അച്ഛന് മരിച്ച ഒഴിവില്‍ മകന് എം.എല്‍.എ. സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്തോ മോശം സംഗതിയായി ഇപ്പോഴും നിലനില്‍ക്കുന്നത് അദ്ഭുതംതന്നെ. വ്യാകരണത്തിലെ തെറ്റുപോലും ആവര്‍ത്തിച്ചാല്‍ ശരിക്ക് തുല്യമാകും എന്നാണ് വ്യവസ്ഥ. എത്രവട്ടം എന്ന് വ്യക്തമല്ല. വ്യാകരണമോ നിയമമോ ഒട്ടുമില്ലാത്ത രാഷ്ട്രീയത്തില്‍ എന്തിനാണാവോ ഇത്ര വേവലാതി? രാഷ്ട്രീയത്തിന് ഒരു പടികൂടി താഴെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം. അവിടെ ഒരു നിയമമേയുള്ളൂ. തിരഞ്ഞെടുപ്പ് ജയിക്കാന്‍ എന്തുംചെയ്യാം. യുദ്ധത്തിലും പ്രേമത്തിലും എന്തുംചെയ്യാം എന്ന ഒരു അബദ്ധം ഇംഗ്ലീഷുകാര്‍ പറഞ്ഞുപറഞ്ഞ് ഏതാണ്ട് സുബദ്ധമാക്കിയിട്ടുണ്ട്. യുദ്ധത്തിലും പ്രേമത്തിലുമല്ല, തിരഞ്ഞെടുപ്പിലാണ് എന്തും ചെയ്യാവുന്നത്…
ജീവിതകാലം മുഴുവന്‍ മക്കള്‍രാഷ്ട്രീയത്തിന് എതിരായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴിതാ അത് പാടേ മറന്നിരിക്കുന്നു എന്നാണ് അപഖ്യാതി നമ്പര്‍ വണ്‍. ബാലകൃഷ്ണപിള്ള ഒരടികൂടി മുന്നോട്ടുകടന്ന് മറ്റൊരു പോയന്റുകൂടി ഉന്നയിച്ചു. കെ. കരുണാകരന്റെ മകനെ നേതാവാക്കുന്നതിന് എതിരെ പൊരുതിയ ജി. കാര്‍ത്തികേയന്റെ മകനെ സ്ഥാനാര്‍ഥിയാക്കിയത് കാര്‍ത്തികേയനോട് ചെയ്ത അനീതിയാണ് എന്നദ്ദേഹം പറഞ്ഞു. എങ്ങനുണ്ട്?
മക്കളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലാത്ത ആളാണ് ബാലകൃഷ്ണപിള്ള എന്ന് ആര്‍ക്കാണ് അറിയാത്തത്. പുത്രനായാലും ശരി അച്ഛനായാലും ശരി, തന്റെ കാര്യം കഴിഞ്ഞിട്ടേ പിന്‍ഗാമിയുടെ കാര്യം വരുന്നുള്ളൂ എന്നകാര്യത്തില്‍ അദ്ദേഹത്തിന് വിട്ടുവീഴ്ചയില്ല. പോകട്ടെ, ഇപ്പോള്‍ പ്രശ്നം അതല്ലല്ലോ. കാര്ത്തികേയന് കടുത്ത മക്കള്രാഷ്ട്രീയവിരുദ്ധനായിരുന്നു എന്നത് ശരിയോ? ആണെങ്കില്‍, മക്കള്രാഷ്ട്രീയവിരുദ്ധന്റെ മകനെ അച്ഛന്റെ പിന്തുടര്ച്ചാവകാശിയാക്കുന്നത് ശരിയോ?ഐ ഗ്രൂപ്പില്‍ തിരുത്തല്‍വാദം എന്നൊരു പ്രസ്ഥാനവുമായി ഹ്രസ്വകാലം ഇരമ്പിയവരുടെ നേതൃനിരയില്‍ ജി. കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും ഷാനവാസുമൊക്കെ ഉണ്ടായിരുന്നുവെന്നത് സത്യംതന്നെ. കാല് നൂറ്റാണ്ടുമുമ്പത്തെ കേസാണ്. ഓര്‍മകള്‍ പിശകും. കെ. മുരളീധരനെ എം.പി.യാക്കി മുന്നില്‍ കൊണ്ടുവരുന്നതിന് എതിരെയായിരുന്നു തിരുത്തല്‍വാദം എന്നത് സത്യമാവില്ല. കാരണം, അദ്ദേഹം എം.പി.യാകുന്നത് 1989ലാണ്, പിന്നെയും വര്‍ഷം മൂന്ന് കഴിഞ്ഞാണ് തിരുത്തലുകാര്‍ ഡസ്റ്ററും ചോക്കുമായി എഴുത്തുതിരുത്താന് വരുന്നത്. മക്കള്രാഷ്ട്രീയമാകാം, പക്ഷേ, വല്ലാതെ ധൃതിപ്പെടരുത് എന്നേ അവര്‍ പരിഭവിച്ചിരുന്നുള്ളൂ. തലേലെഴുത്ത് തിരുത്താന്‍ ആര്‍ക്കുണ്ട് അനുമതി?
