കോഴയിലെ ഇരട്ടനീതി, അനീതി

ഇന്ദ്രൻ

99 കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടുകൂടാ എന്ന തത്ത്വം ഇവിടെ, ലക്ഷം കുറ്റവാളികള്‍ രക്ഷപ്പെട്ടോട്ടെ, ഒരു അപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന് ചെറുതായി ഭേദഗതിചെയ്തിട്ടുണ്ട്.

ബാര്‍കോഴ മഹാപാപത്തില്‍ ബലിയാടാക്കിയ ഒരു ബലിമൃഗത്തിന്റെ രക്തംവീണ് തിരുവനന്തപുരംമുതല്‍ പാലവരെയുള്ള തെരുവുകള്‍ ചുവന്നുകഴിഞ്ഞു. നിഷ്‌കളങ്കനും നിരപരാധിയുമായ പാലയുടെ മാണിക്യം സ്വയംവരിച്ച കുരിശുമായി രാഷ്ട്രീയമരണംവരിക്കാന്‍ പുറപ്പെടുംമുമ്പ് രണ്ടുവട്ടം മാധ്യമക്കാരെ കണ്ടു. ആദ്യനാളിലെ മുഖഭാവം കണ്ടാല്‍ രാജിവെക്കുന്നത് കേന്ദ്രത്തില്‍ പുതിയ ഉദ്യോഗം സ്വീകരിക്കാനോ എന്ന് തോന്നിക്കുംവിധം ശാന്തവും നിസ്സംഗവും ആയിരുന്നു. പിറ്റേന്ന്, തന്റെ ചോരയ്ക്കുവേണ്ടി കൊതിച്ചവരെക്കുറിച്ച് പറഞ്ഞപ്പോഴും ഉണ്ടായിരുന്നില്ല പ്രതികാരത്തിന്റെ കറുപ്പ്. പക്ഷേ, പരിഭവമില്ലാതില്ല. തന്നെമാത്രം ബലികൊടുത്ത് രക്ഷപ്പെട്ടുകളയുമോ മുന്നണി? കൂടെനടക്കാന്‍ ഒരു ബലിയാടെങ്കിലും…?

ബാര്‍കോഴക്കേസില്‍ ഇരട്ടനീതിയുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഇരട്ടനീതി എന്നുപറഞ്ഞത് വിനയംകൊണ്ടാവണം. കൊടിയ അനീതിയാണ് മാണിയോട് ഉണ്ടായത് എന്നാണ് പറഞ്ഞതിന്റെ അര്‍ഥം. നേരിട്ട് കോഴകൊടുത്തു എന്ന് ബാറുടമ പറഞ്ഞത് മദ്യമന്ത്രി ബാബുവിനെക്കുറിച്ചാണ്. ഈ മന്ത്രിക്കെതിരെ കേസില്ല. ഇനി കേസും രാജിയും ഉണ്ടായെന്നുതന്നെ വിചാരിക്കുക. ഭാര്യയുടെ വിശ്വാസ്യതലൈനില്‍ മന്ത്രി ബാബുവിനെ രാജിവെപ്പിച്ചു എന്നും കരുതുക. മാണിയുടെ രാജിയും ബാബുവിന്റെ രാജിയും തുല്യമാകുമോ? ബാബുവിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ജീവിതത്തിലാദ്യമായി മന്ത്രിയായതാണ്. അഞ്ചാം വട്ടവും അദ്ദേഹത്തെ ജയിപ്പിച്ചയച്ച തൃപ്പൂണിത്തുറക്കാര്‍പോലും വിശ്വസിച്ചിരുന്നില്ല അദ്ദേഹം മന്ത്രിയാകുമെന്ന്. മന്ത്രിയായാല്‍ത്തന്നെ എക്‌സൈസ് അക്ഷയഖനി കിട്ടുമെന്ന് സ്വപ്നംകാണില്ലെന്ന് ഉറപ്പ്. നാലുവര്‍ഷം ഖനിമന്ത്രിയായി. ബാബുവിന്റെ കൈയിലിരിപ്പ് കൊണ്ടായാലും അല്ലെങ്കിലും ആ അക്ഷയഖനിതന്നെ ഏതാണ്ട് വറ്റിച്ചു.

