ഒരു രമേശ് പൊയ്‌വെടി

ഇന്ദ്രൻ

മിണ്ടാനും വയ്യ, മിണ്ടാതിരിക്കാനും വയ്യ എന്ന പ്രതിസന്ധി പരിഹരിക്കാന്‍ രമേശ് ചെന്നിത്തല കണ്ട പോംവഴിയാണ് ഇതെന്ന് പലരും കരുതുന്നുണ്ട്. മിണ്ടുക, ഉറക്കെ മിണ്ടുക, പക്ഷേ, ചുണ്ടനങ്ങരുത്. ഹേയ്… ഞാനൊന്നും പറഞ്ഞില്ലേ എന്നഭാവത്തില്‍ നടന്നുപോകണം. ചോദിച്ചാല്‍, ഞാനല്ല പറഞ്ഞത് എന്ന് നിഷേധിക്കയും വേണം. പണ്ട് ആമയെ കമഴ്ത്തിച്ചുടുന്നത് കണ്ട വഴിപോക്കനായ കള്ളസംന്യാസി ചെയ്തതും ഇതുതന്നെ. ആമയെ ചുടുമ്പോള്‍ മലര്‍ത്തിച്ചുടണം, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ.

വ്യാജന്റെ കഴിവ് അപാരംതന്നെ. രമേശ് എന്തുപറയണമെന്ന് മനസ്സില്‍ കണ്ടിരുന്നുവോ അതപ്പടി മനസ്സിലാക്കി, ആംഗലത്തിലാക്കി ഹൈക്കമാന്‍ഡിന് അയച്ചിരിക്കുന്നു. ഈ മാതിരി വ്യാജന്‍ ഉണ്ടെങ്കില്‍ ഒറിജിനല്‍ വേണ്ട. നഞ്ചെന്തിന് നാനാഴി? വിവരം അറിയേണ്ടവര്‍ അറിഞ്ഞു. ചര്‍ച്ചചെയ്യേണ്ടവര്‍ ചര്‍ച്ചചെയ്തു. ചാനലില്‍ ചര്‍ച്ചയ്ക്കുചെന്ന കോണ്‍ഗ്രസ് വക്താക്കള്‍ക്ക് തിരിച്ചും മറിച്ചും പറഞ്ഞ് നാവുളുക്കി. ഹൈക്കമാന്‍ഡിന് ആരും കത്തയച്ചിട്ടില്ല. കത്തുകിട്ടിയിട്ടുണ്ടെങ്കില്‍ അത് രമേശ് അയച്ചതല്ല. രമേശിന്റെ ഒപ്പ് അതിലുണ്ടെങ്കില്‍ അത് വ്യാജ ഒപ്പാണ്. ഇത് വേറെ രമേശ്.

ഹൈക്കമാന്‍ഡിനെ വിവരമറിയിക്കാന്‍വേണ്ടി കത്ത് ലെറ്റര്‍പാഡില്‍ എഴുതി ഒപ്പുവെച്ച് രജിസ്റ്റേഡ് പോസ്റ്റില്‍ അയയ്ക്കുന്ന കാലമെല്ലാം എന്നോ പോയി എന്ന് രമേശ് സൂചിപ്പിച്ചത് സത്യംതന്നെ. എ.കെ. ആന്റണിയെ രാജിവെപ്പിച്ച് ഡല്‍ഹിക്ക് കെട്ടുകെട്ടിച്ചത് കത്തയച്ചിട്ടാണോ? അതിനുമുമ്പ് കെ. കരുണാകരനെ അയച്ചത് കത്തയച്ചിട്ടാണോ?  ഇമെയിലും എസ്.എം.എസ്സും വാട്‌സാപ്പും ഇല്ലാതിരുന്ന കാലത്തും അങ്ങനെ ചെയ്യാറില്ല കോണ്‍ഗ്രസ്സുകാര്‍. നാല് അനുയായികളെക്കൊണ്ട് പത്ത് പ്രസ്താവന ഇറക്കിക്കാനോ പ്രയാസം? ഗ്രൂപ്പുയോഗം വിളിച്ച് പ്രമേയം പാസ്സാക്കാനോ ഒന്നും കോണ്‍ഗ്രസ്സുകാരെ പഠിപ്പിക്കേണ്ട. അണ്ണാനെ മരംകേറാന്‍ പഠിപ്പിക്കുന്ന കുറേ ഇന്‍സ്ട്രക്ടര്‍മാര്‍ വന്നിരിക്കുന്നു.

