നേതൃമാറ്റം ലീഗ്‌ സ്റ്റൈല്‍

ഇന്ദ്രൻ

രണ്ടു ദിവസം മോന്തിയാവുവോളം ചര്‍ച്ച ചെയ്തിട്ടും തീരാഞ്ഞതുകൊണ്ടാണ്‌ മുസ്‌ലിം ലീഗ്‌ പ്രവര്‍ത്തകസമിതി മൂന്നാം ദിവസവും ചര്‍ച്ച തുടര്‍ന്നത്‌. മൂന്നാം നാള്‍ പാതിരാത്രിക്കുശേഷം സംഗതി ഒരു വിധം തീര്‍ന്നുകിട്ടി. ചില കാര്യങ്ങള്‍ അങ്ങനെയാണ്‌. മുമ്പ്‌ ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ ഒടുവില്‍ ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ അതിന്റെയൊരു ആറാട്ടായിരിക്കും എന്നുണ്ടല്ലോ. മുസ്‌ലിം ലീഗ്‌ പ്രവര്‍ത്തകസമിതിയില്‍ ചര്‍ച്ച നടന്നിട്ട്‌ വര്‍ഷം പത്തിരുപതെങ്കിലും കഴിഞ്ഞിട്ടുണ്ടാകും. എന്തെല്ലാം പറയാനിരിക്കുന്നു.

പറ്റിയ മരുന്നും മന്ത്രവും പ്രയോഗിച്ച്‌, പാര്‍ട്ടിയില്‍ വന്നുപെട്ട ദീനങ്ങള്‍ മാറ്റാന്‍ പ്രസിഡന്റ്‌ പാണക്കാട്‌ തങ്ങളെ ചുമതലപ്പെടുത്തി ഒന്നാം ദിവസം ഉച്ച ബിരിയാണിക്ക്‌ മുമ്പ്‌ യോഗം പരിയാമായിരുന്നു. അത്രയ്ക്കൊക്കെയുള്ള അസുഖമേ പാര്‍ട്ടിയെ ബാധിച്ചിട്ടുള്ളൂ എന്ന കാര്യത്തില്‍, ഖജാന്‍ജിയായി രൂപാന്തരം പ്രാപിച്ച മുന്‍ ജനറല്‍ സെക്രട്ടറിക്ക്‌ സംശയമൊന്നുമുണ്ടായിരുന്നില്ല. ലേശം ലാളിത്യം കുറഞ്ഞുപോയി. ആര്‍ക്ക്‌? പാണക്കാട്‌ തങ്ങള്‍ക്കല്ല, മന്ത്രിമാര്‍ക്കുമല്ല. പാര്‍ട്ടി സെക്രട്ടറി കുഞ്ഞാലിക്കുട്ടിക്ക്‌. പിന്നെ സദാ ആള്‍ക്കൂട്ടം ഒപ്പമുണ്ടായിരുന്നതുകൊണ്ട്‌ മൂക്കിനു താഴെയുള്ളതൊന്നും കണ്ടില്ല. ശത്രുക്കള്‍ സംഘടിച്ചു വരികയും ചെയ്തു. ഇതിന്റെ പേരില്‍ വോട്ടല്‍പം കുറഞ്ഞുപോയി. തോറ്റു. പരിഹരിക്കാവുന്ന തകരാറുകള്‍ മാത്രം. തോല്‍ക്കാത്തവരാരുണ്ട്‌ ഈ കേരളത്തില്‍? നായനാര്‍ തോറ്റിട്ടില്ലേ? അച്യുതാനന്ദന്‍ തോറ്റിട്ടില്ലേ?അതിലും വലുതല്ല കുഞ്ഞാലിക്കുട്ടി. അടുത്ത വോട്ടെടുപ്പ്‌ കഴിയുമ്പോള്‍ അച്യുതാനന്ദനിരിക്കുന്നിടത്ത്‌ ജനാബ്‌ കുഞ്ഞാലിക്കുട്ടിയായിരിക്കും… അല്ല പിന്നെ… വരുമോരോ ദശ..

