അടിയന്തരാവസ്ഥയില്‍ ഒരു പത്രസമരം

എൻ.പി.രാജേന്ദ്രൻ

സമരം കുറേ നീണ്ടുനിന്നു. കേരള കൗമുദിയിലേക്ക് മാര്‍ച്ചും അസംബ്ലി മാര്‍ച്ചും അറസ്റ്റുമൊക്കെ ഉണ്ടായി.മാര്‍ച്ചും അറസ്റ്റുമൊക്കെ ഉണ്ടായി. കേരളകൗമുദിക്കു മുന്നില്‍ യൂനിയന്‍ പ്രസിഡന്റ് ജി. വേണുഗോപാലിന്റെ നിരാഹാരസമരവും നടന്നു. ഒന്നും ഫലിച്ചില്ല. ജി. വേണുഗോപാല്‍ ഉള്‍പ്പെടെ പലരും പിരിച്ചുവിടപ്പെട്ടു. മറ്റുള്ളവര്‍ സ്ഥലം മാറ്റപ്പെട്ടു. കുറേ ചര്‍ച്ചയും കൂടിയാലോചനയുമെല്ലാം നടന്നെങ്കിലും മാനേജ്‌മെന്റ് വഴങ്ങിയില്ല. അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനും ആഭ്യന്തരമന്ത്രി കെ. കരുണാകരനും ആയിരുന്നല്ലോ. അദ്ദേഹത്തിന്റെ പരോക്ഷ പിന്തുണ സമരക്കാര്‍ക്കുണ്ടായിരുന്നു എന്ന രഹസ്യം അറിയാത്തവരില്ല!

ഇലയിളകാത്ത കാലമായിരുന്നു, അടിയന്തരാവസ്ഥ എന്നാണു പറയുക. പക്ഷേ, അടിയന്തരാവസ്ഥയുടെ മൂര്‍ധന്യ നാളുകളില്‍ കേരളത്തില്‍ ഒരു പണിമുടക്കു സമരം നടന്നു. നാലുപേര്‍ കൂടിനില്‍ക്കുന്നതിനു പോലും നിരോധനമുണ്ടായിരുന്ന തിരുവനന്തപുരം പട്ടണത്തില്‍ പത്രപ്രവര്‍ത്തകര്‍ പ്രകടനം നടത്തി. നിയമസഭയിലേക്കു മാര്‍ച്ച് നടത്തി. ഇതെല്ലാം നടന്നത് ഒരു പത്രപ്രവര്‍ത്തകനെ പിരിച്ചുവിട്ടതിനെതിരേ, സമരം നടന്നത് അക്കാലത്ത് തലസ്ഥാനത്ത് ഏറ്റവും പ്രമുഖപത്രമായ കേരളകൗമുദിയില്‍.പ്രമുഖ സാഹിത്യകാരനായ പി.കെ ബാലകൃഷ്ണന്‍ (1927-1991) ആണ് പിരിച്ചുവിടപ്പെട്ട പത്രപ്രവര്‍ത്തകന്‍. നോവല്‍, ചരിത്രം, നിരൂപണം എന്നീ രംഗങ്ങളിലും ശ്രദ്ധേയനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ പിരിച്ചുവിടല്‍ വലിയ സാഹിത്യസംഭവമായി. സാഹിത്യകാരന്മാര്‍ ബാലകൃഷ്ണനെ പിന്തുണച്ചു. അതിനു മുന്‍പോ ശേഷമോ എസ്.എന്‍.ഡി.പി യോഗം അങ്ങനെ ചെയ്തിട്ടുണ്ടോ എന്നറിയില്ല.

 

