ആന്റണിയുടെ പ്രതിരോധം

ഇന്ദ്രൻ

എ.കെ. ആന്റണ്‍ജി രാജ്യത്തിന്റെ രക്ഷാമന്ത്രി (അങ്ങനെയാണ്‌ ഹിന്ദുസ്ഥാനിയില്‍ പറയുക) ആയത്‌ പശുപ്പട്ട (കൗബെല്‍ട്ട്‌)യിലെ രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും രസിച്ച മട്ടില്ല. നിയമനവാര്‍ത്ത പുറത്തുവന്നപ്പോള്‍ അവിടെ നടന്ന ചര്‍ച്ച കേട്ടാല്‍ തോന്നുക ആന്റണിക്ക്‌ സോണിയാഗാന്ധി നൂറോ ആയിരമോ കോടിയുടെ ലോട്ടറി അനധികൃതമായി നേടിക്കൊടുക്കുകയായിരുന്നുവെന്നാണ്‌. പള്ളിയിലെ കാര്യം അള്ളാക്കേ അറിയൂ എന്ന്‌ ചിലര്‍ പറയാറുണ്ട്‌. ആന്റണിയുടെ നെഞ്ചിടിപ്പ്‌ ആന്റണിക്കു തന്നെയേ അറിയൂ.

ഉത്തരേന്ത്യന്‍ ഗോസായിമാര്‍ക്കേ രാജ്യരക്ഷാവകുപ്പ്‌ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ എന്ന്‌ ഭരണഘടനയിലെങ്ങും ഉള്ളതായി തോന്നുന്നില്ല. അത്യാവശ്യം ദക്ഷിണേന്ത്യയിലെ മുണ്ടു മുറുക്കിയുടുക്കുന്നവര്‍ക്കും ആകാം കുറച്ചു രാജ്യരക്ഷയൊക്കെ. മുമ്പൊരു ചങ്ങായി കോഴിക്കോട്ട്‌ നിന്ന്‌ പോയി രക്ഷാമന്ത്രിയായിട്ടുണ്ട്‌. മുപ്പത്‌ വര്‍ഷം ലണ്ടനില്‍ ആയിരുന്നതുകൊണ്ട്‌ മുണ്ടുടുക്കാന്‍ നിശ്ചയമുണ്ടായിരുന്നില്ല എന്നേ ഉള്ളൂ വ്യത്യാസം. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ പ്രതിനിധിയോ ലണ്ടനില്‍ ഹൈക്കമ്മീഷണറോ മറ്റോ ആയിരുന്നപ്പോഴാണ്‌ നെഹ്‌റു കൂട്ടിക്കൊണ്ടുവന്ന്‌ രക്ഷാമന്ത്രിയാക്കിയത്‌. ഭാഗ്യത്തിന്‌ നെഹ്‌റു നായരോ മേനോനോ അല്ലാതിരുന്നത്‌ കൊണ്ട്‌ നെഹ്‌റുവിനെതിരെ സ്വജനപക്ഷപാതമൊന്നും ആരോപിക്കപ്പെട്ടിട്ടില്ല. അല്ലെങ്കില്‍ ഇപ്പോള്‍ സോണിയാഗാന്ധിയെക്കുറിച്ച്‌ പറയുന്നത്‌ നെഹ്‌റുവിനെ കുറിച്ചും പറയുമായിരുന്നു. പുള്ളിക്കാരന്‍ രാജ്യത്തിന്റെ രക്ഷാമന്ത്രിയായിരുന്നെങ്കിലും രാജ്യത്തിന്‌ രക്ഷയൊട്ടും കിട്ടുകയുണ്ടായില്ല എന്നത്‌ വേറൊരു കാര്യം.

