ഫോര്‍ത്ത് എസ്‌റ്റേറ്റ്, റിയല്‍ എസ്‌റ്റേറ്റ്

ഇന്ദ്രൻ

പത്രം, നാഷണല്‍ ഹെറാള്‍ഡ്, സോണിയ, കോടതി, ജയില്‍ എന്നൊക്കെ ആളുകള്‍ ഉറക്കെയുറക്കെ പറയുന്നുണ്ട്. ജനത്തിന് കാര്യമായൊന്നും പിടികിട്ടുന്നില്ല. രാഹുല്‍ഗാന്ധി ജയിലില്‍ കിടക്കാന്‍ റെഡിയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരമൊന്നും ഇല്ലാത്തതുകൊണ്ട് ഇങ്ങനെ വല്ലകേസും ഉണ്ടെങ്കിലല്ലേ ജയിലില്‍ പോകാന്‍പറ്റൂ.

ഇന്ദിരാഗാന്ധിയുടെ മരുമകളായതുകൊണ്ട് അന്ന് അവരെ പേടിച്ചതുകൊണ്ടാവും, ഇനിയാരെയും പേടിക്കില്ല എന്ന് സോണിയാജിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം പേരില്‍ പാര്‍ലമെന്റ് കുറേ ദിവസമായി മുടങ്ങിക്കിടക്കുകയാണ്. ഉള്ളിയുടെ തോല് മുഴുവന്‍ പൊളിച്ചാല്‍ ഉള്ളില്‍ യാതൊന്നും കാണില്ല. നാഷണല്‍ ഹെറാള്‍ഡ് വിവാദം മറ്റൊരു ഉള്ളിയാണ്. ഇത് പൊളിക്കുമ്പോള്‍ കണ്ണീരുപൊടിയും. എന്തൊരു മഹാസ്ഥാപനമായിരുന്നു, ആരെല്ലാം നേതൃത്വം നല്‍കിയതാണ്, എത്ര മഹത്തായ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചതാണ്.

ഒടുവിലെന്തായി ? രാജ്യത്തെ രക്ഷിക്കാന്‍ വാഗ്ദാനം ചെയ്തവര്‍ക്ക് സ്വന്തം പത്രസ്ഥാപനം രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൂട്ടി. പൂട്ടിയാലെങ്കിലും തീരില്ലേ ബാധ്യത? ഇല്ല. ജവഹര്‍ലാലിന്റെ പിന്മുറക്കാര്‍ക്ക് കോടതി  കേറിയിറങ്ങേണ്ടിവന്നിരിക്കുന്നു. ജയിലില്‍ കേറേണ്ടിവരുമോ എന്നും പേടിയുണ്ടത്രെ.

ദേശീയരാഷ്ട്രീയത്തിലെ നവാബ് രാജേന്ദ്രനായ സുബ്രഹ്മണ്യംസ്വാമിയാണ് പുതിയ വിവാദ ഏടാകൂടത്തിന്റെയും നിര്‍മാതാവ്. ഇതില്‍ ഭരണഘടനാലംഘനമോ ഏകാധിപത്യമോ അസഹിഷ്ണുതയോ കണ്ടെത്താന്‍ ചില്ലറ പ്രയാസമുണ്ട്. നാഷണല്‍ ഹെറാള്‍ഡിന്റെ ചില പണമിടപാടുകള്‍ അന്വേഷിക്കണമെന്ന് സ്വാമി കോടതിയില്‍ കേസുകൊടുത്തു. 2012ല്‍ ആണത്. കോടതി, 2014ല്‍ സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും കോടതിയില്‍ ഹാജരാവാന്‍ സമന്‍സ് അയച്ചു. ഇരുവരും സമന്‍സ് സ്‌റ്റേ ചെയ്യിക്കാന്‍ ഹൈക്കോടതിയില്‍ പോയി. അത് നിരസിക്കപ്പെട്ടതുമുതല്‍ തുടങ്ങിയതാണ് വിവാദവും പിന്നെ പാര്‍ലമെന്റ് ബഹളവും. അറസ്റ്റുചെയ്യാനൊന്നും കോടതി പറഞ്ഞിട്ടില്ല, സര്‍ക്കാറും പറഞ്ഞിട്ടില്ല. ഡിസംബര്‍ 19ന് കോടതിയില്‍പോയി പറയാനുള്ളത് പറഞ്ഞ്, തെളിവും ഹാജരാക്കിയാല്‍ സുബ്രഹ്മണ്യം സ്വാമിയുടെ സ്‌കൂള്‍ പൂട്ടില്ലേ, എന്തിന് പരിഭ്രമം?

