കൈയില്‍ ധനമുള്ളവനേ അധികാരവുമുള്ളൂ. അതുമനസ്സിലാക്കാന്‍ ധനതത്ത്വശാസ്‌ത്രത്തില്‍ ഡോക്‌റ്ററേറ്റ് വേണ്ട. പണം സ്വന്തമാകണമെന്നുമില്ല, വല്ലവന്റേതും മതി. നേതാക്കള്‍ അധികാരം കൈയ്യാളുന്നത് തറവാട്ടിലെ വരുമാനം കൊണ്ടല്ല, നമ്മുടെ നികുതിപ്പണം കൊണ്ടാണ്.
മന്ത്രിസഭകളില്‍ ധനമന്ത്രിയുടെ സ്ഥാനം പഴയ നാടുവാഴിയുടേതിന് തുല്യമാണ്. എല്ലാവരും മന്ത്രിമാരാണ്, എന്നാല്‍ ധനമന്ത്രി മന്ത്രിമുഖ്യനാണ്. മന്ത്രിമാര്‍ക്ക് പെട്ടിക്കട ഉദ്‌ഘാടനം ചെയ്‌തായാലും പത്രസമ്മേളനം നടത്തിയിട്ടായാലും ദിവസവും പുതുപദ്ധതികള്‍ പ്രഖ്യാപിക്കാം. പക്ഷേ, അതിനുള്ള കാശ് കിട്ടണമെങ്കില്‍ മന്ത്രിമുഖ്യന്‍ കനിയണം. മുഖ്യമന്ത്രിയുടെ വകുപ്പായാലും ശരി, ധനവകുപ്പിന്റെ ഒടക്കിന് ഊക്ക് കുറയില്ല. മുണ്ട് അരയില്‍ കെട്ടി പഞ്ചപുച്ഛമടക്കി നിന്നാല്‍ നാടുവാഴി വല്ലതും തന്നെന്നിരിക്കും. അടിയന്‍മാര്‍ വാങ്ങി കാല്‍തൊട്ട് വന്ദിച്ച് മടങ്ങും. എന്നാലേ അടുത്ത വരവിന് വല്ലതും കിട്ടൂ.
തിന്നുന്ന രാജാവിന് കൊല്ലുന്ന മന്ത്രി എന്ന ശൈലി ഉണ്ടായതുതന്നെ ധനവകുപ്പില്‍ നിന്നാണെന്ന് പറയപ്പെടുന്നു. ധനമന്ത്രിയാണ് ധനവകുപ്പിലെ രാജാവ്. വകുപ്പുദ്യേഗസ്ഥന്മാര്‍ ഓരോരുത്തരും ഓരോ മന്ത്രിയാണ്. മന്ത്രിസഭ തന്നെ തീരുമാനിച്ച പദ്ധതിയായാലും ശരി ധനവകുപ്പുദ്യോഗസ്ഥന്‍ പിടിച്ചുവെക്കും, വെട്ടും, കൊല്ലും. അതിന് അവര്‍ക്ക് ധനമന്ത്രിയുടെ അനുമതിയൊന്നും വേണ്ട. ധനമന്ത്രിയും വെട്ടുകത്തിയുമായി ഒപ്പമുണ്ടെങ്കില്‍ ബഹുസന്തോഷമാകുമെന്നുമാത്രം. ധനമന്ത്രിയെത്തന്നെ വെട്ടാന്‍ മടിയില്ലാത്ത വേന്ദ്രന്മാരാണ് ധനവകുപ്പിലിരിക്കുന്നത്. ധനമന്തിയൊരു പാവം ശിവദാസമേനോനോ ശങ്കരനാരായണനോ ആണെങ്കില്‍ പറയുകയും വേണ്ട. ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ച, നിയമസഭ പാസ്സാക്കിയ ആനുകൂല്യം ഉദ്യോഗസ്ഥര്‍ വകുപ്പും നിയമവും പറഞ്ഞ് വെട്ടിയ അനുഭവങ്ങള്‍ ഏറെയുണ്ട് കേരളത്തില്‍. തെളിയ്‌ക്കുന്ന വഴിയെ കാലികള്‍ പോകുന്നില്ലെങ്കില്‍ പോകുന്ന വഴിയെ തെളിയ്‌ക്കുകയേ പാവം ധനമന്ത്രിക്ക് നിവൃത്തിയുള്ളൂ. ധനതത്ത്വശാസ്‌ത്രത്തില്‍ ഡോക്‌റ്ററേറ്റ് ഉള്ളവര്‍ക്ക് അതു ബാധകമല്ല. അവര്‍ കാലികളുടെ ഒപ്പം നാലുകാലിലോടും.