പി.കെ ബാലകൃഷ്ണന്‍

പി.കെ ബാലകൃഷ്ണന്റെ പിരിച്ചുവിടലിന് എതിരേ യോഗം പ്രമേയം പാസാക്കി. ബാലകൃഷ്ണന്‍ എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകന്‍പോലും ആയിരുന്നില്ലെന്ന് പത്രപ്രവര്‍ത്തന ചരിത്രകാരനായ ജി. പ്രിയദര്‍ശനന്‍ ‘സാഹിത്യസംഭവങ്ങള്‍’ എന്ന കൃതിയില്‍ ഓര്‍ക്കുന്നു.
പതിനേഴു വര്‍ഷമായി കേരളകൗമുദി പത്രാധിപ സമിതിയംഗമായിരിക്കെയാണ് അദ്ദേഹത്തെ പിരിച്ചുവിട്ടത്. കേരളകൗമുദിയില്‍ തൊഴില്‍പ്രശ്‌നങ്ങളെച്ചൊല്ലി നടന്ന പണിമുടക്കിന്റെ തുടര്‍ച്ചയായിട്ടായിരുന്നു പിരിച്ചുവിടല്‍. കേരളകൗമുദിയിലെന്തായിരുന്നു തൊഴില്‍തര്‍ക്കം എന്നതൊക്കെ ഇന്ന് അപ്രസക്തമാണ്. പ്രശസ്ത പത്രാധിപര്‍ കെ. സുകുമാരനും മകന്‍ എം.എസ് മണിയും ഈറ്റപ്പുലികള്‍ എന്നു പഴയകാല പത്രപ്രവര്‍ത്തക നേതാവു കൂടിയായി പി. വിശ്വംഭരന്‍ വിശേഷിപ്പിക്കുന്ന കുറേ യുവപത്രപ്രവര്‍ത്തകരും ഒരു കുടുംബംപോലെ നടത്തിയിരുന്ന പത്രമായിരുന്നു അന്നത്തെ കേരളകൗമുദി. കെ. ബാലകൃഷ്ണന്റെ കൗമുദിയുടെ പോരാളികളായിരുന്ന പത്രപ്രവര്‍ത്തകരാണ് കൗമുദി നിര്‍ത്തിയതോടെ കേരളകൗമുദിയിലേക്കു മാറിയത്.

പി.കെ ബാലകൃഷ്ണന്‍ പക്ഷേ, കോഴിക്കോട്ട് കായ്യത്ത് ദാമോദരന്‍ പ്രസിദ്ധീകരിച്ചിരുന്ന ദിനപ്രഭയുടെ പത്രാധിപരായിരുന്നു ആദ്യം. അവിടെ മാനേജ്‌മെന്റുമായി തെറ്റിപ്പിരിഞ്ഞു കേസും കൂട്ടവുമായാണ് തിരുവനന്തപുരത്തേക്കു മടങ്ങുന്നത്. അദ്ദേഹത്തെ കേരളകൗമുദിയില്‍ നിയമിക്കാന്‍ പത്രാധിപര്‍ കെ. സുകുമാരന് വൈമനസ്യം ഉണ്ടായിരുന്നുവെന്ന് അക്കാലത്ത് അവിടെ സീനിയര്‍ ജേണലിസ്റ്റ് ആയിരുന്ന എന്‍. രാമചന്ദ്രന്‍ എഴുതിയിരുന്നു (ജി. വേണുഗോപാല്‍ സ്മരണിക). വേജ്‌ബോര്‍ഡ് പ്രകാരം കിട്ടേണ്ടതില്‍ കൂടുതല്‍ ശമ്പളം ഉണ്ടായിരുന്നിട്ടും അവിടെ സമരം നടന്ന കഥയും അദ്ദേഹം എഴുതിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ജീവിതച്ചെലവു സൂചിക അനുസരിച്ചുള്ള ക്ഷാമബത്ത കൂടുകയും കുറയുകയും ചെയ്യുന്നത് സാധാരണമാണ്. പക്ഷേ, ഒരിക്കല്‍ ക്ഷാമബത്ത ഇപ്രകാരം കുറഞ്ഞപ്പോള്‍ അതിനെതിരേ സമരം നടന്നെന്നും എന്‍. രാമചന്ദ്രന്‍ എഴുതിയിട്ടുണ്ട്.

എന്തായാലും പത്രാധിപര്‍ കെ. സുകുമാരന്റെ ആശങ്കകള്‍ അസ്ഥാനത്തായില്ല. പി.കെ ബാലകൃഷ്ണനെ ആദ്യം അദ്ദേഹത്തിന്റെ പ്രൊബേഷന്‍ അവസാനിക്കുന്ന സമയത്താണു പിരിച്ചുവിട്ടത്. അന്നു പക്ഷെ, സമരമൊന്നും നടന്നില്ല. ബാലന്റെ വിവാഹം നിശ്ചയിച്ചിരുന്ന സമയമായതു കൊണ്ട് മാനേജ്‌മെന്റില്‍ സമ്മര്‍ദം ചെലുത്തിയപ്പോള്‍ അവര്‍ പതിയെ വഴങ്ങുകയായിരുന്നു. അടുത്തതാണ്, അതായത് 1976ല്‍ അടിയന്തരാവസ്ഥയുടെ നാളുകളില്‍ നടന്നത്. മാനേജ്‌മെന്റിന്റെ പ്രതികാരനടപടിയായിരുന്നില്ലേ എന്നു ചോദിച്ചാല്‍ അതേ എന്നേ മാനേജ്‌മെന്റ് പക്ഷത്തുള്ളവരും പറയൂ. എന്തായാലും മാനേജ്‌മെന്റ് ഡമസ്റ്റിക് എന്‍ക്വയറി നടത്തി പി.കെ ബാലകൃഷ്ണന്‍ കുറ്റക്കാരനാണെന്ന വിധി സമ്പാദിച്ചാണ് പിരിച്ചുവിട്ടത്. ചെറിയ പുള്ളിയൊന്നുമല്ല എന്‍ക്വയറി ഓഫിസര്‍. റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസ് ശങ്കരനാണ് അതു ചെയ്തത്.

