ചിലതൊക്കെ കണ്ടാല്‍ മുഖംതിരിച്ചുകളയുന്നതാണല്ലോ ബുദ്ധി. അനീതിക്കെതിരെ പ്രതികരിക്കണമെന്ന് ആഹ്വാനിക്കാന്‍ എളുപ്പമാണ് കേരളത്തില്‍ സര്‍വത്ര അഴിമതിയാണെന്ന് എ.കെ. ആന്റണികൂടി പറഞ്ഞിരിക്കുന്നു. ആജീവനാന്ത അഴിമതിവിരുദ്ധനാണ് ആന്റണിയെങ്കിലും കാണുന്ന അഴിമതിയെ മുഴുവന്‍ തുറന്നുകാട്ടാനും തുടച്ചുനീക്കാനുമൊന്നും അങ്ങേര് മെനക്കെടാറില്ല. മനുഷ്യന് വേറെയെന്തെല്ലാം പണികിടക്കുന്നു. ചിലതൊക്കെ കണ്ടാല്‍ മുഖംതിരിച്ചുകളയുന്നതാണല്ലോ ബുദ്ധി. അനീതിക്കെതിരെ പ്രതികരിക്കണമെന്ന് ആഹ്വാനിക്കാന്‍ എളുപ്പമാണ്. പ്രതികരിച്ചുകളയാമെന്നു തീരുമാനിച്ച്, ഉറക്കമുണരുംതൊട്ട് കാണുന്ന അനീതിയെയൊക്കെ ചോദ്യംചെയ്യാന്‍ തുടങ്ങിയാല്‍ വൈകിട്ടാവുമ്പോഴേക്ക് ആളെ ജനം പിടിച്ച് ഭ്രാന്താസ്പത്രിയിലാക്കും.
യു.പി.എ. ഭരണത്തിന്റെ അന്ത്യഘട്ടത്തിലും സര്‍വത്ര അഴിമതിയായിരുന്നില്ലേ? ആന്റണിജി എന്താണ് മിണ്ടാതിരുന്നതെന്നു ചോദിക്കരുത്. അന്നത്തേത് സര്‍വത്ര ആയിരുന്നില്ല. പ്രധാനമന്ത്രി ശുദ്ധന്‍, പ്രതിരോധമന്ത്രി ശുദ്ധന്‍… ശുദ്ധന്മാരുടെ ബഹളമായിരുന്നു. അഴിമതി ലക്ഷംകോടിക്കണക്കില്‍ വേറെ നടന്നു. അതുപക്ഷേ, സിംഗിള്‍ വിന്‍ഡോ സംവിധാനത്തില്‍ കാര്യക്ഷമമായി നടന്നുപോന്നതാണ്. അതിനെ സര്‍വത്ര അഴിമതി എന്നു വിളിക്കാന്‍ പറ്റില്ല. കൈയുള്ളവനൊക്കെ കൈനീട്ടുന്ന ഇവിടത്തെ അഴിമതിയാണ് സര്വത്രന്.
സാര്‍വത്രിക അഴിമതിയൊക്കെ സഹിക്കാം. പക്ഷേ, മറ്റേതു സഹിക്കാന്‍ പറ്റില്ല. ഏത്, സര്‍ക്കാര്‍തലത്തിലെ അഴിമതിയെക്കുറിച്ചു പറയുമ്പോഴത്തെ ആ ചിരിയുണ്ടല്ലോ, സഹിക്കില്ല. അഴിമതി അഴിമതിയുടെ വഴിക്കു നടക്കും. ചേട്ടന് അതുമിതും പറഞ്ഞ് ചുമ്മാ സംഗതി കുളംതോണ്ടേണ്ട എന്നാണ് ആ ചിരിയുടെ അര്‍ഥം. ചേട്ടനു പ്രസംഗിക്കാന്‍ എന്തെല്ലാം വിഷയങ്ങളുണ്ട്. മോദിയെക്കുറിച്ചും സംഘപരിവാറിനെക്കുറിച്ചും യെച്ചൂരിയെക്കുറിച്ചും കോടിയേരിയെക്കുറിച്ചുമൊക്കെ പ്രസംഗിച്ചുകൂടേ? ചേട്ടന് ഓരോ ദുര്ബുദ്ധിയുണ്ടായി, അണ്ണഹസാരെ മോഡലില്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ സത്യാഗ്രഹം തുടങ്ങണമെന്നു തോന്നിയാല്‍ സംഗതി ബുദ്ധിമുട്ടാവുമല്ലോ. അതെല്ലാം ആ ചിരിയിലടങ്ങിയിട്ടുണ്ട്. എ.ഐ.സി.സി.യില്‍ പോയി വല്ലതുമൊക്കെ വായിച്ചിരുന്നാല്‍ പോരേ?
