സ്വാശ്രയദുര്യോഗം

ഇന്ദ്രൻ

ഒരേ സമയം ഒരാള്‍ക്ക്‌ ആരുടെയെല്ലാം പക്ഷത്ത്‌ നില്‍ക്കാന്‍ പറ്റും ?പല സംഗതികളിലും രണ്ടു പക്ഷത്തും നിന്ന്‌ നല്ല പരിചയമുണ്ടെങ്കിലും കൊല്ലുന്നവന്റെയും കൊല്ലപ്പെടുന്നവന്റെയും പക്ഷത്ത്‌ നില്‍ക്കുക അത്രയെളുപ്പമല്ലെന്ന്‌ സ്വാശ്രയപ്രശ്നം വന്നപ്പോഴാണ്‌ രമേശ്‌ ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും മനസ്സിലായത്‌. ഭരിക്കുമ്പോഴത്തെ അവസ്ഥയല്ല പ്രതിപക്ഷത്തിരിക്കുമ്പോഴെന്നത്‌ വേറൊരു പ്രശ്നം .അധികാരം കൈയിലുണ്ടെങ്കില്‍ കൊലയാളിയെ ഇപ്പോള്‍ പിടികൂടി തൂക്കിലേറ്റുമെന്ന്‌ പ്രസംഗിക്കുകയും അവനെ പോലീസ്‌ പിടിക്കുകയേ ഇല്ല എന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യാം. പ്രതിപക്ഷത്ത്‌ നില്‍ക്കുമ്പോള്‍ രണ്ടും പറ്റില്ല.

