നാല്‍പത്‌ ലക്ഷവും ഒരു പത്രസമ്മേളനവും

ഇന്ദ്രൻ

വാജ്‌പേയി ആള്‍ വളരെ ഡീസന്റ്‌ ആണ്‌ എന്നാണ്‌ കമ്മ്യൂണിസ്റ്റുകാര്‍ പോലും പറയാറുള്ളത്‌. അതിലാര്‍ക്കും അഭിപ്രായവ്യത്യാസവുമില്ല. കാക്കി ട്രൗസറും ദണ്ഡുമായി നടക്കുന്നവരുടെ കൂട്ടത്തിലേയ്ക്ക്‌ 15-ാ‍ം വയസ്സില്‍ കയറിച്ചെന്നിട്ടും വാജ്‌പേയി ഇപ്പോഴും വേറിട്ടു നില്‍ക്കുന്നത്‌ ആളല്‍പ്പം ഡീസന്റ്‌ ആയതുകൊണ്ടാവണമല്ലോ. കൂട്ടത്തില്‍ ഭേദപ്പെട്ട ഒരാളാണ്‌ അദ്ദേഹമെന്ന്‌ പണ്ടേ ഉണ്ട്‌ കേള്‍വി. മറ്റൊരു ഗണവുമില്ലെങ്കിലും പോകട്ടെ, പള്ളിപൊളിക്കുന്നിടത്തേയ്ക്ക്‌ പിക്കാസുമായി പോയില്ലെന്ന ഗുണമെങ്കിലുമുണ്ടെല്ലോ.

അത്‌ മാത്രമല്ല, വാജ്‌പേയിക്ക്‌ വേറെയും ഗുണങ്ങളുണ്ട്‌. ഒരു കഥ വേണമെങ്കില്‍ കേട്ടോളൂ. ഭാവി പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ഇപ്പോള്‍ കെട്ടിച്ചമച്ചതൊന്നുമല്ല ഇക്കഥ. ജനതാപാര്‍ട്ടി ഭരണകാലത്തെക്കുറിച്ച്‌ ജനാര്‍ദ്ദനന്‍ റാക്കൂര്‍ എന്ന പത്രപ്രവര്‍ത്തകന്‍ എഴുതിയ ‘ഓള്‍ ജനതാമെന്‍’ എന്ന പുസ്തകത്തിലുള്ളതാണ്‌. പത്രക്കാരന്‍ എഴുതിയ പുസ്തകമായതുകൊണ്ട്‌ വാര്‍ത്തപോലെ തന്നെ സത്യത്തിന്റെ അംശം കുറവായിരിക്കും എന്ന്‌ അഭിപ്രായമുള്ളവരും കണ്ടേക്കും. സംഭവമിതാണ്‌: പ്രധാനമന്ത്രി മൊറാര്‍ജി ഭായിയും വിദേശകാര്യമന്ത്രി വാജ്‌പേയിഭായിയും വിദേശപര്യടനത്തിനിടയില്‍ ഉക്രൈനിലെ കീവിലെത്തുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒരു യോഗത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നു. പതിവ്‌ പ്രഭാഷണം. വെളുക്കും മുമ്പുണരണം, വെളുത്തമുണ്ടുടുക്കണം, സത്യമേ പറയാവൂ, കള്ളം പറയരുത്‌, കള്ളുകുടിക്കരുത്‌ തുടങ്ങിയ മഹദ്വചനങ്ങള്‍. പ്രധാനമന്ത്രിയല്ലേ എന്നു കരുതി വിദ്യാര്‍ഥികള്‍ സഹിച്ചു. പക്ഷേ കള്ളുകുടിക്കരുതെന്ന്‌ പറഞ്ഞതുമാത്രം അവര്‍ക്ക്‌ സഹിച്ചില്ല. പ്രസംഗമെല്ലാം കഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥികളുമായി വാജ്‌പേയി ലോഹ്യം കൂടി. കൂട്ടത്തിലൊരുവന്‍ വിഷയമെടുത്തിട്ടു. ‘ഈ കൊടുംതണുപ്പില്‍ ഒരു തുള്ളികുടിക്കാതിരിക്കുന്നതെങ്ങനാ സാറേ? എന്നോ മറ്റോ വാജ്‌പേയിയോട്‌ ചോദിച്ചു. വാജ്‌പേയി ചുറ്റുംനോക്കി. മൊറാര്‍ജിദേശായി സുരക്ഷിതമായ അകലത്തിലാണെന്ന്‌ ബോധ്യപ്പെട്ടപ്പോള്‍ പറഞ്ഞു-‘പിയോ, പിയോ….(കുടിച്ചോടിനെടോ പൊന്നുമക്കളെ). കുട്ടികള്‍ ജയ്ശ്രീറാം വിളിച്ചു എന്നാണ്‌ റിപ്പോര്‍ട്ട്‌.