അഴിമതി നടത്തുന്നവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് ആന്റണിശിഷ്യന് ഉമ്മന്‍ചാണ്ടിയും പറഞ്ഞിട്ടുണ്ട്. അഴിമതിവിരോധത്തില് ഗുരുവിന്റെ അടുത്തുനില്‍ക്കും ശിഷ്യന്. പരമാവധി ആളുകളെക്കൊണ്ട് ഇരിക്കുന്ന കൊമ്പ് മുറിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ തന്ത്രം. അതോടെ അവര്‍ വീണ് ക്ലോസായിക്കോളുമല്ലോ. ആരെങ്കിലും അഴിമതി ചെയ്യണമെന്ന ദുരുദ്ദേശ്യവുമായി സമീപിച്ചാല്‍ ഇന്ന് ആരുടെ കൊമ്പാണു മുറിപ്പിക്കേണ്ടതെന്നാലോചിക്കും. പിന്നെ, ബാബുവിനെ ഒന്നു കണ്ടേക്ക്, അല്ലെങ്കില്‍, പാലായിലോ പാലക്കാട്ടോ പാണക്കാട്ടോ പോയേക്ക് എന്നുപദേശിക്കും. എല്ലാം പ്രതീകങ്ങളാണ്. ആരും കാറെടുത്ത് പാലായിലും പാണക്കാട്ടുമൊന്നും പോകേണ്ടകാര്യമില്ല. അതിനൊക്കെ തിരുവനന്തോരത്ത് സംവിധാനങ്ങളുണ്ട്. നാലുവര്‍ഷംകൊണ്ട് ഇരിക്കാന്‍ കൊമ്പുള്ളവരാരുമില്ല കുരുക്കളില്‍ എന്ന അവസ്ഥയെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ കൊമ്പൊന്നും വേണ്ടല്ലോ. സദാ നില്‍പ്പാണ്. തറയിലുറങ്ങുമ്പോള് കട്ടിലില്‍നിന്നു വീഴില്ല.
