ഭരണവും സമരവും ഒപ്പം

ഇന്ദ്രൻ

ഭരണവും സമരം തന്നെയാണെന്നു മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍മാര്‍ മുമ്പേ പറഞ്ഞിട്ടുണ്ട്‌. ഭരണത്തിലെത്തിയാലും സമരം തുടരുമെന്ന്‌ വി.എസ്‌. അച്യുതാനന്ദനും പറഞ്ഞിട്ടുണ്ട്‌. ഭരണമിതാ തുടങ്ങിക്കഴിഞ്ഞു, സമരവും ഒപ്പമുണ്ട്‌. ഇനിയങ്ങോട്ട്‌ ഭരണമാണോ സമരമാണോ കൂടുതലുണ്ടാവുക എന്ന്‌ പറയാനാവില്ല. ലക്ഷണം കണ്ടിട്ട്‌ സമരത്തിനാണ്‌ സ്കോപ്പ്‌ കൂടുതല്‍. അതാണല്ലോ നമ്മുടെ ഇഷ്ടവിഷയവും.

പോസ്റ്ററൊട്ടിച്ചും ജാഥ നടത്തിയുമൊന്നുമല്ല ഭരണം ആര്‍ക്കെന്ന്‌ തീരുമാനിക്കുന്നത്‌. ഒരു ഭരണം രണ്ടു മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ തന്നെ ജനം തീരുമാനിക്കും. അടുത്ത ഭരണം ആരുടേതായിരിക്കണമെന്ന്‌. മുന്നണി ഇവിടെ രണ്ടല്ലേയുള്ളൂ. അതുകൊണ്ട്‌ സെലക്ഷന്‍ എളുപ്പമാണ്‌. ജനമെന്ത്‌ തീരുമാനിച്ചാലും എങ്ങനെ ഭരിക്കണമെന്നു തീരുമാനിക്കാനുള്ള സമരം വേറെ നടക്കും. എ.കെ.ജി. സെന്ററിലെ കര്‍ട്ടനു പിറകില്‍ സമരം ഒരുഘട്ടം പിന്നിട്ടുകഴിഞ്ഞു. ഒപ്പത്തിനൊപ്പമാണ്‌ മുന്നേറ്റം. മുഖ്യമന്ത്രി ഒരുപക്ഷമെങ്കില്‍ ബാലന്‍സ്‌ ചെയ്യാന്‍ പറ്റുന്ന കനത്തില്‍ മന്ത്രിമാര്‍ അരഡസന്‍ മറുപക്ഷത്തുണ്ട്‌. ഭരണത്തേക്കാള്‍ തകര്‍പ്പനാകും സമരം എന്നുറപ്പ്‌.

അച്യുതാനന്ദന്‍ എം.എല്‍.എ.യേ ആവേണ്ട എന്നാണ്‌ പാര്‍ട്ടി ആദ്യം തീരുമാനിച്ചത്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകണം എന്ന്‌ പിന്നീട്‌ തീരുമാനിച്ചതും ഇതേ പാര്‍ട്ടിതന്നെയാണ്‌. സ്ഥിരബുദ്ധി നഷ്ടപ്പെട്ടതൊന്നുമല്ല, ഇടയില്‍കേറി ജനം ഇടപെട്ടളഞ്ഞു. പണ്ട്‌ പതിവില്ലാത്തതാണ്‌. ജനത്തിന്‌ നല്ലതെന്ത്‌ എന്ന്‌ പറയേണ്ടത്‌ ജനമല്ല. അതിനു യോഗ്യതയുള്ള പാര്‍ട്ടി ഇവിടെയുണ്ട്‌. സാരമില്ല. ഇലക്ഷനു മുമ്പാണ്‌ ഇടപെടല്‍ ഉണ്ടായത്‌. അതുകൊണ്ട്‌ അല്‍പം വഴങ്ങിയെന്നേ ഉള്ളൂ. മുഖ്യമന്ത്രിയെ വേണമെങ്കില്‍ ജനം തീരുമാനിച്ചോട്ടെ. പക്ഷേ, മുഖ്യമന്ത്രിയുടെ വകുപ്പ്‌ പാര്‍ട്ടി തീരുമാനിക്കും. എങ്ങനെ ഭരിക്കണമെന്നും പാര്‍ട്ടി തീരുമാനിക്കും. 2011 വരെ ഇനി ജനത്തിന്‌ ഇക്കാര്യത്തില്‍ ഇടപെടാന്‍ പറ്റില്ലതന്നെ.