ഇത്രയും ഡീസന്റായ വാജ്‌പേയിപോലും ഈയിടെയായി വഷളായിക്കൊണ്ടിരിക്കുകയാണെന്നറിഞ്ഞതില്‍ ഈയുള്ളവന്‌ അതിയായ സങ്കടമുണ്ട്‌. എങ്കിലും ഒട്ടും അത്ഭുതമില്ല. പ്രധാനമന്ത്രി ആയിക്കഴിഞ്ഞ ശേഷമേ വഷളാകാന്‍ പാടുള്ളൂ എന്ന്‌ ഇവിടെ നിയമമൊന്നുമില്ലല്ലോ. ബി.ജെ.പി. അദ്ദേഹത്തെ ഭാവി പ്രദാനമന്ത്രിയായി പ്രഖ്യാപിച്ച സ്ഥിതിക്ക്‌ വഷളാകാന്‍ മടിക്കേണ്ട കാര്യമില്ല.

കഴിഞ്ഞ ദിവസം ദില്ലിയില്‍ ഒരു പത്രസമ്മേളനത്തില്‍ ഭാവി പ്രധാനമന്ത്രി സാമാന്യം നല്ലൊരു പ്രകടനമാണ്‌ കാഴ്ചവെച്ചത്‌. റാവുവിനേക്കാള്‍ ഒട്ടും മോശമാകരുതല്ലോ. പരമയോഗ്യന്മാരായ രണ്ട്‌ വ്യക്തികളെയും കൂട്ടിയാണ്‌ വാജ്‌പേയി പത്രസമ്മേളനത്തിന്‌ വന്നത്‌. ഒരാള്‍ പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ രാംജത്‌മലാനി. മറ്റേയാള്‍ ബി.ജെ.പി. പാര്‍ലമെന്റ്‌ അംഗം ശൈലേന്ദ്ര മഷാതോ. ശൈലേന്ദ്രമഹാതോ ചെയ്ത അതീവ മഹത്തരമായ ഒരു കൃത്യം മാലോകരെ അറിയിക്കാന്‍ വേണ്ടിയായിരുന്നു പത്രസമ്മേളനം. സംഭവത്തിന്റെ മഹത്വം മഹാതോ മാത്രം പറഞ്ഞാല്‍ മാലോകര്‍ക്ക്‌ ബോധ്യപ്പെട്ടില്ലെങ്കിലോ എന്ന്‌ ഭയന്നാണ്‌ ഭാവി പ്രധാനമന്ത്രിയും ക്രിമിനല്‍ ‘ലായറും’ ഒപ്പം കൂടിയത്‌. റാവുവിനെതിരായ അവിശ്വാസപ്രമേയം വന്നപ്പോള്‍ എതിര്‍ത്ത്‌ വോട്ട്‌ ചെയ്യാന്‍ 40 ലക്ഷം രൂപ തനിക്ക്‌ കിട്ടിയിരുന്നുവെന്ന്‌ മഹാതോ പ്രഖ്യാപിച്ചു.

