തോല്‍പ്പിച്ചത് ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷിയോ ധാര്‍മികതയോ?

എൻ.പി.രാജേന്ദ്രൻ

അഴിമതിയും അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും ലൈംഗികചൂഷണവും വഞ്ചനയും പണക്കൊതിയും എല്ലാം നിറഞ്ഞുനിന്ന അത്യപൂര്‍വമായ ഒരു രാഷ്ട്രീയപവാദമായിരുന്നു സോളാര്‍ കേസ്. കേസ്സില്‍ കോടതിയില്‍നിന്നുണ്ടായ ഒരു പ്രതികൂലനടപടിയുടെ മുന്നില്‍ രാജിയാവശ്യം ശക്തിപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. ഞാന്‍ എന്തിന് രാജിവെക്കണം? ‘എന്റെ മനസ്സാക്ഷിക്ക് മുന്നില്‍ ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. ധാര്‍മികതയ്ക്ക് അപ്പുറത്താണ് മനസ്സാക്ഷിയുടെ ശക്തി’.

നാല് മാസം മുമ്പാണ് ഉമ്മന്‍ചാണ്ടി ഇതുപറഞ്ഞത്. മനസ്സാക്ഷിയുടെ കരുത്താണ് തന്റേതെന്ന് ഉറപ്പിച്ചുപറഞ്ഞ അദ്ദേഹം ഈ നിയമസഭാതിരഞ്ഞെടുപ്പിന് ശേഷം ഒരു ചോദ്യം തന്നോടുതന്നെ ചോദിക്കേണ്ടിവരും. മനസ്സാക്ഷിയാണോ ധാര്‍മികതയാണോ വലുത്?  അദ്ദേഹത്തിന്റെ ഉത്തരം എന്തായിരുന്നാലും ശരി, ജനങ്ങള്‍ സംശയലേശമെന്യേ ഉത്തരം നല്‍കിക്കഴിഞ്ഞു. അങ്ങയുടെ മനസ്സാക്ഷി എന്തോ ആവട്ടെ, അങ്ങയുടെ ധാര്‍മികതയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല, കഠിനമായി അവിശ്വസിക്കുകയു ചെയ്യുന്നു. ഉമ്മന്‍ചാണ്ടി എന്ന ഭരണാധികാരിയുടെ ധാര്‍മികതയുടെ ഭീമന്‍ പരാജയയാണ് യഥാര്‍ത്ഥത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ പരാജയം.

തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയുടെയും സര്‍ക്കാറിന്റെയും വീഴ്ചകള്‍ പലതും  ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സ•നസ്സ് കാണിച്ചിട്ടുള്ള നേതാവാണ് ഉമ്മന്‍ചാണ്ടി. വിമര്‍ശകരെ തോല്‍പ്പിക്കാനുള്ള അദ്ദേഹത്തിന്റെ ഒരു തന്ത്രമായി അന്നാരും അതിനെ നോക്കിക്കണ്ടിരുന്നില്ല. പക്ഷേ, ജനവിധി തന്റെയും സര്‍ക്കാറിന്റെയും മുന്നണിയുടെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരാണ് എന്നുറപ്പായ ഘട്ടത്തില്‍ അദ്ദേഹത്തിന് പഴയ സ•നസ്സ് നഷ്ടപ്പെട്ടതായി തോന്നി. പരാജയത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം സ്വയം ഏറ്റെടുത്തില്ല. പാര്‍ട്ടിക്കും മുന്നണിക്കും ആണ് ഉത്തരവാദിത്തമെന്നും അതിന്റെ നേതാവായ തനിക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നും ഉള്ള വാചകം പ്രത്യക്ഷത്തില്‍ ശരിയാണ് എന്ന് തോന്നാമെങ്കിലും തീര്‍ത്തും വ്യക്തികേന്ദ്രീകൃതമായ ശൈലിയില്‍ അഞ്ചുവര്‍ഷം ഭരണം നടത്തിയ ഒരു നേതാവ്, പരാജയത്തിന്റെ ഉത്തരവാദിത്തം മറ്റുള്ളവരിലേക്ക് കൂടി ചാരിനിര്‍ത്തുകയായിരുന്നു എന്നു വ്യക്തം. യഥാര്‍ത്ഥത്തില്‍ ഈ പരാജയം ഗവണ്മെന്റിന്റെ, മുന്നണിയുടെ പരാജയം എന്നതിനേക്കാളേറെ ഉമ്മന്‍ചാണ്ടി എന്ന യു.ഡി.എഫ് തലവന്റെ പരാജയം തന്നെയാണ്.

