പാര്‍ട്ടിക്കഷായത്തിലെ ചുക്ക്‌

ഇന്ദ്രൻ

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ കാര്യങ്ങളെക്കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഒരു ചുക്കുമറിയില്ലെന്ന്‌ സഖാവ്‌ പിണറായി പറഞ്ഞതിനോട്‌ യോജിക്കാതിരിക്കാന്‍ പറ്റില്ല. മാധ്യമ പ്രവര്‍ത്തകരുടെ കാര്യമവിടെ നില്‍ക്കട്ടെ; പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കറിയുമോ നേതൃത്വത്തില്‍ കാര്യങ്ങള്‍ എങ്ങനെയൊക്കെയാണ്‌ നടക്കുന്നതെന്ന്‌? അതറിയുമായിരുന്നെങ്കില്‍ വി.എസ്‌. അച്യുതാനന്ദന്‍ നിയമസഭയിലേക്ക്‌ മത്സരിക്കുമെന്നും അടുത്ത മുഖ്യമന്ത്രിയാകുമെന്നും അവര്‍ മോഹിക്കുമായിരുന്നില്ലല്ലോ.

ഇവിടെ ഒരു ‘പോയന്റ്‌ ഓഫ്‌ ഓര്‍ഡര്‍’ ഉന്നയിക്കപ്പെടാന്‍ സാധ്യതയുണ്ട്‌. വി.എസ്‌. മുഖ്യമന്ത്രിയാകണമെന്ന്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിച്ചിരുന്നുവെന്ന്‌ പറയുന്നത്‌ ഏത്‌ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌? പാര്‍ട്ടി പ്രവര്‍ത്തകരാണോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്‌? സി.പി.എമ്മിനെക്കുറിച്ച്‌ ഒരു ചുക്കും ചുണ്ണാമ്പും അറിയാതെ…. ക്ഷമിക്കണം സഖാവേ. പാര്‍ട്ടി പ്രവര്‍ത്തകരെന്നല്ല, കേരളത്തിലാരെങ്കിലും വി.എസ്‌. മുഖ്യമന്ത്രിയാകണമെന്നാഗ്രഹിച്ചതിന്‌ തെളിവുകളൊന്നും ഹാജരാക്കാനാവില്ല. തെളിവുള്ളത്‌ ഒരു സംഗതിക്കു മാത്രമാണ്‌. മുഖ്യമന്ത്രിയാകേണ്ടെന്നല്ല, നിയമസഭാംഗം തന്നെ ആക്കേണ്ട എന്നു വി.എസ്‌. പറഞ്ഞുവെന്നതിനു മാത്രമാണ്‌ തെളിവുള്ളത്‌. ആ തെളിവ്‌ എവിടെ എന്നു ചോദിക്കരുത്‌. സഖാവ്‌ പിണറായിയുടെ സാക്ഷിമൊഴി അതിനുണ്ട്‌. പൊളിറ്റ്‌ ബ്യൂറോവില്‍ ചര്‍ച്ച നടന്നപ്പോള്‍ പ്രകാശ്‌ കാരാട്ട്‌ രണ്ടുപേരോടും ചോദിച്ചു. നിങ്ങള്‍ മത്സരിക്കുന്നുവോ ഇല്ലയോ? രണ്ടുപേരും – വി.എസ്സും പിണറായിയും – ഒരേ സ്വരത്തില്‍ പറഞ്ഞു: “ഇല്ല! മത്സരിക്കില്ല”. അങ്ങനെയാണ്‌ രണ്ടുപേരും സംഘടനാ പ്രവര്‍ത്തനം നയിക്കാന്‍ മാറി നില്‍ക്കുമെന്ന തീരുമാനമുണ്ടായത്‌. ഇതാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തിക്കുന്ന രീതി. അല്ലാതെ, ജനങ്ങളും പ്രവര്‍ത്തകരും എന്താഗ്രഹിക്കുന്നു എന്ന്‌ അന്വേഷിച്ച്‌ ആ നേതാവിനെ മത്സരത്തിന്‌ നിയോഗിച്ച്‌ മുഖ്യമന്ത്രിയാക്കുക എന്നതല്ല. അഥവാ, മത്സരിക്കണമെന്ന്‌ വി.എസ്സിന്‌ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ എന്തു ചെയ്യണമായിരുന്നുവെന്നോ. പറയാം. വി.എസ്‌. മത്സരിക്കണം എന്ന്‌ പിണറായി പൊളിറ്റ്‌ ബ്യൂറോയില്‍ പറയുന്ന സാഹചര്യം ഉണ്ടാക്കണമായിരുന്നു. അതുണ്ടാകാഞ്ഞതിന്‌ പിണറായിയെ കുറ്റം പറയേണ്ട.

