ഒരു അലക്ഷ്യം, പല ലക്ഷ്യം

ഇന്ദ്രൻ

പാലോളി മുഹമ്മദ്‌കുട്ടിക്ക്‌ വേറെ ലക്ഷ്യങ്ങളോ ദുര്‍വിചാരങ്ങളോ ഇല്ല. മുന്‍പുമില്ല. വിപ്ലവം കൊടികുത്തിനിന്ന കാലത്തുപോലും കോടതിയലക്ഷ്യം അദ്ദേഹത്തിന്റെ അജന്‍ഡയിലെ ഒരിനമായിരുന്നില്ല. ഒരു ലക്ഷ്യം മനസ്സില്‍ വെച്ച്‌ മറ്റൊരു അലക്ഷ്യം പറയുന്ന രീതിയും പാലോളിക്കില്ല. പാത്തും പതുങ്ങിയും ഒളിച്ചുമുള്ള കളിയുമില്ല, നേരെ വാ നേരെ പോ.

വി.എസ്‌. അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ മുന്നോട്ടു വെക്കാവുന്ന നല്ല ബദലായി ഔദ്യോഗികപക്ഷം നോട്ടമിട്ടിരുന്നത്‌ പാലോളിയെ ആണെന്ന്‌ കേട്ടിരുന്നു. അല്ലെങ്കില്‍ അങ്ങനെ കേള്‍ക്കുന്നതായി മാധ്യമലേഖകര്‍ക്കു തോന്നിയിരുന്നു. തദ്ദേശസ്വയംഭരണം- ജനകീയാസൂത്രണം – ഡച്ച്‌ സഹായം -അധിനിവേശം-സാമ്രാജ്യത്വം-സി.ഐ.എ. തുടങ്ങിയ സമവാക്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന പാലോളി പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിനു പ്രിയങ്കരനായിരുന്നു. ജി. സുധാകരനെപ്പോലെയൊന്നുമല്ല, ഉള്ളിലെന്താണുള്ളതെന്ന്‌ മുഖത്തു നോക്കിയാലറിയില്ല; വാക്ക്‌ കേട്ടാലുമറിയില്ല. ആള്‌ ഒന്നാംതരം സാത്വികനാണെന്ന്‌ സാധാരണക്കാര്‍ പറയും. വിളഞ്ഞ പുള്ളിയാണെന്ന്‌ ദോഷൈകദൃക്കുകളും പറയും. രണ്ടു കൂട്ടര്‍ക്കും തെറ്റുകയും ചെയ്യും.

പാലോളിപുരാണം അവിടെ നില്‍ക്കട്ടെ. കോടതിയലക്ഷ്യത്തില്‍ കുടുങ്ങിയ പാലോളിയുടെ മന്ത്രിപ്പണി ഇതോടെ കട്ടപ്പൊകയാകുമോ എന്നതാണല്ലോ നമ്മുടെ ഉറക്കം കെടുത്തുന്ന പ്രശ്നം. പാലോളി തൊഴില്‍രഹിതനാകുന്നത്‌ പരമാവധി നീട്ടിക്കൊണ്ടുപോകാന്‍ പാര്‍ട്ടി കിണഞ്ഞു ശ്രമിക്കുന്നുണ്ട്‌. വൈരുധ്യാത്മകമായാണ്‌ പാര്‍ട്ടി ബൂര്‍ഷ്വാ കോടതികളുടെ പ്രശ്നം കൈകാര്യം ചെയ്യാറുള്ളത്‌. നാട്ടുകാര്‍ക്ക്‌ കേട്ട്‌ ആസ്വദിക്കാനുള്ളതാണ്‌ പ്രസംഗം. അതില്‍ കുറെ തീയും പുകയും കാണും. കോടതിക്ക്‌ അത്‌ മനസ്സിലാവില്ല. ജഡ്ജിമാര്‍ക്ക്‌ വോട്ട്‌ പിടിക്കുകയെന്ന പൊല്ലാപ്പൊന്നുമില്ലല്ലോ. മുതലാളിത്തത്തെ വീഴ്ത്തി, കോടതികളെ തമര്‍ത്തി, എല്ലാം വിമോചിപ്പിച്ച്‌ സ്വര്‍ഗരാജ്യം നേടുമെന്നൊക്കെ ജനത്തെ ധരിപ്പിക്കേണ്ടതാവശ്യമാണ്‌. അങ്ങനെയെല്ലാം പറയും എന്നല്ലാതെ, കോടതിയുടെ ഒരു കല്ലിനുപോലും നമ്മള്‌ കേട്‌ വരുത്തില്ല. നമ്മളെക്കൊണ്ട്‌ അതു സാധിക്കുകയുമില്ല.