നിലത്ത്‌ ഇഴയുന്ന കൃമികളും ഗ്രഹണകാലത്ത്‌ ഫണമുയര്‍ത്തും. അതുകൊണ്ടാണ്‌ മാരത്തോണ്‍ ചര്‍ച്ച വേണ്ടിവന്നത്‌. മൂന്നു നാള്‍ ചര്‍ച്ച ചെയ്തെടുത്ത തീരുമാനം അറിഞ്ഞില്ലേ? ഇതിലും വലിയ ഡസന്‍ കണക്കിന്‌ തീരുമാനങ്ങള്‍ ലീഗ്‌ ചര്‍ച്ചയൊന്നും കൂടാതെ മുമ്പ്‌ എടുത്തിട്ടുണ്ട്‌. കുഞ്ഞാലിക്കുട്ടിയെ മന്ത്രിമുഖ്യനാക്കിയതും ഇ. അഹമ്മദിനെ ഡല്‍ഹിക്കയച്ചതും ബനാത്ത്‌ വാലയെ അന്തമാനിലേക്ക്‌ നാടുകടത്തിയതും തുടങ്ങി എന്തെല്ലാം നിര്‍ണായക തീരുമാനങ്ങള്‍. പ്രവര്‍ത്തകസമിതി നിര്‍ണായകയോഗം ചേരുക, നിര്‍ണായക തീരുമാനം പാണക്കാട്‌ തങ്ങള്‍ എടുക്കുക എന്നതാണ്‌ കാലാകാലമായി ലീഗ്‌ സ്വീകരിച്ചു പോരുന്ന നയം. സമീപകാലത്ത്‌ പാര്‍ട്ടി ഈ വിധം പുഷ്ടിപ്പെട്ടത്‌ തങ്ങള്‍ ബുദ്ധിപൂര്‍വം സ്വീകരിച്ച ഓരോരോ തീരുമാനങ്ങളുടെ ഫലമാണെന്ന്‌ അറിയാത്തവരാരുണ്ട്‌ കേരളത്തില്‍ – ലീഗ്‌ പ്രവര്‍ത്തകസമിതിയംഗങ്ങളല്ലാതെ.

പാര്‍ട്ടി തിരഞ്ഞെടുപ്പ്‌ തോറ്റാല്‍ ഉടന്‍ പ്രസിഡന്റിനെയും ഭാരവാഹികളെയും മാറ്റുന്ന സമ്പ്രദായം പല പാര്‍ട്ടികളിലും ഉണ്ട്‌. ലീഗ്‌ വ്യത്യസ്തമായ പാര്‍ട്ടിയാണ്‌. ആപത്തു കാലം വന്നാല്‍ ആപത്തുണ്ടാക്കിയവരെയെല്ലാം പുറത്താക്കുന്ന ഏര്‍പ്പാട്‌ ഈ പാര്‍ട്ടിയില്‍ നടപ്പില്ല. എന്നാലോ മാറ്റങ്ങള്‍ക്ക്‌ എതിരല്ല പാര്‍ട്ടി. ഇടത്തെ കാലിലെ മന്ത്‌ വലത്തെ കാലിലേക്കാക്കുന്നതില്‍ പാര്‍ട്ടിക്ക്‌ ഒട്ടും വിരോധമില്ല. വല്ലപ്പോഴുമേ ഇന്ത്യയിലേക്ക്‌ വരാറുള്ളൂ എങ്കിലും ഉശിരനാണ്‌ പുതിയ ജനറല്‍ സെക്രട്ടറി. അഫ്ഗാനിസ്താനിലെ ബന്ദിപ്രശ്നവും കൊടപ്പനയ്ക്കലിലെ ബന്ദിയുടെ പ്രശ്നവും തുല്യനിലയില്‍ കൈകാര്യം ചെയ്യും. പോരെങ്കില്‍ സഹായത്തിന്‌ ഖജാന്‍ജിയുണ്ട്‌. ഏക ഖജാന്‍ജി. ഖജാന്‍ജി കനിഞ്ഞില്ലെങ്കില്‍ കമ്മിറ്റിയില്‍ ഇല ഇളകില്ല, പ്രസിഡന്റും ഇളകില്ല, ജനറല്‍ സെക്രട്ടറിയും ഇളകില്ല.

