വോട്ടുകണക്ക്‌ മായാജാലങ്ങള്‍

ഇന്ദ്രൻ

നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ ആണ്‌ തിരഞ്ഞെടുപ്പെങ്കില്‍ വോട്ടുകണക്കിന്റെ വ്യാഖ്യാനങ്ങളും അവകാശവാദങ്ങളും ഏതാനും ദിവസംകൊണ്ട്‌ അവസാനിക്കാറുണ്ട്‌. നൂറ്റിനാല്‍പതോ ഇരുപതോ മണ്ഡലത്തിലെ കണക്കു പറഞ്ഞാല്‍ മതിയല്ലോ. പഞ്ചായത്തിലെ സ്ഥിതി അതല്ല. ജയിച്ചവരുടെ എണ്ണംതന്നെ പത്തുപതിനെട്ടായിരം വരും. വോട്ടെണ്ണിത്തീര്‍ക്കാന്‍ ദിവസങ്ങളെടുത്തു. സംസ്ഥാനം മുഴുവനുമുള്ള വോട്ട്‌ മുന്നണിയടിസ്ഥാനത്തില്‍ കണക്കാക്കാന്‍ ആഴ്ചകളെടുക്കും. വ്യാഖ്യാനത്തിനും വാദത്തിനും ഇത്ര സമൃദ്ധമായി അവസരം കിട്ടുന്ന തിരഞ്ഞെടുപ്പ്‌ വേറെയില്ല. അതുകൊണ്ട്‌ വോട്ടെണ്ണിത്തീരുന്നതിനു മുമ്പ്‌ തുടങ്ങിയതാണ്‌ മാധ്യമങ്ങളില്‍ വോട്ട്‌ കണക്കപ്പിള്ളമാരുടെ അഴിഞ്ഞാട്ടം.ഇപ്പോഴും അടങ്ങിയിട്ടില്ല.

തോറ്റു തുന്നംപാടിയതുകൊണ്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒളിച്ചുപാര്‍ക്കുകയാണെന്നായിരുന്നു തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെ ധാരണ. അദ്ദേഹം വോട്ടുകണക്ക്‌ പഠിക്കാന്‍ പോയതായിരുന്നു എന്നു പിറ്റേന്നു മനസ്സിലായി. യു.ഡി.എഫിന്‌ സീറ്റ്‌ എത്ര കിട്ടി എന്നൊന്നും അറിഞ്ഞിരുന്നില്ലെങ്കിലും ഒരു കാര്യം അദ്ദേഹത്തിന്‌ ഉറപ്പുണ്ടായിരുന്നു. യു.ഡി.എഫിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്‌. ആന്റണി മുഖ്യമന്ത്രിയായ കാലത്ത്‌ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ മെച്ചമാണ്‌ താന്‍ മുഖ്യമന്ത്രിയായശേഷം നടന്ന തിരഞ്ഞെടുപ്പ്‌ എന്നു വ്യംഗ്യം. ചെന്നിത്തലയ്ക്കാണോ പിന്നെ സംശയം? തെന്നല പ്രസിഡന്റായ കാലത്തേതിനേക്കാള്‍ ബഹുകേമമാണ്‌ ചെന്നിത്തല പ്രസിഡന്റായശേഷമുള്ള അവസ്ഥ എന്നു വ്യക്തം. മുസ്‌ലിം ലീഗിന്റെ നില മെച്ചപ്പെട്ടു, കേരള കോണ്‍ഗ്രസ്‌ മാണിയുടെ നിലയും മെച്ചപ്പെട്ടു. എല്ലാം മെച്ചപ്പെട്ടു. വി.ഐ.പി.കള്‍ അത്യാസന്ന നിലയില്‍ കിടക്കുമ്പോള്‍ ഔദ്യോഗികമായി പുറത്തിറങ്ങാറുള്ള മെഡിക്കല്‍ ബുള്ളറ്റിനുകളിലാണ്‌ സമാനമായ അറിയിപ്പുണ്ടാകാറുള്ളത്‌. ‘ആരോഗ്യനില മെച്ചപ്പെട്ടു’ എന്ന്‌ ദിവസവും അറിയിപ്പുണ്ടാകും. പിന്നെ പൊടുന്നനെ കേള്‍ക്കുക, ആള്‍ അന്തരിച്ചു എന്നാണ്‌.ഇവിടെ അന്തരിച്ചശേഷമാണ്‌ അവകാശവാദമെന്ന വ്യത്യാസമേയുള്ളൂ.

