കോണ്‍ഗ്രസ് ലജ്ജിക്കട്ടെ…

എൻ.പി.രാജേന്ദ്രൻ

പരിഹരിക്കേണ്ട നൂറുപ്രശ്‌നങ്ങളുള്ള ഒരു സംസ്ഥാനത്ത് മാധ്യമതലവാചകങ്ങളാവാന്‍ മാത്രം യോഗ്യതയുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവിടുകയും അതില്‍ കടിച്ചുകീറുകയും  ചെയ്യുകയാണ് കോണ്‍ഗ്രസ്. അവര്‍ അതില്‍ ലജ്ജിക്കുകയെങ്കിലും വേണം.

ഗ്രൂപ്പ് ഒത്തുതീര്‍പ്പിന്റെ നറുക്കെടുപ്പില്‍ വിജയിച്ചല്ല വി.എം. സുധീരന്‍ കെ.പി.സി.സി.  പ്രസിഡന്റായത്. കേന്ദ്രനേതൃത്വത്തിന്റെ അപ്രതീക്ഷിതമായ ഒരു നിയമനമായിരുന്നു അത്. വലിയ ജനാധിപത്യപാര്‍ട്ടിയിലെ ആദര്‍ശധീരനായ നേതാവാണെങ്കിലും ജനാധിപത്യപരമായ സംഘടനാതിരഞ്ഞെടുപ്പിലൂടെയേ പ്രസിഡന്റാവൂ എന്ന് വാശി പിടിക്കാനുള്ള വിഡ്ഡിത്തമൊന്നും സുധീരനെന്നല്ല ഒരു കോണ്‍ഗ്രസ് നേതാവിനും ഉണ്ടാവുകയില്ലെന്ന് തീര്‍ച്ച. എന്തായിരുന്നു ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാധീനിച്ചിരിക്കുക ? സ്ഥാനത്തിന് വേണ്ടി ഡല്‍ഹിയില്‍ അനുയായികള്‍ക്കൊപ്പം ചെന്ന് ലോബിയിങ്ങ് നടത്തുന്ന ആളല്ല സുധീരന്‍. കെ.പി.സി.സി.പ്രസിഡന്റ് പദവി അദ്ദേഹം സ്വപ്നം  കണ്ടുകാണില്ലെന്നും ഉറപ്പ്. എന്നിട്ടും എന്തുകൊണ്ട് സുധീരന്‍ ?

