സ്വാതന്ത്ര്യസമര സേനാനി, പത്രാധിപർ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം ചിരസ്മരണീയനാണ് കെ.പി. കേശവമേനോൻ. അദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവുമേറെ ഓർമിക്കപ്പെടുന്നത് അദ്ദേഹം കുറേക്കാലം ആഴ്ചതോറും മാതൃഭൂമിയിൽ എഴുതിയ ‘നാം മുന്നോട്ട്’ എന്ന പംക്തിയാണ്.
വ്യക്തികൾക്കും സമൂഹത്തിനുമുള്ള മാർഗനിർദ്ദേശക ഉപദേശസംഹിതയായിരുന്നു അത്. ഒരു സാമൂഹിക കോൺസലിങ് എന്ന അർത്ഥത്തിൽ അതിനെ സാന്ത്വനസാഹിത്യം എന്ന് വിളിക്കുന്നുണ്ട്. സദാചാരം, വിദ്യാഭ്യാസം, തൊഴിൽ, പൊതുജീവിതം, രാഷ്ട്രീയം, കുടുംബപരം, ആദ്ധ്യാത്മികം തുടങ്ങിയ വിഷയങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നു. സമചിത്തതയോടെ, ആത്മവിശ്വാസത്തോടെ മുന്നേറാൻ ഈ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അസംഖ്യം വായനക്കാരെ സഹായിച്ചിട്ടുണ്ട്. ഇന്നും സഹായിക്കുന്നുമുണ്ട്. പോസിറ്റീവ് തിങ്കിങ്ങിന്റെയും ലൈഫ്സ്കിൽ മാനേജ്മെന്റ് പുസ്തകങ്ങളുടെയും കോഴ്സുകളുടെയും ഈ കാലത്തും കേശവമേനോന്റെ രചന ഉയർന്നുതന്നെ നിൽക്കുന്നു.
നാം മുന്നോട്ട് എന്ന പംക്തി ആരംഭിക്കുന്നത് 1962 ജൂൺ 18 ലക്കത്തിലാണ്. പത്തു വർഷത്തോളം അദ്ദേഹം പംക്തി എഴുതിക്കാണണം. ഇവയിൽ അഞ്ഞൂറോളം ലേഖനങ്ങളാണ് അഞ്ച് പുസ്തകങ്ങളായി മാതൃഭൂമി ബുക്സ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ഇതിനോട് ചേർത്തുവായിക്കാവുന്നവയാണ് അദ്ദേഹത്തിന്റെ സായാഹ്നചിന്തകൾ, ജീവിതചിന്തകൾ എന്നീ ഗ്രന്ഥങ്ങൾ. ഇവയും മാതൃഭൂമി ബുക്സ് പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുമ്പ് മാത്രമല്ല പിന്നീടും ആരും ഗൗരവപൂർവം കൈവെച്ചിട്ടില്ലാത്ത ഒരു സാഹിത്യപ്രസ്ഥാനത്തിന്റെ പതാകവാഹകനായിരുന്നു കേശവമേനോൻ എന്ന് കാണാം. അദ്ദേഹത്തിന് ഇതൊരു എഴുത്തുവിഷയം മാത്രമായിരുന്നില്ല. ഉപദേശനിർദ്ദേശങ്ങൾക്കായി നിരവധിപേർ അദ്ദേഹത്തെ വീട്ടിലും ഓഫീസിലും വന്നുകാണാറുണ്ട്. ആരെയും വെറുതെ മടക്കാറില്ല. പഠിച്ചിട്ട് തലയിൽ കയറുന്നില്ല എന്ന പരാതിയുമായി വന്ന ഒരു സ്കൂൾ കുട്ടിയെ അദ്ദേഹം ചില പുസ്തകങ്ങൾ വായിക്കാൻ ഉപദേശിക്കുകയും നിരന്തരം വഴികാട്ടുകയും ചെയ്തതുകൊണ്ട് കുട്ടി ഡോക്ടറായ കഥ ഡോ. സി.കെ.രാമചന്ദ്രൻ നാം മുന്നോട്ട് സമാഹൃതവാല്യങ്ങൾക്കെഴുതിയ അവതാരികയിൽ വിവരിക്കുന്നുണ്ട്.