വാജ്‌പേയിയാണ്‌ ഈ വിചിത്ര വസ്തുവിനെ പത്രക്കാര്‍ക്ക്‌ പരിചയപ്പെടുത്തിയത്‌. പേര്‌ അദ്ദേഹത്തിന്‌ വലിയ നിശ്ചയമുണ്ടായിരുന്നില്ല. ശിബുസോറന്‍ എന്നാണ്‌ ആദ്യം പറഞ്ഞത്‌. ‘അല്ലല്ല ഞാന്‍ ശൈലേന്ദ്ര മഹാതോ’ ആണ്‌. എന്ന്‌ കക്ഷി തിരുത്തി. എങ്കില്‍ അങ്ങനെതന്നെ എന്ന്‌ വാജ്‌പേയി. കാര്യം പേരിലുമല്ലല്ലോ. 40 ലക്ഷം വാങ്ങിയതല്ലേ? സംഭവം വിവരിച്ചപ്പോള്‍ വിവരദോഷികളായ പത്രക്കാര്‍ക്ക്‌ പല പല സംശയങ്ങള്‍…അതുണ്ടാവുമെന്നറിയാം. അതിനാണെല്ലോ ക്രിമിനര്‍ ലയറെ………ക്ഷമിക്കണം ക്രിമിനല്‍ലോയറെ കൊണ്ടുവന്നത്‌. 40 ലക്ഷം കോഴ വാങ്ങിയെന്ന്‌ സ്വയം വിളിച്ചുപറയാന്‍ തൊലിക്കട്ടിയുള്ള വിദ്വാനെ നേരില്‍ കാണാന്‍ അവസരമുണ്ടാക്കിയതില്‍ പത്രക്കാര്‍ വാജ്‌പേയിയോട്‌ നന്ദിപറഞ്ഞു. ഏതാണ്ട്‌ താഴെ ചേര്‍ത്തത്‌ പ്രകാരമൊരു ചോദ്യോത്തര പംക്തി പത്രസമ്മേളനത്തിലുണ്ടായി.

ചോ: കോഴ കൊടുത്തത്‌ കുറ്റമെങ്കില്‍ വാങ്ങിയതും കുറ്റമല്ലേ?

ജത്‌മലാനി: കൊടുത്തത്‌ മഹാപാതകം. വാങ്ങിയത്‌ ചെറിയൊരു കയ്യബദ്ധം.

ചോ: കൊടുക്കുന്നതിനും വാങ്ങുന്നതിനും ശിക്ഷ തുല്യമല്ലേ?

ഉ: കൊടുത്ത പ്രധാനമന്ത്രിയെ തൂക്കിക്കൊല്ലണം. വാങ്ങിയ ആളെ ബി.ജെ.പിയില്‍ ചേര്‍ക്കണം.

ചോ: കോഴ വാങ്ങുന്നത്‌ അധാര്‍മ്മികമല്ലേ?

വാജ്‌പേയി: വാങ്ങുന്നതുകൊണ്ട്‌ കുഴപ്പമില്ല. വാങ്ങിയ തുക സഹിതം ആള്‍ പിന്നീട്‌ ബി.ജെ.പി.യില്‍ ചേര്‍ന്നാല്‍ മതി.

ചോ: കോഴ വാങ്ങുന്നത്‌ കുറ്റകരമാണെന്ന്‌ എം.പി.ക്ക്‌ അറിയാമായിരുന്നില്ലേ?

ഉ: ഇങ്ങേര്‌ മഹാ പാവമാണ്‌. യാതൊരു വിവരവുമില്ലാത്ത എം.പി.യാണ്‌.

ചോ: വിവരമില്ല എന്നതിന്‌ എന്താണ്‌ തെളിവ്‌?

ഉ: പിന്നീട്‌ ബി.ജെ.പി.യില്‍ ചേര്‍ന്നു എന്നതുതന്നെ.

ചോ: അവിശ്വാസപ്രമേയത്തെ എതിര്‍ക്കാന്‍ 40 ലക്ഷം വാങ്ങിയ നിലയ്ക്ക്‌ ബി.ജെ.പി.യില്‍ ചേരാന്‍ എത്രയാണ്‌ നിലവിലുള്ള റേറ്റ്‌?

(മിണ്ടാട്ടമില്ല)

ചോ: 40 ലക്ഷം പ്രധാനമന്ത്രി തന്നു എന്ന്‌ പത്രസമ്മേളനത്തില്‍ പറയിക്കാന്‍ എത്രയാണ്‌ കോഴ കൊടുത്തത്‌?

(മിണ്ടാട്ടമില്ല)

ചോ: ഈ പത്രസമ്മേളനത്തില്‍ കേസ്‌ വാദിക്കാന്‍ ജത്‌മലാനിക്ക്‌ എത്രയാണ്‌ ഫീസ്‌?

(മിട്ടാണ്ടമില്ല)

തുടര്‍ന്ന്‌ പത്രസമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളും കിട്ടിയ ഉത്തരങ്ങളും അണ്‍പാര്‍ലമെന്ററി ആയേയ്ക്കുമെന്നതുകൊണ്ട്‌ ഇവിടെ എടുത്തുചേര്‍ക്കുന്നില്ല.

