അസ്സല്‍ അനുയായികള്‍

ഇന്ദ്രൻ

കെ. കരുണാകരനും എ.കെ. ആന്റണിയും ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഗോഗ്വാ വിളിച്ചത്‌ ഇന്ദിരാഗാന്ധിയുടെ യഥാര്‍ഥ അനുയായി ആര്‌ എന്നത്‌ സംബന്ധിച്ചാണ്‌. തിരുവനന്തപുരത്ത്‌ തിരഞ്ഞെടുപ്പുള്ളതുകൊണ്ട്‌ ഇക്കുറി ഇതിനു പ്രസക്തി ഒരൌണ്‍സ്‌ കൂടുതലുണ്ടെന്നു രണ്ടുപേര്‍ക്കും തോന്നിയത്‌ ന്യായം. ഇന്ദിരാഗാന്ധിയെ വെടിഞ്ഞ്‌ പണ്ട്‌ വേറെ വഴിക്ക്‌ പോയ ആന്റണിയെ എങ്ങനെ യഥാര്‍ഥ ഇന്ദിരാഭക്തനായി കണക്കാക്കാം എന്നാണ്‌ ലീഡറുടെ ചോദ്യം. ഇന്ദിരാഗാന്ധിയുടെ മരുമകളെ വെടിഞ്ഞ്‌ വേറെ പാര്‍ട്ടി ഉണ്ടാക്കിയ ആളെങ്ങനെ ഇന്ദിരാഭക്തനാകും എന്നാണ്‌ ആന്റണിയുടെ ചോദ്യം. ഭക്തന്‍മാരുടെ ഈ യുക്തിവാദം അവിശ്വാസികള്‍ക്ക്‌ മനസ്സിലായി എന്നുവരില്ല.

ഇന്ദിരാജി ചരമദിനത്തിന്‌ ഒരുമാസം മുമ്പാണ്‌ ഗാന്ധിജയന്തി കൊണ്ടാടിയത്‌. ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മക്ക്‌ നാളികേരമുടയ്ക്കുമ്പോള്‍ സാക്ഷാല്‍ ഗാന്ധിക്ക്‌ ഒരുമുറി ചിരട്ടയെങ്കിലും ഉടയ്ക്കേണ്ടേ? കോണ്‍ഗ്രസ്സുകാരും പുത്തന്‍ കോണ്‍ഗ്രസ്സുകാരും ചിരട്ട ഉടച്ച്‌ ഗാന്ധിജിയെ ആഘോഷിക്കുകയുണ്ടായി. എങ്കിലും ഗാന്ധിജിയുടെ അനുയായി ഞാനോ നീയോ എന്നത്‌ സംബന്ധിച്ച്‌ അവര്‍ തമ്മില്‍ കലഹമോ അഹിംസാത്മക അടിപിടിലഹളയോ ഉണ്ടായില്ല. എന്തുകൊണ്ട്‌ എന്നൊന്നും ചോദിച്ചേക്കരുത്‌. ഗാന്ധിജിയുടെ അസ്സല്‍ അനുയായിയല്ല, വ്യാജ അനുയായി ആകുന്നതുപോലും ഇക്കാലത്ത്‌ നഷ്ടക്കച്ചവടമാണ്‌. വെറുതെ അവകാശവാദമുന്നയിച്ച്‌ പൊല്ലാപ്പുണ്ടാക്കരുതല്ലോ.

