ആരോഗ്യത്തില്‍ പിന്നില്‍, നിരക്ഷരതയില്‍ മുന്നില്‍

എൻ.പി.രാജേന്ദ്രൻ

സാര്‍ബറിയയിലെ സുന്ദര്‍ബന്‍ ശ്രമ്ജീവി ആസ്പത്രിക്കടുത്ത് റോഡരികില്‍ അതിദി ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളാണ് അന്നത്തെ അതിഥികള്‍- ഞാനും വഴികാട്ടി സുമന്‍ ഡേയും. ഞങ്ങളെ കാത്തുനിന്നത് അതിദി രാകേഷ് ആണ്. ശ്രമ്ജീവി ആസ്പത്രിയിലെ ഡോക്ടര്‍ രാകേഷിന്റെ ഭാര്യ.

സുന്ദര്‍ബന്‍ വന്യമേഖലയ്ക്ക് അടുത്താണ് സാര്‍ബറിയ. കൊല്‍ക്കത്തയില്‍ നിന്ന് രണ്ടുമണിക്കൂറോളം റോഡ് മാര്‍ഗം സഞ്ചരിച്ചാലേ അവിടെയെത്തൂ. റോഡിനിരുവശവും വിശാലമായ പാടങ്ങളും ജലാശയങ്ങളുമാണ്. മത്സ്യം വളര്‍ത്തലാണ് പ്രധാന കൃഷിയും വ്യവസായവുമൊക്കെ. സാര്‍ബറിയയില്‍ ഗോത്രവര്‍ഗക്കാരാണ് ഏറെ. പാവങ്ങള്‍.

24 പര്‍ഗാനാസില്‍ പെടും ഈ പ്രദേശവും. സി.പി.ഐ.എം.എല്‍ ആഭിമുഖ്യമുള്ള സാമൂഹികപ്രവര്‍ത്തകര്‍ തുടങ്ങിയതാണ് ആസ്പത്രി. ഡോ.രാകേഷ് ആണ് മുഖ്യ ഡോക്ടര്‍. അവിടെത്തന്നെ താമസിച്ച് ചികിത്സിക്കുന്നു. കുറച്ച് ജീവനക്കാരുമുണ്ട്. അവര്‍ ഒരു കുടുംബമെന്ന പോലെ അവിടെത്തന്നെ കൃഷി ചെയ്ത്, ഭക്ഷണം പാകം ചെയ്ത് ജീവിക്കുന്നു. അരുണ്‍ സെന്‍ എന്നൊരു പഴയകാല നക്‌സല്‍ പ്രവര്‍ത്തകന്‍ സ്ഥാപിച്ചതാണ് ആസ്പത്രി. സ്വന്തംഭൂമിയാണ് അതിന് നല്‍കിയത്. അദ്ദേഹവും ആസ്പത്രിയില്‍ത്തന്നെ കഴിഞ്ഞുകൂടുന്നു.

ഈ പ്രദേശത്തൊന്നും സര്‍ക്കാര്‍ ആസ്പത്രിയില്ല, സ്വകാര്യ ആസ്പത്രിയുമില്ല- ഡോ.രാകേഷ് പറഞ്ഞു. വ്യാജ അലോപ്പതി ഡോക്ടര്‍മാരാണ് നാട്ടിലെങ്ങും. വ്യാജന്മാര്‍ എന്ന് അവരെ വിളിക്കാമോ എന്നറിയില്ല. അവര്‍ തങ്ങള്‍ ഡോക്ടര്‍മാരാണ് എന്നൊന്നും അവകാശപ്പെടാറില്ല. ഏതെങ്കിലും മെഡിസിന്‍ ഷോപ്പില്‍ കുറച്ചുദിവസം ജോലിക്കുനില്‍ക്കുക എന്നതാണ് അവരുടെ എം.ബി.ബി.എസ്. ചികിത്സിച്ചില്ലെങ്കിലും മാറുന്ന പനി, തലവേദന തുടങ്ങിയ ചില്ലറ രോഗങ്ങളൊക്കെ അവര്‍ ചികിത്സിച്ചുമാറ്റും. ഗൗരവമുള്ള രോഗങ്ങളുമായി വരുന്നവരെ ആദ്യമൊന്നു പരിചരിച്ച് കുറച്ച് കാശ് പോക്കറ്റിലാക്കുമെന്നേ ഉള്ളൂ. എത്രയും വേഗം അടുത്ത പട്ടണത്തിലെ നഴ്‌സിങ് ഹോമില്‍ എത്തിച്ചുകൊള്ളും. ഏത് ആസ്പത്രിയില്‍ ഏതു സ്‌പെഷലിസ്റ്റിനാണ് തന്റെ രോഗിയെ റഫര്‍ ചെയ്യേണ്ടതെന്ന് നിശ്ചയിക്കുന്നത് ഈ വ്യാജനാണ്. തങ്ങളുടെ ആസ്പത്രിയിലെ ബെഡ്ഡുകള്‍ നിറയ്ക്കാനുള്ള രോഗികളെ അയയ്ക്കുന്ന വ്യാജന്മാരുമായി മിക്ക സ്‌പെഷലിസ്റ്റുകള്‍ക്കും ദൈനംദിന ബന്ധമാണുള്ളതെന്ന് ഡോ.രാകേഷ് പറയുന്നു. വിശ്വസിക്കാതെ പറ്റില്ല. ഈ വ്യാജന്മാര്‍ക്ക് സംഘടനയുമുണ്ടത്രെ. പോരേ?

