അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന അഭിപ്രായത്തിന്റെ പാറ്റന്റ് ആര്‍ക്കാണ്? സി.വി.കുഞ്ഞുരാമന്‍ ആണ് ഇതിന്റെ ആശാന്‍ എന്നൊന്നും നോക്കാതെ നമ്മുടെ നേതാക്കന്‍മാര്‍ എത്രയോ കാലമായി ഇതെടുത്ത് പ്രയോഗിച്ചുവരുന്നുണ്ട്. നേതാക്കള്‍ക്ക് ഇത്രയും ഇഷ്ടപ്പെട്ട മറ്റൊരു പ്രയോഗമില്ല. എങ്കിലും, പൂര്‍ണ തോതില്‍ ഈ ആശയം പ്രയോഗത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞവര്‍ കുറവാണ് താനും. മറ്റുപല കാര്യങ്ങളിലെന്നപോലെ ലീഡര്‍ കെ. കരുണാകരനെ ഇക്കാര്യത്തിലും വെല്ലാനാര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. അഭിപ്രായങ്ങളില്‍ മാത്രമല്ല, ലക്ഷ്യം, നിലപാട്, മുന്നണി, സഖ്യം തുടങ്ങി രാഷ്ട്രീയവുമായി ബന്ധപ്പെട്ട യാതൊന്നും ഇരുമ്പുലക്കയല്ലെന്നും അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ഏത് ഇരുമ്പുലക്കയും ഒന്ന് ചുട്ടുപഴുപ്പിച്ചെടുത്താല്‍ അടിച്ചു പരത്തുകയോ വളച്ചൊടിക്കുകയോ ചെയ്യാം. എന്നാല്‍, മഹാമല്ലന്‍മാര്‍ക്ക് ഇരുമ്പുലക്കയെ തീയില്‍ കാണിക്കുകപോലും ചെയ്യാതെ വടകര മുറുക്ക് പോലെ പൊട്ടിച്ചെടുത്ത് കൊറിക്കാം. പ്രായം കൂടുന്നതിനനുസരിച്ച് മല്ലന്റെ ‘മസില്‍ പവര്‍’ കൂടിവരുന്നുമുണ്ട്. കോണ്‍ഗ്രസ്സുകാരനായി മരിക്കുകയാണ് തന്റെ ഏക മോഹമെന്ന് പറഞ്ഞ ലീഡര്‍തന്നെയാണ് പ്രധാനമന്ത്രിയാക്കാമെന്നു പറഞ്ഞാലും കോണ്‍ഗ്രസ്സിലേക്കില്ലെന്ന് പറഞ്ഞത്. ആദ്യം പറഞ്ഞതും രണ്ടാമതു പറഞ്ഞതും തമ്മില്‍ പതിറ്റാണ്ടുകളുടെ അകലം കാണും. മുമ്പ് അത്രയേ മസില്‍പവര്‍ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അതല്ല സ്ഥതി. ഇരുമ്പുലക്ക മൃദുവായ വസ്തുവാണ്. നിമിഷങ്ങള്‍ക്കകം പൊടിപോലെയാക്കാം. ഇന്നു പറഞ്ഞത് നാളെത്തന്നെ മാറ്റിപ്പറയാം.