ഇനി രാജീവ്ഗാന്ധിയുടെ രക്തസാക്ഷിദിനമോ ജന്‍മദിനമോ വന്നാല്‍ അസ്സല്‍ രാജീവ്‌ അനുയായി ആര്‌ എന്നതുസംബന്ധിച്ച്‌ ഇവര്‍തമ്മില്‍ തര്‍ക്കമുണ്ടാകുമോ? സാധ്യത കുറവാണ്‌. താനാണു അസ്സല്‍ രാജീവ്‌ അനുയായി എന്നൊരു അവകാശവാദം ലീഡര്‍ ഉന്നയിക്കാന്‍ ഇടയില്ല. സോണിയാജിയുമായി പിണങ്ങിപ്പിരിഞ്ഞ ലീഡര്‍ക്ക്‌ അതിനുള്ള സര്‍ട്ടിഫിക്കറ്റ്‌ കിട്ടാന്‍ പ്രയാസമാണ്‌. സോണിയയുടെ എന്‍.ഒ.സി ഇല്ലാതെ അത്‌ കിട്ടുകയില്ല എന്നുവ്യക്തം. അതിനെല്ലാം അപ്പുറത്ത്‌ മറ്റൊരുന്യായമായ ചോദ്യവുമുണ്ട്‌-ലീഡര്‍ രാജീവിന്റെ അനുയായിയാണോ അതോ നേരെമറിച്ചോ? രാജീവും സോണിയയുമെല്ലാം പ്രസിഡന്റും പ്രധാനമന്ത്രിയുമൊക്കെയായിരിക്കാം. എന്നുവെച്ച്‌ അവരാരും ലീഡറുടെ ലീഡര്‍ആകാന്‍ യോഗ്യരല്ല. ഇത്‌ മനസ്സാലാക്കാനുള്ള ചാന്‍സ്‌ നിര്‍ഭാഗ്യവശാല്‍ രാജീവിന്‌ ലഭിച്ചില്ല. സോണിയക്ക്‌ ലഭിക്കുകതന്നെചെയ്തു.

ഇപ്പോള്‍ ഇന്ദിരാഭക്തര്‍ക്കിടയിലെ ചോദ്യം യഥാര്‍ഥ ഇന്ദിരാമാര്‍ഗത്തില്‍ ചരിക്കുന്ന നേതാവാര്‌ എന്നതാണ്‌. ഇന്ദിരാഗാന്ധി ജീവിച്ചിരിക്കെ അവരെ തള്ളിപ്പറഞ്ഞ്‌ സി.പി.എമ്മിനൊപ്പം പോയ ആന്റണിയോ? ഇന്ദിരാഗാന്ധിയുടെ കുടുംബത്തെ തള്ളിപ്പറഞ്ഞ്‌ സി.പി.എമ്മിനൊപ്പം പാര്‍പ്പാക്കിയ ലീഡറോ? നേതാവിനെ ആപത്തുകാലത്ത്‌ ഉപേക്ഷിച്ചുപോകുന്നതുതന്നെയാണ്‌ കൊടുംപാതകമെന്ന കാര്യത്തില്‍ ലീഡര്‍ക്കും അനുയായികള്‍ക്കും സംശയമൊന്നുമില്ല. ഇന്ദിരയെ ഉപേക്ഷിച്ചുപോയെങ്കിലും പോയ അതേ വേഗത്തില്‍ തിരിച്ചുവന്നവരാണ്‌ ആന്റണിയനുയായികള്‍. തെറ്റുകുറ്റങ്ങളെല്ലാം പൊറുത്ത്‌ ഇന്ദിര അവരെ മാപ്പാക്കിയതുമാണ്‌. ലീഡര്‍ക്കും വൈകാതെ തെറ്റുതിരുത്തി കുടുംബപുരാണത്തില്‍ സ്ഥിരം ഇരിപ്പിടം തേടാവുന്നതേ ഉള്ളൂ. രണ്ടുപേരോടും ഇന്ദിരാഗാന്ധിക്ക്‌ ഒട്ടും അപ്രീതി ഉണ്ടാകാനിടയില്ല. താന്‍ കാട്ടിക്കൊടുത്ത പാതയില്‍ തന്നെയാണ്‌ ഇരുവരും സഞ്ചരിക്കുന്നത്‌ എന്ന്‌ കണ്ട്‌ അവര്‍ ആനന്ദിക്കുന്നുണ്ടാകണം. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതി തീരുമാനിച്ച രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തോല്‍പിച്ചിട്ടുണ്ട്‌ഇന്ദിരാഗാന്ധി. അന്ന്‌മനഃസാക്ഷിക്കുത്ത്‌ തോന്നി പാര്‍ട്ടിക്ക്‌ വോട്ട്‌ ചെയ്തതാണ്‌ ലീഡര്‍. പില്‍ക്കാലത്ത്‌ അത്തരം അസുഖമൊന്നും ലീഡര്‍ക്കുണ്ടായിട്ടില്ല. ആദര്‍ശ്‌ പുരുഷ്‌ ആന്റണിക്ക്‌ അന്നേ മനഃസാക്ഷിക്കുത്തുണ്ടായിട്ടില്ല.ഇന്ദിരാഗാന്ധിക്ക്‌ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തോല്‍പിക്കാനായി. ലീഡര്‍ക്ക്‌ അത്രയൊന്നും സാധിച്ചില്ല. കഷ്ടിച്ച്‌ ഒരു ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിസ്ഥാനാര്‍ഥിയെ വീഴ്ത്താനേ കഴിഞ്ഞുള്ളൂ. എന്തായാലും നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിക്ക്‌ പാരവെക്കുക എന്ന ആദര്‍ശാ ത്മ നിലപാടില്‍ നേതാവിനോട്‌ കിടപിടിക്കും രണ്ട്‌ അസ്സല്‍ അനുയായികളും. ഇവര്‍ ഒരമ്മ പെറ്റ മക്കള്‍. സോദരര്‍ തമ്മില്‍എന്തിന്‌ പോര്‌?