അത്യാഗ്രഹം മൂത്തിട്ടാണ് ബാറുകള്‍ പൂട്ടിക്കാന്‍ അഭിനവ മഹാത്മാഗാന്ധിമാര്‍ ഇറങ്ങിപ്പുറപ്പെട്ടത്. മദ്യം കുടിച്ച് വെളിവില്ലാതെയാണ് പുരാണത്തില്‍ യാദവകുലം അടിച്ചുനശിച്ചതെങ്കില്‍ ഈ കൂട്ടര്‍ മദ്യത്തെ ഉന്മൂലനംചെയ്യുമെന്ന് പറഞ്ഞുപുറപ്പെട്ടാണ് സ്വയം ഉന്മൂലനത്തിന്റെ വക്കത്തെത്തിയത്. ബാബുവിന് കിട്ടിയത് ലാഭം. ഇനി മന്ത്രിയാകാന്‍ സാധ്യതയും വിരളം. അതാണോ മാണിയുടെ സ്ഥിതി? യശസ്സിന്റെ യെവറസ്റ്റില്‍നിന്നല്ലേ ഉന്തിത്തള്ളി താഴെയിട്ടത് പാപികള്‍. ഇടത്തോട്ട് ഒന്ന് വളഞ്ഞാല്‍ മുഖ്യമന്ത്രിയാകാമായിരുന്നു. വീഴാതെ പിറകോട്ട് വളയാന്‍ കഴിഞ്ഞാല്‍ കേന്ദ്രമന്ത്രിതന്നെ ആകാമായിരുന്നു. ഇതാണ് ഇരട്ടനീതി, അനീതി.

ബാര്‍കോഴക്കേസില്‍ മാത്രമല്ല, വെറും കോഴക്കേസിലും ഉണ്ട് ഇരട്ടനീതി. മന്ത്രി കോടിരൂപ കോഴവാങ്ങി എന്ന് അത് കൊടുത്ത യോഗ്യന്‍തന്നെ പറഞ്ഞാലും വിശ്വസിക്കാന്‍ പാടില്ല. അവനെ നുണപരിശോധനയ്ക്ക് ഇരയാക്കണം. തെളിവ് നൂറ്റൊന്നുശതമാനംതന്നെ ഇല്ലേയെന്ന് മഷിയിട്ട് നോക്കണം. ആരെങ്കിലും പത്തുരൂപ കൈക്കൂലിചോദിച്ചുവെന്നാണ് പരാതിയെങ്കിലോ? ഉടന്‍ പൊടിയിട്ട നോട്ടും കൊടുത്തയച്ച് വിജിലന്‍സ് പോലീസ് വാതിലിനുപുറത്ത് ഒളിച്ചുനില്‍ക്കും. പോലീസ് ചാടിവീണ് കക്ഷിയെ അറസ്റ്റുചെയ്ത്, ചാനലുകാരെ വിളിച്ചുവരുത്തി, അവന്റെ കുടുംബം ആത്മഹത്യചെയ്യുന്നതിന്റെ വക്കിലെത്തിക്കും. ലക്ഷങ്ങള്‍മാത്രം കൊടുക്കുമ്പോഴാണ് കൈക്കൂലി എന്ന് പറയുക. കോടികളായാല്‍ സംഗതി ഡീസന്റാകും. കോഴ എന്നുപറയും. കോഴ സൂക്ഷിച്ച് കൈകാര്യംചെയ്യണം. തിരിഞ്ഞുകടിക്കാന്‍ സാധ്യതയുള്ള പാമ്പാണത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിപ്പോലും കോടതി വെറുതെവിടില്ല എന്ന് ഉറപ്പായാലേ മന്ത്രിമാരെ കേസില്‍ പ്രതിചേര്‍ക്കാന്‍ പാടുള്ളൂ. അതിനാണ് ത്വരിതപരിശോധന, വിജിലന്‍സ് സൂപ്രണ്ട് പരിശോധന, വിജി. ഡയറക്ടറുടെ മേല്‍നോട്ടപരിശോധന, അഡ്വ. ജനറലിന്റെ നിയമപരിശോധന, സുപ്രീംകോടതിയിലെ മിനിറ്റിന് ലക്ഷംവാങ്ങുന്ന മുന്തിയ അഭിഭാഷകന്റെ നിയമോപദേശപരിശോധന തുടങ്ങിയ ശോധനകളെല്ലാം നടത്തുന്നത്. 99 കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടുകൂടാ എന്ന തത്ത്വം ഇവിടെ, ലക്ഷം കുറ്റവാളികള്‍ രക്ഷപ്പെട്ടോട്ടെ, ഒരു അപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന് ചെറുതായി ഭേദഗതിചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി അനീതികാട്ടി എന്നുപറയാന്‍ ഒക്കില്ല. മാണിയെ അടിച്ചുവീഴ്ത്തി, വെറും എം.എല്‍.എ. മാത്രമാക്കി പാലയുടെ ചുവട്ടിലെ യക്ഷിയെപ്പോലെ അലയാന്‍ പറഞ്ഞയയ്ക്കണമെന്ന ദുഷ്ടബുദ്ധിയൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല കേട്ടോ. ഇടതുപക്ഷത്തുപോയി മുഖ്യമന്ത്രിയായി മാണി നശിച്ചുപോകരുതേ എന്നേ ഉണ്ടായിരുന്നുള്ളൂ. അതിനുള്ള ഒറ്റമൂലി അദ്ദേഹത്തിന് വീണുകിട്ടിയെന്നുമാത്രം. ബാറുടമ ബിജു ആരോപണവുമായി പത്രസ്ഥാപനംതോറും കയറിയിറങ്ങുകയോ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ രഹസ്യക്യാമറ പ്രയോഗിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ചാനല്‍ വിചാരണയില്‍ അബദ്ധത്തില്‍ നാവില്‍നിന്ന് വീണുപോയതാണ് മാണിയുടെ കാര്യം. കൂടുതല്‍ അടി ഭയന്നെങ്കിലും ബാര്‍ തുറന്നുതരും എന്നാണ് കരുതിയത്. നടന്നില്ല. പല കോടികള്‍ മുടക്കിയിട്ടും കാര്യം നടക്കാതായപ്പോള്‍ അവര്‍ അറ്റകൈപ്രയോഗം നടത്തി. ബാറുടമകള്‍ അഴിമതിവിരുദ്ധ ഹരിശ്ചന്ദ്രന്മാരായി. അല്ലാതെന്ത് ?

