മന്ത്രിസഭയുടെ സത്യപ്രതിജ്ഞ, വകുപ്പുവിഭജനം തുടങ്ങിയ നടപടികളുടെ തുടര്‍ച്ചയാണ് നൂറാം ദിനാചരണം, ആറാം മാസാചരണം തുടങ്ങിയവ. നൂറു ദിവസത്തെ ഭരണത്തിന്റെ നേട്ടമെന്ത്, കോട്ടമെന്ത്, ആറുമാസം കൊണ്ട് എത്ര വാഗ്ദാനം ലംഘിച്ചു എന്നുതുടങ്ങിയ വിലയിരുത്തലുകള്‍ നടത്തുന്ന സന്ദര്‍ഭമാണിത്. ഇതിനെല്ലാം നടപ്പുരീതികളും കീഴ്‌വഴക്കങ്ങളുമുണ്ട്. ചരിത്രത്തിലിന്നുവരെ കണ്ടിട്ടില്ലാത്ത നേട്ടങ്ങള്‍ ആറുമാസം കൊണ്ട് ഉണ്ടാക്കിയെന്നാവും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അവകാശവാദം. അഞ്ചുവര്‍ഷത്തെ ഭരണത്തിന്റെ കേമത്തം കൊണ്ട് പ്രതിപക്ഷത്തിരിക്കേണ്ടിവന്നവര്‍ അതിനു നേര്‍വിപരീതമായതു പറയും. അയ്യഞ്ചുവര്‍ഷം കൂടുമ്പോള്‍ ആളുകളേ മാറൂ, വാചകമടി മാറില്ല.
വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മന്ത്രിസഭയുടെ നാടാറുമാസാഘോഷം കഴിഞ്ഞദിവസം നടക്കുകയുണ്ടായി. അരിഷ്ടിപ്പുകളുടെ കാലമാണല്ലോ ആദ്യ ആറുമാസം. ഒരുകാര്യം പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടുണ്ട്. ഭരണത്തോടുള്ള ഔദാര്യത്തിന്റെ കാലം കഴിഞ്ഞു. ഇനി സ്വരം മാറും. കൊടും വിമര്‍ശനമാണ് വരാന്‍പോകുന്നത്. ലവലേശം പൊറുക്കില്ല. പത്രങ്ങളും ചാനലുകളും ഉള്ള കാലത്തോളം അതിനു ചെലവൊന്നുമില്ല. അച്യുതാനന്ദനും കോടിയേരിക്കും ബേബിക്കും അതിനെ ലവലേശം പേടിയും കാണില്ല. പ്രക്ഷോഭം നടത്തി സര്‍ക്കാറിനെ സ്തംഭിപ്പിക്കുമെന്നൊന്നും ഉമ്മന്‍ ചാണ്ടി പേടിപ്പിക്കുകയുണ്ടായില്ല. പ്രക്ഷോഭം നടത്താനുള്ള യു.ഡി.എഫിന്റെ കഴിവിനെക്കുറിച്ച് നാട്ടിലെല്ലാവര്‍ക്കും അറിയുന്നതു കൊണ്ടാവാം ഉമ്മന്‍ചാണ്ടി അത്തരം അവകാശവാദങ്ങളൊന്നും ഉന്നയിക്കാതിരുന്നത്.
യു.ഡി.എഫിന്റെ വിമര്‍ശനവും പ്രക്ഷോഭവുമൊന്നും സഖാവ് വി.എസ്സിനെ അലട്ടില്ല. പിടിച്ചതിലും വലിയ പാമ്പ് മാളത്തിലാണെന്നു പറഞ്ഞതുപോലെ, പ്രതിപക്ഷത്തുള്ളതിലും വലിയ വിമര്‍ശകരും പാരവെപ്പുകാരുമെല്ലാം ഉള്ളത് സ്വന്തം പാര്‍ട്ടിയില്‍ ത്തന്നെയാണ്. ആറുമാസം എന്ന പരിഗണനയെങ്കിലും പ്രതിപക്ഷക്കാര്‍ക്കുണ്ടാകും. പാര്‍ട്ടിയിലെ പ്രതിപക്ഷത്തിനില്ല ആ പരിഗണനപോലും. ആദ്യത്തെ ആറുമാസംകൊണ്ട് വേണം തലയ്ക്കടിച്ച് ബോധം കെടുത്താനെന്ന് അവര്‍ക്കറിയാം. അതു കൃത്യമായി നിര്‍വഹിച്ചുവരികയായിരുന്നു അവര്‍.
