മുന്നണി തോല്‍ക്കുകയല്ല, ജയിക്കുകയാണെന്ന് തെളിയിക്കാനുള്ള കണക്കുകള്‍ കണ്ടെത്താന്‍ സ്റ്റാറ്റിസ്റ്റിക്‌സ് പാണ്ഡിത്യം ഉള്ളവര്‍ യു.ഡി.എഫില്‍ ഇല്ല. എ.കെ.ജി.സെന്ററിലാണ് ആ കൂട്ടരൊക്കെ ഉള്ളത്. അതുകൊണ്ട് തോറ്റു എന്ന് സമ്മതിച്ചിട്ടുണ്ട് മുന്നണി.
ത്രിമൂര്‍ത്തി ഭരണമാണ് കേരളത്തിലെ കോണ്‍ഗ്രസ്സില്‍ – ഉമ്മന്‍ ചാണ്ടിയും വി.എം.സൂധീരനും രമേശ് ചെന്നിത്തലയും. ദീര്‍ഘകാലം രണ്ട് മൂര്‍ത്തികളുടെ നേതൃത്വമായിരുന്നു. സദാ സമയം പരസ്പരം പോരടിക്കുകയും വല്ലപ്പോഴും പാര്‍ട്ടിയെ നയിക്കുകയും ചെയ്യുക എന്നതായിരുന്നു രീതി. കെ.കരുണാകരന്‍-എ.കെ.ആന്റണി കാലഘട്ടമായിരുന്നു സുവര്‍ണകാലം. കുറെ കഴിഞ്ഞപ്പോള്‍ ആന്റണിക്ക് മടുത്തു. ആന്റണിയിപ്പോള്‍ ആന്റണിഗ്രൂപ്പിലല്ല എന്ന് അനുയായികള്‍ക്കും തോന്നുന്ന അവസ്ഥയും എത്തിയിരുന്നു.
രണ്ട് പോര മൂന്നുവേണം എന്നായത് അടുത്ത കാലത്താണ്. ഹൈക്കമാന്‍ഡിന്റെ ഒരോ തോന്നലുകള്‍ എന്നല്ലാതെന്തുപറയാന്‍. ദോഷം പറയരുതല്ലോ. ദ്വിമൂര്‍ത്തിഭരണത്തേക്കാള്‍ ഭേദമാണ് ത്രിമൂര്‍ത്തിഭരണം എന്നാണ് പാര്‍ട്ടിക്കാര്‍ പറയുന്നത്. വലിയ ഉറപ്പൊന്നുമുള്ള തോണിയല്ലല്ലോ ഇത്. അധികം മല്ലയുദ്ധം അതിനകത്ത് നടത്തിയാല്‍ എപ്പോഴാണ് തോണി മുങ്ങുക എന്ന് പറയാനാവില്ല. ഗ്രൂപ്പ് യുദ്ധത്തിന്റെ വോള്യം സ്റ്റേറ്റ് തലത്തില്‍ വളരെ കുറച്ചിട്ടുണ്ട്്. ഒളിച്ചും പതിഞ്ഞുമൊക്കെയേ ഉള്ളൂ എല്ലാം. അതിനൊത്ത് പ്രാദേശിക തലത്തില്‍ കൂട്ടുകയും ചെയ്തിട്ടുണ്ട്.
ഇതൊന്നുമല്ല ഇപ്പോഴത്തെ പ്രശ്‌നം. നെയ്യാറ്റിന്‍കര, അരുവിക്കര, ലോക്‌സഭാ വോട്ടെടുപ്പും കഴിഞ്ഞപ്പോള്‍ ഇനിയാരുണ്ട് ഞങ്ങളോട് പൊരുതാന്‍ എന്ന അഹംഭാവത്തോടെ ആയിരുന്നു നില്‍പ്പ്. ഭരണത്തുടര്‍ച്ച എന്നൊരു വാക്കും കണ്ടുപിടിച്ചിരുന്നു. അത്യാഗ്രഹത്തിന് പരിധി നിര്‍ബന്ധമില്ല. ത്രിതലം കഴിഞ്ഞപ്പോള്‍ ത്രിമൂര്‍ത്തികളുടെ സ്ഥിതി ദയനീയമാണ്. അരുവിക്കരയില്‍ സംഭവിച്ചതുപോലെ ത്രിതലത്തിലും സംഭവിക്കും എന്നായിരുന്നു വിശ്വാസം. തിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന്് മുഖ്യമന്ത്രി അരുവിക്കരയ്ക്ക് മുമ്പ് പറഞ്ഞിരുന്നു. ഇത്തവണയും പറഞ്ഞു. ചക്ക വീണു, പക്ഷേ മുയലില്ല.
