കോണ്‍ഗ്രസ്സില്‍ നടക്കുന്നതായതുകൊണ്ട് കൃത്യമായി പിളര്‍ന്ന് രണ്ടായാല്‍ തന്നെയേ പാര്‍ട്ടി പിളര്‍ന്നു എന്നുറപ്പിക്കാന്‍ പറ്റൂ. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ഇതാ പിളര്‍ന്നു, ഇതാ പിളര്‍ന്നു എന്ന പ്രതീക്ഷയോടെ ആരൊക്കെ പിറകെ നടന്നതാണ്. പഴങ്കഥയിലെ ആടിന്റെ പിറകെ നടന്നവര്‍ ഇതിനേക്കാള്‍ ഭാഗ്യവാന്മാരായിരുന്നു എന്നുപോലും തോന്നിപ്പോയിട്ടുണ്ട്. എന്തായാലും യു.ഡി.എഫ്. ഭരണം നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന മുഹൂര്‍ത്തത്തിനു മുമ്പെങ്കിലും അതു സാധിച്ചെടുത്തതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അനല്‍പമായ ആഹ്ലാദവും അഭിമാനവും ഉണ്ടായിക്കാണണം.
ഇതൊരു ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടുന്നത് ഉചിതമാണോ എന്ന് സംശയം തോന്നാം. ഒരു ലക്ഷം പേരുടെ നിവേദനം വാങ്ങി, ആയിരം ആടിനെ കൊടുത്തു തുടങ്ങിയവയാണ് സാധാരണ ഭരണ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടാറുള്ളത്. പാര്‍ട്ടി പിളര്‍ത്തി, ലീഡറെ പുറത്താക്കി തുടങ്ങിയവയെങ്ങനെ ഭരണ നേട്ടമാകും എന്ന് സംശയം തോന്നാം. സംശയിക്കേണ്ട. തന്റെ സാന്നിദ്ധ്യംകൊണ്ടുമാത്രം സംഭവിച്ച കാര്യം തന്റെ നേട്ടം തന്നെയായേ ആര്‍ക്കും പരിഗണിക്കാനാവൂ. എ.കെ. ആന്റണിയോ തെന്നലയോ സുധീരനോ വേറെ ആരെങ്കിലുമോ ആയിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ലീഡറെ പുറത്താക്കാന്‍ കഴിയുമായിരുന്നോ? മുപ്പതു വര്‍ഷമായി ആന്റണി പിളര്‍പ്പില്ലാതെ ആടിയ നാടകത്തിന് ആറുമാസംകൊണ്ടാണ് ഉമ്മന്‍ചാണ്ടി പിളര്‍പ്പിലൂടെ അന്ത്യമുണ്ടാക്കിയിരിക്കുന്നത് എന്നും ഒര്‍ക്കണം.
കോണ്‍ഗ്രസ്സില്‍ നിന്ന് ഒരാളെ തള്ളിപ്പുറത്താക്കാനുള്ള പാട് അതിനു ശ്രമിച്ചിട്ടുള്ളവര്‍ക്കേ മനസ്സിലാവൂ. പത്ത് നാല്‍പത് കൊല്ലത്തിനിടയില്‍ ഇതുപോലെ ഒരു ഗ്രൂപ്പിനെ ഒന്നടങ്കം പുറത്തുകളയാന്‍ കേരളത്തില്‍ പി.സി.സി.- ഭരണ നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. 1964ല്‍ കോണ്‍ഗ്രസ്സുകാരുടെ ഒരു സംഘം പുറത്തുപോയി കേരളാ കോണ്‍ഗ്രസ്സുണ്ടാക്കിയതാണ് ഒടുവിലത്തെ പ്രധാനസംഭവം. അതുപോലും ആരും ഉന്തിത്തള്ളി പുറത്താക്കിയതല്ല. പി.ടി.ചാക്കോവിന്റെ അനുയായികള്‍ സ്വയമങ്ങു പോയതാണ്. ആന്റണിയും കൂട്ടരും സി.പി.എമ്മുകാരുടെ കൂടെ പോയത് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടല്ലേ എന്നൊരു സംശയവും ഉയരാം. അതൊരു അഖിലേന്ത്യന്‍ പിളര്‍പ്പായിരുന്നു. ആന്റണിയും കരുണാകരനും രണ്ട് പക്ഷത്തായിപ്പോയെന്നുമാത്രം. ആന്റണിയുടെ അന്നത്തെ സി.പി.എം. പ്രേമത്തിന് അധികം ആയുസ്സുണ്ടായില്ല. മുരളിയുടെയും ലീഡറുടെയും ഇപ്പോഴത്തെ സി.പി.എം.പ്രേമത്തിന് അതിനേക്കാള്‍ ആയുസ്സ് പടച്ചോന്‍ കൊടുക്കട്ടെ.
