കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലെ പത്ത് മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചെന്ന കിംവദന്തി ടെലിവിഷന്‍ ചാനലുകളാണ് പ്രചരിപ്പിച്ചത്. നാട്ടുകാര്‍ അമ്പരന്നുപോയി. ഒട്ടും പ്രതീക്ഷിച്ചതല്ല അതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. യു.ഡി.എഫ് മന്ത്രിമാരായിരുന്ന കുഞ്ഞാലിക്കുട്ടിയും അടൂര്‍ പ്രകാശും ആര്യാടനുമെല്ലാം അക്കാര്യം അന്നു തന്നെ വിശദീകരിച്ചത് ശ്രദ്ധിക്കേണ്ടതാണ്. യു.ഡി.എഫ് മന്ത്രിസഭ വ ന്നാല്‍ ഉടനെ മുന്‍ എല്‍.ഡി.എഫ് മന്ത്രിസഭയിലുണ്ടായിരുന്നവരുടെ അഴിമതി അന്വേഷിക്കുക. എല്‍.ഡി.എഫ് മന്ത്രിസഭ വന്നാല്‍ മുന്‍ യു.ഡി.എഫ് മന്ത്രിസഭാംഗങ്ങളുടെ അഴിമതി അന്വേഷിക്കുക – ഇങ്ങിനെ പോയാല്‍ എങ്ങിനെ ജനാധിപത്യം നിലനിര്‍ത്തും ? എങ്ങനെ മന:സമാധാനത്തോടെ ചില്ലറ അഴിമതി നടത്തും ? എല്ലാറ്റിനും വേണ്ടേ ചില മര്യാദകളും കീഴ്‌വഴക്കങ്ങളുമെല്ലാം ?
ആശങ്കകള്‍ അന്നു വൈകുന്നേരത്തിന് മുമ്പ് തന്നെ ആഭ്യന്തരമന്ത്രി ദൂരീകരിക്കുകയുണ്ടായി. പത്ത് മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ഉത്തരവിട്ടെന്ന വാര്‍ത്ത പതിവ് മാധ്യമസൃഷ്ടി മാത്രമാണ്. അല്ലെങ്കില്‍ ആഭ്യന്തരവകുപ്പില്‍ നിന്ന് ചോര്‍ത്തിക്കിട്ടിയ വിവരത്തിന്റെ യഥാര്‍ഥ അര്‍ഥം മാധ്യമ സര്‍വജ്ഞാനികള്‍ക്ക് മനസ്സിലാവാഞ്ഞിട്ടാണ്. വിജിലന്‍സ് അന്വേഷണമൊന്നും പ്രഖ്യാപിച്ചിട്ടില്ല. സര്‍ക്കാര്‍ ചെയ്യുന്ന സാധാരണകാര്യം മാത്രമേ ഇക്കാര്യത്തിലും ചെയ്തിട്ടുള്ളൂ . ആര്‍ക്കെതിരെയും ആര്‍ക്കും പരാതി നല്‍കാം. അറബിക്കടല്‍ നികത്തി വാഴ വെക്കുന്നതിന് അനുമതി ചോദിച്ച ആളില്‍ നിന്ന് കൃഷിമന്തി ആയിരം കോടി രൂപ കോഴ വാങ്ങിയെന്ന് ആരെങ്കിലും എഴുതിക്കൊടുത്തെന്ന് വെക്കുക. ആഭ്യന്തരമന്ത്രി പരാതിയിന്മേല്‍ പരിശോധിക്കുക എന്നെഴുതും, അല്ലെങ്കില്‍, അന്വേഷിക്കുക എന്നെഴുതും, അതുമല്ലെങ്കില്‍ ഒന്നും എഴുതാതെ വിജിലന്‍സ് ഡയറക്റ്ററെ വിളിച്ച് സ്വകാര്യം പറഞ്ഞ് കൈയില്‍ കൊടുക്കും. ഓരോന്നിനും ഓരോ അര്‍ത്ഥമുണ്ട്. നിയമസഭയില്‍ പറയുന്നതിനും ഇതുപോലെ ഓരോ അര്‍ഥങ്ങളില്ലേ? ആവശ്യം പരിഗണനയിലുണ്ട് എന്ന് പറഞ്ഞാലുള്ള അതേ അര്‍ത്ഥമാണോ സജീവപരിഗണനയിലുണ്ട് എന്നു പറഞ്ഞാല്‍? അല്ലേ അല്ല. ഒന്നിന്റെ അര്‍ത്ഥം ഫയല്‍ കാണാതായെന്നും മറ്റേതിന്റെ അര്‍ത്ഥം ഫയല്‍ തെരയുന്നുണ്ട് എന്നുമാകാം. അഴിമതി അന്വേഷണകാര്യത്തില്‍ സംഭവിച്ചത് ഇതാണ് . യാരോ ഒരാള്‍ പത്ത് മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ എഴുതിക്കൊടുത്തു. പരിശോധിക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചു, അത്രയേ ഉള്ളൂ. ബഹു മുന്‍മന്ത്രിമാര്‍ ബേജാറാകുകയൊന്നും വേണ്ട.
