രാജിയുടെ താത്ത്വിക പ്രശ്‌നങ്ങള്‍

ഇന്ദ്രൻ

കോണ്‍ഗ്രസ്സില്‍ ആദര്‍ശധീരത എന്ന അസുഖത്തിന്റെ ഒരു ലക്ഷണം ആള്‍ ഇടയ്‌ക്കെല്ലാം ഒന്ന് രാജിവെക്കും എന്നുള്ളതാണ്. എന്നാല്‍, രാജി എപ്പോള്‍ വെക്കണം എന്നകാര്യത്തില്‍ ആദര്‍ശധീരന്മാര്‍ക്കിടയില്‍ അഭിപ്രായൈക്യമില്ല. ദേശീയതലത്തിലും ഇതുതന്നെയാണ് സ്ഥിതി. കഴിയുന്നത്ര നിസ്സാരമായ കാരണം കണ്ടുപിടിച്ചാണ് രാജിവെക്കേണ്ടത് എന്ന ഒരു തിയറി നിലവിലുണ്ട്. എന്തായാലും ഒരു കാര്യത്തില്‍ അഭിപ്രായൈക്യമുണ്ട് -ഗൗരവമുള്ള വീഴ്ചകള്‍ പറ്റിയാലൊന്നും രാജിവെച്ചുകൂടാ.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കാര്യമാണ് ചര്‍ച്ചാവിഷയമെന്ന് ധരിക്കരുത്. ഇന്ന് രാജിവെക്കുമോ നാളെ രാജിവെക്കുമോ എന്നൊരു അനിശ്ചിതത്വമൊന്നും മുഖ്യമന്ത്രിയുടെ കാര്യത്തിലില്ല. രാജിവെക്കില്ലെന്ന് കട്ടായം. മൂന്നുനാല് സംഗതികളാണ് പൊതുവേ കോണ്‍ഗ്രസ്മന്ത്രിമാരുടെ ഓര്‍ക്കാപ്പുറത്തുള്ള രാജിക്ക് കാരണമാകാറ്. മനസ്സാക്ഷിയാണ് ഇതിലൊന്ന്. എപ്പോഴാണ് ഇതിന്റെ കുത്ത് ഉണ്ടാവുകയെന്ന് പ്രവചിക്കാനാവില്ല. ഇക്കാലത്ത് അതുള്ളവര്‍ നന്നേ അപൂര്‍വമാണെന്നതും അല്പസ്വല്പം അതുള്ളവരും സാഹചര്യം നോക്കിയേ അങ്ങനെ ചെയ്യാറുള്ളൂ എന്നതുമാണ് വലിയ ആശ്വാസം. ധാര്‍മികത എന്നൊരു സാധനം വേറെയുണ്ട്. ഇക്കാര്യത്തിലുമില്ല വ്യവസ്ഥയും ചട്ടവുമൊന്നും. എവിടെയോ തീവണ്ടി മറിഞ്ഞ് കുറച്ചുപേര്‍ മരിച്ചതിന്റെ പേരില്‍ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് പണ്ടൊരു റെയില്‍വേമന്ത്രി രാജിവെക്കുകയുണ്ടായി. പില്‍ക്കാലത്ത് അതിലും വലിയ അപകടങ്ങള്‍ നൂറെണ്ണമുണ്ടായി. ഒരു വണ്ടിഡ്രൈവര്‍പോലും രാജിവെച്ചില്ല. രാജി ഒരു കീഴ്‌വഴക്കമായിരുന്നെങ്കില്‍ മന്ത്രിപ്പണിക്ക് ആളെക്കിട്ടാതെ ജനാധിപത്യം കുളംതോണ്ടിപ്പോകുമായിരുന്നു.