മാണി ഇനി കൂടുതല്‍ ദ്രോഹംചെയ്യില്ല. ഒന്നരവര്‍ഷത്തെ ബാര്‍കോഴ അപവാദം കൊണ്ടുതന്നെ ഹൈക്കമാന്‍ഡ് ആദര്‍ശവാദികള്‍ മുതല്‍ കെ.പി.സി.സി. ആദര്‍ശവാദികള്‍വരെ ഉടുതുണി ഇല്ലാത്തവരായിട്ടുണ്ട്. അതിന്റെ ഫലം തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പിലും കണ്ടു. ഇതിന്റെയെല്ലാം പരിഹാരത്തിനായി കോണ്‍ഗ്രസ് പതിവുപോലെ കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ രക്ഷായാത്ര നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. രക്ഷായാത്രയെ സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ഇത്രയും ആവേശവും ആത്മവീര്യവും മറ്റൊരു സന്ദര്‍ഭത്തിലും ഉണ്ടാവില്ലെന്ന് ഉറപ്പാണ്. രക്ഷായാത്രയ്ക്ക് ഇട്ട പേര് അര്‍ഥഗര്‍ഭം. ‘ജനരക്ഷായാത്ര’ ജനങ്ങളേ, ഞങ്ങളെ രക്ഷിക്കണേ എന്ന് കേഴാനുള്ള യാത്ര.
****

