ഇനി പണി അഴിച്ചുപണി

ഇന്ദ്രൻ

തിരഞ്ഞെടുപ്പില്‍ തോറ്റതല്ല, എന്തുകൊണ്ടു തോറ്റു എന്നറിയാതെ നട്ടംതിരിയുന്നതാണ് കോണ്‍ഗ്രസ്സിന്റെ പ്രശ്‌നം. ഒരാവശ്യവുമില്ല, വേറെ പണിയൊന്നുമില്ലാത്ത ആരെയെങ്കിലും അന്വേഷണകമ്മീഷനായി നിയമിച്ചാല്‍ മതി. ബാക്കിയുള്ളവര്‍ക്ക്് ഈ മഴക്കാലത്ത് വല്ല സുഖചികിത്സയ്ക്കും പോകാം. അഞ്ചുവര്‍ഷം ഭരിച്ചുതളര്‍ന്നതല്ലേ. പലവട്ടം തോല്‍വിക്കമ്മീഷന്‍ ചെയര്‍മാനായിരുന്നതാണ് എ.കെ.ആന്റണി അദ്ദേഹത്തോട് ചോദിച്ചാല്‍ മതിയായിരുന്നു.

അല്ലെങ്കിലും ഈ തോല്‍വിയിലെന്താണ് ഇത്ര അന്വേഷിക്കാനുള്ളത്? പണ്ട് ഇ.കെ.നായനാര്‍ പറഞ്ഞതുപോലെ ‘ വോട്ട് ഞങ്ങള്‍ക്ക് കുറവാണ് കിട്ടിയത്. അതന്നെ കാരണം’ എന്ന് കരുതാവുന്നതേ ഉള്ളൂ. എന്തുകൊണ്ടു കുറേപ്പേര്‍ വോട്ട് ചെയ്തില്ല എന്നറിയാനാണെങ്കില്‍ വോട്ടെണ്ണിത്തീരുംവരെ കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊഴികെ ആര്‍ക്കായിരുന്നു അതിലിത്ര സംശയം? പ്രതീക്ഷിക്കാത്തത് സംഭവിച്ചാലേ മനുഷ്യര്‍ അതിനെക്കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമുള്ളൂ. ഓരോ പത്തുവര്‍ഷത്തിലും സംഭവിക്കുന്നത് ഇത്തവണയും സംഭവിച്ചുവെന്ന് കരുതിയാല്‍ പ്രശ്‌നം തീര്‍ന്നു. ചര്‍ച്ചയും ബഹളവും കണ്ടാല്‍ ഇതാദ്യമായാണ് തോല്‍ക്കുന്നത് എന്നുതോന്നും. 1967ല്‍ ഒമ്പത് സീറ്റ് കിട്ടിയപ്പോള്‍ പോലും ഉണ്ടായിട്ടില്ല ഇത്ര വേവലാതിയും വെപ്രാളവും.

പ്രശ്‌നം ഹൈക്കമാന്‍ഡ് സൃഷ്ടിയാണ് എന്നാണ് തോന്നുന്നത്. തോല്‍ക്കുന്ന വാര്‍ത്ത കേട്ട് കേട്ട് മനസ് മരവിച്ചിരുന്ന സോണിയാജിയും രാഹുല്‍ജിയും കേരളത്തില്‍ നിന്ന് ശുഭവാര്‍ത്ത പ്രതീക്ഷിച്ചിരിക്കാം. ഇവിടത്തെ ത്രിമൂര്‍ത്തികള്‍ അങ്ങനെ ധരിപ്പിച്ചിരിക്കാം. ഇവിടെയും സംഭവിക്കാനുള്ളത് സംഭവിച്ച ശേഷമേ ഹൈക്കമാന്‍ഡ് ഉറക്കം ഉണര്‍ന്നുളളൂ. വളരെ മോഡേണ്‍ ആയ മാനേജ്‌മെന്റ് സമ്പ്രദായമാണ് ഹൈക്കമാന്‍ഡില്‍. തോറ്റാല്‍ പോര. പ്രശ്‌നത്തിന്റെ നിര്‍വചനം, കാരണം, ആവിര്‍ഭാവം, പരിണാമം, ഫലം, വിശകലനം, പരിഹാരം, ആക്ഷന്‍ ടെയ്ക്കണ്‍ റിപ്പോര്‍ട്ട് എന്നിങ്ങനെ ഓരോന്നിനും ഫയല്‍ വേണം-കമ്പ്യൂട്ടറില്‍ മതി. ആ പണിയുടെ ഇരമ്പമാവും നമ്മള്‍ കേള്‍ക്കുന്നത്.

