എന്നെന്നും ‘മൈത്രി’ പുലരട്ടെ

ഇന്ദ്രൻ

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണിത്‌… കോണ്‍ഗ്രസ്‌ മുഖപത്രം ഈ വിശേഷണത്തോടെ അവതരിപ്പിക്കുന്നത്‌ ഏത്‌ അഴിമതി ആണെന്നാവും വിചാരം? ലാവലിനാവുമോ? ലവനെ പറ്റി ഇപ്പോഴധികം കേള്‍ക്കുന്നില്ല. പുതിയ ഒരെണ്ണം കിട്ടിയിട്ടുണ്ട്‌. പുതിയതെന്ന്‌ പറഞ്ഞാല്‍ പുതിയതൊന്നുമല്ല. പഴയ സാധനമാണ്‌. ഇപ്പഴേ വീണു കിട്ടിയുള്ളൂ എന്നുമാത്രം. മൈത്രി ഭവനപദ്ധതിയാണ്‌ കേസ്‌. ചരിത്രത്തിലെ ഏറ്റവും വലുത്‌ എന്നും മറ്റുംകേട്ട്‌ ആരും ബേജാറാവുകയൊന്നും വേണ്ട. ഏത്‌ അഴിമതിയും ആ കാലം വരേക്കുള്ള ഏറ്റവും വലിയ അഴിമതിയായേ കണക്കാക്കാനാവൂ. ഗിന്നസിന്റെയും മറ്റും റെക്കോഡ്‌ പുസ്തകം പോലുള്ള രേഖയൊന്നും ഇതിന്‌ സാധ്യമാവില്ലല്ലോ. ഏതാണ്ട്‌ “ഒരു ഊഹം പറയുന്നെന്ന്‌ മാത്രം. ലാവലിന്‍ വന്നപ്പോള്‍ അതായിരുന്നു ഏറ്റവും വലുത്‌. ഇപ്പോഴിത്‌. അത്രയേ ഉള്ളൂ.

374 കോടിയുടെ അഴിമതി എന്നാണ്‌ ലാവലിനെ കുറിച്ച്‌ കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞിരുന്നത്‌. അങ്ങനെ പറഞ്ഞാല്‍ 374 കോടി പോക്കറ്റിലാക്കി എന്നാണോ അര്‍ഥം? ഇതു സംബന്ധിച്ച്‌ കൃത്യമായ വ്യവസ്ഥകളൊന്നും ഉണ്ടാക്കിവെച്ചിട്ടില്ല ആരും. 374 കോടി സര്‍ക്കാരിന്‌ നഷ്ടമായി എന്നേ പറഞ്ഞതിന്‌ അര്‍ഥമുള്ളൂ എന്ന്‌ വ്യാഖ്യാനം പിറകെ വരും. ബോഫോഴ്‌സിനേക്കാള്‍ വലുത്‌ എന്നും കേട്ടിരുന്നു. ആവോ. ലോകത്തിലേക്കും വലിയ അഴിമതി എന്നോമറ്റോ ആണ്‌ അതിനെ കുറിച്ച്‌ കേട്ടിരുന്നത്‌. ഇപ്പോള്‍ പറയുന്നത്‌ മൈത്രിപദ്ധതിയില്‍ 1296 കോടിയുടെ അഴിമതിയുണ്ടെന്നാണ്‌. അമ്പമ്പോ…. 1296 കോടി രൂപയേ…..

അഴിമതിയുടെ കണക്കു പറഞ്ഞുതുടങ്ങിയാല്‍ പിന്നെ ഒന്നിനും ഒരു കണക്കില്ലാതാവും. കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ഏതാണ്ട്‌ അവസാന കാലത്ത്‌ ഉയര്‍ന്നുവന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ കേട്ടത്‌ 3000മോ 4000മോ കോടി രൂപയുടെ അഴിമതി ഉമ്മന്‍ ചാണ്ടിയുടെ മുന്നണിക്കാര്‍ നടത്തി എന്നായിരുന്നു. ഓരോരുത്തരും അഴിമതി ആരോപണം ഉന്നയിക്കണം എന്നല്ലാതെ ആകെ മൊത്തം ഇത്രരൂപയുടെ അഴിമതിയാരോപണമേ പാടുള്ളൂ എന്ന്‌ തീരുമാനിച്ചിരുന്നില്ല. കണക്ക്‌ പറഞ്ഞങ്ങനെ പോയപ്പോള്‍ സംസ്ഥാന ബജറ്റിനേക്കാള്‍ കുറച്ചേറിപ്പോയി എന്നുമാത്രം. വേറെ പ്രശ്നമൊന്നുമില്ല. അതൊരു വലിയ വീഴ്ചയായൊന്നും കാണേണ്ടതില്ല. ആകെ തുക കൂട്ടിനോക്കിയത്‌ ചില കുബുദ്ധികളുടെ വേലയായിരുന്നു.