ഓരോന്നിനും അതിന്റേതായ സമയമുണ്ട്. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കില്‍ പിന്നെ ദുഃഖിച്ചിട്ട് കാര്യമില്ല. ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിയെയും നിവൃത്തിയുണ്ടെങ്കില്‍ അഞ്ചുവര്‍ഷം തികയ്ക്കാന്‍ അനുവദിക്കരുത് എന്നത് അലംഘ്യമായ ഒരു തത്ത്വമാണ്. കേരളം ഉണ്ടായ കാലംതൊട്ട് അത് പാലിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഒരിക്കല്‍ മാത്രമേ അത് നടക്കാതെപോയിട്ടുള്ളൂ. എല്ലാറ്റിനും അപവാദമുണ്ടാകണമല്ലോ. കെ. കരുണാകരന്‍ ഒരിക്കല്‍ അഞ്ചുവര്‍ഷം തികച്ചു. ഇനിയൊരു കെ. കരുണാകരന്‍ വേണ്ട. ഇപ്പോള്‍ ചെയ്യേണ്ടത് ചെയ്തില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി അഞ്ചുകൊല്ലം തികച്ചുകളയും. അല്ലെങ്കിലും, പുള്ളിക്കാരന്‍ ഇപ്പോള്‍തന്നെ കരുണാകരന്റെ ചേട്ടനാണ് എന്ന് സങ്കല്‍പ്പിച്ചുതുടങ്ങിയിട്ടുണ്ട്. അത് സമ്മതിച്ചുകൊടുക്കുന്നത് നന്നല്ല. മാത്രവുമല്ല, ഇപ്പോള്‍ മൂന്നുമാസമെങ്കിലും മുഖ്യമന്ത്രിയാകുന്ന ആള്‍ക്കേ 2021ല്‍ ഒഴിവുവരുമ്പോള്‍ പ്രയോറിറ്റി കിട്ടൂ. സര്‍ക്കാര്‍ സര്‍വീസിലൊക്കെ അങ്ങനെയാണ്.

തദ്ദേശതിരഞ്ഞെടുപ്പുഫലം ഭരണത്തിന്റെ വിലയിരുത്തല്‍ ആവുമെന്ന് വീമ്പുപറഞ്ഞ ആള്‍, വോട്ടെടുപ്പ് തോറ്റാല്‍ ഉടന്‍ രാജിവെക്കുമെന്നല്ലേ ആരും കരുതൂ. എ ഗ്രൂപ്പുകാര്‍ അങ്ങനെ പേടിച്ചു, ഐ, വൈ ആദിയായ ഗ്രൂപ്പുകാര്‍ അങ്ങനെ ആശിച്ചു. പക്ഷേ, ഉമ്മന്‍ചാണ്ടി എ.കെ. ആന്റണിയല്ല, കെ. കരുണാകരനുമല്ല. ഉമ്മന്‍ചാണ്ടി ഉമ്മന്‍ചാണ്ടിയാണ്, രാജിവെക്കുന്ന പ്രശ്‌നമില്ല. ആട്ടുകല്ലിന് കാറ്റുപിടിക്കില്ല. എന്നാലും പ്രതീക്ഷ വെടിഞ്ഞിരുന്നില്ല രമേശ് ചെന്നിത്തല. തദ്ദേശത്തിലെ പൊട്ടലും ചീറ്റലും വിലയിരുത്തലും കഴിഞ്ഞിട്ട് മാസം രണ്ടാവുന്നു. എന്നിട്ടും അങ്ങനെയൊരു തിരഞ്ഞെടുപ്പേ നടന്നിട്ടില്ല എന്നമട്ടില്‍ ഓവര്‍സ്പീഡില്‍ പായുകയാണ് മുഖ്യന്‍. എന്തുചെയ്യും? ഹൈക്കമാന്‍ഡും ഇങ്ങനെ അനങ്ങാതിരുന്നാലോ? ഇല്ല, ഞാനൊന്നും പറഞ്ഞില്ല. ഹൈക്കമാന്‍ഡിനെ കുംഭകര്‍ണനിദ്രയില്‍നിന്നുണര്‍ത്താന്‍ ഒരു ചെറുവെടിയെങ്കിലും പൊട്ടിക്കേണ്ടേ, ഒരു പൊയ്‌വെടി? ബാക്കി കാത്തിരുന്നുകാണാം.