ജി. വേണുഗോപാല്‍

കേരള പത്രപ്രവര്‍ത്തക യൂനിയന്‍ അതൊരു സംസ്ഥാനതല പ്രശ്‌നമായി ഗൗരവത്തിലെടുത്തു. അന്നത്തെ യൂനിയന്‍ പ്രസിഡന്റും ജന. സെക്രട്ടറിയും പത്രപ്രവര്‍ത്തന രംഗത്തും പ്രാഗത്ഭ്യം തെളിയിച്ച രണ്ടു വേണുഗോപാലന്മാരായിരുന്നു. പ്രസിഡന്റ് ജി. വേണുഗോപാല്‍ ശരിക്കും ഈറ്റപ്പുലി തന്നെയായിരുന്നു. സര്‍ സി.പിയുടെ കാലം മുതലേ രാഷ്ട്രീയ രംഗത്തുവന്ന തീപ്പൊരി പ്രവര്‍ത്തകന്‍. കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നൊരു അതിതീവ്ര ഇടതുപാര്‍ട്ടിയിലാണ് അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് പാര്‍ട്ടി പിളര്‍ന്നു. മിക്കവരും ആര്‍.എസ്.പിയിലേക്കു മാറി. ജി. വേണുഗോപാല്‍ ആര്‍.എസ്.പിയുടെ എണ്ണമറ്റ യൂനിയനുകളുടെ ഭാരവാഹിയായിരുന്നു. കുറേകഴിഞ്ഞ് രാഷ്ട്രീയം മടുത്താണ് അദ്ദേഹം മുഴുവന്‍സമയ പത്രപ്രവര്‍ത്തകനാകുന്നത്.

നാലുവര്‍ഷം കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്റായിരുന്നു. മൂന്നു വര്‍ഷവും യൂനിയന്റെ ജന. സെക്രട്ടറി ടി. വേണുഗോപാലും. മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ആയിരുന്നു അദ്ദേഹം. പില്‍ക്കാലത്ത് ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചു.

സമരം കുറേ നീണ്ടുനിന്നു. സ്റ്റാച്യൂ ജങ്ഷനില്‍നിന്ന് കേരളകൗമുദിയിലേക്കു മാര്‍ച്ചും അസംബ്ലി മാര്‍ച്ചും അറസ്റ്റുമൊക്കെ ഉണ്ടായി. കേരളകൗമുദിക്കു മുന്നില്‍ യൂനിയന്‍ പ്രസിഡന്‍് ജി. വേണുഗോപാലിന്റെ നിരാഹാരസമരവും നടന്നു. ഒന്നും ഫലിച്ചില്ല. ജി. വേണുഗോപാല്‍ ഉള്‍പ്പെടെ പലരും പിരിച്ചുവിടപ്പെട്ടു. മറ്റുള്ളവര്‍ സ്ഥലം മാറ്റപ്പെട്ടു. കുറേ ചര്‍ച്ചയും കൂടിയാലോചനയുമെല്ലാം നടന്നെങ്കിലും മാനേജ്‌മെന്റ് വഴങ്ങിയില്ല.

അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനും ആഭ്യന്തരമന്ത്രി കെ. കരുണാകരനും ആയിരുന്നല്ലോ. അദ്ദേഹത്തിന്റെ പരോക്ഷ പിന്തുണ സമരക്കാര്‍ക്കുണ്ടായിരുന്നു എന്ന രഹസ്യം അറിയാത്തവരില്ല! അതേസമയം തൊഴില്‍മന്ത്രിയായിരുന്ന വക്കം പുരുഷോത്തമന്‍ മാനേജ്‌മെന്റ് പക്ഷത്തുമായിരുന്നു. ചര്‍ച്ച നടക്കുമ്പോള്‍ ഈ തൊഴില്‍മന്ത്രി മാനേജ്‌മെന്റ് പക്ഷം ചര്‍ച്ച നടത്തുന്ന മുറിയില്‍തന്നെയായിരുന്നു ഇരിപ്പ് എന്ന് അക്കാലത്ത് കേരളകൗമുദിയില്‍ യൂനിയന്‍ പക്ഷത്തു സജീവമായി പ്രവര്‍ത്തിച്ചിരുന്ന ജി. യദുകുലകുമാര്‍ ഓര്‍ക്കുന്നു.