ആളുകള്‍ക്കറിയുന്ന കാര്യമാണെങ്കിലും ഓര്‍മിപ്പിക്കാന്‍ വേണ്ടി പറയുകയാണ്. തലസ്ഥാനത്ത് രണ്ടുണ്ട് സെക്രട്ടേറിയറ്റ്. ഒന്ന് സാക്ഷാല്‍ സെക്രട്ടേറിയറ്റ്, മറ്റേത് പാര്‍ട്ടി സെക്രട്ടേറിയറ്റ്. ഭരണം എവിടെയാണ് നടക്കുന്നത് എന്നുചോദിച്ചാല്‍ മറുപടിപറയാന്‍ പ്രയാസമാണ്. ഫയലിലെഴുതുന്നതും അതു മേശകള്‍തോറും ഉന്തുന്നതും ആണ് ഭരണമെന്ന് ധരിച്ചവര്‍ കരുതുന്നത് സാക്ഷാല്‍ സെക്രട്ടേറിയറ്റിലാണ് ഭരണം നടക്കുന്നത് എന്നാണ്. അതിന്റെ തലപ്പത്ത് ഇരിക്കുന്ന മുഖ്യമന്ത്രി അച്യുതാനന്ദനാണ് ഭരിക്കുന്നത് എന്നും അവര്‍ കരുതുന്നു. ആ വിശ്വാസം അവരെ രക്ഷിക്കട്ടെ. ആരെ മന്ത്രിയാക്കണം, ഏതു വകുപ്പ്‌കൊടുക്കണം, സി.പി.ഐ. മന്ത്രിയില്‍ നിന്ന് ഏത് വകുപ്പ് രാത്രി മോഷ്ടിച്ചെടുക്കണം, ആര്‍ക്ക് എത്ര രൂപയുടെ പദ്ധതികൊടുക്കണം തുടങ്ങിയ നിര്‍ണായകമായ കാര്യങ്ങള്‍ തീരുമാനിക്കലാണ് ഭരണം എന്ന് അഭിപ്രായമുള്ളവര്‍ കരുതുന്നത് പാര്‍ട്ടി സെക്രട്ടേറിയറ്റിലാണ് ഭരണം നടക്കുന്നത് എന്നാണ്.
അപൂര്‍വാനുഭവമാണ് അച്യുതാനന്ദന്റേത്. സാക്ഷാല്‍ സെക്രട്ടേറിയറ്റില്‍ അദ്ദേഹം മുഖ്യമന്ത്രിയാണ്. പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ അദ്ദേഹം പ്രതിപക്ഷ നേതാവാണ്. അവിടെ ഭരണം പിണറായി സഖാവിന്റെ കൈവശമാണ്. മുഖ്യമന്ത്രിക്ക് പോക്കറ്റില്‍നിന്ന് പേനയെടുക്കാന്‍ തന്നെ പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ അനുമതി വേണം. ഓര്‍ഡറുകളില്‍ ഒപ്പിടുന്ന കാര്യം പറയുകയും വേണ്ട. ആകെ സ്വന്തമായി ചെയ്യാന്‍ കഴിയുന്നത് നിയമസഭയില്‍ മന്ത്രിമാര്‍ പറയുന്നത് തിരുത്തിപ്പറയുക മാത്രമാണ്. അതില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റിന് ഇടപെടാന്‍ കഴിയുകയില്ല. ഇടപെട്ടാല്‍ നിയമസഭാ അലക്ഷ്യവും കേസും കൂട്ടവുമായേക്കും.