ശൈലേന്ദ്ര മഹാതോ ഒരു പാവം ഗിരിവര്‍ഗക്കാരനാണെന്നും കോഴവാങ്ങുന്നത്‌ കുറ്റകരമാണ്‌ എന്ന്‌ അദ്ദേഹത്തിന്‌ അറിയുമായിരുന്നില്ലെന്നും ഭാവി പ്രധാനമന്ത്രി പത്രസമ്മേളനത്തില്‍ പ്രസ്താവിക്കുകയുണ്ടായി. മഹാതോ ഗിരിവര്‍ഗക്കാരനല്ല പിന്നോക്കവര്‍ഗക്കാരനായ ‘കുര്‍മി’ ജാതിയാണ്‌ എന്ന്‌ പത്രലേഖകര്‍ തിരുത്തി. ‘ഓഹോ അങ്ങനെയോ അത്‌ ഞാന്‍ അറിഞ്ഞിരുന്നില്ല’-എന്നായിരുന്നു വാജ്‌പേയിയുടെ പ്രതികരണം. നിയമത്തെക്കുറിച്ചുള്ള അജ്ഞത ശിക്ഷയില്‍ നിന്നൊഴിയാന്‍ മതിയായ കാരണമല്ല എന്നതല്ലേ നിയമമെന്ന്‌ പത്രലേഖകര്‍ ചോദിച്ചപ്പോള്‍ ക്രിമിനല്‍ ലോയറും ‘ഓഹോ അങ്ങനെയോ, അത്‌ ഞാന്‍ അറിഞ്ഞിരുന്നില്ല’ എന്നാണ്‌ മറുപടി പറഞ്ഞത്‌.

പ്രധാനമന്ത്രിയാകാനുള്ള വാജ്‌പേയിയുടെ യോഗ്യതയെക്കുറിച്ചും കേന്ദ്രം ഭരിക്കാനുള്ള ബി.ജെ.പി.യുടെ യോഗ്യതയെക്കുറിച്ചും ഇനിയും ആര്‍ക്കെങ്കിലും സംശയം ബാക്കിയുണ്ടെങ്കില്‍….ഉണ്ടെങ്കില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. അത്തരക്കാര്‍ നന്നാകാന്‍ പോകുന്നില്ല. അത്രതന്നെ.

*** *** ***

മഹാത്മാഗാന്ധിയും നമ്മുടെ എ.കെ. ആന്റണിയെപ്പോലെ ഭയങ്കര ലളിത ജീവിതക്കാരനായിരുന്നു എന്നറിയാമല്ലോ. അദ്ദേഹത്തിന്‌ തേഡ്‌ ക്ലാസ്‌ തീവണ്ടിയില്‍ മാത്രമേ സഞ്ചരിക്കൂ എന്ന്‌ നിര്‍ബന്ധമായിരുന്നു. അങ്ങയെ മഹാത്മാവാക്കി നിലനിര്‍ത്തുക വലിയ പണച്ചെലവുള്ള സംഗതിയാണെന്ന്‌ മുഖത്തുനോക്കി പറഞ്ഞത്‌ സരോജനി നായിഡു ആയിരുന്നുവെന്ന്‌ കേട്ടിട്ടുണ്ട്‌. അത്‌ ശരിയായിരുന്നിരിക്കണം. ലളിതജീവിതം ചില്ലറ ചെലവേറിയ കേസുതന്നെയാണ്‌. വി.എസ്‌. അച്യുതാനന്ദന്‌ അത്‌ മനസ്സിലാകില്ല. എ.കെ. ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ദില്ലിയില്‍ നിന്ന്‌ പ്രത്യേക വിമാനത്തില്‍ പറന്നുവന്നതിന്‌ ചെലവ്‌ 16,69,480 രൂപയായിരുന്നുവെന്ന്‌ ഇപ്പോള്‍ വെളിവായിരിക്കുന്നു. റാവുജിയാണ്‌ ആന്റണിയോട്‌ പ്രത്യേക വിമാനമെടുക്കാന്‍ നിര്‍ബന്ധിച്ചത്‌. തിരക്കിട്ട്‌ എങ്ങോട്ടെങ്കിലും പോകുമ്പോള്‍ സമ്മളൊക്കെ സൈക്കിളെടുക്കുന്നതുപോലൊരു നിസ്സാരകാര്യമാണ്‌ റാവുജിക്ക്‌ പ്രത്യേക വിമാനമെന്ന്‌ പറയുന്നത്‌. സത്യപ്രതിജ്ഞ ഒരുദിവസത്തേയ്ക്ക്‌ മാറ്റിയാല്‍ അതിനിടയില്‍ കേരളം കടലില്‍ താഴ്‌ന്നുപോയേക്കും എന്ന്‌ റാവുജി ന്യായമായും ഭയന്നിരിക്കണം. എന്തായാലും, വിമാനക്കൂലി 16 ലക്ഷം കേരള സര്‍ക്കാര്‍ വഹിക്കേണ്ടിവന്നതിന്റെ പേരില്‍ വി.എസ്‌. വെറുതെ ബഹളം കൂട്ടേണ്ട. ആന്റണിയുടെ ലളിത ജീവിതത്തിന്റെയും ആദര്‍ശ ശുദ്ധിയുടെയും ഗുണഫലം അനുഭവിക്കണമെങ്കില്‍ അതിന്‌ ചെറിയൊരു മുതല്‍മുടക്ക്‌ നടത്താനും കേരളം തയ്യാറാകേണ്ടേ? നല്ലതൊന്നും വെറുതെ കിട്ടില്ലെന്ന്‌ മറക്കേണ്ട.

