മുഖ്യമന്ത്രി എ.കെ. ആന്റണി സംസ്ഥാനത്തെ 14 കലക്ടറേറ്റുകള്‍ക്കും മുന്നില്‍ പന്തല്‍കെട്ടി ഭരണം അങ്ങോട്ടേയ്ക്ക് മാറ്റുകയാണ്. സെക്രട്ടേറിയറ്റില്‍ കുത്തിയിരുന്ന് ഫയല്‍ നോക്കിയാലൊന്നും ഭരണം നേരെയാവില്ല. അടുത്ത ഘട്ടത്തില്‍ താലൂക്ക് ഓഫീസുകള്‍ക്കും അതുകഴിഞ്ഞ് വില്ലേജാഫീസുകള്‍ക്കും മുന്നില്‍ പന്തലുയരും.
കെ. കരുണാകരന്റെ സ്പീഡ് പരിപാടിയുടെ വികലമായ ഒരു അനുകരണത്തിന് എ.കെ. ആന്റണിയുടെ ‘സ്ലോ’ പരിപാടിയെന്നൊരു തെറ്റിദ്ധാരണ ഐ ഗ്രൂപ്പുകാര്‍ക്കുണ്ട്. അങ്ങനെയൊന്നുന്‍ ധരിക്കേണ്ട. നല്ലകാര്യം ആരുചെയ്താലും ആന്റണി അത് സ്വീകരിക്കും. കലക്ടറേറ്റ് മുറ്റത്ത് പന്തല്‍കെട്ടി ഭരിക്കുന്ന ഭരണംതന്നെയാണ് കേമം. ‘പന്തലുകെട്ടിയ’ ഭരണം പൊടിപൊടിക്കണമെങ്കില്‍ ഉദ്യോഗസ്ഥന്മാരും കൂടിയൊന്ന് സഹകരിക്കണം. ഏതൊക്കെ രീതിയിലാണ് സഹകരിക്കേണ്ടതെന്ന് വിശദീകരിക്കാം.
ജനങ്ങളില്‍ നിന്ന് കിട്ടുന്ന പരാതികള്‍ അപേക്ഷകള്‍ തുടങ്ങിയവയെല്ലാം അപ്പപ്പോള്‍ തന്നെ ഉദ്യോഗസ്ഥന്മാര് ‘ഡിസ്പോസ്’ ചെയ്യുന്ന സമ്പ്രദായം പന്തന്‍കെട്ടി ഭരണവ്യവസ്ഥയ്ക്ക് യോജിച്ചതല്ല. എല്ലാ ഉദ്യോഗസ്ഥരും അവരുടെ ജോലി നേരാംവണ്ണം ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ പന്തലില്‍ ക്യു നില്‍ക്കാന്‍ ആളെ കിട്ടാതാവും. അതൊരിക്കലും പാടില്ല. ഓഫീസിലെ ഫയലുകളില്‍ കഴിയുന്നത്ര ആരും ഒരു തീരുമാനവും എടുക്കരുത്. നീട്ടിവെയ്ക്കാന്‍ കഴിയുന്ന ഏതൊരു കാര്യവും നീട്ടിവെയ്ക്കണം. അതിലാണ് ഉദ്യോഗസ്ഥന്മാര്‍ മിടുക്ക് കാണിക്കേണ്ടത്. സംഗതി നിസ്സാരമായ മണ്ണെണ്ണ പെര്‍മിറ്റ് കൊടുക്കലല്ലേ, അത് ഞാന്‍ തന്നെ ചെയ്തുകളയാം എന്ന് അഹന്ത മൂത്ത ചില സപ്ലൈ ഓഫീസറന്മാര്‍ ചിന്തിച്ചേയ്ക്കാനിടയുണ്ട്. അതനുവദിച്ചുകൂടാ. വളരെ അത്യാവശ്യക്കാരും ‘ചില്വാനം’ മുടക്കാന്‍ തയ്യാറുള്ളവരുമായ അപേക്ഷകര്‍ക്ക് പെര്‍മിറ്റ് അപ്പപ്പോള്‍ അനുവദിക്കാമെങ്കിലും ഒരു നിശ്ചിത ശതമാനം മുഖ്യമന്ത്രിയുടെ ‘സ്പീഡ്’ പരിപാടിയിലേയ്ക്ക് മാറ്റിവെച്ചേ തീരൂ.