ഭരണത്തിന്റെ വിലയിരുത്തല്‍ മോശമാണെന്ന് തെളിയിക്കപ്പെട്ടപ്പോള്‍ മുമ്പ് മുഖ്യമന്ത്രിമാര്‍ രാജി വെച്ചിട്ടുണ്ട്, രാജിവെപ്പിച്ചിട്ടുണ്ട്. അന്ന് ധൈര്യമായി രാജിവെക്കാന്‍ കേന്ദ്രത്തില്‍ ഭരണമുണ്ടായിരുന്നു, ഇന്നില്ല. അതുകൊണ്ട് രാജി, നേതൃമാറ്റം, പ്രതിച്ഛായ, തോല്‍വിയുടെ ഉത്തരവാദിത്തം, ഭരണത്തിനുള്ള അംഗീകാരം തുടങ്ങിയ അപകടകരമായ വാക്കുകളൊന്നും അബദ്ധത്തില്‍പ്പോലും ആരുടെയും നാക്കില്‍നിന്ന് വീഴുന്നില്ല. മുന്നണി തോല്‍ക്കുകയല്ല, ജയിക്കുകയാണെന്ന് തെളിയിക്കാനുള്ള കണക്കുകള്‍ കണ്ടെത്താന്‍ സ്റ്റാറ്റിസ്റ്റിക്‌സ് പാണ്ഡിത്യം ഉള്ളവര്‍ യു.ഡി.എഫില്‍ ഇല്ല. എ.കെ.ജി.സെന്ററിലാണ് ആ കൂട്ടരൊക്കെ ഉള്ളത്. അതുകൊണ്ട് തോറ്റു എന്ന് സമ്മതിച്ചിട്ടുണ്ട് മുന്നണി. തോല്‍വിക്കുള്ള കാരണം പക്ഷേ ദൈവത്തിനേ അറിയൂ.
ഈ ഫോര്‍വേഡുകളെക്കൊണ്ട് കളത്തിലിറങ്ങിയാല്‍ അടുത്ത കളി ജയിക്കുമോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നേ അണികള്‍പ്പോലും പറയൂ. പക്ഷേ, നേതൃമാറ്റം എന്നും മറ്റും പറഞ്ഞ് തമ്മിലടി തുടങ്ങിയാല്‍ കളി ഇപ്പോഴേ തോല്‍ക്കും എന്നറിയാം. ഒന്നാം മൂര്‍ത്തിയേയും കൊണ്ട് പോയാല്‍ പുതിയ കാലാവസ്ഥയില്‍ ഭൂരിപക്ഷ സമുദായക്കാരുടെ ഉള്ള വോട്ടും കിട്ടാതാവും എന്ന് മറ്റ് രണ്ട് മൂര്‍ത്തികള്‍ക്കും അഭിപ്രായമുണ്ട്. കാര്യമില്ല. ഒന്നാം മൂര്‍ത്തിക്ക്് അങ്ങനെ തോന്നിയില്ലെങ്കില്‍ തോന്നിപ്പിക്കാന്‍ യാതൊരു വഴിയുമില്ല. ഹൈക്കമാന്‍ഡ് ലോ കമാന്‍ഡ് ആയ കാലമാണ്. രണ്ടാം മൂര്‍ത്തിയെ മുന്നില്‍നിര്‍ത്തിയാല്‍ എസ്.എന്‍.ഡി.പി.-ബി.ജെ.പി. അടവ് നേരിടാമെന്ന് രണ്ടാം മൂര്‍ത്തി മാത്രമല്ല പല ചെറുവിഗ്രഹങ്ങള്‍ക്കും അഭിപ്രായമുണ്ട്. മൂന്നാം മൂര്‍ത്തി വിനയം കാരണം മിണ്ടുന്നില്ല എന്നേയുള്ളൂ. യോഗ്യന്‍ താന്‍തന്നെ, സംശയം വേണ്ട. ത്രിതലശേഷം ത്രിമൂര്‍ത്തികള്‍ ത്രിശങ്കുസ്വര്‍ഗത്തിലാണ്. മിണ്ടാനും വയ്യ, മിണ്ടാതിരിക്കാനും വയ്യ. ബാര്‍, സോളാര്‍ വകുപ്പുകളില്‍ കൂടുതല്‍ സല്‌പ്പേര് ഇനിയും ഉണ്ടാകാം, എന്തെങ്കിലും അത്ഭുതം പൊട്ടിവീഴാം. ദൈവം തുണ.
