കമ്യൂണിസം ജനാധിപത്യം ബഹുസ്വരത

എൻ.പി.രാജേന്ദ്രൻ

പ്രത്യയശാസ്ത്രങ്ങള്‍ ശാശ്വതമായി നിലനില്‍ക്കുന്ന ചിന്താപദ്ധതികളാണ് എന്ന് ആര്‍ക്കും ഉറപ്പിക്കാനാവില്ല. മതങ്ങള്‍ ഒഴികെയുള്ള വിശ്വാസസംഹിതകളൊന്നും ഒരു തലമുറയ്ക്കപ്പുറം നിലനില്‍ക്കുക പതിവില്ല. വല്ലതും നിലനിന്നെങ്കില്‍ അവ മതമായി മാറുകയാണ് പതിവ്. കമ്യൂണിസത്തിന് മതത്തിന്റെ സ്വഭാവങ്ങളുണ്ടായിരുന്നു. സ്വര്‍ഗനരകങ്ങള്‍ എങ്ങോ നിലനില്‍ക്കുന്നുണ്ടെന്നും മരണാനന്തരം തരംപോലെ അവിടങ്ങളിലാണ് മനുഷ്യന്‍ എത്തുകയെന്നും പല മതങ്ങളും അനുയായികളെ ഉദ്‌ബോധിപ്പിക്കാറുണ്ട്. വ്യക്തികള്‍ക്കല്ല മനുഷ്യരാശിക്കാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം സ്വര്‍ഗവും നരകവും വാഗ്ദാനം ചെയ്തത്. ചൂഷിതര്‍ക്കു സ്വര്‍ഗവും ചൂഷകവര്‍ഗത്തിനു നരകവും. സ്വര്‍ഗം നേടാന്‍ പല കര്‍മാനുഷ്ഠാനങ്ങളുമുണ്ട്. മതങ്ങള്‍ക്ക് അവകാശപ്പെടാന്‍ കഴിയാത്ത ഒന്ന് പ്രത്യയശാസ്ത്രം നല്‍കുന്നുണ്ട്. ശാസ്ത്രത്തിന്റെ പിന്‍ബലം, മതത്തിന് അതില്ല.

മനുഷ്യരാശി പല സാമൂഹ്യാവസ്ഥകളിലൂടെ കടന്നുപോയാണ് ഒടുവില്‍ കമ്യൂണിസം എന്ന സ്വര്‍ഗത്തിലെത്തുക എന്നും അത് അനിവാര്യമാണെന്നുമെല്ലാമുള്ള സിദ്ധാന്തങ്ങള്‍ നിലവിലുണ്ടായിരുന്നു അടുത്ത കാലം വരെ. ഫ്യൂഡലിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്കും അവിടെ നിന്നു സോഷ്യലിസത്തിലേക്കും പിന്നെ കമ്യൂണിസത്തിലേക്കും സമൂഹംഎത്തും. അനന്തരം സ്റ്റേറ്റ് എന്ന സംവിധാനം കൊഴിഞ്ഞു പോകും. ചൂഷണരഹിതവും സമ്പദ്‌സമൃദ്ധവും ആയ സമത്വസുന്ദരവ്യവസ്ഥിതി  ഇതോടെ ഉയര്‍ന്നുവരും. ഇങ്ങനെയാണ് തടിച്ച ഗ്രന്ഥങ്ങളില്‍ പറയുന്നത്. മുതലാളിത്തം അതിന്റെ ആഭ്യന്തരവൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളുംകൊണ്ട് തകര്‍ന്നുതരിപ്പണമാകും. അതിന് ഒരു തള്ളുവെച്ചുകൊടുക്കേണ്ട പണിയേ തൊഴിലാളിവര്‍ഗം ചെയ്യേണ്ടൂ. ഇതെല്ലാം അനിവാര്യമാണ്. പിന്നെയെന്തിന് വെറുതെ പോരാട്ടവും വിപ്ലവവും മറ്റും നടത്തണമെന്ന് ചിലരെല്ലാം ചോദിക്കാറുണ്ട്. നടക്കാന്‍ പോകുന്നതെല്ലാം ജാതകത്തില്‍ ഉണ്ടാവുമെങ്കില്‍ പിന്നെയെന്തിന് അതുനോക്കി നമ്മള്‍ തീരുമാനമെടുക്കണം, എല്ലാം അനിവാര്യമായും സംഭവിക്കില്ലേ എന്ന ചോദ്യത്തെ വിശ്വാസികള്‍ അവഗണിക്കാറുള്ളതുപോലെ, കമ്യൂണിസമതവിശ്വാസികള്‍ ചോദ്യങ്ങളെ അവഗണിക്കാറേ ഉള്ളൂ.

മനുഷ്യരാശിയുടെ ഭാവി പ്രവചനീയമല്ല. ശാസ്ത്രത്തിന്റെ വികാസപരിണാമങ്ങള്‍ പോലും പ്രവചനീയമല്ല. ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സംഗതിയും ഒരു ദശകം മുമ്പുപോലും ആര്‍ക്കും പ്രവചിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെപ്പോഴോ അമേരിക്കന്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് ഓഫീസിന്റെ തലവന്‍ വിരമിക്കുമ്പോള്‍ പറഞ്ഞത്, കണ്ടുപിടിക്കാവുന്നതെല്ലാം കണ്ടുപിടിക്കപ്പെട്ടുകഴിഞ്ഞെന്നും ഇനി ഈ ഓഫീസ് അടച്ചുപൂട്ടുകയാവും നല്ലത് എന്നുമാണത്രെ. അന്നു ഒരു വര്‍ഷം ഉണ്ടാകുന്നതിനേക്കാള്‍ കണ്ടുപിടുത്തങ്ങള്‍ ഇന്ന് ഓരോ ദിവസവും ഉണ്ടാകുന്നുണ്ട്. ആരും സ്വപ്‌നത്തില്‍പ്പോലും കണ്ടിട്ടില്ലാത്ത വലിയ മാറ്റങ്ങളും ഉണ്ടാകുന്നു. പോകട്ടെ, സോവിയറ്റ് കമ്യൂണിസം തകരുമെന്നും ആ സ്റ്റേറ്റ് മാര്‍ക്‌സ് പ്രവചിച്ച(!) പോലെ കൊഴിഞ്ഞുവീഴുമെന്നും സോവിയറ്റ് കാര്യങ്ങള്‍ ഭൂതക്കണ്ണാടി വെച്ചു നോക്കിക്കൊണ്ടിരുന്ന സി.ഐ.എ. തലവനു പോലും പ്രവചിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നോര്‍ക്കണം.