ഈയിടെയായി, നിയമഗ്രന്ഥമൊന്നും നോക്കാതെ എഴുതിക്കൊണ്ടുവന്ന്‌ പാസ്സാക്കിയ കുറെ നിയമങ്ങള്‍ കോടതി എടുത്ത്‌ ദൂരെക്കളയുകയുണ്ടായല്ലോ. സ്വാഭാവികമായും കോടതിയുടെ കുഴപ്പം കൊണ്ടാണിതെല്ലാം സംഭവിച്ചത്‌. അല്ലാതെ നമ്മുടെ വിവരക്കേട്‌ കൊണ്ടാണ്‌ ബില്ലെല്ലാം തള്ളിപ്പോയത്‌ എന്ന്‌ പറയാനൊക്കുമോ? അതുകൊണ്ടാണ്‌ തരം കിട്ടിയാല്‍ കോടതിക്കിട്ട്‌ ഓരോന്ന്‌ കൊട്ടണമെന്ന്‌ പാര്‍ട്ടി തീരുമാനിച്ചത്‌. വിശ്വസ്താനുയായി ആയതുകൊണ്ട്‌ പാലോളിയും കൊട്ടി. ശീലമില്ലാത്തതുകൊണ്ട്‌ പാലോളിയുടെ കൊട്ടിന്‌ ഊക്കല്‍പം കൂടിപ്പോയെന്നേ ഉള്ളൂ. കോടതി അറിഞ്ഞ്‌ ക്ഷമിച്ചാല്‍ മതിയായിരുന്നു.

മണ്‍മറഞ്ഞ സഖാവ്‌ ഇ.എമ്മിന്റെ വഴിയാണ്‌ ശരിയായ വഴി. തരംകിട്ടുമ്പോഴെല്ലാം കോടതിക്ക്‌ ഓരോ കൊട്ടുകൊടുക്കും. 1968ല്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്‌ കോടതിയില്‍നിന്ന്‌ തിരിച്ചൊന്നു കിട്ടിയത്‌. ആയിരംരൂപ പിഴയടക്കേണ്ടിവന്നു. അത്‌ ആദ്യത്തെ തവണയാണ്‌ എന്നാണ്‌ പലരും ധരിച്ചിരുന്നത്‌. അതിനുമ്പും സംഭവിച്ചിട്ടുണ്ട്‌. ’57ലായിരുന്നു അത്‌. തൃശ്ശൂരില്‍ വരന്തരപ്പള്ളിയില്‍ കമ്യൂണിസ്റ്റുകാരും വിരുദ്ധന്മാരും തമ്മിലേറ്റുമുട്ടി ആറു വിരുദ്ധന്മാര്‍ കാലയവനികയ്ക്ക്‌ പിന്നിലേക്ക്‌ മറഞ്ഞത്‌ സംബന്ധിച്ച കേസിനെക്കുറിച്ചുള്ള .എം.എസ്സിന്റെ പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന്‌ കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ബന്ധുവിനു തോന്നി. കോടതിക്കും അതുതന്നെ തോന്നിയതില്‍ തെറ്റു പറഞ്ഞുകൂടാ. ഇ.എം.എസ്സിനും അതുതന്നെ തോന്നിയതാണ്‌ അത്ഭുതം. “എന്റെ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന്‌ എനിക്കിപ്പോള്‍ ഉപദേശം കിട്ടിയിരിക്കുന്നു…അതില്‍ ഞാന്‍ പരിതപിക്കുകയും ബഹു. കോടതിക്കു മുന്‍പില്‍ ക്ഷമായാചനം ചെയ്യുകയും ചെയ്യുന്നു…മാപ്പ്‌ തരാന്‍ കോടതിയുടെ കാരുണ്യം ഉണ്ടാകണം…” -ഇ.എം.എസ്‌. അപേക്ഷിച്ചു. ഇതിനാണ്‌ പത്രഭാഷയില്‍-അല്ലല്ല, പത്രാധിപരുടെ ഭാഷയില്‍ നിര്‍വ്യാജമായ ഖേദം എന്ന്‌ പറയുന്നത്‌. ക്ഷമായാചനം കോടതി സ്വീകരിച്ചു. ഗുഡ്‌ ബോയി…എന്ന്‌ പുറകില്‍ തട്ടി സീറ്റില്‍ പോയി ഇരുന്നോളാന്‍ പറഞ്ഞു. എന്നാലെന്ത്‌, പിന്നെയും നമ്പൂതിരിപ്പാട്‌ അതുതന്നെ ആവര്‍ത്തിച്ചിട്ടുണ്ട്‌.

