വകുപ്പുവിഭജനം നടത്തുമ്പോള്‍ പോലീസ് വകുപ്പിനു വേണ്ടി കുറെയായി അടിയും പിടിയും ഒന്നും നടക്കാറില്ല. അത് കാരണവരുടെ ഓഹരിയില്‍പ്പെട്ട വസ്തുവാണ്. ഇളംതലമുറക്കാര്‍ കേറി ഇടപെടുന്ന പതിവില്ല. അന്‍പത്തേഴിലെ മന്ത്രിസഭയുടെ സമയത്തു തന്നെ തുടങ്ങിയതാണ് കീഴ്‌വഴക്കം. കാരണവര്‍ ഇ.എം.എസ്. ആദ്യം ചെന്ന് അന്തസ്സായി പോലീസ് വകുപ്പ് ഏറ്റെടുക്കുകയാണ് ചെയ്തത്.
ഭരണം എന്നു പറഞ്ഞാല്‍ത്തന്നെ പോലീസാണ്, പിന്നെയെങ്ങനെ ആഭ്യന്തര വകുപ്പ് ഏറ്റെടുക്കാതിരിക്കും? എടുത്തു. കുറച്ചു കാലം കഴിഞ്ഞപ്പോഴാണിത് പൊല്ലാപ്പാണ് എന്ന് മനസ്സിലായത്. ഒന്നുകില്‍ പോലീസുകാര്‍ എവിടെയെങ്കിലും ചെന്ന് ആരെയെങ്കിലും തല്ലുകയോ കൊല്ലുകയോ ചെയ്യും. അതല്ലെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ ചെന്ന് പ്രകോപനമുണ്ടാക്കി പോലീസിനെക്കൊണ്ട് തല്ലിക്കുകയോ കൊല്ലിക്കുകയോ ചെയ്യും. രണ്ടായാലും പൊല്ലാപ്പ് തന്നെ. ഇ.എം.എസ്സിനായാലും സംഗതി മടുക്കാതിരിക്കില്ലല്ലോ. ഈ മുള്‍ക്കിരീടമെനിക്കെന്തിന് തന്നു ആണ്ടി വടിവോനേ എന്ന് അദ്ദേഹം വിലപിച്ചപ്പോഴാണ് പാര്‍ട്ടി അതെടുത്ത് വി.ആര്‍. കൃഷ്ണയ്യരുടെ തലയില്‍ വെച്ചുകൊടുത്തത്. നോക്കണേ പാര്‍ട്ടിയംഗം പോലുമല്ലാത്ത, സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ആളുടെ കൈയിലാണ് പോലീസ് എന്ന ഇരുതലമൂര്‍ച്ചയുള്ള വാള്‍ ഏല്‍പിച്ചു കൊടുത്തത്. നിയമവും വകുപ്പും അറിയാത്തതാവും ഇ.എം.എസ്സിന്റെ കുഴപ്പം എന്ന് പാര്‍ട്ടി ധരിച്ചോ എന്തോ. കൃഷ്ണയ്യര്‍ക്കറിയും പോലെ നിയമവും വകുപ്പും വേറെ ആര്‍ക്കറിയും. ആ ധൈര്യത്തിലാണ് അദ്ദേഹത്തെ വകുപ്പേല്‍പിച്ചത്. പിന്നീടാണ് മറ്റൊരു സത്യം മനസ്സിലായത്. പോലീസും നിയമവും തമ്മില്‍ കടലും കടലാടിയുമായുള്ള ബന്ധമേ ഉള്ളൂ.
തുരുതുരാ അടിയും വെടിയുംപൊട്ടി. കൃഷ്ണയ്യര്‍ക്കും നില്‍ക്കക്കള്ളിയില്ലാതായി. വകുപ്പ് പിന്നെ ഏല്‍പിച്ചത് സി. അച്യുതമേനോനെയാണ്. അക്കാലത്ത് ചേലാട്ട് അച്ചു ചേലുള്ള അച്ചു ആയിരുന്നു. അതുകൊണ്ട് ഒട്ടും കുറവുണ്ടായില്ല, അടിക്കും വെടിക്കുമൊന്നും. വിമോചനസമരം തീരുമ്പോള്‍ പോലീസ് വെടിയേറ്റ് മരിച്ചവരുടെ എണ്ണം പതിനഞ്ചായിരുന്നു. പിന്നീട് കെ. കരുണാകരനു പോലും ഭേദിക്കാന്‍ പറ്റിയിട്ടില്ല ഇ.എം.എസ്-കൃഷ്ണയ്യര്‍-അച്യുതമേനോന്‍ പോലീസ് ഭരണത്തിന്റെ മരണറെക്കോഡ്.