ദീര്‍ഘകാലത്തേക്കുള്ള പദ്ധതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുക അതുകൊണ്ടുതന്നെ അസാധ്യവും പ്രയോജനരഹിതവുമാണ്. അഞ്ഞൂറു വര്‍ഷമെങ്കിലുമായി ലോകത്തിന്റെ മാറ്റത്തിനു വേഗത കൈവന്നിരിക്കുകയാണ്. അഞ്ഞൂറു വര്‍ഷം മുമ്പുള്ള ലോകാവസ്ഥ ഒരു പക്ഷേ, ആയിരത്തഞ്ഞൂറു വര്‍ഷം മുമ്പത്തെ ലോകാവസ്ഥയില്‍നിന്നു വലുതായൊന്നും മാറിയിരുന്നില്ലെന്ന് പല വിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്നു കാണുന്ന സ്ഥാപനങ്ങളും ഉപകരണങ്ങളും സംവിധാനങ്ങളും രാഷ്ട്രങ്ങളും ഉണ്ടായത് അഞ്ഞൂറു വര്‍ഷത്തിനിടയിലാണ്. കഴിഞ്ഞ അമ്പതു വര്‍ഷം കൊണ്ടുണ്ടായ മാറ്റം അതിനു മുമ്പത്തെ അഞ്ഞൂറു വര്‍ഷത്തിനകം ഉണ്ടായ മാറ്റത്തിന്റെ പല മടങ്ങുവരും. സമൂഹബന്ധങ്ങള്‍, അന്താരാഷ്ട്ര അവസ്ഥ, വന്‍ശക്തികളുടെ ഉയര്‍ച്ച താഴ്ചകള്‍ എന്നീ കാര്യങ്ങളില്‍ 1900ത്തിനു ശേഷമുള്ള ഓരോ ഇരുപതു വര്‍ഷംകൊണ്ടുണ്ടായ മാറ്റങ്ങള്‍പ്പോലും എത്ര അവിശ്വസനീയമായിരുന്നു എന്ന് പ്രശസ്ത ചിന്തകനും ജിയോ പൊളിറ്റിക്കല്‍ ഫോര്‍ക്കാസ്റ്ററുമായ ജോര്‍ജ് ഫ്രീഡ്മാന്‍ നെക്സ്റ്റ് ഹന്‍ഡ്രഡ് ഇയേഴ്‌സ് എന്ന കൃതിയില്‍ വിവരിക്കുന്നുണ്ട്. രാജ്യങ്ങള്‍ക്കകത്തെ സ്ഥിതി പോലും അപ്രവചനീയങ്ങളാണ്. എന്നിരിക്കെ, വരാന്‍ പോകുന്ന നൂറ്റാണ്ടുകള്‍ക്കു ബാധകമായ പ്രവചനങ്ങള്‍ നടത്താന്‍ എങ്ങനെ കാള്‍ മാര്‍കസിനു കഴിയാനാണ്.

കാള്‍ മാര്‍ക്‌സിന്റെ പാണ്ഡിത്യത്തെയോ നീണ്ട കാല ഗവേഷണങ്ങളിലൂടെയുള്ള കണ്ടെത്തലുകളെയോ അപ്പടി തള്ളിക്കളയാന്‍ ആര്‍ക്കും കഴിയില്ല. പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യവസായ ഉത്പാദന വ്യവസ്ഥയുടെ അന്തര്‍ഘടന അദ്ദേഹം സൂക്ഷ്മമായി വിലയിരുത്തിയിട്ടുണ്ട്. മറ്റൊരു സാമ്പത്തിക ശാസ്ത്രജ്ഞനും അത്രത്തോളം കഴിഞ്ഞിരുന്നില്ല എന്നാണ് ഇക്കാര്യം പഠിച്ച പലരും എഴുതിയിട്ടുണ്ട്. പക്ഷേ, മാര്‍ക്‌സ് പ്രവചിച്ച രീതിയിലല്ല കാലം മുന്നോട്ടുപോയത്. ഒടുവില്‍ മാര്‍ക്‌സ് അല്ല ജയിച്ചത് ആഡം സ്മിത്താണ്. വ്യക്തികളുടെ സ്വാര്‍ത്ഥനേട്ടങ്ങള്‍ക്കു വേണ്ടിയുള്ള നിയമപരമായ പരിശ്രമങ്ങളാണ് രാഷ്ട്രങ്ങളെ സാമ്പത്തികവളര്‍ച്ചയിലേക്കു നയിക്കുന്നത് എന്നു വെല്‍ത്ത് ഓഫ് നേഷന്‍സ് എന്ന കൃതിയില്‍ അദ്ദേഹം എഴുതിവെച്ചതാണ് ആഗോളീകരണകാലത്തിന്റെ അടിസ്ഥാനാദര്‍ശമായിരിക്കുന്നത്. ലോകം സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കും മാത്രമേ പോകൂ എന്നു ഉറച്ചുവിശ്വസിച്ചിരുന്നവരായിരുന്നു അദ്ദേഹത്തിന്റെ അനുയായികളെല്ലാം. അതുകൊണ്ടാണ് ചൈനയില്‍ കമ്യൂണിസം മുതലാളിത്തത്തിലേക്ക് പിന്‍മടങ്ങുകയല്ലേ എന്നു ചോദിച്ചപ്പോള്‍, മനുഷ്യന്‍ കുരങ്ങനിലേക്കു മടങ്ങുമോ എന്ന മറുചോദ്യം ഇ.എം.എസ് നമ്പൂതിരിപ്പാട് ചോദിച്ചത്. ജീവജാല പരിണാമത്തോളം സുദൃഢമാണ് സാമൂഹ്യവ്യവസ്ഥകളുടെയും പരിണാമമെന്നു അദ്ദേഹവും ആ പ്രത്യയശാസ്ത്രം മുറുകെപ്പിടിച്ചവരും വിശ്വസിച്ചിരുന്നു. 1990കള്‍ക്കു ശേഷമുള്ള കമ്യൂണിസത്തിന്റെ തിരിച്ചടികള്‍ക്കൊന്നും വിശ്വസനീയ വിശദീകരണം കണ്ടെത്താന്‍ കമ്യൂണിസ്റ്റ് ആചാര്യന്മാര്‍ക്കു കഴിയാതെ പോയതും ഇക്കാരണം കൊണ്ടുതന്നെയാണ്.