ആരാണ് ആരോപിച്ചത് എന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എന്താണ് ആരോപിച്ചത് എന്ന് ആഭ്യന്തരവകുപ്പിന്റെ അനൗദ്യോഗികവും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗികവുമായ മുഖപത്രത്തില്‍ വിശദമായി പ്രസിദ്ധീകരിച്ചിരുന്നു. ഒന്നു പോലും പുതിയ ആരോപണമല്ല. എല്ലാം കഴിഞ്ഞ വര്‍ഷം ജുലായില്‍ നിയമസഭയില്‍ അന്നത്തെ ബഹു. പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ചത്. ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിന് ബലം പകരാന്‍ ഇപ്പോഴത്തെ വൈദ്യുതി മന്ത്രി എ.കെ.ബാലനും മറ്റു സഖാക്കളും ഉന്നയിച്ച ആരോപണങ്ങളാണ് പരാതിക്കാരന്‍ ആവര്‍ത്തിച്ചിരിക്കുന്നത്. ചിലതിലെ കോഴയുടെ കൃത്യം കൃത്യമായ തുക തന്നെ ലഭ്യമാണ്. ഉദാഹരണത്തിന് പോലീസ് ഓഫീസര്‍മാരുടെ സ്ഥലമാറ്റത്തിന് … ലക്ഷം രൂപയാണ് വാങ്ങിയതെന്ന് എം. വി. ജയരാജന്‍ കൃത്യമായി കണക്കുകൂട്ടി സഭയില്‍ ആരോപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പലവകയില്‍ ചൂണ്ടിയത് മുന്നൂറുകോടി. ചെറുപയര്‍ വാങ്ങിയതില്‍ അടൂര്‍ പ്രകാശ് അടിച്ചുമാറ്റിയത് ആറു കോടി. എല്ലാം കൂടി അഴിമതിയുടെ മൊത്തം എസ്റ്റിമേറ്റ് എത്ര എന്നതിനെ കുറിച്ചേ സംശയമുള്ളൂ, തൊള്ളായിരമോ ആയിരമോ ആയിരത്തഞ്ഞൂറോ ?