ഒന്നു പറയാതെ വയ്യ. ഈ രംഗത്ത്‌ നാം നേടിയ പുരോഗതി അസൂയാവഹം തന്നെ. ഐക്യകേരളത്തിലെ ആദ്യമന്ത്രിസഭയ്ക്കെതിരെ ഉയര്‍ന്നുവന്ന ആദ്യഅഴിമതി ആരോപണത്തെ ഇതുമായൊന്നു താരതമ്യപ്പെടുത്തി നോക്കിയേ. വെറും പതിനാറര ലക്ഷം രൂപയുടേതായിരുന്നു ആന്ധ്ര അരി കുംഭകോണം. മൈത്രി കുംഭകോണമോ? 1296 കോടി രൂപയുടേത്‌!!! വര്‍ധനയുടെ ശതമാനമൊന്നു കൂട്ടിനോക്കണമെന്നുണ്ടായിരുന്നു. സ്കൂള്‍ വാധ്യാന്‍മാരാരെങ്കിലും കൂട്ടി നോക്കി അറിയിച്ചു തന്നാല്‍ ഉപകാരമാവും. ഗണിതത്തില്‍ പിടിപാട്‌ കുറവാണ്‌. അഴിമതിയിലുണ്ടായ നാണയപ്പെരുപ്പത്തിന്റെ കഥ അവിടെ നില്‍ക്കട്ടെ. ആന്ധ്രഅരി ഇടപാടില്‍ അഴിമതി ഉണ്ടായിരുന്നോ ഇല്ലയോ എന്നും ഉറപ്പിച്ചു പറയാന്‍ കഴിയുന്നവരില്ല. പണംപോയി. പക്ഷേ, ആരുടെയെങ്കിലും പോക്കറ്റില്‍ പോയോ എന്നറിയില്ല എന്നായിരുന്നു ജസ്റ്റിസ്‌ പി.ടിൃാമന്‍ നായരുടെ നിഗമനം. അഴിമതിയുടെയും അന്വേഷണ പ്രഹസനത്തിന്റെയും കൈനീട്ടം ഒട്ടും മോശമായില്ല. പിന്നീടിങ്ങോട്ട്‌ നല്ല കച്ചോടമായിരുന്നു. ഭവനനിര്‍മാണ വകുപ്പില്‍ 15കൊല്ലം മുമ്പ്‌ മുതല്‍പോയ പണത്തിന്റെ കണക്കെടുക്കാന്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്‌. “ആ വകയിലും ഇനി കുറെ പണം പോയിക്കിട്ടും എന്നല്ലാതെ പറയത്തക്ക പ്രയോജനം ആര്‍ക്കും ഉണ്ടാവില്ല. പറയുമ്പോള്‍ എല്ലാം പറയണമല്ലോ, ലവലേശം ദോഷം ഒരു മാന്യനും ഉണ്ടാവുകയുമില്ല കേട്ടോ. എല്ലാം ക്ലീന്‍ സ്ലേറ്റില്‍ തുടങ്ങുന്നതിന്റെ ഭാഗമായി 1947ന്‌ ശേഷം സര്‍വവകുപ്പുകളിലും നടന്ന ക്രമക്കേടുകള്‍ കണ്ടെത്താന്‍ ഒരന്വേഷണത്തിന്‌ ഉത്തരവിടാമായിരുന്നു.

1947ന്‌ ശേഷം എത്രയുണ്ടായി ആരോപണം, എത്രയുണ്ടായി അന്വേഷണം എന്നറിയണമെങ്കില്‍ അതിന്‌ വെക്കണം വേറെ കമ്മീഷനെ. കള്ളും കാടും കറന്റും അണക്കെട്ടും വൈദ്യുതിയും വിദ്യാഭ്യാസവുമെല്ലാമായി കേസ്‌ അന്വേഷിക്കാന്‍ തന്നെ ചില്ലറയൊന്നുമല്ല കേരളം മുടിച്ചത്‌. സത്യമായും അന്വേഷണംകൊണ്ട്‌ ഒരു പൈസ ഇന്നേവരെ ഖജനാവിലേക്ക്‌ മുതല്‍ക്കൂട്ടിയിട്ടില്ല. ഒരുനേതാവ്‌ പോലും ഒരു ദിവസംപോലും ജയിലിലായിട്ടുമില്ല.

