മാധ്യമക്രൂരതയുടെ രക്തസാക്ഷികള്‍

ഇന്ദ്രൻ

മാധ്യമക്രൂരതയുടെ അവസാനത്തെ രക്തസാക്ഷിയാണ്‌ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. രാമചന്ദ്രന്‍. ‘ഇനി ആരോടും ഈ ക്രൂരത കാട്ടരുതേ’ എന്ന്‌ മുഖ്യമന്ത്രി കൂപ്പുകൈയോടെ മാധ്യമപ്രവര്‍ത്തകരോട്‌ അപേക്ഷിക്കുന്ന ചിത്രം പത്രങ്ങളില്‍ കണ്ടു. ഗുജറാത്ത്‌ കലാപകാലത്ത്‌, കൊല്ലാന്‍ വന്ന ആള്‍ക്കൂട്ടത്തോട്‌ കൈകൂപ്പി ജീവനു കേഴുന്ന യുവാവിന്റെ, അനേകമനേകം മാധ്യമങ്ങളില്‍ മുഖചിത്രമായിരുന്ന ഫോട്ടോയെ ഓര്‍മിപ്പിച്ചു ഈ ചിത്രം. മുഖ്യമന്ത്രിയുടെ മുഖത്ത്‌ ചോരപ്പാടുണ്ടായിരുന്നില്ല എന്ന വ്യത്യാസമേ ഉള്ളൂ. പകരം കണ്ണീരുണ്ടായിരുന്നു. ദയനീയം.

നീണ്ടുനിന്ന പത്രസമ്മേളനത്തില്‍ ആദ്യവസാനം മുഖ്യമന്ത്രി പറഞ്ഞ വാചകങ്ങളിലെ ഒരു വാക്കില്‍പ്പോലും കെ.കെ. രാമചന്ദ്രന്റെ ഭാഗത്ത്‌ ഒരു തലനാരിഴയോളം തെറ്റെങ്കിലും ഉണ്ടായതായ സൂചനയില്ല. ഇത്രയും നിഷ്കളങ്കനും നിരപരാധിയും സര്‍വോപരി ഗാന്ധിയനും ആയ ഒരാള്‍ ഭൂമിയിലില്ല. ധര്‍മവും നീതിയും വെടിഞ്ഞൊരു കളിയുമില്ല. കൈക്കൂലി, കോഴ, കംഷന്‍, സ്വജനപക്ഷപാതിത്വം എന്നിവ ഒട്ടുമില്ല. കള്ളപ്പറയലുമില്ല, ചെറുനാഴിയുമില്ല. ഇത്‌ മനസ്സിലാക്കിയ ഒരാള്‍ മുഖ്യമന്ത്രി മാത്രമാണ്‌. കെ.പി.സി.സി.പ്രസിഡന്റിനു പോലും ഇതറിയില്ല. തിരുവനന്തപുരം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്‌, ചെന്നിത്തലയുടെ ലോങ്ങ്‌ മാര്‍ച്ച്‌ എന്നിവയ്ക്ക്‌ ചില്ലറയെന്തെങ്കിലും പിരിച്ചുതരാന്‍ കെ.കെൃാമചന്ദ്രനോട്‌ ആവശ്യപ്പെട്ടിരുന്നതാണ്‌. ഒരു പൈസ കൊടുക്കാന്‍ മന്ത്രിക്കു പറ്റിയില്ല. ചെന്നിത്തലയും മറ്റും ധരിച്ചത്‌ മന്ത്രി കിട്ടുന്നതെല്ലാം സ്വന്തം ബാങ്ക്‌ അക്കൌണ്ടിലേക്ക്‌ മാത്രം വിടുന്നതു കൊണ്ടാണ്‌ ഇത്‌ എന്നാണ്‌. സത്യമല്ല. സമ്പൂര്‍ണ സാത്വികനായതുകൊണ്ട്‌ അന്നന്നത്തെ ചെലവിനുള്ളത്‌ മാത്രമേ കൈയില്‍ വെക്കാറുള്ളൂ.