പാലോളിയെക്കൊണ്ട്‌ മാത്രം വേണ്ടാതീനം പറയിച്ച്‌ അങ്ങേരെ വെറുതെ കുളത്തിലിറക്കിച്ചു എന്നാരും പറയരുത്‌. അതുകൊണ്ട്‌ പാര്‍ട്ടിനേതാക്കളെല്ലാം കോടതിക്കിട്ട്‌ ഓരോന്ന്‌ ഊക്കില്‍ കൊട്ടുന്നതാണ്‌. പ്രകാശ്‌ കാരാട്ട്‌ കഴിഞ്ഞാഴ്ച തന്നെ കൃത്യം നിര്‍വഹിച്ചുകഴിഞ്ഞു. പിണറായി വിജയന്‍ കഴിഞ്ഞ ദിവസവും നിര്‍വഹിച്ചു. മന്ത്രിമാരൊഴികെയുള്ളവര്‍ ഓരോരുത്തരായി ക്യൂ നിന്നാണ്‌ ഇത്‌ നിര്‍വഹിക്കുക. പേടിക്കാനൊന്നുമില്ല, മന്ത്രിമാരല്ലാത്തവര്‍ക്ക്‌ വായില്‍തോന്നുന്നത്‌ പറയാമെന്ന്‌ കോടതിതന്നെ പറഞ്ഞിട്ടുള്ളതാണ്‌. അതുകൊണ്ട്‌ നിര്‍ഭയം പറയാം.

ഒന്നുകില്‍ അന്‍പത്തെട്ടിലെപ്പോലെ മാപ്പ്‌ തരണം, അല്ലെങ്കില്‍ അറുപത്തെട്ടിലെപ്പോലെ ആയിരം രൂപ പിഴയിടണം. വേണമെങ്കില്‍ തുക കൂട്ടിക്കോട്ടെ. ഇനി ചില്ലറ തടവു ശിക്ഷയാണെങ്കിലും വിരോധമില്ല. ജയിലിലേക്ക്‌ പോകുമ്പോള്‍ രാജിക്കത്ത്‌ തരാം. തിരിച്ചുവരുമ്പോള്‍ പാലോളി ഒരുവട്ടം കൂടി സത്യപ്രതിജ്ഞ ചെയ്യണമെന്നല്ലേ ഉള്ളൂ. ഒട്ടും വിഷമമില്ല.

****************************************

അന്‍പത്തിയേഴിലെ മന്ത്രിസഭ ആദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ്‌ മന്ത്രിസഭയാണ്‌ എന്ന്‌ കേരള സര്‍ക്കാറിന്റെ പത്രപ്പരസ്യങ്ങളില്‍ പറയുന്നുണ്ട്‌. അങ്ങനെയെന്തെങ്കിലും അഡീഷനാലിറ്റി കൂടെയുണ്ടെങ്കിലേ ഈ ആഘോഷത്തിനു ന്യായീകരണമാകുന്നുള്ളൂ. അതില്ലെങ്കില്‍ പിന്നെ, ഐക്യകേരളത്തിലെ ആദ്യത്തെ മന്ത്രിസഭ എന്ന ന്യായമേ ഉള്ളൂ. അത്‌ അത്ര ഉള്ളില്‍ തട്ടുന്ന ന്യായവും അല്ല.

ലോകത്തിലാദ്യം എന്ന അവകാശവാദമൊന്നും അന്ന്‌ മുഖ്യമന്ത്രിയായ ഇ.എം.എസ്‌. ഉന്നയിച്ചിട്ടില്ല. അദ്ദേഹമത്‌ പലവട്ടം തള്ളിക്കളഞ്ഞതാണ്‌. “കേരളത്തില്‍ കമ്യൂണിസ്റ്റ്‌ മന്ത്രിസഭ അധികാരമേറുന്നതിനു നാലുവര്‍ഷം മുന്‍പ്‌ (1953-ല്‍) ബ്രിട്ടീഷ്‌ ഗയാന എന്ന കൊച്ചുരാജ്യത്ത്‌ തിരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ്‌ പ്രധാനമന്ത്രി (ചെദ്ദി ജഗാന്‍) അധികാരമേല്‍ക്കുകയുണ്ടായി. പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തു. പൊളിറ്റ്‌ ബ്യൂറോ മെമ്പര്‍മാരായിരുന്ന ഡാങ്കെയും ഞാനും അദ്ദേഹവുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്‌”-ഒരു മുന്‍മുഖ്യമന്ത്രിയുടെ ഓര്‍മക്കുറിപ്പുകള്‍ എന്ന കൃതിയില്‍ ഇ.എം.എസ്‌. എഴുതി.