പശ്ചിമ ബംഗാളിലെ ഗ്രാമീണ മേഖലയുടെ ആരോഗ്യനില അറിയാന്‍ വേറെ പരിശോധനകളൊന്നും വേണ്ട. ഭരണകക്ഷി നേതാക്കളും ഇക്കാര്യം സമ്മതിക്കും. ഏത് മേഖലയിലാണ് 34 വര്‍ഷമായിട്ടും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതെ പോയത് എന്ന് ചോദിച്ചപ്പോള്‍ ആര്‍.എസ്.പി.നേതാവും മുന്‍ എം.പി.യും ഗണവാര്‍ത്ത പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമായ മനോജ് ഭട്ടാചാര്യ തുറന്നുപറഞ്ഞു-ആരോഗ്യമേഖലയില്‍ ഒന്നും ചെയ്യാനായില്ല. 1200 പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഒക്കെ ഉണ്ടെങ്കിലും സ്ഥിതി മോശമാണ് എന്ന് ഞങ്ങള്‍ക്കറിയാം.

ന്യൂഡല്‍ഹിയിലെ ഗവേഷണ സ്ഥാപനമായ ഇന്‍ഡിക്കസ് അനലിറ്റിക്‌സ് പ.ബംഗാള്‍ സമ്പദ്ഘടനയെക്കുറിച്ചു മാത്രം വിലയിരുത്തുന്ന ഒരു ഗവേഷണപ്രബന്ധം 2009-ല്‍ പ്രസിദ്ധപ്പെടുത്തി. ജീവിത നിലവാരത്തിന്റെ എല്ലാ സൂചികകളിലും പ.ബംഗാള്‍ ആന്ധ്രയുടെയും ഡല്‍ഹിയുടെയും ത്രിപുരയുടെ പോലും പിറകിലാണെന്ന് അവര്‍ കണ്ടെത്തി. അതിസാരബാധയില്‍ രാജ്യത്ത് ഒന്നാം സ്ഥാനവും ടൈഫോയ്ഡിലും മലമ്പനിയിലും രണ്ടാംസ്ഥാനവും ക്ഷയരോഗബാധയില്‍ മൂന്നാം സ്ഥാനവും ബംഗാളിനായിരുന്നു. മുഴുവന്‍ ബംഗാളും മോശമായതുകൊണ്ടാവണമെന്നില്ല ഈ പിന്നാക്കാവസ്ഥ. അഞ്ചെട്ടുജില്ലകളുടെയെങ്കിലും അവസ്ഥ ദയനീയമാണ്.