ഹൈക്കമാന്‍ഡ് എന്ന അരൂപി ഇടപെട്ടളഞ്ഞാലും രാജിവെക്കേണ്ടിവരാറുണ്ട്.
ആദര്‍ശം ധാര്‍മികത തുടങ്ങിയ മുഖംമൂടികളൊന്നും അതിനില്ല. അപ്രിയമുണ്ടെങ്കില്‍ രാജിവെക്കാന്‍ പറയുക, പ്രിയ പ്രിയപ്പെട്ടവരെ മുഖ്യമന്ത്രിയാക്കുക എന്നതാണ് ഹൈക്കമാന്‍ഡിന്റെ പൊതുതത്ത്വം. സ്വന്തക്കാരാണെങ്കില്‍ തലപോയാലും രാജി ആവശ്യപ്പെടില്ല. രാജിവെക്കണം എന്ന് പറയിക്കാനും പറയിപ്പിക്കാതിരിക്കാനുമായി സകല സംസ്ഥാനങ്ങളില്‍നിന്നും കോണ്‍ഗ്രസ്സുകാര്‍ ആഴ്ചതോറും കൂട്ടംകൂട്ടമായി ഡല്‍ഹിക്കുപോകുന്നതുകൊണ്ടാണ് വിമാനക്കമ്പനികള്‍ കഷ്ടിച്ച് നിലനിന്നുപോകുന്നത്.

മുഖ്യമന്ത്രിയുടെ ഡല്‍ഹി റേറ്റിങ് ഇപ്പോഴും സ്റ്റെഡി ആണ്. അതുകൊണ്ട് അദ്ദേഹം രാജിവെക്കില്ല.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷക്കാര്‍ കരിങ്കൊടി, ചെങ്കൊടി തുടങ്ങിയ പലതും കാണിക്കുന്നുണ്ട്. എം.വി. രാഘവനെ പണ്ട് തടഞ്ഞതിനുശേഷം ഈ വിധമൊരു സാഹസത്തിന് മുതിര്‍ന്നിട്ടില്ല. ഇനിയെത്രകാലം മഴയിലും തണുപ്പിലും രാത്രി തെരുവോരത്ത് കിടക്കേണ്ടിവരും എന്നറിയില്ല.

മഴക്കാലത്താണെങ്കില്‍ കൊതുകിന് ശൗര്യം ഡബിളാവും.

ആരും പറയുംമുമ്പ് രാജിവെക്കുന്ന ആന്റണിയുടെ നേര്‍പതിപ്പാണ് ഉമ്മന്‍ചാണ്ടി എന്നാണ് കേട്ടിരുന്നത്.

അത് വെറും മാധ്യമസൃഷ്ടി. ഇപ്പോള്‍ ആരുപറഞ്ഞാലും രാജിവെക്കില്ല. ഞാനായിരുന്നെങ്കില്‍ പണ്ടേ രാജിവെക്കുമായിരുന്നുവെന്ന് മന്ത്രിതുല്യ ചീഫ് വിപ്പ് പറഞ്ഞതോടെ ആദര്‍ശത്തിന്റെ ഇന്‍ഡക്‌സില്‍ പി.സി. ജോര്‍ജിനും താഴേക്ക് ഉരുണ്ടുവീണിരിക്കുന്നു ആദര്‍ശവാനായ ഉമ്മന്‍ചാണ്ടി. ഇതിനേക്കാള്‍ താഴേക്ക് ഇനി വീഴാന്‍ ബുദ്ധിമുട്ടാണ്.

കോടതി പറഞ്ഞാല്‍ രാജിവെക്കും എന്നുപറയുന്നുണ്ട് എ ഗ്രൂപ്പുകാര്‍. ഇക്കാലംവരെ കോടതി ആരോടും രാജിവെക്കാന്‍ പറഞ്ഞിട്ടില്ല. കോടതിയുടെ പണി അതല്ല. വിധി പ്രസ്താവനയിലെ വരികള്‍ക്കിടയില്‍ വായിച്ചുവേണം രാജിവെക്കാനാണോ തുടരാനാണോ പറഞ്ഞതെന്ന് കണ്ടുപിടിക്കാന്‍. വലിയ പാടാണ്. രാജിവെച്ചില്ലെങ്കില്‍ പിറ്റേന്ന് ജഡ്ജി പത്രസമ്മേളനം വിളിച്ചുകൂട്ടി മന്ത്രിയെ വിമര്‍ശിക്കുകയോ ചാനലില്‍ കേറി അട്ടഹസിക്കുകയോ ഒന്നുമില്ല. കോടതി ലിഖിതമായ വിധിയില്‍ അഭിപ്രായം പറഞ്ഞാലേ രാജിവെക്കേണ്ട കാര്യമുള്ളൂ. വിചാരണക്കിടയിലെ കമന്റ്‌സ് വിധിയല്ല. ഒരു കേസില്‍ ഒരു വിധിയേ പറയാനൊക്കൂ. കമന്റ്‌സ് പത്തെണ്ണം പറയാം. പത്രത്തില്‍ തലക്കെട്ട് വരും. രാവും പകലും ബ്രേക്കിങ് ന്യൂസ് വരും. പാതിരാത്രിവരെ ചാനല്‍ ചര്‍ച്ചയും നടക്കും.

