രാഹുല്‍കാലം തുടങ്ങാറായി

ഇന്ദ്രൻ

രാഹുലാണോ കേതുവാണോ എന്നൊന്നും കോണ്‍ഗ്രസ്സുകാര്‍ നോക്കാറില്ല. നെഹ്‌റു കുടുംബത്തില്‍പ്പെട്ടതാകണം, ഗാന്ധി എന്ന്‌ പേരിനൊപ്പം ഉണ്ടാവുകയും വേണം. ഇതുരണ്ടുമുള്ള നേതാവിനെ തലപ്പത്ത്‌ പ്രതിഷ്ഠിച്ചാല്‍ പിന്നെ സമാധാനമായി കിടന്നുറങ്ങാം. ജനസേവനം നടത്തി വിയര്‍ക്കണമെന്നൊന്നുമില്ല. എം.പി., എം.എല്‍.എ. ടിക്കറ്റ്‌ വല്ല വിധേനയും ഒപ്പിച്ചെടുത്താല്‍ മതി. ബാക്കി പണി ടി ഗാന്ധി ചെയ്തുകൊള്ളും. എല്ലാ വിശ്വാസങ്ങളെയും പോലെ ഇതുമൊരു ഉറച്ച വിശ്വാസമാണ്‌. സോണിയാഗാന്ധി നെഹ്‌റു കുടുംബത്തില്‍ പെടുന്നതെങ്ങനെ, സോണിയാ ഗാന്ധി ഗാന്ധിയാണോ എന്നു തുടങ്ങിയ യുക്തിവാദി ചോദ്യങ്ങളൊന്നും കോണ്‍ഗ്രസ്സുകാരോട്‌ ചോദിക്കരുത്‌. വിശ്വാസികളാണവര്‍. വിശ്വാസമാണ്‌ അവരെ രക്ഷിക്കുന്നത്‌.

രക്ഷക ലക്ഷണങ്ങളെല്ലാം തികഞ്ഞ സോണിയാ ഗാന്ധി നേതൃത്വത്തിന്റെ ഉത്തുംഗ ശൃംഗത്തില്‍ ഇരിക്കുന്നുണ്ട്‌. എന്നിട്ടും തൃപ്തിപ്പെടാതെ ഇവര്‍ രാഹുലിനു വേണ്ടി അലമ്പുണ്ടാക്കുന്നതെന്തിനെന്ന ചോദ്യമുണ്ട്‌. തെറ്റിദ്ധരിക്കരുതാരും. സോണിയാജിയെ മാറ്റി തത്സ്ഥാനത്ത്‌ രാഹുലിനെ പ്രതിഷ്ഠിക്കുക എന്ന മട്ടിലുള്ള ചിന്താകുറ്റങ്ങളൊന്നും അവരുടെ ശൂന്യമസ്തിഷ്കങ്ങളില്‍ കിളുര്‍ത്തിട്ടില്ല. രാഹുല്‍ ഗാന്ധിയെ എ.ഐ.സി.സി. സമ്മേളനത്തിന്റെ നേതൃവേദിയില്‍ കണ്ടില്ല. അതു സഹിക്കാവുന്ന സംഗതിയാണോ? മുപ്പത്തഞ്ചു വയസ്സും എം.പി.സ്ഥാനവുമുള്ള ഒരു നെഹ്‌റു കുടുംബാംഗമായ ഗാന്ധി വേദിയിലിരിക്കാതെ സദസ്സിലിരിക്കുക! അതിന്റെ പേരില്‍ ചില്ലറ കശപിശയുണ്ടാക്കിയെന്നേ ഉള്ളൂ. ഒരു വിധത്തില്‍ നോക്കിയാല്‍ അതും നന്നായി. രാഹുല്‍ജി ആദ്യമേ കേറി വേദിയില്‍ ബലം പിടിച്ചിരുന്നുവെങ്കില്‍ ഇത്ര ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയുമായിരുന്നില്ല. രാഹുല്‍ ഗാന്ധിയും പ്രസംഗിച്ചു എന്നൊരു വരി എഴുതി പത്രക്കാരും വേറെ വഴിക്ക്‌ പോകുമായിരുന്നു. ഇപ്പോള്‍, ഹൈദരാബാദ്‌ എ.ഐ.സി.സി. രാഹുലിന്റെ വിക്ഷേപണത്തിനുള്ള ‘ലോഞ്ചിങ്ങ്‌ പാഡ്‌’ ആക്കാനായി. അസ്സലായി.