പ്രീണനമായിരുന്ന പ്രധാനം

മന്ത്രിമാര്‍ ഇരുപതുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി എല്ലാറ്റിന്റെയും മന്ത്രിയായിരുന്നു എന്ന് തലസ്ഥാനത്തെ ഭരണകാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുള്ളവര്‍ക്കറിയാം. നിയമസഭയില്‍ ഏത് വകുപ്പിനെക്കുറിച്ച് ചോദ്യമുണ്ടായാലും അവസാന മറുപടി മുഖ്യമന്ത്രിയുടേതായിരുന്നു. സുപ്രധാനഫയലുകള്‍ മുഖ്യമന്ത്രിയുടെ അടുത്തെത്താതെ തീരുമാനമുണ്ടാകാറില്ല. കൂട്ടുമന്ത്രിസഭകളില്‍ പൊതുവെ, തീരുമാനങ്ങള്‍ മന്ത്രിയുടെ കക്ഷികളിലാണ് ഉണ്ടാവാറുള്ളതെന്ന് അറിയാത്തവരില്ല. കേന്ദ്രസര്‍ക്കാറില്‍ പോലും ഇതായിരുന്നു സ്ഥിതി എന്നതിന് ഡോ.മന്‍മോഹന്‍സിങ്ങിന്റെ ഭരണകാലത്തേക്കാള്‍ നല്ല തെളിവ് വേറെയില്ല. മുഖ്യമന്ത്രിമാരുടെയെന്നല്ല, പ്രധാനമന്ത്രിയുടെ പോലും ഇടപെടല്‍ ഘടകകക്ഷികള്‍ പൊറുപ്പിക്കാറില്ല. കയറൂരി മേഞ്ഞ ഘടകകക്ഷികളായിരുന്നു യു.പി.എ ഗവണ്മെന്റിന്റെ മിക്കവാറും ചീത്തപ്പേരുകള്‍ക്കും ഉത്തരവാദികള്‍.

പക്ഷേ, എല്ലാറ്റിലും ഇടപെടുമായിരുന്നുവെങ്കില്‍പ്പോലും ഉമ്മന്‍ചാണ്ടിയോട് ഘടകകക്ഷികള്‍ക്കൊന്നും അപ്രിയം ഉണ്ടായിരുന്നില്ല. കാരണം, അവരുടെയെല്ലാം നല്ലതും ചീത്തയുമായ എല്ലാ നടപടികള്‍ക്കും അദ്ദേഹം കൂട്ടുനിന്നിരുന്നു. തെറ്റായ കാര്യങ്ങള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തുന്നവരോടുപോലും, പാലയിലും പാണക്കാട്ടും പോയി കാര്യം പറഞ്ഞേക്കൂ എന്നദ്ദേഹം പറയാറുണ്ട് എന്ന് തലസ്ഥാനത്ത് ഭരണത്തിന്റെ ഉപശാലകളില്‍ ഉള്ളവര്‍ക്കറിയാം. മന്ത്രിമാരെയും ഘടകകക്ഷികളെയും ഇത്രയേറെ തൃപ്തിപ്പെടുത്തിയതുകൊണ്ടാണ് രണ്ടംഗഭൂരിപക്ഷത്തോടെ അധികാരമേറ്റ അദ്ദേഹത്തിന് അഞ്ചുവര്‍ഷംതികക്കാന്‍ കഴിഞ്ഞത്. നിയമസഭായോഗത്തിനിടയില്‍ ആരെങ്കിലും ടോയ്‌ലറ്റില്‍ പോയാല്‍ മന്ത്രിസഭ വീണേക്കും എന്ന് പരിഹസിക്കപ്പെട്ട ഭൂരിപക്ഷമായിരുന്നല്ലോ അത്. ഉമ്മന്‍ചാണ്ടിക്കല്ലാതെ മറ്റാര്‍ക്കും ഈ ഞാണി•േല്‍കളി സാധ്യമായിരുന്നില്ല. അതായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. പക്ഷേ, അതുതന്നെയായി അദ്ദേഹത്തിന്റ ദൗര്‍ബല്യവും പരാജയവും.

