മങ്കട എം.എല്‍.എ. മാക് അലിയുടെ അഭിമുഖം വായിച്ചപ്പോള്‍ത്തന്നെ തൊഴിലാളി വര്‍ഗത്തിനും വര്‍ഗത്തെ പിന്താങ്ങുന്നവര്‍ക്കും അറിയാമായിരുന്നു അഭിമുഖം എവിടെയെല്ലാം എങ്ങനെയെല്ലാം വളച്ചൊടിച്ച് ചുരുട്ടിമടക്കി ഉരുട്ടിക്കെട്ടിയിട്ടുണ്ടാകുമെന്ന്. അഭിമുഖം വന്നതിന്റെ പിറ്റേ ദിവസം സിന്‍ഡിക്കേറ്റില്‍പ്പെട്ട മറ്റു പത്രങ്ങള്‍ ഏറ്റു പിടിച്ച് വ്യാഖ്യാനിക്കാനും പാര്‍ട്ടിയെ അടിക്കാനും ഒരുമ്പെടുമെന്നും അറിയാമായിരുന്നു.
സാധാരണഗതിയില്‍ ഇതിന് എന്ത് മറുമരുന്ന് പ്രയോഗിക്കണമെന്ന് പാര്‍ട്ടിക്കറിയാം. അഭിമുഖം വളച്ചൊടിക്കുകയാണുണ്ടായതെന്നൊരു പ്രസ്‌താവന അലിയുടെ പേരില്‍ എ.കെ.ജി. സെന്ററിലോ മലപ്പുറം ജില്ലാകമ്മിറ്റിയിലോ തയ്യാറാക്കി മാധ്യമങ്ങള്‍ക്ക് കൊടുക്കാം. അതോടൊപ്പം അഭിമുഖത്തിന്റെ വളയ്ക്കാനോ ഒടിക്കാനോ പറ്റാത്ത രൂപം പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാം. അതോടെ മാധ്യമസിന്‍ഡിക്കേറ്റിന്റെ വെടിതീരും. ഏത് പോലെ ? കോടിയേരി ശത്രുസംഹാരപൂജ നടത്തിയെന്ന ഭജനശക്തി കെട്ടുകഥയുമായി നടന്ന മാധ്യമസിന്‍ഡിക്കേറ്റിനെ കെട്ടുകെട്ടിച്ചില്ലേ? അതുപോലെ. അച്ഛന്‍ ബാലകൃഷ്ണന്‍ മകന്‍ ബിജോയ് എന്ന് ക്ഷേത്രം റസീത് ബുക്കിലുള്ള അതേ പേരുകാരെ തലശ്ശേരി മുനിസിപ്പാലിറ്റിക്കകത്ത് കണ്ടെത്തുമെന്ന് ഈ മാധ്യമ സിന്‍ഡിക്കേറ്റുകാര്‍ സ്വപ്നത്തില്‍ വിചാരിച്ചിരിക്കില്ല. കോടിയേരി ബാലകൃഷ്ണന്‍ അല്ലാത്ത ഈ തലശ്ശേരി ബാലകൃഷ്ണന്‍ താന്‍ കോടിയേരി ബാലകൃഷ്ണന്‍ ആണ് എന്ന് ശബ്ദം മിമിക് ചെയ്ത് ദേവസ്വം അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് വി.ഐ.പി. സ്റ്റാറ്റസ് ഒപ്പിച്ചെടുത്ത് ദൈവ സന്നിധിയില്‍ കടന്നുകൂടിയതെന്നുകൂടി പറഞ്ഞിരുന്നെങ്കില്‍ കഥ സമഗ്രവും സമ്പൂര്‍ണവും സര്‍വതലസ്പര്‍ശിയും സര്‍വോപരി പുരോഗമന സാഹിത്യവുമാകുമായിരുന്നു. പോകട്ടെ. അടുത്ത തവണ നോക്കാം.