ആറുമാസത്തെ ഭരണംകൊണ്ട് പാര്‍ട്ടി സെക്രട്ടേറിയറ്റ് ചില നിര്‍ണായക നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. വി.എസ്. അച്യുതാനന്ദന്‍ കേരള ജനതയുടെ രക്ഷകനാണെന്ന വിചാരം അത്ര ശരിയല്ലെന്ന് ജനങ്ങളെ ഏതാണ്ട് ബോധ്യപ്പെടുത്താനായിട്ടുണ്ട്. തിരഞ്ഞെടുപ്പു കാലത്ത് അതായിരുന്നല്ലോ പലരുടെയും വിചാരം. മുന്നണി വന്‍ജയം നേടിയപ്പോള്‍ ചിലര്‍ പറഞ്ഞത് അത് വി.എസ്സിന്റെ ജയമാണെന്നല്ലേ. താജ്‌മഹല്‍ ഉണ്ടാക്കിയത് ഷാജഹാന്‍ ആണെന്ന് കരുതുന്ന വിഡ്ഢികള്‍ എല്ലാ കാലത്തും ഉണ്ടല്ലോ. ജനങ്ങളെ രക്ഷിക്കുകയും ശിക്ഷിക്കുകയുമെല്ലാം ചെയ്യേണ്ടത് പാര്‍ട്ടിയാണ്; ഏതെങ്കിലും നേതാവല്ല. നേതാക്കള്‍ വരികയും പോകുകയും ചെയ്യും. പാര്‍ട്ടിയാണ് എക്കാലവും നിലനില്‍ക്കുന്നതും എല്ലാം നിയന്ത്രിക്കുന്നതും. പാര്‍ട്ടിയേക്കാള്‍ വലിയ നേതാവില്ല. ഉണ്ടാകാനും പാടില്ല.
ഒരാറുമാസം കൂടി ക്ഷമിച്ചാലും. എല്ലാ തെറ്റിദ്ധാരണകളും മാറ്റിയെടുക്കാനാവും. “വി.എസ്. മത്സരിച്ചിരുന്നില്ലെങ്കില്‍ പാര്‍ട്ടിക്ക് അഞ്ചോ ആറോ സീറ്റേ കിട്ടുമായിരുന്നുള്ളൂ” എന്ന അവസ്ഥ മാറും. വി.എസ്സും പാര്‍ട്ടിയുടെ പല നേതാക്കളിലൊരാളായി മാറും. സമ്പൂര്‍ണ തുല്യത നിലവില്‍ വരും. ഷാജഹാനും താജിന് കല്ലുചുമന്ന അടിമയും തുല്യരാകും. വി.എസ്സിനെ മാറ്റി കോടിയേരിയെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ അതിനെതിരെ പാര്‍ട്ടിയില്‍ ഇലയിളകില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കും മുന്‍പ് ഞാന്‍ മത്സരിക്കുന്നില്ല എന്ന് പറയിപ്പിച്ചതുപോലെ ഇനിയും എളുപ്പവിദ്യകളുണ്ട്. മുഖ്യമന്ത്രിസ്ഥാനം എന്ന മുള്‍ക്കിരീടം എന്നില്‍നിന്ന് എടുത്തുമാറ്റണമേ എന്ന് വി.എസ്സിനെക്കൊണ്ടുതന്നെ അപേക്ഷിപ്പിക്കാം. ആത്മാര്‍ഥമായിത്തന്നെ അപേക്ഷിപ്പിക്കാം. ആരും ജാഥ നടത്തില്ല, മാധ്യമങ്ങള്‍ ഇളകിമറിയില്ല. അപ്പോഴാണ് യഥാര്‍ഥത്തിലുള്ള പാര്‍ട്ടി ഭരണം നിലവില്‍ വരുന്നത്. ഇല്ല, ഏറെയൊന്നും വൈകില്ല.