ഇന്ത്യന്‍ സവിശേഷതകള്‍
കാള്‍ മാര്‍ക്‌സ് പ്രവാചകനൊന്നുമല്ല. പ്രവാചകന്മാര്‍ക്കുപോലും അവര്‍ ജീവിച്ച പ്രദേശങ്ങള്‍ക്ക് അപ്പുറമുള്ള ലോകത്തെക്കുറിച്ചുള്ള അറിവ് പരിമിതമായിരുന്നു. ഭൂമി ഉരുണ്ടതാണോ പരന്നതാണോ എന്നുപോലും അറിയുമായിരുന്നില്ല. ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചള്ള കാള്‍ മാര്‍ക്‌സിന്റെ നിരീക്ഷണങ്ങളുടെ പോരായ്മകള്‍ ഡോ.രാംമനോഹര്‍ ലോഹ്യയെപ്പോലുള്ള സോഷ്യലിസ്റ്റ് ചിന്തകര്‍ മുമ്പേ ചൂണ്ടിക്കാട്ടിയതാണ്. മാര്‍ക്‌സിന് എന്തെങ്കിലും കുറവുകളുണ്ട് എന്നു സമ്മതിക്കാന്‍ മാര്‍ക്‌സ് അനുയായികള്‍ക്കു പറ്റില്ലല്ലോ. മാര്‍ക്‌സ് ഇന്ത്യയെക്കുറിച്ച് ധാരാളം പഠിച്ചെഴുതിയിട്ടുണ്ട് എന്നു വാദിക്കാന്‍ അവര്‍ അദ്ദേഹത്തിന്റെ ചില ലേഖനങ്ങള്‍ ചൂണ്ടിക്കാട്ടാറുണ്ട്്. മാര്‍ക്‌സിന് ഇന്ത്യയുടെ സവിശേഷതയായ ജാതിയെ വേണ്ടത്ര ആഴത്തില്‍ പഠിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജാതിയും വര്‍ഗവും തമ്മില്‍ വലിയ അന്തരം ഉള്ളതായി അദ്ദേഹത്തിനു തോന്നിയിരുന്നില്ല. അധഃകൃതജാതികളെ തൊഴിലാളിവര്‍ഗമായി പരിഗണിക്കേണ്ട കാര്യമേ ഉള്ളൂ എന്നവര്‍ കരുതിപ്പോന്നു.

നഗരങ്ങള്‍ വരികയും റെയില്‍വെയും മറ്റു ഗതാഗതസൗകര്യങ്ങളും വ്യാപകമാവുകയും ചെയ്യുന്നതോടെ തൊട്ടുകൂടായ്മയും അയിത്തവുമെല്ലാം ഇല്ലാതാവും എന്നു കാള്‍ മാര്‍ക്‌സ് തന്നെ എഴുതിയിട്ടുണ്ട്. റെയില്‍വെയുടെ ഫലമായുള്ള മാറ്റത്തെക്കുറിച്ചുള്ള തന്റെ വിശ്വാസം ശരിയായില്ലെന്നും അദ്ദേഹം പില്‍ക്കാലത്ത് എഴുതിയിട്ടുണ്ട്. ഇന്നു നഗരങ്ങളില്‍ ഫ്‌ളാറ്റുകള്‍ കൊടുക്കുന്നതുപോലും ജാതിയും മതവും നോക്കിയാണെന്നു നമുക്കറിയാം. മിശ്രഭോജനത്തിലൂടെ ജാതിയെ ചോദ്യം ചെയ്യാമെന്നും  മിശ്രവിവാഹത്തിലൂടെ ജാതിയെ ഇല്ലാതാക്കാമെന്നും വിശ്വസിച്ച ശുദ്ധാത്മാക്കളും ഉണ്ടായിരുന്നു. ഇന്ന് മിശ്രജാതി വിവാഹത്തിന് ആരും എതിരല്ല. വിവാഹശേഷം ദമ്പതികളും മക്കളും ഏതെങ്കിലും ഒരു ജാതിയോടൊപ്പം ചേരും. പിന്നെ ജാതിക്ക് എന്തു ചേതം!

സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ ജാതിസംവരണം തൊട്ട് ദലിത് ആദിവാസി പ്രശ്‌നങ്ങള്‍വരെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു കീറാമുട്ടിയായി തുടരാനുള്ള കാരണം, ആധികാരിക താത്വികഗ്രന്ഥങ്ങളിലൊന്നും ഇന്ത്യയിലെ ജാതിപ്രശ്‌നം പരിശോധിക്കപ്പെടാതിരുന്നതുകൊണ്ടും പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂട്ടിലാക്കി വ്യാഖ്യാനിച്ചുകൊടുക്കാന്‍ ഇന്ത്യയിലെ താത്ത്വികാചാര്യന്മാര്‍ക്കു കഴിയാതെ പോയതുകൊണ്ടുമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ജാതിയില്‍ വിശ്വസിക്കുന്നില്ല, പിന്നെയെങ്ങനെ ജാതി തിരിച്ചു സംഘടനയുണ്ടാക്കും എന്ന ചോദ്യത്തിനു മുന്നില്‍ അവര്‍ക്ക് ആദ്യകാലത്തു ഉത്തരംമുട്ടി. ദലിതുകളുടെയും ആദിവാസികളുടെയും പ്രശ്‌നം വേര്‍തിരിച്ച് വേണ്ടത്ര ഗൗരവത്തില്‍ കണ്ടില്ല എന്നതുതന്നെ പരാജയകാരണം.

തുടക്കം മുതല്‍ ആശയക്കുഴപ്പം
ഇന്ത്യയില്‍ നടപ്പിലാക്കേണ്ട നയവും പരിപാടിയും സംബന്ധിച്ച് ആശയക്കുഴപ്പം തുടക്കം മുതലെ ഉണ്ടായിരുന്നു. അത് സ്വാതന്ത്ര്യസമരകാലത്തുടനീളവും രണ്ടാം ലോകയുദ്ധകാലത്തു പ്രത്യേകിച്ചും വളരെ പ്രകടമായി. ലോകയുദ്ധത്തില്‍ ജര്‍മനി ഏകപക്ഷീയമായി സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോഴാണല്ലോ ബ്രിട്ടനോടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി നിലപാട് മാറിയത്. യുദ്ധത്തില്‍ ഇന്ത്യ പങ്കാളിയാകേണ്ടതും ഇന്ത്യക്കാര്‍ മുഴുവന്‍ ബ്രിട്ടന്‍-റഷ്യ-അമേരിക്ക പക്ഷത്തു നില്‍ക്കേണ്ടതും സോവിയറ്റ് യൂണിയന്റെ കൂടി ആവശ്യമായിരുന്നു. അതിനൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഉറച്ചുനിന്നു. ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ക്കാനും നേതാജി സുഭാഷ് ചന്ദ്ര ബോസിനെ വഞ്ചകന്‍ എന്നു മുദ്രകുത്താനും പ്രേരിപ്പിക്കപ്പെട്ടത് അക്കാരണത്താലാണെന്നു ചരിത്രത്തിലൂടെ കണ്ണോടിച്ചവര്‍ക്കെല്ലാം അറിയാം.

മുസ്ലിം ലീഗിന്റെ ഇന്ത്യവിഭജനവാദം, ’47-ല്‍ കിട്ടിയ സ്വാതന്ത്ര്യം സ്വാതന്ത്ര്യം തന്നെയാണോ, പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കു കടക്കണമോ അതല്ല സായുധസമരംനടത്തി അധികാരം പിടിക്കണമോ, തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ അതല്ല വിപ്ലവം ഉടനെ തുടങ്ങണമോ …… തുടങ്ങിയ കാര്യങ്ങളിലെല്ലാം ആശയക്കുഴുപ്പം നിലനിന്നു. അതിന്റെ ഏറ്റവും ദയനീയമായ ചിത്രം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാലു നേതാക്കള്‍ സ്റ്റാലിന്റെ ഉപദേശം തേടാന്‍ രഹസ്യമായി മുങ്ങിക്കപ്പലില്‍ കയറി മോസ്‌കോവിലേക്കു പോയെന്ന കഥയാണ്. കമ്യൂണിസ്റ്റുകാരെ പരിഹസിക്കാന്‍ ആരോ ഉണ്ടാക്കിയ ഒരു കഥയാണിതെന്നേ ആദ്യകാലത്തു തോന്നിയിരുന്നുള്ളൂ. കമ്യൂണിസ്റ്റ് നേതാക്കള്‍തന്നെ ഇതു ശരിവെക്കുകയും ഈ രഹസ്യയാത്രയുടെ ദൃക്‌സാക്ഷിയാണെന്നു അക്കാലത്തു ജീവിച്ചിരുന്ന ചിലര്‍ അവകാശപ്പെടുകയും ചെയ്തതോടെ സംശയം തീര്‍ന്നു. സ്റ്റാലിനില്‍നിന്ന് അന്ന് എന്തു മറുപടിയാണ് കിട്ടിയിരുന്നത്? എന്തു മറുപടി കിട്ടാന്‍, സഞ്ജയന്റെ കഥയില്‍ വഴിപോക്കന്‍ മദ്യപന്മാരോട് പറഞ്ഞതുപോലെ ‘അയ്യോ എനിക്കൊന്നുമറിയില്ലേ ഞാന്‍ മാവിലായിക്കാരനാണേ..’എന്ന മറുപടിയാണ് കിട്ടിയത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള വഴി ഇന്ത്യന്‍ പാര്‍ട്ടി തീരുമാനിക്കണം എന്നതായിരുന്നുത്രെ സ്റ്റാലിന്റെ മറുപടി.

കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്നെ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. അബദ്ധത്തില്‍ ആദ്യനിയമസഭാതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണത്തില്‍ വന്നു.(കമ്യൂണിസ്റ്റ് വിരുദ്ധപക്ഷത്തിന്റെ മണ്ടത്തരങ്ങള്‍ കൊണ്ടുതന്നെ). ആ ഭരണത്തെയും പിരിച്ചുവിടല്‍ വരെ എത്തിച്ച തുടര്‍സംഭവങ്ങളെയും ഇവിടെ വിലയിരുത്തുന്നില്ല. ഒരു കാര്യം മാത്രം പറയാം. പിന്നെയും ഇരുപതു വര്‍ഷം കഴിഞ്ഞ് പ.ബംഗാളില്‍ അധികാരത്തില്‍വന്ന ജ്യോതിബസു മന്ത്രിസഭയേക്കാള്‍ ലക്ഷ്യബോധത്തോടെയുള്ള ഭരണമായിരുന്നു 1957-ലേത് എന്ന് ഇന്നു നമുക്കു വിലയിരുത്താന്‍ കഴിയും. ഭൂപരിഷ്‌കരണത്തിന് അപ്പുറം എന്താണ് ഒരു സംസ്ഥാനത്തെ ഭരണംകൊണ്ടു ചെയ്യാന്‍ കഴിയുക എന്ന കാര്യത്തില്‍ ഒരു പിടിയും ഉണ്ടായിരുന്നില്ല കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്. കേരളത്തില്‍ അമ്പത്തേഴില്‍ കാര്‍ഷികബന്ധനിയമം, വിദ്യാഭ്യാസബില്‍ എന്നിവ കൊണ്ടുവരിക മാത്രമല്ല ബിര്‍ലയെക്കൊണ്ടുവന്ന് വ്യവസായവല്‍ക്കരണത്തിനു തുടക്കം കുറിക്കാന്‍ വരെ ശ്രമിച്ചില്ലേ?  ബംഗാളില്‍ ഇങ്ങനെയൊന്നും ചിന്തിച്ചുപോലുമില്ല. ഭൂപരിഷ്‌കരണം നടപ്പാക്കി, പിന്നെയൊന്നും ചെയ്യാനില്ല. ഭൂപരിഷ്‌കരണത്തിന്റെ ഫലം ഒരു തലമുറയിലേ നിലനില്‍ക്കൂ. അവരുടെ മക്കള്‍ വിദ്യാഭ്യാസം നേടി ജോലിക്കുപോകുന്നില്ലെങ്കില്‍ ജീവിതം ദുരന്തമാകും. കാരണം, ഭൂപരിഷ്‌കരണത്തിലൂടെ ലഭിച്ചിരിക്കുക തുണ്ടുഭൂമിയാണ്. ഓരോ തലമുറ പിന്നിടുമ്പോഴും അതു വിഭജിക്കപ്പെടും. അടുത്ത തലമുറയ്ക്കു കൃഷി ചെയ്യാന്‍ എവിടെ ഭൂമി? കൃഷിയുമില്ല വ്യവസായവുമില്ല എന്നതായി അവസ്ഥ. ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം അവിടെ പാര്‍ട്ടി പിറന്തള്ളപ്പെട്ടതിലല്ല അദ്ഭുതം, അങ്ങനെ പിറന്തള്ളപ്പെടാണ്‍ 34 വര്‍ഷമെടുത്തതിലാണ്.

തകര്‍ച്ചയ്ക്കു ശേഷം
ബൂര്‍ഷ്വാ ഭരണഘടനയ്ക്കു കീഴില്‍ ചെറിയ പ്രദേശങ്ങളില്‍ അധികാരത്തിലെത്തിയാല്‍ എന്തെല്ലാം ചെയ്യാം എന്ന കാര്യത്തിലുള്ള വ്യക്തതയില്ലായ്മയെക്കുറിച്ചാണല്ലോ പറഞ്ഞത്. 1990 കാലത്ത് സോവിയറ്റ് യൂണിയനും മറ്റു കമ്യൂണിസ്റ്റ് രാജ്യങ്ങളും തകര്‍ന്നപ്പോള്‍പ്പോലും കാര്യമായ വീണ്ടുവിചാരമുണ്ടായില്ല എന്നതാണ് അദ്ഭുതം. ഞങ്ങളുടെ കാലത്ത് ഇനി മാറ്റമുണ്ടാകില്ല എന്നു ബോധ്യപ്പെട്ടതായി ഇ.എം.എസ് തന്നെ അന്നെഴുതി.  ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിക്കു ശേഷം 1992-ല്‍ മദ്രാസില്‍ നടന്ന പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച അന്താരാഷ്ട്ര പ്രമേയത്തില്‍ ഈ സംഭവവികാസങ്ങള്‍ ലോകത്തെ പുരോഗമന വിപ്ലവശക്തികളെ നിരാശയിലാഴ്ത്തിയതിനെക്കുറിച്ച് പറയുന്നുണ്ട്. തിരിച്ചടികളുടെ കാരണങ്ങളെക്കുറിച്ചോ ഭാവിയെക്കുറിച്ചോ കാര്യമായ നിരീക്ഷണങ്ങളൊന്നുമില്ല. ഗോര്‍ബച്ചേവ് എന്ന ഒരാള്‍ മാത്രമുണ്ട് പ്രതിക്കൂട്ടില്‍. ഈ അവസ്ഥ ഇന്നും മാറിയിട്ടില്ല. എന്നാല്‍, ചൈനക്കാര്‍ എത്രയോ ബുദ്ധിവാന്മാരാണ്. പൂച്ചയുടെ നിറം നോക്കേണ്ട, അത് എലിയെ പിടിച്ചാല്‍മതി എന്ന തത്ത്വത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് അവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിയും ബോര്‍ഡും മാറ്റിയില്ല, നയങ്ങള്‍ അപ്പടി മാറ്റി. ഏതു മുതലാളിത്തരാജ്യത്തിനും മുതലാളിത്തം എങ്ങനെ വേണം നടപ്പാക്കാന്‍ എന്നു പഠിക്കാവുന്ന രാജ്യമായി ചൈനയെ മാറ്റിയത് അവിടെ ഇളക്കമില്ലാതെ നിലനിന്ന കമ്യൂണിസ്റ്റ് ഭരണകൂടമാണ്. എങ്ങനെയും പണമുണ്ടാക്കാം, ചെലവഴിക്കാം. ഒറ്റ വിലക്കുമാത്രം-സ്വാതന്ത്ര്യത്തെക്കുറിച്ചു ഒരക്ഷരം മിണ്ടരുത്.