1886 സപ്തംബർ ഒന്നിന് പാലക്കാട്ട് തരൂരിലായിരുന്നു ജനനവും പ്രാഥമിക വിദ്യാഭ്യാസവും. ബി.എ. കഴിഞ്ഞ് ഇംഗ്ളണ്ടിൽ ബാരിസ്റ്റർ പഠനം. അന്നുതുടങ്ങി മാധ്യമങ്ങൾക്കുവേണ്ടിയുള്ള എഴുത്ത്. ആ യാത്രയുടെ വിവരണമാണ് ബിലാത്തിവിശേഷം എന്ന കൃതി. തിരിച്ചെത്തിയത് ദേശീയപ്രസ്ഥാനത്തിലേക്കും വൈകാതെ പത്രപ്രവർത്തനത്തിലേക്കും. വക്കീലായാണ് തൊഴിൽജീവിതം തുടങ്ങുന്നത്. ജാതിക്കും അയിത്തത്തിനുമെതിരെ നിരന്തരം പോരാടി. ഐക്യകേരളത്തിനുവേണ്ടി 1919 കാലത്ത് ശബ്ദമുയർത്തിയത് പലർക്കും അപക്വമായി തോന്നിയെങ്കിലും കാലം കേശവമേനോന്റെ ദീർഘവീക്ഷണത്തിനൊപ്പം വരാൻ അധികകാലമെടുത്തില്ല. രണ്ടുവർഷത്തിനകം കോൺഗ്രസ്സിന് കേരള കമ്മിറ്റിയുണ്ടായി. വക്കീലായി മദ്രാസിൽ പോയിട്ടും പൊതുജനസേവനം ഉപേക്ഷിച്ചില്ല. അവിടെ റിക്ഷക്കാരെയും തോട്ടികളെയും സംഘടിപ്പിക്കാൻ രംഗത്തിറങ്ങി. സ്വന്തം വീട്ടിൽ തോട്ടികളുടെ യോഗം വിളിക്കുക എന്നത് അന്ന് അചിന്ത്യമായ അതിസാഹസികതയായിരുന്നു. മേനോൻ ഒട്ടും മടിച്ചില്ല.
കോഴിക്കോട്ട് തിരിച്ചുവന്ന് കോൺഗ്രസ് പ്രവർത്തനം തുടരവെ 1923-ൽ ആണ് മാതൃഭൂമി പത്രം സ്ഥാപിക്കുന്നതും കേശവമേനോൻ പത്രാധിപരാകുന്നതും. ഖിലാഫത്ത് സമരത്തെ പിന്താങ്ങിയതും വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് ആറുമാസം ജയിൽവാസം അനുഭവിച്ചതുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങളായി. പിന്നീട് മലയയിലേക്കു പോയ അദ്ദേഹം രണ്ടാം ലോകയുദ്ധകാലത്ത് തുടക്കത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷനൽ ആർമിക്കൊപ്പം നിന്നെങ്കിലും ജപ്പാനെ തുണച്ചില്ലെന്നതിന്റെ പേരിൽ ജയിലിലായി. 24 വർഷത്തെ വിദേശവാസക്കാലത്തും അദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലും മാതൃഭൂമിയിലുമായിരുന്നു. യുദ്ധമവസാനിച്ച് ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് കോഴിക്കോട്ട് തിരിച്ചെത്തിയത്. വീണ്ടും മാതൃഭൂമി പത്രാധിപരായി.
സ്വതന്ത്രപത്രപ്രവർത്തനത്തിന്റെ ആദ്യമാതൃകയാണ് മലയാളത്തിൽ കേശവമേനോൻ മാതൃഭൂമിയിലൂടെ സംഭാവനചെയ്തത്. കോൺഗ്രസ് പത്രമായിരിക്കെത്തന്നെ കോൺഗ്രസ് അനുകൂലിക്കുന്ന എല്ലാറ്റിനെയും അനുകൂലിക്കാൻ പത്രാധിപർ എന്നനിലയിൽ കേശവമേനോൻ കൂട്ടാക്കിയിരുന്നില്ല. പത്രാധിപത്യത്തിന്റെ ഉന്നതാദർശങ്ങളിൽ എക്കാലവും ഉറച്ചുനിന്ന അദ്ദേഹത്തിന്റെ വാക്കുകൾ കേരളഭരണാധികാരികൾ മാത്രമല്ല, ദേശീയ ഭരണാധികാരികളും എന്നും ശ്രദ്ധയോടെ കേട്ടുപോന്നിട്ടുണ്ട്.