മുന്നണിയിലെ കക്ഷിനോക്കിവേണം പണമനുവദിക്കാന്‍. വെളിയത്തിന്റെ വെളിവില്ലാത്ത ശിഷ്യന്മാര്‍ മന്ത്രിമാരായിട്ടുള്ള വകുപ്പുകളാണെങ്കില്‍ വല്ലപ്പോഴും ഒരു ഓട്ടമുക്കാല്‍ എറിഞ്ഞ് കൊടുത്താല്‍ മതി. തൂങ്ങിച്ചാകുന്ന കര്‍ഷകന്റെ പ്രശ്‌നമായാലും ശരി പണംകിട്ടാന്‍ പണിവേറെ നോക്കണം. മന്ത്രിയൊരു മുല്ലക്കരയാണെങ്കില്‍ പറയുകയും വേണ്ട. സി.പി.ഐ യും ആര്‍.എസ്.പി.യും അക്കാര്യത്തില്‍ സി.പി.എമ്മിനു തുല്യമാണ്. ഇ.എം.എസ് ഇരുന്ന കസേരയില്‍ എം.എ.ബേബിയിരിക്കും. എമ്മനും ടി.വി.യും അച്യൂതമേനോനും എന്‍.ഇ.ബാലറാമുമെല്ലാം നെറ്റിപ്പട്ടം വേണ്ടാത്ത ഗജവീരന്മാരായിരുന്നു. ഇപ്പോള്‍ കുഴിയാനകളുടെ മസ്‌തകത്തിലാണ് നെറ്റിപ്പട്ടം. കുഴിയാനകളെ എന്തും ചെയ്യാം. സി.പി.ഐ.ക്കാരേക്കാള്‍ ദയനീയമാണ് സി.പി.എമ്മിലെ എതിര്‍ഗ്രൂപ്പുകാരുടെ സ്ഥിതി. ധനമന്ത്രി നില്‍ക്കുന്ന ഗ്രൂപ്പിലാണ് ധനവകുപ്പും നില്‍ക്കുന്നത്‌്. ഏതുമന്ത്രി ഏതുഗ്രൂപ്പിലെന്ന് ഉദ്യേഗസ്‌ഥന്മാര്‍ക്കും അറിയാം. ഗ്രൂപ്പ് നോക്കി പണമനുവദിക്കും. ചോദിക്കും മുമ്പ് പണംകിട്ടുന്ന വകുപ്പുകളുണ്ടത്രെ. അവര്‍ വിത്തമന്ത്രിയുടെ സ്വന്തം ബേബിമാരാണ്. വിത്തനാഥന്റെ ബേബിക്ക് പാലും മറ്റേച്ചെറുക്കന് കാടിവെള്ളവും.
പൊതുമരാമത്ത് വകുപ്പ് ഇങ്ങനെയൊരു കാടിവെള്ളം കുടിക്കുന്ന കുരുവിളയുടെ കൈയിലായിരുന്നു. മഴയ്‌ക്ക് മുമ്പുള്ള ചില്ലറപ്പണിക്കൂകൂടി പണമനുവദിക്കാന്‍ ധന ദിവാന്‍ കൂട്ടാക്കാഞ്ഞതുകൊണ്ടാണ് ആറുമാസക്കാലം കേരളത്തിലെ റോഡുകള്‍ കുളങ്ങളായതെന്ന് ചിലര്‍ പറയുന്നുണ്ട്. സംഭവമെന്താണെന്ന് കുരുവിളയ്‌ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. റോഡ് ആ കോലത്തിലാക്കിയത് എ.ഡി.ബി വായ്‌പ വാങ്ങാന്‍ സമ്മതിപ്പിക്കുന്നതിനുള്ള വലിയ തന്ത്രമായിരുന്നുവെന്ന് ചില ശത്രുക്കളും അധിനിവേശപ്രതിരോധക്കാരും വിശ്വസിക്കുന്നുണ്ട്. എന്തോ, ധനശാസ്‌ത്രജ്ഞമന്ത്രിക്ക് അത്ര ബുദ്ധിയുണ്ടെന്നതിന് വേറെ തെളിവില്ല.