വി.എസ്‌. സ്ഥാനാര്‍ഥിയാകേണ്ട എന്ന്‌ തീരുമാനിച്ചത്‌ വി.എസ്സിന്റെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണെന്ന്‌ പ്രകാശ്‌ കാരാട്ടും പിണറായിയും പറഞ്ഞത്‌ കേട്ടിരിക്കുമല്ലോ. എല്ലായ്പോഴും ഇങ്ങനെ അഭിപ്രായത്തിനൊത്ത്‌ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിക്ക്‌ കഴിഞ്ഞുകൊള്ളണമെന്നുമില്ല. ഉദാഹരണത്തിന്‌ ഈ വരുന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കേരളത്തില്‍ തോറ്റു തുന്നം പാടുമെന്നതാണ്‌ പൊതുധാരണയെന്ന്‌ കരുതുക. വി.എസ്‌. മത്സരിച്ചാല്‍ പാര്‍ട്ടിയുടെ വിജയസാധ്യത വര്‍ധിക്കുമെന്നുണ്ടെന്നും കരുതുക. പിന്നെ വി.എസ്സിനോട്‌ അഭിപ്രായം ചോദിച്ചെന്നുവരില്ല. മത്സരിച്ചേ തീരൂ. “വയസ്സ്‌ 90 ആകാറായി, കഷ്ടപ്പെടുകയാണ്‌, എന്നെയൊന്ന്‌ ഒഴിവാക്കിത്തരണേ” എന്നു ജ്യോതിബസു പലവട്ടം കരഞ്ഞുപറഞ്ഞിട്ടും ആദ്യമൊന്നും കേട്ടഭാവംതന്നെ പാര്‍ട്ടി നടിക്കുകയുണ്ടായില്ല. അതാണ്‌ വ്യത്യാസം. വി.എസ്‌. മത്സരിച്ചില്ലെങ്കിലും പാര്‍ട്ടി ജയിക്കുമെങ്കില്‍ പിന്നെ വി.എസ്‌. എന്തിന്‌ മത്സരിച്ച്‌ ബുദ്ധിമുട്ടണം എന്ന്‌ ചോദിക്കാനുള്ള വിവരമെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വേണം.

ഈ പ്രായത്തില്‍ വി.എസ്‌. കഷ്ടപ്പെടുന്നത്‌ പാര്‍ട്ടിക്ക്‌ ഇഷ്ടമല്ല. അതുകൊണ്ടാണ്‌ നേരത്തെ അദ്ദേഹത്തെ ചിന്ത/ദേശാഭിമാനി പത്രാധിപസ്ഥാനത്തുനിന്നൊഴിവാക്കിയത്‌ എന്നറിയാമല്ലോ. അദ്ദേഹത്തിന്‌ പ്രതിപക്ഷ നേതാവിന്റെ ഭാരിച്ച ചുമതലയുണ്ടായിരുന്നു. പുതിയ നിയമസഭ വരുന്നതോടെ ആ ബാധ്യതയും തീരും. സര്‍വതന്ത്ര സ്വതന്ത്രനായി വി.എസ്സിനു ശിഷ്ടകാലം അന്ധവിശ്വാസം, അനാചാരം, ആഗോളീകരണം, സ്ത്രീധനം, മദ്യാസക്തി എന്നിവയ്ക്കെതിരെ പോരാട്ടം തുടരാനാവും.

ഈ ചുക്കുകളൊന്നും മനസ്സിലാക്കാതെയാണ്‌ കുറെപ്പേര്‍, വി.എസ്സിനു സീറ്റില്ല എന്നു കേട്ടപ്പോള്‍ അവിടെയും ഇവിടെയും ജാഥ നടത്തിയത്‌. അവരാരും പാര്‍ട്ടി പ്രവര്‍ത്തകരോ അംഗങ്ങളോ അല്ല. മാധ്യമ നുണക്കഥ കേട്ട്‌ വഴിതെറ്റിപ്പോയ ചിലരും പാര്‍ട്ടി ശത്രുക്കളുമാണ്‌ ജാഥ നടത്തിയത്‌ എല്ലായിടത്തും. ജാഥക്കാര്‍ സി.പി.എം, ഡി.വൈ.എഫ്‌.ഐ, എസ്‌.എഫ്‌.ഐ. പതാകകള്‍ ഏന്തിയതെങ്ങനെ എന്ന്‌ നിങ്ങള്‍ സംശയിക്കുന്നുണ്ടാവും. ജാഥ പുറപ്പെടുമ്പോള്‍ ഏന്തെങ്കിലുമൊരു
കൊടിക്കുവേണ്ടി അവര്‍ തിരക്കിക്കാണണം. കൊടിയില്ലാതെ ആരും ജാഥ നടത്തരുതെന്ന അഭിപ്രായമുള്ളതുകൊണ്ട്‌ പാര്‍ട്ടി ഓഫീസിലെ പഴയ പെട്ടിയില്‍ കിടന്ന കീറിയ കൊടിയെടുത്ത്‌ ആരെങ്കിലും കൊടുത്തിട്ടുണ്ടാവാം. അല്ലാതെ ജാഥ നടത്തിയത്‌ പാര്‍ട്ടി അംഗങ്ങളോ പ്രവര്‍ത്തകരോ അല്ല. ഇനി അനുഭാവികള്‍ ആണെങ്കില്‍ത്തന്നെയെന്ത്‌? നൂറു ജാഥ നടന്നുകാണും. ശരാശരി 25 പേരുണ്ടാകും ഓരോന്നിലും. ആകെ 2500 പേര്‍. ഇടതുമുന്നണിക്ക്‌ കഴിഞ്ഞതവണ കിട്ടിയ വോട്ടെത്ര എന്നറിയാമോ? 69 ലക്ഷം. അതിന്റെ എത്ര ശതമാനം വരും ജാഥക്കാര്‍? കാല്‍ക്കുലേറ്റര്‍ വെച്ച്‌ കണക്കുകൂട്ടി നോക്കിയാല്‍ മതി. അപ്പോഴറിയാം “കേരളം മുഴുവന്‍ പ്രതിഷേധം ഇരമ്പി” എന്ന വെണ്ടക്കയുടെ അസംബന്ധം.

