ഗൗഡാജിയുടെ അപഥസഞ്ചാരങ്ങള്‍

ഇന്ദ്രൻ

ദേവഗൗഡാജിക്ക്‌ രാത്രിയില്‍ ഉറക്കം നന്നെ കുറവാണ്‌. രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതി ഓര്‍ത്താല്‍ രാജ്യദ്രോഹികള്‍ക്കുപോലും ഉറക്കം വരില്ല. അപ്പോള്‍ പിന്നെ ദേവഗൗഡാജിയെപ്പോലൊരു രാജ്യസ്നേഹിയുടെ കാര്യം പറയാനുമില്ല. പുലര്‍ച്ചെ മൂന്നുമണിയൊക്കെ ആവുമത്രെ അദ്ദേഹമൊന്നു മയങ്ങാന്‍. രാവിലെ ആറടിക്കും മുമ്പ്‌ ചാടി എഴുന്നേല്‍ക്കുകയും ചെയ്യും.

മൂന്നു മണിക്കൂര്‍ മാത്രം ഉറങ്ങിയാല്‍ അധികനാള്‍ വണ്ടി മുന്നോട്ടുപോകില്ലെന്ന്‌ ഗൗഡാജിക്കും അറിയാം. അതുകൊണ്ട്‌ രാത്രി ഉറങ്ങാത്തതിന്റെ ദോഷം മാറ്റാന്‍ അദ്ദേഹം ഒരു വിദ്യ കണ്ടുപിടിച്ചിട്ടുണ്ട്‌. പകലുറങ്ങുക. പകല്‍ മെത്തയില്‍ കൂര്‍ക്കം വലിച്ചുറങ്ങും എന്നല്ല. പകല്‍ പ്രധാനമന്ത്രിക്ക്‌ ഒരുപാട്‌ ഒഴിവുസമയം കിട്ടും. രാവിലെ തൊട്ട്‌ രാത്രിവരെ എത്രയെത്ര യോഗങ്ങള്‍, അന്താരാഷ്ട്രതലസമ്മേളനങ്ങള്‍, പാര്‍ലമെന്റ്‌ ചര്‍ച്ചകള്‍, ഉദ്യോഗസ്ഥരുടെ ‘ബ്രീഫിങ്ങുകള്‍’…തുടങ്ങി ഒരാവശ്യവുമില്ലാത്ത ആയിരം കാര്യങ്ങള്‍ നടക്കുന്നു. അവയ്ക്കിടയില്‍ സുഖസുന്ദരമായ സുഷുപ്തിക്ക്‌ ഇഷ്ടംപോലെ സമയമുണ്ട്‌.

രാവിലെ തുടങ്ങും ഉദ്യോഗസ്ഥരുടെ ബ്രീഫിങ്‌. ആദ്യം വന്നുകയറുക രഹസ്യാന്വേഷണ വകുപ്പുതലവനാണ്‌. രാജ്യത്ത്‌ നടക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കലാണ്‌ അദ്ദേഹത്തിന്റെ പണി. ‘കാശ്മീരിലെ ദോദയില്‍ ബോംബ്‌ പൊട്ടി പത്തുപേര്‍ മരിച്ചു…എന്നിങ്ങനെ ആമുഖം പറയുമ്പോള്‍തന്നെ ഗൗഡാജി മനസ്സില്‍ വിചാരിക്കും. “അതൊക്കെ രാവിലത്തെ പത്രക്കടലാസില്‍ വായിച്ചു. വേറെ വല്ലതുമുണ്ടെങ്കില്‍ പറ.” തലവന്‍ വിശദീകരണം തുടരുമ്പോള്‍ നിമിഷങ്ങള്‍ക്കകം ഗൗഡാജി നിദ്രാംഗനയെ പുല്‍കും. പത്ത്‌ പതിനഞ്ചുമിനിട്ട്‌ നല്ല സുഖം. രഹസ്യത്തലവന്‍ അപ്പോഴേക്കും സ്ഥലംവിട്ടിരിക്കും.