മാക്‍അലിയുടെ തിരക്കഥയും ഇങ്ങനെ തകര്‍ക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പത്രവാര്‍ത്ത പ്രസിദ്ധീകരിക്കും മുമ്പ് ആളെ വിളിച്ച് ശരിയോ എന്ന് നേരിട്ട് അന്വേഷിച്ചുകൂടേ എന്ന് പത്രക്കാരോട് സാധാരണ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ആ ചോദ്യം പിണറായിയോട് ചോദിക്കേണ്ടി വന്നിരിക്കുന്നു. അലി എടുത്ത് മലര്‍ത്തിയടിക്കും മുമ്പ് അലി എന്തേനും പറഞ്ഞത്? എന്നൊരു ചോദ്യം അലിയോട് പിണറായിക്ക് ചോദിക്കാമായിരുന്നല്ലോ. അതുണ്ടായില്ല. എന്തോ എന്നറിയില്ല. അഭിമുഖം വായിച്ചപ്പോള്‍ തന്നെ പിണറായിയുടെ നിലതെറ്റി….. പയ്യന്നൂരിലെ പ്രസംഗവേദിയില്‍ കേറിയപ്പോഴേക്ക് അദ്ദേഹത്തിന്റെ മുടി കൊഴിയുന്നതുംകവിള്‍ വീര്‍ക്കുന്നതും ആള്‍ അതിവേഗം മന്ത്രി ജി. സുധാകരനാവുന്നതുമാണ് നാട്ടുകാര്‍ കണ്ടത്. പിന്നീടെന്ത് സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ. അലി വീണു.
പിണറായി അലറിയാല്‍ പാവം അലി പിണമായിപ്പോവുകയല്ലേ ഉള്ളൂ. ശബ്ദമുയര്‍ത്താനുള്ള ശേഷിയുണ്ടായില്ല. മാധ്യമസിന്‍ഡിക്കേറ്റുകാരന്റെ കാല് പിടിച്ച് പഴയ അഭിമുഖം തപ്പിയെടുപ്പിച്ച് കേട്ടപ്പോഴാണ് പിടിച്ചുനില്‍ക്കാനുള്ള വക ഉണ്ടെന്ന് ബോധ്യപ്പെട്ടത്. സി.ഡി. ജില്ലാകമ്മിറ്റിയിലെത്തിച്ചിട്ടുണ്ട്. സി.ഡി.കേള്‍ക്കലും സിനിമപിടിക്കലുമെല്ലാം അലിക്ക് പറ്റും. പിണറായിക്ക് അതിനൊന്നും നേരമില്ല. വേറെ പണിയുണ്ട്. അല്ലെങ്കില്‍ അതിന്റെയൊന്നും ആവശ്യവുമില്ല. കേരളത്തിലെ നൂറു എല്‍.ഡി.എഫ്. എം.എല്‍.എ.മാരുള്ളതില്‍ മാധ്യമസിന്‍ഡിക്കേറ്റുകാരന്‍ എന്തിനാണ് മഞ്ഞളാംകുഴി അലിയെത്തന്നെ കുഴിയില്‍ ചാടിച്ചത്? പി.ജയരാജനില്ലേ കൂത്തുപറമ്പില്‍? എ.പ്രദീപ് കുമാറില്ലേ കോഴിക്കോട്ട് തന്നെ? അവരെയാരെയും വിളിച്ചൊരു അഭിമുഖം നടത്തി എട്ട് കോളം തലക്കെട്ടും ഒരു മുയ്മന്‍ പേജ് അഭിമുഖവും ഈസ്റ്റ്മാന്‍കളര്‍ ഫോട്ടോ രണ്ടും കൊടുത്തില്ലല്ലോ. വളച്ചൊടിക്കാനുള്ള വകയിട്ട് കൊടുക്കുന്നവര്‍ക്കേ അത് കിട്ടൂ. അതില്‍ കൂടുതലൊന്നും പിണറായി നോക്കേണ്ട കാര്യവുമില്ല. അലിക്ക് കിട്ടേണ്ടത് അലിക്ക് കൊടുക്കുക തന്നെ എന്ന് തീരുമാനിച്ചു. അലി തനിച്ചല്ലല്ലോ, ഷാജഹാന്‍ തുടങ്ങിയ അലിയന്മാര്‍ വേറെയുമുണ്ടല്ലോ.
എങ്കിലും അത്രത്തോളം വേണ്ടിയിരുന്നില്ലെന്ന് പാര്‍ട്ടിക്കാരില്‍ ചിലര്‍ക്ക് അഭിപ്രായമുണ്ട്. പിണറായിയെ ക്കൊണ്ട് അങ്ങനെ പറയിച്ച് പാര്‍ട്ടിയില്‍ കൊടിയ ഭിന്നതയാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കല്‍ തന്നെയായിരുന്നില്ലേ മാധ്യമസിന്‍ഡിക്കേറ്റിന്റെ ലക്ഷ്യം. ആ തന്ത്രത്തില്‍ ചെന്ന് വീണുകൊടുക്കുകയല്ലേ പാര്‍ട്ടി സെക്രട്ടറി ചെയ്തത്? ആവോ അതൊന്നുമറിയില്ല. ചില്ലറ ഓര്‍മപ്പിശകും വീഴ്ചയും പാളിച്ചയുമൊക്കെ ഈയിടെ പറ്റുന്നുണ്ട്. വെടിയുണ്ടയേക്കാള്‍ മൂര്‍ച്ചയുള്ളത് നാവിന്‍തുമ്പത്തുള്ളപ്പോള്‍ ഉണ്ട വേറെ പെട്ടിയില്‍ വെക്കേണ്ടിയിരുന്നില്ലല്ലോ. വാര്‍ധക്യസഹജമാണെന്നൊന്നും പറയാറായിട്ടില്ല. മുന്‍പ് ഐസ്ക്രീംകേസ് ഒതുക്കിയത് പിണറായി ആണെന്ന് മീനാക്ഷി തമ്പാനെക്കൊണ്ട് പറയിച്ചേടത്തോളം വാര്‍ധക്യസഹജമൊന്നും പിണറായിക്കായിട്ടില്ലല്ലോ.
സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ബാഗില്‍നിന്ന് വിമാനത്താവളത്തില്‍ വെച്ച്‌വെടിയുണ്ട കണ്ടെത്തിയതിനെക്കുറിച്ച് പാര്‍ട്ടി ആസ്ഥാനത്തുനിന്ന് നല്‌കിയ വിശദീകരണ പ്രസ്‌താവനയിലും ചില്ലറ പിശക് പറ്റിയോ എന്നൊരു സംശയം.
സഖാവ് തോക്കിനു ലൈസന്‍സ് എടുത്തിരിക്കുക യു.ഡി.എഫ്. ഭരണകാലത്താവാനേ തരമുള്ളൂ. ക്രമസമാധാനം തീര്‍ത്തും തകരുകയും പൗരന്റെ ജീവനും സ്വത്തിനും രക്ഷയില്ലാതാവുകയുമൊക്കെ ചെയ്തത് യു.ഡി.എഫ്. ഭരണത്തിലാണല്ലോ. അഞ്ചെട്ടു മാസം മുന്‍പ് ആ കാളരാത്രി അവസാനിക്കുകയും സഖാവ് കോടിയേരി ആഭ്യന്തരമന്ത്രിയാവുകയും ചെയ്തതോടെ കേരളത്തില്‍ ഏറ്റവും സംരക്ഷിക്കപ്പെടുന്ന വ്യക്തി സഖാവ് പിണറായി ആണെന്ന് വന്നല്ലോ. തോക്കിന്റെയെന്നല്ല, ഒരു നോക്കിന്റെ ആവശ്യം പോലും ഇല്ല. ക്രമസമാധാനം ഇന്ത്യയില്‍ത്തന്നെ ഏറ്റവും മുന്തിയതാണ് കേരളത്തിലേത്. തോക്കിന്റെ ആവശ്യം ഇവിടെ പിണറായിക്കു മാത്രമല്ല, ബി.ജെ.പി. പ്രസിഡന്റ് കൃഷ്ണദാസിനു പോലുമിപ്പോഴില്ല. പകല്‍ റോഡിലിറങ്ങരുതെന്നേയുള്ളൂ.
അത്തരമൊരു സ്ഥിതിയില്‍ ഇനി തോക്ക് വേണ്ട എന്ന് സഖാവ് പിണറായി തീരുമാനിക്കുകയാണുണ്ടായത്. ലൈസന്‍സ് തിരിച്ചേല്‍പിക്കാന്‍ വേണ്ടി തോക്ക് വേറെ ബാഗിലാക്കിയപ്പോള്‍ ഉണ്ട മാത്രം അബദ്ധത്തില്‍ ഈ ബാഗിലായിപ്പോയതാണ്. അല്ലാതെ, പൊളിറ്റ് ബ്യൂറോ യോഗത്തിലേക്ക് പിണറായി ഉണ്ടയുമായിപ്പോവുകയായിരുന്നു എന്നു കരുതുന്നവര്‍ക്ക് ഉണ്ടയെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും ഒരു ചുക്കും അറിയില്ല എന്നല്ലാതെന്തു പറയാന്‍. ഉണ്ടയില്ലാതെ വെടിവെക്കുന്നവര്‍.
