ഇതാണ് വ്യവസായം

ഇന്ദ്രൻ

കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജന്മം നല്‍കിയ പിണറായിയില്‍ നിന്നൊരു നേതാവ് പാര്‍ട്ടി സെക്രട്ടറിയാകുന്നതുപോലൊരു ചരിത്രസംഭവമാണ് മാവൂരില്‍ നിന്നൊരാള്‍ കേരളത്തിന്റെ വ്യവസായമന്ത്രിയാകുന്നത്. കാരണം, മാവൂരിലാണ് കമ്യൂണിസ്റ്റ് വ്യവസായനയത്തിന്റെ കടിഞ്ഞൂല്‍ശിശു പിറക്കുന്നത്- ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഭരണകാലത്ത്. അക്കാലത്തെ ദേശീയ കുത്തകകളില്‍ രണ്ടാം റാങ്കായിരുന്നു ബിര്‍ലയ്ക്ക്. ഒന്നാം റാങ്ക് ടാറ്റ ബൈ ബൈ ക്കായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കുത്തകപ്രേമം കാരണം വര്‍ഷം തോറും ആസ്തി പെരുകി കൊഴുത്തുവീര്‍ക്കുന്ന കുത്തകകളായിരുന്നു രണ്ടും. ആ കുത്തകയെ ആണ് ഇവിടത്തെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൈപിടിച്ച് കൊണ്ടുവന്ന് വ്യവസായം തുടങ്ങിച്ചത്. കുത്തക ഒന്നുകൂടി വീര്‍ത്തുകാണും. അതുകൊണ്ടെന്താ… വ്യവസായവത്കരണത്തിന് അതോടെ ഒരു നയമായല്ലോ.

നാലു കൊല്ലമായി കേരളത്തില്‍ വികസനം കൊണ്ടുവരാന്‍ എളമരം കരീം ശ്രമിക്കുന്നു. ഇത്രയും നാള്‍ ആദ്യം വ്യവസായം കൊണ്ടുവരാനും പിന്നെ വരുന്ന റോഡ് നേരെയാക്കാനുമാണ് ശ്രമിച്ചുപോന്നത്. അതൊന്നും വിജയിക്കുന്ന മട്ടില്ല. അതുകൊണ്ട് ഒരു കാര്യം തീരുമാനിച്ചു. വ്യവസായം വന്നാലും വന്നില്ലെങ്കിലുംവരുന്ന വഴി നാലുവരിയാക്കാം. ദേശീയകുത്തകയായ ബിര്‍ലയ്ക്ക് മാവൂരില്‍ വരാന്‍ രണ്ടുവരി റോഡിന്റെപോലും ആവശ്യമുണ്ടായിരുന്നില്ല. വലിയ ലോറിയില്‍ മരം കയറ്റിക്കൊണ്ടുവന്നിരുന്നത് ഒറ്റവരിപ്പാതയിലൂടെയാണ്. മലബാറിലെ നാഷണല്‍ ഹൈവേയില്‍ നാലുവരി റോഡ് ഇരുപത്തഞ്ച് കിലോമീറ്ററില്‍ പോലുമില്ല. കോഴിക്കോട് എയര്‍പോര്‍ട്ടിലേക്കില്ല നാലുവരി റോഡ്. പക്ഷേ, നാലുവരി റോഡുണ്ടായാലേ കിനാലൂരില്‍ വ്യവസായം വരൂ.