പരിഭ്രമത്തിന് നല്ല സ്‌കോപ്പുണ്ട്. പത്രക്കമ്പനി പൂട്ടിയെങ്കിലും പാപ്പരായി പൂട്ടിയതല്ല. നെഹ്രുവിന്റെ കാലത്തൊക്കെ സംഗതി മാന്യമായി നടന്നതാണ്. ചലപതിറാവു എന്ന പ്രശസ്തനായ പത്രാധിപരാണ് ’46 മുതല്‍ 32 വര്‍ഷം പത്രം കൊണ്ടുനടന്നത്. നെഹ്രു പറയാറുള്ളത്, പത്രം എന്റേതല്ല ചലപതി റാവുവിന്റേതാണ് എന്നായിരുന്നത്രെ. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിരാഗാന്ധി പ്രതിപക്ഷത്തായപ്പോഴാണ് ഇനി ഇത് പേറുകവയ്യ എന്നുപറഞ്ഞ് പൂട്ടിയത്. പാവം പത്രാധിപര്‍ ചലപതിറാവു റോഡരികില്‍ക്കിടന്ന് മരിച്ചപ്പോള്‍ തിരിച്ചറിയാന്‍പോലും ആര്‍ക്കും കഴിഞ്ഞില്ല; കുറേ മണിക്കൂറുകളോളം. രാജ്യത്തെ രക്ഷിക്കാന്‍ തിരിച്ചുവിളിക്കപ്പെട്ട ഇന്ദിരാഗാന്ധിക്ക് പക്ഷേ, പത്രം രക്ഷിക്കാനായില്ല. രാജീവും ശ്രമിച്ചിട്ടുണ്ട് ഒരുകൈ താങ്ങി പൈതൃകസ്വത്തൊന്ന് രക്ഷിച്ചെടുക്കാന്‍. സോണിയാജി രാഹുല്‍ജി കാലമായതോടെ, 2008ല്‍ എന്നെന്നേക്കുമായി പത്രം ക്ലോസാക്കി.

ഈ സംഗതിയില്‍ സുബ്രഹ്മണ്യം സ്വാമിക്കെന്താ കാര്യം എന്ന് സോണിയരാഹുല്‍ വക്കീല്‍ കോടതിയില്‍ ചോദിച്ചതില്‍ കാര്യമുണ്ട്. സ്വാമിക്ക് അഞ്ചുരൂപയുടെ നഷ്ടമില്ല. സര്‍ക്കാറിനും നഷ്ടമില്ല. നഷ്ടം കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ്. പത്രം പൂട്ടിയതുകൊണ്ടുള്ള നഷ്ടത്തെക്കുറിച്ചല്ല പറഞ്ഞുവരുന്നത്. പത്രത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അതിന്റെ ഫണ്ടില്‍നിന്ന് കടം കൊടുത്തത് 92 കോടി രൂപയാണ്. കോണ്‍ഗ്രസ്സിന് ഇത് തിരിച്ചുകിട്ടിയില്ല. കമ്പനി പാപ്പരായതുകൊണ്ടാണ് നഷ്ടപ്പെട്ടത് എന്ന് ധരിക്കരുത്. കമ്പനി പാപ്പരല്ല. രണ്ടായിരംകോടി മുതല്‍ അയ്യായിരംകോടി വരെ ഇന്ന് വിലവരുന്ന റിയല്‍ എസ്‌റ്റേറ്റ് നാലഞ്ച് വന്‍നഗരങ്ങളിലായി പത്രത്തിന്റെ പേരിലുണ്ട് എന്നാണ് ഊഹം. തലപ്പത്തുള്ളവര്‍ ഇതത്രയും വേറെ ഒരു കമ്പനിയുണ്ടാക്കി കൈവശപ്പെടുത്തിയെന്നാണ് കേസില്‍ പറയുന്നത്. അതിന്റെ സാങ്കേതികത്വം കുറച്ചേറെയുണ്ട്. അത് കോടതി നോക്കട്ടെ. ഇത്രയും സംഗതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയതായി പത്രങ്ങള്‍ പറയുന്നുണ്ട്. അത് സത്യമെങ്കില്‍ ആരാണ് കേസ് കൊടുക്കേണ്ടിയിരുന്നത് ? സുബ്രഹ്മണ്യം സ്വാമിയോ അല്ല കോണ്‍ഗ്രസ്സുകാര്‍ ആരെങ്കിലുമോ ?