****

ഉമ്മന്‍ചാണ്ടിയോട് വെള്ളാപ്പള്ളി നടേശന് ഇത്രയും സ്‌നേഹമുണ്ട് എന്ന് ഉമ്മന്‍ചാണ്ടിതന്നെ അറിഞ്ഞിരുന്നില്ല. പ്രധാനമന്ത്രിയോടൊപ്പം ഒരു വേദിയില്‍ ഇരിക്കുമ്പോള്‍ സദസ്സില്‍നിന്നാരെങ്കിലും ഉമ്മന്‍ചാണ്ടീ, കീ കീ… കൂ കൂ എന്നോ മറ്റോ കൂവിയിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ അവസ്ഥ എന്താകുമായിരുന്നു. അദ്ദേഹമാണെങ്കില്‍ ഒരു പ്ലസ് ടു കുട്ടിയെപ്പോലെ നിഷ്‌കളങ്കന്‍. രാഷ്ട്രീയത്തിന്റെ കല്ലും മുള്ളും കണ്ടിട്ടില്ലാത്ത പാവത്താന്‍. പ്രധാനമന്ത്രിയുടെ മുന്നില്‍ ഉമ്മന്‍ചാണ്ടി അപമാനിതനായിരുന്നെങ്കില്‍ കേരളം കുട്ടിച്ചോറാവുമായിരുന്നില്ലേ? പിറ്റേന്ന്  ഹര്‍ത്താലും വെടിവെപ്പും തീവെപ്പും കൊണ്ട് ചോരപ്പുഴയൊകുന്നത് തടയാന്‍ പട്ടാളം ഇറങ്ങേണ്ടിവരുമായിരുന്നില്ലേ? വെള്ളാപ്പള്ളി നടേശഗുരുജിയുടെ ദീര്‍ഘവീക്ഷണം, ഉള്‍ക്കാഴ്ച, രാഷ്ട്രതന്ത്രജ്ഞത (വേറെ എന്തൊക്കയോ ഉണ്ട് കൂട്ടിച്ചേര്‍ത്തോളിന്‍) തുടങ്ങിയ മഹത്ത്വങ്ങള്‍ കൊണ്ടുമാത്രമാണ് ഉമ്മന്‍ചാണ്ടിയും കേരളവും ഒരുവിധം രക്ഷപ്പെട്ടത്. ആള്‍ത്തുളയില്‍ വീണ രണ്ടുപേരെ രക്ഷിക്കാന്‍ ജീവന്‍ത്യജിച്ച നൗഷാദിന് കൊടുക്കുന്ന ടൈപ്പ് ധീരതാപുരസ്‌കാരം ഒരു അഞ്ചെണ്ണമെങ്കിലും നടേശഗുരുജിക്ക് കൊടുക്കേണ്ടതാണ്. കൊടുക്കില്ല എന്നറിയാം. ചാണ്ടി എല്ലാം മതംനോക്കിയല്ലേ കൊടുക്കുന്നത്.