അന്നു മരിച്ചവര്‍ മുഴുവന്‍ വെടികൊണ്ടു ചാകാന്‍ ജന്മനാ അര്‍ഹതയുള്ള ജന്മി-മുതലാളി-പിന്തിരിപ്പന്‍ -ബൂര്‍ഷ്വാ വര്‍ഗക്കാരായിരുന്നുവെന്നൊന്നും ധരിക്കേണ്ട. മരിച്ചതേറെയും തൊഴിലാളിവര്‍ഗം തന്നെയായിരുന്നു. അത് എക്കാലവും അങ്ങനെത്തന്നെയാണ്. ചന്ദനത്തോപ്പില്‍ വെടിയേറ്റുവീണത് രണ്ടുതൊഴിലാളികള്‍. വെറും സോഷ്യലിസം പോരാ വിപ്ലവസോഷ്യലിസം തന്നെ വേണം എന്നു കരുതിയ യു.ടി.യു.സി.ക്കാരായിരുന്നുവെന്നേയുള്ളൂ. തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ ഭരണത്തില്‍ തൊഴിലാളിക്ക് വെടിയോ? ആദ്യമൊരു പരിഭ്രാന്തിയും ഞെട്ടലുമൊക്കെയുണ്ടായി നാട്ടിലുള്ള സഖാക്കള്‍ക്ക്. കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് ലവലേശം ആശയക്കുഴപ്പമുണ്ടായില്ല. സ്റ്റേറ്റ് കൗണ്‍സില്‍ യോഗം നടക്കുമ്പോഴാണ് വെടിയുടെ വിവരം കിട്ടിയത്. യോഗം തീരും മുന്‍പ് കൃത്യവും വ്യക്തവുമായ നിഗമനത്തിലെത്തി. തൊഴിലാളിവര്‍ഗപ്പാര്‍ട്ടി സര്‍ക്കാറിനെ താഴെയിറക്കാന്‍ നടത്തിയ സമരത്തില്‍ പോലീസിനെ പ്രകോപിപ്പിച്ച് വെടിവെപ്പിച്ചതാണ്. പോലീസ് നടപടി തീര്‍ത്തും ന്യായീകരിക്കാവുന്നത് തന്നെ.
പോലീസ് വെടിവെപ്പിനെ അങ്ങ് വെറുതെ ന്യായീകരിച്ചതുകൊണ്ട് കാര്യമില്ല. താത്ത്വികമായി ന്യായീകരിക്കണം. അതിന് പറ്റിയ ആളെ തിരക്കി. കെ. ദാമോദരനെ കണ്ടെത്തി. താത്ത്വികാചാര്യനായി നടന്നാല്‍, അതിനുള്ള ശിക്ഷയും അനുഭവിച്ചല്ലേ പറ്റൂ. വെടിവെപ്പ് നടന്ന സ്ഥലത്ത് തന്നെ ചെന്ന് ന്യായീകരിക്കണമെന്ന് പാര്‍ട്ടി കല്‍പനയായി. കൊല്ലാന്‍ കൊണ്ടുപോകുന്നതുപോലെയാണ് പോയത്. പ്രസംഗിച്ച് തിരിച്ചുവന്നിട്ട് ഉറങ്ങാന്‍ കഴിഞ്ഞില്ല എന്നാണ് അദ്ദേഹം പിന്നീട് എഴുതിയത്. ചെയ്യാന്‍ പാടില്ലാത്തത് ചെയ്യിച്ച പാര്‍ട്ടിയോട് കയര്‍ക്കാന്‍ കഴിയാത്തതുകൊണ്ട് ഭാര്യയോടാണ് കയര്‍ത്തതെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ഇക്കാലത്തെ നേതാക്കന്മാരുടെ ഭാര്യമാര്‍ക്കൊന്നും ആ പ്രശ്നമുണ്ടാവുകയില്ല. ഭാര്യയോടുമില്ല, പാര്‍ട്ടിയോടുമില്ല കയര്‍ക്കല്‍. പാര്‍ട്ടിയിലും കുടുംബത്തിലും സമാധാനമുണ്ടാക്കാന്‍ നല്ല വഴി അനുസരണശീലം തന്നെയാണ്.
