അപകീര്‍ത്തി ക്രിമിനല്‍ കുറ്റമായി തുടരുമ്പോള്‍..

എൻ.പി.രാജേന്ദ്രൻ

വ്യക്തികള്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുന്നത് ക്രിമിനല്‍ കുറ്റമായിത്തന്നെ തുടരണം എന്ന സുപ്രിംകോടതിയുടെ വിധി അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്ന എല്ലാ വിഭാഗം ആളുകള്‍ക്കും വലിയ തിരിച്ചടിയായി. നിരവധി രാജ്യങ്ങള്‍, മാനനഷ്ടമുണ്ടാക്കുന്നത് ഒരു സിവില്‍ കുറ്റം മാത്രമാക്കി നിയമം മാറ്റിക്കൊണ്ടിരിക്കെയാണ് ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ഇത്തരമൊരു തിരിച്ചടിയുണ്ടാക്കിയിരിക്കുന്നത്.

അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്ന ഒട്ടേറെ സംഘടനകളും വ്യക്തികളും മാനനഷ്ടം ക്രിമിനല്‍കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യവസ്ഥകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുവരികയായിരുന്നു. ഭരണഘടന ഉറപ്പുനല്‍കിയ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മാത്രം ബലത്തിലാണ് ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം നിലകൊള്ളുന്നത്. പൊതുതാല്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ബാധ്യസ്ഥരാണ് മാധ്യമപ്രവര്‍ത്തകര്‍. ചുമതല നിര്‍വഹിച്ചതിന്റെ പേരില്‍ ക്രിമിനലുകളായി മുദ്ര കുത്തപ്പെടുകയും ക്രിമിനല്‍നിയമപ്രകാശമുള്ള ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്യേണ്ടിവരുന്നതിന്റെ ജനാധിപത്യവിരുദ്ധമായ വശം സുപ്രിംകോടതിതന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് യു.യു.ലളിത് എന്നിവരടങ്ങിയ സുപ്രിം കോടതി ബെഞ്ച് 2014 ഒക്‌റ്റോബര്‍ മുപ്പതിന് ഒരു മാനനഷ്ടക്കേസ് വിചാരണക്കിടെ നിയമം പുനപരിശോധിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. ബി.ജെ.പി.നേതാവ് സുബ്രഹ്മണ്യംസ്വാമിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നല്‍കിയ മാനനഷ്ടക്കേസ്സിന്റെ വിചാരണയായിരുന്നു അത്. അഭിപ്രായസ്വാതന്ത്ര്യത്തിന്മേല്‍ ഭരണഘടന അനുവദിച്ച ന്യായമായ നിയന്ത്രണങ്ങള്‍ എന്ന പരിധിക്കപ്പുറം വരുന്നതാണ് ക്രിമിനല്‍കുറ്റമാക്കലെന്നായിരുന്നു സുബ്രഹ്മണ്യംസ്വാമിയുടെ വാദം.

ഇതിന് മുമ്പ് ഒട്ടനവധി കേസ്സുകളില്‍ ഈ നിയമവകുപ്പിന്റെ ഭരണഘടനാവിരുദ്ധസ്വഭാവം കക്ഷികള്‍ ഉന്നയിച്ചിരുന്നുവെങ്കിലും കോടതികള്‍ അതിലേക്ക് കടന്നിരുന്നില്ല. ഇത്തവണ കോടതി അത് ഗൗരവപൂര്‍വം പരിഗണിച്ചെങ്കിലും രണ്ടംഗബെഞ്ചിന്റെ അവസാനവിധി അഭിപ്രായസ്വാതന്ത്ര്യത്തെ ബലപ്പെടുത്തുന്നതായില്ല എന്നാണ് പൊതുവായ നിഗമനം. ദി ഹിന്ദു ഉള്‍പ്പെടെ നിരവധി പത്രങ്ങള്‍ വിധിയില്‍ നിരാശ പ്രകടിപ്പിച്ചുകൊണ്ടുള്ള മുഖപ്രസംഗങ്ങള്‍ എഴുതി.