പാലക്കാട്‌ മുനിസിപ്പാലിറ്റിയില്‍ ചെയര്‍മാനാകാന്‍ ബി.ജെ.പി.യുടെ വോട്ടിന്‌ കേണപേക്ഷിച്ചുകൊണ്ട്‌ സി.പി.എം. പണ്ട്‌ നല്‍കിയ കത്ത്‌ ബി.ജെ.പി. പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഇത്തരം ചെറിയ കൊടുക്കല്‍ വാങ്ങലുകള്‍ക്ക്‌ രേഖാമൂലം അപേക്ഷ വാങ്ങുകയും അത്‌ പതിനഞ്ചുകൊല്ലത്തിലേറെ പാര്‍ട്ടി ഓഫീസിന്റെ മൂലയിലെവിടെയോ
എംബാം ചെയ്ത്‌ സൂക്ഷിക്കുകയും ചെയ്യുന്ന ബി. ജെ. പി. സമ്പ്രദായം തികഞ്ഞ ഫാസിസ്റ്റ്‌ സമ്പ്രദായം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. 1991 മുതല്‍ 1996വരെ ബി. ജെ. പി. പിന്തുണയോടെയാണ്‌ സി.പി.എം. ചെയര്‍മാന്‍സ്ഥാനം വഹിച്ചത്‌ എന്നറിയാന്‍ രേഖയും കടലാസും ഒപ്പും ഒന്നും വേണ്ട. അന്ന്‌ അതിന്റെ വിലയും ക്യാഷായി കൊടുത്ത്‌ ഇടപാട്‌ തീര്‍ത്തിരിക്കും. 15 കൊല്ലം കഴിഞ്ഞ്‌ പുറത്തെടുക്കാന്‍ വേണ്ടി ഇതിന്റെ രേഖയും മറ്റും സൂക്ഷിച്ചുവെക്കുകയെന്നത്‌ കടുത്ത മര്യാദകേടാണ്‌.