ഇനി മാധ്യമക്കാരറിയാത്ത ഒരു കാര്യംകൂടി പറയാം. പ്രതിപക്ഷത്തെ നയിക്കുന്നത്‌ പ്രതിപക്ഷ നേതാവാണെന്നത്‌ സത്യം. അതുപോലെ, സര്‍ക്കാറിനെ നയിക്കുന്നതും ഭരണം നടത്തുന്നതും മുഖ്യമന്ത്രിയാണ്‌ എന്നാവും ധാരണ. അല്ലേ? ഹഹഹ… അതങ്ങ്‌ ബൂര്‍ഷ്വാ പാര്‍ട്ടിയില്‍ പറഞ്ഞാല്‍ മതി. മാര്‍ക്സിസ്റ്റ്‌ ഭരണത്തെപ്പറ്റിയും മാധ്യമ ശത്രുക്കള്‍ക്ക്‌ യാതൊന്നും അറിയില്ല. സി.പി.എമ്മിനാണ്‌ അധികാരം കിട്ടുന്നതെങ്കില്‍ ഭരിക്കുക സി.പി.എമ്മാണ്‌; മുഖ്യമന്ത്രിയല്ല. ഭരിക്കാന്‍ മുഖ്യമന്ത്രി അത്യാവശ്യമല്ല-ആവശ്യംതന്നെയില്ല. അതുകൊണ്ടാണ്‌ പാര്‍ട്ടി ഒരിക്കലും തിരഞ്ഞെടുപ്പിനു മുന്‍പ്‌ മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാട്ടാത്തത്‌. ഏറിവന്നാല്‍ “കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്‍.ഗൌരി….” എന്നും മറ്റും ചില മുദ്രാവാക്യം വിളിച്ചെന്നിരിക്കും. പ്രാസത്തിന്റെ സുഖത്തിനു വേണ്ടി വിളിച്ചുവെന്നു മാത്രം. പ്രാസം പ്രാസത്തിനുവേണ്ടി, വോട്ടിനു വേണ്ടിയല്ല എന്നതാണ്‌ പണ്ടേ പാര്‍ട്ടി നയം. അല്ലാതെ ഗൌരിയമ്മയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയതൊന്നുമല്ല. മുഖ്യമന്ത്രിയെ അല്ല, ഭരിക്കാനുള്ള പാര്‍ട്ടിയെ ആണ്‌ ജനങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്‌. ബൂര്‍ഷ്വാ ഭരണഘടനയില്‍ മുഖ്യമന്ത്രി എന്നൊരു പദവി ഉള്ളതുകൊണ്ട്‌ ഒരാളെ അവിടെ കൊണ്ടുചെന്നിരുത്തുന്നുവെന്നേ ഉള്ളൂ. ചില കടലാസുകളില്‍ ഒപ്പിടുവാന്‍ അങ്ങനെ ഒരാള്‍ വേണം. ഔദ്യോഗിക യോഗങ്ങളില്‍ ഉറങ്ങുക, ടെലിവിഷനില്‍ തമാശപറയുക, വിദേശയാത്ര നടത്തുക തുടങ്ങിയ നേരമ്പോക്കുകളില്‍ കേന്ദ്രീകരിച്ചാല്‍ മതി മുഖ്യമന്ത്രി. ഭരണം നടത്താന്‍ പാര്‍ട്ടി വേറെ സംവിധാനമേര്‍പ്പെടുത്തിക്കൊള്ളും. അത്‌ എങ്ങനെയെന്ന്‌ തിരുവനന്തപുരത്തെ മാധ്യമ ലേഖകര്‍ക്ക്‌ നന്നായി അറിയുന്നതല്ലേ?