ആന്റണിക്ക് പഴയകാലത്തെക്കുറിച്ചേ അറിയൂ. കാലം മാറി. ചില്ലറകൊണ്ടൊന്നും കഴിഞ്ഞുകൂടാന്‍ പറ്റില്ല. ഒരു ചെറിയ അഴിമതി ചെയ്യുമ്പോഴേക്ക് കേസാവും. പിന്നെ വിജിലന്‍സ്, കോടതി, സ്റ്റിങ് ഓപ്പറേഷന്, സംഭാഷണം ചോര്‍ത്തല്‍ തുടങ്ങി നൂറു പാരകളാണ്. കേസും കൂട്ടവുമാകുമ്പോള് പിന്നെ അത് ഒതുക്കാന്‍ വേറെ കോഴവാങ്ങണം. അതു കേസാവുമ്പോള്‍ ഒതുക്കാന്‍ മറ്റേതിന്റെ നാലിരട്ടി വേറെ വാങ്ങണം. നിയമസഭയില്‍ ഭൂരിപക്ഷം കുറയുന്നതിനാനുപാതികമായി കോഴയുടെ വലിപ്പം കൂടും. സംഗതി പിടിവിട്ടുപോയിട്ടുണ്ടാവാം. ഇനിയിപ്പോള്‍ എന്തുചെയ്യാനാണ്. ഇരിക്കുന്ന കൊമ്പ് മുറിഞ്ഞാലും താഴെ കിടക്കുമല്ലോ. അവിടെക്കാണാം. സലാം…
****
മഹാത്മാഗാന്ധിയുടെയും നെഹ്രുവിന്റെയും കാലത്തുകണ്ട കോണ്‍ഗ്രസല്ല ഇപ്പോഴത്തേതെന്ന് പാര്‍ട്ടി മുഖപത്രത്തിലെ മുഖപ്രസംഗം വായിച്ചവര്ക്കു ബോധ്യപ്പെട്ടിരിക്കണം. നിസ്വാര്‍ഥത, പരോപകാരവ്യഗ്രത, ദീനദയ, ആതുരസേവനത്വര തുടങ്ങി ശബ്ദതാരാവലിയില്‍ ചേര്‍ത്ത സര്‍വഗുണങ്ങളുടെയും വിളനിലമായി മാറിയിരിക്കുകയാണ് കോണ്‍ഗ്രസ്. ആരെങ്കിലും ആരുടെയെങ്കിലും തല്ലുവാങ്ങി റോഡിലൂടെ മോങ്ങിനടക്കുന്നതു കണ്ടാല്‍ ഉടനെ സേവാദള്‍ വോളന്റിയര്‍മാര്‍ ഓടിച്ചെന്ന് താങ്ങിയെടുത്ത് കെ.പി.സി.സി. ഓഫീസില്‍ കിടത്തി സോഡനാരങ്ങ മുതല്‍ അന്തിയുറങ്ങാന്‍ അനാഥാലയം വരെ ഏര്‍പ്പാടുചെയ്യും. മദര്‍തെരേസ നാണിച്ചുപോകും കോണ്‍ഗ്രസിന്റെ ദീനദയയുടെ ഊക്കുകണ്ടാല്. ബ്ലോക്ക് തോറും െറസ്ക്യൂ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാനും പ്ലാനുണ്ട്.
എന്തു ഗുണം? കുന്നോളം നന്മചെയ്യുന്ന കോണ്‍ഗ്രസിന് കുന്നിക്കുരുവോളം നന്ദി തിരിച്ചുകിട്ടുന്നില്ലെന്നാണ് പാര്‍ട്ടി മുഖപത്രം കഴിഞ്ഞകാല ദയാദാക്ഷിണ്യപ്രവര്ത്തനത്തിന്റെ ബാലന്‍സ് ഷീറ്റ് നോക്കി കണ്ടെത്തിയത്. അവശന്മാര്, ആര്ത്തന്മാര്, ആലംബഹീനന്മാര് ആയ ആളുകളെ സഹായിക്കും. അവര്‍ ശേഷി തിരിച്ചുകിട്ടിയാല്‍ കാല്‍ക്കാശ് പ്രതിഫലം കൊടുക്കാതെ പെട്ടികിടക്കപ്രമാണങ്ങളെടുത്ത് പിന്‍വാതിലിലൂടെ അപ്രത്യക്ഷരാകുന്നു. പോകുന്നപോക്കില്‍ തരംകിട്ടിയാല്‍ വല്ലതും കൈക്കലാക്കുന്നുണ്ടോ എന്നുകൂടി സംശയിക്കണം. ഇങ്ങനെ പോയവരുടെ പട്ടിക നോക്കിയാല്‍ പട്ടം താണുപിള്ള മുതല്‍ നിരവധി കെങ്കേമന്മാരുടെ പേരുകാണാം. എം.