ഒരു കാട്ടില്‍ സിംഹങ്ങളധികമുണ്ടായാല്‍ പ്രശ്‌നമാകും. ധനഭരണമേഖലയില്‍ ധനശാസ്‌ത്രജ്ഞന്മാര്‍ ഒന്നിലേറെയുണ്ടായാലും ഫലമതുതന്നെ. മുഖ്യമന്ത്രിയുടെ പണിയാണത്. ഒരു ധനശാസ്‌ത്ര പണ്ഡിതനെ ഡല്‍ഹിയില്‍ നിന്ന് കൊണ്ടുവന്ന് സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡിന്റെ തലപ്പത്ത് പ്രതിഷ്‌ഠിച്ചു. അതും ഒരു താടിക്കാരന്‍. പത്ത് കേരളകോണ്‍ഗ്രസ്സുകാര്‍ യോജിച്ചാലും രണ്ടു ധനശാസ്‌ത്രജ്ഞര്‍ യോജിക്കുകയില്ല. ഏതു പ്രഭാതത്തിലാണ് ഈ പടനായകന്‍ ഡല്‍ഹിയിലേക്ക് സ്ഥലം വിടുകയെന്ന് പറയാനാവില്ല. അതുവരെ ധനവകുപ്പ് കിഴക്കോട്ടും പ്ലാനിങ് ബോര്‍ഡ് പടിഞ്ഞാറോട്ടും കുതിക്കും.
ധനമന്ത്രിക്കെതിരെ പ്രസ്‌താവന നടത്തുക, നിവേദനവുമായി മുഖ്യമന്ത്രിയെ സമീപിക്കുക തുടങ്ങിയ ചെറുപരിഹാരക്രിയകളേ മന്ത്രിമാര്‍ ഇപ്പോള്‍ നടത്തുന്നുള്ളു. കൂട്ടുത്തരവാദിത്തത്തിന്റെ കാര്യത്തില്‍ സര്‍വകാലറെക്കോഡ് ഉണ്ടാക്കാനുള്ള തീരുമാനമുള്ളതുകൊണ്ട് അടുത്ത ഘട്ടത്തില്‍ മന്ത്രിമാര്‍ ധനമന്ത്രിയുടെ വീട്ടുപടിക്കല്‍ അനിശ്ചിതകാല ഉപവാസം തുടങ്ങിക്കൂടെന്നില്ല.
**********
മാര്‍ ജോസഫ് പൗവ്വത്തിലിന്റെ ആഹ്വാനം കേട്ട് മതേതരവാദികള്‍- വ്യാജനും മറ്റതും- ഒരുപോലെ രോഷം കൊള്ളുകയാണ്. രാജ്യത്ത് മതേതരത്വം ഇല്ലാതായിപ്പോകും എന്ന ബേജാറുകൊണ്ടാം മതേതരക്കാര്‍ ചൂടായത്. ഹിറ്റലര്‍ പ്രസ്ഥാനം തുടങ്ങിയത് നല്ല ജര്‍മന്‍കാര്‍ ജര്‍മന്‍ സ്‌കൂളുകളില്‍ തന്നെ പഠിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണെന്ന് അവര്‍ എടുത്തുപറയുന്നുണ്ട്. പൗവ്വത്തില്‍ പിതാവ് അത്ര കടുപ്പമേറിയ പണിയൊന്നും ഉദ്ദേശിച്ചിരിക്കാനിടയില്ല. കൃസ്‌ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ പഠിച്ചാല്‍ മക്കള്‍ ധാര്‍മികതയും വിശ്വാസവും ഉള്ളവരാകുമെന്ന വിശ്വാസം കൊണ്ട് ചിലതുപറഞ്ഞുപോയിരിക്കാനേ വഴിയുള്ളൂ, വേറെ ദുരുദ്ദേശമൊന്നുമുണ്ടായിരുന്നില്ല.