ഇടക്കിടെ  വിമതസ്വരം ഉച്ചത്തില്‍ ഉയര്‍ത്തി വേറിട്ടൊരു വഴിയെ സഞ്ചരിക്കുന്ന നേതാവായിരുന്നു സുധീരന്‍. എന്നാല്‍ അത് അദ്ദേഹം സമീപകാലത്ത് മാത്രം  സ്വീകരിച്ച ഒരു മുഖമാണ്. കെ.എസ്.യു പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും പിന്നീട് മന്ത്രിയും  സ്പീക്കറും ആയപ്പോഴെല്ലാം അദ്ദേഹം എ.കെ.ആന്റണി ഗ്രൂപ്പിന്റെ ആദര്‍ശധീരനായ എന്നാല്‍ അച്ചടക്കമുള്ള പടയാളി തന്നെയായിരുന്നു. ഒറ്റയാന്‍ അമറലുകള്‍ അക്കാലത്ത് ഉണ്ടായിട്ടില്ല. നിശ്ചിതമായ നയപരിപാടികള്‍ ഉയര്‍ത്തിപ്പിടിച്ച് അവയുടെ അംഗീകാരത്തിന് വേണ്ടി  പാര്‍ട്ടിയില്‍ പ്രചാരണം നടത്തുന്ന ഗൂപ്പിനെയൊന്നും അദ്ദേഹം ഒരുകാലത്തും നയിച്ചിട്ടുമില്ല. സംഘടനയുടെ മുഖ്യധാരയില്‍ നിന്ന് മാറി വിമതനായത് സമീപകാലത്ത് മാത്രമാണ്.  മത്സരിക്കാന്‍ സീറ്റ്് ചോദിക്കാതെ, നേതൃത്വപരമായ ചുമതലകളില്‍ നിന്ന് അകന്ന് ആരോഗ്യപരമോ മാനസികമോ ആയ കാരണങ്ങളാല്‍ സക്രിയത കുറഞ്ഞ ഒരു ശൈലിയിലേക്ക് നീങ്ങുകയിരുന്നു അദ്ദേഹം. എന്നാല്‍, അല്പം നിസ്സംഗതയോടെയാണെങ്കിലും  പാര്‍ട്ടിയിലെ വഴി പിഴച്ച പോക്കുകളെ അദ്ദേഹം ചോദ്യം ചെയ്തുകൊണ്ടിരുന്നത് പൊതുജനങ്ങള്‍ക്ക് ആശ്വാസമേകിയിരുന്നു. ഗ്രൂപ്പുകള്‍ക്ക് അതീതമായ തിരുത്തല്‍ ശക്തിയായി രംഗത്ത് വന്ന നേതാവ് എന്ന നിലയില്‍ നല്ല പേരും അദ്ദേഹത്തിന് ലഭിച്ചിരുന്നു.  ആദര്‍ശധീരതയും കാര്യശേഷിയും ചലനാത്മകതയുമുള്ള, ഗ്രൂപ്പ് രഹിതനായ സീനിയര്‍ നേതാവ്. ഏതെങ്കിലും വിഭാഗത്തിന് പ്രത്യേകശത്രുതയൊന്നുമില്ലാത്ത വ്യക്തിത്വം. പാര്‍ട്ടിക്ക് പുറത്തും നല്ല പ്രതിച്ഛായ. എല്ലാറ്റിനുമുപരി സംസ്ഥാനത്തെ സി.പി.എമ്മിന്റെ ഏറ്റവും വലിയ വോട്ട്  ബാങ്ക് ആയ സമുദായത്തില്‍നിന്നുള്ള നേതാവ്- ഈ ഘടകങ്ങളാവും ഹൈക്കമാന്‍ഡ് പരിഗണിച്ചിരിക്കുക. ലോക് സഭാ തിരഞ്ഞെടുപ്പ് തൊട്ടുമുമ്പില്‍ വന്നുനില്‍ക്കെയുള്ള തീരുമാനത്തിലെ മുഖ്യപരിഗണന തിരഞ്ഞെടുപ്പ് വിജയം ആയിരിക്കുക സ്വാഭാവികം മാത്രം. ആ കണക്കുകൂട്ടലുകളൊന്നും പാഴായില്ല. ബുദ്ധിപൂര്‍വകമായ തീരുമാനം- സര്‍വരും സമ്മതിച്ചു.