കപടലോകത്തില്‍ ആത്മാര്‍ഥമായ ഹൃദയമുണ്ടായതാണോ അതല്ല കപടലോകത്തിലെല്ലാവരും കാപട്യം തിരിച്ചറിയുന്നതാണോ ഇവിടെ പരാജയകാരണം എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്. എന്തായാലും ആദ്യം ഉമ്മന്‍ചാണ്ടി ധരിച്ചത് തന്നെ അപമാനിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഗൂഢാലോചന നടത്തി വെള്ളാപ്പള്ളിയുടെമേല്‍ സമ്മര്‍ദംചെലുത്തി എന്നായിരുന്നു. ബി.ജെ.പി.ക്കാരും അതങ്ങ് വിശ്വസിച്ചുപോയി. അതാണ് അവരെല്ലാം ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കേണ്ടതുതന്നെയായിരുന്നു എന്ന് പ്രസ്താവനയിറക്കാന്‍ തുടങ്ങിയത്. മീറ്റിങ്ങിന് ക്ഷണിച്ച ആള്‍ക്ക് തലേന്ന് ക്ഷണം പിന്‍വലിക്കാനുള്ള അവകാശം ഭരണഘടനയിലെ മൗലികാവകാശങ്ങളില്‍പ്പെടും എന്നും വാദിക്കാന്‍ തുടങ്ങിയിരുന്നു പരിവാരപരിവാരങ്ങള്‍. കൊടുത്ത നാമനിര്‍ദേശപ്പത്രിക പിറ്റേന്ന് പിന്‍വലിക്കുന്നതുപോലെ നിസ്സാരം. സമ്മേളനത്തിന് ക്ഷണിച്ച് ക്ഷണം പിന്‍വലിക്കുന്നതിനെ വെള്ളാപ്പള്ളിത്തരം എന്ന് ആഗോളശബ്ദതാരാവലിയില്‍ വിശേഷിപ്പിക്കുന്നുണ്ടത്രെ.

എന്തായാലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ വെള്ളാപ്പള്ളിയോളം ആത്മാര്‍ഥത കാണിച്ചില്ല എന്ന് ഈ എപ്പിസോഡില്‍നിന്ന് വ്യക്തമായി. ഉറ്റസുഹൃത്ത് രക്ഷിക്കാന്‍വേണ്ടി ഒരു കടുംകൈ ചെയ്താല്‍ ആ സുഹൃത്തിന് പണികൊടുക്കുന്നത് മര്യാദയല്ല. കടുത്ത പനികാരണം കൊല്ലത്തേക്ക് പോകാന്‍ കഴിഞ്ഞില്ല എന്നോ മറ്റോ ഒരു പത്രക്കുറിപ്പിറക്കിയാല്‍ തീരുമായിരുന്നില്ലേ പ്രശ്‌നം? നരേന്ദ്രമോദി ഉമ്മന്‍ചാണ്ടിയോട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റൊന്നും ആവശ്യപ്പെടുമായിരുന്നില്ലല്ലോ. വെള്ളാപ്പള്ളി ഇതുവരെ സാധാരണ കച്ചവടത്തിലെയും വിദ്യാഭ്യാസ കച്ചവടത്തിലെയും നിഷ്‌കളങ്കതകളേ പഠിച്ചിരുന്നുള്ളൂ. ഇനിവേണം രാഷ്ട്രീയത്തിലെ നിഷ്‌കളങ്കതകള്‍ പഠിക്കാന്‍. വയസ്സ് എഴുപത്തെട്ടേ ആയുള്ളൂ. സമയമുണ്ട്.