ധാര്‍മികപരിഗണനകള്‍ ഇല്ലാതെ, ശരിതെറ്റുകളെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ, എല്ലാവരെയും പ്രീതിപ്പെടുത്താന്‍ സ്വീകരിച്ച് നടപടികളാണ് ഗവണ്മെന്റിന്റെ എല്ലാ ചീത്തപ്പേരുകള്‍ക്കും നിദാനമായത്. കുറുക്കുവഴികളിലൂടെ എന്തും ചെയ്യാനാവുമെന്നും ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്നുമുള്ള തത്ത്വചിന്തയാണ് അദ്ദേഹത്തെ നയിക്കുന്നതെന്ന് തെളിയിച്ച നടപടികള്‍ എത്രവേണമെങ്കിലും ചൂണ്ടിക്കാട്ടാന്‍ കഴിയും. മന്ത്രിസഭയുടെ അഞ്ചുവര്‍ഷത്തെ നിലനില്‍പ്പിനേക്കാള്‍ പ്രാധാന്യമുള്ള മറ്റൊന്നുമില്ലെന്നായി. ഒരുപക്ഷേ ആര്‍.ബാലകൃഷ്ണപിള്ളയുടെയും പി.സി.ജോര്‍ജിന്റെയും ഡിമാന്‍ഡുകള്‍ക്കേ അദ്ദേഹം വഴങ്ങാതിരുന്നിട്ടുള്ളൂ. അതുപോലും, അവര്‍ക്ക് വഴങ്ങുന്നത് ലാഭത്തേക്കാളേറെ നഷ്ടമുണ്ടാക്കുമെന്ന് ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നുപറയാം. ബാലകൃഷ്ണപിള്ളയെ കൂടെക്കൂട്ടാന്‍മാത്രം അധാര്‍മികത ഇടതുപക്ഷത്തിനുണ്ടാവില്ല എന്നദ്ദേഹം ധരിച്ചിരിക്കാം!  അഴിമതിക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയെ പുത്രന് സീറ്റ് കൊടുത്ത് ഇടതുമുന്നണി കൂടെനിര്‍ത്തുമെന്നും ‘അഴിമതിവിരുദ്ധപോരാളി’യായ പി.സി.ജോര്‍ജിന് സീറ്റ് പോലും കൊടുക്കാതെ ഇടതുമുന്നണി അകറ്റുമെന്നും ഉമ്മന്‍ചാണ്ടി എങ്ങനെ ധരിക്കാനാണ്‍. ആദ്യമെല്ലാം ഉമ്മന്‍ചാണ്ടിയുടെ എല്ലാ ഗൂഢപദ്ധതികളിലും കൂട്ടാളിയായിരുന്നു പി.സി.ജോര്‍ജ്. ഒന്നുകില്‍ മാണിയെ ശത്രുവാക്കണം, അല്ലെങ്കിലും പി.സി.ജോര്‍ജിനെ ശത്രുവാക്കണം എന്ന പ്രതിസന്ധി വന്നപ്പോഴാണല്ലോ ഉമ്മന്‍ചാണ്ടി ജോര്‍ജിനെ വെടിഞ്ഞത്. മാണിയേക്കാള്‍ വലിയ ന്യൂയിസന്‍സ് വാല്യൂ ഉള്ള ശത്രു പി.സി.ജോര്‍ജ് ആയിരുന്നെങ്കിലും മാണിക്കേ അപ്പോള്‍ മന്ത്രിസഭ തകര്‍ക്കാന്‍ കഴിയുമായിരുന്നുള്ളൂ എന്നറിയാത്തവരില്ല.