ലാവിഷ് ആയ നാലുവരി റോഡിനുള്ള സര്‍വേ നടത്താന്‍ ചെന്നപ്പോള്‍ത്തന്നെ വെടിവെപ്പില്‍ കുറഞ്ഞതെല്ലാം സംഭവിച്ചു. റോഡ് ഉണ്ടാക്കുന്ന വകുപ്പ് എളമരം കരീമിന്‍േറതല്ല. പോലീസ് വകുപ്പും അദ്ദേഹത്തിന്റെ കണ്‍ട്രോളിലല്ല. പക്ഷേ, നടന്നതിനെല്ലാം കരീമിനെ പ്രതിയാക്കുകയാണ് ഭരണ-പ്രതിപക്ഷഭേദമില്ലാതെ സകലരും ചെയ്തത്. കരീമിന്റെ കഷ്ടപ്പാടുകള്‍ ആര്‍ക്കും അറിയാത്തതല്ല. പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടിയെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും പോലുള്ളവര്‍ക്ക് നന്നായറിയാം. അവരും കൊണ്ടുനടന്നതാണല്ലോ വ്യവസായ വകുപ്പ്. വ്യവസായവികസനമെന്നത് എന്തെങ്കിലും ഫാക്ടറി സ്ഥാപിക്കലല്ല എന്ന് അവരെ ആരും പഠിപ്പിക്കേണ്ടതില്ല. കാണാവുന്ന വ്യവസായത്തിന് പിറകില്‍ ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയാത്ത അനേകം വ്യവസായങ്ങള്‍ ഉണ്ടാകും. അത്തരം അദൃശ്യവ്യവസായങ്ങളില്‍ ഒന്നുമാത്രമാണ് റിയല്‍ എസ്റ്റേറ്റ് വ്യവസായം.

വിമാനത്താവളമോ മറ്റെന്തെങ്കിലും വികസനപദ്ധതിയോ തുടങ്ങാന്‍ തീരുമാനമെടുക്കുന്ന മുഖ്യമന്ത്രിക്കോ മന്ത്രിക്കോ വേണമെങ്കില്‍ സ്വന്തക്കാരെക്കൊണ്ട് അതിന് ചുറ്റുപാടും സ്ഥലം വാങ്ങിപ്പിക്കാം. വേണമെങ്കില്‍ തന്റെ കാശ് തന്നെ മുടക്കി ബിനാമിയില്‍ വാങ്ങിപ്പിക്കാം. ഇതില്‍ അധികാര ദുര്‍വിനിയോഗമോ അഴിമതിയോ ലവലേശമില്ല. എയര്‍പോര്‍ട്ട് വരുമെന്ന വിവരം ഇല്ലാത്ത ഗ്രാമീണന്‍ സെന്റിന് ആയിരം രൂപയ്ക്ക് തന്റെ സ്ഥലം വില്‍ക്കും. വിവരമുള്ള ആള്‍ അത് വാങ്ങും. പിന്നെ സെന്റിന് രണ്ട് ലക്ഷത്തിന് വില്‍ക്കും. ആര്‍ക്കും നഷ്ടമില്ല, ലക്ഷം മുടക്കിയാല്‍ കോടി ലാഭം. ഒന്നുവെച്ചാല്‍ അഞ്ച്, അഞ്ച് വെച്ചാല്‍ ഇരുപത്തഞ്ച്- വെയ് രാജാ വെയ്. കഷ്ടപ്പെട്ട് തുടങ്ങുന്ന വ്യവസായം സമരം കൊണ്ടോ വേറെ കാരണം കൊണ്ടോ പൂട്ടി കുത്തുപാളയെടുക്കാം. പക്ഷേ, അടുത്ത് ഭൂമി വാങ്ങിയവന്‍ കോടീശ്വരനാകും. കൊച്ചുകേരളത്തില്‍ ഇങ്ങനെ എത്ര കോടീശ്വരന്മാര്‍ ജന്മമെടുത്തിരിക്കുന്നു. കിനാലൂരില്‍ സെന്റിന് നാലായിരം രൂപയായിരുന്നത് ഇപ്പോള്‍ ഒന്നേ മുക്കാല്‍ ലക്ഷമായിട്ടുണ്ടത്രെ. നാലുവരി റോഡ് വന്നാല്‍ അത് നാല് ലക്ഷമാകാം. ഇതിനെയല്ലേ പുരോഗതി എന്ന് വിളിക്കേണ്ടത്? എളമരം കരീമിനോ പാര്‍ട്ടിക്കോ ഇതിലൊന്നും ഒരു രൂപയുടെ ലാഭേച്ഛ ഇല്ല കേട്ടോ. എല്ലാം പരോപകരാര്‍ഥം മാത്രം.