പിറകെ വരിക വിദേശകാര്യ സെക്രട്ടറിയാവും. അദ്ദേഹം പറഞ്ഞുതുടങ്ങുക സമഗ്ര ആണവ പരീക്ഷണ നിരീക്ഷണ നിരോധന നിയന്ത്രണകരാര്‍ ചര്‍ച്ചയ്ക്കുള്ള കരട്‌ തയ്യാറാക്കുന്നതിനുള്ള ഉപസമിതിയില്‍ ഇന്ത്യ നല്‍കിയ നിര്‍ദേശങ്ങള്‍ക്കുള്ള അമേരിക്കയുടെ പ്രതികരണത്തോട്‌ റഷ്യ വിയോജിച്ചത്‌ സംബന്ധിച്ച…പടച്ചോനെ…ആര്‍ക്കാണ്‌ ഉറക്കം വരാതിരിക്കുക? പിന്നെ ഉച്ചവരെ ഗൗഡാജിയുടെ തലയ്ക്കടിച്ചാല്‍പോലും അറിയില്ല. അത്ര സൗണ്ട്‌ സ്ലീപ്പ്‌ ആയിരിക്കും. സൗണ്ട്‌ പുറത്തുകേള്‍ക്കും. എങ്കിലും കര്‍ണാടകയിലെ ഹസ്സന്‍ ജില്ലയിലെ ഗദ്ദബൊദ്ദ പഞ്ചായത്തിലെ ഡഡ്ഡബ്ബബ്ബ വില്ലേജിലെ ജനതാദള്‍ സെക്രട്ടറി പൊണ്ണയ്യ കാണാന്‍ വരുന്നു എന്നറിയിച്ചാല്‍ ഗൗഡാജി ചാടിയെഴുന്നേല്‍ക്കും. ഉറക്കം പമ്പകടക്കും. അതുവേറെ കാര്യം. മണ്ണിന്റെ മകനായാല്‍ അങ്ങനെയിരിക്കും. ശത്രുവായ ഹെഗ്ഡെയുടെ മീറ്റിങ്ങിന്‌ എത്രപേര്‍ പങ്കെടുത്തു എന്നറിയാന്‍ വിദേശകാര്യ സെക്രട്ടറിയോട്‌ ചോദിച്ചിട്ട്‌ പ്രയോജനമില്ല. അത്‌ പാര്‍ട്ടിക്കാര്‍ക്കേ അറിയൂ. അതിലാണ്‌ കാര്യം.

ഇതിലൊന്നും ആര്‍ക്കും ഒട്ടും വിരോധമില്ല. അന്താരാഷ്ട്ര പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങളില്‍ ഗൗഡാജി ഉറക്കം തൂങ്ങുന്നതിന്റെ ഫോട്ടോകള്‍ പത്രങ്ങളില്‍ വരുന്നതും തെറ്റല്ല. ഗൗഡാജി അധ്യക്ഷവേദിയില്‍ നിവര്‍ന്നിരുന്നുറങ്ങുന്നത്‌ “ലൈവ്‌’ ആയി ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നതിനെക്കുറിച്ച്‌ മന്ത്രി ഇബ്രാഹിം ആലോചിക്കുന്നുണ്ട്‌.

ഇപ്പോള്‍ പ്രശ്നം അതൊന്നുമല്ല. ഗൗഡാജി രാത്രികാലങ്ങളില്‍ ഉറക്കത്തില്‍ എഴുന്നേറ്റ്‌ നടക്കുന്നു! അതാണ്‌ എല്ലാവരുടെയും ഉറക്കം കെടുത്തുന്ന വന്‍ പ്രശ്നം.