അനുദിനം തകര്‍ന്ന പ്രതിച്ഛായ

പാര്‍ട്ടിക്കകത്തെ ഗ്രൂപ്പുകളുടെയും ഘടകകക്ഷികളുടെയു സമ്മര്‍ദ്ദങ്ങള്‍ക്കുമുന്നില്‍ വിട്ടുവീഴ്ചകള്‍ക്ക് സന്നദ്ധനാവാറുണ്ടെങ്കിലും അനുദിനം മോശമായിക്കൊണ്ടിരുന്ന പ്രതിഛായ മെച്ചപ്പെടുത്താന്‍ മുഖ്യമ്ര്രന്തി എന്തെങ്കിലും ചെയ്‌തോ എന്ന ചോദ്യത്തിന് ഒന്നും ചെയ്തില്ല എന്നേ മറുപടി കിട്ടൂ. ഇതിനേക്കാള്‍ നല്ല പ്രതിച്ഛായ ഉണ്ടായിരുന്ന ഘട്ടത്തിലാണ് പണ്ട് കെ.കരുണാകരന്റെ രാജി എ ഗ്രൂപ്പുകാര്‍ ആവശ്യപ്പെട്ടതും അദ്ദേഹത്തെ പുകച്ചുപുറത്തുചാടിച്ചതും. പക്ഷേ, ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസ്സിലൊരു ഗ്രൂപ്പും നേതൃമാറ്റം ആവശ്യപ്പെട്ടില്ല. പഞ്ചായത്ത് തിരഞ്ഞെടപ്പില്‍ പരാജയപ്പെട്ടിരുന്നുവെങ്കിലും അതുണ്ടായില്ല. തൊലിപ്പുറമെയുള്ള പരിഹാരങ്ങള്‍ കൊണ്ടൊന്നും പ്രയോജനമുണ്ടാവില്ല എന്നു പറഞ്ഞപ്പോള്‍ ആഭ്യന്തരമന്്രി രമേശ് ചെന്നിത്തല എന്താണ് ഉദ്ദേശിച്ചത് എന്നതിനെക്കുറിച്ച് പല വ്യാഖ്യാനങ്ങളുണ്ടാകാം. നേതൃമാറ്റം അദ്ദേഹത്തിന്റെ മനസ്സിലൂണ്ടായുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ഹൈക്കമാന്‍ഡിന് അയച്ച കത്ത് പിന്നീട് പുറത്തുവന്നപ്പോള്‍ അതൊരു വ്യക്തമായ തെളിവായി.

കരുണാകരന്‍-ആന്റണി കാലഘട്ടത്തിലെ തുറന്ന ഗ്രൂപ്പിസം ചാണ്ടി-സുധീരന്‍-ചെന്നിത്തല കാലത്ത് മുഖംമൂടിയുള്ള ഗ്രൂപ്പിസമായി രൂപാന്തരപ്പെട്ടതും കോണ്‍ഗ്രസ്സിന് വിനയാവുകയാണുണ്ടായത്. എക്കാലത്തും തിരുത്തല്‍ ശക്തിയായിരുന്ന വി.എം. സുധീരനെ കെ.പി.സി.സി പ്രസിഡന്റ് ആക്കിയതോടെ അദ്ദേഹത്തിന് പല സുപ്രധാനപ്രശ്‌നങ്ങളിലും പരസ്യനിലപാടുകള്‍ എടുക്കാന്‍ പറ്റാതാവുന്നത് പ്രകടമായിരുന്നു. നേതൃസ്ഥാനത്തിരിക്കുന്ന ഒരാള്‍ പാലിക്കേണ്ട കളിയിലെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് എങ്ങനെയാണ് അധാര്‍മികതകള്‍ക്കെതിരെ പോരാടാനാവുക? അച്ചടക്കം പാലിക്കലും ഐക്യം നിലനിര്‍ത്തലും കെ.പി.സി.സി. പ്രസിഡന്റിന്റെ ഉത്തരവാദിത്തമായിരുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശൗര്യം പണ്ടേപ്പോലെ ഫലിക്കാതായിത്തീര്‍ന്നിരുന്നു. സുധീരന്‍ കെ.പി.സി.സി. പ്രസിഡന്റ്് അല്ലായിരുന്നുവെങ്കില്‍ സോളാര്‍ പ്രശ്‌നത്തില്‍ അദ്ദേഹം മുഖ്യമന്ത്രിയെ ന്യായീകരിക്കുമായിരുന്നോ? ബാര്‍കോഴക്കേസ്സില്‍ മാണിയുടെയും കെ.ബാബുവിന്റെയും രാജി, കോടതിപരാമര്‍ശം വരുന്നതിനു മുമ്പേ തന്നെ ആവശ്യപ്പെടുമായിരുന്നില്ലേ?