സര്‍ക്കാരില്‍ ഫയലുകളും രേഖകളും സൂക്ഷിച്ചുവെക്കുന്നതിന്‌ കാലപരിധിയുണ്ട്‌. എല്‍.ഡീസ്‌, കെ.ഡീസ്‌ എന്നും മറ്റും ചാപ്പ കുത്തി വേര്‍തിരിച്ചാണ്‌ സൂക്ഷിക്കുക. ഓരോന്നും ഡിസ്പോസ്‌ ചെയ്യാന്‍ കാലപരിധി നിശ്ചയിച്ചിട്ടുണ്ട്‌. ബി.ജെ.പി.യും ഈ രീതി പിന്തുടരണം. ഒരു മുനിസിപ്പാലിറ്റിയില്‍ പിന്താങ്ങുന്നതിന്‌ രേഖാമൂലം അപേക്ഷ വാങ്ങി പതിനഞ്ചുകൊല്ലം സൂക്ഷിച്ചവര്‍ ഒരു പാര്‍ലമെന്റ്‌ സീറ്റില്‍ നീക്കുപോക്കിനുള്ള അപേക്ഷ എത്ര നൂറ്റാണ്ട്‌ സൂക്ഷിക്കണം? വോട്ട്‌ മറിച്ച്‌ യു.ഡി.എഫിനെ ജയിപ്പിക്കാന്‍ ഇങ്ങിനെ അപേക്ഷയാണോ വാങ്ങാറുള്ളത്‌? അതോ സ്റ്റാമ്പ്‌ പേപ്പറില്‍ കരാര്‍ ഒപ്പുവെച്ച്‌ കൊടുക്കാറുണ്ടോ? അതിന്റെ വില വാങ്ങുന്നത്‌ രസീതില്‍ ഒപ്പുവെച്ച്‌ കൊടുത്തിട്ടാണോ? ഈ വിവരങ്ങളും വെളിപ്പെടുത്താന്‍ പുതിയ വിവരാവകാശ നിയമത്തില്‍ വ്യവസ്ഥ ചേര്‍ക്കേണ്ടതായിരുന്നു. സി.പി.എം. വോട്ട്‌ അപേക്ഷിച്ച്‌ നല്‍കിയത്‌ എന്നു പറയുന്ന കത്തിന്റെ ഫോട്ടോസ്റ്റാറ്റ്‌ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. തന്റെ കൈയക്ഷരവും ഒപ്പും വ്യാജമായി നിര്‍മിച്ചതാണ്‌ എന്ന്‌ സി.പി.എം. നേതാവ്‌ എം.എസ്‌. ഗോപാലകൃഷ്ണന്റെ പ്രസ്താവന മുഖവിലക്കെടുക്കേണ്ടതുണ്ട്‌. ബി.ജെ.പി.യുടെ ബൌദ്ധിക നിലവാരംവെച്ചു നോക്കുമ്പോള്‍ ഇതില്‍ അസ്വാഭാവികമായിട്ടൊന്നുമില്ല. എന്തായാലും വ്യാജക്കത്തുണ്ടാക്കുന്നു, എങ്കില്‍ വി.എസ്‌. അച്യുതാനന്ദന്റെയോ പിണറായി വിജയന്റേയോ പേരില്‍ ആകാമായിരുന്നില്ലേ അത്‌? എന്തുചെയ്യാം, അത്രയൊന്നും ചിന്തിക്കാന്‍ ബി.ജെ.പി. വളര്‍ന്നിട്ടില്ല. നമ്മളാണെങ്കില്‍ കാണിച്ചുകൊടുക്കാമായിരുന്നു.