പരിഹാരകര്‍മത്തിലെ ഒരു ഐറ്റം, കേരളത്തിലെ തോല്‍വിക്ക് ആരുടെയെങ്കിലും തലയെടുക്കുക എന്നതാണ്. ഇതിന് ബലിയാട് എന്നുപറയും. സംസ്ഥാനങ്ങള്‍ക്ക് മാത്രം ബാധകമായ കീഴ്‌വഴക്കമാണ്. ഒറ്റയ്ക്ക് രാജ്യം ഭരിച്ച കക്ഷിയുടെ സീറ്റ് 44 ആയി കുറഞ്ഞാലും അവിടെ ആരുടെയും തലയും വാലും ഒന്നും എടുക്കില്ല. ഇവിടെ തല വേണം. നരയില്ലാത്ത തലയാണെങ്കില്‍ ബെസ്റ്റ്. വോട്ടെണ്ണിയതു മുതലേ ഉമ്മന്‍ചാണ്ടി തലയും നീട്ടി നില്‍പ്പാണ്, ഇതാ എടുത്തോ എന്നുപറഞ്ഞുകൊണ്ട്. എന്നിട്ടും വിട്ടില്ല അനുയായിസംഘം. പ്രതിപക്ഷനേതാവാക്കാന്‍ നോക്കി. വഴങ്ങിയില്ല. യു.ഡി.എഫ് ചെയര്‍മാന്‍ ആക്കാനായി അടുത്ത യജ്ഞം. അതിനും വഴങ്ങിയില്ലത്രെ. ഹൈക്കമാന്‍ഡ് ആണിനി ഇക്കാര്യം തീരുമാനിക്കുക. വഴങ്ങിപ്പിക്കാനാണത്രെ തിമൂര്‍ത്തികളെ ഡല്‍ഹിക്ക് വിളിച്ചത്. ഇത്തരം ധൂര്‍ത്തിനൊക്കെ കുറച്ചുകാലം കൂടി കാശ് കാണുമായിരിക്കും.

കേരളത്തിലെ നേതാക്കള്‍ക്ക് ഇതിലൊന്നുമല്ല, അഴിച്ചുപണിയിലാണ് താല്‍പര്യം. പണ്ട്  പ്രതിഛായ, നേതൃമാറ്റം എന്നെല്ലാം പറഞ്ഞിരുന്ന ഏര്‍പ്പാടിന്റെ പുതിയ പേരാണ് ഇത്. അഴിച്ചുപണി വല്ലാത്തൊരു പണിയാണ്. കെ.പി.സി.സി പ്രസിഡന്റിനെ മാറ്റുക എന്നതാണ് ഇതിന്റെ മലയാളം. നല്ലൊരു ഗ്രൂപ്പുപോലുമില്ലാത്ത സുധീരനെ രാഹുല്‍ഗാന്ധി ഇറക്കിയത് ലോക്‌സഭ-നിയമസഭാ വോട്ടെടുപ്പുകളില്‍ ഗുണം കിട്ടുമെന്നു വിചാരിച്ചാണ്. ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ഒരുവിധം ഒപ്പിച്ചതു കൊണ്ട് ഒന്നും ചെയ്യാനായില്ല. നിയമസഭയില്‍ തോറ്റു,. നല്ല ചാന്‍സ്, സുധീരനെ താഴെയിറക്കാം. ഡി.സി.സി.പ്രസിഡന്റുമാരെ മാറ്റിക്കാം. വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട് അഞ്ചുവര്‍ഷം ഇനി ഇത്തരം സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാം. 2021 ആവുമ്പോഴേക്ക് ആടു കിടന്നേടത്ത് പൂട പോലും കാണരുത്.
****

കേരളത്തിലെ യു.ഡി.എഫിന്റെ അവസ്ഥയിലാണ് പ.ബംഗാളിലെ ഇടതുപക്ഷം.  ഇടതുപക്ഷം എന്നു വിളിക്കുന്നത് ആ പക്ഷത്തിന്റെ ശൈലീപുസ്തകംപ്രകാരം ശരിയാണോ എന്നറിയില്ല. യു.ഡി.എഫ് നയിക്കുന്ന കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കി എല്‍.ഡി.എഫ് കേരളത്തില്‍ മത്സരിച്ചാല്‍ എങ്ങനെയിരിക്കും? അതാണ് പ.ബംഗാളിലെ സി.പി.എമ്മിന്റെ അവസ്ഥ.