അന്തിമവിധി വ്യത്യസ്തമാകാം. പത്രപ്രവര്‍ത്തനത്തില്‍ ഒരു മഹദ്വചനമുണ്ട്-വസ്തുതകള്‍ പവിത്രവും അഭിപ്രായം സ്വതന്ത്രവുമാണ്. ഫാക്ട്‌സ് ആര്‍ സേക്രഡ്, കമന്റ്‌സ് ആര്‍ ഫ്രീ. കോടതിയിലും ഇത് ബാധകമാണ്. കമന്റ്‌സ് ഫ്രീ ആയി ഇഷ്ടംപോലെ കിട്ടും. രാജിവെക്കുകയോ വെക്കാതിരിക്കുകയോ തരംപോലെ ചെയ്യാം.

അങ്ങനെയങ്ങനെ സരിതോര്‍ജ ക്രൈം സ്റ്റണ്ട് സെക്‌സ് സസ്‌പെന്‍സ് ത്രില്ലര്‍ സീരിയല്‍ അനിശ്ചിതകാലത്തേക്ക് തുടരും. സഹിച്ചേ പറ്റൂ

* * * *
ചാരക്കേസ് കാലത്ത് മുഖ്യമന്ത്രി കെ. കരുണാകരനെക്കൊണ്ട് ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പുകാരും രാജിവെപ്പിച്ചതിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് തോന്നിപ്പോകും പഴയ പത്രറിപ്പോര്‍ട്ടുകള്‍ നിരത്തിയുള്ള പ്രതിപക്ഷനേതാവ് വി.എസ്സിന്റെ വാദം കേട്ടാല്‍. ഇരുമ്പുലക്കപോലെ ഉറച്ച സോളാര്‍ തട്ടിപ്പിനെ മണല്‍ക്കോട്ടപോലെ കാറ്റത്ത് അപ്രത്യക്ഷമായ ചാരക്കേസുമായി താരതമ്യപ്പെടുത്തുകയോ? ലീഡറുടെ പേര് അന്നാരും പറഞ്ഞിട്ടില്ല. എന്നിട്ടും മുഖ്യമന്ത്രിയെ പുറത്തുകളഞ്ഞു എന്നത് ശരി. പക്ഷേ, ഒടുവില്‍, മറിയം റഷീദതന്നെ നിരപരാധിയാണെന്ന് തെളിഞ്ഞു. വിവാദം പത്രങ്ങളില്‍ പൊടിപാറുന്നതിനിടയില്‍ ഹൈക്കോടതിയുടെ ചില ബഞ്ചുകളില്‍നിന്ന് കമന്റുകള്‍ ഇഷ്ടംപോലെ ഫ്രീ ആയി കിട്ടിയതാണ്. അതെല്ലാം ലീഡര്‍ക്കെതിരെ ആഘോഷപൂര്‍വം ഉപയോഗപ്പെടുത്തി മാധ്യമങ്ങളും പ്രതിപക്ഷവും എ ഗ്രൂപ്പും. അങ്ങനെയാണ് സര്‍ക്കാറിന്റെ പ്രതിച്ഛായ തണുത്ത ചായപോലെ ഓവുചാലില്‍ ഒഴുക്കേണ്ട നിലയിലായത്. അതുപോലൊരു മാധ്യമസൃഷ്ടിയാണോ സോളാര്‍ കേസ് ? അഭിനവ മറിയം റഷീദയാണോ സരിതാനായര്‍ ?

അന്നത്തെ യു.ഡി.എഫ്. സര്‍ക്കാറിന്റെ പ്രതിച്ഛായ ഓവുചാലില്‍ കിടക്കുമ്പോള്‍ അത് വീണ്ടെടുക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച ഒറ്റമൂലിയാണ് മുഖ്യമന്ത്രിയുടെ രാജി. ഒരാടിന്റെ കഴുത്തറുത്ത് ബലിയാടാക്കുക. ചാരപ്പെണ്ണിന്റെ നാലയലത്ത് പോയിട്ടില്ലാത്ത മുഖ്യമന്ത്രിയെ അങ്ങനെ ബലിയാടാക്കാമെങ്കില്‍ സോളാറില്‍ വലുതും ചെറുതുമായ ആടുകളുടെ എണ്ണം ഡസന്‍കണക്കിനാണ്. പുത്തരിക്കണ്ടം മൈതാനത്ത് ബിരിയാണിസദ്യ നടത്താന്‍മാത്രം ആട്ടിറച്ചി കിട്ടും.