എന്നുവെച്ച്‌ ആഘോഷങ്ങള്‍ നിര്‍ത്തിക്കളയുകയൊന്നും വേണ്ട. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ്‌ മന്ത്രിസഭ എന്ന യോഗ്യത പടച്ചവന്‍ വിചാരിച്ചാലും ഇല്ലാതാക്കാനാവില്ല.

**************************************

അന്‍പത്തേഴിലെ മന്ത്രിസഭയുടെ തുടര്‍ച്ചയാണ്‌ ഇപ്പോഴത്തെ മന്ത്രിസഭയെന്ന്‌ സി.പി.എം. നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്‌. അന്നത്തെ മന്ത്രിസഭയില്‍ ഒരു പാര്‍ട്ടിയേ ഉണ്ടായിരുന്നുള്ളൂ. ആ ഒരു പാര്‍ട്ടി ഇന്ന്‌ രണ്ടു പാര്‍ട്ടിയാണ്‌. പഴയതിന്റെ തുടര്‍ച്ചയാണെങ്കില്‍ ആഘോഷമെങ്കിലും രണ്ടു പാര്‍ട്ടികള്‍ക്ക്‌ യോജിച്ച്‌ നടത്താമായിരുന്നു.

ഒറ്റപ്പാര്‍ട്ടിയായിരുന്ന കാലത്തെക്കുറിച്ച്‌ ഓര്‍മിപ്പിക്കുന്നത്‌ സി.പി.ഐ.ക്കാരില്‍ അപകടകരമായ രോമാഞ്ചവും മറ്റും ഉണ്ടാക്കുമെന്നതുകൊണ്ടാവാം യോജിച്ചുള്ള ആഘോഷത്തിനൊന്നും സി.പി.എം. സമ്മതിച്ചില്ല. അന്നത്തെ മന്ത്രിസഭയുടെ തുടര്‍ച്ച എന്നൊക്കെ പറയാമെന്നല്ലാതെ, മുന്നണിയിലുള്ള വേറെ ഒരുത്തനെയും വാര്‍ഷികാഘോഷത്തിനു കുരുത്തോല കെട്ടാന്‍ പോലും വിളിക്കാന്‍ കൊള്ളില്ല.

ഏതൊക്കെയാണ്‌ കക്ഷികളെന്ന്‌ ഓര്‍മയില്ലേ സഖാക്കളേ…ഒന്ന്‌ ആര്‍.എസ്‌.പി-ചന്ദനത്തോപ്പ്‌ വെടിവെപ്പ്‌ മുതല്‍ വിമോചനസമരവും പിരിച്ചുവിടലും വരെയുള്ള സകല ഗുലുമാലുകളുടെയും ആശാന്മാര്‍. ആഘോഷത്തിന്റെ നാലയലത്ത്‌ അടുപ്പിക്കാന്‍ കൊള്ളില്ല. പിന്നെയുള്ളത്‌ ജനതാദള്‍-അന്ന്‌ കേരളത്തിലും പാര്‍ലമെന്റിലും രാവും പകലും ഇ.എം.എസ്‌. സര്‍ക്കാറിനെ ദ്രോഹിച്ച പി.എസ്‌.പി.യുടെ അനന്തരവന്മാരാണ്‌ ഇക്കൂട്ടര്‍. കേരള കോണ്‍ഗ്രസ്‌-ജെ.യുടെ കാര്യം പറയുകയേ വേണ്ട. വിമോചനസമരം നയിച്ച പി.ടി. ചാക്കോവിന്റെയും മറ്റും പേരക്കിടാങ്ങളാണ്‌ എല്ലാവരും. സര്‍ക്കാറിനെ പുറത്തുനിന്ന്‌ പിന്താങ്ങുന്നവരിലുമില്ല ഈ ഗണത്തില്‍പ്പെടാത്ത ഒരാള്‍പോലും. അതുകൊണ്ട്‌ സഖാവേ അന്‍പത്തേഴിന്റെ തുടര്‍ച്ചയൊക്കെത്തന്നെയെങ്കിലും ഒറ്റയ്ക്കു മതി ആടലും പാടലും ആഘോഷവുമൊക്കെ. ഒന്നിനെയും അടുപ്പിച്ചുകൂടാ.

Leave a Reply

Your email address will not be published. Required fields are marked *

Go Top