പിന്നെ പറയാവുന്ന ഒരു പുറന്തള്ളല്‍ പഴയ പരിവര്‍ത്തനവാദിയും പുതിയ സീനിയര്‍ വൈസ് പ്രസിഡന്റുമായ എം.എ. ജോണിന്റേതുമാത്രമാണ്. മഹാഭാഗ്യവാനായിരുന്നു ജോണ്‍. പാര്‍ട്ടിയിലെ വെറും നാലണ മെമ്പറെ ഇത്ര ആഘോഷപൂര്‍വം പുറത്താക്കിയ സംഭവം വേറെ കാണില്ല. വഴിയേ പോകുന്ന ആര്‍ക്കുവേണമെങ്കിലും പ്രാഥമികാംഗത്വമല്ല, ഇഫക്ടീവ് അംഗത്വം തന്നെ പിറകെ പാഞ്ഞുചെന്ന് പോക്കറ്റിലിട്ടുകൊടുക്കുന്ന പാര്‍ട്ടിയായിരുന്നിട്ട് പോലും എം.എ. ജോണിന് ഇഫക്ടീവ് അംഗത്വം നല്‍കുന്നതിനെ സകല നേതാക്കളും എതിര്‍ക്കുകയായിരുന്നു. കൊടുത്ത നാലണയംഗത്വത്തില്‍ നിന്നു വൈകാതെ പുറത്താക്കുകയും ചെയ്തു. കുറെപ്പേര്‍ ഒപ്പം പുറത്തുകടന്ന് ‘ഞങ്ങളെ നയിക്കൂ, ഞങ്ങളെ നയിക്കൂ’ എന്ന് വിലപിച്ചപ്പോള്‍ കുറച്ചുകാലം അവരെ നയിച്ചെന്നേ ഉള്ളൂ. ഇന്ദിരാഗാന്ധിയെ എതിര്‍ത്തതിന്റെ പേരില്‍ കെ. കരുണാകരന്‍ പിടിച്ച് ജയിലിലിട്ട എം.എ. ജോണിന്, ഇന്ദിരാഗാന്ധിയെ ബ്രാക്കറ്റില്‍ പിടിച്ചിട്ട് കരുണാകരന്‍ ഉണ്ടാക്കിയ പാര്‍ട്ടിയുടെ സീനിയര്‍ വൈസ് പ്രസിഡന്റാകാന്‍ കഴിഞ്ഞത് ചില്ലറ നേട്ടമൊന്നുമല്ല. പിന്നെയാരുണ്ട് കോണ്‍ഗ്രസ് വിട്ട് വേറെ പാര്‍ട്ടിയുണ്ടാക്കിയവര്‍? ഒരു പാര്‍ട്ടിയില്‍ തന്നെ നിന്ന് പല പാര്‍ട്ടിപോലെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുള്ളപ്പോള്‍ എന്തിനു വേറെ പാര്‍ട്ടി ഉണ്ടാക്കണം? മുപ്പതുകൊല്ലമായി ഗ്രൂപ്പുയുദ്ധം നയിച്ചിട്ടും അങ്ങനെ തോന്നിയിട്ടില്ലാത്ത ലീഡറെക്കൊണ്ട് ഈ പ്രായത്തില്‍ വേറെ പാര്‍ട്ടി ഉണ്ടാക്കിച്ചത് വലിയ നേട്ടംതന്നെയാണ്.