എസ്‌.പി.ജി. സംരക്ഷണം പോലും ഇല്ലാതെയാണ്‌ ഗൗഡാജി തലയില്‍ മുണ്ടിട്ട്‌ രാത്രി ഇറങ്ങി നടക്കുന്നതത്രെ. എങ്ങോട്ടാണ്‌ പോകുക എന്ന്‌ ആര്‍ക്കും മുന്‍കൂട്ടി പറയാന്‍ പറ്റില്ല. ചിലപ്പോള്‍ പോകാന്‍ പാടില്ലാത്ത സ്ഥലങ്ങളിലൊക്കെ പോകുന്നു. എന്തൊരു നാണക്കേടാണെന്ന്‌ ഒന്നോര്‍ത്തുനോക്കൂ. കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിന്റെ വീട്ടിലേക്കാണ്‌ പോയത്‌. പ്രധാനമന്ത്രിയല്ല മറ്റുവല്ലവരുമായിരുന്നുവെങ്കില്‍ പോലീസിനെ വിളിപ്പിച്ച്‌ ലോക്കപ്പില്‍ ഇടീക്കാമായിരുന്നു. അസമയത്ത്‌ ചീഫ്‌ ജസ്റ്റിസിനെ സന്ദര്‍ശിക്കുന്നത്‌ കോടതിയലക്ഷ്യമാവുമോ എന്നദ്ദേഹം നിമിഷനേരം കൊണ്ട്‌ പരിശോധിച്ചു. അങ്ങനെയൊരു വകുപ്പ്‌ കാണാനില്ല. വിവാദമായ റാവു കേസ്‌ പിറ്റേ ദിവസം സുപ്രീംകോടതിയില്‍ വരാനിരിക്കെ ഗൗഡാജി പാതിരായ്ക്ക്‌ വന്നുകയറിയാല്‍ അതിനെ കുറിച്ച്‌ കുശുകുശുപ്പുണ്ടാകുമെന്നുറപ്പ്‌. പോരാത്തതിന്‌ ഈയിടെയായി ആര്‍ എവിടെ പോകണം-പോകാന്‍ പാടില്ല, ആരോടൊപ്പമെല്ലാം ചായ കുടിക്കാന്‍ പാടുണ്ട്‌-പാടില്ല, തുടങ്ങിയ കാര്യങ്ങളും തീരുമാനിക്കുന്നത്‌ കോടതിയാണല്ലോ. നരസിംഹറാവുവിന്റെ വീട്ടില്‍പോയി ചായ കുടിച്ചതിന്റെ പേരില്‍ സി.ബി.ഐ. ഡയറക്ടറും ബുദ്ധിജീവിയുമായ ജോഗീന്ദര്‍ സിംഹിനെ കോടതി കുറച്ചൊന്നുമല്ല ശകാരിച്ചത്‌. അങ്ങനെയിരിക്കുമ്പോഴാണ്‌ ഗൗഡാജിയുടെ വരവ്‌. വന്നുകേറിയപാടെ ഗൗഡാജി ഉറക്കപ്പിച്ചോടെ പറഞ്ഞു… യുവറോണര്‍..എനിക്കൊന്നുറങ്ങണം…ചീഫ്‌ ജസ്റ്റിസ്‌ ഉടനെ ഒരു പുല്‍പ്പായ നിവര്‍ത്തിയിട്ടുകൊടുത്തു. പാവം കര്‍ഷകന്‍ അവിടെ രണ്ടു മണിക്കൂര്‍ ഉറങ്ങി. രാവിലെ എഴുന്നേറ്റ്‌ താങ്ക്‌യു പറഞ്ഞുപോയി. ഇത്രയേ ഉണ്ടായിട്ടുള്ളൂ. കേസിന്റെ കാര്യമൊന്നും അവര്‍ സംസാരിച്ചതേ ഇല്ല.