****

ആര്‍. ശങ്കര്‍ ജീവിച്ചിരുന്നെങ്കില്‍ ഇന്ന് ബി.ജെ.പി.യെ നയിച്ചേനെ എന്നാണ് ബി.ജെ.പി. നേതാവ് ഒ. രാജഗോപാലിന്റെ അഭിപ്രായം. ശങ്കര്‍ അരുവിക്കരയില്‍ മത്സരിക്കുകയും ചെയ്യുമായിരുന്നിരിക്കണം. രാഷ്ട്രീയത്തിലെ ഒരു പുതിയ ഇനം മനഃശാസ്ത്രപ്രവചനമാണിത്. ജീവിച്ചിരുന്ന കാലത്തെ ബോഡി ലാംഗ്വേജ് നോക്കി ഇന്ന് ഏതു കൊടിയാണ് പിടിക്കുമായിരുന്നത് എന്ന് കണ്ടെത്തുക രസമുള്ള കളിയാണ്. സര്‍ദാര്‍ പട്ടേല്‍ ജീവിച്ചിരുന്നെങ്കില്‍ സംഘപരിവാറിന്റെ അനിഷേധ്യനേതാവാകുമായിരുന്നു എന്നതുകൊണ്ടല്ലേ നരേന്ദ്രമോദി ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിമ സര്‍ദാര്‍ പട്ടേലിന്റേതാകണമെന്ന് തീരുമാനിച്ചതും അതിന്റെ പണിക്കുവേണ്ടി രണ്ടായിരം കോടി സംഭരിക്കുന്നതും. സ്വാമി വിവേകാനന്ദന്റെ കാര്യം പറയാനില്ല. സംഘപരിവാറിന്റെ താത്ത്വികാചാര്യന്‍തന്നെ. ആ മഹാന് പക്ഷേ, കമ്യൂണിസ്റ്റുകാരുടെ ഫ്‌ളക്‌സ് ബോര്‍ഡിലും സ്ഥാനംപിടിക്കാനുള്ള ഭാഗ്യമുണ്ട്. ഗാന്ധിജി ഏതോ ആര്‍.എസ്.എസ്. ശാഖ സന്ദര്‍ശിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെയും ദത്തെടുക്കാമായിരുന്നു. നിര്‍ഭാഗ്യം, അവസാനകാലത്ത് ഒരു വ്യാജമതേതരമായിപ്പോയി.

ആര്‍. ശങ്കര്‍ ഭാരതീയ ജനസംഘം സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജിയെ കണ്ടിരുന്നുവത്രെ. ശ്യാമപ്രസാദ് മുഖര്‍ജി 1950 വരെ നെഹ്രുവിന്റെ മന്ത്രിസഭയിലുണ്ടായിരുന്നു, ശങ്കറും കോണ്‍ഗ്രസ്സായിരുന്നു. തീര്‍ച്ചയായും കാണാന്‍ നല്ല സാധ്യതയുണ്ട്. 1972 വരെ ജീവിച്ചിട്ടും ശ്യാമപ്രസാദിന്റെ പാര്‍ട്ടിയില്‍ അദ്ദേഹം ചേര്‍ന്നിരുന്നില്ല എന്നത് കണക്കിലെടുക്കേണ്ട. എന്തുചെയ്യാം ആളുകള്‍ക്ക് ഇപ്പോഴും തറവാട്ടുമഹിമ എന്നത് ഉപേക്ഷിക്കാന്‍പറ്റാത്ത വലിയ പൊങ്ങച്ചമാണ്. എടുത്തുപറയത്തക്ക വലിപ്പമുള്ള ആരും അഞ്ചുതലമുറ മുമ്പുവരെ ഉണ്ടായിരുന്നില്ലെങ്കിലും പത്തുതലമുറ മുമ്പെ ജീവിച്ച ആരെയെങ്കിലും കണ്ടെത്തും. കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനേ നിയമവും വകുപ്പുമൊക്കെ ഉള്ളൂ. പരേതരെ ആര്‍ക്കുവേണമെങ്കിലും ദത്തെടുക്കാം. ജാതിയും മതവും നോക്കണമെന്ന് മാത്രം.

Leave a Reply

Your email address will not be published. Required fields are marked *

Go Top