ഇങ്ങനെയെല്ലാമുള്ള മന്ത്രിക്കെതിരെ ആരോ വ്യാജപരാതി ലോകായുക്തയില്‍ കൊടുത്തു. യൂണിയന്റെ പേരില്‍ കള്ള ഒപ്പിട്ട്‌ നല്‍കിയ പരാതി ചവറ്റുകുട്ടയിലിട്ട്‌ മന്ത്രിയെ നിരുപാധികം വിട്ടയയ്ക്കുകയായിരുന്നു ലോകായുക്ത ചെയ്യേണ്ടിയിരുന്നത്‌. ഇതിന്റെ നിയമവശം ലോകായുക്തയ്ക്ക്‌ അറിയുകയില്ലെന്ന്‌ തോന്നുന്നു. സാക്ഷികള്‍ മൊഴിമാറ്റിയാല്‍ എങ്ങനെയാണ്‌ കേസ്‌ വിധിക്കേണ്ടതെന്ന്‌ ഐസ്ക്രീം പാര്‍ലര്‍ കേസ്‌ പഠിച്ചാല്‍ മനസ്സിലാകും. യൂണിയന്‍ മൊഴിമാറ്റുന്നത്‌ സാക്ഷികള്‍ മൊഴിമാറ്റുന്നതിനേക്കാള്‍ വലിയ സംഭവമാണ്‌. കേസ്‌ അവിടെ അവസാനിപ്പിക്കാം. അതുചെയ്തില്ലെന്നു മാത്രമല്ല, ഒരു പോലീസ്‌ ഉദ്യോഗസ്ഥനെ വിട്ട്‌ കക്ഷികളില്‍നിന്നെല്ലാം മൊഴിയെടുപ്പിക്കുകയാണ്‌ ലോകായുക്ത ചെയ്തത്‌. അങ്ങനെ മൊഴി കൊടുത്തവരെയെല്ലാം ഫോണില്‍ വിളിച്ച്‌, എന്താണ്‌ മൊഴി കൊടുത്തതെന്ന്‌ അന്വേഷിക്കുക മാത്രമാണ്‌ മന്ത്രിചെയ്തത്‌. എതിരായി മൊഴി കൊടുത്തവരോട്‌ താനും തന്റെ അനന്തര തലമുറയും ഈ ക്രൂരകൃത്യത്തിനുള്ള ശിക്ഷ അനുഭവിക്കുമെന്ന്‌ സ്നേഹപൂര്‍വം ഉപദേശിക്കുകയേ മന്ത്രി ചെയ്തുള്ളൂ. ‘വേഡ്‌ ഓഫ്‌ കോഷ്യന്‍’ എന്നാണ്‌ മുഖ്യമന്ത്രി ഇതിനെ കൃത്യമായി വിശേഷിപ്പിച്ചത്‌. ഭീഷണിപ്പെടുത്തല്‍ തന്നെയാണിത്‌ എന്ന്‌ പറയുന്നവര്‍ക്ക്‌ ഭീഷണി എന്ന കലാപരിപാടിയുടെ തനി സ്വരൂപം അറിഞ്ഞുകൂടാ. മന്ത്രി കേസില്‍ ഇടപെടുന്നു, സാക്ഷികളെ ഭീഷണിപ്പെടുത്തുന്നു എന്നും മറ്റും എഴുതി മുഖ്യമന്ത്രിക്കയയ്ക്കുകയും ചെയ്തു ലോകായുക്ത. അതിനെ കുറിച്ച്‌ ലോകായുക്ത നല്‍കിയ പത്രക്കുറിപ്പ്‌ അപ്പടിയങ്ങ്‌ പ്രസിദ്ധീകരിക്കുകയാണ്‌ പത്രങ്ങള്‍ ചെയ്തത്‌. മുഖ്യവാര്‍ത്തയാക്കി ചില പത്രങ്ങള്‍. ചിലര്‍ മുഖപ്രസംഗം കാച്ചി. മന്ത്രി മാധ്യമപ്രവര്‍ത്തകരോട്‌ ചോദിച്ചതാണ്‌ ശരി: “ഇവര്‍ക്കൊന്നും വേറെ പണിയില്ലേ?”