അരുവിക്കര, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണ് എന്ന തെറ്റിദ്ധാരണ ഉമ്മന്‍ചാണ്ടിയുലും യു.ഡി.എഫ് കക്ഷികളിലും സൃഷ്ടിച്ചിരുന്നു എന്നത് സത്യമാണ്. ജി.കാര്‍ത്തികേയനോടുള്ള ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകടനം മാത്രമായിരുന്നു അരുവിക്കരയിലേതെന്ന് നിരീക്ഷകരും തിരിച്ചറിഞ്ഞിരുന്നില്ല. കേന്ദ്രത്തില്‍ ബി.ജെ.പി. ഭരണകൂടം വരാതിരിക്കാന്‍ ന്യൂനപക്ഷങ്ങളും മതേതരചിന്താഗതിക്കാരായ മറ്റുപല വിഭാഗങ്ങളും യു.ഡി.എഫിന് വോട്ട് ചെയ്തതാണ് ലോക്‌സഭാ വിജയത്തിന് കാരണമെന്നതും തിരിച്ചറിയപ്പെട്ടില്ല. മെട്രോ റെയിലും പാലങ്ങളും മറ്റും ഉണ്ടാക്കിയതിന്റെ ക്രഡിറ്റില്‍ കേരളജനത തങ്ങളെ തുടര്‍ന്നും നെഞ്ചേറ്റുമെന്നും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും വിശ്വസിക്കാന്‍ മാത്രം മൂഡരുടെ സ്വര്‍ഗത്തിലെത്തിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും യു.ഡി.എഫ് നേതൃത്വം.