യാതനാനിർഭരമായ ജീവിതം സ്വയം തെരഞ്ഞെടുത്ത അദ്ദേഹത്തിന്റെ ജീവിതസായാഹ്നം അന്ധതയോടുള്ള പോരാട്ടംകൂടിയായി. പ്രവർത്തനരംഗത്ത് മാറിനിന്നതേയില്ല. 1978 നവംബർ 9-ന് അന്തരിച്ചു.
മാതൃഭൂമിയിൽ നാം മുന്നോട്ട് പംക്തിയിൽ എഴുതപ്പെട്ടതാണ് രണ്ട് ലേഖനങ്ങളും. രണ്ട് വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചാണ് രചന. ഇന്ത്യയും ചീനയും തമ്മിൽ 1962-ൽ ഉണ്ടായ സൈനിക ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിലാണ് ആദ്യലേഖനമെങ്കിൽ വ്യക്തിജീവിതത്തിൽ ഏറ്റവുമേറെ പ്രയോജനപ്രദമാവുന്ന ഗുണങ്ങളിൽ ഒന്നിനെക്കുറിച്ചാണ് രണ്ടാം ലേഖനം.
യുദ്ധവും പ്രചാരവേലയും
കെ.പി. കേശവമേനോൻ
പ്രചാരവേലയുടെ ശക്തി കാണിയ്ക്കുന്ന ചില സംഭവങ്ങൾ പുരാണങ്ങളിൽ വിവരിച്ചുകാണാം. വാനരന്മാർ സേതു ചാടിക്കടന്ന് ലങ്കയിലെത്തുവാൻ മാർഗ്ഗം കാണാതെ കുണ്ഠിതപ്പെട്ട് ഇരിയ്ക്കുമ്പോൾ, ജാംബവാൻ പൂർവ്വം ഓർമ്മപ്പെടുത്തി അത്ഭുതകൃത്യങ്ങൾ പണ്ട് നേടിയ തനിയ്ക്കുണ്ടോ സേതു ചാടുവാൻ വല്ല വിഷമവും എന്ന് പറഞ്ഞ് ഹനുമാനെ ഉത്സാഹപ്പെടുത്തി കഴിവുകളെക്കുറിച്ച് ബോധവാനും കർമ്മോന്മുഖനുമാക്കി തീർത്തപ്പോൾ ഹനുമാൻ ആത്മവിശ്വാസത്തോടെ കടൽ ചാടിക്കടക്കുവാൻ ഒരുങ്ങി.
ബ്രഹ്മാണ്ഡമാശു കുലുങ്ങുമാറൊന്നവൻ
സന്മദാൽ സിംഹനാദം
ചെയ്തരുളിനാൻ
വാമനമൂർത്തിയെപ്പോലെ
വളർന്നവൻ
ഭൂമിധരാകാരനായ് നിന്നു
ചൊല്ലിനാൻ.
താൻ സേതുസമുദ്രം ചാടിക്കടക്കുക മാത്രമല്ല ലങ്കാദ്വീപു മുഴുവൻ ചുട്ട് ഭസ്മമാക്കി രാവണനെ ഉന്മൂലനാശം വരുത്തി സീതാദേവിയെ തിരികെ കൊണ്ടുവന്ന് ശ്രീരാമന്റെ മുമ്പിൽ കാഴ്ചവെയ്ക്കുമെന്ന് പറയുന്ന ഭാഗം രാമായണത്തിൽ വർണ്ണിച്ചിട്ടുണ്ട്.