വോട്ടിങ്‌ ശതമാനം കുറഞ്ഞിട്ടും പാര്‍ട്ടി രണ്ടായി പിളര്‍ന്നിട്ടും താന്‍ ഒരു വര്‍ഷം ഭരിച്ചിട്ടും യു.ഡി.എഫിന്റെ വോട്ട്‌ പതിനൊന്നു ലക്ഷംകൂടി എന്ന ഞെട്ടിക്കുന്ന വിവരമാണ്‌ രണ്ടാമതൊരു പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയത്‌. സി.പി.എമ്മിന്‌ ആകെ കിട്ടിയതിലേറെ വോട്ട്‌ കോണ്‍ഗ്രസ്സിന്‌ തനിച്ചുകിട്ടിയെന്ന ബോധംകെടുത്തുന്ന കണക്കും അദ്ദേഹം എടുത്തുപുറത്തിട്ടു. തിരഞ്ഞെടുപ്പില്‍ അങ്ങിങ്ങുമാത്രം ജയിച്ചപ്പോഴത്തെ അവസ്ഥ ഇതാണെങ്കില്‍ പരക്കെ ജയിച്ചിരുന്നെങ്കില്‍ സംഭവമെത്ര ഭീകരമാവുമായിരുന്നു എന്ന്‌ ആലോചിച്ച്‌ വോട്ടര്‍മാര്‍ അന്തംവിട്ടിട്ടുണ്ടാവും.

ഒരേ കണക്കുപയോഗിച്ച്‌ പല വിദഗ്ദ്ധന്മാര്‍ക്ക്‌ പല നിഗമനങ്ങളിലെത്താവുന്ന ശാസ്ത്രമാണ്‌ ‘സ്റ്റാറ്റിസ്റ്റിക്സ്‌’ എന്നു കേട്ടിട്ടുണ്ട്‌. മത്സരിച്ച കക്ഷികള്‍ക്കെല്ലാം വിജയം അവകാശപ്പെടാന്‍ വകുപ്പുള്ളതാണ്‌ വോട്ടുകണക്കുകള്‍ എന്നും അറിയേണ്ടതുണ്ട്‌. ചില ഫാഷന്‍കാരികളുടെ വസ്ത്രംപോലെയത്രെ ഈ കണക്കുകള്‍. നിര്‍ണായകവസ്തുതകള്‍ ഒളിച്ചുവെക്കുകയാണോ തുറന്നുകാട്ടുകയാണോ വേണ്ടത്‌ എന്ന്‌ വസ്ത്രം ധരിക്കുന്നവരും കണക്ക്‌ ഉപയോഗിക്കുന്നവരും സ്വയം തീരുമാനിക്കേണ്ടതുണ്ട്‌. മുഖ്യമന്ത്രിയുടെ വോട്ടുകണക്കും ഇതുപോലെതന്നെയാണ്‌. കോണ്‍ഗ്രസ്സിനാണ്‌ സി.പി.എമ്മിനേക്കാള്‍ വോട്ടെന്ന അവകാശവാദം കേട്ടില്ലേ? കേരളത്തിലെവിടെയാണ്‌ കോണ്‍ഗ്രസ്‌ തനിച്ചുമത്സരിച്ചിട്ടുള്ളത്‌. എവിടെയാണ്‌ സി.പി.എം. തനിച്ച്‌മത്സരിച്ചിട്ടുള്ളത്‌? എവിടെയുമില്ല. പിന്നെയെങ്ങനെയാണ്‌ കോണ്‍ഗ്രസ്സിന്‌ സി.പി.എമ്മിനേക്കാള്‍ വോട്ടുകിട്ടിയെന്ന്‌ മനസ്സിലായത്‌? കഥയില്‍ചോദ്യം പാടില്ല. കോണ്‍ഗ്രസ്‌ മത്സരിച്ചേടത്തെല്ലാം യു.ഡി.എഫ്‌. വോട്ടുമുഴുവന്‍ പെട്ടിയില്‍ വീണിട്ടുണ്ട്‌. സി.പി.എം. മത്സരിച്ചേടത്ത്‌ എല്‍.ഡി.എഫ്‌. വോട്ടും. ഡി.ഐ.സി.വോട്ടുകള്‍ വേറെയും കിട്ടി.