ചീഫ്‌ ജസ്റ്റിസിന്റെ വീട്ടിലേക്ക്‌ മാത്രമാണ്‌ ഈ നിദ്രാസഞ്ചാരം എന്നു വിചാരിക്കേണ്ട. മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ വീട്ടിലേക്ക്‌ ഇടയ്ക്കിടെ ഈ സഞ്ചാരമുണ്ട്‌. അധികാരത്തില്‍ വന്നതിനുശേഷം 24 തവണ ഗൗഡാജി റാവുജിയുടെ വീട്ടിലേക്ക്‌ പോയിട്ടുണ്ടെന്നാണ്‌ രഹസ്യാന്വേഷണ വകുപ്പിന്റെ കണക്ക്‌. നാല്‌ ദിവസത്തില്‍ ഒരിക്കലെങ്കിലും അങ്ങോട്ടുപോയില്ലെങ്കില്‍ ഗൗഡാജിക്ക്‌ അഞ്ചാം ദിവസം ഉറക്കം വരില്ല. ഇങ്ങനെ ഇടയ്ക്കിടെ പോകാനുള്ള ബുദ്ധിമുട്ട്‌ ഒഴിവാക്കാന്‍ റാവുജിയുടെ വീട്ടില്‍ത്തന്നെ സ്ഥിരതാമസമാക്കുന്ന കാര്യം ഗൗഡാജി ആലോചിക്കുന്നുണ്ട്‌. റാവുജി ഇന്നേവരെ ഒരു പ്രാവശ്യം പോലും ഗൗഡാജിയുടെ വീട്ടിലേക്ക്‌ രാത്രിയാവട്ടെ, പകലാവട്ടെ, ഉറക്കത്തിലാവട്ടെ, ഉണര്‍വിലാവട്ടെ, പോയിട്ടില്ല എന്നത്‌ വേറെ കാര്യം.

ഗൗഡാജിയുടെ ഈ പോക്കില്‍ ‘ഇടതുകക്ഷപക്ഷി’കള്‍ക്ക്‌ സോറി, ഇടതുപക്ഷകക്ഷികള്‍ക്ക്‌ അതിയായ ആശങ്കയുണ്ട്‌. ഇങ്ങനെ ബോധവും കഥയും ഇല്ലാതെ നടക്കാന്‍ തുടങ്ങിയാല്‍ എന്താവും സ്ഥിതി? ഇടതുപക്ഷത്തേക്ക്‌ ഒരു ചായ്‌വോ ചെരിവോ ഇല്ലാതെയാണ്‌ ഈ പോക്ക്‌ എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്‌. 24 പ്രാവശ്യം റാവുവിന്റെ വീട്ടില്‍ പോയ ആള്‍ ഒരിക്കലെങ്കിലും സുര്‍ജിത്തിന്റെയോ ഇ.എമ്മിന്റെയോ വീട്ടില്‍ ഗേറ്റിലെങ്കിലും വന്നുവോ? ബാല്‍താക്കറെയുടെ വീട്ടിലും കേസരിയുടെ വീട്ടിലും കരുണാകര്‍ജിയുടെ വീട്ടിലും വരെ പോയ ആളാണെന്ന്‌ ഓര്‍ക്കണം. പാവത്താനെന്ന്‌ സ്വയം പറഞ്ഞുനടന്ന ഈ കര്‍ഷകന്‍ റാവുവിനേക്കാള്‍ ‘വിളഞ്ഞ പുള്ളി’യല്ലേ എന്നൊരു സംശയം ഇല്ലാതില്ല. താന്‍ തന്നെ ജയിലിലാകുമെന്ന്‌ വന്നാല്‍പോലും രാത്രി സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിന്റെ വീട്ടില്‍ ഒളിച്ചുപോകാന്‍ റാവുവിനെ കിട്ടില്ല. റാവുജി ജയിലിലാകാതിരിക്കാന്‍ ഗൗഡാജി തന്നാലാവുന്നതു മുഴുവന്‍ ചെയ്യുന്നുണ്ട്‌. ഇനി വേണ്ടിവന്നാല്‍, മുന്‍ പ്രധാനമന്ത്രിമാര്‍ക്കെതിരെ ഒരു കേസും എടുക്കാന്‍ പാടില്ലെന്ന്‌ നിയമം കൊണ്ടുവരാനും ഗൗഡാജി മടിക്കില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ മന്ത്രിസഭയാണെങ്കില്‍ പോലും ഇത്രയും സഹായം നരസിംഹറാവുവിന്‌ കിട്ടില്ല. വല്ലവിധേനയും അകത്താക്കാനേ കോണ്‍ഗ്രസ്സുകാര്‍ നോക്കൂ.