പി.കെ ബാലകൃഷ്ണന്‍ പിരിച്ചുവിടലിന് എതിരേ കേസ് കൊടുത്തിരുന്നു. നേരത്തെ പിരിച്ചുവിടാന്‍ ഒത്താശ ചെയ്തത് റിട്ട. ചീഫ് ജസ്റ്റിസ് ആയിരുന്നെങ്കിലും കേസിലെ വിധി പി.കെ ബാലകൃഷ്ണന് അനുകൂലമായിരുന്നു. തിരിച്ചെടുക്കാന്‍ വിധിയുണ്ടായെങ്കിലും അപ്പോഴേക്കും റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞിരുന്നു.
പി.കെ ബാലകൃഷ്ണന്റെ പിരിച്ചുവിടലുമായി ബന്ധപ്പെട്ട ഒരു കാര്യം എം.കെ സാനു എഴുതിയ എം. ഗോവിന്ദന്റെ ജീവചരിത്രകൃതിയില്‍ വിവരിക്കുന്നുണ്ട്. പി.കെ ബാലകൃഷ്ണന്റെ ഉറ്റ മിത്രമായ എം. ഗോവിന്ദന്‍ ബാലകൃഷ്ണനെ പത്രത്തില്‍ തിരിച്ചെടുപ്പിക്കാന്‍ കഠിനശ്രമം നടത്തിയിരുന്നു. മാനേജ്‌മെന്റ് ഒട്ടും വഴങ്ങുന്നില്ല എന്നു കണ്ടപ്പോള്‍ എം. ഗോവിന്ദന്‍ ഒരു നിര്‍ദേശം ബാലകൃഷ്ണനു മുന്‍പാകെ വച്ചു.

ലേബര്‍കേസും മറ്റുമായി കുറേ വര്‍ഷം നടന്നാല്‍ ഒരുപക്ഷേ ഗുണം കിട്ടിയേക്കും. പക്ഷേ, അത് എന്ന് എന്നറിയില്ല. ബാലകൃഷ്ണന്‍ സാമ്പത്തികമായി വലഞ്ഞിരിക്കുകയാണ്. എന്തുകൊണ്ട് നല്ലൊരു തുക നഷ്ടപരിഹാരം വാങ്ങി ഒത്തുതീര്‍പ്പാക്കിക്കൂടാ? ജീവിതത്തില്‍ ഒന്നിനോടും ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടില്ലാത്ത ബാലകൃഷ്ണന്‍ നിര്‍ദേശം അപ്പടി തള്ളി എന്നുമാത്രമല്ല എം. ഗോവിന്ദന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഗോവിന്ദന് ഇതു വലിയ ഞെട്ടലും വേദനയും ഉണ്ടാക്കി. അദ്ദേഹം ചര്‍ച്ചയില്‍നിന്നു പിന്‍വാങ്ങി. ഇനി താന്‍ കേരളകൗമുദി പ്രസിദ്ധീകരണങ്ങളുമായി ഒരു ബന്ധവും പുലര്‍ത്തില്ല എന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആ മടക്കം. ഇതിനെത്തുടര്‍ന്നു നിരവധി സാഹിത്യകാരന്മാര്‍ ഗോവിന്ദനെപ്പോലെ കേരളകൗമുദിയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും കാലം എല്ലാറ്റിലും മാറ്റം വരുത്തി എന്നു എം.കെ സാനു ഓര്‍ക്കുന്നു.

എറണാകുളം എടവനക്കാട്ട് സ്വദേശിയായ പി.കെ ബാലകൃഷ്ണന്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലിലടക്കപ്പെട്ട കാലം മുതല്‍ പ്രക്ഷോഭകാരിയായിരുന്നു. അദ്ദേഹത്തിന്റെ സാഹിത്യ നിരൂപണ ലേഖനങ്ങളും ജാതി വ്യവസ്ഥയെക്കുറിച്ചുള്ള ഗവേഷണ നിഗമനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. മഹാഭാരതകഥ ആസ്പദമാക്കി രചിച്ച ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ ആണ് ഏറെ പ്രശംസിക്കപ്പെട്ട കൃതി. പ്ലൂട്ടോ, ചന്തുമേനോന്‍, ശ്രീനാരായണഗുരു, ടിപ്പു സുല്‍ത്താന്‍, കുമാരനാശാന്‍, എഴുത്തച്ഛന്‍ എന്നിവരുടെ സംഭാവനകള്‍ വിലയിരുത്തുന്ന കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒടുവില്‍ മാധ്യമം പത്രത്തിന്റെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Go Top