എന്തുകൊണ്ട്‌ പ്രസിഡന്റിനെ മാറ്റിയില്ല എന്ന്‌ പാര്‍ട്ടിയിലാരും ചോദിക്കുകയില്ല. എന്നാല്‍ പുറത്തുനില്‍ക്കുന്ന ചില വിവരദോഷികള്‍ ചോദിക്കുന്നുണ്ട്‌. സത്യമായും പഴയ പ്രസിഡന്റല്ല ഇത്‌. ജനറല്‍ സെക്രട്ടറിയുടെ തീരുമാനങ്ങള്‍ മാലോകരെ അറിയിക്കുന്ന പ്രസിഡന്റായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്‌. ഇനി അതില്ല. ഖജാന്‍ജിയുടെ തീരുമാനങ്ങള്‍ അറിയിക്കുന്ന പ്രസിഡന്റാവും ഇനി ഉണ്ടാവുക. ഹരിതപ്രഭ നിറഞ്ഞ ശോഭനഭാവി പാര്‍ട്ടിയെ കാത്തുനില്‍ക്കുന്നു.

**************

മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ അപ്രധാനമായ വിജിലന്‍സ്‌ വകുപ്പ്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനു നല്‍കി പകരം സുപ്രധാനമായ ദേശീയോദ്ഗ്രഥന വകുപ്പ്‌ ഏറ്റെടുത്തതില്‍ സര്‍വദേശാഭിമാനികളും ആവേശഭരിതരാണ്‌. ദേശീയോദ്ഗ്രഥനം നേടിയെടുക്കുന്നതിലാണ്‌ നാം വിജില ന്റ്‌ ആയിരിക്കേണ്ടത്‌, അല്ലാതെ വിജിലന്‍സ്‌ അന്വേഷണം നടത്തുന്നതിലല്ല.
ദേശീയോദ്ഗ്രഥനമാണോ വിജിലന്‍സാണോ മുന്തിയ വകുപ്പ്‌ എന്നത്‌ സംബന്ധിച്ച്‌ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ആഴത്തിലുള്ള ചര്‍ച്ച നടത്തുകയുണ്ടായി. ഒരു സംശയവുമില്ല, ദേശീയോദ്ഗ്രഥനം തന്നെ പ്രധാനം. അഴിമതിക്കാരായ ഒരൊറ്റ മന്ത്രിയും ഉണ്ടാവില്ലെന്ന്‌ മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്‌. ഡിപ്പാര്‍ട്ട്‌മെന്റിലെ അഴിമതി തുടച്ചുനീക്കുമെന്ന്‌ എല്ലാ മന്ത്രിമാരും ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞിട്ടുമുണ്ട്‌. പിന്നെയെന്തിന്‌ വിജിലന്‍സ്‌? വേണം, സ്ഥാനമൊഴിഞ്ഞ മന്ത്രിമാരുടെ അഴിമതി അന്വേഷിക്കാന്‍. ആ പണി ചെയ്യിക്കാന്‍ എ.കെ.ജി. സെന്ററില്‍ ‘ആങ്കുട്ട്യോളു’ണ്ട്‌. അതിനു വി.എസ്‌. സമയം മിനക്കെടുത്തണമെന്നില്ല.

****************

“എന്റെ ഗവണ്‍മെന്റ്‌ പ്രയോഗിക്കുന്നത്‌ മുതലാളിത്തമാണ്‌”-ഇന്ത്യന്‍ ഭരണഘടനയെ പിടിച്ച്‌ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റ ഒരു മുഖ്യമന്ത്രിയാണ്‌ ഈ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കില്‍ കടുത്ത ഭരണഘടനാവിരുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുന്നത്‌. വല്ല കരുണാനിധിയോ മുലായം സിങ്ങോ മറ്റോ ആയിരുന്നു ഇത്‌ പറഞ്ഞിരുന്നതെങ്കില്‍ സഹിക്കാമായിരുന്നു. കാര്‍ഡ്‌ ഹോള്‍ഡര്‍ കമ്യൂണിസ്റ്റായ ബുദ്ധദേവ്‌ ഭട്ടാചാര്യ ഇങ്ങനെ പറഞ്ഞാല്‍ എങ്ങനെ സഹിക്കും? ആരു സഹിച്ചാലും ജസ്റ്റിസ്‌ സഹിക്കില്ല.