കോണ്‍ഗ്രസ്സിന്റെ ഒന്നാം കിട ദേശീയ നേതാക്കളുടെയോ അനുഭവവും പരിചയവും ഉള്ള കേബിനറ്റ്‌ മന്ത്രിമാരുടെയോ കൂട്ടത്തില്‍ ആന്റണി പെടില്ല. എന്നിരിക്കേ രാജ്യരക്ഷാവകുപ്പ്‌ പോലൊരു ഒന്നാംകിട വകുപ്പ്‌ ചാര്‍ത്തിക്കൊടുത്തത്‌ ശരിയായില്ലെന്നതാണ്‌ വിമര്‍ശനത്തിന്റെ കാതല്‍. ഇതില്‍ കുറച്ച്‌ കാര്യമില്ലാതില്ല. കേന്ദ്രമന്ത്രിമാരുടെ ലിസ്റ്റ്‌ ഒന്നെടുത്തേ.. പേരുകള്‍ വായിച്ചേ.. ആദ്യത്തെ കക്ഷി പ്രണബ്‌ മുഖര്‍ജി. ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ ഇടക്കാല പ്രധാനമന്ത്രിയാകാന്‍ ആവശ്യപ്പെട്ടേക്കുമെന്ന്‌ കരുതി വിമാനം പിടിച്ച്‌ ഡല്‍ഹിക്ക്‌ പാഞ്ഞുവന്ന ആള്‍. രാജീവ്‌ മരിച്ചപ്പോള്‍ സത്യപ്രതിജ്ഞയുടെ പ്രശ്നമൊന്നുണ്ടായിരുന്നില്ലെങ്കിലും പ്രണബ്‌ എന്തിനും തയ്യാറായി മുന്നില്‍ത്തന്നെ ഉണ്ടായിരുന്നു. അത്ര ഉന്നതമായ തലത്തിലായിരുന്നു ദേഹം. മന്‍മോഹന്‍സിങ്ങിനും മറ്റും ഉള്ള ഒരു യോഗ്യതയും അദ്ദേഹത്തിനുണ്ട്‌. – ജനങ്ങളുടെ വോട്ട്‌ വാങ്ങി പാര്‍ലമെന്റിലേക്ക്‌ വരാറില്ല. മുതിര്‍ന്ന മാന്യന്മാര്‍ വന്നിരിക്കുന്ന ഉപരിസഭയിലേ സാറിരിക്കാറുള്ളു, ഇത്തവണയൊഴികെ. അങ്ങനെയെല്ലാമുള്ള പ്രണബനെ താഴോട്ട്‌ ഇറക്കിക്കിടത്തിയിട്ടാണ്‌ നമ്മുടെ ആന്റണിയെ രാജ്യത്തിന്റെ ആകമാനം രക്ഷയേല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്‌. ദൈവം രാജ്യത്തെ രക്ഷിക്കട്ടെ.

ശരദ്‌ പവാര്‍, അര്‍ജുന്‍ സിങ്ങ്‌, ജയ്‌പാല്‍റെഡ്ഢി, ചിദംബരം, കമല്‍നാഥ്‌, ഭരദ്വാജ്‌, ദാസ്‌ മുന്‍ഷി, കബില്‍ സിബല്‍, ഷിന്‍ഡെ , ആന്തുലെ, അംബികാസോണി …അങ്ങനെ പോകുന്നു പ്രണബിന്‌ താഴെയുള്ള വീരശൂരപരാക്രമികളുടെ പേരുകള്‍. ഒടുവിലത്തെ പേരൊന്നു കൂടി വായിച്ചേ… അംബികാസോണി !! അടിയന്തരാവസ്ഥയില്‍ സഞ്ജയ്‌ രാജകുമാരനൊപ്പം പറന്നു നടന്നു രാജ്യവിരുദ്ധരെ വെട്ടിവീഴ്ത്തുകയായിരുന്നു സോണിജി. അന്ന്‌ ഈ ആന്റണിസാര്‍ എവിടെയായിരുന്നു എന്നോര്‍മയുണ്ടോ ? രാജ്യം നന്നാക്കാനുള്ള അടിയന്തരാവസ്ഥക്കെതിരെ എ.ഐ.സി.സി. സമ്മേളനത്തില്‍ വരെ വന്ന്‌ പരദൂഷണം പറഞ്ഞുനടപ്പായിരുന്നു. സോണിയാജിയുമായി സോണിജിക്ക്‌ ഒരക്ഷരത്തിന്റെ വ്യത്യാസമേ ഉള്ളൂ. ആന്റണിക്കറിയാത്ത ഇറ്റാലിയന്‍ഭാഷ അറിയുകയും ചെയ്യും. എന്നിട്ടും രക്ഷാമന്ത്രിയായില്ല. ആയത്‌ ആന്റണി