”പഞ്ചതന്ത്ര”ത്തിലെ ബ്രാഹ്മണന്റെ അനുഭവം നേരെ മറിച്ചാണ്. യാഗത്തിനായി വാങ്ങിയ ആട്ടിനെ ചുമലിൽ കയറ്റിക്കൊണ്ടുപോകുമ്പോൾ അദ്ദേഹത്തെ പറ്റിയ്ക്കുവാൻ വഴിയിൽ അവിടവിടെ നിന്നിരുന്ന തെമ്മാടികൾ യാഗത്തിന്ന് ആരെങ്കിലും നായയെ കൊണ്ടുപോകുമോ എന്ന് വിളിച്ചുപറയാൻ തുടങ്ങി. വിടാതെ ഓരോരുത്തൻ അത് പറയുന്നത് കേട്ടപ്പോൾ തന്റെ ചുമലിൽ കയറ്റിയത് ആടോ നായയോ എന്ന സംശയം സാധു ബ്രാഹ്മണനുണ്ടായി. എല്ലാവരും പറയുന്നത് നായയെന്നാണ്. ആരും ആടെന്നു പറയുന്നില്ല എന്ന് കണ്ടപ്പോൾ തനിക്കു തെറ്റുപറ്റിപ്പോയി എന്ന് കരുതി ബ്രാഹ്മണൻ ആടിനെ വഴിക്ക് വിട്ടേച്ചുപോയതായാണ് കഥ.
ഹിറ്റ്ലർ ഒരിയ്ക്കൽ പറയുകയുണ്ടായി: അർദ്ധരാത്രിയിൽ നിങ്ങൾ എഴുന്നേറ്റ് ‘അതാ ഉദിച്ചുപൊങ്ങുന്ന സൂര്യനെ കണ്ടില്ലേ’ എന്ന് നാലുപ്രാവശ്യം ഉറപ്പോടെ പറഞ്ഞാൽ ആളുകൾ അത് വിശ്വസിയ്ക്കുമെന്ന്. അതാണ് പ്രചാരവേലയുടെ ശക്തി- ഉറങ്ങിക്കിടക്കുന്ന ആത്മവിശ്വാസം വളർത്തുവാനും സംശയാലുക്കളുടെ വിശ്വാസം നശിപ്പിക്കുവാനും. അതുകൊണ്ടാണ് യുദ്ധകാലത്ത് മറ്റ് പലതിനെയുംപോലെ പ്രചാരവേലയ്ക്കും പ്രാധാന്യം നൽകണമെന്ന് പറയുന്നത്. യുദ്ധത്തെ സംബന്ധിച്ച് ചീനക്കാരും മറ്റ് ചില രാജ്യങ്ങളും നടത്തുന്ന പ്രചാരവേല കാണുമ്പോൾ നമ്മുടെ പ്രചാരവേല മതിയാകുന്നില്ലെന്ന ബോധം വേദനയോടെ മനസ്സിലുദിക്കുകയാണ്. പ്രചാരവേലയുടെ സാദ്ധ്യതയും ശാസ്ത്രീയവശവും നാം ഇനിയും നല്ലപോലെ പഠിയ്ക്കേണ്ടതായിട്ടാണിരിയ്ക്കുന്നത്.
യുദ്ധത്തിൽ ശത്രുവിനെ പരാജയപ്പെടുത്തുന്നതെങ്ങിനെ എന്ന് ചോദിക്കുമ്പോൾ, ശത്രുവിന്റെ ഗതാഗത സൗകര്യങ്ങൾ തകർക്കുക, വെടിക്കോപ്പുകൾ സൂക്ഷിച്ചിരിക്കുന്ന ഡിപ്പോകൾ പട്ടണങ്ങൾ തുടങ്ങിയ ബോംബെറിഞ്ഞ് നശിപ്പിക്കുക, ഭക്ഷണത്തിന്നുള്ള മാർഗ്ഗങ്ങൾ തടയുക, സേനകളെ ച്ഛിന്നഭിന്നമാക്കുക ഇങ്ങിനെ പലതും ചെയ്ത് കീഴടങ്ങുവാൻ നിർബ്ബന്ധിക്കുക എന്നായിരിക്കും പലരുടേയും ഉത്തരം. എന്നാൽ ശത്രുവിനെ പരാജയപ്പെടുത്തുന്നതിനു ഇവയെല്ലാറ്റിനെയുംപോലെ വലിയ ഒരു പങ്ക് പ്രചാരവേലയ്ക്കും വഹിക്കുവാനുണ്ടെന്ന് നവീനയുദ്ധസമ്പ്രദായം അറിയുന്നവർക്കു മനസ്സിലാവും.