ലീഡര്‍ തനിച്ച് പുറത്തുകടക്കുന്നത് കണ്ട് സഹതാപം തോന്നിയാവണം, ആര്‍. ബാലകൃഷ്ണന്‍പിള്ളയും ടി.എം. ജേക്കബ്ബും ഒപ്പം പുറത്തുചാടിയത്. മന്ത്രിസ്ഥാനത്തിനുവേണ്ടിയാണെങ്കില്‍പ്പോലും കാത്തുനില്‍പിനില്ലേ ഒരു പരിധിയൊക്കെ. ഇവരെല്ലാം ഇടതുമുന്നണി ലക്ഷ്യം വെച്ച് നീങ്ങിത്തുടങ്ങിയതായുള്ള വാര്‍ത്ത ഇടതുമുന്നണിയില്‍ കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. സുനാമി മുന്നറിയിപ്പ് കിട്ടിയാല്‍ എന്നപോലെ ആളുകള്‍ പരക്കം പായുന്നുണ്ട്. മുന്‍വാതില്‍ അടച്ചുഭദ്രമാക്കിയതുകൊണ്ട് മാത്രം കാര്യമില്ല സഖാക്കളെ. കോണ്‍ഗ്രസ്-എസ്, ജനതാദള്‍, എന്‍.സി.പി., കേരള കോണ്‍ഗ്രസ്-ജെ തുടങ്ങിയവയുടെ പിന്‍വാതിലുകളും എത്രയും പെട്ടെന്ന് അടച്ച് ഭദ്രമാക്കിയില്ലെങ്കില്‍ സുനാമിത്തിരകള്‍ അകത്തെത്തുകതന്നെ ചെയ്യും.
കോണ്‍ഗ്രസ്സില്‍നിന്ന് ഭിന്നിച്ച് വേറെ പാര്‍ട്ടിയുണ്ടാക്കുന്നവര്‍ മനസ്സില്‍ ധ്യാനിക്കേണ്ടത് ഇന്ദിരാഗാന്ധിയെയോ രാജീവ്ഗാന്ധിയെയോ ഒന്നുമല്ല. അവര്‍ കോണ്‍ഗ്രസ് വിട്ടുപോയി കൊച്ചു പ്രാദേശികപാര്‍ട്ടി രൂപവത്‌കരിച്ചവരല്ല. 1969-ല്‍ ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പിളര്‍ത്തിയതുമായി താരതമ്യപ്പെടുത്താവുന്ന ഒരു സാഹചര്യവും ഇന്നു നിലവിലില്ല. മനസ്സില്‍ ധ്യാനിക്കേണ്ടത് കേരള കോണ്‍ഗ്രസ്സിന്റെ സ്ഥാപകന്മാരെയാണ്. സ്വതന്ത്രഭാരതത്തില്‍ കോണ്‍ഗ്രസ് വിട്ടുപോയി നാല്‍പതുവര്‍ഷം കഴിഞ്ഞിട്ടും പേരെങ്കിലും നിലനിര്‍ത്താനായത് കേരളാ കോണ്‍ഗ്രസ്സുകള്‍ക്ക് മാത്രമാണ്.