ജി.സുധാകരന്‍ ഇഫെക്ട് ആണോ എന്നറിയില്ല. ശബ്ദതാരാവലികളില്‍ കാണാത്തതും മാന്യന്മാര്‍ പൊതുസ്ഥലത്ത് ഉപയോഗിക്കാത്തതുമായ വാക്കുകള്‍ ഉപയോഗിക്കുന്ന വി.ഐ.പി.കളുടെ എണ്ണം കൂടി വരുന്നു. സാംസ്‌കാരികനായകന്മാരും ഈ ജാഥയില്‍ ചേരുന്നത് പത്രവായനക്കാരില്‍ ആശങ്കയുണ്ടാക്കുന്നു. ‘പീഡനസ്റ്റോറി’ വായിച്ചു തന്നെ മക്കള്‍ വഷളാവുകയാണ്. അതിനു മുകളിലാണിത്.
വെള്ളാപ്പള്ളി നടേശനുള്ള മറുപടി സംസ്കൃതത്തില്‍ പറയാന്‍ പറ്റുമോ എന്ന് സുകുമാര്‍ അഴീക്കോട് ചോദിക്കുന്നതില്‍ കാര്യമുണ്ടാവാം. എന്നാലും ‘എ’ സര്‍ട്ടിഫിക്കറ്റ് സിനിമ പോലെ പത്രത്തിന് അഡള്‍ട്‌സ് ഒണ്‍ലി എഡിഷന്‍ ഇറക്കാന്‍ പറ്റില്ലല്ലോ.
പന്തളം കേരളവര്‍മയുടെ പ്രാര്‍ഥനയുണ്ട്. ബാല്യകാലത്ത് കേട്ടിട്ടുണ്ടാകണം. ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം….എന്ന പ്രാര്‍ഥന. ഭക്തിയുണ്ടാകണമെന്നോ ദുഷ്‌ടസംസര്‍ഗം ഇല്ലാതാക്കണമെന്നോ ശിഷ്‌ടരെ തോഴരാക്കണമെന്നോ സത്യം പറയാന്‍ ശക്തിയുണ്ടാകണമെന്നോ ഒന്നും പ്രാര്‍ഥിച്ചില്ലെങ്കിലും വിരോധമില്ല. നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം എന്ന ഒറ്റ വരി പൊതുപ്രവര്‍ത്തകരും സാംസ്‌കാരികനായകന്മാരും രാവിലെ പുറത്തിറങ്ങും മുന്‍പ് നൂറുതവണ ചൊല്ലുന്നത് നന്നായിരിക്കും. കൈതൊഴുന്നത് ദൈവത്തിനു മുന്നില്‍ തന്നെയാകണമെന്നില്ല. ഗുരുദേവന്റെയോ കാറല്‍മാക്‌സിന്റെയോ സ്വന്തം മാതാപിതാക്കളുടെയോ ചിത്രത്തിനു മുന്നിലായാലും മതി. അതൊന്നും പറ്റിയില്ലെങ്കിലും സാരമില്ല. മൈക്കിനു മുന്നിലെത്തുമ്പോള്‍ ഒരൊറ്റത്തവണ ചൊല്ലിയാലും മതിയാകും. കേരളം രക്ഷപ്പെടും.
കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് സഭക്കാര്‍ തിരുവനന്തപുരത്ത് നടത്തിയതുപോലുള്ള മാര്‍ച്ചുകള്‍ എല്ലാ ജില്ലകളിലും നടത്താന്‍ രാഷ്ട്രീയ പ്രവര്‍ത്തകന്മാര്‍ അവരെ പ്രേരിപ്പിക്കയാണെന്ന് റിപ്പോര്‍ട്ടുണ്ട്. മറ്റൊന്നുമല്ല, കുറെക്കാലമായി ജനങ്ങള്‍ക്ക് രാഷ്ട്രീയപ്രവര്‍ത്തകന്മാരെക്കുറിച്ചുള്ള അഭിപ്രായം മോശമായിവരികയാണല്ലോ. തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ ജാഥയും കല്ലേറും മുറയ്ക്ക് നടത്തിവരുന്ന രാഷ്ട്രീയക്കാരെ അവിടത്തുകാര്‍ ‘മുടിഞ്ഞുപോകട്ടെ സകലവനും’ എന്ന് ശപിക്കാത്ത ദിവസമില്ലായിരുന്നു. രാഷ്ട്രീയക്കാര്‍ക്ക് രാഷ്ട്രീയബോധം കുറയുന്നതിന്റെ കുഴപ്പമേ കാണാറുള്ളൂ. ദൈവപുത്രന്മാര്‍ക്ക് പല ബോധവും നഷ്‌ടപ്പെട്ടിരുന്നുവത്രേ. ഈ ജാതി ഓരോ ജാഥ എല്ലാ ജില്ലാ-താലൂക്ക് ആസ്ഥാനങ്ങളിലും നടത്തിയാല്‍ രാഷ്ട്രീയക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം കുത്തനെ ഉയരും.