ശത്രുവിന്നു ഭയവും അമ്പരപ്പും നിസ്സഹായതയും ഉണ്ടാക്കുകയാണ് പ്രചാരവേലയുടെ ഒരുദ്ദേശ്യം. നമ്മുടെ ധീരതയും മനോവീര്യവും ആത്മവിശ്വാസവും വർദ്ധിപ്പിയ്ക്കുന്നത് മറ്റൊന്നും. ഈ രണ്ടു ഉദ്ദേശ്യങ്ങളും മുൻനിർത്തിയാവണം യുദ്ധകാലത്തെ പ്രചാരവേല സംഘടിപ്പിയ്ക്കുന്നത്. നവീന യന്ത്രോപകരണങ്ങൾ സുലഭമായുള്ള ഒരു ശത്രുവിനെ ആ തരത്തിലുള്ള ആയുധങ്ങൾ അത്രതന്നെ ഇല്ലാത്ത എതിർകക്ഷിക്ക് നേരിടേണ്ടിവരുമ്പോൾ പ്രചാരവേലയുടെ വിജയത്തിൽ കൂടുതൽ ആശ്രയിക്കേണ്ടിയിരിക്കുന്നു. എതിർസേനകളുടെ ശരീരങ്ങൾ വ്രണപ്പെടുത്തി അവരെ കൊല്ലുവാനോ അവശരാക്കുവാനോ കഴിഞ്ഞില്ലെങ്കിൽ അവരുടെ മനോവീര്യം കെടുത്ത് അവശന്മാരാക്കുവാൻ ശ്രമിയ്ക്കണം.
കഴിഞ്ഞ ലോകമഹായുദ്ധത്തിൽ ജാപ്പാനടുത്തുള്ള ഒരു ദ്വീപിൽ ഇറങ്ങുവാൻ നിശ്ചയിച്ച അമേരിക്കക്കാർ അങ്ങിനെ ചെയ്യുന്നതിന്ന് മുമ്പ് എതിരാളികളുടെ മനസ്സിന്റെ വീര്യം നശിപ്പിക്കുന്നവിധത്തിൽ ശബ്ദമുണ്ടാക്കുന്ന ഒരുതരം ബോമ്പുകൾ ഉപയോഗിച്ചിരുന്നു. ദ്വീപിൽ അമേരിക്കൻ വിമാനങ്ങൾ ഇറങ്ങിയപ്പോൾ അവിടെ ഉണ്ടായിരുന്ന ജാപ്പാൻകാരിൽ ഏകദേശം പാതിയോളം ഭ്രാന്തന്മാരുടെ നിലയിലായി കണ്ടു. പ്രചാരവേലയുടെ ഫലവും ഏതാണ്ട് ഇതുതന്നെയാണ്. ശത്രുക്കളുടെ മനസ്സിന്റെ ശക്തി ക്ഷയിപ്പിക്കുക, ന്യായവാദങ്ങൾ കൊണ്ടും ചിത്രീകരണങ്ങൾകൊണ്ടും ശക്തിയായ ഭാഷ ഉപയോഗിക്കുന്നതു കൊണ്ടും ഫലപ്രദമായ പരിഹാസം കൊണ്ടും ശത്രുവിന്റെ താവളത്തിൽ സംശയവും കശപിശയും അമ്പരപ്പും നിസ്സഹായതയും തോന്നിപ്പിയ്ക്കുവാൻ കഴിയേണ്ടതാണ്. ഹിറ്റ്ലരുടെ ആദ്യവിജയത്തിന്നു ഗോബൽസ്സിന്റെ സംഭാവന വൻതോതിലുള്ളതായിരുന്നു.
നമ്മുടെ ലക്ഷ്യത്തിൽ ഉറച്ച വിശ്വാസം, അത് പ്രാപിക്കുന്നതിന്നു നമുക്കു കഴിയുമെന്ന ഉറപ്പ്, ശത്രുവിന്റെ ദുരുദ്ദേശത്തിലുള്ള വെറുപ്പ് ഇവയെല്ലാം സാധാരണക്കാരുടെ ഹൃദയത്തിൽ തറക്കുന്ന ഭാഷയിൽ വിടാതെ ആവർത്തിക്കേണ്ടതുണ്ട്. ഭാഷയും ന്യായവാദങ്ങളും വസ്തുതകളും ഭംഗിയായാൽ മാത്രം പോരാ. ശ്രോതാക്കൾക്കു വിശ്വസനീയമായി തോന്നത്തക്കവിധം ഉറപ്പിച്ചു പറയുകയും വേണം. ശത്രുവിന്റെ പ്രചാരവേലയിൽ കുടുങ്ങരുതെന്ന താക്കീതും തുടർച്ചയായി നൽകേണ്ടതുണ്ട്.