ബൂര്‍ഷ്വാ മാധ്യമങ്ങള്‍ അറിയാന്‍ വേണ്ടി ഒരു കാര്യം കൂടി പറയട്ടെ. വി.എസ്സിനെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ ഇങ്ങനെയൊക്കെ ചെയ്യണമെന്നൊന്നുമില്ല. ആര്‍ക്കും ഒരു പരാതിയും സംശയവും ഇല്ലാതെ അത്‌ സാധിപ്പിക്കാന്‍ പല വഴികളുണ്ട്‌. മാധ്യമവിവാദമോ പന്തംകൊളുത്തി പ്രകടനമോ ഉണ്ടാവില്ല. തിരഞ്ഞെടുപ്പില്‍ ‘മാരാരിക്കുളം’ ആവര്‍ത്തിപ്പിക്കാം. ആളുകള്‍ വി.എസ്സിന്റെ തലേലെഴുത്തിനെ കുറ്റം പറഞ്ഞുകൊള്ളും. ഇനി തിരഞ്ഞെടുപ്പില്‍ ജയിച്ചുവെന്നിരിക്കട്ടെ, ന്യൂനപക്ഷവോട്ടോ മറ്റെന്തെങ്കിലുമോ കാരണം പറഞ്ഞ്‌ പാലോളിയെയോ ഇളമരം കരീമിനെയോ പോലും മുഖ്യമന്ത്രിയാക്കാന്‍ ഒരു പ്രയാസവും ഇല്ല. ഇതൊന്നും അറിയാത്ത മട്ടിലാണ്‌ കുറെപ്പേരിവിടെ വി.എസ്സിന്റെ പേരില്‍ ബഹളം വെക്കുന്നത്‌. ഇല്ല, അധിക ദിവസമൊന്നും അതുണ്ടാവില്ല. അച്ചടക്കലംഘനത്തിന്റെ പാര്‍ട്ടിക്കഷായം കുടിപ്പിക്കുമെന്ന്‌ ഒരു വട്ടം പറഞ്ഞാല്‍ മതിയാകും, എല്ലാവരും അടങ്ങിക്കോളും.

*** *** ***

വി.എസ്സിനെ ചൊല്ലിയുള്ള വിവാദവും കലാപവും എല്ലാം അവസാനിപ്പിക്കാന്‍ ഒന്നാന്തരം ഒരു ഒറ്റമൂലി ഉണ്ടായിരുന്നത്‌ എന്തുകൊണ്ട്‌ പ്രയോഗിച്ചില്ല എന്നു ചിലര്‍ ചോദിക്കുന്നുണ്ട്‌. അതായത്‌ ഭിന്നതയും പ്രശ്നവും ഇല്ല എന്ന്‌ കാരാട്ടും പിണറായിയും എട്ടുകോളത്തില്‍ പറയുന്നതിനു പകരം സഖാവ്‌ വി.എസ്‌. നാലു വാചകം ഉറപ്പിച്ചങ്ങ്‌ പറഞ്ഞാല്‍ പോരേ? എന്താണ്‌ ഇത്ര കനത്ത മൌനം?

വി.എസ്‌. പറയേണ്ടപ്പോള്‍ പറയുമെന്ന്‌ പിണറായി പറഞ്ഞിട്ടുണ്ട്‌. സംസ്ഥാന കമ്മിറ്റി യോഗം അവസാനിച്ച ദിവസമോ പിറ്റേന്നോ വി.എസ്സും പിണറായിയും പാലോളിയും ചേര്‍ന്ന്‌ ഒരു പത്രസമ്മേളനം നടത്തിയിരുന്നെങ്കില്‍ ‘മാധ്യമ മാഫിയ’യുടെ കഥ കഴിയുമായിരുന്നില്ലേ? എല്ലാ അപവാദ പ്രചാരണവും സ്വിച്ച്‌ ഓഫാക്കിയതുപോലെ നിലയ്ക്കുമായിരുന്നില്ലേ? അതുതന്നെയാണ്‌ കാര്യം സുഹൃത്തേ. മാധ്യമങ്ങള്‍ക്ക്‌ ഒരാഴ്ചയെങ്കിലും അപഖ്യാതികളും ഊഹാപോഹങ്ങളും കെട്ടുകഥകളും എഴുതാന്‍ അവസരം നല്‍കേണ്ടേ? അവര്‍ക്കും ജീവിച്ചുപോകേണ്ടേ? വേറെ യാതൊരു ദുരുദ്ദേശ്യവും പാര്‍ട്ടിക്കില്ല കേട്ടോ.

Leave a Reply

Go Top