പത്രങ്ങള്‍ എന്താണ്‌ ചെയ്യേണ്ടിയിരുന്നത്‌ എന്നറിയാന്‍ ക്രൂരമാധ്യമ പ്രവര്‍ത്തകരേ നിങ്ങള്‍ കെ.പി.സി.സി.യുടെ ഔദ്യോഗിക മുഖപത്രം നോക്കുക. ലോകായുക്ത മുഖ്യമന്ത്രിക്കയച്ച കുറിപ്പിന്റെ ഒരു വരിപോലും പത്രം പ്രസിദ്ധീകരിച്ചില്ല. പ്രസിദ്ധീകരണയോഗ്യം അല്ല എന്നതുകൊണ്ടുതന്നെ. ഇങ്ങനെയാണ്‌ യഥാര്‍ഥ വീക്ഷണം ഉള്ളവര്‍ ചെയ്യേണ്ടത്‌. മന്ത്രിക്കെതിരായ ആരോപണത്തെക്കുറിച്ച്‌ മന്ത്രി നടത്തിയ പത്രസമ്മേളനത്തിന്റെ റിപ്പോര്‍ട്ട്‌ കൊടുത്തിട്ടുണ്ട്‌. വായിച്ചുപഠിക്കട്ടെ പത്രധര്‍മ പാഠങ്ങള്‍.

മാധ്യമക്രൂരതയുടെ ആദ്യത്തെ രക്തസാക്ഷിയല്ല കെ.കെ. രാമചന്ദ്രന്‍. ഒരു തെറ്റും ചെയ്യാതെ, ആരോ എന്തോ എവിടെയോ പറഞ്ഞെന്ന്‌ കേട്ടപാതി കേള്‍ക്കാത്ത പാതി രാജിക്കത്തും പോക്കറ്റിലിട്ട്‌ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌ കുതിക്കുകയായിരുന്നു വനം മന്ത്രി കെ.പി. വിശ്വനാഥന്‍.
കൈയില്‍ കിട്ടിയപാടെ മുഖ്യമന്ത്രിയതങ്ങ്‌ സ്വീകരിക്കുകയും ചെയ്തു. പഴയ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി, തീവണ്ടി മറിഞ്ഞുവെന്നു കേട്ടപ്പോള്‍ റെയില്‍മന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ ആളാണെന്ന്‌ കേട്ടിട്ടുണ്ട്‌. അതില്‍ പിന്നീട്‌ വിശ്വനാഥ-രാമചന്ദ്രന്‍മാരേ അങ്ങനെ ചെയ്തിട്ടുള്ളൂ. അയ്യോ… ഒരാളെ വിട്ടുപോയി. ജീവിതത്തിലൊരിക്കലും കണ്ടിട്ടുപോലുമില്ലാത്ത ഒരുവള്‍ ‘ഭ്രാന്തുപുലമ്പുന്ന’ത്‌ കേട്ട്‌ മാധ്യമ പ്രവര്‍ത്തകര്‍ ആഘോഷിച്ചപ്പോള്‍ കുറച്ച്‌ വൈകിയാണെങ്കിലും രാജികൊടുത്ത്‌ പോയ സദാചാരനിഷ്ഠനാണ്‌ പി.കെ. കുഞ്ഞാലിക്കുട്ടി. കേസ്സില്‍ സാക്ഷിപോലുമല്ല അദ്ദേഹം. പ്രതിയാകുന്നത്‌ പിന്നെയല്ലേ? ഇനി മന്ത്രിയാകാന്‍ എന്നോട്‌ പറയരുതേ എന്നദ്ദേഹം കൈകൂപ്പി അപേക്ഷിച്ചിട്ടുമുണ്ട്‌.

മാധ്യമക്രൂരത ഈ മട്ടില്‍ തുടര്‍ന്നാല്‍ കേരളത്തില്‍ മന്ത്രിയില്ലാത്ത അവസ്ഥ വന്നേക്കുമോ എന്ന ആശങ്കയിലാണ്‌ ജനങ്ങള്‍. അത്രത്തോളം ചെയ്യരുതാരും. ജനാധിപത്യം നിലനില്‍ക്കേണ്ടേ?