ഓരോ പാര്‍ട്ടിക്കും എത്രശതമാനം വോട്ട്‌ ഉണ്ട്‌ എന്നറിയാന്‍ ജ്യോത്സ്യരെ കാണുകയേ നിവൃത്തിയുള്ളൂ. ഇലക്ഷന്‍ കമ്മീഷന്റെ കയ്യില്‍ കക്ഷിവോട്ടുകള്‍ വേര്‍തിരിച്ച്‌ എണ്ണുന്ന ഇലക്ട്രോണിക്സ്‌ യന്ത്രമൊന്നുമില്ല. അതുകൊണ്ട്‌ തന്നെ ആര്‍ക്കും എന്തും അവകാശപ്പെടാം. ഇലക്ഷന്‍ കമ്മീഷന്‍ നിഷേധിച്ചേക്കുമെന്ന ഭയമൊന്നും വേണ്ട.

തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ തൂത്തുവാരി എന്ന്‌ പത്രമായപത്രമെല്ലാം എഴുതിയിട്ടും കാര്യമില്ല. പിടിച്ചുനില്‍ക്കണമെങ്കില്‍ കണക്കുപറയണമെന്നതാണ്‌ അവസ്ഥ. മുഖ്യമന്ത്രിയുടെയും ചെന്നിത്തലയുടെയും ശ്രീധരന്‍പിള്ളയുടെയും കണക്കുകള്‍ കേട്ടാല്‍ ഇടതുമുന്നണിയാണോ തോറ്റതെന്ന്‌ പിണറായി വിജയനുപോലും സംശയം തോന്നിപ്പോകും. പക്ഷേ, അതിലത്ര വേവലാതിയൊന്നും അവര്‍ക്കുണ്ടാവില്ല. കഴിഞ്ഞനിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറുസീറ്റില്‍ യു.ഡി.എഫ്‌. ജയിച്ചപ്പോഴും തങ്ങളുടെ ജനപിന്തുണ കുറഞ്ഞിട്ടൊന്നുമില്ലെന്ന്‌ വാദിച്ച്‌ തെളിയിച്ച പാര്‍ട്ടിയാണ്‌ സി.പി.എം. എ.കെ. ആന്റണി മുഖ്യമന്ത്രിയായശേഷം തിരൂരങ്ങാടിയില്‍ മത്സരിച്ചു ജയിച്ചപ്പോള്‍, ആന്റണിക്ക്‌ അനുകൂലമായി വീണതിലേറെ വോട്ട്‌ എതിരായി വീണതുകൊണ്ട്‌ യഥാര്‍ഥത്തില്‍ ആന്റണി തോല്‍ക്കുകയാണുണ്ടായതെന്നും സി.പി.എം. തെളിയിക്കുകയുണ്ടായി. പിന്നെയല്ലെ പഞ്ചായത്ത്‌ കണക്ക്‌.