എ.ഐ.സി.സി.യില്‍ ഇപ്പോള്‍ മുറവിളി ഉണ്ടാക്കിയത്‌, രാഹുല്‍ജി ഉടനെ കയറിച്ചെന്ന്‌ പിതാജി പണ്ട്‌ ആയതുപോലെ ജനറല്‍ സെക്രട്ടറിയോ മുരളിജി പണ്ട്‌ കേരളത്തില്‍ ആയതുപോലെ ഏക വൈസ്‌ പ്രസിഡന്റോ ആകുമെന്ന്‌ പ്രതീക്ഷിച്ചായിരുന്നില്ല എന്ന്‌ ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ഓടുന്ന നാല്‍ക്കാലിക്ക്‌ ഒരു മുഴം മുമ്പേ എന്നു പറഞ്ഞതുപോലെ, കാര്യങ്ങള്‍ മുമ്പേ കണ്ട്‌ ചെയ്യേണ്ടത്‌, ചെയ്തു എന്നേ ഉള്ളൂ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സുകാരോളം പ്രാവീണ്യം മറ്റാര്‍ക്കുണ്ട്‌. രാഹുലിനു വേദിയിലിരിക്കാനോ, ജനറല്‍ സെക്രട്ടറിയോ, പ്രസിഡന്റോ, പ്രധാനമന്ത്രി തന്നെയോ ആകാനോ എ.ഐ.സി.സി.അംഗങ്ങളുടെ മുറവിളിയും നിലവിളിയും ഒന്നും ആവശ്യമില്ല എന്നറിയാത്തവരല്ല അവര്‍. എ.ഐ.സി.സി. യില്‍ പ്രസംഗിച്ച മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും മുതല്‍ വെറും മേമ്പ്രന്‍മാര്‍ വരെ വീരമാതാവിനെയും പുത്രനെയും അഖണ്ഡനാമജപം പോലെ പ്രശംസിച്ചുകൊണ്ടേ നില്‍പ്പായിരുന്നു. പ്രസംഗിക്കാനൊന്നും ചാന്‍സ്‌ കിട്ടാത്തവര്‍ എന്തു ചെയ്യും? മുഖസ്തുതിയിലും പാദസേവയിലും വേണ്ടേ അല്‍പം വൈവിദ്ധ്യമൊക്കെ.

രാഹുല്‍ജി വേദിയിലേക്ക്‌ കയറിച്ചെന്ന്‌ ആരാധകരോട്‌ അടങ്ങിയൊതുങ്ങിയിരിക്കാന്‍ ആഹ്വാനം ചെയ്തതോടെ ആരവം അടങ്ങി എന്നാണ്‌ പത്രറിപ്പോര്‍ട്ട്‌. രാഹുല്‍ എത്ര ക്ഷമിക്കുന്നു, അല്‍പമെല്ലാം ക്ഷമിക്കാന്‍ ആരാധകരും തയ്യാറാവണം. ഇരുപത്തഞ്ചാം വയസ്സില്‍തനിക്കുവേണമെങ്കില്‍ പ്രധാനമന്ത്രിയാകാന്‍ കഴിയുമായിരുന്നു എന്നു എട്ടൊമ്പത്‌ മാസം മുമ്പെ തെഹല്‍ക്ക വാരികക്കാരുമായുള്ള ഒരഭിമുഖത്തില്‍ രാഹുല്‍ജി പറഞ്ഞത്‌ ഓര്‍മയുണ്ടാകുമല്ലോ. പത്തു വര്‍ഷമായി രാഹുല്‍ ക്ഷമിക്കുകയായിരുന്നു എന്നര്‍ഥം. ആ അഭിമുഖനെ ചൊല്ലി അസൂയാലുക്കളും ദേശവിരുദ്ധന്‍മാരും കുറെ ബഹളം കൂട്ടുകയുണ്ടായി. വേണ്ട, അതിനുശേഷം രാഹുല്‍ജി ആര്‍ക്കും അഭിമുഖം കൊടുത്തിട്ടുമില്ല. വേറെ എന്തെല്ലാം ജോലി കിടക്കുന്നു. മിണ്ടിയാല്‍ വിവാദമാണിവിടെ. അതുകൊണ്ടാവും രാഹുല്‍ജി ലോക്‌സഭയിലും മിണ്ടാറില്ല.