*********************
സി.പി.എമ്മിന്റെ പ്രത്യയശാസ്ത്ര ലോകം അതിവേഗം വികസിക്കുകയാണ്. മുന്‍കാലങ്ങളിലെല്ലാം പാര്‍ട്ടികളുടെ നയവും നിലപാടും നോക്കിയാണ് മുന്നണിയില്‍ പുതിയ ഘടകകക്ഷികളെ സ്വീകരിച്ചിരുന്നത്. ഇപ്പോഴതല്ല നയം. മുന്നണിയിലുള്ള പാര്‍ട്ടികളില്‍ ആരെല്ലാം ചേരുന്നു, ചേര്‍ക്കുന്നു എന്ന് നോക്കിയാണ് ആ പാര്‍ട്ടിയോടുള്ള നിലപാട് സി.പി.എം. തീരുമാനിക്കുന്നത്.
അതിന്റെ പ്രായോഗിക നടപടിക്രമം ഘടകകക്ഷികള്‍ അറിയാന്‍ വേണ്ടി പറയാം. പാര്‍ട്ടിയില്‍ പുതിയ മെമ്പര്‍മാരെ ചേര്‍ക്കുംമുന്‍പ് ലിസ്റ്റ് സി.പി.എം. സെക്രട്ടറിയുടെ ക്ലിയറന്‍സിന് അയയ്ക്കണം. അത്രയേ ഉള്ളൂ.
ഈ നടപടിക്രമം പാലിക്കാഞ്ഞാല്‍ എന്ത് സംഭവിക്കും? “ഒന്നായ നിന്നെയിഹ രണ്ടെന്ന്” കാണും. ഘടകകക്ഷി വേറെ, കക്ഷിയില്‍ ചേര്‍ന്ന വ്യക്തി വേറെ. ലയിച്ചൊരു പാര്‍ട്ടിയായാലും രണ്ടുപാര്‍ട്ടിയായി കാണും. ശരദ്‌പവാര്‍ കൊള്ളാം കെ. കരുണാകരന്‍ കൊള്ളില്ല, പീതാംബരന്‍ മാസ്റ്റര്‍ കൊള്ളാം, കെ. മുരളീധരന്‍ കൊള്ളില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൂട്ടുകൂടാന്‍ ഡി.ഐ.സി. ഒന്നാംതരംപാര്‍ട്ടി, നിയമസഭാ തിരഞ്ഞെടുപ്പില്‍ അടുപ്പിക്കാന്‍ കൊള്ളില്ല എന്ന നിലവാരത്തില്‍ മാത്രമേ നേരത്തെ വൈരുധ്യാധിഷ്ഠിത വാദം വികസിച്ചിരുന്നുള്ളൂ. അതിന്റെ രണ്ടാംഘട്ടമാണിത്. കരുണാകരനും മുരളീധരനും ദുഃഖം തോന്നുന്നത് സ്വാഭാവികം മാത്രം. ഇന്ന് കോലുകൊണ്ടുപോലും തൊടാന്‍ കൂട്ടാക്കാത്ത സി.പി.ഐ. എത്രകാലം ഒപ്പം ഉണ്ടുറങ്ങിക്കഴിഞ്ഞുകൂടിയതാണ്. സി.പി.എമ്മിനുപോലും മുന്‍പുണ്ടായിരുന്നില്ല ഈ പ്രത്യയശാസ്ത്ര പിടിവാശി. അടിയന്തരാവസ്ഥയുടെ അവസാനം നടന്ന തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനത്തിന് തൊട്ടുമുന്‍പാണ് ജനസംഘക്കാര്‍ ജനതാപാര്‍ട്ടിയായി മാറിയത്. ഡല്‍ഹിയില്‍ അദ്വാനിയും വാജ്‌പേയിയും മുതല്‍ ഇവിടെ കെ.ജി. മാരാരും ഒ. രാജഗോപാലനും വരെ സ്ഥാനാര്‍ഥികളായപ്പോള്‍ ഒരു തടസ്സവുമുണ്ടായിട്ടില്ല സി.പി.എമ്മിന്. സഖാക്കള്‍ ഊണും ഉറക്കവും വെടിഞ്ഞ് ഇവര്‍ക്ക് വോട്ടുപിടിച്ചിട്ടുണ്ട്. മുന്‍ ജനസംഘക്കാര്‍ക്ക് കിട്ടിയ പരിഗണനയെങ്കിലും ലീഡര്‍ക്കും പുത്രനും കിട്ടേണ്ടേ?