പക്ഷേ, തിരഞ്ഞെടുപ്പിന് ശേഷമോ ?  കെ.പി.സി.സി. പ്രസിഡന്റിന്റെ പോക്ക് അനായാസമാവില്ല എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. സുധീരനെ പ്രസിഡന്റാക്കിയതോടെ ഹൈക്കമാന്‍ഡ് അറിഞ്ഞോ അറിയാതെയോ രണ്ട് കാര്യങ്ങള്‍ ചെയ്തു. ഒന്ന്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരു നിരന്തര തലവേദന സംഭാവന ചെയ്തു. പെട്ടന്ന് തിരിച്ചടിക്കാതെ സാവകാശം എതിരാളിയെ നിഷ്‌ക്രിയമാക്കുക എന്ന ശൈലി പിന്തുടന്ന ആളായതുകൊണ്ട് പരസ്യചര്‍ച്ചക്ക് വിഷയമാകുന്ന പ്രതികരണങ്ങളൊന്നും ഉമ്മന്‍ചാണ്ടിയില്‍നിന്ന് ഉണ്ടായില്ല. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സുധീരനെ പ്രസിഡന്റാക്കി ഇറക്കിക്കൊടുത്തിരുന്നത് എങ്കില്‍ ഇതിനകം തമ്മില്‍തല്ലി ഇരുവരും പിരിഞ്ഞിട്ടുണ്ടാകുമായിരുന്നു. അതവിടെ  നില്‍ക്കട്ടെ. ഹൈക്കമാന്‍ഡ് ചെയ്ത രണ്ടാമത്തെ കാര്യം കോണ്‍ഗ്രസ്സിന് മറ്റൊരു മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെക്കൂടി എറിഞ്ഞുകൊടുത്തു എന്നതാണ്. പോരാട്ടത്തിനുള്ള വീറോ വാശിയോ ഊര്‍ജമോ നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരാള്‍ അപ്രതീക്ഷിതമായി നേതൃത്വ പദവിയിലേക്ക് വരുമ്പോള്‍ മറ്റ് സീനിയര്‍ നേതാക്കള്‍ സംശയത്തോടെയേ നോക്കിക്കാണൂ എന്ന് ആര്‍ക്കാണ് അറിയാത്തത് ?  ഉമ്മന്‍ ചാണ്ടിക്ക് വല്ല കാരണവശാലും സ്ഥാനമൊഴിയേണ്ടിവന്നാല്‍ അടുത്ത മുഖ്യമന്ത്രി എന്നതായിരുന്നു രമേശ് ചെന്നിത്തലയുടെ നിയമസഭാംഗത്വത്തിന്റെ അര്‍ത്ഥംതന്നെ.  ഉപമുഖ്യമന്ത്രിയായി അദ്ദേഹത്തെ കൊണ്ടുവരാനുള്ള ശക്തമായ നീക്കത്തെ വട്ടംചുറ്റിയായിരുന്നു കുറെ കാലം നമ്മുടെ രാഷ്ട്രീയ ചര്‍ച്ചകള്‍ നീങ്ങിയിരുന്നത്. ഉപമുഖ്യമന്ത്രിസ്ഥാനം ലഭിച്ചില്ല. പക്ഷേ, അദ്ദേഹം ആഭ്യന്തരമന്ത്രിയാണ്. ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയിലൊഴികെ കേരളത്തിലെ ഏതാണ്ടെല്ലാ മന്ത്രിസഭകളിലും  ആഭ്യന്തരമന്ത്രി മന്ത്രിസഭയിലെ രണ്ടാമനാണ്. ചെന്നിത്തലയും അതെ. ശക്തനായ പി.സി.സി പ്രസിഡന്റ് എക്കാലത്തും നല്ല സാധ്യതയുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ്. ഇന്നത്തെ മുഖ്യമന്ത്രിയും നാളത്തെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥികളും സംശയത്തോടും ഭീതിയോടും മാത്രമേ പരസ്പരം നോക്കൂ. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വി.എം. സുധീരനും കെട്ടിപ്പിടിക്കുന്നതും പൊട്ടിച്ചിരിക്കുന്നതുമൊന്നും കണ്ട് ആരും തെറ്റിദ്ധരിക്കാനൊന്നും പോകുന്നില്ല. അവര്‍ ഓരോരുത്തരുടെയും  ഉറക്കം നഷ്ടപ്പെടുത്തുകയാണ് മറ്റു രണ്ടുപേരുമം. സംശയംവേണ്ട, നമ്മുടെ സമയം വെറതെ മെനക്കെടുത്തുന്ന മദ്യവിവാദത്തിന്റെ പിന്നിലെ കാരണവും ഇതുമാത്രമാണ്.

പരസ്പരം തോല്‍പ്പിക്കാന്‍ വി.എം.സുധീരനും ഉമ്മന്‍ചാണ്ടിയും നടത്തിയ നീക്കങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു, ജനമധ്യത്തില്‍ പരിഹാസ്യമാക്കിയിരിക്കുന്നു. ഐക്യം ശക്തിപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട പ്രസിഡന്റ് കൂടുതല്‍ അപകടകരമായ അനൈക്യത്തിന്റെയും ഗ്രൂപ്പ് പോരിന്റെയും വിത്ത് വിതറിയിരിക്കുന്നു. പേറ്റെടുക്കാന്‍ വന്നവള്‍ ഇരട്ടപെറ്റു എന്നുപറഞ്ഞതുപോലെ. ഏറ്റവും ഒടുവിലത്തെ മദ്യനയ മാറ്റത്തിന്റെയും അതിനോടുള്ള കെ.പി.സി.സി. പ്രസിഡന്റിന്റെ പ്രതികരണത്തിന്റെയും അര്‍ത്ഥം ഇതുമാത്രമാണ്. ജനങ്ങളുടെ വിശ്വാസം ഉണ്ടാക്കാനെന്ന് പറഞ്ഞ് സ്വീകരിച്ച നടപടി പാര്‍ട്ടി നയിക്കുന്ന മന്ത്രിസഭയില്‍ നേരത്തെ ഉള്ള വിശ്വാസം പോലും ഇല്ലാതാക്കിയിരിക്കുന്നു.