മതവും സംസ്‌കാരവും തലമുറകളായി പകര്‍ന്നുകിട്ടുന്നതാണെന്നും ഓരോ മതവിഭാഗത്തിനും അവരുടെതായ സംസ്‌കാരമുണ്ടെന്നും അത് പുതിയ തലമുറയിലേക്ക് കൈമാറുന്നത് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വഴിയാണെന്നും ആണ് പിതാവ് പറഞ്ഞത്. ആത്മീയമണ്ഡലത്തില്‍ ചരിക്കുന്നവര്‍ക്ക് സ്‌കൂളുകളെക്കുറിച്ച് വലിയ പിടിപാടൊന്നും ഉണ്ടാവില്ലെന്നതിന് വേറെ തെളിവുവേണ്ട. സര്‍ക്കാര്‍ തയ്യാറാക്കുന്നതിന് അപ്പുറം ഒരു വിഷയവും വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നില്ല. പഠിപ്പിക്കുന്നവരോ ? അവരില്‍ മതവും സംസ്‌കാരവും ഉള്ളവരുമുണ്ട്, രണ്ടുമില്ലാത്തവരുമുണ്ട്. കെ.ഇ.ആറില്‍ ഇതിനെക്കുറിച്ച് പറയുന്നില്ല. കോഴവാങ്ങിയും മറ്റുസ്വാധീനത്തിന് വഴങ്ങിയും നിയമനം നടത്തുമ്പോള്‍ എങ്ങനെയാണ് മതവും സംസ്‌കാരവും നോക്കുക. അതുകൊണ്ടുതന്നെ മതവും സംസ്‌കാരവും വിദ്യാലയങ്ങളില്‍ ഔട്ട് ഓഫ് സിലബസ് ആണ്. കൃസ്‌ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ പഠിച്ചതുകൊണ്ടുമാത്രം മൂല്യവും സംസ്‌കാരവും ഉണ്ടായ ആരേയും ഇത്രയും കാലത്തിനിടയില്‍ കേരളത്തില്‍ കണ്ടിട്ടില്ല.
സ്‌കൂളുകളില്‍ പരക്കെ മതവും സ്‌ംസ്‌കാരവും പകര്‍ന്നുകൊടുത്തുതുടങ്ങിയാല്‍ വേറെ ചില പ്രയാസങ്ങളുണ്ട്. പിതാവ് പ്രസംഗത്തിനിടയില്‍ അതോര്‍ത്തുകാണില്ല. മൈക്കുകുറ്റികള്‍ക്ക് അങ്ങനെയൊരു കുഴപ്പമുണ്ട്. മനുഷ്യന്റെ മതവും സംസ്‌കാരവും തന്നെ മാറ്റിമറിച്ചുകളയുന്ന, പിശാചിന്റെ ഉപകരണമാണത്. നിങ്ങളുടെ മതവും സംസ്‌കാരവും പകര്‍ന്നുകൊടുക്കുന്നേടത്ത് ഞങ്ങളുടെ കുട്ടികളെ അയക്കേണ്ട എന്ന് വേറെ മതവും സംസ്‌കാരവും ഉള്ളവര്‍ തീരുമാനിച്ചേക്കും. ആ കച്ചവടം ലാഭകരമാവില്ല. പൗവ്വത്തിലിന്റെ പാതയില്‍ നാരായണപ്പണിക്കരും വെള്ളാപ്പള്ളിയും കുമ്മനം രാജശേഖരനും ശിഹാബ് തങ്ങളുമെല്ലാം നീങ്ങിയാല്‍ പൂട്ടുക നമ്മുടെ സ്‌കൂളാകൂം.