സമയം വിനിയോഗിക്കൽ
ഒരു ദിവസത്തെ നമ്മുടെ പ്രവൃത്തിയെപ്പറ്റി ഇരുന്നുചിന്തിക്കാറുണ്ടോ? എത്ര സമയം ഫലപ്രദമായ പ്രവർത്തിയിൽ ഏർപ്പെടുന്നു? എത്ര സമയം പാഴാക്കി? എത്ര സമയം അന്യരെ ദുഷിക്കുന്നതിനും ദ്രോഹിക്കുന്നതിനും ഉപയോഗപ്പെടുത്തി- എന്നെല്ലാം ചിന്തിച്ച് മനസ്സാക്ഷിയെ വഞ്ചിക്കാതെ സ്വയം ഉത്തരം പറയുന്നതായാൽ നാം പലരും ലജ്ജിക്കേണ്ടിവരും.
നിമിഷം കൂടുന്നതാണ് ദിവസം; ദിവസം കൂടുന്നതാണ് കൊല്ലം; കൊല്ലം കുറയാവുമ്പോൾ ആയുസ്സും കഴിയുന്നു. നിമിഷം വേണ്ടപോലെ ഉപയോഗിച്ചാൽ ജീവിതത്തെ വിജയത്തിലേക്ക് നയിക്കാം.
ബെഞ്ചമിൻ ഫ്രാങ്ക്ളിനെപ്പറ്റി ഒന്നിലധികം തവണ മുൻപ് പരാമർശിച്ചിട്ടുണ്ട്. എല്ലാ മനുഷ്യർക്കും എല്ലാ കാലത്തും മാർഗദീപമായി ശോഭിക്കുന്ന ഒരു മഹാപുരുഷനാണ് ഫ്രാങ്ക്ളിൻ. ചെറുപ്പക്കാർ മാത്രമല്ല, മുതിർന്നവർ കൂടി അദ്ദേഹത്തിന്റെ ജീവചരിത്രം മനസ്സിരുത്തി പഠിക്കേണ്ടതാണ്. ശാസ്ത്രജ്ഞൻ, പ്രസാധകൻ, രാജ്യതന്ത്രജ്ഞൻ, തന്ത്രപ്രതിനിധി, എല്ലാറ്റിനുമുപരി മഹാനായ ഒരു മനുഷ്യൻ എന്നീ നിലകളിലെല്ലാം അദ്ദേഹത്തിന് ചരിത്രത്തിൽ അനശ്വരമായ സ്ഥാനമുണ്ട്. തന്റെ സമയം വേണ്ടപോലെ നിയന്ത്രിക്കുന്നതിന് ഫ്രാങ്ക്ളിൻ സ്വയം ചില നിശ്ചയങ്ങൾ ചെയ്തു. അതിനെപ്പറ്റി അദ്ദേഹം പറയുകയാണ്. ‘ഏർപ്പെട്ടിരിക്കുന്ന ഓരോ പ്രവർത്തിയും നിർവഹിക്കുന്നതിന് നിശ്ചിത സമയം ഉണ്ടായിരിക്കണം. ഇന്ന് എന്തെല്ലാം സൽക്കാര്യങ്ങൾ ചെയ്യണമെന്ന് എഴുന്നേൽക്കുന്നതിന് മുമ്പ് മനസ്സുകൊണ്ട് തീർച്ചപ്പെടുത്തും. രാത്രി ഉറങ്ങാൻ പോകുന്നതിനുമുൻപ് ഇന്നു ഞാൻ എന്തുനല്ല കാര്യം ചെയ്തു എന്ന ചോദ്യത്തിന് സമാധാനവും എനിക്ക് കിട്ടണം.’