ഒരു കാര്യം ആരാധകര്‍ അറിയാന്‍വേണ്ടി പറഞ്ഞുകൊള്ളട്ടെ. മദാം സോണിയാജി പാര്‍ട്ടിയില്‍ ഒരു രൂപ മെമ്പര്‍ഷിപ്പ്‌ എടുത്തത്‌ ഏഴുവര്‍ഷം കോണ്‍ഗ്രസ്സുകാരുടെ അണമുറിയാത്ത അലമുറകേട്ട്‌ സഹിക്കാന്‍ കഴിയാതെയാണ്‌. പിന്നെയും പത്തുമാസം കഴിഞ്ഞാണ്‌ പാര്‍ട്ടി പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുത്തത്‌. അത്രയൊന്നും രാഹുല്‍ജി ആരാധകരെ വിഷമിപ്പിക്കുകയില്ല. ഇപ്പോള്‍ രാജ്യകാര്യങ്ങള്‍ വളരെ പ്രയാസപൂര്‍വമാണ്‌ നടന്നുവരുന്നത്‌ എന്നറിയാമല്ലോ, ഓരോ കാര്യവും എങ്ങനെ ചെയ്യണം എന്നു സോണിയാജി രാവും പകലും മന്‍മോഹന്‍ സിങ്ങിനോട്‌
പറഞ്ഞുകൊണ്ടേയിരിക്കണം. വോള്‍ക്കര്‍ റിപ്പോര്‍ട്ടായാലും ശരി, കൊത്ത്‌രോച്ചിയുടെ ബാങ്ക്‌ അക്കൌണ്ടായാലും ശരി കാര്യങ്ങള്‍ അറിഞ്ഞുചെയ്യാന്‍ ക്യാബിനറ്റിലുള്ളവര്‍ക്ക്‌ ശേഷിപോരാ. ഇനി സോണിയാജി വല്ലതും പറഞ്ഞെന്ന്‌ അറിഞ്ഞാലോ, ഭരണഘടനാതീത ശക്തികളുടെ ഇടപെടല്‍… പ്രധാനമന്ത്രിയെ വെറും ആജ്ഞാനുവര്‍ത്തിയാക്കി എന്നും മറ്റുമുള്ള ആക്ഷേപങ്ങളായി. ഈ നില അധികം തുടര്‍ന്നുകൂടാ. തിരഞ്ഞെടുപ്പിന്‌ ഇനി മൂന്നര കൊല്ലമുണ്ടല്ലോ. ഇപ്പഴേ ഇറങ്ങിയാല്‍ അപ്പോഴേക്കും ഇന്ധനം തീര്‍ന്നുപോകും. തിരഞ്ഞെടുപ്പിന്‌ അല്‍പം മുമ്പ്‌ കൈയാംഗ്യം കാട്ടിയാല്‍ മന്‍മോഹന്‍ജി രാജി നല്‍കി പോയിക്കൊള്ളും. അപ്പോള്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗംചേര്‍ന്ന്‌ ഉചിതമായത്‌ ചെയ്താല്‍ മതിയാകും. അതുവരെയത്തെ ഭരണം കൊണ്ടുള്ള എല്ലാ ചീത്തപ്പേരും ചുമന്നാവും മന്‍മോഹന്റെ ഗമനം. പിന്നെ ക്ലീന്‍ സ്റ്റേറ്റില്‍ തുടങ്ങാം.