എപ്പോഴാണ്‌ ഉറങ്ങുന്നത്‌ എപ്പോഴാണ്‌ ഉണരുന്നത്‌ എന്നറിയാത്തതുകൊണ്ട്‌ ഗൗഡാജി എല്ലായ്‌പ്പോഴും രണ്ടും അല്ലാത്ത അവസ്ഥയിലായിരിക്കും. അതുകൊണ്ടു താനിപ്പോള്‍ ഏത്‌ പാര്‍ട്ടിയിലാണെന്ന കാര്യവും മറന്ന മട്ടുണ്ട്‌. ജനതാദള്‍ എന്നാണ്‌ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പേര്‌ എന്ന്‌ ഇടയ്ക്കെങ്കിലും ഓര്‍മിപ്പിക്കാന്‍ പ്രൈവറ്റ്‌ സെക്രട്ടറിയെ ചട്ടം കെട്ടുന്നത്‌ നന്നായിരിക്കും.

*** *** ***

സര്‍വീസ്‌ കാലത്ത്‌ കീഴുദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിപ്പോന്ന ചിലര്‍ പെന്‍ഷന്‍ പറ്റിയ ഉടനെ മുഖ്യമന്ത്രിക്കും മുന്‍ മുഖ്യമന്ത്രിമാര്‍ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നു. ഈയിടെ തുടങ്ങിയതാണ്‌ ഈ രോഗം. പെന്‍ഷന്‍ പറ്റുന്ന ചീഫ്‌ സെക്രട്ടറിയും ഡി.ജി.പി.യുമൊക്കെ മുഖ്യമന്ത്രിമാരുടെ സാങ്കല്‍പിക കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കി പത്രസമ്മേളനത്തില്‍ ഹാജരാക്കുകയാണ്‌ ഇപ്പോള്‍. ആന്റണി സത്യസന്ധന്‍, കരുണാകരന്‍ മിടുമിടുക്കന്‍ എന്നൊരാള്‍. ആന്റണി സത്യസന്ധന്‍, കരുണാകരന്‍ ആനക്കള്ളന്‍ എന്നു വേറൊരാള്‍. ആന്റണി ഫയല്‍ വായിക്കുമായിരുന്നു, നായനാര്‍ക്ക്‌ ഇംഗ്ലീഷ്‌ അറിയാമായിരുന്നു എന്ന്‌ ഇനിയുമൊരാള്‍.