കോടതി, കുറ്റവാളിയാണെന്ന് വിധിക്കുന്നതുവരെ മുഖ്യമന്ത്രിയെ നിരപരാധിയായി കണക്കാക്കിക്കൂടേ എന്നാണ് ചാണ്ടി അനുചരന്മാരുടെ ചോദ്യം. നല്ല ചോദ്യമാണ്. ശിക്ഷിക്കുന്നതുവരെ പ്രതി നിരപരാധിയാണെന്നത് സാധാരണക്കാര്‍ക്ക് ബാധകമായ തത്ത്വമാണ്. നൂറ് അപരാധിയെ വിട്ടാലും ഒരു നിരപരാധിയെ ശിക്ഷിച്ചുകൂടാ. സമ്മതിച്ചു. പക്ഷേ, ജുഡീഷ്യല്‍ തത്ത്വമല്ല ജനകീയ കോടതിയിലെ തത്ത്വം. മന്ത്രിക്കെതിരെ, മുഖ്യമന്ത്രിക്കെതിരെ ആക്ഷേപം വന്നാല്‍ കുറ്റവാളിയല്ലെന്ന് തെളിയിക്കപ്പെടുംവരെ ജനകീയക്കോടതി വെറുതെ വിടില്ല. ആരോപിച്ചവര്‍ക്ക് കുറ്റം തെളിയിക്കാനൊന്നും ബാധ്യതയില്ല. ആരോപണം ഏറ്റുവാങ്ങിയവര്‍ വേണം നിരപരാധിത്വം തെളിയിക്കാന്‍. സ്ത്രീപീഡനക്കേസ് പോലെത്തന്നെ. മറിച്ച് തെളിയിച്ചാലും ആളുകളുടെ സംശയം തീരില്ല.

* * * *

സോളാറിന്റെ തീവ്രജ്വരത്തിനിടയില്‍ ഒരു പണി ഒപ്പിച്ചത് അധികം ചര്‍ച്ചയായില്ല. ക്രിമിനല്‍കേസില്‍ ശിക്ഷിക്കപ്പെടണമെന്നില്ല, ജയിലില്‍ കിടക്കുന്നുണ്ടെങ്കില്‍ത്തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്ന് കോടതി വിലക്കി. സൂര്യന്‍ നാലുവട്ടം അസ്തമിക്കുന്നതിന് മുമ്പാണ് നമ്മളത് ചെയ്തത്. കോടതി ശിക്ഷിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍തന്നെ അയോഗ്യതയുള്ള ആളെ മന്ത്രിതുല്യപദവിയില്‍ ഒരു കമ്മീഷന്റെ തലവനാക്കിയിരിക്കുന്നു.

പിന്നാക്കക്കാര്‍ക്ക് കമ്മീഷനുണ്ട്, ന്യൂനപക്ഷങ്ങള്‍ക്ക് കമ്മീഷനുണ്ട്, വനിതകള്‍ക്ക് കമ്മീഷനുണ്ട്, യുവജനങ്ങള്‍ക്ക് കമ്മീഷനുണ്ട്, മനുഷ്യാവകാശത്തിന് കമ്മീഷനുണ്ട്, വിവരാവകാശത്തിന് കമ്മീഷനുണ്ട്… അവയ്‌ക്കൊന്നുമില്ലാത്ത മന്ത്രിതുല്യപദവിയാണ് മുന്നാക്കക്കമ്മീഷന്‍ തലവന് നല്‍കിയിരിക്കുന്നത്. മന്ത്രിതന്നെ നേതൃത്വംനല്‍കാന്‍മാത്രം പിന്നാക്കമാണ് മുന്നാക്കമെന്ന് ജനമറിഞ്ഞിരുന്നില്ല. അങ്ങനെ എന്തെല്ലാം അറിയാനിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Go Top