ഇന്നത്തെ ആഭ്യന്തരമന്ത്രിയും മന്ത്രിമാരും അന്ന് ഉന്നയിച്ച കാര്യമല്ലേ , എന്തുകൊണ്ട് സ്ഥാനമേറ്റ ഉടനെ ഈ മന്ത്രിസഭ അതെല്ലാം ഒറ്റയടിക്ക് വിജിലന്‍സിന്റെ അന്വേഷണത്തിന് വിട്ടില്ല എന്ന് ചോദിക്കുന്നവരുണ്ട്. പാടില്ല, നിയമസഭയില്‍ ജനപ്രതിനിധികള്‍ എഴുതി ഉന്നയിച്ചതായാലും ശരി അത് അന്വേഷിക്കണമെങ്കില്‍ അജ്ഞാതന്മാര്‍ ആരെങ്കിലും എഴുതിത്തരണം. അതിന് വേണ്ടിയാണ് ആറു മാസം കാത്തിരുന്നത്. ഭാഗ്യവശാല്‍ കഴിഞ്ഞ ആഴ്ച ഒരാള്‍ എഴുതിത്തന്നു. ഇനി പരിശോധിക്കാം, പരിശോധിക്കുകയേ ഉള്ളൂ. പ്രതിപക്ഷത്തിരുന്ന് ഉന്നയിച്ചതാണെങ്കിലും കാര്യത്തില്‍ കഴമ്പുണ്ടോ എന്ന് അറിയണമെങ്കില്‍ വിജിലന്‍സ് ് പരിശോധിക്കണം. കഴമ്പുണ്ടെന്ന് കണ്ടാലേ വിജിലന്‍സിന്റെ അന്വേഷണത്തിന് വിടാന്‍ പറ്റൂ.അന്വേഷിക്കാതെങ്ങനെ പരിശോധിക്കും എന്ന് ചോദിക്കരുത്. അത് പൊതുജനം അറിയേണ്ട കാര്യമല്ല. അന്വേഷിക്കണമോ എന്നു തീരുമാനിക്കണമെങ്കില്‍ വേറെയും കുറെ കാര്യങ്ങള്‍ നോക്കാനുണ്ട്. അതെന്തെല്ലാമാണെന്ന് പിന്നീട് അറിയാം.
അഴിമതിയെക്കുറിച്ചും അത് ആരോപിക്കുന്നതിനെ കുറിച്ചും പിന്നെ അന്വേഷിക്കുന്നതിനെ കുറിച്ചുമെല്ലാം കുറെ തെറ്റിദ്ധാരണകള്‍ ജനങ്ങള്‍ക്കിടയിലുണ്ട്. കാണുമ്പോഴെല്ലാം വിളിച്ചുപറയാനുള്ള സാധനമല്ല അഴിമതി. ബൂര്‍ഷ്വാ വ്യവസ്ഥിതിയില്‍ അഴിമതി ഇല്ലാതാക്കാന്‍ ദൈവം തമ്പുരാന്‍ വിചാരിച്ചാലും സാധിക്കില്ല. മുതലാളിത്തത്തിന്റെ കൂടപ്പിറപ്പാണ് അത്. ആ ബോധമില്ലാതെ ചില കൂട്ടര്‍ ലാവ്ലിന്‍ കീവ്ലിന്‍ എന്നും മറ്റും വെളിവില്ലാതെ വിളിച്ചുപറയും. യു.ഡി.എഫ് നാലര കൊല്ലം ഭരിച്ചു കഴിഞ്ഞപ്പോഴല്ലേ ആയിരം കോടി കോഴ വാങ്ങിയ വിവരം നാട്ടുകാരെ അറിയിച്ചുള്ളൂ. ഇതില്‍ നിന്ന് ഒരു പാഠവും യു.ഡി.എഫ് പഠിച്ചില്ല. പ്രതിപക്ഷത്തെത്തിയാലെങ്കിലും പഠിക്കുമെന്ന് വിചാരിച്ചു. അതുമില്ല. കണ്ണാടിക്കൂട്ടിലിരുന്നാണ് കല്ലെറിയുന്നത.് കണ്ടാലറിയാത്തവര്‍ കൊണ്ടാലറിയും . വിജിലന്‍സ് പരിശോധന നടക്കട്ടെ.
********************************************************
ഏത്് പ്രതികൂലസാഹചര്യത്തിലും സ്വപ്നം വെടിയാത്തവരാണ് മഹാന്മാര്‍. ജനതാദള്‍ സെക്യുലറിന്റെ പുതിയ പ്രസിഡന്റ് സുരേന്ദ്രമോഹന്‍ ഒരു മഹാന്‍ തന്നെയാണ്.