ചന്ദനത്തോപ്പ് കൊണ്ട് തീര്‍ന്നില്ല. അടുത്ത ഡോസ് വെടി ദേവികുളത്ത് തോട്ടം തൊഴിലാളികള്‍ക്ക് നേരെയായിരുന്നു. രണ്ടെണ്ണം അവിടെ സിദ്ധികൂടി. വിമോചനസമരം തുടങ്ങിയശേഷം അങ്കമാലിയില്‍ വെടിപൊട്ടി നാല്‍പ്പത് റൗണ്ട്. ഡെഡ് ബോഡി കൗണ്ട് ഏഴ്. മരിച്ചുവീണതു കമ്യൂണിസ്റ്റ് വിരുദ്ധരെങ്കിലും പാവപ്പെട്ടവര്‍. ഏഴ് കൂടിയ സംഖ്യ തന്നെ. കൂത്തുപറമ്പില്‍ അഞ്ചു പേരെ വെടിവെച്ചു വീഴ്ത്തിയതാണ് ലോകറെക്കോഡ് എന്ന് തെറ്റിദ്ധരിച്ചിരിക്കുകയാവും പാര്‍ട്ടിപത്രം മാത്രം വായിക്കുന്ന പുതുതലമുറ സഖാക്കള്‍. പഴയ ഈ റെക്കോഡൊന്നും ഭേദിക്കാനാര്‍ക്കും കഴിഞ്ഞിട്ടില്ല. അങ്കമാലി വെടിവെപ്പ് കഴിഞ്ഞ് രണ്ടാം ദിവസമാണ് തിരുവനന്തപുരത്ത് രണ്ടിടത്ത് വെടിപൊട്ടിയത്. വെട്ടുക്കാട്ടും പുല്ലുവിളയിലും. രക്തസാക്ഷികള്‍ക്ക് അഞ്ച്….. അങ്ങനെ പോയി പോലീസ് ഭരണം. ഭരണകൂടത്തിന്റെ മര്‍ദനോപകരണമാണ് പോലീസ് എന്ന് കാറല്‍ മാര്‍ക്സ് പണ്ടേ പറഞ്ഞിട്ടുള്ളതാണ്. സഖാവ് ഇ.എം. മുതല്‍ കോടിയേരി വരെ ശ്രമിച്ചാലും അതു മാറ്റാനാവില്ലല്ലോ.
അങ്ങനെയൊക്കെയാണെങ്കിലും കോടിയേരി അനുഭവിക്കുന്ന ദുര്‍ഘടാവസ്ഥ ഇക്കാലംവരെ ഒരു പോലീസ് മന്ത്രിയും അനുഭവിച്ചിട്ടില്ലാത്തതാണ്. തണ്ടും തടിയുമായി സ്റ്റേഷനിലേക്ക് പോയവര്‍ കുഴഞ്ഞുവീണ് മരിക്കുന്നു. ഡ്യൂട്ടി കഴിഞ്ഞു ഭാര്യവീട്ടിലേക്ക് തിരക്കിട്ട് പോകുന്ന പോലീസുകാരനെ കണ്ടുപോലും ആളുകള്‍ പേടിച്ചോടി കിണറ്റില്‍ വീഴുന്നു. വി.ഐ.പി. ഡ്യൂട്ടിക്ക് പരക്കംപായുന്ന പോലീസ് ജീപ്പ്പ് കണ്ട് ശീട്ടുകളിക്കാര്‍ കര്‍ക്കടകത്തില്‍ കൂലംകുത്തി ഒഴുകുന്ന പുഴയിലേക്ക് എടുത്തുചാടുന്നു, മരിക്കുന്നു.
അഭൂതപൂര്‍വമായ സ്ഥിതിവിശേഷമാണ് വന്നുപെട്ടിരിക്കുന്നത്. എന്തുചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ് കോടിയേരി. ഏത് ചെകുത്താനേയും നേരിടാന്‍ കരുത്തുള്ള സൈദ്ധാന്തിക മന്ത്രവാദികള്‍ എ.കെ.ജി. സെന്ററിലുണ്ട്. അവരൊക്കെ തോല്‍വി സമ്മതിച്ചിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിക്ക് ഉപദേശിയെ നിയമിക്കുകയെന്ന കടുംകൈക്ക് പാര്‍ട്ടി തയ്യാറായിരിക്കുന്നത്. മുസ്‌ല്യാര്‍ക്ക് ഉറുക്കുകെട്ടുക, കൊല്ലന്റെ ആലയില്‍ സൂചി വില്‍ക്കുക തുടങ്ങിയ സാഹസങ്ങളെ വെല്ലുന്നതാണ് കോടിയേരിയെ പോലീസ് ഭരണം ഉപദേശിക്കുകയെന്നത്. കെ. കരുണാകരന്‍ മുതല്‍ സകല ആഭ്യന്തര മന്ത്രിമാരെയും ഉപദേശിച്ച് ഉപദേശിച്ച് വശംകെടുത്തിയ കോടിയേരിയെയാണിപ്പോള്‍ അദ്ദേഹം ഉപദേശിക്കേണ്ടത്. പോലീസിനെ വെല്ലുന്ന മീശമാത്രമാണ് ഉപദേശകന്റെ യോഗ്യതയെ ക്കുറിച്ച് പ്രതീക്ഷയുണര്‍ത്തുന്ന ഘടകം.