ഇന്ത്യയില്‍ സി.പി.ഐ. തിരിച്ചറിഞ്ഞേടത്തോളം സി.പി.എം. പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞില്ല എന്നു പറയാതെ തരമില്ല. പഴയ പ്രത്യയശാസ്ത്രം അവരുടെ കൈകളെയല്ല മനസ്സുകളെയാണ് ഇപ്പോഴും ബന്ധിതമാക്കിയിട്ടുള്ളത്. ഇനി വിപ്ലവവും കമ്യൂണിസവുമൊന്നും ഇല്ല എന്നു തിരിച്ചറിഞ്ഞതിന്റെ സുഖത്തില്‍ പഴയ കാലത്തെ വൃദ്ധനമ്പൂതിരിമാരെപ്പോലെ വെടിവെട്ടവും നേരമ്പോക്കുമായി സുഖിച്ചുകഴിയുകയായിരുന്നു ഒടുവില്‍ മുഖ്യമന്ത്രിസ്ഥാനത്തിരിക്കുമ്പോള്‍ ഇ.കെ.നായനാര്‍. ചൈന മുതലാളിത്തത്തിലേക്കു പോയപ്പോള്‍ ഇവിടെ കമ്യണിസവുമില്ല, മുതലാളിത്തവുമില്ല എന്ന രണ്ടുംകെട്ട അവസ്ഥയിലായി. ചൈനീസ് രീതി ഇന്ത്യയില്‍ അതേപടി അനുകരിക്കാന്‍ കഴിയില്ല. അവിടെ ഇപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏകാധിപത്യ ഭരണമാണ്. സമ്പദ്ഘടനയേ മുതലാളിത്തത്തിലേക്കു മാറ്റിയിട്ടുള്ളൂ. രാജ്യത്ത് ഏകാധിപത്യം നിലനില്‍ക്കുന്നതുകൊണ്ട് പാര്‍ട്ടിക്കകത്തും ഏകാധിപത്യം നിലനിര്‍ത്താന്‍ കഴിയും.

ഇന്ത്യയില്‍ പാര്‍ട്ടിക്കകത്ത് ഇപ്പോഴും ഏകാധിപത്യമാണ്്. പുറത്തു ജനാധിപത്യമാണുതാനും. ഇങ്ങനെ അധികകാലം നിലനില്‍ക്കുക സാധ്യമല്ല. അകത്തെ ഏകാധിപത്യവും അവസാനിക്കേണ്ടിയിരിക്കുന്നു. അകത്തു ശുദ്ധവായു കടന്നാല്‍ പാര്‍ട്ടി ശ്വാസം മുട്ടി മരിക്കുമെന്നു എം.എന്‍.വിജയന്‍ പറഞ്ഞിരുന്നു. പക്ഷേ, വിജയന്‍മാസ്റ്റര്‍ കൂടി പിന്താങ്ങിയിരുന്ന വി.എസ്.അച്യുതാനന്ദന്‍ ചെയ്ത വലിയ സേവനം അതിനകത്തേക്കു കുറെ ശുദ്ധവായു കടത്തി എന്നതാണ്. ഏകാധിപത്യത്തെ അദ്ദേഹം വിജയകരമായി ചോദ്യം ചെയ്തു. അത്രയും ഗുണമുണ്ട്. സി.പി.എം. ഒരു ജനാധിപത്യ പാര്‍ട്ടി ആകുന്നില്ലെങ്കില്‍ പാര്‍ട്ടി പൊട്ടിത്തെറികളെ നേരിടേണ്ടതായി വരും. ബൂര്‍ഷ്വാ ജനാധിപത്യം എന്നു നിരന്തരം ആക്ഷേപിച്ചിട്ടുള്ളതാണെങ്കിലും ആ ജനാധിപത്യത്തെ ഇന്നു രാഷ്ട്രീയമായി പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടല്ലോ. സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരം പിടിക്കാന്‍ അതാവശ്യമാണ് എന്നതുകൊണ്ടു മാത്രം അത് അംഗീകരിക്കുന്നത് തത്ത്വദീക്ഷയില്ലായ്മയാണ്. ജനാധിപത്യത്തെ ഒരു ജീവിതരീതിയും സംസ്‌കാരവുമായി അംഗീകരിച്ചേ മതിയാവൂ. അതംഗീകരിക്കാത്ത പാര്‍ട്ടിക്കു ഒരു ജനാധിപത്യസമൂഹത്തില്‍ ഭാവിയില്ല.

