മൂര്‍ക്കോത്ത് കുമാരന് എന്നു പേരായി ഒരു പത്രാധിപര്‍ തലശ്ശേരിയില്‍ ഉണ്ടായിരുന്നു.. ഒരു പത്രത്തിന്റെയല്ല, നിരവധി പത്രങ്ങളുടെ പത്രാധിപരായിരുന്നു അദ്ദേഹം. പത്രങ്ങളുടെ പേരും എണ്ണവും പറഞ്ഞാല്‍തോന്നും ഇദ്ദേഹത്തിന് ഇതല്ലാതെ വേറെ പണിയൊന്നുമുണ്ടായിരുന്നില്ല എന്ന്. എന്നാല്‍, പത്രപ്രവര്‍ത്തനം അദ്ദേഹത്തിന്റെ എണ്ണമറ്റ പണികളില്‍ ഒന്നുമാത്രമായിരുന്നു. ഇതിനേക്കാള്‍ ഉത്തരവാദിത്തമുള്ള വേറെ ചുമതലകള്‍ അദ്ദേഹം ഏറെ വഹിച്ചിട്ടുണ്ട്, പത്രത്തില്‍ എഴുതിയതില്‍ കൂടുതല്‍ വേറെ എഴുതിയിട്ടുണ്ട്. ലേഖനങ്ങള്‍ മാത്രമല്ല, കഥകളും ഉപന്യാസങ്ങളും ഹാസ്യകൃതികളും ഒക്കെ.
ഇതുപോലൊരു പ്രതിഭാശാലി മലയാളത്തില്‍ അധികം ഉണ്ടായിട്ടില്ലെന്ന് ചുരുക്കിപ്പറയാം. ഇദ്ദേഹം കോഴിക്കോട്ട് വന്ന് ആദ്യമായി ഒരു പത്രത്തിന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ ഇദ്ദേഹത്തിന് വയസ്സെത്രയായിരുന്നുവെന്നോ? 23. പത്രം കേരളസഞ്ചാരി. ഇതദ്ദേഹത്തിന് വലിയ കാര്യമായിത്തോന്നിക്കാണില്ല. പതിനാറാം വയസ്സില്‍ സ്കൂളില്‍ അധ്യാപകനാകാന്‍ ധൈര്യപ്പെട്ട ആള്‍ക്ക് എന്തുകൊണ്ട് 23ാം വയസ്സില്‍ പത്രാധിപരായിക്കുടാ? കേരളസഞ്ചാരിയുടെ പത്രാധിപരായിരിക്കുമ്പോള്‍ അദ്ദേഹം കോഴിക്കോട് സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ അധ്യാപകനും ആയിരുന്നു. ഇതെല്ലാം നടന്നുപോന്ന കാലം ഏതെന്നും ഓര്‍ക്കണം-1874ല്‍ ജനിച്ച കുമാരന് 1941 ലാണ് മരിക്കുന്നത്.
കേരളസഞ്ചാരി ഒരു നിസ്സാര പ്രസിദ്ധീകരണമായിരുന്നില്ല എന്നതാണ് അതിലേറെ പ്രധാനം. മിതവാദി കൃഷ്ണന് എന്ന പേരില്‍ മാധ്യമരംഗത്തും സാമുദായിക പ്രവര്‍ത്തനരംഗത്തുമെല്ലാം പ്രസിദ്ധനായ സി.കൃഷ്ണന് തുടങ്ങിവെച്ച പ്രസിദ്ധീകരണമാണ് കേരളസഞ്ചാരി. തീര്‍ന്നില്ല. സി.കൃഷ്ണനുതന്നെ പ്രസിദ്ധമായ വേറെ പ്രസിദ്ധീകരണങ്ങളുമുണ്ടായിരുന്നു. തലശ്ശേരിയില്‍ അദ്ദേഹം നടത്തിയതാണ് മിതവാദി എന്ന വാരിക. അതിന്റെ പ്രശസ്തി കുമാരനാശാന്റെ വീണപൂവ് പ്രസിദ്ധീകരിച്ച വാരിക എന്നുള്ളതായിരുന്നു. ഈ മിതവാദിയുടെ ആദ്യ പത്രാധിപര്‍ ആയിരുന്നു മൂര്‍ക്കോത്ത്് കുമാരന്.