അവസാനത്തെ ആണി

തിരഞ്ഞെടുപ്പ് മുന്നിലെത്തി, മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുമ്പായിപ്പോലും തുടര്‍ച്ചയായി മന്ത്രിസഭായോഗം ചേര്‍ന്ന് എണ്ണിയാല്‍ത്തീരാത്ത അസാധാരണ അധാര്‍മികതകള്‍ക്ക് മുതിര്‍ന്നപ്പോള്‍ കെ.പി.സി.സി. പ്രസിഡന്റിനുപോലും കണ്ടില്ലെന്ന് നടിക്കാനായില്ല. ഏറ്റുമുട്ടലൊഴിവാക്കാന്‍ പലതും മുഖ്യമന്ത്രി റദ്ദാക്കി. ഒടുവില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഹൈക്കമാന്‍ഡിന് മുന്നിലെത്തിയപ്പോഴേ കെ.പി.സി.സി. പ്രസിഡന്റിന്റെ ആദര്‍ശം ഉണര്‍ന്നുള്ളൂ. അതാവട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടാവുകയും ചെയ്തു. കെ.പി.സി.സി.യില്‍ തീരൂമാനത്തിന് വന്ന വിഷയത്തില്‍ അപ്പോഴൊന്നും മിണ്ടാതിരുന്ന പ്രസിഡന്റാണ് വിഷയം ഹൈക്കമാന്‍ഡില്‍ എത്തിയപ്പോള്‍ സടകടഞ്ഞെഴുനേറ്റത്. അത് ഗുണമൊന്നും ചെയ്തില്ല, ഒരുപാട് ദോഷമാവുകയും ചെയ്തു. യു.ഡി.എഫ് സാധ്യതകള്‍ക്ക് അത് ശവപ്പെട്ടിയിലെ അവസാനത്തെ ആണിയുമായി.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സംഘപരിവാറിനെതിരെ ന്യൂനപക്ഷ വോട്ട് ധ്രുവീകരണം ഉണ്ടായി എന്നും അത് എല്‍.ഡി.എഫിന് സഹായകമായി എന്നും സകലര്‍ക്കും ബോധ്യപ്പെട്ടതാണ്. പക്ഷേ, മുഖ്യമന്ത്രി അത് കണ്ടില്ലെന്ന് നടിച്ചു. സംഘപരിവാറിനെതിരെ എല്‍.ഡി.എഫിനേക്കാള്‍ ഫലപ്രദമായ ശക്തി യു.ഡി.എഫാണ് എന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ ശ്രമമുണ്ടായില്ല. എന്നുമാത്രമല്ല, ബി.ജെ.പി.യുമായി അലിഖിത ധാരണയ്ക്ക് യു.ഡി.എഫ് ശ്രമിക്കുന്നു എന്ന ധാരണ പരക്കാന്‍ സഹായിക്കുകയും ചെയ്തു. യൂ.ഡി.എഫും ബി.ജെ.പി.യും തമ്മിലുള്ള ധാരണയ്ക്ക് പാലമാകാനാണ് വെള്ളാപ്പള്ളി നടേശന്റെ ബി.ജെ.ഡി.എസ്്ശ്രമിക്കുന്നതെന്ന ധാരണയും പരന്നു. ബി.ജെ.ഡി.എസ് എന്ന ആശയംതന്നെ ഉമ്മന്‍ചാണ്ടിയുടേതാണ് എന്ന് കരുതുന്നവര്‍ പോലുമുണ്ട്്. ബി.ജെ.പി.യും ബി.ജെ.ഡി.എസ്സും പിടിക്കുക എല്‍.ഡി.എഫിന്റെ ഈഴവ വോട്ടാണ് എന്ന അബദ്ധധാരണയാണ് ഈ തെറ്റായ തന്ത്രത്തിനും പിന്നിലെന്ന് നിരീക്ഷകര്‍ കരുതുന്നുണ്ട്.

നേമത്തെ വീഴ്ച്ച

ഒ.രാജഗോപാല്‍ ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പില്‍ അരലക്ഷം വോട്ടുപിടിച്ച് ഒന്നാം സ്ഥാനത്തെത്തിയ നേമം മണ്ഡലത്തില്‍ യു.ഡി.എഫ് ആയിരുന്നു രണ്ടാം സ്ഥാനത്ത്. ഇവിടെ ഒ.രാജഗോപാല്‍ നിയമസഭയിലേക്ക്  മത്സരിച്ചപ്പോള്‍ എന്താണ് യു.ഡി.എഫ് ചെയ്തത്? തലേന്ന് വരെ കേരള കോണ്‍ഗ്രസ്സിന്റെ ഒരു ഈര്‍ക്കില്‍ ഗ്രൂപ്പിനൊപ്പം ഇടതുപക്ഷത്ത് നില്‍ക്കുകയും സ്ഥാനാര്‍ത്ഥിത്വം കിട്ടില്ലെന്ന് വന്നപ്പോള്‍ അവസാനനിമിഷം യു.ഡി.എഫിലേക്ക് ചാടുകയും ചെയ്ത സുരേന്ദ്രന്‍പിള്ളയെ ജനതാദള്‍(യു) സ്ഥാനാര്‍ഥിയാക്കിയത് ആരുടെ ദുര്‍ബുദ്ധിയായിരുന്നെങ്കിലും  ഒ.രാജഗോപാലനെ ജയിപ്പിക്കാനുള്ള കള്ളക്കളിയായി അതെന്നേ അരിയാഹാരം കഴിക്കുന്ന ഏതൊരാള്‍ക്കും തോന്നൂ.