അവരുടെ ഹൈക്കമാന്‍ഡ് അഥവാ പൊളിറ്റ് ബ്യൂറോ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്്. കോണ്‍ഗ്രസ്സുമായി സഖ്യം, അല്ലെങ്കില്‍ ധാരണ, അല്ലെങ്കില്‍ നീക്കുപോക്ക് അതും അല്ലെങ്കില്‍…. അവിഹിതബന്ധം ഉണ്ടാക്കിയത് ശരിയോ, സംഭവം ഇനിയും തുടരണോ എന്ന് ചര്‍ച്ച ചെയ്യാനാണ് പൊളിറ്റ്ബ്യൂറോക്രാറ്റുകള്‍ അടിയന്തരമായി സമ്മേളിക്കുന്നത്.

കേരളത്തിലെ യു.ഡി.എഫിനെ നയിക്കുന്നു എന്നതല്ല കോണ്‍ഗ്രസ്സിന്റെ അയോഗ്യത. ഇവിടെ യു.ഡി.എഫിലുള്ള രണ്ട് കക്ഷികള്‍- ആര്‍.എസ്.പി.യും ഫോര്‍വേഡ് ബ്ലോക്കും-പ.ബംഗാളിലെ ഇടതുമുണിയില്‍ ഉണ്ടായിരുന്നു…ഇപ്പോഴുണ്ടോ ഇല്ലയോ എന്ന് അവര്‍ക്കേ അറിയൂ. കോണ്‍ഗ്രസ് ശുദ്ധ മുതലാളിത്ത പാര്‍ട്ടിയാണ്, നമ്മുടെ പഴയ കിത്താബുകള്‍ പ്രകാരം. കിത്താബില്‍ പറഞ്ഞതിനപ്പുറം ഒന്നും ചെയ്യാനാവില്ല പി.ബി.ക്ക്.

സി.പി.എമ്മും കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കിയാല്‍ ഭരണം കിട്ടുമെന്നൊക്കെ പ്രതീക്ഷിച്ചതാണ്. സംഭവിച്ചില്ല. വേറൊരബദ്ധം സംഭവിക്കുകയും ചെയ്തു. മുപ്പത്തിനാലു വര്‍ഷം സംസ്ഥാനം ഭരിച്ച സി.പി.എമ്മിനേക്കാള്‍ സീറ്റ് കോണ്‍ഗ്രസ്സിന് കിട്ടി. പിളര്‍ന്നുപോയ തൃണമൂലന്മാര്‍ കിടിലന്‍ ജയം ജയിച്ചപ്പോഴാണ് രണ്ടാം സ്ഥാനം പോലും ഇല്ലാതെ പോയത്. പക്ഷേ, ഇതിന്റെ അഹംഭാവമൊന്നും സഖാക്കള്‍ക്കില്ല. കോണ്‍ഗ്രസ്സുമായി ധാരണ തുടരണം എന്നുതന്നെയാണ് അവരുടെ ആഗ്രഹം. യെച്ചൂരിക്കും കാരാട്ടിനുമൊന്നും ഇതൊന്നും മനസ്സിലാവുന്നുമില്ല.

****

പാര്‍ട്ടിപ്പണിയില്‍നിന്ന് മന്ത്രിപ്പണിയിലേക്ക് ഒരുപാട് ദൂരമുണ്ട്. ചിലര്‍ക്കത് മനസ്സിലാകാന്‍ സമയമെടുക്കും. ഐ.എ.എസ് കിട്ടിയാലും ജോലിക്ക് കയറണമെങ്കില്‍ 103 ആഴ്ചക്കാലം കടുത്ത പരിശീലനം നേടണം. ഐ.എ.എസ്സുകാരെയും ഭരിക്കുന്ന മന്ത്രിപ്പണിക്ക് അര മണിക്കൂര്‍ പരിശീലനം പോലും വേണ്ട. എന്തുപരിശീലനം, എല്ലാം അറിയും എന്ന ഭാവമാണ് ചിലര്‍ക്ക്. പഞ്ചായത്ത് പ്രസിഡന്റുപോലും ആകാതെ ചിലരെല്ലാം മന്ത്രിപദവിയിലെത്തുന്നുണ്ട്.

ഒരു മന്ത്രി ടെലിവിഷന്‍ ക്യാമറക്കാര്‍ക്ക് ചിത്രീകരിക്കാന്‍ പാകത്തിലാണ് കാര്‍ നിര്‍ത്തി പോലീസ് ഉദ്യോഗസ്ഥനെ ആളുകളുടെ മധ്യത്തില്‍വെച്ച് ശാസിച്ചത്. പൊലീസ് മന്ത്രി ചെയ്യില്ല ഇങ്ങനെ. പൊലീസുദ്യോഗസ്ഥന് ആജ്ഞ നല്‍കേണ്ടത് മേലുദ്യോഗസ്ഥനാണ്. കാറില്‍ വഴിയേ പോകുന്ന ടൂറിസം മന്ത്രിയല്ല.