****
നിയമ-മാധ്യമ വ്യവസ്ഥകളുടെ ഒരു ഇത് മനസ്സിലാകാത്തതുകൊണ്ട് ചോദിക്കുകയാണ്. പൊതുരംഗത്ത്, അല്ലെങ്കില്‍ ഭരണത്തില്‍ സ്ഥാനം വഹിക്കുന്ന ഒരാള്‍ ധാര്‍മികതയുടെ പേരില്‍ രാജി വെച്ചേ തീരൂ എന്ന് വരുന്നത് എപ്പോഴാണ് ? എന്തെല്ലാം ഒഴികഴിവ് പറഞ്ഞാലാണ് സ്ഥാനത്ത് കടിച്ചുതൂങ്ങാനാവുക ? ആരോപണം ഉന്നയിക്കപ്പെട്ടാല്‍ ഉടന്‍ രാജിവെക്കണമോ ? ആരോപണത്തിന്റെ വിഷയം അഴിമതി ആണെങ്കിലേ രാജിവെക്കേണ്ടൂ എന്നുണ്ടോ ? സദാചാരപ്രശ്‌നമാണെങ്കിലോ ? എഫ്.ഐ.ആര്‍ പോലും എടുത്തിട്ടില്ലെങ്കിലും ചുമ്മാ കേറി രാജിവെക്കണമോ ? പ്രതി ആയെങ്കില്‍തന്നെ, വിചാരണയില്‍ കുറ്റം തെളിഞ്ഞാലേ രാജി വെക്കേണ്ടൂ എന്നുണ്ടോ ? സീസറുടെ ഭാര്യയുടെ കാര്യം പോലെ, കോടതി കുറ്റവാളിയാണെന്ന് പറയും വരെ ആള്‍ നിരപരാധിയാണെന്ന മറ്റൊരു തത്ത്വവും ഇല്ലേ നീതിന്യായ ധാര്‍മികതയില്‍ ? ഈ ജാതി ചോദ്യങ്ങള്‍ വേണമെങ്കില്‍ ഇനിയും ഒരു ഡസന്‍ കണ്ടെത്താം. വേണ്ട, രണ്ടെണ്ണം കൂടി പൊറുക്കണം. അഴിമതി ആരോപിതന്‍ അധമനും അഴിമതിക്കുള്ള ശിക്ഷ അനുഭവിച്ചുകഴിഞ്ഞാല്‍ ആള്‍ യോഗ്യനും ആകുമോ ? അഴിമതി ആരോപിതന്‍ കോടതി വെറുതെ വിടും വരെ കുറ്റവാളിയും കൊലേേക്കസ് പ്രതികള്‍ കോടതി ശിക്ഷിക്കപ്പെടും വരെ നിരപാരാധിയും ആണോ ?