ശാസ്ത്രജ്ഞന്റെ നിലയിൽ സുപ്രസിദ്ധി നേടിയ പ്രഫുല്ല ചന്ദ്ര റേ തന്റെ സമയം വിനിയോഗിക്കുന്നതിൽ പ്രദർശിപ്പിച്ച ചിട്ടയും സൂക്ഷ്മതയും കണ്ടുപഠിക്കേണ്ടതാണ്. പ്രായമായിട്ടും അദ്ദേഹം കാലത്ത് അഞ്ചുമണിക്ക് എഴുന്നേൽക്കും. കുറച്ചുനേരം നടക്കാൻ പോകും. മടങ്ങിവന്നാൽ ലഘുപ്രാതൽ കഴിച്ച് ജോലി ചെയ്യാനിരിക്കുകയായി. ആറുമുതൽ ഒമ്പതുവരെ പുസ്തകങ്ങൾ വായിക്കും. എന്തെങ്കിലും പുസ്തകങ്ങളല്ല-ചരിത്രം, ശാസ്ത്രം, ജീവചരിത്രം എന്നിങ്ങനെ കനപ്പെട്ട ഗ്രന്ഥങ്ങൾ. പിന്നെ അര മണിക്കൂർനേരം വർത്തമാനപത്രങ്ങൾ വായിക്കും. ഒമ്പതര മണിമുതൽ പത്ത് മണിവരെ നൂൽനൂൽപ്പിനുള്ളതാണ്. ഖദർ പ്രചരണത്തിന് വേണ്ടി വളരെയെല്ലാം ചെയ്ത മഹാനാണ് അദ്ദേഹം. പത്തുമണിക്ക് ഗവേഷണശാലയിൽ പ്രവേശിച്ചാൽ ഉച്ചയ്ക്ക് ഊണിന് സമയമാകുന്നതുവരെ അവിടെ കഴിച്ചുകൂട്ടും. ഇതിന്നിടയിൽ പ്രധാനപ്പെട്ട കത്തുകൾ വായിച്ചുനോക്കുന്നതുമുണ്ടാവും. പന്ത്രണ്ടുമുതൽ ഒന്നരവരെ ഊണും വിശ്രമവും. ഇതിന് ശേഷം പൊതുപ്രവർത്തനങ്ങളിലേർപ്പെടും. മടങ്ങിവന്ന ഉടനെ ഒട്ടേറെ കത്തുകളും മറ്റ് ഔദ്യോഗികരേഖകളും ഒപ്പുവെക്കേണ്ടതുണ്ട്. നാലുമണി മുതൽ അഞ്ചുമണിവരെ വീണ്ടും വിശ്രമമാണ്-എന്നുവെച്ചാൽ സാവകാശം തനിക്ക് ഏറ്റവും വേണ്ടപ്പെട്ട പുസ്തകങ്ങൾ വായിക്കൽ. അഞ്ചരയ്ക്ക് പിന്നെയും പ്രസംഗത്തിനോ കൂടിയാലോചനയ്ക്കോ പോകേണ്ടതുണ്ടാകും. വൈകുന്നേരം ഏഴുമണിക്ക് കൽക്കത്തയിലെ മൈതാനിയിൽ പോയിരുന്ന് ഒന്നൊന്നര മണിക്കൂർ കാറ്റുകൊള്ളും. തന്റെ ആരോഗ്യം നിലനിർത്താൻ ഈ കാറ്റുകൊള്ളൽ വളരെയേറെ ഉതകിയിട്ടുണ്ടെന്ന് റേ തന്നെ അഭിപ്രായപ്പെടുന്നു. വീട്ടിൽ മടങ്ങിവന്നാൽ കിടക്കാൻ പോകും. ഉറക്കം വരാൻ വൈകിയാൽ പിന്നെയും പുസ്തകം വായിക്കും. പ്രൊഫസറുടെ നിലയിൽ മാസംതോറും 800 ക. ശമ്പളം വാങ്ങിയിരുന്നുവെങ്കിലും തന്റെ സ്വന്തം ചെലവിന് നാല്പ്പതുറുപ്പിക മാത്രമെടുത്ത് ബാക്കിയെല്ലാം പൊതുപ്രവർത്തനത്തിനായി ഉപയോഗിക്കുകയായിരുന്നു അവിവാഹിതനായിരുന്ന റേയുടെ പതിവ്.