കിനാലൂരില്‍ ചാണകവെള്ളം, കല്ല് തുടങ്ങിയ ആയുധങ്ങളുമായി പോലീസിനെ നേരിട്ടവരില്‍ ചില തീവ്രവാദി സംഘടനക്കാരുമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത സംഗതിയാണത്. തിരഞ്ഞെടുപ്പുവരുമ്പോള്‍ ഇടതുമുന്നണിയെ സഹായിക്കുക പോലുള്ള പുരോഗമന പ്രവര്‍ത്തനങ്ങള്‍ മാത്രമേ അവരില്‍നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നുള്ളൂ. റോഡ് വികസനത്തിനും വ്യവസായം വരുന്നതിനുമെല്ലാം എതിരെ ഇപ്പോള്‍ സമരം നടത്തുന്നത് ഭീകരപ്രവര്‍ത്തനം തന്നെയാണ്. ഇതെന്താ യു.ഡി.എഫ്. ഭരണകാലമാണോ? വിവേചന ബുദ്ധിയില്ലാതായാല്‍ എന്തുചെയ്യും?

****

ജനങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് കണ്ടെത്താന്‍ അഭിപ്രായ സര്‍വേ പോലുള്ള ഏര്‍പ്പാടുകള്‍ ഉണ്ട്. അത്തരം കണ്ടെത്തലുകള്‍ക്ക് യാഥാര്‍ഥ്യവുമായി എന്ത് ബന്ധമാണുണ്ടാവുക എന്ന് സര്‍വേ നടത്തുന്നവര്‍ക്കുപോലും ഉറപ്പൊന്നുമില്ല. ചില ഏറിന് മാങ്ങ വീഴുംപോലെ എറിയാമെന്നുമാത്രം. വോട്ട് ചെയ്ത് ബൂത്തില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്കിടയില്‍ നടത്തുന്ന സര്‍വേകള്‍ പോലും പൊളിഞ്ഞുപാളീസാകുന്ന രാജ്യമാണിത്. അങ്ങനെയിരിക്കെ ആണ് നമ്മുടെ ബഹു. നിയമമന്ത്രി എം. വിജയകുമാര്‍ പുതിയ ഒരു സംഭവം പുറത്തിറക്കിയിരിക്കുന്നത്. അതായത്, ഒരു വര്‍ഷം കഴിഞ്ഞ് നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനം ഇടതുമുന്നണിക്ക് വോട്ട് ചെയ്യുമെന്നും മുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്നും കണ്ടെത്തിയിരിക്കുന്നു. ആര്? വിജയകുമാറോ എ.കെ.ജി. സെന്ററിലെ ഗവേഷകരോ അല്ല. കേന്ദ്രസര്‍ക്കാറിന്റെ രഹസ്യാന്വേഷണ വിഭാഗമായ ഇന്റലിജന്‍സ് ബ്യൂറോ. അവരുടെ കണ്ടെത്തല്‍ മന്ത്രി വിജയകുമാറിന്റെ ചാരന്മാര്‍ കണ്ടുപിടിച്ച് അറിയിച്ചതാവാനേ ഇടയുള്ളൂ. രഹസ്യാന്വേഷണവകുപ്പിന്റെ കണ്ടെത്തല്‍ കേരളത്തിലെ നിയമമന്ത്രിയെ അറിയിക്കണമെന്ന് ഭരണഘടനയില്‍ വ്യവസ്ഥയൊന്നുമില്ല.