പത്രസ്ഥാപനങ്ങളുടെ ആഗോള സംഘടനയായ വാന്‍ ഇഫ്രയും പത്രപ്രവര്‍ത്തകരുടെ സംഘടനയായ ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജര്‍ണലിസ്റ്റ്‌സും (ഐ.എഫ്.ജെ) മാനഹാനി ക്രിമിനല്‍ കുറ്റമല്ലാതാക്കണം എന്ന ആവശ്യം ഉന്നയിച്ച് വര്‍ഷങ്ങളായി  പ്രചാരണം നടത്തിവരികയായിരുന്നു. നിരവധി രാജ്യങ്ങള്‍ ഇത് അംഗീകരിച്ചിട്ടുമുണ്ട്. ക്രിമിനല്‍ മാനഹാനിനിയമം വേണ്ട എന്ന് തീരുമാനിച്ച രാജ്യങ്ങളുടെ കൂട്ടത്തില്‍ ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടും. അമേരിക്കയിലെ പല സംസ്ഥാനങ്ങളും ഈ വഴി സ്വീകരിച്ചുകഴിഞ്ഞു. ഇന്ത്യന്‍ കോടതികളും മാനഹാനിയുണ്ടാക്കുന്നത് ക്രിമിനല്‍ കുറ്റമല്ലാതാക്കുന്നതിന് അനുകൂലമായി പ്രതികരിച്ചിരുന്നു. പക്ഷേ, സുപ്രിം കോടതി ഇപ്പോള്‍ പരിഗണിച്ചത് ഭരണഘടന വിഭാവനം ചെയ്ത ന്യായമായ നിയന്ത്രണങ്ങളുടെ പരിധിയില്‍ ഈ ശിക്ഷാനിയമവ്യവസ്ഥ പെടുമോ എന്നു മാത്രമായിരുന്നു. ആഗോളതലത്തില്‍ ഇക്കാര്യത്തിലുണ്ടായ പുതിയ ചിന്ത കോടതിയുടെ പരിഗണനയില്‍ വന്നിട്ടില്ല.

ഇന്ത്യന്‍ കോടതികളിലെ പുതിയ പ്രവണത ഇതുസംബന്ധിച്ച ചര്‍ച്ചകളെയെല്ലാം അപ്രസക്തമാക്കുന്നുണ്ട്. മാധ്യമസ്ഥാപനം അടച്ചുപൂട്ടേണ്ടിവരുന്ന തോതിലുള്ള ഉയര്‍ന്ന നഷ്ടപരിഹാരം അപകീര്‍ത്തിക്കേസ്സുകളില്‍ വിധിക്കുന്നത് ഇപ്പോള്‍ പതിവായിരിക്കയാണ്. അപകീര്‍ത്തി ക്രിമിനല്‍കുറ്റമാക്കി പത്രപ്രവര്‍ത്തകനെ ജയിലിലടക്കുന്നതിനേക്കാള്‍ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഈ സിവില്‍ നഷ്ടപരിഹാരനടപടി.. വ്യക്തികളുടെ സല്‍കീര്‍ത്തി സംരക്ഷിക്കുന്നതും അതോടൊപ്പം അഭിപ്രായസ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതുമായ നിയമവ്യവസ്ഥകള്‍ ഉണ്ടാക്കാന്‍ പ്രസ് കൗണ്‍സിലോ ലോ കമ്മീഷനോ മുന്‍കൈ എടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

മാധ്യമസ്വാതന്ത്ര്യം: ഇന്ത്യ ഇപ്പോഴും പിന്നില്‍

ലോകവ്യാപകമായി മാധ്യമസ്വാതന്ത്ര്യത്തിന്റെ സ്ഥിതി, ആശങ്ക ജനിപ്പിക്കുംവിധം മോശമാകുകയാണ് ചെയ്യുന്നത് എന്ന്്  റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സ് എന്ന ലോക മാധ്യമപ്രവര്‍ത്തകസംഘടനയുടെ പഠനം വെളിപ്പെടുത്തുന്നു. ഇന്ത്യയുടെ സ്ഥിതിയും പരിതാപകരമായി തുടരുന്നു. 2002 മുതല്‍ നടന്നുവരുന്നതാണ് 180 രാജ്യങ്ങളില്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം സംബന്ധിച്ച ഈ പഠനം.

മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളിലാണ് മാധ്യമസ്വാതന്ത്ര്യത്തിന് ഏറ്റവും കുറച്ചുമാത്രം ഭീഷണികള്‍ ഉയരുന്നത്. 2010 മുതല്‍ ഒന്നാം സ്ഥാനത്തുള്ള ഫിന്‍ലാന്‍ഡ് ആ പദവി നിലനിര്‍ത്തി. നെതര്‍ലാന്‍ഡ്‌സും നോര്‍വെയും തൊട്ടുപിറകിലുണ്ട്.

പട്ടികയില്‍ ഏറ്റവും താഴെ നില്‍ക്കുന്ന മൂന്നു രാജ്യങ്ങളില്‍ സ്ഥിതിഗതികളില്‍ മാറ്റമില്ല- തുര്‍ക്‌മെനിസ്ഥാന്‍(178), ഉത്തര കൊറിയ(179), എറിത്രിയ(180). 96 ാം സ്ഥാനത്തുനിന്ന് മുപ്പതിലെത്തിയ ടുണീഷ്യയും 107ല്‍ നിന്ന് 22 ലെത്തിയ ഉക്രൈനും  ആണ് രാജ്യത്തിലെ സമാധാനനില മെച്ചപ്പെട്ടതുകൊണ്ട് താഴത്തെ റാങ്കില്‍നിന്ന് മേലോട്ടുകേറിയത്.