അഴിമതിക്കാരന്‍ മന്ത്രിയുടെ രാജിക്കുവേണ്ടി വിദ്യാര്‍ഥികളെ രംഗത്തിറക്കി പോലീസിന്റെ അടിയും ചവിട്ടും വാങ്ങിപ്പിക്കുമ്പോഴും
നേതാക്കള്‍ മൈത്രിവെടിഞ്ഞൊരു കളിക്കും തയ്യാറായിട്ടില്ലല്ലോ. ഇരുത്തം വന്ന നേതാക്കള്‍ തന്നെ. എട്ട്‌ അന്വേഷണം നടന്ന കേസില്‍ ഒമ്പതാമത്‌ ഒരന്വേഷണം കൂടി ആയാലെന്ത്‌? അനന്തമായി നീളട്ടെ അന്വേഷണങ്ങള്‍. പാര്‍ട്ടി ഏതുമാകട്ടെ, നേതാക്കള്‍ നാമൊന്നാണ്‌. അഴിമതിയാരോപണം ആര്‍ക്കെതിരെയും വരാം. ഇന്ന്‌ ഞാന്‍ നാളെ നീ എന്ന സംഗതി മറന്നാരും കളിക്കരുത്‌. നമ്മള്‍ തമ്മില്‍ മൈത്രിപുലരട്ടെ. എന്നെന്നും പുലരട്ടെ.

ഹര്‍ത്താല്‍ എന്ന ലളിതനാമത്തില്‍ അറിയപ്പെടുന്ന ബന്ദ്‌ സമരത്തിനെതിരെ കേരളത്തിലെ സകല വിഭാഗം ജനങ്ങളും ഇത്രയും കാലം ശബ്ദമുയര്‍ത്തിയിട്ടും പാര്‍ട്ടികള്‍ -പ്രത്യേകിച്ച്‌ സി.പി.എം.-ലവലേശം അതിന്‌ ചെവികൊടുക്കാതിരുന്നതിന്റെ കാരണം ഇപ്പോഴാണ്‌ ഓര്‍ക്കാപ്പുറത്ത്‌ കോടിയേരി ബാലകൃഷ്ണന്റെ നാവില്‍ നിന്ന്‌ താഴെ വീണുപോയത്‌. കേരളത്തിന്റെ അനേകമനേകം വ്യവസായങ്ങള്‍ സമരം കാരണം തകരുന്നു എന്നായിരുന്നുവല്ലോ വാദം. എന്നിട്ടും വഴങ്ങിയിട്ടില്ല പാര്‍ട്ടി. എന്തുകൊണ്ടെന്നല്ലേ. കേരളത്തിന്റെ ഏകപ്രതീക്ഷയെന്ന്‌ നിങ്ങള്‍ പറയാറുള്ള ടൂറിസത്തെ രക്ഷിക്കുന്നതിന്‌ വേണ്ടിയാണ്‌ ഹര്‍ത്താലുകള്‍ വേണ്ടെന്ന്‌ വെക്കാത്തത്‌. കേരളത്തില്‍ ടൂറിസ്റ്റുകള്‍ വരുന്നത്‌ തന്നെ ഹര്‍ത്താലുകള്‍ കാണാനാണ്‌.

തീര്‍ച്ചയായും ഓരോ നാട്ടിനും അവരുടേതായ ബ്രാന്‍ഡ്‌ നാമങ്ങളുണ്ട്‌. നാടിന്റെ പേരുമായി ചേര്‍ത്തറിയപ്പെടുന്ന ഉത്‌പന്നങ്ങള്‍, കലാരൂപങ്ങള്‍, ആചാരങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍… നമ്മുടെ നാടിനുമുണ്ടായിരുന്നു ചിലത്‌. കഥകളി… ഓട്ടന്‍തുള്ളല്‍,… എല്ലാം പോയി മറഞ്ഞിരിക്കുന്നു. മറ്റെങ്ങും കാണാത്ത ഒന്നിനുള്ള വില്‍പനമൂല്യം മറ്റൊന്നിനുമുണ്ടാകില്ല. നാലുപേരുള്ള പാര്‍ട്ടി ഫാക്സില്‍ ഒരു പ്രസ്താവന പത്രം ഓഫീസിലേക്കയച്ച്‌ ചുമ്മാ വീട്ടില്‍ കിടന്നുറങ്ങിയാല്‍ നാട്ടുകാര്‍ കടയടച്ച്‌ പണിമുടക്കി വീട്ടില്‍ കിടന്നുറങ്ങുന്ന ധീരജനത ലോകത്തെങ്ങുണ്ട്‌?