മൂന്നു ലോക്സഭാംഗങ്ങള്‍ മാത്രമുള്ള പാര്‍ട്ടിക്ക് ഐക്യം നിലനിര്‍ത്താന്‍ കഴിയാതെ വന്നപ്പോഴാണ് അത് രണ്ടും ഒന്നും അംഗങ്ങളുള്ള പാര്‍ട്ടികളായി പിളര്‍ന്നത്. അനന്തമായി തുടരുന്ന പിളര്‍പ്പുകളുടെ അവസാനത്തില്‍ ഇനി പിളരുക സാദ്ധ്യമല്ലാത്ത ഘട്ടമെത്തി നില്‍ക്കുകയാണ് സുരേന്ദ്രമോഹന്റെ പാര്‍ട്ടി. അത്തരമവസ്ഥയില്‍ ഇന്ത്യയൊട്ടാകെയുള്ള ജനതാദളുകളെ ഒറ്റപ്പാര്‍ട്ടിയാക്കുന്നതിനെ കുറിച്ച് സ്വപ്നം കാണാന്‍ കഴിയുക ചില്ലറ കാര്യമൊന്നുമല്ല. ചിലരിതിനെ സുരേന്ദ്രമോഹന്റെ നര്‍മബോധത്തിന്റെ തെളിവായി എടുത്തേക്കും എന്നൊരു കുഴപ്പമേയുള്ളൂ.
പരിവാര്‍ എന്നാല്‍ കുടുംബമാണ്. ഒറ്റ സോദരരെ പോലെ കഴിയുന്നവരെയാണ് കുടുംബം എന്ന് വിളിക്കുക. വഴിയില്‍ കണ്ടാല്‍ കത്തിയെടുത്തു കുത്തുന്നവരെയല്ല. അതുകൊണ്ട് ജനതാപരിവാര്‍ എന്ന പ്രയോഗത്തില്‍ ചില്ലറ അസാംഗത്യം ഇല്ലാതില്ല.നിരവധി പാര്‍ട്ടികളായി പിളര്‍ന്ന് കഷ്ണം കഷ്ണമായി കിടക്കുന്ന ഈ പഴയ തറവാട്ടുകാരില്‍ പെട്ടവര്‍ ലോക്സഭയില്‍ എണ്‍പതു പേരുണ്ട്്. വല്ല വിധേനയും ഇവര്‍ ഒറ്റ പാര്‍ട്ടിയായാലുള്ള അപകടം ചെറുതല്ല. കോണ്‍ഗ്രസ്സും ബി.ജെ.പി. യും കഴിഞ്ഞാല്‍ വലിയ പാര്‍ട്ടിയാകും ഇത്്. ഇല്ല, പേടിക്കേണ്ട അങ്ങനെ യാതൊന്നും സംഭവിക്കില്ലെന്ന് മുലായവും ലാലുവും ഗൗഡയും ശരദ് യാദവും നിതീഷ് കുമാറും ഉറപ്പു വരുത്തുന്നുണ്ട്്്്. സുരേന്ദ്രമോഹനസ്വപ്നം ഒരിക്കലും നടക്കാത്ത ഒരു മോഹനസ്വപ്നമായി അവശേഷിച്ചുകൊള്ളും .
*********************************
സ്പോര്‍ട്സ് വളര്‍ത്തുന്നതിന് വേണ്ടി പണം സ്വരൂപിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ച വഴി മുസ്ലിം ലീഗ് കുട്ടികള്‍ക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ല. കായികവിനോദത്തിനോട് മുസ്ലിം ലീഗിനോ പി.കെ.കുഞ്ഞാലിക്കുട്ടിക്കോ കുട്ടികള്‍ക്കോ ഒട്ടും വിരോധമില്ല എന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്. പക്ഷെ, ധാര്‍മികത വിട്ടുള്ള ഒരു കളിക്കും ലീഗ് തയ്യാറില്ല.