വികലാംഗ പെന്‍ഷന്‍, തെങ്ങില്‍ നിന്ന് വീണവര്‍ക്കു്ല ധനസഹായം, വാഴ കാറ്റില്‍ വീണതിനുള്ള നഷ്ടപരിഹാരം എന്നിത്യാദി സഹായങ്ങള്‍ മണിയോര്‍ഡറായി കക്ഷികള്‍ക്ക് അയയ്ക്കുന്ന ദുഷിച്ച ഏര്‍പ്പാടും ഇവിടെയുണ്ട്. ഇത്തരം മഹത്തായ കാര്യങ്ങള്‍ ഇവിടെ ഒരു മുഖ്യമന്ത്രിയുള്ളപ്പോള്‍ പോസ്റ്റുമേന്മാരാണോ നിര്‍വഹിക്കേണ്ടത്? ജനാധിപത്യമാണെന്നു വെച്ച് ഇത്രയും വകതിരിവില്ലായ്മ അനുവദിക്കാന്‍ പറ്റില്ല. വികലാംഗര്‍ക്കുള്ള ധനസഹായത്തിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. രണ്ടുകാലിനും സ്വാധീനമില്ലാതെ കൈകാലുകള്‍ ഊന്നി ഇഴഞ്ഞു നടക്കുന്ന വികലാംഗര്‍ക്കുള്ള ധനസഹായം യാതൊരു കാരണവശാലും വീട്ടില്‍ കൊണ്ടുപോയി കൊടുക്കരുത്. ഇഴഞ്ഞുവന്ന് ബസ് കയറി ജില്ലാ ആസ്ഥാനത്തിറങ്ങി, ഓട്ടോറിക്ഷയോ മറ്റോ പിടിച്ച് കലക്ടറേറ്റില്‍ ചെന്ന്, പന്തലിലൂടെ നീങ്ങി മുഖ്യമന്ത്രിയുടെ മുന്നില്‍ കുനിഞ്ഞുനിന്ന് 50 രൂപ വാങ്ങുന്ന വികലാംഗന്റെ മനസ്സിലെ ആഹ്‌ളാദത്തിന്റെ അലകടല്‍ അറ്റ്‌ലാന്റിക് കടലിനേക്കാള്‍ ഭയങ്കരമായിരിക്കും. മാത്രവുമല്ല, പത്ര ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ആ സീന്‍പോലെ ഇഷ്ടപ്പെടുന്ന മറ്റൊരു സീനില്ല.
ഹൃദയശസ്ത്രക്രിയ, കാന്‍സര്‍ ചികിത്സ തുടങ്ങിയ ഗുരുതരാവസ്ഥയില്‍പ്പെട്ടുഴലുന്ന പാവങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ നിധിയില്‍ നിന്ന് സഹായം കിട്ടും. ഇത്തരം സഹായങ്ങളും നേരിട്ട് കക്ഷികള്‍ക്ക് അയയ്ക്കരുത്. സ്പീഡ് പരിപാടിവരെ കാത്ത് നില്‍ക്കുന്നതുകൊണ്ട് ഒരു കുഴപ്പവും വരാനില്ല. പണം കിട്ടുംമുമ്പ് കക്ഷി മയ്യത്തായിപ്പോകുമെന്നോ? ആയിപ്പൊയ്ക്കോട്ടെ. എങ്കില്‍ മരണാനന്തര ധനസഹായമായി മുഖ്യമന്ത്രിയുടെ കൈയില്‍ നിന്ന് നേരിട്ട് വാങ്ങാമല്ലോ. അതിന്റെ പത്രാസണ്‍ന് വേറെയല്ലേ?
മുഖ്യമന്ത്രിക്ക് എളുപ്പം തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ വേണം ഉദ്യോഗസ്ഥന്മാര്‍ മുന്നില്‍ കൊണ്ടുവരാന്‍. ഫയലില്‍ ‘ആര്‍ഡര്‍’ ഒപ്പിടുന്ന പണി മാത്രമേ ബാക്കിവെയ്ക്കാന്‍ പാടുള്ളൂ. ദൈവംതമ്പുരാന്‍ വിചാരിച്ചാലും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളുമായി വരുന്ന ഒരുത്തനേയും കലക്ടറേറ്റിന്റെ പരിസരത്ത് കടത്തരുതെന്ന് പൊലിസ് സൂപ്രണ്ടിന് കര്‍ശന നിര്‍ദ്ദേശം നല്‍കണം. കോഴിക്കോട്ടോ മറ്റോ ഒരു വിദ്വാന്‍ വന്നിരുന്നു-84ലോ മറ്റോ അപേക്ഷ കൊടുത്തിട്ട് ഇതുവരെ മറുപടി കിട്ടിയില്ലെന്ന പരാതിയുമായി. വട്ടുകേസ്സായിരിക്കണം. സ്ഥിരബുദ്ധിയുള്ള ആരെങ്കിലും പതിനൊന്നുവര്‍ഷം മുമ്പത്തെ കാര്യത്തിന് പിറകെ നടക്കുമോ? മുഖ്യമന്ത്രി ആള്‍ ബുദ്ധിമാനായതുകൊണ്ട് തന്ത്രപൂര്‍വ്വമായ മറുപടി കൊടുത്തു-‘ ഒരു അപേക്ഷ കൂടി അയയ്ക്കിന്‍’-2005-ാമാണ്ടിലെ സ്പീഡ് പരിപാടിയില്‍ അതിനെക്കുറിച്ച് പരാതിപ്പെടാമല്ലോ എന്നാവും മുഖ്യമന്ത്രി ഉദ്ദേശിച്ചത്.