ജനത്തിന്റെ സംശയം തീര്‍ക്കണമെന്ന് രാഷ്ട്രീയ പണ്ഡിതന്മാരോടും നാഴികക്ക് നാല്പതുവട്ടം ധാര്‍മികത പറയുന്നവരോടും അഭ്യര്‍ത്ഥിക്കുന്നു. അഴിമതിക്കേസ്സില്‍ ശിക്ഷിക്കപ്പെട്ടാല്‍ അടുത്ത കേസ്സില്‍ പ്രതിയാകുംവരെ ആ ആളെ സത്യസന്ധന്‍പ്പിള്ളയായി കണക്കാക്കാം. കൊലക്കേസ്സിലാകട്ടെ, നേരെ തിരിച്ചാണ്. വിചാരണത്തടവായാലും ശിക്ഷിക്കപ്പെട്ടാലുമെല്ലാം ആള്‍ ത്യാഗിയും ജീവിക്കുന്ന രക്തസാക്ഷിയും ആണ്. ഏത് സ്ഥാനവും ചോദിക്കുംമുമ്പ് കൊടുക്കപ്പെടും- ഈ രണ്ടുതത്ത്വങ്ങള്‍ ഭേദഗതി ചെല്ലാന്‍ പറ്റില്ലാത്ത രണ്ട് മൗലികവ്യവസ്ഥകളാക്കാന്‍ വിട്ടുപോകരുതേ.
****
കിട്ടിപ്പോയി. മൈതാനത്ത് കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്തവന്മാര്‍ക്കിട്ട് രണ്ട് കൊടുക്കാന്‍ പറ്റിയ വകുപ്പ് കിട്ടിപ്പോയി. അന്ന് അല്‍ ‘ഉമ്മ’ സംഘത്തിന്റെ നേതാവ് ചമഞ്ഞ് തിളങ്ങിയ രാഹുല്‍ പശുപാലനും ഭാര്യയും പെണ്‍വാണിഭക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഊരും പേരും പരസ്പരം അറിയാത്തവരാണ് സദാചാരപോലീസിന് എതിരെ പ്രതികരിക്കാന്‍ വന്നത്. പൊതുസമൂഹത്തിന്റെ നെറ്റിചുളിപ്പിക്കാതെന്ത് ന്യൂജെന്‍ സമരം? നെറ്റി ചുളിപ്പിച്ചു. അതിനൊപ്പം, ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച തത്ത്വവും ഒലിച്ചുപോയി. വാളെടുത്തവന്‍ വെളിച്ചപ്പാടാവുന്ന അരാജകപ്രസ്ഥാനത്തിന് അങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
അങ്ങനെയല്ലാത്ത, പ്രി പ്രൈമറി പ്രായത്തിലേ തത്ത്വവും സിദ്ധാന്തവും പഠിപ്പിക്കുന്ന സംഘടിത പ്രസ്ഥാനങ്ങളുടെയും മതങ്ങളുടെയും സ്ഥിതിയെന്താണ് ? വാ തുറന്നാല്‍ ദൈവത്തെ ആണയിട്ട് സദാചാരവും ആത്മീയതയും മാത്രം പറയുന്ന ചിലരെയെങ്കിലും രാഹുല്‍ ഗോപാലന് ജെയിലില്‍ കൂട്ട് കിട്ടിയേക്കാം. ആശറാം ബാപ്പുമാരും സന്തോഷ് മാധവന്മാരും ധാരാളം കണ്ടേക്കും. അതിന്റെ പേരില്‍ ആരും അവരുടെ മതത്തെയോ പ്രസ്ഥാനത്തെയോ അവമതിച്ചിട്ടില്ല. പിന്നെയെന്തിന് രാഹുല്‍ പെണ്‍വാണിഭക്കാരന്റെ പേരില്‍ കിഓല പ്രസ്ഥാനം അവമതിക്കപ്പെടണം. കള്ളനോട്ട് ഏത് സ്ഥലത്തുനിന്നും കിട്ടിയേക്കും. ഒരു കള്ളനോട്ട് കിട്ടിയെന്ന് വെച്ച് നോട്ടുകെട്ട് അപ്പടി ഓവുചാലിലെറിയേണ്ടതുണ്ടോ ?