ഇപ്പോഴും പൂര്‍ണ സാക്ഷരതയില്ല
സമത്വമുണ്ടാക്കുകയൊക്കെ പ്രയാസമാവാം. പക്ഷേ, ആളുകളില്‍ അക്ഷരമെത്തിക്കുക അത്ര പ്രയാസമല്ല. മൂന്നുസംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തി നോക്കാം. 1961-ല്‍ ബംഗാളും(35 ശ.മാ) തമിഴ്‌നാടും (35) മഹാരാഷ്ട്ര(36) യും ഏതാണ്ട് തുല്യനിരക്ഷരതയിലായിരുന്നു. നാല്പതു വര്‍ഷത്തിനു ശേഷം ബംഗാളില്‍ സാക്ഷരത 69 ശതമാനവും മഹാരാഷ്ട്രയില്‍ 77 ശതമാനവും തമിഴ്‌നാട്ടില്‍ 73 ശതമാനവുമായി. ബംഗാളിലെ ഉത്തര ദിനാജ്പുരില്‍ 2007 ല്‍ നടത്തിയ സര്‍വേയില്‍ 47 ശതമാനമാണ് സാക്ഷരത എന്നുകണ്ടെത്തി. ബംഗാളിലെ പ്രൈമറി വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് 38.7 ശതമാനമാണ്, മഹാരാഷ്ട്രയില്‍ 5.8 ശതമാനവും. അധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ ബംഗാള്‍ തമിഴ്‌നാട്, അസം, ഒറീസ്സ എന്നിവയേക്കാള്‍ പിന്നിലാണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പതിനെട്ടാം സ്ഥാനമേ പ.ബംഗാളിന് സാക്ഷരതയുടെ കാര്യത്തിലുള്ളൂ.

1974-ല്‍ ആസ്പത്രി കിടക്ക ലക്ഷം ജനങ്ങള്‍ക്ക് 95 ആയിരുന്നെങ്കില്‍ 2005-ല്‍ അത് 69 ആയി കുറയുകയാണ് ഉണ്ടായത്. ഡോക്ടര്‍മാരുടെ എണ്ണമാകട്ടെ 1986-ല്‍ ലക്ഷം ജനങ്ങള്‍ക്ക് 62 ആയിരുന്നത് 2001-ലും 62 തന്നെ ആയിരുന്നു. മഹാരാഷ്ട്രയില്‍ ഇത് ഇക്കാലയളവില്‍ 56 ല്‍ നിന്ന് 83 ആയും തമിഴ്‌നാട് 74 ല്‍ നിന്ന് 105 ആയും വര്‍ധിപ്പിച്ചതായി സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശുദ്ധജലലഭ്യതയുടെ കാര്യത്തില്‍പോലും ബംഗാള്‍ തമിഴ്‌നാടിനും മഹാരാഷ്ട്രയ്ക്കും പിന്നിലാണ് നില്‍ക്കുന്നത്. മുപ്പതു ശതമാനം ആളുകള്‍ക്കേ ബംഗാളില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കാനായിട്ടുള്ളൂ. തമിഴ്‌നാട്ടില്‍ ഇത് 84 ശതമാനത്തിന് ലഭ്യമത്രെ.

മുസ്‌ലിങ്ങള്‍, ദളിതര്‍, പിന്നാക്കജാതിക്കാര്‍ തുടങ്ങിയവര്‍ തിങ്ങിപ്പാര്‍ക്കുന്ന പിന്നാക്ക ജില്ലകളില്‍ ശരാശരി ആയുസ്സുപോലും നന്നേ കുറവാണെന്നത് ദയനീയമായ ചിത്രമാണ്. കൊല്‍ക്കത്തയില്‍ ആയുസ്സ് 74 വയസ്സാണ്. മാള്‍ഡയിലാകട്ടെ അത് 55 ഉം മുര്‍ഷിദാബാദില്‍ 59 ഉം കുച്ച് ബിഹാറില്‍ 55ഉം ആണ്. ഗ്രാമീണ ബംഗാളിലെ മുസ്‌ലിം ജനസംഖ്യയില്‍ 35 ശതമാനത്തിന്റെ ആയുസ്സ് വെറും അമ്പതാണ് എന്ന് ഒരു മുസ്‌ലിം സംഘടന കണ്ടെത്തുകയുണ്ടായി. തുകല്‍, ബീഡി, മത്സ്യബന്ധനം തുടങ്ങിയ അപായകരവും അനാരോഗ്യകരവുമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരില്‍ നല്ലൊരു പങ്ക് മുസ്‌ലിങ്ങളാണ്.