ഭരണം എങ്ങനെ പോകണം എന്ന്‌ ഇനി തീരുമാനിക്കുന്നത്‌ സമരത്തിലൂടെയായിരിക്കും. വിട്ടുവീഴ്ചയില്ലാത്ത സമരം തന്നെ. ആശയസമരം, വര്‍ഗസമരം തുടങ്ങിയ അനാദികാലം മുതലുള്ള സമരങ്ങള്‍ പോലെ തണുപ്പനാവില്ല ഈ സമരം. ജീവന്‍മരണ സമരം തന്നെയായിരിക്കും. മന്ത്രിമാരെ തീരുമാനിക്കുന്നത്‌ പാര്‍ട്ടി തന്നെ. പക്ഷേ, വകുപ്പുകള്‍ നിശ്ചയിച്ച്‌ വിജ്ഞാപനമിറക്കുന്നത്‌ ഗവര്‍ണറാണ്‌. പാര്‍ട്ടി പറഞ്ഞാലൊന്നും ഗവര്‍ണര്‍ കേള്‍ക്കില്ല.

ഗവര്‍ണര്‍ കേള്‍ക്കുക മുഖ്യമന്ത്രി പറയുന്നതാണ്‌. ആഭ്യന്തരവകുപ്പ്‌ കോടിയേരിയില്‍ നിന്നെടുത്ത്‌ പി.കെ.ഗുരുദാസന്‌ കൊടുക്കണം എന്നു മുഖ്യമന്ത്രി പറഞ്ഞാല്‍ ഗവര്‍ണര്‍ എ.കെ.ജി സെന്ററില്‍ വിളിച്ച്‌ “കൊടുത്തോട്ടെ സഖാവേ?” എന്നുചോദിക്കില്ല. (കക്ഷിയെ അല്‍പമെങ്കിലും വിശ്വസിക്കാന്‍ കൊള്ളില്ല. പഴയ ഹൈക്കമാന്‍ഡ്‌ നിരീക്ഷകനാണ്‌. ആ പണി ഇപ്പോഴും നിര്‍ത്തിക്കാണില്ല) വി.എസ്സിനു രണ്ട്‌ നേരനുയായികളേ മന്ത്രിസഭയിലുള്ളൂ. എതിര്‍പക്ഷം ശക്തമാണ്‌. ബാക്കിമന്ത്രിമാരും പാര്‍ട്ടിസെക്രട്ടറിയും സെക്രട്ടേറിയറ്റും (സര്‍ക്കാര്‍ സെക്രട്ടേറിയറ്റ്‌ അല്ല, മറ്റേത്‌) സംസ്ഥാന കമ്മിറ്റിയുമെല്ലാം മറുപക്ഷത്താണ്‌. സമരം പൊരിഞ്ഞതായിരിക്കും. കാത്തിരുന്നുകാണാം.

കക്ഷികളും മുന്നണികളും നിന്നേടത്തു തന്നെ നില്‍ക്കുമ്പോള്‍ ആരാണ്‌ ഓരോ തിരഞ്ഞെടുപ്പിലും മുന്നണികളെ മാറ്റിമാറ്റി അധികാരത്തിലേറ്റുന്നത്‌? ഓരോ തിരഞ്ഞെടുപ്പിലും കൂറുമാറി വോട്ടുചെയ്യുന്ന, കക്ഷിരാഷ്ട്രീയം തീരെയില്ലാത്ത വെറും ജനം തന്നെ. വലിയബുദ്ധിമുട്ടായിട്ടുണ്ട്‌. ഈ അരാഷ്ട്രീയന്‍മാരുടെ എണ്ണം പെരുകിപ്പെരുകിവരികയാണ്‌. രണ്ടുതിരഞ്ഞെടുപ്പുകൂടി കഴിഞ്ഞാല്‍ പാതിജനവും ഈ കൂട്ടത്തില്‍ ചേര്‍ന്നെന്നിരിക്കും. പിന്നെയൊരു കാര്യവും ഉറപ്പിക്കാനാവില്ല. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ വര്‍ഗം ഒന്നടങ്കം വി.എസ്സിന്റെ കൂടെയായിരുന്നു.