കേരളസഞ്ചാരി പത്രാധിപര്‍ ആയിരുന്നപ്പോള്‍ അന്നത്തെ കലക്റ്ററുമായി പത്രാധിപര്‍ പൊതുതാല്പര്യത്തിന്റെ പേരില്‍ പലവട്ടം ഏറ്റുമുട്ടിയിരുന്നു. ആ കലക്റ്റര്‍ സ്ഥലംമാറിപ്പോയി പുതിയ കലക്റ്റര്‍ വന്നപ്പോള്‍ മൂര്‍ക്കോത്തിനെയും മറ്റ് പത്രാധിപന്മാരെയും ഒരു ചായയ്ക്ക് വിളിച്ചുവരുത്തി. പുതിയ കലക്റ്റര്‍ വരുമ്പോള്‍ പത്രാധിപന്മാരെ കാണുക എന്നത് അക്കാലത്തൊരു പതിവാണ്. സംസാരിക്കുന്നതിനിടെ കലക്റ്റര്‍ മൂര്‍ക്കോത്തിനോട് പറഞ്ഞു’ എന്റെ മുന്‍ഗാമിക്ക് താങ്കളുടെ പത്രത്തെക്കുറിച്ച് വലിയ മതിപ്പൊന്നും ഉണ്ടായിരുന്നില്ല’ എന്ന്. മൂര്‍ക്കോത്ത് പഴയ കലക്റ്ററെ നിരന്തരം വിമര്‍ശിച്ചിരുന്നു എന്നതാണ് ഈ പരാമര്‍ശത്തിന്റെ കാരണമെന്ന് വ്യക്തം. മൂര്‍ക്കോത്തിന്റെ ശാന്തമായ മറുപടി ഉടനുണ്ടായി.’ നിങ്ങളുടെ പിന്‍ഗാമിയെക്കുറിച്ച്് എനിക്കും ഒട്ടും മതിപ്പുണ്ടായിരുന്നില്ലല്ലോ’ -മൂര്‍ക്കോത്ത് കുമാരനെക്കുറിച്ച് മകന് മൂര്‍ക്കോത്ത് കുഞ്ഞപ്പ എഴുതിയ ജീവചരിത്രത്തില്‍ ഈ സംഭവം വിവരിക്കുന്നുണ്ട്്.
കുമാരന് അധ്യാപകവൃത്തിക്കു പുറമെ നടത്തിപ്പോന്ന സാഹിത്യവാരികകളുടെയും വാരികകളുടെയും മാസികകളുടെയും പേരുകള്‍ കേട്ടാല്‍ ആരും അമ്പരക്കും. എത്രയെത്ര പ്രസിദ്ധീകരണങ്ങള്‍… ഗജകേസരി ആണ് അതിലൊന്ന്. കഠോരകുഠാരം ആണ് വേറൊന്ന്. അതിന്റെ അര്‍ഥം മൂര്‍ച്ചയേറിയ മഴു എന്ന്! മറ്റുള്ളവയൊന്നും ഇത്ര മൂര്‍ച്ചയുള്ളവയല്ല. സത്യവാദി, സമുദായദീപിക, കേരളചിന്താമണി, സരസ്വതി, വിദ്യാലയം, ആത്മപോഷിണി, പ്രതിഭ, ധര്‍മം, ദീപം, സത്യവാദി എന്നിങ്ങനെ പോകുന്നു പ്രസിദ്ധീകരണങ്ങളുടെ പേരുകള്‍. ഇവയെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട വാരികകളോ മാസികകളോ ആയിരുന്നു.