ഇടയില്‍ ഒരു പേര്‌ കൂടിയുണ്ട്‌. ബോധപൂര്‍വം വായിക്കാന്‍ വിട്ടതായിരുന്നു. സോണിയാഗാന്ധിക്ക്‌ എന്തുമാവാം, അതു പോലെ നാം ചെയ്യാന്‍ പാടില്ലല്ലോ. വേറൊരു ചേര്‍ത്തലക്കാരനോട്‌ കാട്ടിയ ക്രൂരതയുടെ കഥയാണത്‌. ഇപ്പോഴത്തെ തലമുറ വിചാരിക്കുക ആന്റണി നേതാവും വയലാര്‍ രവി തൊട്ടനുയായിയുമാണെന്നാണ്‌. സത്യമതല്ലെന്ന്‌ ഒരണാ സമരത്തിന്റെ കാലം മുതലുള്ള രാഷ്ട്രീയം കണ്ടിട്ടുള്ളവര്‍ക്കറിയാം.. വയലാര്‍ രവി സീനിയര്‍ നേതാവും ആന്റണി അനുയായിയുമായിരുന്നു എന്തുകാര്യം ? ഒരണാസമരത്തിന്റെ കാര്യം ഇന്ന്‌ ആര്‍ക്കറിയാം ? കെ.പി.സി. സി. യുടെ മുഖപത്രത്തില്‍ വന്നത്‌ അരയണസമരം എന്നാണ്‌. ഒരണ അരയണയും അരയണ ഒരണയും ആകുന്ന കാലമാണിത്‌. രക്ഷപ്പെടുത്താനാവില്ല.

ഇല്ലെങ്കില്‍ ഇല്ലെന്നേ ഉള്ളൂ, ഇങ്ങനെയൊന്ന്‌ വേണ്ടായിരുന്നു എന്ന്‌ ചിലതിനെക്കുറിച്ച്‌ പറയാറുണ്ടല്ലോ. വയലാര്‍ രവിയുടെ കേന്ദ്രമന്ത്രിസ്ഥാനത്തിന്റെ അവസ്ഥയാണത്‌. വേറൊരു ചേര്‍ത്തലക്കാരന്‍ രാജ്യരക്ഷാമന്ത്രിയായി നടക്കുന്നു, പറക്കുന്നു. ഒരു മഞ്ചേരിക്കാരന്‍ (മഞ്ചേരി , പൊന്നാനി എന്നൊക്കെ പറയും ആള്‌ കണ്ണൂരുകാരനാണ്‌, ഏത്‌ ? )ഇത്രയും ദിവസം നടന്നിരുന്നത്‌ വിദേശകാര്യമന്ത്രിയുടെ കോട്ടും പാപ്പാസുമൊക്കെയിട്ടായിരുന്നു. വയലാര്‍ രവിയോ ? വെറും പ്രവാസികാര്യസ്ഥന്‍. ആകപ്പാടെ ഒരു സമാധാനമേ ഉള്ളൂ. ആന്റണിയുടെയും അഹ്‌മദിന്റെയുമൊന്നും വീമ്പും പത്രാസുമൊന്നും കാണാന്‍ ഇവിടെ നില്‍ക്കേണ്ട. പ്രവാസികള്‍ ഇല്ലാത്ത രാജ്യങ്ങളൊന്നുമില്ലല്ലോ. ഉഗാണ്ടയിലും ഐസ്‌ലാണ്ടിലും നിക്കരാഗ്വയിലുമൊക്കെ പ്രവാസി ഇന്ത്യക്കാരുണ്ട്‌. അവരുടെ ക്ഷേമമന്വേഷിക്കുകയാണെന്ന വ്യാജേന ലോകമെങ്ങും ചുറ്റിത്തിരിയുകയാണ്‌ പതിവ്‌. ഇടയ്ക്ക്‌ വയലാര്‍ജി ഇന്ത്യയും സന്ദര്‍ശിക്കും . ലോകത്ത്‌ പത്തിരുനൂറു രാജ്യങ്ങളില്ലേ, മിക്കവാറും ഈ മന്ത്രിസഭയുടെ കാലാവധി തീരുമ്പോഴേ അദ്ദേഹം എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ചു തീരൂ.