വി.എസ്സിനെ എല്ലാതിന്‍മകളെയും ചെറുക്കുന്ന അവതാരമാക്കിയത്‌ ആരായിരുന്നു? ബോധപൂര്‍വ്വം അതിന്‌ കരുക്കള്‍ നീക്കിയവരുടെ കാര്യമവിടെ നില്‍ക്കട്ടെ. മാധ്യമ ബൂര്‍ഷ്വാക്കളുടെ കാര്യവും അവിടെ നില്‍ക്കട്ടെ. ചെറിയ പണിയൊന്നുമല്ല അവര്‍ ചെയ്തതും. അതെയതെ…. പാര്‍ട്ടിയെപ്പറ്റി ഒരുചുക്കും അറിയാത്ത ആ കൂട്ടര്‍തന്നെ. അവര്‍ക്കും അബദ്ധമൊന്നും പറ്റിയതാവില്ല. വി.എസ്സിന്‌ സീറ്റുകൊടുക്കുന്നില്ലെന്നു കേട്ടപ്പോള്‍ സി.പി.എമ്മിനെ തല്ലാന്‍ പറ്റിയ വടിയിതുതന്നെയെന്നു പറഞ്ഞ്‌ ചാടിവീണ മൂന്നാം സംഘത്തിനാണ്‌ അക്കിടിപറ്റിയത്‌. ഈ ജുബ്ബാക്കാരനെക്കൊണ്ടുള്ള ശല്യമിനി ഉണ്ടാകില്ലെന്ന്‌ ധരിച്ചാണ്‌,
അദ്ദേഹത്തെ രക്തസാക്ഷിയും അവതാരവും ഒക്കെയാക്കിയത്‌. നീതിനിഷേധിക്കപ്പെട്ട ‘ഹിന്ദു’വാണ്‌ വി.എസ്‌. എന്ന്‌ വരെ ഒരുകൂട്ടര്‍ പറഞ്ഞു. എന്നിട്ടും വി.എസ്സിന്റെ വോട്ട്‌ കുറഞ്ഞില്ല.

ഈ കൂട്ടര്‍ക്കൊന്നും വി.എസ്സിനെ സഹായിക്കാനാവില്ല. അവതാരത്തിന്റെ പണി അവതാരം തനിച്ചുതന്നെ ചെയ്യണമല്ലോ. തിന്‍മയെ തോല്‍പിച്ച്‌ നന്‍മയുടെയും നീതിയുടെയും കൊടിപറപ്പിക്കണമല്ലോ. സംഭവാമി യുഗേ യുഗേ. വലിയ ബുദ്ധിമുട്ടാണ്‌ ജനം കണ്ണുപൂട്ടാതെ നോക്കി നില്‍പുണ്ട്‌.

കേരളത്തിന്‌ വികസനം ഉണ്ടായോ ഇനി ഉണ്ടാകുമോ എന്നൊന്നും നിശ്ചയമില്ല. ഒരുകാര്യം നിശ്ചയമായി സംഭവിച്ചിട്ടുണ്ട്‌. സി.പി.എമ്മിന്‌ വന്‍വികസനമാണ്‌ ഉണ്ടായിട്ടുള്ളത്‌. ഹേയ്‌ … പാര്‍ട്ടിയുടെ എ.സി. മന്ദിരങ്ങളെക്കുറിച്ചോ മറ്റുസ്വത്തുക്കളെക്കുറിച്ചോ അല്ല പറയുന്നത്‌. അത്‌ കോണ്‍ഗ്രസ്സിലെ അസൂയക്കാര്‍ പറയട്ടെ. പാര്‍ട്ടിയുടെ വികസനം എന്നു പറയുന്നത്‌ പാര്‍ട്ടിയുടെ അധികാരത്തിന്റെ വികസനം തന്നെ. അത്‌ മൂര്‍ദ്ധന്യത്തിലാണിപ്പോള്‍. വലിയ കെട്ടിടങ്ങളും റോഡുകളും ഫാക്ടറികളും ഉണ്ടായാലും ഭൂരിപക്ഷത്തിന്റെ ജീവിതനിലവാരം ഉയരണമെന്നില്ലല്ലോ. വികസനത്തിന്റെ ഇതേസ്വഭാവമാണ്‌ പാര്‍ട്ടിയുടെ വികസനത്തിലും ഉണ്ടാവുക. പാര്‍ട്ടി ദുര്‍ബലമായാലും അതിന്റെ അധികാരഘടന ശക്തിപ്പെടും. എം.എല്‍.എ.മാരുടെയും മന്ത്രിമാരുടെയും എണ്ണമാണ്‌ പാര്‍ട്ടി വളര്‍ന്നതിന്റെ ലക്ഷണം. വോട്ട്‌ കൂടിയില്ലെങ്കിലും ശരി മന്ത്രിമാരുടെ എണ്ണം കൂടണം.