അല്ല, കഠോരകുഠാരം ഇക്കൂട്ടത്തില്‍ പെടുന്നതല്ല എന്ന് പ്രത്യേകം പറഞ്ഞേ തീരൂ. പേരു പോലെ ഇതൊരു മഴു തന്നെയായിരുന്നു. എഴുത്തും പ്രസംഗവും അധ്യാപനവും നടത്തുന്നതിനിടയില്‍ അദ്ദേഹം രാഷ്ട്രീയത്തിലും കൈവെച്ചിട്ടുണ്ട്. തലശ്ശേരിയില്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ നടക്കുമ്പോള്‍ കുമാരന്
ഒരു പക്ഷത്തിന്റെ പ്രധാനവക്താവായിരുന്നു. പ്രഗത്ഭ അഭിഭാഷകനും സാഹിത്യാസ്വദകനും പ്രഭാഷകനും ആയിരുന്ന കെ.ടി.ചന്തുനമ്പ്യാരായിരുന്നു
എതിര്‍പക്ഷത്തെ പ്രധാനി. രണ്ടുപേരും അയല്‍വാസികളും കുറെയെല്ലാം സുഹൃത്തുക്കളുമായിരുന്നു. തിരഞ്ഞെടുപ്പ് വാശി കയറിയപ്പോള്‍ ഇരുപക്ഷവും തമ്മിലുള്ള വാഗ്വാദം മുഴുത്തു. ചന്തുനമ്പ്യാര്‍ രാമബാണം എന്നൊരു പ്രസിദ്ധീകരണത്തിലൂടെ മൂര്‍ക്കോത്തിന്റെ പക്ഷത്തിനെതിരെ രൂക്ഷമായ വിമര്‍ശനവും പരിഹാസവും തൊടുത്തുവിട്ടപ്പോഴാണ് നിവൃത്തിയില്ലാതെയാണ് അദ്ദേഹം കഠോരകുഠാരം തുടങ്ങിയത്. രണ്ടും തമ്മിലുള്ള പോര് വായനക്കാര്‍ ഹരത്തോടെ ആസ്വദിച്ചു. സ്വല്പ്പം ജാതി ഇതില്‍ പങ്കുവഹിച്ചിരുന്നുവെന്ന് ആളുകള്‍ ധരിച്ചാല്‍ അവരെ കുറ്റപ്പെടുത്താനൊക്കില്ല.
പല പത്രങ്ങളുടെ പത്രാധിപരായി എന്നത് മൂര്‍ക്കോത്തിന്റെ സ്വാതന്ത്ര്യബോധത്തിന്റെ ഒരു തെളിവുതന്നെ ആയിരുന്നു. ഏത് പത്രത്തില്‍ ചുമതലയേല്‍ക്കുമ്പോഴും അദ്ദേഹം ഉടമയോട് ഒരു കാര്യം പറയുമായിരുന്നു- എന്റെ കൈ കെട്ടിയിടരുത്. പത്രാധിപരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്ന് തോന്നിയപ്പോഴെല്ലാം പത്രം ഇട്ടെറിഞ്ഞു പുറത്ത് കടന്നിട്ടുണ്ട്. ഒന്നുരണ്ട് ഉദാഹരണങ്ങള്‍ രസകരമാണ്.
മിതവാദി എന്ന പത്രം ആദ്യകാലത്ത് നടത്തിയിരുന്നത് ശിവശങ്കരന് എന്നൊരു വ്യാപാരിയായിരുന്നു. പല വ്യാപരങ്ങള്‍ക്കൊപ്പം അദ്ദേഹം അച്ചാറും ഉണ്ടാക്കി വിറ്റിരുന്നു. മിതവാദിയില്‍ വന്ന ഒരു നര്‍മകവിതയില്‍ അച്ചാറിനെക്കുറിച്ച് പരാമര്‍ശമുണ്ടായി. കവി അച്ചാറിനെക്കുറിച്ചും അതിനോട് ചേര്‍ത്ത് ശിവ ശിവ എന്നും എഴുതിയത് പത്രഉടമയായ തന്നെ കളിയാക്കാനാണ് എന്ന് ഉടമ ശിവശങ്കരന് ധരിച്ചു. ഉടമ ക്ഷോഭിച്ചെന്നറിഞ്ഞപ്പോള്‍ മൂര്‍ക്കോത്ത് കുമാരന് പത്രാധിപത്യം രാജിവെച്ചുപുറത്തിറങ്ങി.