ഇതൊക്കെയാണെങ്കിലും സോണിയാഗാന്ധി എന്തിനാണ്‌ ആന്റണിയെ തിരഞ്ഞു പിടിച്ച്‌ രാജ്യരക്ഷാവകുപ്പ്‌ ഏല്‍പ്പിച്ചതെന്ന്‌ ആര്‍ക്കും മനസ്സിലായിട്ടില്ല. ആന്റണിക്ക്‌ തന്നെയും മനസ്സിലായിട്ടില്ല. കഴിഞ്ഞ കാലത്ത്‌ ഭരണകാര്യങ്ങളില്‍ പ്രകടിപ്പിച്ച അസാധാരണമായ പ്രാഗത്ഭ്യവും അതുല്യമായ നേതൃപാടവവും പരിഗണിച്ചാണ്‌ സുപ്രധാനമായ പ്രതിരോധവകുപ്പ്‌ അദ്ദേഹത്തെ ഏല്‍പ്പിച്ചതെന്ന്‌ ആരും വിശ്വസിക്കുകയില്ല. അങ്ങനെയുള്ള ചീത്തപ്പേരൊന്നും അങ്ങേര്‌ ഇക്കാലത്തിനിടയിലുണ്ടാക്കിയിട്ടില്ല. മറ്റു പലരും ചെയ്യുന്നതു പോലെ ഹൈക്കമാണ്ടിന്‌ അണ്ടിപ്പരിപ്പും ചെമ്മീനും ഗുരുവായൂര്‍ പ്രസാദവും കൊണ്ടുപോയികൊടുത്ത്‌ ആന്റണി ഒപ്പിച്ചെടുത്തതാണ്‌ ഈ സ്ഥാനമെന്ന്‌ മുഖ്യശത്രുക്കളില്‍ മുമ്പനായ കരുണാകരന്‍ പോലും ആരോപിക്കുകയില്ല. ഇനി മണിയടിച്ച്‌ വല്ല കേന്ദ്രമന്ത്രിസ്ഥാനവും ഒപ്പിച്ചെടുക്കുന്നുവെങ്കില്‍ തന്നെ രാത്രി കൃത്യം പത്ത്‌ മണിക്ക്‌ കിടന്നുറങ്ങാന്‍ പറ്റുന്ന ആദിവാസി ക്ഷേമവകുപ്പോ സമുദ്രവികസന വകുപ്പോ ശിശുക്ഷേമവകുപ്പോ ഒക്കെയേ അദ്ദേഹം വാങ്ങിക്കുകയുള്ളൂ.

പിന്നെയെന്താവാം കാരണം ? കോഴക്ക്‌ പുകഴ്‌പെറ്റതാണ്‌ രാജ്യരക്ഷാവകുപ്പ്‌. രാജ്യത്തെ രക്ഷിക്കാന്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ സാധനങ്ങള്‍ മാത്രമല്ല കാശും കിട്ടും. ഓരോന്നിനും ഇത്ര ശതമാനം എന്ന്‌ കണക്കുണ്ട്‌. മോശം സാധനം വാങ്ങിയാല്‍ കമ്മീഷന്‍, നല്ലത്‌ കിട്ടാന്‍ പ്രസിഡന്റ്‌ ബുഷിന്റെ ശുപാര്‍ശക്കത്ത്‌ എന്നിങ്ങനെയൊന്നുമല്ല ആയുധക്കച്ചവടത്തിന്റെ അവസ്ഥ. ഏതെടുത്താലും കമ്മീഷന്‍ കിട്ടും . ബോഫോഴ്‌സിന്റെ കാലത്തൊക്കെ ഇന്ത്യക്കാര്‍ വിചാരിച്ചിരുന്നത്‌ പൊട്ടാത്ത തോക്ക്‌ വാങ്ങാനാണ്‌ കമ്മീഷന്‍ എന്നാണ്‌. വി പി. സിങ്ങും ജോര്‍ജ്‌ ഫെര്‍ണാണ്ടസ്സും കെ.പി. ഉണ്ണികൃഷ്‌ണനുമെല്ലാം നമ്മെ അങ്ങനെയാണല്ലോ ധരിപ്പിച്ചിരുന്നത്‌. പിന്നെയാണ്‌ അറിഞ്ഞത്‌ ശവപ്പെട്ടി വാങ്ങിയാലും കമ്മീഷന്‍ കിട്ടുമെന്ന്‌ . സോണിയാഗാന്ധിക്കറിയുന്നത്‌ പോലെ ഇതിന്റെ ഉള്ളുകള്ളികള്‍ അറിയുന്ന മറ്റൊരാളെ കാണില്ല. ആദര്‍ശധീരന്‍ എ.കെ. ആന്റണിയെ പ്രതിരോധമന്ത്രിയാക്കി ആയുധഇടപാടുകളിലെ കോഴ അവസാനിപ്പിച്ചു കളയാമെന്ന്‌ ധരിക്കാന്‍ മാത്രം ബുദ്ധിയില്ലായ്മ സോണിയാഗാന്ധിക്കില്ല എന്നാര്‍ക്കാണറിയാത്തത്‌.