പ്രധാനമന്ത്രിയാക്കാം എന്നുപറഞ്ഞാലും കോണ്‍ഗ്രസ്സിലേക്കില്ല എന്ന പ്രഖ്യാപനംനടത്തി സൂര്യന്‍ മൂന്നുവട്ടം അസ്തമിക്കും മുമ്പാണ് തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ്സില്‍ ലയിക്കാമെന്ന കരാറില്‍ ലീഡര്‍ പുത്രന്‍ ഒപ്പുവെച്ചത്. നാളെ ലീഡര്‍ ലയിച്ചില്ലെങ്കില്‍ ചെന്നിത്തലയ്ക്ക് കരാറുമായി കോടതിയില്‍ കേസ് കൊടുക്കാനാവില്ലെന്നത് ശരി. എന്തുകൊണ്ടാണ് കോണ്‍ഗ്രസ്സിലേക്ക് മടങ്ങിക്കോളാം എന്ന് ലീഡര്‍ സമ്മതിച്ചത്? പ്രധാനമന്ത്രിസ്ഥാനത്തിന് മുകളില്‍ ഭരണഘടനാപരമായി രാഷ്ട്രപതിസ്ഥാനമേയുള്ളൂ. അധികാരപരമായി രാഷ്ട്രപതിസ്ഥാനവും മുകളിലല്ല. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം മാത്രമാണ് രാഷ്ട്രപതിയേക്കാള്‍ വോള്‍ട്ടേജ് കൂടുതലുള്ള ഏക പദവി. ഇനി ആ പദവി കൊടുക്കാമെന്ന് സോണിയാജി ലീഡര്‍ക്ക് വാഗ്ദാനം നല്‍കിയോ എന്തോ.. ഒന്നും വ്യക്തമല്ല. എന്തായാലും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സില്‍ ലയിക്കാമെന്ന് വാഗ്ദാനം ചെയ്തത് സത്യം. കരാറും ഇരുമ്പുലക്കയല്ലല്ലോ. ഇലക്ഷന്‍ കഴിയട്ടേ, അപ്പോഴാലോചിക്കാം.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ രാജ്യസഭയിലേക്ക് മത്സരിക്കുകയും തോല്‍ക്കുകയും പാര്‍ട്ടിയില്‍നിന്ന് പുറത്താവുകയും ഒക്കെ ചെയ്യുകവഴി ഡി.ഐ.സി. യുടെ മുഖ്യ കോമരമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ആളാണ് കോടോത്ത് ഗോവിന്ദന്‍ നായര്‍. വടക്കേ അറ്റത്ത് താമസക്കാരനായതുകൊണ്ടാവും കോടോത്തിനു പുതിയ കളിയുടെ ‘ഗുട്ടന്‍സ്’ മനസ്സിലായിട്ടില്ല. ലയനം ആത്മഹത്യാപരമാണ് എന്നാണ് കോടോത്തിന്റെ അഭിപ്രായം. ലീഡറുടെയും പുത്രന്റെയും പാര്‍ട്ടിയില്‍ ആദര്‍ശവും തത്ത്വവും ഇല്ലെന്ന എം.എ. ജോണിന്റെ കണ്ടെത്തലിനേക്കാള്‍ വലിയ തമാശയാണ് ലയനം ആത്മഹത്യാപരമാണെന്ന കോടോത്തിന്റെ കണ്ടെത്തല്‍. കഴുത്തില്‍ കയറിട്ട് തൂങ്ങുന്നത് ആത്മഹത്യാപരമാണെന്ന പ്രസ്താവനയോളം സത്യസന്ധമായ പ്രസ്താവനയാണിത്. ലയനം എന്നു പറയുന്നതുതന്നെ ഡി.ഐ.സി. യുടെ മരണമാണ്. കോണ്‍ഗ്രസ് വന്ന് ഡി.ഐ.സി.കെ.യില്‍ ലയിക്കുമെന്നല്ല മറിച്ചാണല്ലോ കരാറില്‍ എഴുതിയിട്ടുള്ളത്. ആത്മഹത്യതന്നെയാണത്. ആത്മഹത്യയിലും പാര്‍ട്ടിയുടെ വ്യക്തിത്വം നിലനിര്‍ത്താനാവും.