യു.ഡി.എഫിനൊപ്പം നില്‍ക്കേണ്ടിയിരുന്ന നല്ലൊരു പങ്ക് ന്യനപക്ഷവോട്ടര്‍മാര്‍, പചാരണം മൂര്‍ദ്ധന്യത്തില്‍ എത്തുമ്പോഴേക്കുതന്നെ എല്‍.ഡി.എഫ് പക്ഷത്തേക്ക് നീങ്ങുന്നതായി വ്യക്തമായ സൂചനകളുണ്ടായിരുന്നു. അതൊന്നും തടയാന്‍ ശ്രമിച്ചില്ല. എ.കെ. ആന്റണി മാത്രമാണ് ഇതിനെ ചെറുതായെങ്കിലും ചെറുക്കാന്‍ ശ്രമിച്ചുള്ളൂ. അപ്പോഴേക്കും സമയം നന്നേ വൈകിയിരുന്നു. യു.ഡി.എഫ് നീക്കങ്ങളെല്ലാം ഒരു അബദ്ധധാരണയുടെ ബലത്തിലായിരുന്നു. എല്‍.ഡി.എഫ് പക്ഷത്തേക്ക് വെള്ളാപ്പള്ളി നടേശന്‍ കൊണ്ടുപോവുക ഇടതുപക്ഷവോട്ടുകളാവുമെന്നും ഇത് യു.ഡി.എഫിനാണ് സഹായകമാവുക എന്നും ഉള്ള അബദ്ധധാരണ പാടെ തകര്‍ന്നുപോയി. സമദൂരത്തെക്കുറിച്ച് എന്‍.എസ്.എസ്സ് എന്തുപറഞ്ഞാലും നായര്‍ വോട്ടുകളാണ് കൂടുതല്‍ ബി.ജെ.പി.യിലേക്ക് നീങ്ങിയത് എന്ന സത്യം അവശേഷിക്കുന്നു. മുന്‍കാലത്ത് യു.ഡി.എഫിനൊപ്പം നിന്ന സമ്പന്ന ഈഴവ വോട്ടുകളും ബി.ജെ.പി.യിലേക്ക് പോയി. പക്ഷേ, പാവപ്പെട്ട ഈഴവരും ന്യൂനപക്ഷവും ഇടതുപക്ഷത്തിനൊപ്പം നിന്നു. ശക്തിയുള്ള ഒരു കക്ഷി പോലും കൂടെ ഇല്ലാതിരുന്നിട്ടും സി.പി.എമ്മിന് സീറ്റുകള്‍ തൂത്തുവരാനായി. എല്ലാം യു.ഡി.എഫിന് അകമഴിഞ്ഞ സഹായം കൊണ്ടുതന്നെ.

യുദ്ധം ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യം എന്നുവരുമ്പോള്‍ അവിടെ ധാര്‍മികതയും ഉണ്ടാവില്ല, മനസ്സാക്ഷിയും ഉണ്ടാവില്ല. ലക്ഷ്യം നേടാന്‍ ചെയ്യുന്ന എന്തിനെയും മനസ്സാക്ഷി ന്യായീകരിക്കും. പക്ഷേ, അത് ജനങ്ങള്‍ അംഗീകരിക്കണമെന്നില്ല. രാഷ്ട്രീയം ധാര്‍മികതയുടെ പോരാട്ടമാവുമ്പോഴേ ജനത ഒപ്പം നില്‍ക്കൂ. അത് പലവട്ടം തെളിയിക്കപ്പെട്ട കാര്യമാണ്.ഉമ്മന്‍ചാണ്ടിയെ ബോധ്യപ്പെടുത്താന്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കപ്പെട്ടു. ഇനിയും പലവട്ടം ആവര്‍ത്തിക്കപ്പെടും എന്നും ഉറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Go Top