപാടെടുത്തത്‌. അനാവശ്യബന്ദുകളും ഹര്‍ത്താലുകളും നാടിന്‌ ദ്രോഹകരമല്ല, ഗുണകരമാണ്‌ എന്നാവണം പാര്‍ട്ടിയുടെ നിലപാട്‌. സുചിന്തിതമായ നിലപാട്‌ എന്നൊക്കെ പറയുന്നത്‌ ഇതിനാണ്‌.

പാര്‍ട്ടി ഇണ്ടാസ്സിന്‌ വഴങ്ങിയതായി തുടര്‍ന്ന്‌ അബ്ദുല്ലക്കുട്ടി പരസ്യപ്രസ്‌താവന നടത്തിയിട്ടുണ്ട്‌. അകത്ത്‌ പറയേണ്ടത്‌ പുറത്തുപറഞ്ഞുപോയി എന്നദ്ദേഹം കുമ്പസ്സരിക്കുകയും ചെയ്‌തു. അനാവശ്യഹര്‍ത്താല്‍ നാടിന്‌ ദ്രോഹം എന്ന്‌ അദ്ദേഹം ഇനി പ്രസംഗിക്കില്ല. അനാവശ്യ ഹര്‍ത്താലും അത്യാവശ്യം എന്നാവാം പറയുക.

പറയാന്‍ അധികാരമുള്ള കാര്യങ്ങളേ ഓരോരുത്തരും പറയാവൂ. ഭിക്ഷ ചോദിച്ചുവന്നവനോട്‌ ഭിക്ഷയില്ലെന്ന്‌്‌ പറഞ്ഞ കാര്യസ്ഥന്റെ കഥ കേട്ടിട്ടില്ലേ ? പറഞ്ഞപ്പോള്‍ ഭിക്ഷക്കാരനെ തിരിച്ചുവിളിക്കാനാണ്‌ ജന്മി കല്‌പ്പിച്ചത്‌. എന്നാല്‍ വല്ലതും ഭിക്ഷക്കാരന്‌ കൊടുത്തുവോ ? അതൊട്ടില്ല താനും. ഭിക്ഷതരാന്‍ ഉദ്ദേശ്യമില്ലെന്ന്‌ ജന്മിതന്നെ അറിയിക്കണം എന്നതാണ്‌ ശരിയായ നടപടിക്രമം.

വിനോദസഞ്ചാരമേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കണം എന്ന്‌ പറയാന്‍ കോടിയേരി ബാലകൃഷ്‌ണന്‍ജന്മിക്ക്‌ അധികാരമുണ്ട്‌. അതുകേട്ട്‌ അബ്ദുല്ലക്കുട്ടിക്കുടിയാന്‍ കേറി അഭിപ്രായം തട്ടരുത്‌. ഇങ്ങനെ പോയാല്‍ നോക്കുകൂലി തെറ്റാണെന്നൊക്കെ അബ്ദുല്ലക്കുട്ടിയെപ്പോലുള്ളവര്‍ പറഞ്ഞുകളയില്ലേ? പാര്‍ലമെന്റ്‌ മെമ്പറുടെ പത്രാസും കൊണ്ട്‌ പാര്‍ട്ടിയുടെ തലയില്‍ കേറിയിരിക്കാന്‍ നോക്കേണ്ട മയ്യില്‍ ഏരിയാകമ്മിറ്റി മെമ്പര്‍.

***********

കെ.എസ്‌.യു.ക്കാര്‍ സമരം നടത്തുന്നത്‌ നക്‌സലൈറ്റ്‌ മോഡലില്‍ എന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.

നക്‌സലൈറ്റുകള്‍ എണ്ണത്തില്‍ കുറവേ ഉള്ളൂ എന്നുവെച്ച്‌ എങ്ങനെയും അപമാനിക്കാമെന്ന്‌ ധരിക്കരുത്‌.

Leave a Reply

Your email address will not be published. Required fields are marked *

Go Top