പാര്‍ട്ടികള്‍ക്ക് നല്ലപേരുണ്ടാക്കാനാണ് പത്രം നടത്താറുള്ളത്. ഇവിടെ കാശും പോയി, പത്രവും പോയി ഇപ്പോഴിതാ, നല്ല പേരും പോയി. റിയല്‍ എസ്‌റ്റേറ്റ് എത്രയുണ്ടെന്ന് സോണിയയും രാഹുലും വെളിപ്പെടുത്തട്ടെ, മുഴുവന്‍ പാര്‍ട്ടിയുടെ പേരിലാക്കുമെന്ന് പ്രഖ്യാപിക്കട്ടെ… ഇല്ലെങ്കില്‍ ചീത്തപ്പേര് ഇനിയും കുറേയുണ്ടാകും. നേതൃത്വത്തിന്റെ ‘ദീര്‍ഘവീക്ഷണ’ത്തിന് നല്ലൊരു ഉദാഹരണംകൂടി ഇതിലുണ്ട്. അച്ചടിപ്പത്രം നഷ്ടമാകുമ്പോള്‍ അതൊരു ഓണ്‍ലൈന്‍ പത്രമാക്കുന്ന രീതി ലോകത്തെങ്ങുമുണ്ട്. ന്യൂസ് പ്രിന്റ് വാങ്ങാന്‍ കാശ് കടംവാങ്ങേണ്ടല്ലോ. എങ്കില്‍ ദ നാഷണല്‍ ഹെറാള്‍ഡ് ഒരു ഓണ്‍ലൈന്‍ പത്രമാക്കിക്കൂടേ ? പറ്റില്ല സാര്‍. ആ പേരുതന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ദ നാഷണല്‍ ഹെറാള്‍ഡ് ഓണ്‍ലൈന്‍ പത്രം ഇപ്പോള്‍ നടത്തുന്നത് അമേരിക്കയില്‍ ജീവിക്കുന്ന ഗ്രീക്ക് വംശജരാണ്. ഇറ്റാലിയന്‍ വംശജരല്ല. ആയിരുന്നെങ്കില്‍ അതിന് ആരോപണം വേറെ കേള്‍ക്കേണ്ടിവരുമായിരുന്നു, ഭാഗ്യം.
****
കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട്  ജയിലില്‍ കഴിയുന്ന ഒരാളെ തെളിവുനല്‍കാന്‍ വിളിച്ചുവരുത്തിയാല്‍ അയാള്‍ പറയുന്നത് മുഴുവന്‍ കോടതി എഴുതി റെക്കോഡാക്കിയേ തീരൂ. അതാണ് മാധ്യമങ്ങളുടെയും സ്ഥിതി. തെളിവുനല്‍കുന്നവന്റെ  സ്വഭാവസര്‍ട്ടിഫിക്കറ്റ് നോക്കി സെന്‍സറിങ് നടത്താന്‍ പറ്റില്ല. ബില്യന്‍ ഡോളര്‍ വിലയുള്ള രഹസ്യം ഒരു സി.ഡി.യിലാക്കി ഇന്നയിടത്ത് വെച്ചിട്ടുണ്ടെന്ന് ആരുപറഞ്ഞാലും പിറകെ ഓടും മാധ്യമങ്ങള്‍. നാണംകെട്ട പണിതന്നെ. പക്ഷേ, നിവൃത്തിയില്ല.  സംഗതി പാളിയപ്പോള്‍ സോളാര്‍ കമ്മിഷന്‍ പറയുന്നത് സംഗതി രഹസ്യമായി നടത്താനാണ് ഉദ്ദേശിച്ചിരുന്നത് എന്നാണ്. ഐഡിയ കൊള്ളാം. ഇത് രഹസ്യനടപടിയാണ് എന്ന് കമ്മിഷന്‍ അന്ന് പ്രഖ്യാപിച്ചിരുന്നുവോ? ഇന്‍ക്യാമറ വിചാരണ ഉണ്ട്, ഇന്‍ക്യാമറ തെളിവെടുപ്പ് ഉണ്ടോ എന്തോ. രഹസ്യമാണ് തെളിവെടുപ്പ് എന്ന് പ്രഖ്യാപിച്ചാല്‍ത്തന്നെ ഒരു സ്വതന്ത്രരാജ്യത്ത് അത് സാധ്യമാവുമോ? സി.ഡി.യുടെ ഉള്ളടക്കം പരസ്യപ്പെടുത്തിയാല്‍ കേസെടുക്കാം. സി.ഡി. കണ്ടെത്തുന്നത് പരസ്യമാക്കിയാല്‍ കേസെടുക്കാന്‍ സാധിക്കുമോ?