******************************

കൊലക്കേസ്സിലെ പ്രതിയെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിട്ടാല്‍ അതിന്റെ അര്‍ഥം കൊലപാതകമേ നടന്നിട്ടില്ല എന്നാവുമോ? മരിച്ച ആള്‍ കോടതിവിധികേട്ട്‌ കുഴിയില്‍നിന്നെഴുന്നേറ്റു വരുമോ? ഐസ്ക്രീം പെണ്‍വാണിഭക്കേസ്സിലെ വിധിയോടുള്ള പ്രതികരണം കേട്ടാല്‍ അങ്ങനെയും തോന്നിപ്പോകും.

കോടതിയിലെത്തുമ്പോഴേക്ക്‌ തെളിവെല്ലാം അലിഞ്ഞുപോകുകയാണത്രേ ഉണ്ടായത്‌. തെളിവ്‌ എവിടെപ്പോയെന്ന്‌ ആരും അന്വേഷിക്കാന്‍ പാടില്ല. ഒരു കോടതി മുമ്പാകെ പറഞ്ഞതൊക്കെ മറ്റൊരു കോടതിയില്‍ മാറ്റിപ്പറഞ്ഞത്‌ എന്തുകൊണ്ട്‌ എന്ന്‌ അന്വേഷിക്കേണ്ട. സാക്ഷികളായ പെണ്‍കുട്ടികളെല്ലാം രേഖയിലെ ഒപ്പ്‌ തങ്ങളുടേതല്ല എന്ന്‌ കോടതിയില്‍ പറഞ്ഞാല്‍ ഇത്രയും കള്ളൊപ്പ്‌ വെച്ചത്‌ ആരാണ്‌ എന്നു തിരക്കുകയും വേണ്ട. മുന്നൂറു രൂപ വരുമാനം റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയ ബിപിഎല്‍ യുവതികള്‍ ആള്‍ട്ടോ കാറും ബിപിഎല്‍ മൊബൈലും എ.സി. വീടുമായി ചെത്തുന്നതെങ്ങനെ എന്നന്വേഷിക്കുന്നതും മര്യാദകേടാവും. ഇത്രയും നീതിയും ന്യായവും ഉള്ള സംവിധാനത്തെയാണ്‌ നാം നീതിന്യായ വ്യവസ്ഥ എന്നു വിളിക്കുന്നത്‌.

നീതിയും ന്യായവും സംരക്ഷിക്കപ്പെട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ പ്രകടനം നടത്താന്‍ മുസ്‌ലിം ലീഗുകാരേ ഉണ്ടായുള്ളൂ. ആ ആര്‍ജവത്തെ നമിക്കാതെ വയ്യ. മുസ്‌ലിം ലീഗുകാര്‍ ആരും കേസ്സില്‍ പ്രതികളല്ല. സാക്ഷികള്‍ പോലുമല്ല. പിന്നെയെന്തിന്‌ പ്രകടനം? നീതി ജയിച്ചതിന്റെ പേരില്‍ തന്നെയാവണം.

റജീനയുടെ മൊഴിമാറ്റത്തെ കുറിച്ചും മറ്റും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്നവര്‍ മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഒടുവിലത്തെ മൊഴിയെക്കുറിച്ച്‌ മൌനം പാലിക്കുകയാണ്‌. വലിയൊരു കാര്യം ചെയ്തുകൊടുക്കണമെന്ന്‌ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടു ചിലര്‍. അദ്ദേഹത്തിന്‌ ചെയ്യാന്‍ പറ്റാത്തത്ര വലിയ കാര്യം. അങ്ങനെ ഒരു കാര്യമുണ്ടോ എന്തോ. എന്തായാലും, അത്‌ ചെയ്തുകൊടുക്കാത്തതിന്റെ പ്രതികാരമായി എട്ടു വര്‍ഷമായി അവര്‍ അദ്ദേഹത്തെ പീഡിപ്പിക്കുകയാണ്‌. “ഡിമാന്‍ഡിനു രേഖയുണ്ട്‌. നിഷേധിക്കാന്‍ പറ്റാത്ത വാന്‍ തെളിവുമുണ്ട്‌.” – മുന്‍ മന്ത്രി പറയുന്നു. താന്‍ പ്രതിയല്ലാത്ത കേസ്സിന്റെ വിധി വരുന്നതുവരെ ക്ഷമാപൂര്‍വം കാത്തശേഷമാണിത്‌ പറഞ്ഞത്‌. ബാക്കി വിവരങ്ങള്‍ അദ്ദേഹം വൈകാതെ പുറത്തുവിടുമെന്ന്‌ ആശിക്കാം നമുക്ക്‌. എന്തായാലും മൊഴി മാറ്റുന്ന തരക്കാരനല്ലല്ലോ അദ്ദേഹം.