ചരണ്‍സിങ്ങിന്റെ ബി.കെ. ഡി. മുതല്‍ എത്രയെത്ര പാര്‍ട്ടികള്‍! പ. ബംഗാളില്‍ അജോയ് മുഖര്‍ജിയുടെ ബംഗ്‌ളാകോണ്‍ഗ്രസ്, ഒറീസയില്‍ ഉത്‌കല്‍ കോണ്‍ഗ്രസ്, കര്‍ണാടകയിലെ ക്രാന്തിരംഗ, ജി.കെ. മൂപ്പനാരുടെ ടി.എം.സി., ബന്‍സിലാലിന്റെയും സുഖ്‌റാമിന്റെയും ഹരിയാണ പാര്‍ട്ടികള്‍, ജഗ്ജീവന്റാമും എച്ച്.എന്‍. ബഹുഗുണയും നന്ദിനി സത്‌പതിയും ചേര്‍ന്നുണ്ടാക്കിയ സി.എഫ്.ഡി., എന്‍.ഡി. തിവാരിയുടെ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് പാര്‍ട്ടി, അര്‍ജുന്‍സിങ്ങിന്റെ പാര്‍ട്ടി…. ഈ പട്ടികയില്‍ ഒന്നുപോലും ഇപ്പോള്‍ ബാക്കിയില്ല. ശരത്‌പവാറിന്റെ എന്‍.സി.പി.യും മമതാബാനര്‍ജിയുടെ തൃണമൂല്‍കോണ്‍ഗ്രസ്സും ഉണ്ട് എന്നു വേണമെങ്കില്‍ പറയാം. പവാറിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സിനൊപ്പം തിരിച്ചെത്തിയിട്ട് നാലഞ്ചുവര്‍ഷമായി. ജി.കെ.മൂപ്പനാരുടെ പാര്‍ട്ടിക്ക് സംഭവിച്ചത് പവാറിന്റെ പാര്‍ട്ടിക്കും സംഭവിക്കും. തൃണമൂലിനു രണ്ടുവര്‍ഷത്തിനപ്പുറം ആയുസ്സ് ജാതകവശാല്‍ കാണാനില്ല.
അതുകൊണ്ട് പുതിയ കുഞ്ഞിന് ആയുസ്സ് കൊടുക്കണമേ എന്നു പ്രാര്‍ഥിക്കുമ്പോള്‍ മനസ്സിലുണ്ടാകേണ്ടത് കെ.എം.ജോര്‍ജ്‌മുതലുള്ള പരേതാത്മാക്കളും അല്ലാത്തവരുമായ കേരള കോണ്‍ഗ്രസ് സ്ഥാപകരുടെ പേരുകളാണ്. അവരില്‍ ഒരാളായ ആര്‍.ബാലകൃഷ്ണപ്പിള്ളയെ ലീഡര്‍ ചെന്ന്‌പാദപൂജ ചെയ്താലും അധികമാവില്ല. “തങ്ങളാണ് കേരളത്തില്‍ യഥാര്‍ഥ കോണ്‍ഗ്രസ്സുകാരെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തുംവരെ കൂട്ടായി പ്രവര്‍ത്തിക്കുമെന്ന പ്രതിജ്ഞയെടുത്ത് 40 കൊല്ലം പിന്നിട്ടിട്ടും അവര്‍ക്കത് സാധിക്കാതെ പോയത് കേന്ദ്രത്തിന്റെ കുഴപ്പം കൊണ്ടാവാനേ തരമുള്ളൂ.
വധശിക്ഷ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്‍വെന്‍ഷനുകളും പ്രചാരണങ്ങളും നടക്കുന്നുണ്ട്. ലോലമനസ്കരും അഹിംസാവാദികളുമായ നല്ല മനുഷ്യരുടെ ഉദ്ദേശ്യശുദ്ധി നാം ചോദ്യം ചെയ്യാന്‍ പാടില്ല. വര്‍ഷം മൂവായിരം നിരപരാധികള്‍ ട്രാഫിക് അപകടങ്ങളില്‍ മരിക്കുന്ന കേരളത്തിലിപ്പോഴത്തെ മുഖ്യപ്രശ്നം വധശിക്ഷയാണെന്ന് അവര്‍ക്ക് തോന്നിയാല്‍ കുറ്റപ്പെടുത്താനാവില്ല. ഭിന്നരുചിക്കാരാണല്ലോ മനുഷ്യര്‍.