ഇടതുസര്‍ക്കാറിന്റെ സ്വാശ്രയവിദ്യാഭ്യാസബില്ല്‌ നിയമസഭയില്‍ വന്നപ്പോള്‍ ഏകകണ്ഠമായായിരുന്നു പാസ്സ്‌.യു.ഡി.എഫിനും എതിര്‍പ്പില്ല.എന്നാല്‍ എതിര്‍പ്പില്ലേ എന്ന്‌ ചോദിച്ചാല്‍ ഇല്ലെന്ന്‌ പറയാനും പറ്റില്ല.ഭേദഗതി അറുനൂറെണ്ണം എഴുതിക്കൊടുത്തിട്ടും ഇടതുകാര്‍ ഒന്നു പോലും മൈന്റ്‌ ചെയ്തില്ലെന്നാണ്‌ അവര്‍ പരാതിപ്പെട്ടത്‌. എങ്കിലെന്ത്‌ ? ബില്ലിനെ യു.ഡി.എഫ്‌ സര്‍വാത്മനാ പിന്താങ്ങി.എന്തൊക്കെയായിരുന്നു ഭേദഗതിയെന്ന്‌ നാട്ടുകാര്‍ അറിഞ്ഞിട്ടില്ല.അറിയാഞ്ഞത്‌ നന്നായി.ബില്ല്‌ പാസ്സായി എന്ന്‌ ഉറപ്പ്‌ വരുത്തിയ ശേഷം യു.ഡി.എഫ്‌ രഹസ്യം തുറന്നു പറഞ്ഞിട്ടുണ്ട്‌. ബില്‍ വ്യവസ്ഥകള്‍ പലതും ഭരണഘടനാവിരുദ്ധമാണ്‌.ഭരണഘടനാവിരുദ്ധമായിരുന്നെങ്കില്‍ എന്തുകൊണ്ട്‌ എതിര്‍ത്തുവോട്ട്‌ ചെയ്തില്ല എന്ന്‌ ചോദിക്കരുത്‌.അതാണ്‌ രീതി.ബില്ല്‌ പാസ്സാകുമ്പോള്‍ നല്ല കയ്യടി ഒരു ഭാഗത്ത്‌ നിന്നു കിട്ടും. മാനേജ്മെന്റ്‌ പക്ഷം മുഖം വീര്‍പ്പിക്കുമ്പോള്‍ ഉറപ്പുകൊടുക്കും.പിതാവ്‌ ഒന്നു കൊണ്ടും കുണ്ഠിതപ്പെടേണ്ട. സബ്കോടതി മുതല്‍ മേല്‍പ്പട്ട്‌ എത്ര കിടക്കുന്നു കോടതികള്‍. ഏതേലെങ്കിലും ഒരു കേസ്സ്‌ ഫയലാക്കിയാല്‍ പോരേ ? സര്‍ക്കാര്‍ വക്കീല്‍ എതിര്‍ത്ത്‌ വാദിക്കാന്‍ ആ വഴിക്കൊന്നും വരില്ല എന്ന്‌ ഉറപ്പുവരുത്താം.വന്നാല്‍ തന്നെ, അരിയെത്ര എന്ന്‌ കോടതി ചോദിച്ചാല്‍ പയറഞ്ഞാഴി എന്നേ മറുപടി കൊടുക്കൂ എന്നും ഉറപ്പുവരുത്താം.അതാണ്‌ ഭരിക്കുമ്പോഴത്തെ നീതി നിര്‍വഹണരീതി.കോഴി കൊത്തും പോലെ വാദിച്ചാല്‍ പോലും വിധി എന്താവുമെന്ന്‌ ഉറപ്പില്ലാത്തപ്പോള്‍ വിധി ഉറപ്പാക്കാന്‍ ഇതല്ലാതെ വേറെ വഴിയില്ല.
വേണ്ടത്ര ഹോംവര്‍ക്ക്‌ ചെയ്യാതെയാണ്‌ ബില്ല്‌ കൊണ്ടുവന്നതെന്ന്‌ യു.ഡി.എഫിന്ന്‌ ആക്ഷേപമുണ്ട്‌.ഹോംവര്‍ക്ക്‌ ചെയ്യാന്‍ വേണ്ടി ബില്‍ മാറ്റിവെച്ചിരുന്നുവെങ്കില്‍ ഇടതുകാരുടെ വാഗ്ദാനലംഘനത്തിനെതിരെ ഒരു സെക്രട്ടേറിയറ്റ്‌ മാര്‍ച്ചിന്‌ സ്കോപ്പുണ്ടാകുമായിരുന്നു.ലാത്തിച്ചാര്‍ജ്‌ ,വെടിവെപ്പ്‌, ഹര്‍ത്താല്‍ …ടി.വി.സ്ക്രീനിലും പത്രത്തിലും നിറഞ്ഞുനില്‍ക്കാമായിരുന്നു.ഹോംവര്‍ക്കൊന്നും ചെയ്യാതെ ബില്ല്‌ കൊണ്ടുവന്നു നടപ്പാക്കി ആകെ കുന്തമായാല്‍ അതിനും ഇടതുകാരെ പ്രതിക്കൂട്ടില്‍ കേറ്റി വിചാരണ ചെയ്യാമായിരുന്നു. കോടതി കേറി സ്റ്റേ ആക്കിയാല്‍ രണ്ടിനുമുള്ള ചാന്‍സ്‌ ഇല്ലാതാവും.അഞ്ചു കൊല്ലം ഭരണത്തിലിരുന്ന്‌ രക്ഷിതാക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും കേള്‍ക്കേണ്ടിവന്ന ശാപം പ്രതിപക്ഷത്തിരുന്നും കേള്‍ക്കേണ്ടി വരുന്ന ലക്ഷണമാണ്‌.ഓരോ ദുര്യോഗങ്ങള്‍ എന്നല്ലാതെന്ത്‌ പറയാന്‍.
നിയമസഭയില്‍ പിന്താങ്ങിപ്പാസ്സാക്കിയ ബില്ലിനെ റോഡില്‍ പിന്താങ്ങുന്നതെങ്ങനെ എന്ന യു.ഡി.എഫ്‌ ധര്‍മസങ്കടം ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ.യു.ഡി.എഫ്‌ ഭരണകാലത്ത്‌ വളരെ ഹോംവര്‍ക്ക്‌ ചെയ്തു പാസ്സാക്കിയെടുത്ത ബില്ലിനെയാണ്‌ മാനേജ്മെന്റുകള്‍ കോടതിയില്‍ ചോദ്യം ചെയ്ത്‌ പല ഭാഗങ്ങള്‍ അരിഞ്ഞ്‌ ശൂര്‍പ്പണഖയുടെ കോലത്തിലാക്കിയത്‌ .തരം കിട്ടിയാല്‍ എം.എ.ബേബിയുടെ ബില്ലിനെ ഗളഹസ്തം ചെയ്യാന്‍ മാനേജ്മെന്റുകള്‍ മടിക്കില്ല എന്നാര്‍ക്കാണ്‌ അറിയാത്തത്‌. അത്‌ കോടതി മുറിയില്‍ നിര്‍വഹിക്കണമോ അതോ റോഡരുകില്‍ തന്നെയാക്കണമോ എന്നതേ ഉള്ളൂ പ്രശ്നം. തങ്ങളുടെ കൂടി സന്താനത്തെ കൊല്ലാന്‍ കൂടണോ പോറ്റാന്‍ കൂടണോ എന്നറിയാതുള്ള യു.ഡി.എഫ്‌ ധര്‍മസങ്കടം ഇനി വേറാര്‍ക്കും ഉണ്ടാകാതിരിക്കട്ടെ എന്നേ നമുക്ക്‌ പ്രാര്‍ത്ഥിക്കാനാവൂ.

Leave a Reply

Your email address will not be published. Required fields are marked *

Go Top