മൈക്ക്‌പിശാച് നാളെ ആരെക്കൊണ്ട് എന്തെല്ലാമാണ് പറയിക്കുക എന്നാര്‍ക്കറിയാം. ചായക്കടയില്‍ പോകുന്നതും പച്ചക്കറിവാങ്ങുന്നതും മീന്‍ വാങ്ങുന്നതും വോട്ട് ചെയ്യുന്നതും എല്ലാം എല്ലാം മതവും സംസ്‌കാരവും നോക്കിവേണമെന്ന് നാളെ ആര്‍ക്കെങ്കിലും തോന്നിക്കൂടെന്നില്ല. ദൈവത്തിന്റെ സ്വന്തം നാടായതുകൊണ്ട് തത്സമയത്ത് ദൈവം ഇടപെടുമായിരിക്കും.
*********
മീഡിയ സിന്‍ഡിക്കേറ്റുകാരുടെ പതിവ് പരിപാടിയാണിത്. മന്ത്രിയുടെ മഹദ്‌വചനങ്ങളില്‍ ഏതാണോ പ്രധാനം അത് അവഗണിക്കുക, അപ്രധാനമായത് എട്ടുകോളത്തില്‍ ഇട്ടലക്കുക. കഴിഞ്ഞ ദിവസം സഖാവ് സി.ദിവാകരന്റേതായി വന്ന മൊഴിമുത്തുകളില്‍ ഏറ്റവും പ്രധാനം കേരളത്തില്‍ വിലക്കയറ്റമില്ല എന്നതുതന്നെയാണ്. മറ്റുപല തിന്മകളും പോലെ വിലക്കയറ്റവും മാധ്യമസൃഷ്ടിയാണ്. വിലകയറുന്നില്ല, ഇടതുമുന്നണി സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ വില കയറുന്നു എന്ന തോന്നല്‍ സൃഷ്ടിക്കുന്നു. പത്രങ്ങളില്‍ വായിച്ച് വായിച്ച് ജനത്തിനും വിലക്കയറ്റം ഉണ്ടെന്ന തോന്നലുണ്ടാകുന്നു. തോന്നലാണെല്ലാം വെറും തോന്നലാണെന്നും തോന്നി എന്ന് പറഞ്ഞതുപോലുള്ള തോന്നല്‍.
സുപ്രധാനകാര്യം മറച്ചുവെച്ചിട്ട് മാധ്യമങ്ങള്‍ട്ട് ചെയ്‌തതെന്താണ് ? സി.ദിവാകരനെ ലൂയി പതിനാലാമന്റെ രാജ്ഞി മേരിയായി ചിത്രീകരിച്ചു. എന്തൊരു ഭാവന….അരിക്ക് വിലക്കയറ്റവും ക്ഷാമവും ഉണ്ട് എന്നത് തോന്നല്‍ മാത്രമായിരിക്കേ അരിഭക്ഷണം ഉപേക്ഷിച്ച് മുട്ടയും പാലും കഴിക്കാന്‍ ഉപദേശിക്കേണ്ട കാര്യമേ മന്ത്രിക്കില്ല. അരിക്ക് അനുഭവപ്പെടുന്നതിലേറെ വലിയ ക്ഷാമമാണ് കേരളത്തില്‍ പാലിനും മുട്ടക്കും മാംസത്തിനുമുള്ളത്. വര്‍ഷം നാനൂറുകോടി മുട്ടയും ദിവസം രണ്ടര ലക്ഷം ലിറ്റര്‍ പാലും കേരളം അയല്‍സംസ്ഥാനത്ത് നിന്നിറക്കുന്നു എന്നാണ് മന്ത്രിയുടെ കണക്ക്. തിന്നുന്ന കോഴിയില്‍ പത്തില്‍ എട്ടും തമിഴ് സംസാരിക്കുന്നവയും. ഇത് മാറ്റണമെന്നേ മന്ത്രിയുദ്ദേശിച്ചിരുന്നുള്ളൂ. അരിയേതായാലും ഇവിടെ ഉണ്ടാക്കാനാവില്ല. നെല്‍കൃഷിക്ക് പകരം എല്ലാവരും കോഴിക്കൃഷി നടത്തട്ടെ. ആട്, പശു എന്നിവയും വീടുതോറും ഉണ്ടാകട്ടെ. നാം നമ്മുടെ കോഴിയേയും തമിഴന്‍ അവന്റെ കോഴിയേയും തിന്ന് പശിയടക്കട്ടെ.