******* *********** ******

രാഹുലിന്റെ പട്ടാഭിഷേകത്തിന്‌ ആരാധകര്‍ തിക്കും മുട്ടും കൂട്ടിയ എ.ഐ.സി.സി. യില്‍ ആരും തന്നെ പ്രിയങ്കാജിയെ കുറിച്ച്‌ യാതൊന്നും പറയുന്നത്‌ കേട്ടില്ല.. “പ്രിയങ്കയെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ” എന്ന്‌ മുദ്രാവാക്യം വിളിക്കാന്‍ ആരും ഉണ്ടായില്ല. പ്രിയങ്കാജിയുടെ ആരാധകരായ, ഈ ലേഖകനെ പോലെയുള്ള അനേകമാളുകള്‍ക്ക്‌ ഇതുമൂലമുണ്ടായ മനഃപ്രയാസം ചെറുതൊന്നുമല്ല.

പ്രിയങ്കാജി എങ്ങുപോയെന്ന്‌ ആലോചിച്ച്‌ തലപുകയുന്നതിനിടയിലാണ്‌ വേറൊരു ഞെട്ടിക്കുന്ന വാര്‍ത്ത വായിച്ചത്‌. പത്മജ പ്രസിഡന്റായ തൊഴിലാളി സംഘടനകള്‍ കോണ്‍ഗ്രസ്‌ സംഘടനകളില്‍ ലയിക്കാന്‍ തീരുമാനിച്ചത്രെ. പത്മജ!! ഒരു വര്‍ഷം മുമ്പ്‌ മാത്രം ഇന്ത്യയുടെ പരമാധികാര സഭയിലേക്ക്‌ ജനസമ്മതി നേടാനിറങ്ങിയ വനിത. കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച ‘ചേച്ചി’ . ‘കോണ്‍ഗ്രസ്സിന്റെ ഭാവി’ എന്നാണ്‌ പത്മജയുടെ ഫോട്ടോയുള്ള വലിയ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നത്‌. കുടുംബം കോണ്‍ഗ്രസ്‌ വിട്ടതുകൊണ്ടാവാം ‘ഭാവി’യെ കുറിച്ച്‌ ഇപ്പോഴെങ്ങും ഒച്ചയുമില്ല, ഓശയുമില്ല. പത്മജ എവിടെ എന്ന്‌ കെ.മുരളീധരന്റെ പദയാത്രക്കിടയില്‍ പോലുമാരും ചോദിച്ചില്ല.

പ്രിയങ്ക, പത്മജ തിരോധാനങ്ങളിലുള്ള പൊതുഘടകം വനിതാ വിമോചന സംഘടനകളെങ്കിലും ശ്രദ്ധിക്കേണ്ടതായിരുന്നു. പുരുഷാധിപത്യത്തിന്റെ കളിതന്നെയല്ലേ അതുരണ്ടും? പത്മജയെ പിന്തള്ളിയല്ലേ മുരളിയും പ്രിയങ്കയെ പിന്തള്ളിയല്ലേ രാഹുലും തിളങ്ങുന്നത്‌?

******* ******** *********

താന്‍ അധ്യക്ഷനായുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട്‌ വായിച്ചുനോക്കുകപോലും ചെയ്യാതെയാണ്‌ സമുദായ നേതാക്കള്‍ അഭിപ്രായപ്രകടനം നടത്തുന്നതെന്ന പരാതി ജസ്റ്റിസ്‌ കെ.കെണരേന്ദ്രനുണ്ട്‌. റിപ്പോര്‍ട്ട്‌ അച്ചടിച്ച്‌ വില്‍പനയ്ക്ക്‌ വെക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹത്തിന്‌ അഭിപ്രായമുണ്ട്‌.