ആര്‍. രാമചന്ദ്രന്‍ നായര്‍, സി.പി. നായര്‍, എന്‍. കൃഷ്ണന്‍ നായര്‍ എന്നീ മൂന്നു നായന്മാരുടെ അടുത്ത കാലത്തെ മഹദ്‌വചനങ്ങള്‍ കേട്ടാല്‍ മൂന്നുപേരും ആന്റണിക്കും കരുണാകരനും മാത്രമല്ല മഹാത്മാഗാന്ധിക്കും നെഹ്‌റുവിനും വരെ സ്വഭാവസര്‍ട്ടിഫിക്കറ്റ്‌ കൊടുക്കാന്‍ യോഗ്യരാണെന്ന്‌ വ്യക്തമാവും. കേരളത്തിലെ ഏറ്റവും ഉന്നതരായ ഉദ്യോഗസ്ഥന്മാര്‍ മാത്രമല്ല ഇവര്‍. മൂന്നു പേരും മഹാസാഹിത്യകാരന്മാര്‍ കൂടിയാണ്‌. വിഴുപ്പലക്കലിന്‌ ഇത്രയും സാഹിത്യഭംഗി ഇതിനുമുമ്പ്‌ ഒരു കാലത്തും ഉണ്ടായിട്ടില്ല. രാഷ്ട്രീയക്കാര്‍ തന്നെയാണ്‌ ദേഭം. പരദൂഷണം, പാരവെപ്പ്‌ തുടങ്ങിയ സുകുമാരകലകളില്‍ ഉദ്യോഗസ്ഥരുടെയും സാഹിത്യകാരന്മാരുടെയും അത്ര വൈദഗ്‌ധ്യം നേടാന്‍ രാഷ്ട്രീയക്കാര്‍ക്ക്‌ കഴിയില്ല. ഉദ്യോഗസ്ഥന്മാര്‍ സാഹിത്യകാരന്മാര്‍ കൂടിയായാലുള്ള കഥ പറയാനുമില്ല. സാഹിത്യത്തിലെ പോലെ പകയും കുശുമ്പും അസൂയയും വേറെ എങ്ങും കാണുകയില്ലെന്ന്‌ ഇ.വി. കൃഷ്ണപിള്ള പറഞ്ഞുവെച്ചത്‌ 60 വര്‍ഷം മുമ്പാണ്‌. അവാര്‍ഡും അക്കാദമിയും ഇല്ലാതിരുന്ന കാലത്തെ സ്ഥിതിയാണിത്‌. സാഹിത്യകാരന്മാര്‍ക്ക്‌ അധികാരം കൂടി കിട്ടിയാലുള്ള അവസ്ഥ പറയണോ?

ഡി.ജി.പി. ആയിരുന്ന എന്‍. കൃഷ്ണന്‍നായര്‍ ആന്റണിയെക്കുറിച്ച്‌ പറഞ്ഞത്‌ ബഹുകേമമായി. ആന്റണി ഇത്‌ പോലീസ്‌ ഡി.ജി.പി.യുടെ നാവില്‍ നിന്നു കേള്‍ക്കേണ്ടതുതന്നെ. “അങ്ങേതിലെ പാറുക്കുട്ടിയുടെ ഭര്‍ത്താവ്‌ എന്ത്‌ ഉശിരുള്ളവനാണെന്നോ, ദിവസവും രാത്രി വന്ന്‌ അവളെ ഇടിച്ച്‌ പഞ്ചറാക്കും. ഇവിടെയൊരു കോന്തന്‍ ഇരിക്കുന്നത്‌ കണ്ടില്ലേ” എന്നൊരു മഹിളാമണി പറഞ്ഞിരുന്നുവത്രെ. ആന്റണിയെപ്പോലെ പോലീസിന്‌ പ്രവര്‍ത്തനസ്വാതന്ത്ര്യം കൊടുത്ത ആഭ്യന്തരമന്ത്രി വേറെയില്ല. പോലീസ്‌ ഭരണത്തില്‍ ഇത്രയും കുറച്ച്‌ ഇടപെട്ട മുഖ്യമന്ത്രിയും വേറെ ഉണ്ടാവില്ല. പോലീസ്‌ സ്റ്റേഷനിലേക്ക്‌ കോണ്‍ഗ്രസ്‌ ഓഫീസില്‍ നിന്ന്‌ ഏറ്റവും കുറച്ച്‌ ഫോണ്‍ നിര്‍ദേശങ്ങള്‍ വന്ന കാലവും ഇതുതന്നെയാവും. അക്കാലത്ത്‌ ഇടനിലക്കാരനില്ലാതെ നേരിട്ടാണ്‌ പോലീസ്‌ കോഴ വാങ്ങിയിരുന്നതും. അതിനുള്ള സര്‍ട്ടിഫിക്കറ്റും ഗുഡ്‌ സര്‍വീസ്‌ എന്‍ട്രിയുമാണ്‌ കൃഷ്ണന്‍ നായര്‍ എ.കെ ആന്റണിക്ക്‌ കൊടുത്തത്‌-നിഷ്ക്രിയന്‍.

Leave a Reply

Your email address will not be published. Required fields are marked *

Go Top