**********
കെ.എം.മാണി അദ്ദേഹത്തിന് പാറ്റന്റ് ഉള്ള രാഷ്‌ട്രീയസിദ്ധാന്തത്തെ തള്ളിപ്പറഞ്ഞിരിക്കുന്നു. വളരും തോളും പിളരുകയും പിളരുംതോറും വളരുകയുമെന്ന സിദ്ധാന്തത്തിന്റെ പിതൃത്വം മാണിസ്സാര്‍ നിഷേധിക്കുന്നില്ല. സന്തതി തന്റേതുതന്നെ, പക്ഷേ, അവന്റെ പോക്ക് ശരിയല്ല. ഈ നിലയില്‍പോയാല്‍ പിളരാനും പറ്റില്ല വളരാനും പറ്റില്ല എന്ന നിലയെത്തും. ആ തിരിച്ചറിയലിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരീക്ഷണം.
കേരളാകോണ്‍ഗ്രസ്സുകളുടെ ഐക്യവേദിയെന്നത് പുതിയതരം ഇടപാടാണ്. ഐക്യമുന്നണിയും ഐക്യവേദിയും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ചോദിക്കരുത്. അത് പറയാനായിട്ടില്ല, പ്രസവിക്കുന്നതിന് മുമ്പ് കുഞ്ഞ് ആണോ പെണ്ണോ എന്ന് പറയുന്നതെങ്ങനെ. ഐക്യവേദിയില്‍ ഐക്യമുണ്ട്, മുന്നണിയില്ല. കുറുമുന്നണിയാണോ അതുമല്ല. ഐക്യവേദിയിലെ എല്ലാവരും ഒരേ മുന്നണിയിലാണ് എന്ന് പോലും പറയാനാവില്ല. യു.ഡി.എഫുകാരുണ്ട്‌്, യു.ഡി.എഫ് പുറത്തുകളഞ്ഞവരുണ്ട്, എല്‍.ഡി.എഫ് ആണ് എന്നവകാശപ്പെടുന്നവരുണ്ട്, പി.സി.ജോര്‍ജിനെയും ജേക്കബിനെയും പോലെ ഏത് മുന്നണിയിലാണ് എന്ന് അറിയാത്തവരുമുണ്ട്.
ഇല്ല, വലിയ കാലതാമസമുണ്ടാകില്ല. കേരളാകോണ്‍ഗ്രസ്സുകളുടെ അലിഖിത ഭരണഘടനയനുസരിച്ച് എല്ലാതരം ഐക്യത്തിനും മൂന്നുമാസത്തെ ആയുസ്സേ പാടുള്ളൂ എന്നുണ്ട്. അതുകഴിഞ്ഞാല്‍ പൂര്‍വസ്ഥിതിയിലാകും. ലയിച്ചുപുതിയ പാര്‍ട്ടിയായാല്‍ പിന്നെ പിളരണം, ചിഹ്നത്തിനും കൊടിക്കും ഓഫീസിനും വേണ്ടി തമ്മിലടിക്കണം കോടതികേറണം ആളുകളെ കാലുമാറ്റിക്കണം. അങ്ങനെ എന്തെല്ലാം പൊല്ലാപ്പുകള്‍. ഇതാകുമ്പോള്‍ അത്തരം ബുദ്ധിമുട്ടൊന്നുമില്ല. കൂടിച്ചേര്‍ന്നതുപോലെ പിരിഞ്ഞുപോകാം. ഒരുബാധ്യതയുമില്ല. ഏതുപോലെ ? വിവാഹബന്ധവും അതല്ലാത്ത ബന്ധവും പോലെ. അസൂയക്കാര്‍ അവിഹിതമെന്നൊക്കെപ്പറയും. കാര്യമാക്കേണ്ട.