സ്കൂള്‍ പരീക്ഷയിലൊരു ചോദ്യത്തിന്‌ ഉത്തരം ആയാണ്‌ ഈ കണക്കുകള്‍ എഴുതിയിരുന്നതെങ്കില്‍ നേതാക്കള്‍ക്കെല്ലാം മാര്‍ക്ക്‌ വട്ടപ്പൂജ്യമാകുമായിരുന്നു. രാഷ്ട്രീയത്തിലാവുമ്പോള്‍ ഒരുകണക്കും ശരിയാവണമെന്നില്ല. ഏറ്റവും തെറ്റായകണക്ക്‌ പറഞ്ഞ്‌ ഏറ്റവും കൂടുതലാളുകളെ വിശ്വസിപ്പിക്കുന്നവര്‍ക്കാണ്‌ ഒന്നാം റാങ്ക്‌കിട്ടുക. തങ്ങള്‍ക്കാണ്‌ ഒന്നാംറാങ്കെന്ന്‌ എല്ലാവര്‍ക്കും അഭിമാനിക്കുകയും ചെയ്യാം.

ഡി.ഐ.സി.യുമായി എല്‍.ഡി.എഫ്‌. ഉണ്ടാക്കിയ ബന്ധത്തിനു സ്വീകാര്യത ലഭിച്ചതായി വോട്ടിങ്‌ കണക്കുകള്‍ കാണിക്കുന്നുവെന്ന്‌ സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ റവ്യൂ റിപ്പോര്‍ട്ടിലുണ്ട്‌. തിരഞ്ഞെടുപ്പില്‍ നീക്കുപോക്കിനു തീരുമാനമെടുത്തത്‌ എല്ലാ ഘടകങ്ങളിലും ചര്‍ച്ച ചെയ്തശേഷമാണ.്‌ ഇതു കാരണം ഡി.ഐ.സി.യുമായി “വിപുലമായ യോജിപ്പോടെ നീക്കുപോക്കുണ്ടായി” എന്നാണ്‌ പാര്‍ട്ടിരേഖ പറയുന്നത്‌. അച്യുതാനന്ദന്‍ സഖാവ്‌ കേള്‍ക്കുന്നുണ്ടോ…..

കണക്കും വ്യാഖ്യാനവും നേതാക്കള്‍ക്കേ പാടുള്ളൂ എന്നില്ലല്ലോ. ഇതാ ചില കണക്കുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‌ കിട്ടിയത്‌ 46.23 ശതമാനം വോട്ട്‌. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഡി.ഐ.സി.യുമായി ചേര്‍ന്നിട്ടു കിട്ടിയത്‌ 46.71 ശതമാനം. ഇത്തവണത്തെ ലാഭം 0.48 ശതമാനം. എല്‍.ഡി.എഫ്‌. പഴയ നിലയില്‍നിന്നാല്‍ കിട്ടുന്ന നിയമസഭാ സീറ്റ്‌ 110, ഡി.ഐ.സി. കൂടി കൂട്ടിയാല്‍ കിട്ടുക 115. 0.48 ശതമാനം വോട്ടും അഞ്ചു സീറ്റും കിട്ടാന്‍ ഇത്രയും വലിയ പൊല്ലാപ്പ്‌ പേറേണ്ടിയിരുന്നോ എന്നു ചില സഖാക്കള്‍ ചോദിക്കുന്നുണ്ട്‌. ക്ഷമിച്ചേക്കുക-മാത്തമാറ്റിക്സില്‍ വലിയ പിടിപാടില്ലാത്ത സഖാക്കളാവും.