ബിജുവിന്റെ വാക്ക് വിശ്വസിച്ച് പാഞ്ഞതിന്റെ നാണക്കേട് എല്ലാവരും അനുഭവിച്ചേതീരൂ. കമ്മിഷനും അതുണ്ട്, മാധ്യമങ്ങള്‍ക്കും അതുണ്ട്. പക്ഷേ,  മാധ്യമങ്ങള്‍ ഇടപെട്ടതുകൊണ്ടാണ് ദൗത്യം പരാജയപ്പെട്ടതെന്ന് കമ്മിഷന്‍ പറഞ്ഞാല്‍ അതിനര്‍ഥം വേറെയാണ്. ബിജു പറഞ്ഞത് സത്യമായിരുന്നു, സി.ഡി. അവിടെ ഉണ്ടായിരുന്നു, മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നില്ലെങ്കില്‍ അത് കിട്ടുമായിരുന്നു എന്നൊക്കെയാണ് ഇതിനര്‍ഥം. ഒരു സാക്ഷിയെ ഇത്രയും വിശ്വാസമോ കമ്മിഷന്? എന്തോ, ജനം തീരുമാനിക്കട്ടെ.

****
തെറ്റുതിരുത്തിയാല്‍ കോണ്‍ഗ്രസ്സുമായും സി.പി.എമ്മുമായും സഹകരിക്കാം എന്ന് പുതിയപാര്‍ട്ടിയുടെ പഴയ പടത്തലവന്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചല്ലോ. ഇതുകേട്ട് വലിയ മനസ്സമാധാനം ഉണ്ടായിക്കാണണം ഇരുമുന്നണികള്‍ക്കും. രണ്ടുപേരുടെയും തിരുത്തേണ്ട തെറ്റുകള്‍ എന്ത് എന്ന് വെള്ളാപ്പള്ളി അവരെ ക്രമേണ അറിയിക്കുമായിരിക്കും. ധൃതിവേണ്ട. പിന്തുണതേടി വെള്ളാപ്പള്ളി ആരുടെയും അടുത്തേക്ക് അങ്ങോട്ടുപോകില്ല. സമയമാകുമ്പോള്‍ അവര്‍ ഇങ്ങോട്ടുവരും എന്നാര്‍ക്കാണ് അറിയാത്തത്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കഴിയുംവരെ ഇങ്ങനെ സമദൂരത്തില്‍ നില്‍ക്കാം. രണ്ടിലേതെങ്കിലും ഒരു മുന്നണിക്ക് ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ സമദൂരം അനിശ്ചിതകാലത്തേക്ക് തുടരാം. ബി.ജെ.പി. അക്കൗണ്ട് തുടങ്ങുമോ ഇല്ലയോ എന്നൊന്നും വെള്ളാപ്പള്ളിക്ക് അറിയില്ല, അറിയേണ്ട കാര്യവുമില്ല. വെള്ളാപ്പള്ളിയുടെ അഖിലേന്ത്യാപാര്‍ട്ടി അക്കൗണ്ട് തുറക്കും എന്നുറപ്പ്. ആര്‍ക്കുറപ്പ്? വെള്ളാപ്പള്ളിക്ക് ഉറപ്പ്. രണ്ടുമുന്നണികളില്‍ ഏതെങ്കിലും ഒന്നിന് ഭൂരിപക്ഷത്തിന് അടുത്തുനില്‍ക്കാനുള്ള സീറ്റേ ഉള്ളൂ എങ്കില്‍തിരുത്തേണ്ട തെറ്റുകള്‍ ഏതൊക്കെയെന്ന് വെള്ളാപ്പള്ളി പറയും. തിരുത്തിക്കൊണ്ടേ ഇരുന്നാല്‍ അഞ്ചുകൊല്ലവും അവര്‍ക്ക് ഭരിക്കാം. ഒരു വോട്ട് കൈയില്‍പ്പിടിച്ച് മുന്നണികളെ  കോര്‍പ്പറേഷനുകളില്‍ സ്വതന്ത്രന്മാരും വിമതന്മാരും തെറ്റുതിരുത്തിച്ചത് കണ്ടല്ലോ. അതിന്റെ നൂറിരട്ടി തെറ്റുകള്‍ വെള്ളാപ്പള്ളി തിരുത്തിക്കും. കണ്ടോളിന്‍.

Leave a Reply

Your email address will not be published. Required fields are marked *

Go Top