തൃശ്ശൂരിലെ പുസ്തകവ്യാപാരിയായിരുന്ന പി.ഐ.കൃഷ്ണന് നടത്തിയിരുന്ന കേരള ചിന്താമണി എന്ന പ്രസിദ്ധീകരണത്തില്‍ നിന്ന് രാജിവെച്ചത് ഇതുപോലെ നിസ്സാരമെന്ന് പുറത്തുള്ളവര്‍ക്ക് തോന്നിയേക്കാവുന്ന ഒരു കാരണത്താലാണ്. ആരുടെയോ ഒരു ലേഖനം പത്രാധിപരെ അറിയിക്കാതെ പ്രസിദ്ധം ചെയ്തു. തീര്‍ന്നു ബന്ധം. പത്രാധിപര്‍ രാജിവെച്ചു. ഉപജീവനത്തിന് വേറെ മുഴുവന്‍സമയ ജോലി ഉണ്ടായിരുന്നതുകൊണ്ടും പത്രങ്ങള്‍ വേറെ ഉണ്ടായിരുന്നതുകൊണ്ടും രാജിവെക്കാന്‍ അന്ന് പത്രാധിപന്മാര്ക്ക് അധികമൊന്നും ആലോചിക്കേണ്ടതില്ലായിരുന്നു.
പത്രാധിപത്യം മാത്രമല്ല അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നത്. കോഴിക്കോട്ട് അധ്യാപകനായും പ്രധാനാധ്യാപകനായും പത്രാധിപരായുമെല്ലാം പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ മുപ്പത് വര്‍ഷക്കാലം അദ്ദേഹം മദിരാശിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദ മെയില്‍ എന്ന പത്രത്തിന്റെ കോഴിക്കോട് ലേഖകനായിരുന്നു. പത്രപ്രവര്‍ത്തനത്തിലാണോ സാഹിത്യത്തിലാണോ കുമാരന്റെ സംഭാവനകള്‍ ഏറെ എന്ന് തീര്‍ത്തുപറയാനാവില്ല. ചെറുകഥകളും ബാലസാഹിത്യവും നാടകവും ശാസ്ത്രസാഹിത്യവും ജീവചരിത്രവും ഒക്കെയായി അദ്ദേഹമെഴുതിക്കൂട്ടിയ കൃതികളെ നിരൂപകര്‍ ഏറെ വില മതിച്ചിരുന്നു. അക്കാലത്ത് പലതും പുസ്തകരൂപത്തില്‍ സമാഹരിക്കുന്ന രീതി ഉണ്ടായിരുന്നില്ല. നര്‍മലേഖനങ്ങള്‍ മിക്കതും അങ്ങനെ ഇനി തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെട്ടുപോയി. വളരെക്കുറച്ച് കൃതികളേ ഇപ്പോള്‍ ഗവേഷകര്‍ക്കുപോലും വായിക്കാന്‍ കിട്ടൂ.
വേറെ ഒരു പ്രശ്നവുമുണ്ട്. അദ്ദേഹം ഏതെല്ലാം പേരില്‍ എഴുതി എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയ പുത്രനുപോലും കൃത്യമായി പറയാന്‍ കഴിഞ്ഞിട്ടില്ല. പതഞ്ജലി, വജ്രസൂചി, ഗജകേസരി തുടങ്ങിയ പല തൂലികാനാമങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. വേങ്ങയില്‍ കുഞ്ഞിരാമന് നായനാര്‍ കേസരി എന്ന പേരില്‍ എഴുതിയപ്പോഴാണ് അതേ പ്രസിദ്ധീകരണത്തില്‍ കുമാരന് ഗജകേസരിയായത്. കഥകള്‍ക്കും ഗൗരവലേഖനങ്ങള്‍ക്കും പുറമെ മലയാളസാഹിത്യത്തില്‍ അധികമൊന്നും എഴുതപ്പെട്ടിട്ടില്ലാത്ത നര്‍മലേഖനങ്ങള്‍ – ഇംഗഌഷുകാര്‍ ഇതിനെ എസ്സെ എന്നുവിളിക്കും- അദ്ദേഹം ഒരുപാടെഴുതിയിരുന്നു. അവയും നഷ്ടപ്പെട്ടുപോയിരിക്കുന്നു.