2001 ലെ തിരഞ്ഞെടുപ്പില്‍ സോണിയാഗാന്ധിയെ വരച്ചവരയില്‍ നിര്‍ത്തി 37 സീറ്റ് പിടിച്ചുവാങ്ങിയേടത്തുനിന്നാണ് ഈ വളര്‍ച്ച കൈവരിച്ചിട്ടുള്ളത്. വീരപ്പ മൊയ്‌ലിയെയേ ഇത്തവണ വരയില്‍ നിര്‍ത്താന്‍ കിട്ടിയുള്ളൂ എന്നുമാത്രം. സീറ്റ് 17 ആയി കുറഞ്ഞതിനെക്കുറിച്ചാര്‍ക്കും വേവലാതി വേണ്ട. മുന്നണി ജയിച്ച് പറപറക്കും എന്നുറപ്പുള്ളപ്പോഴേ കൂടുതല്‍ സീറ്റ് വിലപേശി വാങ്ങേണ്ട കാര്യമുള്ളൂ. തോറ്റുപോകും എന്നു പേടിയുണ്ടെങ്കില്‍ കഴിയുന്നതും കുറച്ചു സീറ്റിലേ മത്സരിക്കാവൂ.
എല്ലാ അഭിപ്രായവും പപ്പടമാണെന്നു ധരിക്കേണ്ട. ഉമ്മന്‍ കോണ്‍ഗ്രസ്സിനെ നിലം പരിശാക്കുകയാണ് ലക്ഷ്യമെന്ന പ്രഖ്യാപനം ഇരുമ്പുലക്കയാണ്. സി.പി.എമ്മിനൊപ്പം ചേര്‍ന്ന് അത്
സാധിക്കാമെന്നാണ് വിചാരിച്ചിരുന്നത്. സി.പി.എമ്മിന് ആ സേവനം വേണ്ടത്രെ. വേണ്ടെങ്കില്‍ വേണ്ട. എന്നാലും ലക്ഷ്യത്തില്‍ മാറ്റമില്ല. ലീഡറും അനുയായികളും കിണഞ്ഞുശ്രമിച്ചതിന്റെ ഫലമായാണ് ലോക്‌സഭാതിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഇരുപതില്‍ പത്തൊന്‍പതും നഷ്ടമായത്. ഇക്കുറിയും മോശമാകില്ല. ശിഷ്ടകാലം യു.ഡി.എഫിനകത്ത് കയറി അതിലുള്ളവരുടെ ജീവിതം ദുസ്സഹമാക്കാം. അകത്ത് ഇരുന്നു ചെയ്യുന്നതിനേക്കാള്‍ വലിയ ദ്രോഹമൊന്നും പുറത്തുനിന്നുകൊണ്ട് കെ.കരുണാകരന് ചെയ്യാനാവില്ലെന്നല്ലേ ധാരണ. അത് തീരുമാനിക്കാനായിട്ടില്ല സോണിയാജീ…
********************************
മാധ്യമങ്ങളോട് സി.പി.എംണേതൃത്വത്തിനുള്ള വിരോധം മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്നാലും ഇത്രയും കടുപ്പമേറിയ പ്രതികാരം അവര്‍ പ്രതീക്ഷിച്ചതല്ല. സി.പി.എം.സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് ബൂര്‍ഷ്വാ പാര്‍ട്ടികള്‍ ചെയ്യുംപോലെയല്ല. കോണ്‍ഗ്രസ്സിലൊക്കെ കോഴ കൊടുത്തുപോലും സ്ഥാനാര്‍ഥിയാകാം. ‘പേമെന്റ് സീറ്റ് ‘ എന്നത്രെ ഈ സ്ഥാനാര്‍ഥിത്വത്തെ വിളിക്കുന്നത്. തലങ്ങും വിലങ്ങും ചര്‍ച്ച ചെയ്തും കോണ്‍ഡക്ട് സര്‍ട്ടിഫിക്കറ്റും മറ്റെല്ലാരേഖകളും നോക്കിയുമൊക്കെയാണ് സി.പി.എം.ഓരോരോ പേരുകളും ക്ലിയര്‍ ചെയ്യുന്നത്. യു.ഡി.