‘സ്പീഡില്‍ വന്ന് എന്തുപ്രശ്നവും ജനത്തിന് പറയാം’ എന്നുവെച്ച് എല്ലാ പ്രശ്നവും തീര്‍ക്കാന്‍ പറ്റുമോ? ഒക്കത്തില്ല. പ്രശ്നം തീര്‍ക്കാന്‍ ഒരു വഴിയും തലയില്‍ ഉദിക്കുന്നില്ലെന്ന് വന്നാല്‍ ഒരു വിളിയുണ്ട്. കലക്ടറേയോ മറ്റേതെങ്കിലും ഉദ്യോഗസ്ഥനേയോ വിളിച്ച് പ്രശ്നം താമസിയാതെ പരിഹരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുക.
ഉദ്യോഗസ്ഥന്റെ അപ്പോഴത്തെ തലയാട്ടല്‍ കണ്ടാല്‍ 24 മണിക്കൂറിനകം പ്രശ്നം തീരുമെന്ന് കക്ഷിക്ക് തോന്നണം. അവിടെയാണ് കഴിവ്. 24 മണിക്കൂര്‍ കഴിഞ്ഞ് കക്ഷിയെ കണ്ടാല്‍ തിരിച്ചറിയാന്‍ പാടല്ല. ഏത് അപേക്ഷ? ഏത് മുഖ്യമന്ത്രി എന്ന് ചോദിക്കണം. പിന്നെ അവന്‍ ആ വഴിക്ക് വരില്ല, അതുറപ്പ്.
എം.എല്‍.എ.മാര്‍ സെക്രട്ടേറിയറ്റില്‍ കയറി ശുപാര്‍ശ പറയുന്നത് ശരിയല്ലെന്ന അഭിപ്രായക്കാരനാണ് മുഖ്യമന്ത്രി. ഭരണം കിറുകിറുത്യമായി നടക്കുമ്പോള്‍ എം.എല്‍.എ.യുടെ ശുപാര്‍ശയെന്തിന്? അത് സെക്രട്ടേറിയറ്റില്‍. അവിടെ അതല്ല സ്ഥിതി. മണ്ണെണ്ണ പെര്‍മിറ്റ് പാസ്സാക്കാനും മുഖ്യമന്ത്രി വരണം. അതാണ് പന്തന്‍കെട്ടി ഭരണവ്യവസ്ഥയുടെ ഗുണം.
*** *** ***
യു.ഡി.എഫ്. യോഗത്തിലെ സകല ചര്‍ച്ചയും പത്രങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നതില്‍ മുഖ്യമന്ത്രി കടുത്ത ആശങ്ക പ്രകടിപ്പിച്ചുവെന്ന് വാര്‍ത്ത. ഇതും ആരോ ചോര്‍ത്തിക്കൊടുത്ത വാര്‍ത്തയായിരിക്കണം. ഈ ചോര്‍ത്തലുകാരെകൊണ്ട് ആന്റണി മടുത്തിരിക്കുന്നു. ഒരു കാര്യം ചെയ്യാന്‍ പറ്റില്ല-ചെയ്താല്‍ പിറ്റേന്ന് പത്രത്തിലുണ്ടാവും. മുഖ്യമന്ത്രിയായതിന്റെ പിറ്റേന്ന് അതിരാവിലെയൊന്ന് നായനാരെ കാണാന്‍ ചെന്നതാണ്. അതാ കിടക്കുന്നു വാര്‍ത്ത പത്രത്തില്‍. പണ്ടൊരിക്കല്‍ രോഗബാധിതനായി കിടക്കുന്ന എ.എം. ജേക്കബിനെ കാണാന്‍ ആന്റണി അതിരാവിലെ പോയി. ജേക്കബിന്റെ വീട്ടുമുറ്റത്ത് കിടന്ന പത്രവുമൊടുത്താണ് കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തിയത്. ഒരു മിന്നല്‍. തിരിഞ്ഞനോക്കിയപ്പോള്‍ ഫോട്ടോഗ്രാഫര്‍മാരുടെ ഒരു പട. ആരോ വിവരം ചോര്‍ത്തിക്കൊടുക്കാതെ അത് സംഭവിക്കില്ലല്ലോ. മുഖ്യമന്ത്രിയായപ്പോള്‍ അതി രഹസ്യമായാണ് കാന്റീനില്‍ നിന്ന് ഊണ് വരുത്തിയത്. നശിച്ച പത്രക്കാര്‍ അതും വാര്‍ത്തയാക്കി. അതൊക്കെ സഹിക്കാം. ഈയിടെ കേട്ടു-ആന്റണിയുടെ വീട്ടില്‍ രണ്ട് ഗ്ലാസേ ഉള്ളൂ എന്ന്. അപമാനിക്കാന്‍ തന്നെയാണ് ചോര്‍ത്തലുകാരുടെ പുറപ്പാട്. ആന്റണിയെ അപമാനിക്കുന്നത് സഹിക്കാം. ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയോട് വേണോ അത്? ഈ ഇമേജ് എന്ന് പറയുന്നത് വല്ലാത്തൊരു പുലിവാല് തന്നെയാണേ…….