****
സി.പി.എമ്മില്‍ റിട്ടയര്‍മെന്റ് പ്രായം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുവ ജനറല്‍ സിക്രട്ടറി നയം വ്യക്തമാക്കിയിരിക്കുന്നു. ഇതോടെ ഇങ്ങിവിടെ ചിലര്‍ ഞെട്ടിത്തെറിച്ചതായും വേറെ ചിലര്‍ക്ക് പ്രായം പത്ത് കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. മാര്‍ക്‌സ്-ഏങ്കല്‍സ് കിത്താബുകളില്‍ പ്രായത്തെ കുറിച്ച് പരാമര്‍ശമില്ല. ലോകത്തൊരു കമ്യൂ. പാര്‍ട്ടിയും നേതാക്കള്‍ക്ക് ഏജ് ബാര്‍ ഏര്‍പ്പെടുത്തിയതായി കേട്ടിട്ടില്ല. പ്രായം പ്രശ്‌നമായിരുന്നു എന്നത് ശരിയാണ്. സിക്രട്ടറിയോ മറ്റോ ആയിക്കഴിഞ്ഞാല്‍ സെമിത്തേരിയിലേക്കുള്ള ആംബുലന്‍സ് വിളിക്കുന്നതുവരെ ഇറങ്ങില്ലെന്നതായിരുന്നു പ്രശ്‌നം. ഇന്ത്യയില്‍ അത് സംഭവിക്കാതിരിക്കാന്‍ രണ്ട് വട്ടമേ തുടര്‍ച്ചയായി സിക്രട്ടറിയാകാവൂ എന്ന് വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ട്. അല്ലെങ്കിലും ഇവിടെ ഡീസന്റ് സഖാക്കളാണ് സ്ഥാനങ്ങള്‍ വഹിക്കാറുള്ളത്. ജ്യോതി ബസു 23 വര്‍ഷം മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് മടുത്ത് നിലവിളിച്ചിട്ടും അദ്ദേഹത്തെ ഇറങ്ങാന്‍ സമ്മതിച്ചിരുന്നില്ല. കടുംകൈ വല്ലതും ചെയ്‌തേക്കുമെന്ന നില വന്നപ്പോഴാണ് ഒടുവില്‍ സമ്മതിച്ചത്. മുഖ്യമന്ത്രിസ്ഥാനത്ത് നിന്നറിങ്ങിയത് 86 ാം വയസ്സിലാണ്. അതിന് ശേഷമെങ്കിലും സമാധാനമായി വീട്ടിലിരിക്കാന്‍ സമ്മതിച്ചുവോ ? ഇല്ല. തൊണ്ണൂറ്റാറാം വയസ്സുവരെ പോളിറ്റ് ബൂറോ യോഗത്തിനുള്ള നോട്ടീസയച്ച് ഉറക്കം കെടുത്തുമായിരുന്നു.
യച്ചൂരിസഖാവേ.. കേരളത്തിലെ നിയമസഭാ തിരിഞ്ഞെടുപ്പിന് മാസം മൂന്നോ നാലോ മാത്രമേ ബാക്കിയുള്ളൂ. ഈ സമയത്ത് ചര്‍ച്ച ചെയ്യേണ്ട സുപ്രധാന നയപ്രശ്‌നമായി പ്രായം ഉയര്‍ന്നുവന്നതിന്റെ അര്‍ത്ഥമൊക്കെ മനസ്സിലായി. വി.എസ്. സഖാവിന്റെ 92 ാം ജന്മദിനം ആഘോഷിച്ചിട്ട് മാസം ഒന്ന് കഴിഞ്ഞേ ഉള്ളൂ. ഈയിടെ ഷര്‍ട്ടഴിച്ചിട്ട് വെയിലില്‍ നില്‍ക്കുന്നതിന്റെ ഫോട്ടോ പത്രങ്ങളില്‍ കണ്ടു. സോളാര്‍ പാനല്‍ പോലെയാണ്. സൂര്യനില്‍നിന്നാണ് ഊര്‍ജം ശേഖരിക്കുന്നത്. അടുത്ത നിയമസഭാതിരഞ്ഞെടുപ്പിലും വേറെ ആരും ജുബ്ബ തയ്‌ക്കേണ്ട. വോട്ടെടുപ്പ് നാള്‍വരെ മുന്നില്‍ നിര്‍ത്തി പിന്നെ പിന്നിലാക്കാമെന്നും മോഹിക്കേണ്ട. അത് കെ.ആര്‍.ഗൗരി, ഇത് വി.എസ്… യേത് ?
nprindran@gmail.com