രാജീവ്ഗാന്ധിയെ പറപറപ്പിച്ച ബോഫോഴ്‌സ്‌ അപവാദംപോലൊരു ഒന്നാംകിട കോഴക്കേസ്‌ വീണുകി ട്ടി എന്ന മട്ടില്‍ ആഹ്ലാദിച്ചു നടപ്പാണ്‌ ബി.ജെ.പി.ക്കാര്‍. സദ്ദാംഹുസൈന്റെ പക്കല്‍നിന്ന്എണ്ണ വാങ്ങി മറിച്ചുവില്‍ക്കാന്‍ കിട്ടിയ ചാന്‍സ്‌ കോഫി അന്നന്റെ പുത്രന്‍ മുതല്‍ നട്‌വറിന്റെ പുത്രന്‍ വരെ ഉപയോഗപ്പെടുത്തിയെന്ന യു.എസ്‌. ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്‌ ബോഫോഴ്‌സ്‌ കോഴക്കേസിനോളം ബലം ഉണ്ടാക്കിയെടുക്കാന്‍ മുന്തിയ ലേഹ്യവും തൈലവും കുറച്ചേറെ വേണ്ടിവരും. ശ്രമിച്ചുനോക്കാമല്ലോ. പത്തറുനൂറ്‌ പേജ്‌ വരും വോള്‍ക്കറുടെ റിപ്പോര്‍ട്ട്‌. നിയമ-ധാര്‍മിക പ്രശ്നങ്ങള്‍ വളരെയേറെയുണ്ട്‌ ഈ വിവാദത്തില്‍. നട്‌വര്‍സിങ്ങിന്റെ പാര്‍ട്ടിക്കുപോലും കൃത്യമായ നിലപാടിലെത്താന്‍ കഴിഞ്ഞിട്ടില്ല. എങ്കിലെന്ത്‌? ഇടതുപക്ഷ പാര്‍ട്ടികള്‍ കൃത്യവും വ്യക്തവുമായ നിലപാടില്‍ എത്തിയിട്ടുണ്ട്‌. നട്‌വര്‍സിങ്ങ്‌ സദ്ദാം ഹുസൈനില്‍നിന്ന്‌ പണം പറ്റിയോ ഇല്ലയോ എന്നതിന്‌ തെളിവ്‌ തേടി സമയം മെനക്കെടുത്തുന്നവര്‍ക്കേ ഇക്കാര്യത്തില്‍ ധര്‍മസങ്കടം ഉണ്ടാവുകയുു‍ള്ളൂ. പണം വാങ്ങി എന്നുതന്നെ കരുതുക. ഇത്‌ തോക്കോ ശവപ്പെട്ടിയോ വാങ്ങിയതിനുള്ള കമ്മീഷനല്ല. നട്‌വര്‍സിങ്ങ്‌ പണം വാങ്ങിയ കാലത്ത്‌ കേന്ദ്ര മന്ത്രിയുമല്ല. അമേരിക്കയ്ക്ക്‌ എതിരെനിന്ന സദ്ദാമിന്റെ പണമാണത്‌. പിന്നെന്തു പ്രശ്നം?

ഇത്‌ സാമ്രാജ്യത്വ അധിനിവേശ പ്രശ്നമാണ്‌. അമേരിക്കയില്‍നിന്ന്‌ വാങ്ങുന്ന കാശിനേ അയിത്തമുള്ളു. അമേരിക്കയെ ശരിപ്പെടുത്താന്‍ കെ.ജി.ബി.യില്‍ നിന്നായാലും സദ്ദാമില്‍നിന്നായാലും അല്‍ഖ്വെയ്ദയില്‍നിന്നായാലും പണം പറ്റാം. അത്‌ വാങ്ങിയതിന്റെ പേരിലൊക്കെ രാജിവെക്കാന്‍ തുടങ്ങിയാല്‍ മന്ത്രിയാകാന്‍ ആളെ കിട്ടുകയില്ല. അതുകൊണ്ട്‌ കോണ്‍ഗ്രസ്സുകാരേ, ആശയക്കുഴപ്പമൊന്നും വേണ്ട. നട്‌വറിന്റെ പിന്നില്‍ ഉറച്ചുനില്‍ക്കുക! സാമ്രാജ്യത്വ-ഫാസിസ്റ്റ്‌ ശക്തികള്‍ക്കെതിരെ അണിനിരക്കുക!ഇന്‍ക്വിലാബ്‌ സിന്ദാബാദ്‌.

Leave a Reply

Your email address will not be published. Required fields are marked *

Go Top