മാധ്യമസ്വാതന്ത്ര്യത്തിന്റെ മികച്ച മാതൃകയായി കരുതപ്പെട്ടിരുന്ന ബ്രിട്ടന്‍ വളരെ താഴേക്കു പോയതായി ഇത്തവണത്തെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരത്തെ 19 ാം സ്ഥാനം ഉണ്ടായിരുന്ന ബ്രിട്ടന്് ഇപ്പോള്‍ 38 ാം റാങ്കേ ഉള്ളൂ . ഭീകരപ്രവര്‍ത്തനം നേരിടുന്നതിന് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നതും ജേണലിസ്റ്റുകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതുമാണ് ഈ പതനത്തിന് കാരണമായി കണക്കാക്കുന്നത്. ലണ്ടനില്‍ 2005ല്‍ ഉണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ജേണലിസ്റ്റുകളെയും രഹസ്യാന്വേഷണങ്ങളുടെ പരിധിയിലാക്കുകയുണ്ടായി. അവരുടെ ഫോണ്‍ ചോര്‍ത്തുന്നതു സാധാരണമായതും പരിഗണിക്കപ്പെട്ടുകാണണം.

യാഥാസ്ഥിതിക സര്‍ക്കാര്‍ മാധ്യമങ്ങളുടെ നിയന്ത്രണാധികാരം കൈയടക്കിയ പോളണ്ടും (29ല്‍ നിന്ന് 47) ഭരണകൂടം കൂടുതല്‍ ഏകാധിപത്യപരമായ താജികിസ്ഥാനും ( 34ല്‍നിന്ന് 150) ശരിയത്ത്-ദൈവനിന്ദാനിയമങ്ങള്‍ കര്‍ക്കശമാക്കിയ ബ്രൂണൈ സുല്‍ത്താനേറ്റും (34ല്‍ നിന്ന് 155) മുന്‍നിരയില്‍നിന്ന് വളരെ പിറകോട്ട് പോയ രാജ്യങ്ങളാണ്.

മാധ്യമസ്വാതന്ത്ര്യാവസ്ഥ ഏറ്റവും മോശമായ രാജ്യങ്ങളുടെ കൂട്ടത്തില്‍ തുടരുകയാണ്  ഇന്ത്യ. കഴിഞ്ഞ വര്‍ഷത്തെ 136 ല്‍നിന്ന് ഒരുപടി കയറി 133 ലെത്തി എന്നത് ഒട്ടും ആശ്വാസം നല്‍കുന്നില്ല. യഥാര്‍ത്ഥനില മോശമായിട്ടേ ഉള്ളൂ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പെരുകുന്ന നിയമനടപടികള്‍, അപകീര്‍ത്തിനിയമത്തിന്റെ മറവില്‍ നടക്കുന്ന മാധ്യമവേട്ട, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍  എന്നിവ കാരണം ഇന്ത്യയുടെ പല ഭാഗങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ സ്വയംസെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാകുന്നതായി സര്‍വ്വെ വെളിവാക്കി. മാസംതോറും ഒരു പത്രപ്രവര്‍ത്തകനെങ്കിലും ആക്രമിക്കപ്പെടുന്ന, 2015ല്‍ നാല് പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഉത്തരപ്രദേശാണ് രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം ഏറ്റവും ഹനിക്കപ്പെടുന്ന സംസ്ഥാനമെന്ന് സര്‍വ്വെ വിലയിരുത്തി.

ശ്രീലങ്കയും ബംഗ്ലാദേശും പാകിസ്താനും റഷ്യയും ഇന്ത്യയുടെ പിന്നിലാണ്. സഊദി അറേബിയ, ഉസ്‌ബെക്കിസ്ഥാന്‍, സോമാലിയ, ഇക്വറ്റോറിയല്‍ ഗിനിയ, ഇറാന്‍, യെമന്‍, ക്യൂബ, ജിബൗടി, ലാവോസ്, സുഡാന്‍, വിയറ്റ്‌നാം, ചൈന, സിറിയ എന്നിവയാണ് ഏറ്റവും പിറകില്‍ നില്‍ക്കുന്ന മറ്റ് രാജ്യങ്ങള്‍.