ഇന്ദിരാ കോണ്‍ഗ്രസ്സിനു 3.3 ശതമാനം വോട്ടേ കിട്ടിയുള്ളൂ എന്ന്‌ ഉമ്മന്‍ചാണ്ടിയും 4.45 ശതമാനം കിട്ടിയെന്ന്‌ വേറെ ചില കേന്ദ്രങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. സ്ഥിതിവിവരക്കണക്കുമാത്രം വെച്ചു നോക്കിയാല്‍ കെ. കരുണാകരന്റെ പാര്‍ട്ടിയേക്കാള്‍ വലുതാണ്‌ ജോസഫ്‌ പാര്‍ട്ടിയില്‍ വിലയം പ്രാപിച്ച പി.സി. തോമസിന്റെ പാര്‍ട്ടി എന്നു വേണമെങ്കില്‍ പറയാവുന്നതാണ്‌. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 12.12 ശതമാനം വോട്ട്‌ കിട്ടിയ എന്‍.ഡി.എ.യ്ക്ക്‌ ഇത്തവണ കിട്ടിയത്‌ 6.33 ശമാനം. ഇതിനിടയില്‍ മുന്നണി വിട്ടത്‌ തോമസ്‌ മാത്രമല്ലേ? അപ്പോള്‍ അത്രയും വോട്ടു കൊണ്ടുപോയത്‌ പി.സി. തോമസ്സാവണം. എന്തു ചെയ്യാം, മേറ്റ്ല്ലാറ്റിലും വിദഗ്‌ധനാണെങ്കിലും തോമസിന്‌ ഗണിതശാസ്ത്രത്തില്‍ വൈദഗ്‌ധ്യം പോരാ. അതുകൊണ്ട്‌ അദ്ദേഹം ഒരു അവകാശവാദവും ഉന്നയിച്ചില്ല. അയ്യോ പാവം.

“കള്ളം, പച്ചക്കള്ളം, സ്ഥിതി വിവരക്കണക്ക്‌” എന്നിങ്ങനെ മൂന്നുതരം കള്ളങ്ങളാണുള്ളതെന്ന ഒരു ഉദ്ധരണി ബഞ്ചമിന്‍ ഡിസ്‌റേലിയുടെ പേരിലുണ്ട്‌. കേരളത്തിലെ വോട്ടുകണക്കുകളാണ്‌ അദ്ദേഹം മുന്നില്‍ കണ്ടതെന്ന്‌ കരുതാന്‍ ന്യായമില്ല. ഇവിടെയാരും കള്ളം പറയുന്നില്ല എന്നതാണ്‌ സത്യം. തങ്ങള്‍ക്ക്‌ ആവശ്യമുള്ള സത്യം മാത്രം പറയുന്നതിനെ കള്ളം എന്നു വിശേഷിപ്പിക്കുന്നത്‌ ശരിയല്ലല്ലോ.

തിരഞ്ഞെടുപ്പില്‍ കെട്ടിവെച്ചതു നഷ്ടപ്പെട്ടാലും ജനപിന്തുണ നഷ്ടപ്പെട്ടിട്ടില്ല എന്നുവാദിച്ചുനില്‍ക്കാവുന്ന വിധമാണ്‌ ജനപ്രാതിനിധ്യ നിയമത്തിലൂടെ നമ്മുടെ തിരഞ്ഞെടുപ്പ്‌ രീതികള്‍ രൂപപ്പെടുത്തിയിട്ടുള്ളത്‌. എല്ലാ കക്ഷികളിലും പ്രതീക്ഷ നിലനിര്‍ത്തുന്നത്‌ ജനാധിപത്യക്രമം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നുണ്ടാവാം. ലോകത്തിലെ ഏറ്റവും തടിയുള്ള ഭരണഘടന ഇന്ത്യയില്‍ നിര്‍മിച്ചത്‌, ധാരാളം വക്കീലന്മാര്‍ക്ക്‌ ഉപജീവനമാര്‍ഗം നല്‍കാനാണെന്ന്‌ പറയാറുണ്ട്‌. പല രാജ്യങ്ങളിലും വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചാല്‍ പിന്നെ കള്ളക്കണക്ക്‌ പറഞ്ഞുപിടിച്ചുനില്‍ക്കാന്‍ കഴിയില്ല. ഓരോ പാര്‍ട്ടിക്കും അവര്‍ക്കു കിട്ടുന്ന വോട്ടിന്റെ അനുപാതത്തിലാണ്‌ നിയമനിര്‍മാണസഭയില്‍ സീറ്റ്‌ കിട്ടുക. അങ്ങനെയല്ലാത്തത്‌ നമ്മുടെ ഭാഗ്യം. നേതാക്കളുടെ കണക്ക്‌ ആസ്വദിക്കുന്നതിന്റെ സുഖമൊന്നു വേറെയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

Go Top