എന്‍വയോണ്‍മെന്റല്‍ ടൂറിസം. മണ്‍സൂണ്‍ ടൂറിസം, ഹെല്‍ത്ത്‌ ടൂറിസം, സെക്സ്‌ടൂറിസം എന്നിവപോലെ പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നാണ്‌ ഹര്‍ത്താല്‍ ടൂറിസവും. മുറ്റത്തെ മുല്ലയ്ക്ക്‌ മണമില്ലെന്ന്‌ പറഞ്ഞത്‌പോലെ നാം വിലമതിക്കാത്ത ഒന്നാണ്‌ കമ്യൂണിസവും. ലോകത്ത്‌ നിന്ന്‌ മുഴുവന്‍ ഏതാണ്ട്‌ ‘അപ്രത്യക്ഷമായിട്ടും കേരളത്തില്‍ തഴച്ചുവളരുന്ന അപൂര്‍വജനുസ്സില്‍പ്പെട്ട കമ്യൂണിസമാണ്‌ നമ്മുടേത്‌. വേണ്ട രീതിയില്‍ മാര്‍ക്കറ്റ്‌ ചെയ്താല്‍ വന്‍പ്രയോജനമുണ്ടാവും. വേണമെങ്കില്‍ ആളുകള്‍ കേരളത്തെ കമ്യൂണിസ്റ്റ്‌ മ്യൂസിയം എന്നു വിളിച്ചുകൊള്ളട്ടെ. നമുക്ക്‌ ടൂറിസ്റ്റ്‌ കച്ചവടം നടന്നാല്‍പ്പോരേ.

** ** **

എണ്‍പതുകഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ നിന്ന്‌ വിരമിക്കുന്നതാണ്‌ ഉചിതമെന്ന്‌ വക്കം പുരുഷന്‍ നിയമസഭാതിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ പറഞ്ഞതുകേട്ട്‌ കേരളീയര്‍ക്ക്‌ തെല്ല്‌ പ്രയാസം തോന്നി. എണ്‍പതു വയസ്സ്‌ പോലെ രക്തംതിളയ്ക്കുന്ന പ്രായത്തില്‍ അദ്ദേഹമിങ്ങനെയൊരു ത്യാഗത്തിന്‌ ഒരുമ്പെടേണ്ടിയിരുന്നില്ല എന്ന്‌ തോന്നിപ്പോയി. തൊണ്ണൂറോ നൂറോ വയസ്സെത്തിയിട്ടാണിത്‌ പറഞ്ഞിരുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു.

നിരാശ അസ്ഥാനത്താണെന്ന്‌ ഇപ്പോള്‍ മനസ്സിലാവുന്നു. വക്കംജി രാജ്യത്തിന്റെ താത്‌പര്യത്തിന്‌ എതിരായി യാതൊന്നും ചെയ്യുകയില്ല. നിയമസഭയിലേക്ക്‌ മത്സരിച്ച്‌ തോല്‍ക്കുന്നതിനേ പ്രായം തടസ്സമാവുന്നുള്ളൂ. അന്തമാന്‍ ദ്വീപിന്റെ ഗവര്‍ണര്‍ ആയി രാഷ്ട്രസേവനം തുടരുന്നതിന്‌ സ്വയംസന്നദ്ധനായി അദ്ദേഹം ഡല്‍ഹിയില്‍ ചില കോലായകളില്‍ പാര്‍പ്പ്‌ തുടങ്ങിയതായി പത്രങ്ങളില്‍ കാണുന്നു. സമാധാനമായി. അദ്ദേഹത്തിന്റെ സേവനം തുടര്‍ന്നും ലഭിക്കുമല്ലോ. ഇന്ത്യയില്‍ രണ്ടരഡസന്‍ സംസ്ഥാനങ്ങളുണ്ടായിട്ട്‌ എന്തിനാണ്‌ ഉത്തമന്‍ അന്തമാനിലേക്ക്‌ പോവാന്‍ തിടുക്കപ്പെടുന്നതെന്ന്‌ സംശയം തോന്നിയേക്കാം. സേവിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം അന്തമാനാണെന്ന്‌ അദ്ദേഹം അനുഭവത്തില്‍ നിന്നറിഞ്ഞിട്ടുണ്ട്‌. സേവനത്തിന്‌ തടസ്സം നില്‍ക്കാന്‍ അവിടെ പത്രങ്ങളില്ല. നിയമസഭയ്ക്കുമില്ല ഗവര്‍ണറുടെ മേല്‍ നിയന്ത്രണം. അനിയന്ത്രിതസേവനം അനിശ്ചിതകാലം തുടരാം. അതിന്‌ പ്രായപരിധിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top