പുത്രന് വീണ്ടും വീണ്ടും എം.പി.യും എം.എല്‍.എ.യും പി.സി.സി. പ്രസിഡന്റും മന്ത്രിയും പിന്നെയിതാ വീണിതല്ലോ കിടക്കുന്ന ധരണിയിലും ആയിട്ടുണ്ട്. തിരുത്തല്‍വാദികള്‍ പറഞ്ഞത് ശരിയായിരുന്നു. ധൃതിപാടില്ല. മുരളിക്കില്ലാത്ത ധൃതിയായിരുന്നു ലീഡര്‍ക്ക്. അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോഴത്തെ അവസ്ഥ തിരുത്താന്‍ പടച്ചോന്‍തന്നെ വിചാരിക്കണം. അതുകൊണ്ട് പാവം ജി. കാര്‍ത്തികേയനെ ഒരു ആജീവനാന്ത മക്കള്‍രാഷ്ട്രീയ വിരുദ്ധനാക്കേണ്ട. ആ നമ്പര്‍ ചെലവാകില്ല.
ഇന്ദിരാഗാന്ധിയുടെ കുടുംബാധിപത്യത്തെ അതിശക്തമായി വിമര്‍ശിച്ചവരാണ് എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, വി.എം. സുധീരന്, ആര്യാടന് മുഹമ്മദ് തുടങ്ങിയവരെന്ന വേറൊരു അപഖ്യാതിയും ചിലകക്ഷികള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്തുവിരോധമുണ്ടെങ്കിലും ഇത്രയും കടുത്ത അപരാധങ്ങള്‍ ആരോപിക്കാന്‍ പാടില്ല. ഇപ്പറഞ്ഞ ആളുകളൊക്കെ നേതാക്കള്‍ ആയതുതന്നെ ഇന്ദിരാഗാന്ധിക്ക് ജയ് വിളിച്ചിട്ടും ചുമരെഴുതിയിട്ടുമാണ്.
നെഹ്രുവിനെ പിന്തുടര്ന്ന് ഇന്ദിര വരുന്നതിനോ ഇന്ദിരയെ പിന്തുടര്ന്ന് ആദ്യം സഞ്ജയ് ഗാന്ധി വരുന്നതിനോ അതുകഴിഞ്ഞ് ഒടുവില്‍ രാജീവ്ഗാന്ധി വരുന്നതിനോ ഇവരാരും മനസ്സാ വാചാ കര്‍മണാ എതിര്‍ത്തിട്ടില്ല. അടിയന്തരാവസ്ഥയെയും എതിര്‍ത്തിട്ടില്ല. ജനതാ പാര്‍ട്ടിയുടെ വരവോടെ ഇന്ദിരയുടെ കഥകഴിഞ്ഞു എന്നൊരു ധാരണയുണ്ടായപ്പോള്‍ മറുപക്ഷം ചാടിയത് മാത്രമാണ് ഇവര്‍ക്ക് ജീവിതത്തില്‍ പറ്റിയ ഏക അബദ്ധം. വെറും ഒരു കണക്കുപിശക്. അതിന് മക്കള്രാഷ്ട്രീയവൈരാഗ്യം തുടങ്ങിയ സിദ്ധാന്തമൊന്നും ആരും അവരുടെ തലയില്‍ വെച്ചുകെട്ടരുത് എന്നൊരു അപേക്ഷയുണ്ട്. ഇതിന് തെളിവുണ്ടോ എന്നൊന്നും ചോദിക്കരുതുകേട്ടോ. രാഹുല്‍ഗാന്ധി ലോകത്തിന്റെ പ്രതീക്ഷ എന്നും പറഞ്ഞ് ഇവരെല്ലാം ഇപ്പോഴും നടക്കുന്നു എന്നതുതന്നെ തെളിവ്.