*******************************

ഇടതുമുന്നണിക്കകത്ത്‌ ഒരു കുറുമുന്നണി ഉണ്ടാകുന്നത്‌ ശരിയല്ലെന്ന അഭിപ്രായമാണ്‌ സി.പി.എം. സെക്രട്ടറി പിണറായി വിജയന്‌ ഉള്ളത്‌. അത്‌ സ്വാഭാവികം തന്നെ. വലുതും ചെറുതുമായ കക്ഷികളുള്ള മുന്നണിയില്‍ എപ്പോഴും കുറുമുന്നണി ഉണ്ടാക്കുക ചെറുകക്ഷികളാണ്‌. വല്യേട്ടനെ ഒന്ന്‌ പേടിപ്പിക്കാനുള്ള ശ്രമമെങ്കിലും നടത്താന്‍ അതേ വഴിയുള്ളൂ. ഇടതുമുന്നണിയില്‍ കുറുമുന്നണിയുണ്ടാകുന്നുണ്ടെങ്കില്‍ അതിന്‌ ഒരുദ്ദേശ്യമേ കാണൂ- സി.പി.എമ്മിനെ പേടിപ്പിക്കല്‍ തന്നെ. ആ കളി പിണറായിയോട്‌ വേണ്ട മക്കളെ.

കുറുമുന്നണി ഒട്ടും ശരിയല്ലെന്ന്‌ കെ. കരുണാകരനും ശക്തിയായി അഭിപ്രായപ്പെട്ടിട്ടുണ്ട്‌. കാലത്തിന്റെ മാറ്റം എന്നല്ലാതെന്ത്‌ പറയാന്‍. 1967-ലെ സപ്തമുന്നണിയില്‍ കുറുമുന്നണിയായി നിന്ന്‌ പൊരുതിയ സി.പി.ഐ-ആര്‍.എസ്‌.പി-മുസ്‌ലിം ലീഗ്‌ കക്ഷികളെ കൈയടിച്ചും ആര്‍ത്തുവിളിച്ചും പ്രോത്സാഹിപ്പിച്ചത്‌ കെ. കരുണാകരനായിരുന്നു. അതിന്റെ ഗുണവും ദോഷവും കരുണാകരന്‌ അറിയുംപോലെ വേറെയാര്‍ക്കറിയാം. കുറുമുന്നണി എന്ന വാക്കുണ്ടായത്‌ തന്നെ അന്നാണ്‌. ഇപ്പോള്‍ സ്ഥിതി മാറി. ഇടതില്‍ കുറുമുന്നണി രൂപപ്പെടുന്നത്‌
വല്യേട്ടനായ സി.പി.എമ്മിനെ പേടിപ്പിക്കാന്‍ മാത്രമല്ല, വല്യേട്ടന്റെ വലംകൈയാകാന്‍ അരയും തലയും മുറുക്കുന്ന ഡി.ഐ.സി.യെയും പേടിപ്പിക്കാനാണ്‌. അതെങ്ങനെ അനുവദിക്കും? കുറുമുന്നണിയും ഗ്രൂപ്പുമൊക്കെ കോണ്‍ഗ്രസ്സില്‍ നില്‍ക്കുമ്പോഴേ വേണ്ടൂ. ഇടതുമുന്നണിയില്‍ കുറുമുന്നണിയും വേണ്ട, ഡി.ഐ.സി.യില്‍ ഗ്രൂപ്പും വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *

Go Top