വി. രാഘവനും ഗൗരിയമ്മയും അവസാനമല്ല, പിന്നെയുമുണ്ട്. ചിലര്‍ പോകാന്‍ വട്ടംകൂട്ടുന്നതായി സംശണ്ട്. പേര് ഇപ്പോള്‍ പറയാനൊക്കില്ല; വേണമെങ്കില്‍ ലക്ഷണം പറയാം.അഗതികള്‍ പോവുകയും വരികയും ചെയ്യും. അവര്‍ കടലില്‍ച്ചാടി ചാവുകയൊന്നുമില്ല. ചെകുത്താനില്നിന്നു രക്ഷപ്പെടാന്‍ കടലില്‍ച്ചാടും. മുങ്ങില്ല. കടലിലെ വിഭവങ്ങളാസ്വദിച്ച് തടിച്ചുകൊഴുക്കും. പിന്നെ ചെകുത്താന്‍തന്നെ വന്ന് വലിച്ചുകയറ്റും, കെട്ടിപ്പിടിക്കും, ഉമ്മവെയ്ക്കും. ഈ ഏര്‍പ്പാടിനാണ് രാഷ്ട്രീയം എന്നു പറയുന്നത്. കച്ചോടത്തില് ലാഭമില്ലാതെ ആരും ആരെയും കെട്ടിപ്പിടിക്കാറില്ല. ജനതാദള്‍ വന്നില്ലായിരുന്നെങ്കില്‍ വി.എസ്. വീണ്ടും അഞ്ചുവര്‍ഷം ഭരിച്ചേനെയെന്ന് കോണ്‍ഗ്രസ് സാധുജനപരിപാലനത്തിന്റെ കണക്കുപുസ്തകത്തില്‍ കണ്ടുകാണില്ല; ആര്.എസ്.പി. വന്നില്ലായിരുന്നെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കാര്യം കട്ടപ്പൊകയായേനെയെന്നും. ഇതിനെല്ലാം കാരണക്കാരനായ ബഹു. സഖാവ് പിണറായി വിജയനോട് കോണ്ഗ്രസ്സുകാര് ലവലേശം നന്ദികാട്ടാഞ്ഞതിനെക്കുറിച്ച് മുഖപ്രസംഗമെഴുതാനാണ് ഇവിടെ ആരുമില്ലാത്തത്. വെറുതെ ചെമ്പരത്തിപ്പൂ എടുത്തുകാട്ടി കരളാണെന്നും ഹൃദയമാണെന്നും പറഞ്ഞാലൊന്നും ഇക്കാലത്ത് കേരളത്തില്‍ നടക്കില്ല. ജനം കൈയടിക്കില്ല, കൂവിവിളിക്കും. അതൊരു പൊളിഞ്ഞ ട്രിക്കാണ്‍ഡാ എന്ന് വിളിച്ചുപറയും.
****
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എവിടെയെല്ലാം തോറ്റിരിക്കുന്നു. കേരളത്തിലാണ് സ്ഥിതി ഭേദം. മറ്റു സംസ്ഥാനങ്ങളില്‍ എ.കെ. ആന്റണിയുടെ സ്ഥിരം കമ്മീഷന്‍പോലും ഇപ്പോള്‍ തോറ്റതിന്റെ കണക്കുനോക്കാറില്ല. അപ്പോഴാണ് പാലക്കാട്ട് മാത്രം ഒരു അന്വേഷണക്കമ്മീഷന്. പാലക്കാട്ടെ കോണ്‍ഗ്രസ്സുകാര്‍ക്ക് ഇതു മനസ്സിലാകുന്നേയില്ല. ആരെല്ലാം എവിടെനിന്നെല്ലാം വന്ന് ഇവിടെ മത്സരിച്ചിരിക്കുന്നു, ആരെയെല്ലാം തോല്പിച്ചിരിക്കുന്നു. അവര്‍ സസന്തോഷം സ്വദേശത്തേക്കു പോയിരിക്കുന്നു!