പ്രൈമറി വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് ഒഴിവാക്കിയത് 1983-ലാണ്. ഇത് വന്‍ദ്രോഹം ചെയ്‌തെന്ന് ബോധ്യപ്പെട്ടതുകൊണ്ട് അടുത്ത കാലത്താണ് മാറ്റിയത്. എന്തായാലും തൊഴില്‍മേഖലയിലുള്ളവര്‍ക്ക് ബംഗാളി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ഥികളുടെ യോഗ്യതയെക്കുറിച്ച് നല്ല അഭിപ്രായമല്ല ഉള്ളത്. സര്‍വശിക്ഷാ അഭിയാന്‍ പോലുള്ള കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതിലും ബംഗാള്‍ പിന്നിലാണെന്ന വിമര്‍ശനം മോണിറ്ററിങ് ഏജന്‍സികള്‍ ഉന്നയിച്ചിട്ടും പരിഹരിക്കപ്പെട്ടിട്ടില്ല. ആസ്പത്രിയിലെ വിദഗ്ധ ചികിത്സയ്ക്ക് ചെന്നൈയിലേക്കും മംഗലാപുരത്തേക്കും പോകുന്നവരുടെ എണ്ണം പോലെ വലുതാണ് നല്ല വിദ്യാഭ്യാസം തേടി അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന കുട്ടികളുടെ എണ്ണവും.

വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുടെ അനന്തരഫലം സംസ്ഥാനത്തെ മാധ്യമങ്ങളുടെ ലഭ്യതയെയും പൊതുവായ ബോധത്തെയും സ്വാധീനിക്കുക സ്വാഭാവികമാണ്. കേരളത്തിന്റെ രണ്ടര ഇരട്ടി ജനസംഖ്യയുണ്ടായിട്ടും എല്ലാ ബംഗാളി പത്രങ്ങളും ചേര്‍ന്നാലുള്ള വില്പന മലയാളത്തിലെ വലിയ രണ്ടുപത്രങ്ങള്‍ ചേര്‍ന്നാല്‍ ഉള്ള അത്രപോലും ഇല്ല. ജനസംഖ്യയില്‍ എട്ടിലൊരാളേ പത്രം വായിക്കുന്നുതന്നെയുള്ളൂ. സാക്ഷരതയെയും സാമ്പത്തിക വളര്‍ച്ചയെയും കുറിച്ചുള്ള സര്‍ക്കാര്‍ കണക്കുകളെക്കുറിച്ച് സംശയമുണര്‍ത്തുന്നതാണ് ഈ കണക്കുകള്‍.

സാമൂഹിക പരിവര്‍ത്തനരംഗത്ത് വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാതിരുന്നത് വലിയ വീഴ്ചയായി ഇടതുമുന്നണി നേതൃത്വം വളരെ വൈകി തിരിച്ചറിയുകയുണ്ടായി. ദളിത് പിന്നാക്കജാതിക്കാര്‍, മുസ്‌ലിം ന്യൂനപക്ഷം തുടങ്ങിയ വിഭാഗങ്ങളുടെ ദയനീയനില സമീപകാലത്ത് ദേശീയ മാധ്യമങ്ങളില്‍ പോലും ചര്‍ച്ചയായപ്പോള്‍ ബുദ്ധദേവ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പല നടപടികളും പ്രഖ്യാപിച്ചു. സാക്ഷരത പോലും പകുതിയോളം മുസ്‌ലിങ്ങള്‍ക്കില്ല. എസ്.എസ്.എല്‍.സി. തലത്തിലുള്ള മുസ്‌ലിം വിദ്യാര്‍ഥിനികളുടെ കൊഴിഞ്ഞുപോക്ക് 62 ശതമാനം വരും. വിദ്യാഭ്യാസം നേടിയ മുസ്‌ലിം പെണ്‍കുട്ടികളില്‍ നാലിലൊന്നും വിവാഹം ചെയ്തയയ്ക്കപ്പെടുന്നത് നിരക്ഷരരായ ഭര്‍ത്താക്കന്മാര്‍ക്കൊപ്പമാണെന്ന കണക്കുകള്‍ മറ്റൊരു ദൗര്‍ഭാഗ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രൊഫഷണല്‍ കോളേജ് പ്രവേശനപരീക്ഷ, യൂണിവേഴ്‌സിറ്റികള്‍, കോളേജുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ മിക്കതിലും മുസ്‌ലിം പ്രാതിനിധ്യം ദളിത് പ്രാതിനിധ്യത്തേക്കാള്‍ മോശമാണെന്ന കണക്കുകള്‍ ഞെട്ടിക്കുന്നതായിരുന്നു.