ഇന്ത്യയൊരു സോഷ്യലിസ്റ്റ്‌ രാഷ്ട്രമാണെന്ന്‌ ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്‌. പിന്നെ മുഖ്യമന്ത്രിയെങ്ങനെ മുതലാളിത്തം നടപ്പാക്കുമെന്നാണ്‌ സഖാവ്‌ ജസ്റ്റിസ്‌ കൃഷ്ണയ്യര്‍ ചോദിക്കുന്നത്‌. കൃഷ്ണയ്യര്‍ 1957-ല്‍ ഇ.എം.എസ്സിന്റെ മന്ത്രിസഭയിലിരുന്ന്‌ സോഷ്യലിസ്റ്റ്‌ വ്യവസ്ഥ ഉണ്ടാക്കുന്ന പ്രക്രിയയ്ക്ക്‌ തുടക്കമിട്ടതാണ്‌. പണ്ഡിറ്റ്‌ നെഹ്‌റുവും മകള്‍ ഇന്ദിരയും മകന്‍ രാജീവും തുടര്‍ന്നുപോന്നത്‌ ഈ യജ്ഞം തന്നെ. വെറുതെ സോഷ്യലിസം ഉണ്ടാക്കിയാല്‍ പോരാ, ആ ലേബ്ല് ഭരണഘടനയില്‍ ഒട്ടിച്ചുവെക്കുകകൂടി വേണം എന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നു ഇന്ദിരാഗാന്ധിക്ക്‌. എന്നിട്ടാണ്‌ അടിയന്തരാവസ്ഥക്കാലത്ത്‌ ആ പുണ്യകര്‍മം നിര്‍വഹിച്ചത്‌. ഇപ്പോള്‍ ബുദ്ധദേവന്‍ പറയുന്നത്‌ കേട്ടില്ലേ… മുതലാളിത്തം നടപ്പാക്കുകയാണത്രെ അദ്ദേഹം.

ബാക്കി ഇന്ത്യാരാജ്യം ഒന്നടങ്കം സോഷ്യലിസത്തിലേക്കും പിന്നെ കമ്യൂണിസത്തിലേക്കും പിന്നെ സ്റ്റേറ്റ്‌ കൊഴിഞ്ഞുവീഴുന്ന സ്വര്‍ഗാവസ്ഥയിലേക്കും മുന്നേറുമ്പോള്‍ ബംഗാളികള്‍ മാത്രമങ്ങനെ മുതലാളിത്തത്തില്‍ കിടന്ന്‌ ശ്വാസം മുട്ടുകയായിരിക്കും. അയ്യോ പാവം.

*****************

കോടതി വിധി പറയുംവരെ പ്രതി നിരപരാധിയാണെന്നും 99 കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നുമെല്ലാം മഹദ്വചനങ്ങള്‍ പണ്ടേ കേട്ടിട്ടുണ്ട്‌. എല്ലാം പഴഞ്ചന്‍ ആശയങ്ങള്‍. കാലം മാറിയിരിക്കുന്നു.

ശിക്ഷ വിധിക്കും വരെ പ്രതി നിരപരാധിയാണെന്ന്‌ മാത്രമല്ല, പരാതിക്കാരിയും പ്രതിയും തമ്മില്‍ വ്യത്യാസമില്ലെന്നും കരുതേണ്ടിയിരിക്കുന്നു. കോടതിക്കു മുമ്പില്‍ എല്ലാ നിരപരാധികളും തുല്യര്‍. റാഗിങ്ങ്‌ എന്ന നീചവിനോദത്തിന്റെ മറവില്‍ ലൈംഗികപീഡനം കൂടി നടത്തിയെന്ന്‌ പരാതി പറഞ്ഞ വിദ്യാര്‍ഥിനിയെ പോളിഗ്രാഫ്‌ ടെസ്റ്റിനും ബ്രെയിന്‍ മാപ്പിങ്ങിനും വിധേയയാക്കാന്‍ കല്‍പിച്ചിട്ടുണ്ട്‌. അടുത്ത ഘട്ടത്തില്‍, എല്ലാ വാദികളും ടെസ്റ്റിന്‌ വിധേയരായ ശേഷമേ കോടതിയില്‍ കേറാവൂ എന്ന്‌ ഉത്തരവാക്കാം. ഗ്രന്ഥത്തില്‍ തൊട്ടുള്ള പ്രതിജ്ഞകൊണ്ടൊന്നും കാര്യമില്ല. പരാതി സത്യമോ എന്നറിയാതെ എങ്ങനെ വിചാരണ നടത്തും? പ്രതികളെ റിമാന്‍ഡ്‌ ചെയ്യുന്നതിനൊപ്പം ഇനി പരാതിക്കാരിയെ റിമാന്‍ഡ്‌ ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നുകൂടായ്കയില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top