ഇന്നലെവരെ കമ്പനിയും കച്ചവടവും ആയി നടന്ന ആള് പെട്ടന്നുവന്ന് സ്ഥാനാര്‍ഥിയായതില്‍ യൂത്ത്, കെ.എസ്.യു. കിടാങ്ങള്‍ക്ക് പരിഭവം ഉണ്ടായതില്‍ തെറ്റില്ല. പക്ഷേ, പറഞ്ഞിട്ട് കാര്യമില്ല. ജയിക്കാന്‍ ഡോ. സുലേഖയേക്കാള്‍ ചിലപ്പോള്‍ നല്ലത് ശബരിനാഥ് തന്നെയായിരിക്കാം. രാഷ്ട്രീയം അധികം പറയില്ലെന്നതും നല്ല ഗുണംതന്നെ. പയ്യന് യൂത്ത് കോണ്ഗ്രസ്സിലോ കോണ്ഗ്രസ്സിലോ അംഗത്വംപോലും ഉണ്ടായിരുന്നില്ലെന്നത് മോശംതന്നെ. ഒന്ന് സമാധാനിക്കാം, പുള്ളിക്കാരന് തലേന്നുവരെ എതിര്‍പാര്‍ട്ടി നേതാവൊന്നും ആയിരുന്നില്ലല്ലോ. അതും നടക്കുന്നില്ലേ ഓരോ തിരഞ്ഞെടുപ്പിലും?
ആകപ്പാടെ ഒരു കണക്കേ പിശകിയുള്ളൂ. കാര്‍ത്തികേയന്റെ മകനോട് ജനങ്ങള്‍ക്ക് സഹതാപം ഉണ്ടാകുമെന്നും അത് വോട്ടുകിട്ടാന്‍ സഹായിക്കുമെന്നും വെറുതേ വ്യാമോഹിച്ചുപോയി. കേരളത്തില്‍ ആ ജാതി സഹതാപമൊന്നും ആര്‍ക്കും ഇല്ല. തീര്‍ച്ചയായും ശബരിനാഥിനേക്കാള് സഹതാപത്തിന് അര്‍ഹന്‍ ബി.ജെ.പി. സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍തന്നെ. സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനെ കേന്ദ്രമന്ത്രിസഭയില്പ്പോലും എടുക്കില്ലെന്ന് വാശിപിടിക്കുന്ന മോദിയുടെ പാര്‍ട്ടിയാണ് മുന്‍കേന്ദ്രമന്ത്രിയെ എം.എല്‍.എ. സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. സഹതാപം എമ്പാടും ഉണ്ട്. പ്രകടിപ്പിക്കേണ്ടത് വെറും ഒരു കൊല്ലത്തേക്ക് എം.എല്‍.എ. ആക്കിയിട്ടാണോ അതല്ല തോല്പിച്ചാണോ എന്നേ തീരുമാനിക്കാനുള്ളൂ.
*********
തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് വി.എസ്സിനെ വിളിച്ചില്ലെന്നത് വലിയ അനുഭാവതരംഗത്തിന് ഹേതുവാകുമെന്നത് അതിമോഹമായിരിക്കും. ഉപതിരഞ്ഞെടുപ്പ് മാത്രമാകുമ്പോള്‍ സഹതാപതരംഗം? കണ്ടറിയണം.