തികച്ചും അധാര്‍മികമായ ഒരേപ്പാടാണ് ഭാഗ്യക്കുറി. ചൂതാട്ടം തന്നെയാണ് ഇത്. അഞ്ചു രൂപയോ പത്തു രൂപയോ കൊടുത്ത് ടിക്കേറ്റ്ടുക്കുന്ന ലക്ഷക്കണക്കിന് ആളുകളില്‍ വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ സമ്മാനം കിട്ടൂ. ബാക്കിയുള്ളവന്റെ കാശ് പോയതു തന്നെ. സമ്മാനം കിട്ടാത്തവന്‍ പിന്നേയും പിന്നേയും ടിക്കേറ്റ്ടുക്കും. പോക്ക് തന്നെ ഗതി. പോയാല്‍ അഞ്ചു രൂപ, കിട്ടിയാല്‍ കോടി രൂപ എന്ന ഈ മനോഭാവത്തിനാണ് ചൂതാട്ടം എന്നു പറയുന്നത്.
കേരളത്തിലെ സര്‍ക്കാറുകള്‍ പത്ത് നാല്‍പ്പത് വര്‍ഷമായി ലോട്ടറി വില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ ലോട്ടറി ടിക്കറ്റ് വില്‍ക്കാത്ത ഒരു സംസ്ഥാന സര്‍ക്കാറുമില്ല എന്ന നിലയായിട്ടുണ്ട്. ഇടക്കാലത്ത് രാജ്യം ഭരിച്ച ഹിന്ദുവര്‍ഗീയ ഫാസിസ്്റ്റുകള്‍ക്ക് ലോട്ടറി നിരോധിക്കണമെന്നൊരു ദുഷ്ചിന്ത വന്നതായി കേട്ടിരുന്നു. അതെന്തേ നടക്കാതെ പോയി എന്നറിയില്ല. രാജ്യമെങ്ങുമുള്ള ചൂതാട്ടക്കാര്‍ അലമുറയിട്ട് പിന്തിരിപ്പിച്ചതായിരിക്കും. ഒറ്റ നമ്പര്‍ ലോട്ടറി പോലുള്ള ചില കൊടും ലോട്ടറികള്‍ പിന്നീട് രംഗത്ത് വരികയുണ്ടായി. സാധാരണയായുള്ള ലോട്ടറി ചുതാട്ടത്തില്‍ ഏര്‍പ്പെട്ട് നശിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്. ഒറ്റനമ്പര്‍ അങ്ങിനെയല്ല, അമ്പലപ്പറമ്പിലെ ചട്ടികളി പോലെ പോക്കറ്റിലുള്ളത് മുഴുവന്‍ കൊടുത്തിട്ടേ പോകൂ. വേഗം കുടുംബം ജീവനൊടുക്കിക്കൊള്ളും.
കേരളത്തിന് ഇക്കാര്യത്തില്‍ അഭിമാനിക്കാനുണ്ട്. നമ്മളാണ് സര്‍ക്കാറിന് അധാര്‍മികമായും പണമുണ്ടാക്കാമെന്ന് ലോകത്തിന് കാട്ടിക്കൊടുത്തത്. ലോട്ടറി ടിക്കറ്റ് വില്‍പ്പന തുടങ്ങിയത് കേരളസര്‍ക്കാറാണ്. അത് തുടങ്ങിയ അറുപത്തേഴിലെ മന്ത്രിസഭയില്‍ നിങ്ങളുമുണ്ടായിരുന്നില്ലേ എന്ന് മുസ്ലിം ലീഗുകാരോട് ചോദിച്ചേക്കരുത് കേട്ടോ. മുതിര്‍ന്ന ആളുകള്‍ അധാര്‍മികത ചെയ്യുന്നതിനല്ലാതെ കുട്ടികള്‍ അത് ചെയ്യുന്നത് ലീഗ് ഒരു കാരണവശാലും സമ്മതിക്കില്ല. അന്ന് കൂടെയുണ്ടായിരുന്ന സി.പി. എമ്മാണ് കള്ളുവില്‍പ്പന, ലോട്ടറി വില്‍പ്പന തുടങ്ങിയ അധാര്‍മികതളെല്ലാം പാവപ്പെട്ട മുസ്ലിം ലീഗിനെ കൊണ്ട് ചെയ്യിച്ചത്. ദൂര്‍നടപ്പുകളെല്ലാം ലീഗ് അന്നൊഴിവാക്കിയതാണ്.