*** *** ***
പിളരുന്തോറും വളരുക എന്ന ലക്ഷ്യത്തോടെ പിള്ള ഗ്രൂപ്പ് പിളരുകയും പുതുശ്ശേരി പുറത്തുചാടി മറ്റൊരു കേരള കോണ്‍ഗ്രസ് ഉണ്ടാക്കിയെടുക്കുകയും ചെയ്തുവെന്ന വാര്‍ത്ത ഉള്‍ക്കിടിലത്തോടെയാവണം കേരളത്തിലെ ജനങ്ങള്‍ കേട്ടത്. കേരളാ കോണ്‍ഗ്രസ്സകളുടെ ഐക്യത്തിനുവേണ്ടിയാണ് താന്‍ പാര്‍ട്ടി പിളര്‍ത്തിയതെന്ന ജോസഫ് പുതുശ്ശേരിയുടെ പ്രസ്താവനയാണ് ഞെട്ടലില്‍ നിന്ന് ജനത്ത മോചിപ്പിച്ച് അന്തരീക്ഷം തണുപ്പിച്ചത്. അതെ, പിളര്‍ന്നുകൊണ്ടും ഐക്യമുണ്ടാക്കാം. പിള്ള മന്ത്രിസ്ഥാനത്തുനിന്ന് തെറിക്കുകയും മറ്റാരും പകരം മന്ത്രിയാകാതിരിക്കുകയും ചെയ്തപ്പോള്‍ തന്നെ ഒരു പിളര്‍പ്പിന്റെ നാറ്റം എങ്ങോ ഉയര്‍ന്നിരിക്കുന്നു. ദ്വയാംഗ പാര്‍ട്ടിയില്‍ ഒരാള്‍ തെറ്റിയാല്‍ മേറ്റ്യാളെ മന്ത്രിയാക്കുക എന്നതല്ലേ ന്യായം? കേരള കോണ്‍ഗ്രസ് പാരമ്പര്യമനുസരിച്ചാണെങ്കില്‍ മന്ത്രിയാകില്ലെന്ന് ഉറപ്പായ ദിവസം തന്നെ പുതുശ്ശേരി പാര്‍ട്ടി പിളര്‍ത്തേണ്ടതായിരുന്നു.
ഇതുകൊണ്ടൊന്നും പിള്ളച്ചേട്ടന്‍ ഇളകുകയില്ല. മറ്റവന്മാരെയെല്ലാം ലയിക്കുകയോ അലിയുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ ചേട്ടാ. നമുക്കതൊന്നും വേണ്ട. ചേട്ടന്‍ ഒറ്റത്തടിയായി പനപോലെയങ്ങ് നിന്നാല്‍ മതി. വേറെ ഒരുത്തനെപ്പോലും പാര്‍ട്ടിയുടെ കേറോഫില്‍ എം.എല്‍.എ.യോ ഗ്രാമപഞ്ചായത്ത് മെമ്പര്‍പോലുമോ ആക്കിപ്പോകരുത്. ആക്കിയാല്‍ അവന്‍ പിളര്‍ന്ന് വേറെ പാര്‍ട്ടിയുണ്ടാക്കും. നമുക്ക് പിള്ളച്ചേട്ടന്‍ മാത്രം മതി. പാര്‍ട്ടി പ്രസിഡണ്ടും സെക്രട്ടറിയും ട്രഷററും എം.എല്‍.എ.യുമെല്ലാം ചേട്ടന്‍തന്നെയായാല്‍ പിന്നെയൊരുത്തനും പിളര്‍ന്നുപോകില്ലല്ലോ.