മദ്യലോബിയുടെ താത്പര്യമാണ് താന്‍ നയിക്കുന്ന കോണ്‍ഗ്രസ്സിന്റെ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് പരസ്യമായി പറഞ്ഞു കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ്.  ഈ മന്ത്രിസഭ സ്ഥാനമേറ്റ ശേഷം ഉയര്‍ന്നുവന്ന ഏറ്റവും കഠിനമായ ആരോപണമാണിത്. കേട്ടില്ലെന്ന് നടിച്ച് മൗനംപാലിക്കാന്‍ മറുപക്ഷത്തെ അനുവദിച്ചുകൂടാത്തതാണ്.   ഈ വിമര്‍ശനം ജനങ്ങളില്‍ ഉണ്ടാക്കുന്നത് വലിയ ആശയക്കുഴപ്പമാണ്. മദ്യലോബിക്ക് വേണ്ടി ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്ത് ഒരു ആദര്‍ശവാദിക്കെങ്ങിനെ അരനിമിഷമെങ്കിലും  ഇരിക്കാന്‍ കഴിയും ? അത്തരമൊരു മുഖ്യമന്ത്രിയെ എങ്ങനെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകും ? മുഖ്യമന്ത്രിയെ മാറ്റാനും ജനതാത്പര്യത്തെ പ്രതിനിധാനം ചെയ്യുന്ന നേതാവിനെ ആ സ്ഥാനത്തിരുത്താനും ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുകയാണ് ഹൈക്കമാന്‍ഡ് നോമിനിയായ ഒരു കെ.പി.സി.സി.പ്രസിഡന്റിന് ചെയ്യാനാവുക. ഗവണ്മെന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്ഥാനമൊഴിയാന്‍ സുധീരന് കഴിയില്ലെന്ന്  എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തില്‍ ഹൈക്കമാന്‍ഡ് അര്‍പ്പിച്ച വിശ്വസത്തെ ചവിട്ടിയരക്കുകയാവും  അതുവഴി ചെയ്യുന്നത്. ചെകുത്താനും കടലിനും മധ്യേ അധികനാള്‍ ശങ്കിച്ചുനില്‍ക്കാനാവില്ല.  ഒന്നുകില്‍, രാജി വെച്ച് പുറത്തിറങ്ങി തന്റെ ആദര്‍ശങ്ങള്‍ക്കൊത്ത ഭരണമുണ്ടാക്കാനുള്ള നീക്കങ്ങളില്‍ ഏര്‍പ്പെടണം. അല്ലെങ്കില്‍, മാണി മാന്യനാണ് എന്ന പറഞ്ഞതുപോലെ, പറഞ്ഞതെല്ലാം തിരുത്തി ഉമ്മന്‍ ചാണ്ടിയും മാന്യനാണ്, തനിക്ക് തെറ്റിയതാണ് എന്നെങ്കിലും പറയണം.

മദ്യവിരുദ്ധര്‍ നല്ല മനസ്സുള്ളവരാണ്. മദ്യം ഇല്ലാതാക്കി കുടുംബങ്ങളിലും നാട്ടിലും സമാധാനം ഉണ്ടാക്കണം എന്ന സദുദ്ദേശമേ അവര്‍ക്കുള്ളൂ. മദ്യത്തെ അനുകൂലിക്കുന്നവരില്‍ നല്ലൊരു പങ്ക് മദ്യം ഉപയോഗിക്കുന്നവരല്ല. മദ്യം വിറ്റും മറ്റുതരത്തില്‍ അതുപയോഗപ്പെടുത്തിയും സ്വന്തം പോക്കറ്റ് വീര്‍പ്പിക്കുന്നവരാണ് അവരില്‍നല്ലൊരു പങ്ക്. എന്നാല്‍, അതൊരു നിയമാനുസൃത  വ്യാപാരമാണ്. അത് നിലനിര്‍ത്താന്‍ അനുവദിക്കണം എന്ന് പറയുന്നവരെല്ലാം ബാര്‍ലോബിയും മദ്യമാഫിയയുമൊന്നുമവണമെന്നില്ല എന്നെങ്കിലും അംഗീകരിച്ചേ പറ്റൂ.  അത്രയും ജനാധിപത്യബോധമെങ്കിലും നയരൂപവല്‍ക്കരണത്തിലും സംവാദങ്ങളിലും ആവശ്യമാണ്. ഒരു വെളിപാടില്‍ ഉണ്ടാവുകയും മറ്റൊരു വെളിപാടില്‍ തിരുത്തുകയും ചെയ്യേണ്ടവയില്ല നയങ്ങള്‍. പക്വതയുള്ളവരെന്ന് കരുതിയ നേതൃത്വങ്ങളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത അപക്വതകളും എടുത്തുചാട്ടങ്ങളും സഹിക്കാന്‍ ജനങ്ങള്‍ക്കാകില്ല. പരിഹരിക്കേണ്ട നൂറുപ്രശ്‌നങ്ങളുള്ള ഒരു സംസ്ഥാനത്ത് മാധ്യമതലവാചകങ്ങളാവാന്‍ മാത്രം യോഗ്യതയുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവിടുകയും അതില്‍ കടിച്ചുകീറുകയും  ചെയ്യുകയാണ് കോണ്‍ഗ്രസ്. അവര്‍ അതില്‍ ലജ്ജിക്കുകയെങ്കിലും വേണം.