ചരിത്രത്തിൽ സ്ഥാനംപിടിച്ച പല വ്യക്തികളും വേണ്ടപോലെ സമയം ഉപയോഗപ്പെടുത്തുന്നതിൽ വലിയ നിഷ്കർഷയുള്ളവരായിരുന്നു. ഇറ്റലിയിലെ സർവാധിപതിയായിരുന്ന മുസ്സോളിനിയെപ്പറ്റി ഒരു കഥ കേട്ടിട്ടുണ്ട്. വിശാലമായ ഒരു മുറിയിൽ തനിയെ ഇരുന്ന് ജോലി ചെയ്യുകയാണദ്ദേഹത്തിന്റെ പതിവ്. മേശപ്പുറത്ത് ഇരുപത് തിരകളുള്ള ഒരു കൈത്തോക്കും മിന്നുന്ന ഒരു കത്തിയും വെച്ചിട്ടുണ്ടാവുമത്രെ. ജോലിയെടുക്കുന്ന സമയം ആരുംതന്നെ സമീപിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ല. മുറിയുടെ വാതിൽക്കൽ ഇപ്രകാരം എഴുതിയ ഒരു ബോർഡ് തൂക്കിയിട്ടുണ്ടാവും: ‘ഈ മുറിക്കകത്ത് ആർക്കും പ്രവേശിച്ചുകൂടാ. വരുന്നവനെ ഞാൻ വെടിവെക്കും.’ ഇത് വെറുംവാക്കല്ല. മുസ്സോളിനി അങ്ങനെ ചെയ്യാനും മടിക്കില്ല. അദ്ദേഹമങ്ങനെ ചെയ്താൽ ആർക്കും അന്ന് ചോദിക്കാനും തരമില്ല. സമയം വേണ്ടപോലെ ഉപയോഗിക്കുന്നതിൽ അദ്ദേഹത്തിനുള്ള നിഷ്കർഷ ചൂണ്ടിക്കാട്ടാനാണ് ഇത് എടുത്തുപറഞ്ഞത്.
നമ്മുടെ സമയം ശരിയായി ഉപയോഗിക്കാൻ മാത്രമല്ല, മറ്റുള്ളവരുടെ സമയം അനാവശ്യമായി കളയാതിരിക്കാനും സൂക്ഷിക്കേണ്ടതുണ്ട്. തിരക്ക് പിടിച്ച് പണിയെടുക്കുന്ന ഒരാളുടെയടുക്കൽ വിശേഷിച്ച് കാര്യമൊന്നുമില്ലാതെ അതുമിതും പറഞ്ഞ് സമയം’കൊല്ലാൻ’പോയിരിക്കുന്നത് ക്ഷന്തവ്യമല്ല. അധികാരത്തിൽ ഇരിക്കുന്നവരെയും ജോലിത്തിരക്കുള്ളവരെയും മുൻകൂട്ടി സമയം നിശ്ചയിക്കാതെ കാണാൻ പോകുന്നത് ശരിയല്ല. പോയാൽ വന്ന കാര്യം കെട്ടിവളയ്ക്കാതെ പറഞ്ഞ് ക്ഷണത്തിൽ മടങ്ങിപ്പോവുകയും വേണം.
സമയം വേണ്ട പോലെ ഉപയോഗിക്കാൻ ചെറുപ്പത്തിൽത്തന്നെ ശീലിച്ചാൽ എന്തുവലിയ കാര്യങ്ങളും ജീവിതത്തിൽ നേടാൻ കഴിയും. ഇങ്ങിനെ ചെയ്യുന്നത് ഒരു സാധാരണക്കാരനെ സമർത്ഥനാക്കി വളർത്തിക്കൊണ്ടുവരും. ദരിദ്രനെ പണക്കാരനായും എളിയവനെ വലിയവനായും ഉയർത്തും.
വ്യക്തികൾ മാത്രമല്ല സ്ഥാപനങ്ങളും സംഘടനകളും സമയദീക്ഷ പാലിക്കേണ്ടതുണ്ട്. ജോലി ആരംഭിക്കാൻ വ്യവസ്ഥ ചെയ്ത സമയത്ത് ആപ്പീസുകളിൽ കാര്യമായ ജോലി തുടങ്ങണം. യോഗങ്ങൾ കൂടാൻ നിശ്ചയിച്ച സമയത്തുതന്നെ അവ ആരംഭിക്കുകയും വേണം. ഇതെല്ലാം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി കരുതണം. നിസ്സാരമായി കരുതി അവയെ അവഗണിച്ചുകൂട.