ജനാധിപത്യസംസ്‌കാരം
ജനാധിപത്യസംസ്‌കാരം മനസ്സുകൊണ്ട് സ്വീകരിക്കാത്തതാണ് രാജ്യത്തെ എല്ലാ അക്രമങ്ങള്‍ക്കും അഹിംസകള്‍ക്കും കാരണം. കൊലയും പ്രതികാരകൊലയും കേരളത്തില്‍ മാത്രം ഇല്ലാതായാല്‍ പോരല്ലോ. അതു രാജ്യത്തെമ്പാടും ഇല്ലാതാകണം. രാഷ്ട്രീയത്തില്‍ മാത്രം പോര സഹിഷ്ണുത, മതത്തില്‍ അതിലേറെ വേണം. എഴുപതു വര്‍ഷമായി ഈ നാട് ഒരു ഭരണഘടനയെ അടിസ്ഥാനമാക്കിയാണ് മുന്നോട്ടുപോകുന്നത്. അതിന് ആധാരമായ അടിസ്ഥാനതത്ത്വങ്ങളുണ്ട്. ഇന്ത്യന്‍ ജുഡീഷ്യറി സംഭാവന ചെയ്ത ആശയമാണെങ്കിലും, കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ലെങ്കിലും അടിസ്ഥാനഘടനയെയും അടിസ്ഥാനമൂല്യങ്ങളെയും മാറ്റിമറിക്കുന്ന പ്രവര്‍ത്തനങ്ങളെ ചെറുത്തേ തീരൂ. നിയമവാഴ്ച എന്ന സങ്കല്പം കാത്തുസൂക്ഷിച്ചേ തീരൂ. ആള്‍ബലവും തിണ്ണമിടുക്കും ആയുധശേഷിയും പണക്കൊഴുപ്പുമാവരുത് ശരിതെറ്റുകളെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം.

നിയമവാഴ്ചയാണ് ഏറ്റവും പ്രധാനം. പല മതങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭാഷകളും വേഷങ്ങളുമുള്ള രാജ്യത്ത് പരസ്പരം ആദരിച്ചും അംഗീകരിച്ചും ഇഷ്ടമില്ലാത്തതുപോലും കുറെയെല്ലാം സഹിച്ചും മാത്രമേ സമാധാനത്തോടെ മുന്നോട്ടുപോകാന്‍ കഴിയൂ. ഒരു തര്‍ക്കവും കായികബലം ഉപയോഗിച്ച് തീര്‍ക്കാന്‍ ശ്രമിച്ചുകൂടാ. കേരളത്തിലെ പാര്‍ട്ടി ഓഫീസ് തര്‍ക്കം തീര്‍ക്കുന്ന വിഷയത്തിലാണെങ്കിലും ശരി അയോധ്യയിലെ തര്‍ക്കസ്ഥലത്തെക്കുറിച്ചുള്ളതായാലും ശരി. രണ്ടിടത്തും നിയമപരമായ മാര്‍ഗത്തിലൂടെ വേണം പരിഹാരമുണ്ടാക്കാന്‍.  ജനാധിപത്യത്തില്‍ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ശബ്ദമുയര്‍ത്താം. കേന്ദ്രഭരണത്തിന്റെയും ഭരണകക്ഷിയുടെയും ബലത്തില്‍ പല പല സേനകള്‍ രാജ്യത്തുടനീളം നാശം വിതയ്ക്കുകയാണ്. ജനാധിപത്യവ്യവസ്ഥയുടെ നേര്‍ക്കു വാളുയര്‍ത്താന്‍ ഇത്തരക്കാരെ അനുവദിച്ചുകൂടാ.

ആയിരക്കണക്കിന് വര്‍ഷങ്ങളായി തുടരുന്നു എന്ന ഒറ്റക്കാരണം കൊണ്ടുമാത്രം എന്തെങ്കിലും ആചാരമോ അനുഷ്ഠാനമോ ലോകാവസാനം വരെ തുടരണമെന്നു വാദിക്കുന്നത് ബുദ്ധിശൂന്യമാണ്. ഓരോ ശരിയും ഓരോ കാലത്തിന്റെ ശരിയാണ്. വിശ്വാസങ്ങള്‍ എത്രകാലം വേണമെങ്കിലും തുടരാം. പക്ഷേ, ഒരു മതഗ്രന്ഥത്തിലും എല്ലാ കാലത്തേക്കുമുള്ള സത്യങ്ങള്‍ ഉണ്ടാവുകയില്ല. ദൈവം പറഞ്ഞതാണ് എന്നെല്ലാം അവകാശപ്പെടുമെങ്കിലും അതുപോലും സാധാരണ മനുഷ്യരാണ് എഴുതിയതും പിന്നെ പകര്‍ത്തിയതും വ്യാഖ്യാനിച്ചതും കൂട്ടിച്ചേര്‍ത്തതുമെല്ലാം. അവയിലെല്ലം പുതിയ വിജ്ഞാനം തിരുത്തുകള്‍ വരുത്തിക്കൊണ്ടേ ഇരിക്കും. ഇനിയും ആയിരം വര്‍ഷം കഴിഞ്ഞാല്‍ എന്താവും മനുഷ്യര്‍ പറയുന്നതും വിശ്വസിക്കുന്നതും? ഒരു പ്രവചനവും സാധ്യമല്ല. മനുഷ്യരാശി തന്നെ നിലനില്‍ക്കുമോ? ഇരുനൂറു വര്‍ഷങ്ങള്‍ക്കപ്പുറം ഭൂമിയില്‍ ജീവിക്കാന്‍ കഴിയില്ല, അന്യഗോളങ്ങളില്‍ പാര്‍ക്കേണ്ടിവരും എന്ന ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ് ഈയിടെ പറഞ്ഞതായി വായിച്ചു. വിശ്വാസങ്ങള്‍ക്കുവേണ്ടിയും അഭിപ്രായങ്ങളെച്ചൊല്ലിയും മനുഷ്യരെ കൊല്ലരുത്-ഏതു വിശ്വാസമാണ്, ഏതു അഭിപ്രായമാണ് തെറ്റുക എന്നാര്‍ക്കറിയാം.