മാവോവാദികള്‍ ചുംബിക്കാറുണ്ടോ ?

സംസ്ഥാനത്ത് പലേടത്തും നടന്ന ചുംബനസമരങ്ങള്‍ക്ക് പിന്നില്‍ മാവോവാദികള്‍ ഉണ്ടത്രെ. ഇന്റലിജന്‍സ് വിഭാഗം നോക്കുന്നേടത്തെല്ലാം മാവോവാദികളെ കാണുന്നുണ്ട്. ചുംബനസമരത്തില്‍ മാവോവാദികളെ അവര്‍ കണ്ടു. മദ്യവിവാദത്തില്‍ ഉണ്ടോ എന്നറിവായിട്ടില്ല. സൂക്ഷ്മദര്‍ശിനികള്‍ ഉപയോഗിച്ച് നോക്കുന്നുണ്ട്. മാവോവാദികള്‍ മനുഷ്യനെ കൊല്ലുന്നവരാണ് എന്നാണ് കേട്ടിരുന്നത്, ചുംബിക്കുന്നവരാണ് എന്നറിയുന്നതില്‍ സന്തോഷമുണ്ട്.

ഇതൊരു മാനസിക പ്രശ്‌നം കൂടിയാണ്. നോക്കുന്നേടത്തെല്ലാം ഇല്ലാത്ത സാധനങ്ങള്‍ കാണുന്ന രോഗം ചികിത്സ കൊണ്ട് മാറുമോ എന്നറിയില്ല.  മാവോവാദികള്‍ ഉണ്ടാകേണ്ടത് പോലീസിന്റെയും സര്‍ക്കാറിന്റെയും കൂടി ആവശ്യമായി മാറിയിട്ടുണ്ട്. ഇന്ത്യാസര്‍ക്കാര്‍ മാവോവാദികള്‍ ഉള്ള സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് കൊടുക്കുന്നുണ്ടത്രെ. പ്രതിരോധത്തിനുള്ള ആയുധങ്ങള്‍, വാഹനങ്ങള്‍,  കെട്ടിടങ്ങള്‍ എന്നിവയ്ക്കുള്ള സംഖ്യ ചെറുതൊന്നുമായിരിക്കില്ല. ഇപ്പോള്‍ മാവോവാദികള്‍ ഇല്ലായിരിക്കാം, നാളെ ഉണ്ടായിക്കൂടെന്നില്ലല്ലോ. നമുക്ക് എല്ലാം തയ്യാറാക്കി സജ്ജമായിരിക്കാം. അവര്‍ വരികയോ വരാതിരിക്കുകയോ  ചെയ്യട്ടെ. ആരും വന്നില്ലെങ്കില്‍ ആരെയെങ്കിലും മാവോയിസ്റ്റ് വേഷം കെട്ടിക്കാനും പ്രയാസമൊന്നുമില്ല.

ഇതില്‍ വേറെ അജന്‍ഡയുമുണ്ട്. കോഴിക്കോട്ട് ചുംബനസമരം നടന്നതിന്റെ പിറ്റേന്ന്, സമരക്കാരെ അടിക്കാന്‍ രംഗത്തിറങ്ങിയ സംഘടനക്കാര്‍ പറഞ്ഞത്  മറന്നുകൂടാ. കൊച്ചി ചുംബനസമരം നടന്ന ശേഷമാണ് വയനാട്ടില്‍നിന്നുള്ള മാവോവാദി വാര്‍ത്തകള്‍ ആദ്യം ഉണ്ടായത് എന്നവര്‍ ദുരര്‍ത്ഥങ്ങളോടെ സൂചിപ്പിച്ചു. കോഴിക്കോട്ട് ന്യൂനപക്ഷസമുദായക്കാര്‍ നടത്തുന്ന ഹോട്ടലിന് നേരെ യുവ മോര്‍ച്ചക്കാര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയ സമരത്തെ മാവോയിസ്റ്റ് മുദ്ര കുത്തി തടങ്കല്‍പ്പാളയത്തിലാക്കാനുള്ള ഗൂഡാലോചന കണ്ടില്ലെന്ന മട്ടില്‍ നടന്നുപോയിക്കൂടാ ആരും.