1957ല്‍ ഒറ്റയ്ക്ക്‌ അധികാരത്തില്‍ വന്നപ്പോള്‍ പാര്‍ട്ടിക്കുണ്ടായിരുന്നതിലേറെ മന്ത്രിമാര്‍ ഇന്ന്‌ പാര്‍ട്ടിക്ക്‌ കേരളത്തിലുണ്ട്‌. അന്നത്തെ അവിഭക്ത പാര്‍ട്ടിക്ക്‌ ഉണ്ടായിരുന്നത്‌ ആകെ പന്ത്രണ്ട്‌ മന്ത്രിമാര്‍ മാത്രം. അതില്‍ മൂന്നു സ്വതന്ത്രര്‍. സി.പി.എമ്മിനേയും സി.പി.ഐ.യേയും ചേര്‍ത്താല്‍ അന്നത്തേതിന്റെ ഇരട്ടിയോളം വരും ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിമാരുടെ എണ്ണം. ജനപിന്തുണയാകട്ടെ അന്നത്തെ 35.2 ശതമാനം ഇന്നില്ലതാനും. പാര്‍ട്ടി ഗ്രൂപ്പിസത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും പടുകുഴിയില്‍ വീണുകിടക്കുകയാണെന്ന്‌ യു.ഡി.എഫ്‌. അസുരന്‍മാരും മാധ്യമഭീകരരും പറയും. പറയട്ടെ, കൂടുതല്‍ സീറ്റുകള്‍, കൂടുതല്‍ മന്ത്രി പദവികള്‍, കൂടുതല്‍ വകുപ്പുകള്‍ എന്നിവ പാര്‍ട്ടിയുടെ കൈയിലെത്തുന്നുണ്ട്‌. ഇതിന്‌ തന്നെയാണ്‌ പാര്‍ട്ടിയുടെ വളര്‍ച്ച എന്നു പറയുന്നത്‌. തെങ്ങിന്റെ തടി മെലിഞ്ഞാലെന്ത്‌? മണ്ട വികസിക്കുന്നുണ്ടല്ലോ.

തിരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ കാരണം തിരയാന്‍ കോണ്‍ഗ്രസ്‌ പ്രത്യേക സമിതി രൂപവത്‌കരിച്ചിട്ടുണ്ട്‌. കമ്മിറ്റിക്ക്‌ കഠിന പ്രയത്നമൊന്നും ആവശ്യമായി വരില്ല. കാരണം, 2001ലെ ജയത്തിനുശേഷം പിന്നെ ദൈവം സഹായിച്ച്‌ ജയിക്കേണ്ടിവന്നിട്ടില്ല. ഓരോ തവണ തോല്‍ക്കുമ്പോഴും കമ്മിറ്റി രൂപവല്‍ക്കരിച്ച്‌ റിപ്പോര്‍ട്ടുണ്ടാക്കിയിട്ടുണ്ട്‌. കെ.പി.സി.സി. ഓഫീസില്‍ കാണും റിപ്പോര്‍ട്ടുകളെല്ലാം. നന്നായി പൊടിതട്ടേണ്ടിവരുമെന്നേ ഉള്ളൂ. ഉറച്ച നിലപാടുള്ള പാര്‍ട്ടിയായതുകൊണ്ട്‌ അന്നത്തെ സ്വഭാവങ്ങളൊന്നും മാറ്റിയിട്ടില്ല. റിപ്പോര്‍ട്ടിലെ നിഗമനങ്ങളും പഴയതുതന്നെ മതിയാകും. ഇത്തരം റിപ്പോര്‍ട്ടുകള്‍ എങ്ങനെയാവണം എന്നത്‌ സംബന്ധിച്ച്‌ പാശ്ചാത്യ ചാണക്യന്‍ മാക്കിയവല്ലി പണ്ടേ ചിലതു പറഞ്ഞിട്ടുണ്ട്‌. “…. വസ്തുതകള്‍ മറയ്ക്കാനുതകുന്നതായിരിക്കണം വാക്കുകള്‍. അതാര്‍ക്കും മനസ്സിലാകാനും പാടില്ല. ഇനി ആര്‍ക്കെങ്കിലും മനസ്സിലായാലോ ന്യായങ്ങളും ഒഴികഴിവുകളും തരാതരം പോലെ പ്രയോഗിക്കാന്‍ മുന്‍കൂട്ടി സംഭരിച്ചുവെക്കണം ….”. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സുകാര്‍ക്കു മുന്‍പരിചയം ധാരാളമുണ്ട്‌. അതില്ലാത്തതുകൊണ്ട്‌ എന്ത്‌ ന്യായം പറയണമെന്നറിയാതെ ഉഴലുകയാണ്‌ മുസ്‌ലിം ലീഗുകാര്‍. എന്തുകൊണ്ട്‌ കുറഞ്ഞത്‌ തെന്നലയുടെയെങ്കിലും സേവനം അവര്‍ക്ക്‌ വിട്ടുകൊടുത്തുകൂടാ?

Leave a Reply

Your email address will not be published. Required fields are marked *

Go Top