ബഹുസ്വരത തന്നെ ജീവന്‍
ഹിന്ദുമതം പോലെ ബഹുസ്വരതയുള്ള ഒരു മതം ലോകത്തു വേറെയില്ല. വിശ്വാസങ്ങളും ആരാധനാരീതികളും അനുഷ്ഠാനങ്ങളുമെല്ലാം ഓരോ പ്രദേശത്തും വ്യത്യസ്തമാണ്. പലതും പരസ്പരവിരുദ്ധങ്ങളുമാണ്. മാംസഭക്ഷണം ഹിന്ദുമതം നിരോധിച്ചിട്ടുണ്ടോ ഏതെങ്കിലും കാലത്ത്?  ഇല്ല ഇല്ല എന്നതിന് നൂറു തെളിവുകള്‍ പണ്ഡിതര്‍ നിരത്തിയിട്ടുണ്ട്. കാവുകളും കുളങ്ങളും സംരക്ഷിക്കപ്പെടുന്നത് നല്ല കാര്യമാണ്. പക്ഷേ, കാവുകളില്‍ നിലനിന്നിരുന്ന പല രീതികളും ഇക്കാലത്ത് ബ്രാഹ്മണ്യവും ഉത്തരേന്ത്യന്‍ ആചാരങ്ങളും അനുകരിച്ച് മാറ്റി മറിക്കപ്പെടുന്നത് കണ്ടില്ലെന്നു നടിക്കുന്നത് ശരിയാണോ? കേരളീയതയ്ക്കു നേരെ കടുത്ത വെല്ലുവിളികള്‍ കേരളീയരില്‍നിന്നുതന്നെ ഉയര്‍ന്നുവരുന്നു. ഓണാഘോഷത്തെ പരിഹസിച്ചത് ഹിന്ദുത്വാശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍തന്നെയല്ലേ?  മത്സ്യവും മാംസവും നേദിക്കുന്നത് അനാചാരവും പ്രാകൃതവും ആണെന്നു പറയുന്നത് പുതിയ ഫാഷനായി വളര്‍ന്നു വരുന്നു. ബ്രാഹ്മണര്‍ക്കു അത് ഇഷ്ടമല്ലെങ്കില്‍ ചെയ്യേണ്ട. പക്ഷേ, നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങള്‍ മാറ്റാന്‍ എന്തിനു മറ്റുള്ളവരെ നിര്‍ബന്ധിക്കുന്നു? ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് മറ്റെല്ലാവരും അവരുടെ ആരാധനാരീതിയോ ഭക്ഷണശീലമോ വസ്ത്രധാരണശീലമോ എന്തെങ്കിലും മാറ്റണമെന്നു നിര്‍ബന്ധിക്കാമോ?

ഈ ലേഖകന്‍ വളര്‍ന്ന പ്രദേശത്തെ പൗരാണികകാവുകളില്‍ ഉത്സവകാലത്തും ക്ഷേത്രവളപ്പില്‍പ്പോലും സസ്യാഹാരം നിര്‍ബന്ധമായിരുന്നില്ല. ഇപ്പോഴവിടെയെല്ലാം പഴയ രീതികള്‍ തുടച്ചുമാറ്റിയിരിക്കുന്നു. വീടുകളില്‍പ്പോലും ആ നാളുകളില്‍ മത്സ്യം വാങ്ങരുതെന്നു തീരുമാനിച്ചിരിക്കുന്നു. ഓണത്തിനും വിഷുവിനും മത്സ്യമാംസങ്ങള്‍ കഴിക്കുന്നവരാണ് തലശ്ശേരിക്കാര്‍. എനിക്കുറപ്പുണ്ട്-പറ്റിയാല്‍ ഇതിനെതിരെയും മതശുദ്ധിയുടെ പേരില്‍ നീക്കമുണ്ടാകും വൈകാതെ.  ഇതു ശുദ്ധീകരണമാണ് എന്നവര്‍ കരുതുന്നുണ്ടാവും. ബ്രാഹ്മണരല്ലാത്തവരും ബ്രാഹ്മണരെ അനുകരിച്ച് വലിയ ആളായി മാറാന്‍ ശ്രമിക്കുന്ന പ്രവണതയെക്കുറിച്ച് സാമൂഹ്യശാസ്ത്രജ്ഞര്‍ മുമ്പേ എഴുതിയിട്ടുണ്ട്. ഹിന്ദുമതം ബ്രാഹ്മണമതമല്ല എന്നു പറയാതിരിക്കാന്‍ നിവൃത്തിയില്ല. സാസ്തികരെയും, ക്ഷേത്രാരാധനയെ അംഗീകരിക്കാത്തവരെയും അംഗീകരിച്ചിരുന്ന ഒരു മതമാണ് ഹിന്ദുമതം എന്നു പുത്തന്‍ ഹിന്ദുത്വവക്താക്കളോട് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടിയിരിക്കുന്നു. മറ്റു സംഘടിത മതങ്ങളെ അനുകരിച്ച് ഹിന്ദുമതത്തെയും അങ്ങനെയാക്കി മാറ്റാന്‍ ശ്രമിക്കുന്നതാണ് ഏറ്റവും ഹിന്ദുവിരുദ്ധമായ പ്രവണത എന്നുകൂടി പറയട്ടെ.

(ജന്മഭൂമിയുടെ 2017 ഓണം വിശേഷാല്‍പ്രതി)

Leave a Reply

Your email address will not be published. Required fields are marked *

Go Top