*** *** ***

പ്രസംഗവും പ്രവൃത്തിയും ഒരുപോലെയാകണം എന്ന്‌ വയലാര്‍ രവി ഉപദേശിച്ചിരുന്നു. ആരെക്കുറിച്ചാണ്‌ വയലാര്‍ജിയുടെ ഉപദേശമെന്ന്‌ വ്യക്തമല്ല. മസ്തിഷ്കജ്വരം തടയാത്തതില്‍ അമര്‍ഷം പ്രകടിപ്പിക്കുന്ന ഒരു പ്രസ്താവനയ്ക്കകത്താണ്‌ ഈ ഉപദേശം പൊതിഞ്ഞുവെച്ചിരുന്നത്‌. ഓരോ കമ്മിറ്റികളില്‍ ഇരുന്ന്‌ ഓരോന്ന്‌ പറയുന്നതുപോലെയല്ല കാര്യങ്ങള്‍. യാഥാര്‍ഥ്യം പരുപരുത്തതാണ്‌ എന്നും വയലാര്‍ജി സിദ്ധാന്തിക്കുന്നു. എത്ര അര്‍ഥഗര്‍ഭം! വയലാര്‍ജി ഈയിടെയായി വളരെ തത്ത്വചിന്താപരമായാണ്‌ കാര്യങ്ങള്‍ കാണുന്നത്‌. കരുണാകര്‍ജിയെപ്പോലെയല്ല, അദ്ദേഹത്തോട്‌ മസ്കിഷ്കജ്വരത്തെക്കുറിച്ചൊന്ന്‌ ചോദിച്ചുനോക്കൂ. മറുപടി ഇങ്ങനെയായിരിക്കും. ‘ഞാനായിരുന്നുവെങ്കില്‍ ഒറ്റ ദിവസംകൊണ്ട്‌ കേരളത്തിലെ എല്ലാ കൊതുകിനേയും കൊല്ലുമായിരുന്നു. എന്നോട്‌ ചോദിച്ചാല്‍ ഞാന്‍ പറഞ്ഞുകൊടുക്കാം എങ്ങനെ കൊല്ലണമെന്ന്‌. ഞാന്‍ ഭരിച്ച കാലത്ത്‌ ഒരൊറ്റയാള്‍ക്ക്‌ മസ്കിഷ്കജ്വരം പോയിട്ട്‌ രാഷ്ട്രീയജ്വരംപോലും ഉണ്ടായിരുന്നില്ല. ഒറ്റക്കൊതുകുണ്ടായിരുന്നോ? വേണമെങ്കില്‍ സുധീരന്‍ വന്ന്‌ ചോദിക്കട്ടെ. ഞാന്‍ പറഞ്ഞുകൊടുക്കാം. ഇപ്പോള്‍ ആര്‍ക്കും എന്റെ ഉപദേശമൊന്നും വേണ്ടല്ലോ….ഞാന്‍ പാവപ്പെട്ടൊരു കേന്ദ്രമന്ത്രിയല്ലേ? ദില്ലിയില്‍ കൊതുകൊന്നുമില്ല….ഞാനവിടെ കഴിഞ്ഞോളാം. നിങ്ങളായി, നിങ്ങളുടെ കൊതുകായി…..

Leave a Reply

Your email address will not be published. Required fields are marked *

Go Top