കാണാന്‍ ചെന്നപ്പോള്‍ വകുപ്പുമന്ത്രി ശാസിച്ചു, മോശമായി പെരുമാറി, പരുക്കനായി സംസാരിച്ചു എന്നെല്ലാം  സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്  പരാതിപ്പെട്ടിരിക്കുന്നു. തെറ്റിദ്ധാരണയാകാം. മന്ത്രി ചാനല്‍ ലേഖകരോട് പറയുന്നത് കേട്ടാല്‍പ്പോലും തോന്നുക, ഇനി അടുത്തത് അടിയാണ് എന്നാണ്. അത്ര നല്ല പെരുമാറ്റമാണ്. മാറ്റാന്‍ പറ്റില്ല. വിമാനത്തിലോ ബസ്സിലോ എന്ന് തീരുമാനിക്കേണ്ടത് സഞ്ചരിക്കുന്ന ആളാണ്. അതിന്റെ കാശ് സര്‍ക്കാര്‍ ഫണ്ടില്‍നിന്നാണോ കൊടുക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാറാണ്. അതിന് നിയമവും വകുപ്പുമുണ്ട്. ഉണ്ടെങ്കില്‍ കൊടുക്കും ഇല്ലെങ്കില്‍ ഇല്ല. ഇതില്‍ ഉപദേശത്തിന്റെയും ശാസനയുടെയും പ്രശ്‌നമില്ല. ശാസിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്  എല്‍.പി.സ്‌കൂള്‍ കുട്ടിയുമല്ല. പത്മശ്രീ ഉള്‍പ്പെടെയുള്ള ഉന്നത ബഹുമതികളും അന്താരാഷ്ട്ര പ്രശസ്തിയുമുള്ള വ്യക്തികള്‍ ഇത്തരം പല സ്ഥാപനങ്ങളുടെയും അദ്ധ്യക്ഷന്മാരായുണ്ട്. അവരൊന്നും ആര്‍ക്കും താഴെയല്ല.

പിന്നെ അഴിമതി. കണക്കുനോക്കാന്‍ സര്‍ക്കാര്‍ ഓഡിറ്റര്‍മാര്‍ തലങ്ങും വിലങ്ങും പോകുന്നുണ്ട്. ക്രമക്കേടൊക്കെ അവരും നോക്കും. അഴിമതിയുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ നിയമമുണ്ട്. ശാസിക്കാനും ഉപദേശിക്കാനും നിയമത്തില്‍ വകുപ്പില്ല. കെ.എം.മാണിയെയും കെ.ബാബുവിനെയുമെന്നും ശാസിക്കാനും ഉപദേശിക്കാനും പോയില്ലല്ലോ…ഭാഗ്യം.
****

വി.എസ്്. അച്യുതാനന്ദന്‍ മൗനവ്രതത്തിലാണ്. മുമ്പാണെങ്കില്‍ വേറെ ഒന്നും പറയാനില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെടാമായിരുന്നു. ഇപ്പോള്‍ അതും വയ്യ. മുഖ്യമന്ത്രിയെ ഉപദേശിക്കാമെന്ന് ആഗ്രഹിച്ചാല്‍ അതിനും വകുപ്പില്ല. വി.എസ്സിന്റെ പദവിക്കാര്യം ആലോചിക്കുന്നേ ഇല്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പദവികള്‍ സ്വയം നേടാനുള്ളതാണ്, ആരെങ്കിലും എടുത്തുകൊടുക്കുന്നതല്ല എന്നദ്ദേഹം പറഞ്ഞില്ലെങ്കിലും അതായിരുന്നു ധ്വനി. നേടിയ ഒരു പദവിയേ ഉള്ളൂ. അത് മലമ്പുഴയിലെ എം.എല്‍.എ പണിയാണ്. അതദ്ദേഹം ചെയ്യുന്നുണ്ടാവണം.

‘വിജയാ’നന്തര കാലത്ത് ഏറെ ചര്‍ച്ച നടന്നത് വി.എസ്സിന്റെ പദവിയെക്കുറിച്ചാണ്. പക്ഷേ, കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ വി.എസ്സിന് ഒരു പദവിയും ഇല്ലാതിരിക്കുന്നതും ഈ കാലത്തുതന്നെ. 1980 ല്‍ സംസ്ഥാന സിക്രട്ടറിയായ ശേഷം തിരഞ്ഞെടുപ്പ് ജയിച്ചിട്ടും പദവിയില്ലാതിരുന്നത് ഇപ്പോള്‍ മാത്രം. വി.എസ്സിന്റെ കാര്യം ഇങ്ങനെ ശരിയാക്കും എന്നു ഓര്‍ത്തതേയില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top