കോണ്‍ഗ്രസ് ദീര്‍ഘകാലമായി വളര്‍ത്തിയെടുത്ത ഗ്രൂപ്പ് പോര്, സ്ഥാനം പിടിച്ചുപറി, സഹപ്രവര്‍ത്തകന്റെ കാലുവാരിസംസ്‌കാരത്തിന്റെ ഫലങ്ങള്‍ തിരഞ്ഞെടുപ്പില്‍ കാണാനായി. യു.ഡി.എഫിനെ തോല്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചതും ഇതുതന്നെ.
നേരത്തേ ഈ സംസ്‌കാരത്തിന്റെ പ്രചോദനം  ധനമോഹം, സ്ഥാനമോഹം തുടങ്ങിയ മേഖലകളില്‍ ഒതുങ്ങിയിരുന്നു. പരസ്പരം തല്ലാറുണ്ടെങ്കിലും കൊല്ലാറില്ല. ആഗോളീകരണ കാലത്ത് അത്തരം നിര്‍ബന്ധങ്ങളൊന്നും ആവശ്യമില്ല. അത്യാവശ്യം കൊല്ലുകയുമാവാം. തൃശ്ശൂരില്‍ ആദ്യം സാമ്പിള്‍ നോക്കി. വയനാട്ടില്‍ ജില്ലാസെക്രട്ടറിയുടെ ആത്മഹത്യയിലെത്തിച്ചത് ഒരുതരത്തില്‍ കൊലതന്നെ. നേതാക്കളുടെയും സഹപ്രവര്‍ത്തകരുടെയും ക്രൂരവഞ്ചനയുടെ ഫലം.
സഹകോണ്‍ഗ്രസ്സുകാര്‍ മാത്രമല്ല, സാംസ്‌കാരികൗന്നത്യത്തിന് ഇരകളായത്. കാലുവാരലിന്റെയും സ്ഥാനപ്പോരിന്റെയും കഥകള്‍ മുന്നണിഘടകകക്ഷികള്‍ക്ക് ഏറെ പറയാനുണ്ട്. രണ്ട് മുന്നണികള്‍ തമ്മിലെ വോട്ടുവ്യത്യാസം കാല്‍ലക്ഷത്തില്‍ താഴെയേ ഉള്ളൂ എന്നാണ് ഇലക്ഷന്‍ കമ്മിഷന്റെ കണക്കുകളില്‍ കാണുന്നത്. സോളാറോ ബാറോ അതല്ല കാലുവാരല്‍സംസ്‌കാരമോ കൂടുതല്‍ ഗുണംചെയ്തത്?
****
ഓര്‍ഗനൈസര്‍ ആര്‍.എസ്.എസ്. മുഖപത്രമല്ല എന്ന് അവര്‍ തള്ളിപ്പറയില്ല. ‘ദേശീയ, അന്തര്‍ദേശീയ വിഷയങ്ങളില്‍ വ്യക്തതയും നിഷ്പക്ഷതയുമുള്ള കാഴ്ചപ്പാടുകള്‍ക്കും മായംചേര്‍ക്കാത്ത ദേശസ്‌നേഹം ഉള്‍ക്കൊള്ളാനും വായിക്കേണ്ട പ്രസിദ്ധീകരണമാണ്’ അതെന്ന് ഗുരുജി ഗോള്‍വള്‍ക്കര്‍ പറഞ്ഞതായി പ്രസിദ്ധീകരണത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നുമുണ്ട്. സ്വാഭാവികമായും വ്യക്തത, നിഷ്പക്ഷത, ദേശസ്‌നേഹം തുടങ്ങിയ ഗുണങ്ങള്‍ കേരളത്തെക്കുറിച്ച് ഈ വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനും ഉണ്ടാകുമല്ലോ. ‘ദൈവത്തിന്റെ രാജ്യമോ ദൈവമില്ലാത്തവരുടെ രാജ്യമോ’ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍നിന്നുള്ള ‘നിഷ്പക്ഷരാജ്യസ്‌നേഹ’ പരാമര്‍ശങ്ങള്‍ മുഴുവന്‍ ഇവിടെക്കൊടുത്ത് ന്യൂസ് പ്രിന്റ് പാഴാക്കുന്നത് രാജ്യദ്രോഹമാകാനിടയുണ്ട്. എങ്കിലും ഒരാസ്വാദനത്തിന് മൂന്നെണ്ണമാവാം: ‘കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കേരളത്തിലെ ഹിന്ദുക്കളോട് ഹിന്ദുമതത്തെക്കുറിച്ച് ചോദിച്ചാല്‍ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറയും, കേരള ഹിന്ദുക്കള്‍ക്ക് കൂട്ടായ ദൈവിക ആത്മബോധമില്ല, കേരള ഹൗസില്‍ റെയ്ഡ് നടത്തിയതിനും തുടര്‍സംഭവങ്ങള്‍ക്കും കേരളത്തിലെ ഒഴികെ മുഴുവന്‍ ഭാരതത്തിലെയും ഹിന്ദുക്കള്‍ വലിയ വാര്‍ത്താപ്രാധാന്യം നല്‍കി’. മൊത്തം 150 വരികളുള്ള ലേഖനത്തിലെ ആദ്യത്തെ 12 വരിയിലാണ് ഈ മൂന്ന് മഹദ്വചനങ്ങളുമുള്ളത്.
ആകെ മൊത്തം വായിച്ചാല്‍ പ്രാന്തായിപ്പോകും. അസഹിഷ്ണുതയ്‌ക്കെതിരെ പറയുന്നവരെ പാകിസ്താനിലേക്ക് കയറ്റിയയയ്ക്കാം. കേരളീയരെ അവര്‍പോലും സ്വീകരിക്കില്ല. ദൈവമില്ലാത്തവരെ അവര്‍ കഥകഴിക്കും. നമ്മളെന്തുചെയ്യും?

Leave a Reply

Your email address will not be published. Required fields are marked *

Go Top