ഒരു കാരണമേ കാണുന്നുള്ളു. രാജ്യരക്ഷാമന്ത്രിയായിരുന്നവര്‍ കിട്ടുന്ന കമ്മീഷന്റെ കണക്കുകള്‍ സത്യസന്ധമായി ഹൈക്കമാന്‍ഡിന്‌ നല്‍കാറില്ല മുന്‍കാല രാജ്യരക്ഷകന്മാരാരും . അതു കൊണ്ട്‌ ന്യായമായും അങ്ങോട്ട്‌ ചെല്ലേണ്ടത്‌ ചെല്ലുന്നുമില്ല. ഇതിന്‌ രസീതും രേഖയുമൊന്നുമുണ്ടാകില്ലല്ലോ. അയ്യോ സാറേ ഈ ലൊടക്ക്‌ ടാങ്കിന്‌ ഫ്രഞ്ചുകാര്‌ രണ്ടു ശതമാനം കമ്മീഷനേ തന്നുള്ളൂ എന്നു പറഞ്ഞ്‌ ബാക്കി എട്ട്‌ ശതമാനം വിഴുങ്ങുന്നവരാണ്‌ ഖദര്‍ ജൂബ്ബാക്കാര്‍. കോണ്‍ഗ്രസ്സിലാകമാനം തിരഞ്ഞുനോക്കിയിട്ടും അങ്ങനെയല്ലാത്ത ഒരെണ്ണത്തിനെ കണ്ടുപിടിക്കാന്‍ പ്രയാസപ്പെട്ടു. ആകെ ഉള്ള ഒരാളെയാണ്‌ പ്രധാനമന്ത്രിയാക്കിയത്‌. അദ്ദേഹത്തെ തന്നെ ഇതും ഏല്‍പ്പിക്കുന്നത്‌ മോശമല്ലേ ? പിന്നെയുള്ളതാണ്‌ ഈ ആദര്‍ശധീരന്‍.

മന്ത്രിസഭ സ്ഥാനമേല്‍ക്കുന്ന സമയത്ത്‌ അദ്ദേഹത്തെ വിളിച്ചുകൊണ്ടുവരാനായില്ല. കേരളത്തില്‍ യു.ഡി.എഫിനെ ഒരരുക്കാക്കുന്ന തിരക്കിനിടയില്‍ എങ്ങനെ വിളിച്ചുകൊണ്ടു വരും ? ആ ഉത്തരവാദിത്വം നിര്‍വഹിച്ച ശേഷമാണ്‌ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്‌. ഉടനെ രാജ്യസഭാംഗമായെങ്കിലും മന്ത്രിയാകാന്‍ കൂട്ടാക്കിയില്ല. ഒരു സ്ഥാനം രാജി വെച്ച ഉടനെ മറ്റൊരു സ്ഥാനം ഏറ്റെടുത്താല്‍ അദ്ദേഹത്തിന്റെ ആദര്‍ശത്തിന്‌ എന്തോ തരക്കേടുണ്ടാവുമത്രെ. രണ്ടു സ്ഥാനങ്ങള്‍ തമ്മില്‍ ചുരുങ്ങിയത്‌ ആറുമാസത്തിന്റെയോ മറ്റോ ഗ്യാപ്പ്‌ വേണമത്രെ. ഓരോരോ വിശ്വാസങ്ങളേയ്‌… അതുകൊണ്ടാണ്‌ മന്ത്രിയാക്കാന്‍ വൈകിയത്‌ .ഇനി പ്രശ്നമില്ല.

കമ്മീഷനില്‍ ഒരു പൈസ അങ്ങേരെടുക്കില്ല എന്ന്‌ മാത്രമല്ല അങ്ങനെയൊരു സംഭവം ലോകത്തുള്ളതായി സമ്മതിക്കുക പോലുമില്ല. ചര്‍ച്ചയും കരാറുമൊക്കെ ജനപഥിലെ വസതിയില്‍ നടത്തിയ ശേഷം ഫയലങ്ങോട്ട്‌ കൊടുത്തയച്ചാല്‍ മതിയാകും. ആരും ഒന്നും സംശയിക്കില്ല. എ. കെ. ആന്റണി രാജ്യരക്ഷാമന്ത്രിയായിരിക്കുമ്പോള്‍ ആയുധമിടപാടില്‍ കോഴ വാങ്ങിയെന്ന്‌ ആരെങ്കിലും വിശ്വസിക്കുമോ ?. ഇത്രയും ബുദ്ധിപൂര്‍വകമായ തീരുമാനം അടുത്ത കാലത്തൊന്നും കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ നിന്നുണ്ടായിട്ടില്ല. ടി. വി. ആര്‍. ഷേണായിസാര്‍ എഴുതിയത്‌ തന്നെയാണ്‌ കാര്യം. കോണ്‍ഗ്രസ്സുകാര്‍ ആന്റണിയെ പാഞ്ഞുചെന്ന്‌ അഭിനന്ദിക്കുകയല്ല , അദ്ദേഹത്തിന്‌ വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്‌ വേണ്ടത്‌.

Leave a Reply

Your email address will not be published. Required fields are marked *

Go Top