ഒരു വര്‍ഷം കഴിഞ്ഞ് നമ്മള്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് നമുക്ക് തന്നെ നിശ്ചയമുണ്ടാകില്ല. അക്കാര്യം പറയാന്‍ കഴിയുന്ന ഒരു കൂട്ടരേ ഉള്ളൂ. അത് ജ്യോത്സ്യന്മാരാണ്. കേന്ദ്രരഹസ്യാന്വേഷണവകുപ്പിന് പല വിഭാഗങ്ങളും ഉണ്ടെങ്കിലും ജ്യോത്സ്യയൂണിറ്റ് ഉള്ളതായി അറിയില്ല. ഒന്നും ഉറപ്പിക്കാന്‍ പറ്റില്ല. ചാരപ്രവര്‍ത്തനത്തില്‍ ചെയ്തുകൂടാത്തതായി യാതൊന്നുമില്ലെന്ന് രാഷ്ട്രീയ ചര്‍വാകന്മാര്‍ പണ്ടേ പറഞ്ഞിട്ടുള്ളതാണ്.

എന്തായാലും കേന്ദ്രന്റെ ചാരന്മാരെ സി.പി.എമ്മുകാര്‍ക്ക് ബഹുവിശ്വാസമാണെന്നതില്‍ ചാരന്മാര്‍ക്ക് ബഹുസന്തോഷമുണ്ടാകും. പണ്ടേ ഉള്ളതാണ് ഈ വിശ്വാസം. 2001ലെ നിയമസഭാവോട്ടെടുപ്പിന്റെ തലേന്ന് പാര്‍ട്ടി പത്രം ഒന്നാം പേജില്‍ എട്ടുകോളത്തില്‍ (എട്ട് ഇല്ലെന്നാണെങ്കില്‍ പോട്ടെ ആറില്‍ കുറയില്ല) കൊടുത്ത വാര്‍ത്ത ഐ.ബി.യുടെ തിരഞ്ഞെടുപ്പ് പ്രവചനമായിരുന്നു. എല്‍.ഡി.എഫ്. അധികാരത്തില്‍ വരും എന്ന് ഐ.ബി. കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് അതില്‍ വിസ്തരിച്ചെഴുതിയിരുന്നു. രണ്ട് നാള്‍ കഴിഞ്ഞ് വോട്ടെണ്ണിയപ്പോള്‍ മറിച്ചാണ് സംഭവിച്ചത്- എട്ടുനിലയില്‍ പൊട്ടി. ഇതിലും വലിയ ബുദ്ധിമാന്മാരെ കുളത്തിലിറക്കിയ ചരിത്രവും ഐ.ബി.ക്കുണ്ട്. കുപ്രസിദ്ധമായ അടിയന്തരാവസ്ഥയില്‍, തിരഞ്ഞെടുപ്പ് നടന്നാല്‍ പൂ പോലെ ജയിക്കും എന്ന ഐ.ബി. പ്രവചനം വിശ്വസിച്ചാണ് ഇന്ദിരാഗാന്ധി ഇലക്ഷന്‍ പ്രഖ്യാപിച്ച് വെള്ളത്തിലായത്. അതിനേക്കാള്‍ മേലെയല്ലല്ലോ നമ്മുടെ എം. വിജയകുമാര്‍.

****

തന്റെ പഞ്ചാബ് മോഡല്‍ പ്രസംഗം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചതായി ആര്‍. ബാലകൃഷ്ണപിള്ള അവകാശപ്പെട്ടിരിക്കുന്നു. എന്തൊരു തീവ്രന്‍ പ്രസംഗം. അതിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടുക ചരിത്രപ്രധാനംതന്നെ. സി. കേശവന്റെ കോഴഞ്ചേരി പ്രസംഗത്തെ കവച്ചുവെച്ചേക്കുമോ എന്നേ നോക്കേണ്ടൂ.

പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ വാര്‍ഷികം പ്രമാണിച്ച് പത്രങ്ങള്‍ക്ക് സ്‌പെഷല്‍ സപ്ലിമെന്റുകളോ ലേഖനങ്ങളെങ്കിലുമോ പ്രസിദ്ധപ്പെടുത്താമായിരുന്നു. കേരളത്തിന് കിട്ടുമായിരുന്ന കോച്ച് ഫാക്ടറി അവസാനനിമിഷം പഞ്ചാബിന് അനുവദിച്ചതിലുള്ള രോഷപ്രകടനത്തിനപ്പുറം യാതൊന്നും ഇല്ലാത്ത സാധാരണമായൊരു പ്രസംഗത്തെ പത്രക്കാരും വേറെ ചില തത്പര കക്ഷികളും ചേര്‍ന്ന് വലിയ സംഭവമാക്കി പിള്ളയുടെ മന്ത്രിപ്പണി തെറുപ്പിച്ചുവെന്നത് ചരിത്രസംഭവംതന്നെ. പഞ്ചാബില്‍ ഭീകരപ്രവര്‍ത്തനം കൊടികുത്തിവാഴുന്ന കാലത്താണ്, പഞ്ചാബുകാര്‍ ചെയ്തതുപോലെ കേരളക്കാരും ചെയ്താലേ ഇവിടെ കോച്ച് ഫാക്ടറി കിട്ടൂ എന്നുണ്ടോ എന്ന ചോദ്യം പിള്ള പ്രസംഗത്തില്‍ ചോദിച്ചത്. ആരും ചോദിച്ചുപോകുന്ന ചോദ്യം. അതില്‍ തെറ്റുമുണ്ടായിരുന്നില്ല. ആവേശത്തിനിടയ്ക്ക് അല്പം കടത്തിപ്പറഞ്ഞിട്ടുണ്ടാകാം. അത്രയേ ഉള്ളൂ. ബാലകൃഷ്ണപ്പിള്ള ഭീകരപ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്തുവെന്നായിരുന്നു മുറവിളി. അതിനുള്ള മരുന്നൊന്നും പിള്ളസാറിന്റെ കൈവശമില്ലെന്ന് ആര്‍ക്കാണറിയാത്തത്!

പഞ്ചാബ് മോഡല്‍ പ്രസംഗം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചതായി ഇന്ന് അവകാശപ്പെടുമ്പോഴാണ് സംഗതിയുടെ കിടപ്പ് വശക്കേടാവുന്നത്. അന്നത്തെ പ്രസംഗം പിള്ള തന്നെ പിന്നീട് നിഷേധിച്ചതാണ്. ടെലിവിഷനില്ലാത്ത കാലമായിരുന്നതുകൊണ്ട് അതെളുപ്പവുമായിരുന്നു. നിഷേധത്തെ ചോദ്യം ചെയ്ത് അന്ന് പത്രലേഖകര്‍ പത്രപ്രസ്താവന ഇറക്കുകയും ചെയ്തതാണ്. അന്ന് പാര്‍ട്ടി തന്റെകൂടെ നിന്നിരുന്നുവെങ്കില്‍ കേരള കോണ്‍ഗ്രസ് കേരളം ഭരിക്കുന്ന പാര്‍ട്ടിയാകുമായിരുന്നു എന്ന് അദ്ദേഹം അവകാശപ്പെടുന്നു. അങ്ങനെ സംഭവിക്കാതിരുന്നത് കേരളത്തിന്റെ ഭാഗ്യം. അല്ലെങ്കിലും കാലുവാരാനല്ലാതെ, വാരപ്പെടുന്നവന് വേണ്ടി അധികാരം കളയുന്ന മണ്ടത്തരത്തിനൊന്നും കേരള കോണ്‍ഗ്രസ്സുകാരെ കിട്ടില്ല. എന്തിനായിരുന്നു പിള്ളയോടൊപ്പം പാര്‍ട്ടി നില്‍ക്കേണ്ടിയിരുന്നത്? കേരളത്തിലും ഭീകരപ്രവര്‍ത്തനം വേണമെന്ന് സ്ഥാപിക്കാനോ?

Leave a Reply

Your email address will not be published. Required fields are marked *

Go Top