എന്തായാലും ശ്രമിക്കുന്നുണ്ടെങ്കില്‍ ആഞ്ഞുശ്രമിക്കണം. വി.എസ്സിനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് നീക്കം ചെയ്യുക, കേന്ദ്രകമ്മിറ്റിയംഗത്വത്തില്നിന്ന് പുറത്താക്കുക തുടങ്ങിയ എന്തെങ്കിലും കടുംകൈകള്‍ ചെയ്യാതെ ജനത്തിന് ഒന്നും ഏശുകയില്ല. അതും ഒരു പരിധിക്കപ്പുറം പോകാതെ നോക്കുകയും വേണം. വി.എസ്സിനെ ശരിക്കും പ്രകോപിപ്പിക്കാന്‍വേണ്ടി അടുത്ത മുഖ്യമന്ത്രിസ്ഥാനാര്‍ഥി പിണറായി വിജയന് ആയിരിക്കും എന്നൊന്നും പ്രഖ്യാപിച്ചേക്കല്ലേ… യു.ഡി.എഫിന്റെ ഏക പ്രതീക്ഷ ഇപ്പോഴും അത് മാത്രമാണ്. പണ്ട് ഗൗരിയമ്മയുടെ കാര്യത്തില്‍ ചെയ്തതുപോലെ വി.എസ്. തന്നെ എന്നൊക്കെ പറഞ്ഞുനിന്നിട്ട് ഇലക്ഷന് കഴിഞ്ഞാല്‍ വേണ്ടതുപോലെ ചെയ്താലും വിരോധമില്ല. മറ്റേത് പൊതുതിരഞ്ഞെടുപ്പിന് മുമ്പുപോലും വേണ്ട…
*********
ബാര്‍ കോഴയില്‍ വേണ്ടത്ര തെളിവില്ല എന്ന കണ്ടെത്തല്‍ വളരെ സ്വാഗതാര്‍ഹമാണ്. ഭാവിയില്‍ കോഴകൊടുത്ത് പിന്നീട് കേസില്‍ കുടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ എന്തെല്ലാം തരം തെളിവുകളാണ് മുന്‍കൂട്ടി ഉണ്ടാക്കിവെക്കേണ്ടത് എന്നുകൂടി ഉദ്യോഗസ്ഥന്മാര് ഒരു കുറിപ്പടിയായി തയ്യാറാക്കുന്നത് നന്നായിരിക്കും.
ബാര്‍ ഓണേഴ്സ് അസോസിയേഷന് മറ്റേ ബാറുമായിക്കൂടി നല്ല ബന്ധം ഉണ്ടാക്കിയിട്ടേ ഇത്തരം വയ്യാവേലികള്‍ക്ക് പുറപ്പെടാവൂ. ഇപ്പോള്‍ എന്തെല്ലാം അത്യാധുനിക യന്ത്രങ്ങള്‍ വിപണിയിലുണ്ട് എന്ന് അന്വേഷിച്ചാലറിയാം. നുണപരിശോധന നടത്തുമ്പോള്‍ ഘടിപ്പിക്കുന്നതുപോലുള്ള ഉപകരണങ്ങളുടെ ചെറുപതിപ്പുകള്‍ വിപണിയില്‍ കണ്ടേക്കും. അതുണ്ടെങ്കില്‍, കോഴ വാങ്ങുമ്പോളത്തെ മന്ത്രിയുടെ മുഖഭാവം, ഹൃദയമിടിപ്പ്, ശരീരോഷ്മാവ്, ബി.പി. എന്നിവയെല്ലാം രേഖപ്പെടുത്താന്‍ കഴിഞ്ഞേക്കും. ഇപ്പോഴും കോഴവാങ്ങിച്ചത് കണ്ടു എന്ന് പറഞ്ഞാലേ നുണപരിശോധനയുള്ളൂ. ഞാന്‍ വാങ്ങിയില്ല എന്ന് പറയുന്ന ആളെയും അതിന് വിധേയനാക്കിയാല്‍ പ്രശ്നം ഒരുദിവസംകൊണ്ട് തീര്‍ക്കാമായിരുന്നു.
nprindran@gmail.com