രാജ്യങ്ങളിലെ ബഹുസ്വരത, മാധ്യമസംബന്ധമായ നിയമങ്ങള്‍, നിയമവ്യവസ്ഥയുടെ ഘടന, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരിഗണിച്ച് ലോകത്തെമ്പാടുമുള്ള വിദഗ്ദ്ധന്മാരാണ് ഈ സൂചിക തയ്യാറാക്കുന്നത്.

മാധ്യമവിശ്വാസ്യത ക്രമമായി താഴേക്ക്

മാധ്യമവിശ്വാസ്യത പോലെ ഇത്രയും ക്രമമായി, ലോകമെങ്ങും വീണുകൊണ്ടിരിക്കുന്ന മറ്റൊന്നുമില്ലെന്നുതോന്നിപ്പോകുന്നു. ഏറ്റവും ഒടുവിലിത് അമേരിക്കയില്‍നിന്നാണ്. അമേരിക്കന്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടും സെന്റര്‍ ഫോര്‍ പബ്ലിക് അഫേയ്‌സ് റിസെര്‍ച്ചും ചേര്‍ന്നു നടത്തിയ സര്‍വ്വെയില്‍ കണ്ടത് ആറു ശതമാനം അമേരിക്കക്കാരേ മാധ്യമങ്ങളെ തങ്ങള്‍ക്ക് വിശ്വാസമാണെണ് പറഞ്ഞുള്ളൂ.

ആകെയൊരു സമാധാനമേ ഉള്ളൂ! മാധ്യമങ്ങളേക്കാള്‍ താഴെയാണ് അമേരിക്കയുടെ സര്‍വസ്വവുമായ ജനപ്രതിനിധിസ്ഥാപനം അമേരിക്കന്‍ കോണ്‍ഗ്രസ്. അല്ല, എല്ലാ ഭരണസ്ഥാപനവും അങ്ങനെയല്ല. ഫസ്റ്റ് എസ്റ്റേറ്റും ഫോര്‍ത്ത് എസ്റ്റേറ്റുമേ ഇങ്ങനെ മൂക്കുകുത്തി വീഴുന്നുള്ളൂ. അമേരിക്കല്‍ മിലിറ്ററിക്ക് 48 ശതമാനം പൗരന്മാരുടെ വിശ്വാസ്യതയുടെ പിന്തുണയുണ്ട്.

മാധ്യമങ്ങളില്‍നിന്ന് വായനക്കാര്‍ എന്തെല്ലാമാണ് പ്രതീക്ഷിക്കുന്നത്? ഏറ്റവും കൂടുതല്‍ ആളുകള്‍, 85 ശതമാനം പേര്‍ കൃത്യത-ആക്കുറസി- ആണ് വാര്‍ത്തകളില്‍ ആഗ്രഹിക്കുന്നത്. പ്രാധാന്യത്തില്‍ രണ്ടാമത് വരുന്നത് പൂര്‍ണത- കംപ്ലീറ്റ്‌നസ്- ആണ്. സുതാര്യത (68 ശതമാനം), പക്ഷപാതമില്ലായ്മ-ബാലന്‍സ്- എന്നീ ഗുണങ്ങളാണ്. ഇതേറെയും അച്ചടിപ്പത്രത്തിന്റെ വായനക്കാരുടെ കാര്യമാണ്. ഡിജിറ്റല്‍ വായനക്കാരെ ഏറ്റവും അലോസരപ്പെടുത്തുന്നത് എന്താണെന്നോ? അത് പരസ്യമാണ്. പരസ്യം ഒരിടത്തുകിടക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. വാര്‍ത്ത വായിക്കുന്നതിനിടയില്‍ ചാടിവന്ന് ശല്യം ചെയ്യുന്ന(പോപ്പ്അപ്പ്) പരസ്യങ്ങളെ അവര്‍ക്ക് സഹിക്കാനാവുന്നില്ല. ലോഡിങ്ങ് വൈകുന്നതും മൊബൈല്‍ഫോണില്‍ ശരിക്ക് കിട്ടാതിരിക്കുന്നതും അവരെ ഏറെ അലോസരപ്പെടുത്തുന്നു.

87 ശതമാനമാളുകള്‍ വാര്‍ത്തയറിയാന്‍ ഫെയ്‌സ്ബുക്കാണ് ഉപയോഗിക്കുന്നത്. പക്ഷേ, പന്ത്രണ്ട് ശതമാനം പേരേ ഫെയ്‌സ്ബുക്ക് വാര്‍ത്തകള്‍ക്ക് വിശ്വാസ്യത കല്പിക്കുന്നുള്ളൂ.

(Published in MEDIA magazine May 2016)

Leave a Reply

Your email address will not be published. Required fields are marked *

Go Top