അവഗണനയുണ്ട്, പക്ഷേ ആക്രമണമില്ല

ബംഗാളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നതുപോലെയുള്ള ആക്രമണങ്ങള്‍ ദളിതര്‍ക്കും മുസ്‌ലിങ്ങള്‍ക്കും നേരേ നടക്കുന്നില്ല എന്നത് വിസ്മരിച്ചുകൂടാ. എല്ലാ മുഖ്യധാരാ പാര്‍ട്ടികളും മതേതര പാര്‍ട്ടികളാണ്. അവരുടെ അറിവോ സമ്മതമോ ഇല്ലാതെ എവിടെയും ഒരില അനങ്ങുകയില്ല. ദളിതുകള്‍ ബംഗാള്‍ ജനസംഖ്യയുടെ 21 ശതമാനം വരും. പക്ഷേ, മുസ്‌ലിങ്ങളെപ്പോലെ അവരും അസംഘടിതരാണ്. സംഘടിതരാവുകയും അവകാശങ്ങള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ഏറ്റുമുട്ടലുകളും അതിക്രമങ്ങളുമുണ്ടാവുക. ബംഗാളില്‍ ആ പ്രശ്‌നം ഇതുവരെ ഉണ്ടാകാത്തതിന് കാരണം അതുതന്നെ- ഗവേഷകനായ റോസ് മല്ലിക് (ഡെവലപ്‌മെന്റ് പോളിസി ഓഫ് എ കമ്യൂണിസ്റ്റ് ഗവണ്മെന്റ്) എഴുതി.

മനുഷ്യ വികസന സൂചികയില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ 19-ാം സ്ഥാനമേ പ.ബംഗാളിനുള്ളൂ. വലിയ വികസനം കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് ബംഗാളിനും പിന്നിലാണെന്നതും ഏറ്റവും കൂടിയ ജനസാന്ദ്രതയാണ് പ.ബംഗാളിലെന്നതും ബംഗാള്‍ പിന്നാക്കാവസ്ഥയ്ക്ക് ന്യായീകരണമാകാറുണ്ട്.
ഭരണ ആസ്ഥാനമായ റൈറ്റേഴ്‌സ് ബില്‍ഡിങ്ങില്‍ ചെന്നപ്പോള്‍ ജീവനക്കാരുടെ ശമ്പളക്കണക്കുകള്‍ ചോദിച്ചു. വരുമാനത്തിന്റെ അഞ്ചിലൊന്ന് ശമ്പളത്തിനാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്ന പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ രോഷം കൊണ്ടു. എല്ലാ സംഘടിത ജീവനക്കാരെയും പോലെ അവരും കിട്ടുന്ന ശമ്പളത്തില്‍ അസംതൃപ്തരാണ്. ബംഗാളിന്റെ പൊതു സാമ്പത്തിക നില മോശമാണെങ്കിലും സര്‍ക്കാര്‍ ശമ്പളം ഒട്ടും മോശമല്ല. പുതുതായി ചേരുന്ന ക്ലര്‍ക്കിന് ശമ്പളം പതിനായിരം രൂപയിലേറെ കിട്ടും.

”പണിവല്ലതും നടക്കുന്നുണ്ടോ, അതല്ല കൈക്കൂലി മാത്രമേ ഉള്ളോ… കുറെ നേരം സൗഹൃദപൂര്‍വം സംസാരിച്ച ഒരു ഉദ്യോഗസ്ഥനോട് ചോദിച്ചു. പണിയൊക്കെ മോശം തന്നെ, പതിനൊന്നുമണിക്ക് വന്നാല്‍ തിരിഞ്ഞുകളിച്ച് നാലാവുമ്പോള്‍ പോകും. ചുറ്റും ഇഷ്ടംപോലെ തട്ടുകടകളുള്ളതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും ചായയ്ക്ക് പോകാം. അഴിമതിയുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. മന്ത്രിമാരൊന്നും കോഴ വാങ്ങാറില്ലായിരിക്കാം പക്ഷേ, ഉദ്യോഗസ്ഥര്‍ അതിലൊട്ടും മുടക്ക് വരുത്താറില്ല. അക്കാര്യത്തിലൊന്നും മന്ത്രിമാര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുമില്ല!”

Leave a Reply

Your email address will not be published. Required fields are marked *

Go Top