ഹിന്ദുത്വവാദികളുടെ അജന്‍ഡകള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളായി വരുന്നത് ഇതാദ്യമായല്ല. വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളോ അരിച്ചുനോക്കാവുന്ന തെളിവുകളോ അല്ല മിക്ക ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്കും ആധാരം.  പത്രറിപ്പോര്‍ട്ടുകള്‍ക്ക് ഉള്ള ആധികാരികതയോ വിശ്വാസ്യതയോ പോലും അവയ്ക്കില്ലതാനും. കേട്ടുകേള്‍വികളും ഇന്റലിജന്റ് അല്ലാത്ത ഊഹോപോഹങ്ങളും അധികാരികള്‍ക്ക് അയച്ചുകൊടുക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തെകുറിച്ചുള്ള സാമാന്യബോധം പോലും ഇല്ലാത്തവയാണ് പല  റിപ്പോര്‍ട്ടുകളുമെന്ന് അവയെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ വായിക്കുമ്പോള്‍ തോന്നാറുണ്ട്. അവര്‍തന്നെയാണ് അവരുടെ റിപ്പോര്‍ട്ട് പത്രവാര്‍ത്തയാക്കാനുള്ള അണിയറപ്പണികളും  ചെയ്യാറുള്ളത്. കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. സങ്കീര്‍ണമായ ഈ ചുതമലകള്‍ നിര്‍വഹിക്കാനുള്ള പരിശീലനവും വിദ്യാഭ്യാസവും അവര്‍ക്ക് നല്‍കുന്നില്ല. പോരാത്തതിന് വര്‍ഗീയ സാന്നിദ്ധ്യവും പെരുകുന്നു. അതിനെകുറിച്ചും ഒരു ഇന്റലിജന്‍സ് അന്വേഷണത്തിന് സമയമായി.

ഗണേശ് കുമാര്‍ തുറക്കട്ടെ ഒരു അക്കൗണ്ട് 

കേരളത്തില്‍ ബി.ജെ.പി.ക്ക്  അക്കൗണ്ട് തുടങ്ങാന്‍ ഇനി വൈകിക്കൂടാ എന്ന് നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. നരേന്ദ്രമോദിയുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് പോലെ അത്ര എളുപ്പം തുടങ്ങാവുന്ന ഒന്നല്ല ഇത്. തിരഞ്ഞെടുപ്പില്‍ ജയിച്ച് അക്കൗണ്ട് തുടങ്ങുന്നതിനേക്കാള്‍ എളുപ്പം  തിരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങുകയാണ്. കാശൊന്നും കാര്യമായി മുടക്കേണ്ട.  കാലുമാറാന്‍ നിയമതടസ്സമില്ലാത്ത, ഹിന്ദുത്വ വേഷം കെട്ടാന്‍ വലിയ ഒരുക്കങ്ങളൊന്നും ആവശ്യമില്ലാത്ത പല പാര്‍ട്ടികളെ പരിശോധിച്ചതില്‍ ലക്ഷണമൊത്ത ഒന്നിനെ കണ്ടെത്തിയതിന്റെ സൂചനകള്‍ പത്രവാര്‍ത്തകളായും വിവാദങ്ങളായും പുറത്തുവന്നിട്ടുണ്ട്. ഇത് മുടക്കാന്‍ മാത്രമായി കേരളത്തിലെ മന്ത്രിസഭാംഗങ്ങളുടെ എണ്ണം കൂട്ടാന്‍ തുനിഞ്ഞേക്കുമോ എന്നേ പേടിയുള്ളൂ. മദ്യത്തിന്റെ ലഹരി ശരിക്കിറങ്ങാതെ ഇതൊക്കെ ചിന്തിക്കാന്‍ സമയമെവിടെ ?

(Article published in southlive.in.)

Leave a Reply

Your email address will not be published. Required fields are marked *

Go Top