ജനതാദളുകാര്‍ക്ക് ഇതത്ര ശീലമില്ലാഞ്ഞിട്ടാണ്. 1980ല്‍ ഒരുവട്ടം മാത്രമല്ലേ കോണ്‍ഗ്രസിന്റെ മുന്നണിയില്‍ മത്സരിച്ചിട്ടുള്ളൂ. പിന്നെ എങ്ങനെയാണ് കോണ്‍ഗ്രസ് ശൈലി പിടികിട്ടുക. അന്ന് എ ഗ്രൂപ്പുകാര്‍ സി.പി.എം. മുന്നണിയിലായിരുന്നല്ലോ. ലീഡര്‍ക്ക് കളവില്‍ ചതിയില്ല. പരക്കെ തോല്‍ക്കുന്നതുകൊണ്ട് പ്രത്യേകം പാരവെച്ച് ആരെയും തോല്പ്പിക്കേണ്ടിവന്നുമില്ല. ഇടതുമുന്നണിയില്‍ മത്സരിക്കുമ്പോള്‍ ജയിപ്പിക്കുന്ന കാര്യം അവര്‍ നോക്കിക്കൊള്ളും. സ്ഥാനാര്‍ഥി ബേജാറാവേണ്ട. യു.ഡി.എഫ്. സ്ഥിതി അതല്ല. നാട്ടുകാര്‍ക്കു ബോധംവന്ന് വോട്ടുചെയ്താലേ കോണ്‍ഗ്രസ്യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ ജയിക്കാറുള്ളൂ. കോണ്‍ഗ്രസ് നേതാക്കള്‍ ആരെയെങ്കിലും തോല്‍പ്പിച്ചുകളഞ്ഞു എന്നാരും ആവലാതിപ്പെടാറില്ല. ഇപ്പോഴത്തെ നേതാക്കള്‍ വിചാരിച്ചാല്‍ ആരെയും തോല്പിക്കാനും കഴിയില്ല, ജയിപ്പിക്കാനും കഴിയില്ല. അവര്‍ പറയുന്നതുകേട്ട് ആരും വോട്ടുചെയ്യാറുമില്ല.
രണ്ടായിരത്തില്‍ത്താഴെ വോട്ടിനു തോറ്റതാണ് സതീശന് പാച്ചേനി മുന്‍തിരഞ്ഞെടുപ്പില്‍. കണ്ണൂരുകാരനെ ഒരിക്കല്‍ ജയിപ്പിച്ചാല്‍ പിന്നെ പൊല്ലാപ്പാണ്, അവന് പോകില്ല എന്ന് നേതാക്കള്‍ പിറുപിറുത്തുകാണും. ചരിത്രത്തില്‍ ഇന്നുവരെ പാലക്കാട്ടുകാരനല്ലാത്ത ഒരു യു.ഡി.എഫുകാരന് പാലക്കാട്ട് ജയിച്ചിട്ടില്ല. പക്ഷേ, ജയത്തിന്റെ വക്കോളമെത്തി പാച്ചേനി. എന്നത്തെയുംപോലെ അന്നും നേതാക്കള്‍ ‘ചാക്കി’ല്‍ കയറി വേണ്ടത് ചെയ്തുകാണും. ആകപ്പാടെ നോക്കുമ്പോള്‍ സത്യം ഒന്നേയുള്ളൂ: വോട്ട് കൂടുതല്‍ കിട്ടിയത് എതിര്‍സ്ഥാനാര്‍ഥിക്കാണ്; അതുകൊണ്ട് അങ്ങേര് ജയിച്ചു, ഇങ്ങേര് തോറ്റു. വേറെ രഹസ്യമൊന്നുമില്ല. അന്വേഷിച്ചിട്ടും നടപടിയെടുത്തിട്ടും കാര്യവുമില്ല. തീരുമാനിച്ചതപ്പടി നടപ്പാക്കിയാല്‍ പാര്‍ട്ടി കോണ്ഗ്രസാവില്ലല്ലോ.