എഫ്. വിട്ടുവരുന്നവരുടെയേ ജാതകം നോക്കാതിരിക്കാറുള്ളൂ. പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ ജാതകവും നോക്കും. ഇനി മത്സരിക്കുന്നത് പൊളിറ്റ് ബ്യൂറോ അംഗമാണെങ്കിലോ? ആദ്യം പി.ബി.,പിന്നെ സി.സി., പിന്നെ സെക്രട്ടേറിയറ്റ്, പിന്നെ,പിന്നെ…. എന്നിട്ടൊടുവിലാണ് വേണമെന്നോ വേണ്ടെന്നോ തീരുമാനിക്കാറുള്ളത്. ഇത്രയെല്ലാം കഴിഞ്ഞ ശേഷമാണ് വി.എസ്. അച്യുതാനന്ദന്‍ മത്സരിക്കുന്നതല്ല എന്ന് പ്രഖ്യാപിച്ചതും. ഇതിനു ശേഷം പാര്‍ട്ടി തീരുമാനം മാറ്റില്ല എന്ന് ഉറപ്പിക്കാന്‍ പാര്‍ട്ടിയെ കുറിച്ച് ചുക്കും ചുണ്ണാമ്പുമെല്ലാമറിയുന്ന പിണറായി വിജയന്‍ തന്നെ വേണമെന്നില്ല. ടി.വി.ചാനലിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കും ഉറപ്പുള്ള കാര്യമാണത്.
ഈ ഉറപ്പിന്റെ ബലത്തിലാണ് സഖാവേ, വി.എസ്. മത്സരിച്ചില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴുമെന്നും കേരളം അറബിക്കടലില്‍ ആണ്ടുപോകുമെന്നും റിപ്പോര്‍ട്ട്ചെയ്തതും മാലോകരെ വിശ്വസിപ്പിച്ചതും. മാധ്യമശിശു ക്കള്‍ കൂവിവിളിച്ചാലും പാര്‍ട്ടി ബന്ധമില്ലാത്തവര്‍ ജാഥ നടത്തിയാലും മീശ മുളയ്ക്കാത്ത പിള്ളാര് മീശ വടിച്ചാലും തീരുമാനം മാറ്റി മറിക്കുന്ന പാര്‍ട്ടിയല്ല ഇതെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിച്ചിരുന്നതാണ്. അതുകൊണ്ടാണ് വി.എസ്. തന്നെയായിരുന്നു മുഖ്യമന്ത്രി ആകേണ്ടിയിരുന്നതെന്നും വി.എസ്സിനെ ചതിച്ചവരെ വോട്ടര്‍മാര്‍ ചതിക്കണമെന്നുമൊക്കെ ഞങ്ങള്‍ ആഹ്വാനം ചെയ്തത്.
കഷ്ടം, ഇനി ഇതെല്ലാം മാറ്റിപ്പറയണം. ലീഡറുടെ മെയ്‌വഴക്കം മാധ്യമ സിന്‍ഡിക്കേറ്റുകാര്‍ക്കുണ്ടാവുകയില്ലല്ലോ. വി.എസ് സ്മാര്‍ട്ട് സിറ്റിക്കും എക്സ്പ്രസ്‌വേക്കും കേരള വികസനത്തിനും ഐസ്ക്രീം വ്യവസായത്തിനുമെല്ലാമെതിരായ സ്റ്റാലിനിസ്റ്റ് മുട്ടാളനാണ് എന്ന് പ്ലേറ്റ് മാറ്റി പറയേണ്ട അവസ്ഥ വന്നിരിക്കുന്നു. തീര്‍ച്ചയായും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പറ്റി ഒരു ചുക്കും അറിയാത്തതുകൊണ്ട് തന്നെയാണ് നമ്മള്‍ ഈ അബദ്ധപാതാളത്തില്‍ വീണുപോയത്. ഇല്ല, ഇപ്പോള്‍ കുറേശ്ശെ അറിഞ്ഞുവരുന്നു. ഇനി അബദ്ധം പറ്റാതെ നോക്കാം.