റിപ്പോര്‍ട്ട്‌ സകലമാന ജനങ്ങളുടെയും കൈകളിലെത്തിയാലുള്ള തൊന്തരവിനെ കുറിച്ച്‌ ജസ്റ്റിസിന്‌ വലിയ പിടിപാടൊന്നുമില്ലെന്ന്‌ തോന്നുന്നു. ഓരോരുത്തര്‍ക്കും അവരുടെ ആവശ്യത്തിനൊത്ത്‌ വ്യാഖ്യാനിക്കാനും വളച്ചൊടിക്കാനും കഴിയണമെങ്കില്‍ റിപ്പോര്‍ട്ട്‌ പരമാവധി കുറച്ച്‌ ആളുകളില്‍ മാത്രമേ എത്താന്‍ പാടുള്ളൂ. റിപ്പോര്‍ട്ടിലെന്താണുള്ളതെന്ന്‌ ജനമറിയാനും പാടില്ല. ഈ രണ്ടു കാര്യങ്ങളും സര്‍ക്കാര്‍ ഭംഗിയായി ചെയ്തിട്ടുണ്ട്‌. ജനത്തിന്റെ കൈയില്‍ റിപ്പോര്‍ട്ട്‌ ഒരു കോപ്പിപോലും എത്തുകയില്ലെന്ന്‌ ഉറപ്പ്‌. വായിക്കാതെ അഭിപ്രായം പറയുന്നതിന്റെ സുഖമൊന്നുവേറെയാണ്‌. സ്പെഷല്‍ റിക്രൂട്ട്‌മെന്റ്‌ വേണം എന്ന്‌ തന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ്‌ ജസ്റ്റിസ്‌ നരേന്ദ്രന്‍ പറയുന്നത്‌. അതുകൊള്ളാം. ജസ്റ്റിസ്‌ നരേന്ദ്രന്‍ റിപ്പോര്‍ട്ട്‌ കൊടുക്കുക എന്ന പണിമാത്രം ചെയ്താല്‍ മതി. അതിലെന്താണ്‌ ഉള്ളതെന്ന്‌ പറയുന്ന പണി ഞങ്ങള്‍ ചെയ്തുകൊള്ളാം. രണ്ടും കൂടി ജസ്റ്റിസ്‌ ചെയ്യേണ്ട. ബുദ്ധിമുട്ടാവും. എഴുതിയ നിങ്ങള്‌ മിണ്ടാതിരി, കേട്ട ഞങ്ങള്‌ പറയട്ടെ.

മുസ്‌ലിം ലീഗ്‌ നേതാക്കള്‍ ഈയിടെ റിപ്പോര്‍ട്ട്‌ മുഴുവന്‍ വായിച്ചത്‌ പൊല്ലാപ്പായിട്ടുണ്ട്‌. സ്പെഷല്‍ റിക്രൂട്ട്‌മെന്റ്‌ വേണ്ട എന്നവര്‍ക്കും തോന്നിപ്പോയി. അല്ലെങ്കില്‍, സമുദായത്തിന്‌ നഷ്ടമായ തസ്തിക മുഴുവന്‍ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ നികത്താന്‍ അവര്‍ തീരുമാനിക്കുകയും അതിനെ ചൊല്ലി ഭൂരിപക്ഷം ജനങ്ങളുമായി വമ്പിച്ച ഉടക്കുണ്ടാവുകയും നാട്‌ കുട്ടിച്ചോറാവുകയും ഒക്കെ ചെയ്യുമായിരുന്നല്ലോ. നല്ല ഒരു ചാന്‍സാണ്‌ നഷ്ടപ്പെട്ടത്‌. ഇനി ഒരു പക്ഷേ, ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ അങ്ങനെ ചെയ്യുമായിരിക്കും. സമവായത്തിന്റെ ഏര്‍പ്പാടൊന്നും അത്ര നന്നല്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Go Top