ഇരുപതുപേര്‍ കേരളത്തിലെ വിവിധ ജയിലുകളില്‍ വധശിക്ഷ വിധിക്കപ്പെട്ടുകഴിയുന്നുണ്ട്. ഇവരെല്ലാം കൊടിയ ക്രൂരന്മാരും അപരാധികളും പുറത്തിറങ്ങിയാല്‍ സമൂഹത്തെ തകര്‍ക്കുന്നവരും ആണെന്നൊന്നും പറയുന്നില്ല. ബാലികയെ മാനഭംഗപ്പെടുത്തിയുള്ള കൊല, രാഷ്ട്രീയക്കൊല തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണവരെല്ലാം. ഇവരെയെല്ലാം നാളെ തൂക്കിക്കൊന്നു കളയും എന്നും ആരും കരുതുന്നില്ല. കഴിഞ്ഞ അമ്പതുകൊല്ലത്തിനിടയില്‍പോലും കേരളത്തില്‍ ആകെ ഇരുപതുപേരെ തൂക്കിക്കൊന്നിട്ടില്ല. രണ്ടേ രണ്ടുദിവസം കൊണ്ട് ഇവിടെ നാം കുറഞ്ഞത് ഇരുപതുപേരെ വണ്ടിയിടിച്ചുകൊല്ലുന്നുണ്ട്. എന്നാലും പ്രാധാന്യം വധശിക്ഷയ്ക്കുതന്നെ. നമ്മള്‍ കൊല്ലുന്നതുപോലെയല്ലല്ലോ ഭരണകൂടം കൊല നടത്തുന്നത്. അത് തടഞ്ഞേ പറ്റൂ.
വധശിക്ഷാ വിരുദ്ധ സമ്മേളനങ്ങളില്‍ സി.പി.എം – ബി.ജെ.പി നേതാക്കളുടെ സാന്നിധ്യം കേരളീയരില്‍ രോമാഞ്ചമുണ്ടാക്കുന്നതാണ്. ഭരണകൂടം തൂക്കിക്കൊല്ലുന്നതിന്റെ നൂറിരട്ടിയെങ്കിലും എതിരാളികളെ വെട്ടിയും കുത്തിയും വധശിക്ഷയ്ക്ക് വിധേയരാക്കുന്ന പാര്‍ട്ടികളുടെ നേതാക്കളാണല്ലോ അവര്‍. മൂന്നു പതിറ്റാണ്ടിനിടയില്‍ കണ്ണൂര്‍ ജില്ലയില്‍മാത്രം സി.പി.എമ്മുകാര്‍ 47 ആര്‍.എസ്.എസ്. – ബി.ജെ.പി.ക്കാരെയും 36 കോണ്‍ഗ്രസ്സുകാരെയും വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. അസ്സലൊരു സാംസ്കാരികസംഘടനയായ ആര്‍.എസ്.എസ്. അമ്പതോളം സി.പി.എമ്മുകാര്‍ക്ക് തികച്ചം സാംസ്കാരികമായാണ് അവിടെ വധശിക്ഷ നല്‍കിയത്. മനുഷ്യന് എപ്പോഴാണ് മാനസാന്തരം ഉണ്ടാവുകയെന്ന് പറയാന്‍ പറ്റില്ലല്ലോ. മാനസാന്തരം വന്ന കാട്ടാളന് വാല്മീകിയാകാം. എങ്കിലെന്തുകൊണ്ട് സി.പി.എം-ആര്‍.എസ്.എസ്സുകാര്‍ക്ക് വധശിക്ഷാവിരുദ്ധ വേദിയില്‍ ഒന്നിച്ചിരുന്നുകൂടാ?