ഉപദേശകന്‍ വരുംമുന്‍പ് അടിയന്തര രക്ഷാനടപടികള്‍ ആഭ്യന്തര വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളെ കാര്യമുള്ളതെന്നും നിസ്സാരമെന്നും വേര്‍തിരിച്ചു കഴിഞ്ഞു. നിസ്സാര വകുപ്പില്‍പ്പെട്ടവരെ പോലീസ് ഓടിച്ചു പിടിക്കുന്നതല്ല. പിടിക്കാന്‍ പോലീസ് വരുമ്പോള്‍ കുറ്റവാളി കഷ്ടപ്പെട്ട് ഓടണമെന്ന് നിര്‍ബന്ധമില്ല. ജോഗിങ് പോലെ ആംഗ്യം കാണിക്കുകയോ ഞാനിപ്പം ഓടുമേ എന്ന് ആര്‍ത്തുവിളിക്കുകയോ ചെയ്താല്‍ മതിയാകും. മുന്നറിയിപ്പ് കിട്ടിയാല്‍ രണ്ടു സെക്കന്‍ഡിനകം തിരിഞ്ഞോടിക്കൊള്ളാന്‍ പോലീസിനു നിര്‍ദേശം നല്‍കുന്നതാണ്. നല്ല വേഗത്തില്‍ ഓടാന്‍ കഴിവുള്ളവരെ മാത്രമേ ഇനി പോലീസില്‍ നിയമിക്കാവൂ എന്നും നിര്‍ദേശിക്കും.
ശീട്ടുകളി, നാടവലി, പോക്കറ്റടി, ആളില്ലാവീട്ടില്‍ കയറി ചട്ടിവട്ടി മോഷണം, ആയിരംരൂപയില്‍ കുറഞ്ഞ പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ വര്‍ഷങ്ങളോളം ഏര്‍പ്പെട്ടിട്ടും ഒരിക്കല്‍പ്പോലും പോലീസ് പിടിക്കാഞ്ഞാല്‍ കുറ്റവാളികള്‍ക്കായാലും നിരാശയും ദുഃഖവും തോന്നാനിടയുണ്ട്. തങ്ങളുടെ തൊഴിലിനെ പോലീസ് അംഗീകരിക്കുന്നില്ല എന്ന വിഷമം ആര്‍ക്കായാലും ഉണ്ടായേക്കാം. അങ്ങനെയുള്ളവര്‍ക്ക് രണ്ടു പരിഹാരകര്‍മങ്ങള്‍ ചെയ്യാം. ഒന്നുകില്‍ ചില്ലറ കുറ്റങ്ങള്‍ നിര്‍ത്തി ഭേദപ്പെട്ട, നിലവാരമുള്ള കുറ്റങ്ങളില്‍ ഏര്‍പ്പെടുക. പോലീസ് ഓടിച്ചിട്ടു പിടിച്ചുകൊള്ളും. അല്ലെങ്കില്‍ കുറഞ്ഞത് കാല്‍ശതാബ്ദമെങ്കിലും ചില്ലറ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടിട്ടും ഒരു പെറ്റി കേസിലെങ്കിലും അറസ്റ്റ് ചെയ്യപ്പെടാത്തവര്‍ക്ക് സേവനം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ പോലീസ് അവരെ ഓണററി അറസ്റ്റ് രേഖപ്പെടുത്തി ആദരിക്കുന്നതും ഒരാഴ്ചക്കാലം പ്രത്യേക ജയിലില്‍ സുഖവാസം അനുവദിക്കുന്നതുമാണ്.
പോലീസിനെ കണ്ട് ആളുകള്‍ ഭയപ്പെടുന്നതും പുഴയില്‍ ചാടുന്നതും ഒഴിവാക്കാന്‍ മേലില്‍ പോലീസ് പ്രച്ഛന്നവേഷത്തിലേ റോഡില്‍ സഞ്ചരിക്കാവൂ എന്നൊരു നിര്‍ദേശം പരിഗണനയിലുണ്ട്. ഭിക്ഷക്കാരന്റെയോ മുടന്തന്റെയോ വേഷത്തില്‍ സഞ്ചരിക്കാവുന്നതല്ലേ ഉള്ളൂ. മനുഷ്യന്റെ ജീവനോളം വലുതായി മേറ്റ്ന്തുണ്ട്? തല്‍ക്കാലം ഇത്രമാത്രം. ശേഷം നടപടികള്‍ പോലീസ് ഉപദേശിയുടെ നിര്‍ദേശപ്രകാരം പിന്നീട് ചെയ്യുന്നതാണ്.